Connect with us

Relationship

ഹൃദ്യം…

Published

on

കടപ്പാട് രചന: ഭദ്ര മനു

“എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ” കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു “ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ….” അമ്മു ചോദിച്ചു “എന്നും സന്ധ്യ ആയാൽ നാലുപുറവും അടിച്ചു തെളിച്ചു ഉമ്മറത്ത് വിളക്ക് വെയ്ക്കണം മോളെ….എന്നാലേ കുടുംബത്തൊരു ഐശ്വര്യം ഉണ്ടാവൂ” ഗീത സാരി തലപ്പ് കൊണ്ട് മുഖത്തു പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു “പിന്നെ എനിക്കതല്ലേ പണി… മോള് ഒരുത്തി ഉണ്ടല്ലോ അവളോട് പറഞ്ഞുകൂടെ” അമ്മു പിറുപിറുത്തു കൊണ്ട് അകത്തേക്ക് നടന്നു ഗീത അത് കേട്ടുവെങ്കിലും മറുപടി ഒന്നും പറയാതെ ബാഗുമെടുത്ത് അകത്തേക്ക് നടന്നു. രാത്രി….. അത്താഴത്തിനു പപ്പടം കാച്ചുകയാണ് ഗീതടീച്ചറുടെ മകൾ രേവതി..അമ്മു അടുത്ത് തന്നെ നിന്നു പാത്രത്തിൽ ചോറ് പകരുന്നുണ്ട്….. മോളെ രേവു അമ്മ രാവിലെ പോവുന്നതിനു മുൻപ് ഇച്ചിരി കാളൻ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്…. അതൊന്ന് എടുത്തു പുറത്തു വെയ്ക്ക് തണുപ്പ് പോവട്ടെ…. വിഷ്ണുന് കാളൻന്ന് വെച്ചാൽ ജീവനാണ്….എത്ര കൊടുത്താലും കഴിച്ചോളും ഗീത ടീച്ചർ പറഞ്ഞു “വേണ്ട അതൊന്നും എടുക്കണ്ട….ഞാൻ ഉച്ചക്ക് എരിശേരി ഉണ്ടാക്കിയിട്ടുണ്ട്…. വിച്ചേട്ടന് അത് കൊടുത്താൽ മതി” അമ്മു ഇടയിൽ കേറി പറഞ്ഞു “അതിന് വിഷ്ണു എരിശേരി കഴിക്കില്ലല്ലോ മോളെ…. അവന് കാളൻ ആണ് പ്രിയം….”കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും വിഷ്ണുന്റെ ഇഷ്ട്ടങ്ങൾ ഒന്നും മനസിലായില്ലേ കുട്ടിക്ക്” ഗീത ടീച്ചർ അമ്മുവിനോട് ചോദിച്ചു ആ പറഞ്ഞത് ഇഷ്ടപ്പെടാതെ നീരസത്തോടെ മറുപടി ഒന്നും പറയാതെ അമ്മു ഊണ് മുറിയിലേക്ക് പോയി “മോളെ രേവു എരിശേരി എടുത്തോ വിഷ്ണു കഴിച്ചില്ലേലും നമുക്ക് കഴിക്കാലോ” “മ്മ്.. ശരിയമ്മേ” “എന്നാ മോള് എടുത്തു വെയ്ക്ക് ഞാൻ ചെന്ന് വിഷ്ണുനെ കഴിക്കാൻ വിളിക്കട്ടെ” അവർ വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു മുറിയിൽ ആരോടോ ശ്രദ്ധയോടെ ഫോണിൽ സംസാരിക്കുകയായിരുന്നു വിഷ്ണു “മോനെ…..” ഗീത വാത്സല്ല്യത്തോടെ അവന്റെ അടുത്ത് ചെന്നു അവന്റെ മുടിയിൽ തലോടി വിഷ്ണു ഒരുനിമിഷം അറിയാതെയൊന്ന് കണ്ണടച്ചു….ഈ അമ്മയുടെ കൈയ്ക്ക് എന്തോ മാജിക്‌ അറിയാമെന്നു തോന്നുന്നു….തലയിൽ കൈ തൊട്ടാൽ ഉടനെ കണ്ണ് അടഞ്ഞു പോവും ആരോടാ നീ ഇത്ര കാര്യമായിട്ട് സംസാരിക്കുന്നെ ഗീത ടീച്ചർ ചോദിച്ചു അതോ… ഒരു സ്പെഷ്യൽ കേസ് ഉണ്ട് അമ്മേ…..ഇരട്ടകുട്ടികളാണ് ഗർഭത്തിൽ…നാളെയാണ് ആ കുട്ടിക്ക് ഡേറ്റ്…ഞാൻ അതിനെ കുറിച്ച് മുതിർന്ന ഒരു ഡോക്ടറുമായി സംസാരിക്കുകയായിരുന്നു പേര് കേട്ട പ്രൈവറ്റ് ഹോസ്പിറ്റലിലെ തിരക്കുള്ള ഒരു ഗൈനകോളജിസ്റ്റ് ആണ് വിഷ്ണു വാസുദേവൻ ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ മോനെ…..ഉള്ളിലെ കുട്ടികൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ ഗീത വല്ലായ്മയോടെ മകനോട് ചോദിച്ചു അങ്ങനെ ഒന്നുമില്ല അമ്മേ….അമ്മ തത്കാലം അതങ്ങു വിട് എനിക്ക് വല്ലാതെ വിശക്കുന്നു…..

വാ വന്നു ചോറ് വിളമ്പി താ… എനിക്ക് അതിരാവിലെ അങ്ങ് ചെല്ലണം വിഷ്ണു പെട്ടന്ന് വിഷയം മാറ്റി അവർ ഊണ് മുറിയിൽ ചെല്ലുമ്പോഴേക്കും അമ്മുവും രേവതിയും കൂടി മേശപ്പുറത്ത് വിഭവങ്ങൾ ഒക്കെ എടുത്തു വെച്ചിരുന്നു…. ഗീത എല്ലാവർക്കും ചോറ് വിളമ്പി പപ്പടം കാച്ചിയതും പപ്പായതോരനും വിളമ്പിയ ശേഷം അവർ കാളൻ എല്ലാവർക്കും വിളമ്പി ഹോ… എന്റമ്മേ ഞാനിന്ന് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോ ഓർത്തെയുള്ളൂ ഇച്ചിരി കാളൻ കൂട്ടി ചോറ് കഴിക്കുന്ന കാര്യം വിഷ്ണു സന്തോഷത്തോടെ പറഞ്ഞു ദേ കേട്ടോ അമ്മു….കാര്യം അമ്മ നല്ലൊരു കുക്ക് ഒക്കെയാണെങ്കിലും അമ്മയുണ്ടാക്കുന്ന കാളൻ… അതിനൊരു വല്ലാത്ത രുചിയാ…. വിഷ്ണു കാളൻ കൂട്ടി ഒരുരുള ചോറെടുത്തു വായിലേക്ക് വെച്ചു കൊണ്ട് ഭാര്യയോട് പറഞ്ഞു “ദേ നോക്ക് വിച്ചേട്ടാ ഞാൻ ഏട്ടന് വേണ്ടി സ്പെഷ്യൽ ആയി എരിശേരി ഉണ്ടാക്കിയിട്ടുണ്ട്…. കഴിച്ചു നോക്ക്” അമ്മു വലിയ കാര്യത്തിൽ ഒരു തവി കൊണ്ട് കുറച്ചു കറിയെടുത്തു വിഷ്ണുവിന്റെ പാത്രത്തിൽ വിളമ്പി “ശോ എന്റെ അമ്മു… ഞാൻ എരിശേരി കഴിക്കില്ലല്ലോ….” വിഷ്ണു പറഞ്ഞു അമ്മുവിന്റെ മുഖം വാടി “അവൻ കഴിക്കില്ലെങ്കിൽ വേണ്ട ഇങ്ങ് താ മോളെ ഞങ്ങൾ കഴിച്ചോളാം…” ഗീത അമ്മുവിനോട് പറഞ്ഞു “വേണ്ട… ആരും കഴിക്കണ്ട” അമ്മു ദേഷ്യത്തോടെ പാത്രവുമായി അടുക്കളയിലേക്ക് പോയി “നിനക്ക് ഇത്തിരി രുചിചെങ്കിലും നോക്കികൂടായിരുന്നോ മോനെ…” ഗീത വിഷണ്ണയായി വിഷ്ണുവിനോട് ചോദിച്ചു “ഇഷ്ടമില്ലാത്ത ഭക്ഷണം എങ്ങനെയാ അമ്മേ കഴിക്കുന്നേ….” വിഷ്ണു ചോദിച്ചു “എന്നാലും ആ കൊച്ചിന് സങ്കടം ആയിക്കാണും” ഗീത പറഞ്ഞു അവളുടെ വിഷമം ഒന്നും അധികം നേരം നിക്കില്ല അമ്മ അത് കാര്യമാക്കണ്ട.. ഗീത വിഷമത്തോടെ അടുക്കളയിൽ ചെന്ന് നോക്കുമ്പോഴേക്കും അമ്മു കൈ കഴുകി മുറിയിലേക്ക് പോയി കഴിഞ്ഞിരുന്നു വിഷ്ണു ഭക്ഷണം കഴിച്ചു കൈ കഴുകി മുറിയിൽ ചെല്ലുമ്പോൾ അമ്മു കിടക്കയിൽ വിങ്ങി പൊട്ടി കിടക്കുകയായിരുന്നു…. അമ്മു…… വിഷ്ണു സ്നേഹത്തോടെ അവളുടെ മുടിയിൽ വിരലോടിച്ചു പോ എന്നോട് മിണ്ടണ്ട…. അമ്മു വിഷ്ണുവിന്റെ കൈ തട്ടിമാറ്റി പിണക്കാണോ അമ്മുക്കുട്ടി…. വിഷ്ണു ചിരിയോടെ ചോദിച്ചു “അതേ…..പിണക്കം തന്നെയാ….” അമ്മു എണീച്ചിരുന്നു എന്തിനാ പിണക്കം വിഷ്ണു അവളുടെ കൈയെടുത്തു ഉമ്മ വെച്ചു വിച്ചേട്ടന് അറിയോ…ഞാൻ യൂ ട്യൂബ് ഒക്കെ നോക്കി കഷ്ട്ടപെട്ടാ ഏട്ടന് വേണ്ടി അത് ഉണ്ടാക്കിയത്…എന്നിട്ട് അത് കഴിക്കാതെ അമ്മയുണ്ടാക്കിയ കറിയും കൂട്ടിയല്ലേ ചോറുണ്ടത് അത് എനിക്ക് എരിശേരി ഇഷ്ടം അല്ലാഞ്ഞിട്ടല്ലേ മോളെ…..അല്ലെങ്കി എന്റെ കുട്ടി ഉണ്ടാക്കിയത് ഞാൻ കഴിക്കാതെ ഇരിക്കോ മ്മ് അതൊന്നുമല്ല …വിച്ചേട്ടന് എന്നേക്കാൾ ഇഷ്ടം അമ്മയെയാ…എപ്പോ നോക്കിയാലും എന്തിനും ഏതിനും അമ്മ മതി…ചായ വേണമെങ്കിൽ അമ്മ വേണം ചോറ് വേണമെങ്കി അമ്മ വേണം ഷർട്ട് അമ്മ അലക്കി ഇസ്തിരി ഇട്ടു തന്നാലേ ധരിക്കൂ….അങ്ങനെ എല്ലാത്തിനും അമ്മ മതി… അപ്പൊ ഞാനാരാ വിച്ചേട്ടാ…. ഞാനൊരു ഭാര്യയല്ലേ….ഇതൊക്കെ എന്റെ കടമയല്ലേ അമ്മു മുഖം വീർപ്പിച്ചു അത് നല്ലതല്ലേ അമ്മു….എന്റെ മോൾക്ക് അധികം പണിയൊന്നും എടുക്കണ്ടല്ലോ വിഷ്ണു പറഞ്ഞു “എനിക്ക് പണി എടുക്കാൻ മടിയൊന്നുമില്ല വിച്ചേട്ടാ…..ഭാര്യയായ ഞാൻ ഉള്ളപ്പോ അമ്മ എന്തിനാ വിച്ചേട്ടന്റെ കാര്യത്തിൽ ഇത്രയും കേറി ഇടപെടുന്നത് അതെനിക്ക് തീരെ ഇഷ്ട്ടാവുന്നില്ല…” “അത് സ്നേഹം ഉള്ളത് കൊണ്ടല്ലേ അമ്മു….ഇത്രയും നാള് അതൊക്കെ അമ്മ തന്നെയല്ലേ ചെയ്തു തന്നിരുന്നത് അതുകൊണ്ടാവും” “എനിക്കൊന്നും കേൾക്കണ്ട….നമുക്ക് മാറി താമസിക്കാം ഏട്ടാ…..ഞാനും ഏട്ടനും നമ്മുടെ മക്കളും മാത്രം…നമുക്ക് വിച്ചേട്ടന്റെ ഹോസ്പിറ്റലിന്റെ അടുത്തൊരു വീട് നോക്കാം പ്ലീസ്…..” “ഇല്ല അമ്മു അതൊന്നും നടക്കില്ല…..അമ്മയെയും രേവതിയെയും തനിച്ചാക്കി വേറെ താമസിക്കാൻ ഞാൻ സമ്മതിക്കില്ല” വിഷ്ണു പറഞ്ഞു ഓഹോ അപ്പൊ എന്റെ വാക്കിന് ഒരു വിലയുമില്ല അല്ലേ…. അമ്മു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു വിഷ്ണു അവളെ വിളിക്കാനും നിന്നില്ല…ലൈറ്റ് അണച്ചു കൊണ്ട് അവനും കിടന്നു രാത്രിയിൽ എപ്പോഴോ അമ്മുവിന്റെ പിറുപിറുക്കലുകളും വിങ്ങി പൊട്ടലുമൊക്കെ കേട്ടെങ്കിലും അവൻ മിണ്ടാതെ കിടന്നു

അതിരാവിലെ തന്നെ വിഷ്ണു എണീച്ചു…ഗീത അടുക്കളയിൽ തിരക്കിട്ടു പ്രാതൽ ഉണ്ടാക്കുകയായിരുന്നു…. കുറച്ചു നേരം കൂടി കഴിഞ്ഞതോടെ രേവതിയും അമ്മുവും എണീച്ചു അടുക്കളയിലേക്ക് വന്നു… രേവതി മുറ്റം തൂക്കാനായി ഇറങ്ങി…..വിഷ്ണു കുളിച്ചു വന്നപ്പോൾ ഗീത ഒരു കപ്പിൽ ചായയുമായി ഹാളിലേക്ക് നടക്കാൻ ഒരുങ്ങി ചായ ഞാൻ കൊടുക്കാം അമ്മു പറഞ്ഞു വേണ്ട മോള് ആ അടുപ്പത്തിരിക്കുന്ന ദോശ ഒന്ന് നോക്ക്…. ചായ ഞാൻ കൊടുക്കാം ഗീത ചിരിയോടെ പറഞ്ഞു അതെന്താ ഞാൻ കൊടുത്താല്….അമ്മുവിന്റെ മുഖം മാറി അതല്ല മോളെ…അവന് രാവിലെ ഞാൻ തന്നെ ചായ കൊടുക്കണമെന്ന് നിർബന്ധമാണ്…രേവതിപോലും ചായ കൊണ്ട് കൊടുക്കുന്നത് അവന് ഇഷ്ട്ടല്ല….മോൾക്കത് അറിയാവുന്നതല്ലേ ഓഹോ… എന്നാൽ ഇനി ഞാൻ കൊടുത്തിട്ട് ചായ കുടിക്കുമോ എന്ന് നോക്കട്ടെ അമ്മു വാശിയോടെ ഗീതയുടെ കയ്യിൽ നിന്നും ചായകപ്പ് പിടിച്ചു വാങ്ങി “ദാ വിച്ചേട്ടാ ചായ അമ്മു കപ്പ് വിഷ്ണുവിന് കൊടുത്തു” അമ്മ എന്ത്യേ അമ്മു…. അമ്മയല്ലേ എനിക്ക് ഡെയിലി രാവിലെ ചായ തരുന്നത് അതെന്താ ഞാൻ തരുന്ന ചായ കുടിച്ചാൽ താഴേക്ക് ഇറങ്ങില്ലേ അമ്മു പുച്ഛത്തോടെ ചോദിച്ചു അമ്മു കുറച്ചു മര്യാദക്ക് സംസാരിക്ക്… വിഷ്ണു ദേഷ്യത്തിൽ അവളോട് പറഞ്ഞു “ഇല്ലെങ്കിലോ…. എനിക്ക് ഇന്നറിയണം ഞാനാണോ അമ്മയാണോ വലുതെന്നു…. കിടപ്പറയിൽ മാത്രം ഭാര്യയെ മതി….അല്ലാത്തപ്പോ അമ്മ മതി” അമ്മു നിന്ന് കിതച്ചു ശബ്ദം കേട്ടു ഗീതയും രേവതിയും അങ്ങോട്ട് വന്നു “എന്താ മോളെ പ്രശ്നം” ഗീത തിരക്കി “നിങ്ങളാണ് എന്റെ പ്രശ്നം…” അമ്മു ഗീതയെ ദേഷ്യത്തോടെ നോക്കി “ഞാൻ വിച്ചേട്ടന്റെ ഭാര്യ അല്ലേ…..അദേഹത്തിന്റെ ഒരു കാര്യവും എന്നെ ചെയ്യാൻ അനുവദിക്കാതെ എല്ലാം നിങ്ങൾ അല്ലേ ചെയ്യുന്നത്’ “അമ്മു…. നീ അമ്മയെ ആണോ നിങ്ങൾ എന്നൊക്കെ വിളിക്കുന്നത്” വിഷ്ണു ചോദിച്ചു “ആ വിളിക്കും…. ഇനിയും വിളിക്കും” അമ്മു വീറോടെ പറഞ്ഞു പെട്ടന്ന് വിഷ്ണു അവളുടെ മുഖത്ത് വലിച്ചടച്ചു…. മിണ്ടരുത്…. മിണ്ടാതെ അടങ്ങി ഒതുങ്ങി ഇവിടെ ജീവിച്ചോണം വിഷ്ണു നിന്ന് വിറച്ചു കൈ വീശിയുള്ള അടിയിൽ അമ്മുവിന്റെ കണ്ണുകൾ നീറി….മുഖം ചുവന്നു തുടുത്തു…. ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി മുഖം പൊത്തി കരഞ്ഞു കൊണ്ട് അമ്മു റൂമിൽ കേറി വാതിൽ കൊട്ടിയടച്ചു മോനെ നീ എന്തിനാ അമ്മുവിനെ അടിച്ചേ….ഗീത വിഷ്ണുവിനെ പിടിച്ചുഉലച്ചു പിന്നെ… അവളുടെ സംസാരം അമ്മയും കേട്ടതല്ലേ…. “അതിന് 21വയസ്സല്ലേ ഉള്ളൂ മോനെ….അതിന്റെ ഒരു പക്വതകുറവാണത്….പിന്നെ അമ്മയും ഇല്ലാതെ വളർന്നതല്ലേ…. നീ വേണ്ടേ അതിനെ സ്നേഹിക്കാനും ശ്രദ്ധിക്കാനും….നിന്നെ വിശ്വസിച്ചു കൂടെ ഇറങ്ങിവന്നതല്ലേ മോനെ……കരയിപ്പിക്കാൻ പാടില്ല…” “അമ്മ വെറുതെ അവളുടെ പക്ഷം പിടിച്ചു സംസാരിക്കേണ്ട…. ഒരടിയുടെ കുറവ് അവൾക്ക് ഉണ്ടായിരുന്നു…എന്തായാലും ഇതും പറഞ്ഞു നിക്കാൻ ഞാനില്ല…. എനിക്ക് ലേശം തിരക്കുണ്ട്’ വിഷ്ണു കാറിന്റെ കീയുമെടുത്തു കാറിൽ കേറി ഹോസ്പിറ്റലിലേക്ക് പോയി രേവതി ചെന്നു വിളിച്ചിട്ടും അമ്മു വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല വൈകുന്നേരം വിഷ്ണു ജോലി കഴിഞ്ഞു വരുമ്പോൾ ഗീത ഉമ്മറത്ത് വിഷമത്തോടെ ഇരിപ്പുണ്ടായിരുന്നു… അമ്മ ഇന്ന് സ്കൂളിൽ പോയില്ലേ വിഷ്ണു തിരക്കി ഞാൻ എങ്ങനെ പോവും മോനെ…ആ കൊച്ച് ഇതുവരെ വാതിൽ തുറന്നിട്ടില്ല… ഒരു തുള്ളി വെള്ളം പോലും അതിന്റെ വയറ്റിലേക്ക് ചെന്നിട്ടില്ല….. ഇതൊക്കെ കണ്ടേച്ചു ഞാൻ എങ്ങനെയാ പോവുക….എനിക്കും ഒരു പെൺകൊച്ചുള്ളതല്ലേ ഗീത പറഞ്ഞു വിഷ്ണു ചെന്നു ഡോറിൽ തട്ടി അമ്മു……ഞാനാ വാതിൽ തുറക്ക് പെട്ടന്ന് അമ്മു വാതിൽ തുറന്നു അവൻ അകത്തു കേറി അകത്തു നിന്ന് വാതിൽ പൂട്ടി അവൻ അവളെ നോക്കി….അടി കൊണ്ട വലുത് കവിൾ ചെറുതായി വിങ്ങിയിരിക്കുന്നു….കരഞ്ഞു കരഞ്ഞു കൺപോളകൾ ചീർത്തു…..മുടിയൊക്കെ പാറിപറന്ന് വിഷ്ണുവിന് വല്ലാതെ സങ്കടം വന്നു അവൻ കയ്യിലെ ഫോൺ ബെഡിലേക്ക് വെച്ചു അമ്മുവിനെ കെട്ടിപിടിച്ചു…. രാവിലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് അവൾക്ക് അവനെ തടയാനുള്ള ശക്തിയില്ലായിരുന്നു…..അവൾ അവന്റെ നെഞ്ചോട് പറ്റിചേർന്ന് നിന്നു മോൾക്ക് നല്ലപോലെ വേദനിച്ചോ വിഷ്ണു അവളുടെ കവിളിൽ മെല്ലെ തടവി “മ്മ്…” അമ്മുവിന്റെ കണ്ണ് നിറഞ്ഞു “പോട്ടെ… ഇനി വിച്ചേട്ടൻ മോളെ തല്ലില്ലട്ടോ….ദേഷ്യം വന്നപ്പോ അറിയാതെ പറ്റിപോയതാ” “നമുക്ക് ഇവിടെ നിക്കണ്ട വിച്ചേട്ടാ….” നമുക്ക് വേറെ വീട് നോക്കാം അമ്മു പറഞ്ഞു അങ്ങനെ പോവാൻ പറ്റോ അമ്മു….അമ്മയെയും രേവതിയെയും നോക്കേണ്ടത് ഞാനല്ലേ….

കാര്യം സ്ഥാനം കൊണ്ട് അനിയത്തി ആണെങ്കിലും രേവതി നിന്നെക്കാൾ മൂത്തതല്ലേ…. അവൾക്ക് ഒരു ചെക്കനെ നോക്കണ്ടേ…. അങ്ങനെ നൂറായിരം കാര്യങ്ങളില്ലേ…അതൊക്കെ മറന്നു പോവാൻ കഴിയോ….. അതൊക്കെ നമ്മള് മാറി താമസിച്ചാലും ചെയ്യാലോ വിച്ചേട്ടാ അങ്ങനെ അല്ല അമ്മു….എനിക്ക് അമ്മയെ പിരിഞ്ഞു നിക്കാൻ കഴിയില്ല…..എന്റെയൊരു ബലത്തിലാണ് ആ പാവം ജീവിക്കുന്നത് പോലും കണ്ടോ ഇതാണ് ഞാൻ പറഞ്ഞത്….ഏട്ടന് അമ്മയാണ് വലുതെന്നു….. അതെ…അമ്മയാണ് എനിക്കെല്ലാം…അത് കഴിഞ്ഞേ നീ പോലുമുള്ളു വിഷ്ണു ദേഷ്യത്തോടെ പറഞ്ഞു വിഷ്ണുവിന്റെ ഭാവമാറ്റം കണ്ട അമ്മു വല്ലാതെ ഭയന്നു അതുകണ്ടപ്പോൾ വിഷ്ണു ഒരു ദീർഘനിശ്വാസത്തോടെ അവളുടെ കൈ പിടിച്ചു കിടക്കയിൽ ഇരുത്തി മോളെ അമ്മു….നിനക്ക് തോന്നുന്നുണ്ടാവും ഞാൻ എന്തിനാ അമ്മയെ ഇത്രയും സ്നേഹിക്കുന്നതെന്നു….എനിക്ക് ഒരുപാട് കടപ്പാട് ഉണ്ട് അമ്മു ഗീതകുമാരിയെന്ന എന്റെ അമ്മയോട്….അമ്മ എന്ന് പറയുമ്പോൾ പെറ്റമ്മയല്ല പോറ്റമ്മ…. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞു ങേ….. അമ്മു അമ്പരന്നു വിഷ്ണുവിനെ നോക്കി അതെ….അമ്മ ഒരു കുഞ്ഞിനെ മാത്രമേ പ്രസവിച്ചിട്ടുള്ളു… അത് രേവതിയെയാണ് അപ്പൊ നീ വിചാരിക്കും മക്കൾ ഇല്ലാതെയിരുന്നു എന്നെ ദത്ത് എടുത്തതാവുമെന്നു…. അങ്ങനെയുമല്ല വിഷ്ണു പറഞ്ഞു “പിന്നെ????” അമ്മു വിടർന്ന കണ്ണുകളോടെ അവനെ നോക്കി പണ്ട്… പണ്ടെന്നു വെച്ച ഒരു 28കൊല്ലം മുൻപ്……അന്ന് നമ്മുടെ അമ്മയുടെ വീട്ടിലൊരു പണിക്കാരത്തി പെണ്ണുണ്ടായിരുന്നു….അവർക്ക് ഏകദേശം അമ്മയുടെ പ്രായത്തിൽ തന്നെയൊരു മോളുണ്ടായിരുന്നു….മാലതി… ഒരു അന്തോം കുന്തോം ഇല്ലാത്തൊരു പൊട്ടിപ്പെണ്ണ്…..അവളുടെ കൂടെയാ അമ്മ കളിച്ചതും വളർന്നതുമൊക്കെ….. ഒരിക്കൽ നാട്ടിൽ ഒരു കഥ പരന്നു…മാലതി ഗർഭിണി ആണെന്നുള്ള കഥ…..നാലു മാസം കഴിഞ്ഞപ്പോഴാണ് മാലതിയുടെ അമ്മ പോലും അതറിഞ്ഞത് അന്ന് അടുക്കളയിൽ നിന്ന് മാലതിയെ ചേർത്ത് പിടിച്ചു കരഞ്ഞ അവളുടെ അമ്മയുടെ കയ്യിൽ നിന്നും മാലതിയെ ഗീതയെന്ന കളികൂട്ടുകാരി അവളെ താൻ നോക്കിക്കോളാമെന്ന ഉറപ്പിൽ തന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി…..അവർ തമ്മിലുള്ള സ്നേഹബന്ധം അറിയാവുന്ന ആരും അതിനെ തടഞ്ഞതുമില്ല അന്ന് രാത്രി തന്നെ മാലതിയുടെ അമ്മ തൂങ്ങി മരിക്കുകയും ചെയ്തു….അമ്മ പലതവണ ചോദിച്ചിട്ടും ആരാണ് ഉള്ളിലെ കുഞ്ഞിന്റെ അച്ഛനെന്നു മാലതി പറഞ്ഞില്ല…. മാസങ്ങൾ കടന്നു പോകവെ മാലതിയുടെ അവസ്ഥ വളരെ കഷ്ടത്തിലായി…സ്വന്തം അമ്മയുടെ മരണവും ഗർഭകാല ബുദ്ധിമുട്ടുകളും അവളെ ഒരു രോഗിയാക്കി മാറ്റി….ഒരു രാത്രി ഡോക്ടർ പറഞ്ഞ ഡേറ്റ് ആവും മുൻപേ അവള് പ്രസവിച്ചു….രക്തം നിലയ്ക്കാതെ പിടഞ്ഞ അവളെ ഹോസ്പിറ്റലിൽ എത്തിപ്പിക്കുമ്പോഴേക്കും മാലതി മരിച്ചിരുന്നു…..അന്ന് മാലതി പെറ്റ ആ കുട്ടിയാണ് ഞാൻ അമ്മു കണ്ണ് മിഴിച്ചു വിഷ്ണുവിനെ തന്നെ നോക്കി വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…. സത്യമാണ് അമ്മു……അന്ന് എന്റെ പെറ്റമ്മയെ ചിതയിലേക്ക് വെയ്ക്കുമ്പോൾ ഗീതയെന്ന ഇരുപതുകാരിയുടെ നെഞ്ചിലെ ചൂട് പറ്റി ഞാൻ ഉറങ്ങുന്നുണ്ടായിരുന്നു….അന്ന് തൊട്ട് എന്നെ നോക്കിയതെല്ലാം എന്റെ അമ്മയാണ്….ആർക്കും വിട്ടു കൊടുത്തില്ല… ഒരു അഗതിമന്ദിരത്തിലും ഉപേക്ഷിച്ചു പോയില്ല…. അമ്മയുടെ വീട്ടിലെ പശുക്കളുടെ ചൂടുള്ള പാല് കുടിച്ചാണ് ഞാൻ വളർന്നത്….ഞാൻ ആദ്യമായി അമ്മയെന്ന് വിളിച്ചതു ഇവിടെത്തെ അമ്മയെയാണ്….. സ്വന്തം മോനെ പോലെ എന്നെ കുളിപ്പിച്ചും ഊട്ടിയും ഉറക്കിയും എന്നെ വളർത്തിയത് ഈ അമ്മയാണ്….. എനിക്ക് അഞ്ചു വയസുള്ളപ്പോൾ ആണ് അമ്മ കല്യാണം കഴിക്കുന്നത്….വാസുദേവൻ നായർ….അമ്മയെ പോലെ….ഒരുപക്ഷെ അമ്മയേക്കാൾ മനസ്സിൽ നന്മയുള്ള ആ മനുഷ്യനാണ് വിവാഹം കഴിഞ്ഞു അമ്മയുടെ കൂടെ എന്നെയും ഇങ്ങോട്ട് കൊണ്ടുവന്നത് പിന്നീടുള്ള ജീവിതം എന്ത് സന്തോഷം നിറഞ്ഞതായിരുന്നു……രേവതി ജനിച്ചതും അമ്മയ്ക്ക് ടീച്ചർ ആയി ജോലി കിട്ടിയതുമൊക്കെ….രേവതിയെയും എന്നെയും ഒരുപോലെയാ അച്ഛനും അമ്മയും സ്നേഹിച്ചത്…പിന്നീട് ഒരു അറ്റാക്കിന്റെ രൂപത്തിൽ മരണം അച്ഛനെ കൊണ്ടുപോയപ്പോൾ എനിക്ക് അന്ന് പ്രായം 17ആയിരുന്നു…….അച്ഛനെന്ന നെടുതൂൺ ഇല്ലാതെയായപ്പോൾ അമ്മയൊന്നു തളർന്നുവെങ്കിലും ഞങ്ങളെ ഓർത്തു അമ്മ എല്ലാം മറന്നു ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു…..എന്നെ മെഡിസിന് വിട്ടതും രേവതിയെ അമ്മയെ ടീച്ചർ ആക്കിയതുമൊക്കെ അമ്മ തൊണ്ട പൊട്ടി കുട്ടികളെ പഠിപ്പിച്ചുണ്ടാക്കിയ നിസാര ശബളത്തിലാണ്…..ഒരുപാട് അനുഭവിച്ചിട്ടുണ്ട് ആ പാവം ഒരുപാട്…വിഷ്ണുവിന്റെ തൊണ്ടയിടറി “വിച്ചേട്ടാ…..” അമ്മു സങ്കടത്തോടെ വിഷ്ണുവിന്റെ കയ്യിൽ തലോടി….വിഷ്ണു അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു “നീയൊന്നു ആലോചിച്ചു നോക്ക് അമ്മു….അന്ന് അമ്മ എന്നെ അവഗണിച്ചു പോയിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താവുമായിരുന്നു…..എന്റെ ജീവിതവും ജീവനുമെല്ലാം ആ നല്ല മനസിന്റെ കാരുണ്യം കൊണ്ട് ഉണ്ടായതാണ്… എന്റെ എല്ലാം നോക്കി നടത്തിയിരുന്നത് അമ്മയാണ്…..ഓരോ നിസാരകാര്യങ്ങൾ പോലും അമ്മ ചെയ്യ്തു തന്നാൽ മാത്രമേ എനിക്ക് തൃപ്തി വരികയുള്ളു…. അതാണ് ഇങ്ങനെയൊക്കെ…….എനിക്ക് സ്വന്തം മകനെ പോലെ സ്നേഹം തന്നു പഠിപ്പിച്ചു ഇത്രയും ആക്കിയ എന്റെ അമ്മയെ ഞാൻ എങ്ങനെയാണു വേദനിപ്പിക്കുക….. അവരെ തനിച്ചാക്കി ഞാൻ തന്റെ കൂടെ വേറെയൊരു വീട് എടുത്തു താമസിച്ചാൽ ദൈവം പൊറുക്കുമോ എന്നോട്…. പറ” “സോറി വിച്ചേട്ടാ…” അമ്മു അവന്റെ നിറഞ്ഞ കണ്ണുകളെ തന്റെ കൈ കൊണ്ട് തുടച്ചു “ഇനി ഞാൻ വഴക്ക് ഉണ്ടാക്കൂല…വിച്ചേട്ടൻ സത്യം അമ്മു” അവന്റെ തലയിൽ കൈ വെച്ചു വിഷ്ണു സ്നേഹത്തോടെ അമ്മുവിന്റെ നിറുകയിൽ ഉമ്മ വെച്ചു….ഇത്രേ ഉള്ളു ഈ പെണ്ണ്….ഈ ദേഷ്യവും വാശിയുമൊക്കെ പുറത്ത് മാത്രേ ഉള്ളൂ…..ഉള്ളിലിപ്പോഴും അഞ്ചുവയസുകാരി യുടെ നിഷ്കളങ്കതയാണ് “വിശക്കുന്നില്ലേ എന്റെ മോൾക്ക്???” “മ്മ്… നല്ലോണം വിശക്കുന്നുണ്ട് ഏട്ടാ….വയറൊക്കെ മൂളുന്നു…” അമ്മു ചുണ്ട് വിടർത്തി അവനെ നോക്കി കൊഞ്ചി “എന്നാ വാ….ചോറ് കഴിക്കാം” അമ്മുവുമായി അടുക്കളയിൽ ചെല്ലുമ്പോൾ ഗീത വിഷമത്തോടെ അവിടെ ഇരിപ്പുണ്ടായിരുന്നു ”

അമ്മേ….. വിശക്കുന്നു അമ്മേ…. ഇച്ചിരി ചോറ് തരോ” അമ്മു പുറകിലൂടെ ഗീതയെ കെട്ടിപിടിച്ചു “ഇത്തിരി വിശക്കട്ടെ…. ചോറ് തരാൻ മനസില്ല” ഗീത ദേഷ്യം അഭിനയിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി…. രേവതി അത് കണ്ട് വാ പൊത്തി ചിരിച്ചു…. “ബാ….ചോറ് കഴിക്കാം ഞങ്ങളാരും ഒന്നും കഴിച്ചിട്ടില്ല….” ഗീത അമ്മുവിന്റെ കൈ പിടിച്ചു ഊണ്മുറിയിലേക്ക് നടന്നു “ഒരു മിനിറ്റ് അമ്മേ…..” അമ്മു തിരിഞ്ഞു ഫ്രിഡ്ജ് തുറന്നു ഒരു പാത്രമെടുത്തു “ഇതെന്തുവാടി….” വിഷ്ണു ചോദിച്ചു “ഇതെന്റെ എരിശേരി…ഞാൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയതല്ലേ…. കളയാൻ തോന്നിയില്ല…ചീത്തയായിട്ടൊന്നുമില്ല ഏട്ടൻ കഴിച്ചില്ലേലും ഞങ്ങൾക്ക് കഴിക്കാലോ” അമ്മു ചിരിയോടെ പറഞ്ഞു അവളും അവളുടെ ഒരു എരിശേരിയും വിഷ്ണു പൊട്ടിചിരിച്ചു എല്ലാരും ചേർന്നിരുന്നു ആഹാരം കഴിക്കുമ്പോഴും ഗീത ടീച്ചർ ആലോചിക്കുവായിരുന്നു…… രാവിലെ തന്നെ കടിച്ചു കീറാൻ നിന്ന മരുമോൾക്ക് ഇതെന്താ പെട്ടന്നൊരു മനമാറ്റമെന്ന്…….എന്തെങ്കിലും ആവട്ടെ…….. ഈ സന്തോഷം എന്നുമിങ്ങനെ നിലനിന്നാൽ മതിയായിരുന്നു അവർ ഒരു ചെറുചിരിയോടെ എരിശേരിയും കൂട്ടി ആസ്വദിച്ചു ചോറുണ്ടു ശുഭം💙

 

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular