Connect with us

Love

നാളെ നേരം വെളുത്താൽ നമ്മുടെ കല്യാണം ആണ്, താൻ എന്തായാലും ഫോണിലൂടെ പറ…

Published

on

രചന: സനൽ SBT .

വിവാഹത്തിൻ്റെ തലെ ദിവസം രാത്രി പത്തു മണിക്ക് ഭാവി വധുവിൻ്റെ പത്തൊൻപത് മിസ്ഡ് കോൾ കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി. ദൈവമേ ഇതെെന്താ ഇപ്പോ ഇങ്ങനെ? വീട്ടിൽ അത്യാവശ്യം കുടുംബക്കാരും നാട്ടുകാരും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് ആകെ തിരക്കിലായിപ്പോയി ഇതിനിടയ്ക്ക് അവളെ ഒന്ന് വിളിക്കാനോ സംസാരിക്കാനോ സമയം തീരെ കിട്ടിയതും ഇല്ല . ഇവിടുത്തെ ഒരുക്കങ്ങൾ ഒക്കെ എന്തായി എന്ന് അറിയാൻ വേണ്ടി വിളിച്ചതാവും എന്ന് ഞാൻ സ്വയം സമാധാനിച്ചു. എന്തായാലും ഒന്ന് തിരിച്ച് വിളിച്ചേക്കാം . “ഹലോ മിഴി എന്താ വിളിച്ചേ ഫോണിൽ ഒരുപാട് മിസ്ഡ് കോൾ കണ്ടല്ലോ?” “ഇത് എവിടായിരുന്നു അരുണേട്ടാ ?” “ഞാൻ കുറച്ച് തിരക്കിലായിപ്പോയി അതാ ഫോൺ എടുക്കാതിരുന്നത്. താൻ കാര്യം പറ” “അത് പിന്നെ എനിക്ക് അരുണേട്ടനെ ഒന്ന് അത്യാവശ്യം ആയിട്ട് കാണണം ഒന്ന് ഇങ്ങോട്ട് വരുമോ?” ” മിഴി താൻ എന്താ ഈ പറയുന്നേ സമയം ഇപ്പോ എത്രയായി എന്ന് വല്ല പിടിയും ഉണ്ടോ? നാളെ നേരം വെളുത്താൽ നമ്മുടെ കല്യാണം ആണ് .താൻ എന്തായാലും ഫോണിലൂടെ പറ .എന്താ കാര്യം. ” ” അത് ഫോണിലൂടെ പറയാൻ പറ്റാത്തതുകൊണ്ടാ നേരിൽ കാണണം എന്ന് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ ഇത് ഒരു പാട് ആലോചിച്ച് എടുത്ത തീരുമാനം ആണ് ഇത് എന്തായാലും ഏട്ടൻ വന്നേ പറ്റൂ പ്ലീസ്.” ” ഉം. ശരിയെന്നാൽ ഞാൻ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ചാടാൻ പറ്റുമോന്ന് നോക്കട്ടെ .” ” ഉം. ശരിയെട്ടാ.” എൻ്റെ മാതാവേ തുടർച്ചയായ ഒന്നര വർഷത്തെ പെണ്ണുകാണൽ അതും എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട അൻപത്തിയാറാമത്തെ പെൺകുട്ടി അതാണ് മിഴി. ഒന്നുകിൽ പെണ്ണിനെ എനിക്ക് ഇഷ്ടാവില്ല ഇഷ്ട്ടായാൽ തന്നെ ജാതകം ചേരില്ല ഇതു രണ്ടു കൂടി ഒത്തു വന്നാൽ പെണ്ണിന് എന്നെ ഇഷ്ട്ടാവില്ല അങ്ങനെ എൻ്റെ കല്ല്യാണം ഗണപതി കല്ല്യാണം പൊലെ നീണ്ടു പോയി .ഇതിപ്പോ ഈ അവസാനം നിമിഷം എന്നെ തേക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നുണ്ട് അടുപ്പത്ത് കിടന്ന് തിളയ്ക്കുന്ന സാമ്പാറിനെ ഞാൻ നിസ്സഹായവസ്ഥയോടെ ഒന്ന് നോക്കി. “ടാ നീ എന്താ ഇവിടെ കുന്തം വിഴുങ്ങിയ പൊലെ നിക്കണത് നിന്നെ അമ്മാവൻ തിരക്കുന്നുണ്ട്.” “ഇതാ വരുന്നു ഏട്ടാ എനിക്ക് ഒരു കോൾ വന്നതാ. ” “മോനെ അരുണേ സാധനം തീർന്നു പോയടാ നീ പോയി ഒരു ഫുള്ള് കൂടി എടുത്തിട്ട് വാ. ” “തീരുമ്പോൾ തീരുമ്പോൾ സാധനം എടുത്തു കൊണ്ട് വരാൻ ഞാനെന്താ വല്ല ബീവറേജും നടത്തുന്നുണ്ടോ? ഇപ്പോ തന്നെ അങ്ങേരുടെ കാല് നിലത്ത് ഉറയ്ക്കുന്നില്ല ദേ ഏട്ടാ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട് കേട്ടോ.” ” നീ ഒന്ന് പതിയെ പറ ഇനി അത് കേട്ടിട്ട് വേണം ഇങ്ങേര് അന്ന് എൻ്റെ കല്ല്യാണത്തിന് അലമ്പാക്കിയത് പൊലെ ഇവിടെ കിടന്ന് ഷോ ഇറക്കാൻ .”

” എൻ്റെ ദൈവമേ എല്ലാ കല്ല്യാണ വീട്ടിലും കാണും ഇതു പൊലെ ഒരു മൊതല് ഏതെങ്കിലും വകയിൽ ഉള്ള ഒരു അമ്മാവൻ നാശം പിടിക്കാനായിട്ട് .” “ബോട്ടില് എൻ്റെ ബെഡിൻ്റെ അടിയിൽ ഉണ്ട് ഏട്ടൻ അതിൽ നിന്ന് ഒന്ന് എടുത്ത് കൊടുക്ക് ആ പിന്നെ ബാക്കി അവിടെ തന്നെ വെച്ചോ എൻ്റെ കുറച്ച് ഫ്രണ്ട്സ് വരാൻ ഉണ്ട് അവർക്കും കൂടി കൊടുക്കാനുള്ളതാ .ചോദിക്കുന്നവർക്കൊന്നും ഇനി സാധനം എടുത്ത് കൊടുക്കണ്ട കഴിഞ്ഞു എന്ന് പറഞ്ഞേര്.” ” ഉം. ശരി.” ” ഏട്ടാ കാറിൻ്റെ കീ എവിടെ ഞാൻ ഇപ്പോ വരാം.” ” കാറെടുത്ത് അപ്പു തയ്ക്കാൻ കൊടുത്തത് മേടിക്കാൻ പോയി അതൊന്നും ഇതു വരെ കിട്ടിയിട്ടില്ലത്ര .” ” ഏട്ടൻ എന്നാ ബൈക്കിൻ്റെ കീ ഇങ്ങ് താ .” ” അല്ല ഈ നേരത്ത് നീ ഇത് എങ്ങോട്ടാ .എന്താടാ നിൻ്റെ മുഖത്തൊരു ടെൻഷൻ.” ” ഏട്ടൻ ഇങ്ങ് വന്നേ എനിക്കൊരു കാര്യം പറയാൻ ഉണ്ട്. ” ” നീ എന്നെയും കൂടി ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ .” ” ഏട്ടാ ഈ കല്യാണം നടക്കും എന്ന് തോന്നണില്ല്യാ. അവൾ ഇപ്പോ എന്നെ വിളിച്ചിരുന്നു അത്യാവശ്യമായി എന്നെ ഒന്ന് കാണണം എന്ന്.” ” ഇപ്പഴോ ഈ സമയത്തോ?” ” അതെ വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എന്താ കാര്യം എന്ന് മാത്രം പറഞ്ഞില്ല അതിൽ പിന്നെ ഞാൻ കാറ്റുപോയ ബലൂണ് പൊലെയായി . “നീ ഇങ്ങനെ കിടന്ന് ടെൻഷൻ ആവല്ലേ അത് വെറെ എന്തേലും പറയാനാവും .” “ഈ നട്ട പാതിരായ്ക്ക് വെറെ എന്ത് പറയാനാ. ” “എടാ ഇനി അവൾക്ക് വെറെ വല്ല റിലേഷനും ” “പണ്ടൊരുത്തൻ അവളെ തേച്ചു പോയ കഥ എന്നോട് പറഞ്ഞിട്ടുണ്ട് ഇനി ആ തെണ്ടിയെങ്ങാനും വലിഞ്ഞ് കയറി വന്നോ ആവോ.” “എന്നാൽ രണ്ടിൻ്റെയും ശവം ഇന്ന് വീഴും .നീ വണ്ടിയെടുക്ക് ഞാനും കൂടി വരാം. ” ” ഹേയ് ഏട്ടൻ വരണ്ട ഇവിടുത്തെ ബാക്കി കാര്യം നോക്കിയാൽ മതി ആ പിന്നെ ഒരു കാര്യം അമ്മയും ഏട്ടത്തിയും ഒരു കാരണവശാലും ഇത് അറിയരുത് അമ്മയാണേൽ എന്തേലും കേൾക്കാൻ വേണ്ടി നിക്കുവാ ബോധം കെടാൻ.” ” ഉം. ശരി ആരും അറിയാതെ ഞാൻ നോക്കിക്കോളാം നീ പോയിട്ട് വാ.” ” എന്താ ഏട്ടനും അനിയനും കൂടി ഒരു സ്വകാര്യം വാഴത്തോപ്പിൽ ഇരുന്ന് വെള്ളമടിയാണല്ലേ. ?” ” വെള്ളമടിയൊന്നും അല്ല എൻ്റെ പൊന്നെട്ടത്തി.” ” അല്ല നിന്നെ ഇപ്പോ ആരാ ഇങ്ങോട്ട് ക്ഷണിച്ചേ നീതു.” ” ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതാ എൻ്റെ പൊന്നെ അത് പറഞ്ഞിട്ട് ഇപ്പോ തന്നെ പൊയ്ക്കോളാം. ” ” എന്താ കാര്യം വേഗം പറഞ്ഞിട്ട് പൊയ്ക്കേ . ” ” തട്ടാൻ സതീശൻ ചതിച്ചു താലി മാല ഇപ്പോഴും റെഡിയായിട്ടില്ല ഒരു പന്ത്രണ്ട് മണിയാവുമ്പോൾ ചെല്ലാൻ പറഞ്ഞു അപ്പോഴേക്കും റെഡിയാക്കി തരാം എന്ന്. ” ” നിന്നോടൊക്കെ അന്നേ ഞാൻ പറഞ്ഞതാ താലി വല്ല ജ്വല്ലറിയിൽ നിന്നും എടുക്കാം എന്ന് അപ്പോ ആലിലയിൽ കൃഷ്ണൻ കുഴലും ഊതി നിക്കണ ആ ഡിസൈൻ തന്നെ വേണം എന്ന വാശിയിൽ ആയിരുന്നില്ലേ ഇനി നാളെ മുഹൂർത്തത്തിന് മുൻപ് കിട്ടിയാൽ കിട്ടി എനിക്ക് അത്ര പറയാനുള്ളൂ. ” ” ആ ഇനിയിപ്പോ അതിൻ്റെ ഒന്നും ആവശ്യം വരും എന്ന് തോന്നണില്ല. ” ” അരുണേ നീ എന്താ പറഞ്ഞേ.” ” അല്ല ഞാൻ തന്നെ പോയി മേടിച്ചോണ്ട് വരാം എന്ന് പറയുവായിരുന്നു. ” ” ആ ശരി അപ്പോ ഇനി മറക്കണ്ട ദേ ഞാൻ പോണൂ.” പിന്നെ ഒട്ടും വൈകിയില്ല ഒരു വിധത്തിൽ ആരും കാണാതെ ഞാൻ വണ്ടിയുമെടുത്ത് മിഴിയുടെ വീട്ടിലേക്ക് യാത്രയായി. ബുള്ളറ്റിനേക്കാൾ ശബ്ദം എൻ്റെ നെഞ്ചിടിപ്പിനായിരുന്നു അത് പെരുമ്പറ കൊട്ടും പൊലെ കിടന്ന് മുഴങ്ങി .ഇനി അഥവാ ഈ വിവാഹം നടന്നില്ലെങ്കിൽ നാളെ രാവിലെ നാട്ടുകാരുടെയും വീട്ടുകാരുടേയും മുഖത്ത് ഞാനിനി എങ്ങനെ നോക്കും എൻ്റെ ഈശ്വരാ. എന്തായാലും പിന്നെ വീട്ടിലേക്ക് മടക്കം ഇല്ല വല്ല കാശിയിലോ രാമേശ്വരത്തോ പോയി ഭജന ഇരിക്കാം അതാ നല്ലത് എല്ലാം ഒന്ന് കെട്ടടങ്ങിയിട്ട് തിരിച്ച് വരാം. അങ്ങിനെ ഒരായിരം ചിന്തകൾ എൻ്റെ മസസ്സിലൂടെ മിന്നി മറഞ്ഞു. അല്പസമയത്തെ യാത്രയ്ക്ക് ശേഷം ഞാൻ മിഴിയുടെ വീടിൻ്റെ ഗെയ്റ്റിന് മുൻപിൽ എത്തി. എന്നെ കണ്ടതും അവളുടെ അച്ഛൻ പന്തം കണ്ട പെരുച്ചാഴിയെ പൊലെ വീട്ടിൻ്റെ മുറ്റത്ത് നിന്നു. “എന്താ മോനെ ഈ രാത്രിയില് എന്തെങ്കിലും പ്രശ്നം ഉണ്ടോ?” “ഇല്ലഛാ മിഴി കുറച്ച് സമയം മുൻപ് എന്നെ വിളിച്ചിരുന്നു ഇങ്ങോട്ട് വരണം എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞായിരുന്നു.” “ആഹാ അതാണോ കാര്യം ഞാനും ഒന്ന് പേടിച്ച് പോയി. അതിന് അവൾ ഇവിടെ ഇല്ലല്ലോ കസിൻസും ഫ്രണ്ട്സും ഒക്കെയായിട്ട് അല്പം മുൻപ് ഓഡിറ്റോറിയത്തിലേക്ക് പോയി. ” ” എന്നാൽ ഞാൻ അവിടെ പോയി കണ്ടോളാം അഛാ. ”

” എന്നാൽ അങ്ങിനെ ആവട്ടെ മോനെ .ആ വളവ് തിരിഞ്ഞ് നേരെ പോയാൽ മതി ഇവിടെ അടുത്താ ഓഡിറ്റോറിയം .” ” ഉം. ശരി.” ഇനി ഒന്നും നോക്കാനില്ല അപ്പോൾ സംഭവം അതു തന്നെ എന്തായാലും വീട്ടുകാർ അറിഞ്ഞിട്ടില്ല എല്ലാത്തിൻ്റെയും പുറകിൽ അപ്പോൾ അവരാണ് അവളുടെ ഫ്രണ്ട്സ് നാറികൾ അങ്ങ് ചെല്ലട്ടെ എല്ലാത്തിനും കണക്കിന് കൊടുക്കുന്നുണ്ട് ഞാൻ മനസ്സിൽ ഓർത്തു. ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും ഓഡിറ്റോറിയത്തിൽ നിന്നും അവളുടെ ഒരു കൂട്ടുകാരി പുറത്തേക്ക് വന്നു. “അരുണേട്ടന് ബുദ്ധിമുട്ടായോ?” “ഹേയ് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല .എന്നിട്ട് എവിടെ മിഴി അവളെയാണ് എനിക്ക് ആദ്യം കാണേണ്ടത് നിങ്ങൾക്കുള്ളത് പിന്നെ തരാം.” “അയ്യോ അരുണേട്ടാ അവളെ ചീത്തയൊന്നും പറയല്ലേ. ഞങ്ങൾ നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു എന്ന് മാത്രം.” “എനിക്ക് അറിയാം ഇതിൻ്റെ പുറകില് നിങ്ങള് കുറച്ച് മരമാക്രികൾ ഉണ്ടെന്ന്. നീ ആദ്യം അവളെ ഇങ്ങ് വിളിക്ക്. ” ” മിഴി ദേ അരുണേട്ടൻ വന്നിട്ടുണ്ട് ഇനി നീ തന്നെ കാര്യം പറഞ്ഞോ? ” പേടിച്ചരണ്ട ഒരു പേടമാനിനെ പൊലെ തൂണിൻ്റെ മറവിൽ നിന്നും അവൾ എൻ്റെ അടുത്തേക്ക് പതുങ്ങി നിന്നു. വാക്കുകൾ പറയാൻ കഴിയാതെ അവളുടെ അധരങ്ങൾ വിറകൊള്ളുന്നുണ്ടായിരുന്നു. ” അരുണേട്ടാ അത് ഞാൻ ……… നീ ഒരക്ഷരം മിണ്ടിപ്പോകരുത് നിനക്ക് ഇത് പറയാൻ ഇത്രയും സമയം ഉണ്ടായിരുന്നില്ലേ ലാസ്റ്റ് നിമിഷത്തിലാണോ വിളിച്ച് വരുത്തി ആളെ കളിയാക്കുന്നത്. നിശ്ചയം കഴിഞ്ഞിട്ട് ഇപ്പോ 4 മാസമായി ഇതിനിടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ. ” ” അരുണേട്ടാ ഇത് ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല ദാ ഇപ്പോ ഇവരെല്ലാം ചേർത്ത് തീരുമാനിച്ച് ഉറപ്പിച്ചതാണ്. ” ” അല്ല ഇനിയിപ്പോ ഈ അവസാന നിമിഷത്തിൽ ഞാൻ എന്താ വേണ്ടത് നിങ്ങൾ അതും കൂടി പറ. ” ” അരുണേട്ടാ ഇനി മിഴിയെ വഴക്ക് പറയണ്ട എല്ലാം തീരുമാനിച്ചത് ഞാനായിരുന്നു .പക്ഷേ ഇത് അല്പം വൈകിപ്പോയി എന്ന് മാത്രം എന്നാലും പിന്നീട് ചിന്തിക്കുമ്പോൾ ഇതൊരു സുഖമുള്ള അനുഭവം ആവും. ” “ഓഹോ അപ്പോൾ നീയാണല്ലേ നായകൻ. ” ” ഉം. അതെ ഞാൻ മാത്രമല്ല എൻ്റെ പുറകിൽ ദേ ഇവരും ഉണ്ട്. ” ” ശരി എന്നാൽ നിങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച പൊലെ എല്ലാം നടക്കട്ടെ. ഞാനായിട്ട് ഇനി തടസ്സം നിൽക്കുന്നില്ല. ” ” എന്നാൽ ഇനി സമയം കളയണ്ട. അരുണേട്ടാ വാ സ്റ്റെപ്പ് പഠിക്കാം. എല്ലാം സിംപിൾ ആണ് ഞാൻ കാണിച്ചു തരാം. ” ” സ്റ്റെപ്പോ എന്ത് സ്റ്റെപ്പ് .നിങ്ങള് തമ്മില് ഒളിച്ചോടുന്നതിന് ഞാനെന്തിനാ ദാസപ്പൻകുട്ടീ ഡാൻസ് പഠിക്കുന്നത് .” ” ഒളിച്ചോട്ട വോ എന്ത് ഒളിച്ചോട്ടം അപ്പോ നാളെ കളിക്കാനുള്ള സ്റ്റെപ്പ് പഠിക്കാനല്ലേ അരുണേട്ടൻ ഇങ്ങോട്ട് വന്നത്. ” ഒന്നും മനസ്സിലാവാതെ ഞാൻ അവിടെ തന്നെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പൊലെ നിന്നു. ചുറ്റും കൂടി നിന്നവർ എല്ലാം കൂട്ടച്ചിരി. “എൻ്റെ അരുണേട്ടാ നാളെ ഇവൾ ദാ ഓഡിറ്റോറിയത്തിൽ നിന്നും കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഞങ്ങൾ ഒക്കെ കൂടി ഒരു ഡാൻസ് പ്ലാൻ ചെയ്തിട്ടുണ്ട് പിന്നെ താലികെട്ട് കഴിഞ്ഞ് നിങ്ങൾ രണ്ടു പേരുടേയും ചെറിയ ഒരു ഡാൻസും അതിൻ്റെ ഒരു നാല് സ്റ്റെപ്പ് ഒന്ന് പഠിപ്പിക്കാനാ ഇപ്പോ അരുണേട്ടനെ ഇങ്ങോട്ട് വിളിപ്പിച്ചത്. ഇപ്പോ അതാണല്ലോ ട്രൻ്റ്.പിന്നെ ഇവൻ ഇന്ന് വൈകീട്ടാ ബാംഗ്ലൂരിൽ നിന്ന് എത്തിയത് എല്ലാം ഇവൻ്റെ ഐഡിയയാണ്. ” ” ബ്ലാംഗ്ലൂരിൽ നിന്ന് വന്ന് ഞങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ഇവൻ ആരാ കല്ല്യാണരാമനിലെ കുഞ്ചാക്കോ ബോബനോ ?എനിക്ക് വന്ന ദേഷ്യത്തിന് എല്ലാത്തിനേയും പിടിച്ച് വലിച്ച് കീറി അടുപ്പത്ത് വെക്കുകയാണ് വേണ്ടത്. ആ പിന്നെ മിഴി നിനക്ക് ഉള്ളത് നാളെ തരാം ട്ടോ കെട്ട് ഒന്ന് കഴിഞ്ഞോട്ടെ പുല്ല് കുറെ ടെൻഷനും അടിച്ചു രാത്രിയിലെ ഉറക്കവും പോയി. ഇത് ഫോണിലൂടെ ഒന്ന് പറയാമായിരുന്നില്ലേ. ” ” ആ ബെസ്റ്റ് നട്ട പാതിരായ്ക്ക് ഡാൻസ് പഠിക്കാനാന്ന് പറഞ്ഞാൽ അരുണേട്ടൻ ഇപ്പോ വരും. ” ” ഒരു മിനിറ്റ് ഞാൻ ഏട്ടനെ ഒന്ന് വിളിച്ച് കാര്യം പറയട്ടെ നീ ആരുടേയോ കൂടെ ഒളിച്ചോടി പോകുവാന്ന് ഏട്ടനോട് പറഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത് ചിലപ്പോൾ നാട്ടുകാരുരെ ഒക്കെ കൂടി ഇപ്പോ ഇവിടെ എത്താനും സാധ്യതയുണ്ട്. ” ” ദൈവമേ വീട്ടിൽ ഒക്കെ പറഞ്ഞോ ഞാൻ ഒളിച്ചോടി പോവ്വാന്ന്. ” ” ഹേയ് ഏട്ടന് മാത്രമേ അറിയൂ. ” അങ്ങിനെ ഏട്ടന് വിളിച്ച് കാര്യം പറഞ്ഞത് ഒരു വിധത്തിൽ ഞാൻ സംഭവം റെഡിയാക്കി. അപ്പോഴും എൻ്റെ മുഖത്തെ ആ ചമ്മല് മാറിയിട്ടുണ്ടായിരുന്നില്ല ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു ശ്ശോ. പിന്നെ ഒന്നും നോക്കിയില്ല. ” കമോൺ എവരി ബഡി സ്റ്റാർട്ട് ദ മ്യൂസിക് . ” മലയിലൂര് നാട്ടാമൻ മനസ്സ് കാട്ട് കൂട്ടമെ ഉന്നയ് പൊലെ യാരും ഇല്ലെയ് മാമാ തഞ്ചാവൂര് രാസാത്തി ധാരാളമാ കേട്ടാങ്കേ മനസ്സുക്കുള്ളെ എവനും ഇല്ലേൽ മാമാ … തൊട്ടതെല്ലാം ദൂൾ പറക്ക്ത് മമ്പട്ടിയാൻ അട മമ്പട്ടിയാൽ ……. അവസാനം എൻ്റെ വക സുരേഷ് ഗോപിയുടെ രണ്ട് സ്റ്റെപ് കൂടിയായപ്പോൾ സംഭവം കളറായി.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular