Connect with us

Love

പ്രണയകാലം… “

Published

on

രചന: Aswathy Joy Arakkal….

എടോ, നമ്മളെത്ര സ്വപ്നം കണ്ട്, ആരോടൊക്കെ വാശിപിടിച്ചു നടത്തിയ വിവാഹവാ… എന്നിട്ട് തനിക്കെന്താടോ ഒരു സന്തോഷം ഇല്ലാത്തത്.. എന്തുപറ്റി? വീട്ടിൽ ആരെങ്കിലും എന്തെങ്കിലും തന്നെ പറഞ്ഞോ..? ആകെ പതിനേഴു ദിവസത്തെ ലീവല്ലേ എനിക്കുള്ളൂ… താനിങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ ഞാനെങ്ങനെ സമാധാനവായിട്ടു തിരിച്ചു പോകും.. ” വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വൈകുന്നേരം ആര്യാസിൽ കോഫി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എബി എന്നോട് ചോദിച്ച ചോദ്യമാണിത്.. ഒരു കരച്ചിലായിരുന്നു എന്റെ ആദ്യപ്രതികരണം.. “എനിക്കൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലിച്ചായാ .. പുതിയ നാടും, വീടും, രീതികളും, സൽക്കാരങ്ങളും .. എന്തിന് ഇച്ചായനെപ്പോലും ഉൾകൊള്ളാൻ സാധിക്കാത്തതു പോലെ.. ആരും ഒന്നും ചെയ്തിട്ടോ, പറഞ്ഞിട്ടോ അല്ല.. എനിക്കെന്തോ.. ” ഞാൻ പറഞ്ഞ് നിർത്തി.. ആ ചർച്ച അധികം നീണ്ടില്ല.. പിറ്റേന്നു ഞായറാഴ്ച പള്ളിയിലും പോയി ഒരു ബന്ധുവീട്ടിൽ കല്യാണവും കഴിഞ്ഞു വന്നപ്പോൾ സമയം അഞ്ചുമണി ആയി.. “താൻ ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ്‌ പാക്ക് ചെയ്തോ.. നാളെ ഏർളി മോർണിംഗ് നമ്മൾ മൂന്നാറിന് വിടുന്നു.. ” അതും പറഞ്ഞ് എബിച്ചൻ പാക്കിങ് തുടങ്ങി. ഇച്ചന് ലീവ് കുറവായിരുന്നത് കൊണ്ട് യാത്രകളൊക്കെ പിന്നീട് ആകാമെന്ന് വെച്ചിരിക്കുകയായിരുന്നെങ്കിലും പെട്ടന്നങ്ങനെ കേട്ടപ്പോൾ മനസ്സിലൊരു മഞ്ഞു വീണ തണുപ്പായിരുന്നു.. ബന്ധുമിത്രാദികളുടെ സൽക്കാരങ്ങളും, നവവധുവിന്റെ ചമയങ്ങളും കൊണ്ടു മടുത്തുപോയിരുന്നു ഞാൻ.. എങ്ങോട്ടെങ്കിലും ഒന്നോടിപ്പോയാൽ മതിയെന്നു വിചാരിച്ചിരിക്കുമ്പോഴാണ് അങ്ങോരുടെ വായിൽ നിന്നിതു വീഴുന്നത്.. അങ്ങനെ ഞാനും പാക്ക് ചെയ്തു പോകാനൊരുങ്ങി.. പിറ്റേന്ന് രാവിലെ 5.30 യ്ക്കു ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടു.. നവവധുവിന്റെ ആടയാഭരണങ്ങളും, വേഷഭൂഷാദികളും, ചമയങ്ങളും എല്ലാം അഴിച്ചു വെച്ച് മിഡിയും, ടോപ്പും അണിഞ്ഞപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസമായി.. പിന്നെ 5.30, ഞങ്ങളുടെ എല്ലാ യാത്രകളും അതിരാവിലെ തുടങ്ങും.. ആ സമയത്ത് ഡ്രൈവ് ചെയ്യാൻ അങ്ങോർക്ക് ഭയങ്കര ഇഷ്ടവാ… കുരിശുപള്ളിയിൽ പോയി നേർച്ച ഇട്ട് മാതാവിനോട് “കാത്തോളണേ ” എന്നും പറഞ്ഞു തുടങ്ങിയ യാത്ര മൂന്നാറിലേക്ക് മാത്രമായിരുന്നില്ല, ഞങ്ങളിലേക്ക് കൂടിയായിരുന്നു.. ഞങ്ങൾ ജീവിതം തുടങ്ങുന്നത് ആ യാത്രയിലൂടെയാണ്.. പരസ്പരം സ്നേഹിച്ചൊന്നായവരാണെങ്കിലും ഞങ്ങളുടേത് മാത്രമായ ലോകം തുടങ്ങുന്നത് അവിടെ നിന്നാണ്… അതുവരെ കാണാത്ത ഒരാളെ.. എന്റെ ഭർത്താവിനെ കാണുകയായിരുന്നു ഞാൻ.. കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള അവന്റെ മാറ്റം ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു… പരസ്പരം കൈകോർത്തു പിടിച്ച്, ആ തോളിൽ തലചായിച്ച് , ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിൽ ചൂളി, മുടിയിഴകളിലുള്ള തലോടലുകൾ ആസ്വദിച്ച്, ഒരുമിച്ചു ഗിയർ ചേഞ്ച്‌ ചെയ്ത് ഞങ്ങളങ്ങനെ പൊയ്ക്കൊണ്ടിരുന്നു.. ഏഴുമണി ആയപ്പോഴേക്കും വഴിയരികിലെ ചെറിയ ഹോട്ടലുകൾ തുറന്നു തുടങ്ങി.. അവിടുന്നൊക്കെ ചായ കുടിക്കാൻ മുൻപ് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും വൃത്തിയുണ്ടാകില്ല എന്ന്‌ പറഞ്ഞമ്മച്ചി സമ്മതിക്കില്ലായിരുന്നു.. പക്ഷെ അവനൊപ്പമിരുന്നു കടക്കാരൻ അടിച്ചു പതപ്പിച്ചു തന്ന ചായ ഊതി ഊതി കുടിച്ചതും, പെരുവഴിയിലെ സ്വാതന്ത്ര്യം ആഘോഷിച്ചതുമൊക്കെ പുതിയ അനുഭവങ്ങളായിരുന്നു എനിക്ക്…

യാത്ര തുടരുന്നതിനിടയിൽ വരുന്ന ഓരോ ട്രാഫിക് ബ്ലോക്കുകളിലും ഞാനവന്റെ കുസൃതികൾ ആസ്വദിച്ചു.. ബ്രേക്ഫാസ്റ്റിനു കയറിയ ഇന്ത്യൻ കോഫി ഹൗസിൽ വെച്ചാണ് ആദ്യമായി ദോശ മുറിച്ചവനെന്നെ കഴിപ്പിച്ചത്. ശേഷം വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും എന്റെ അവകാശമാണ് അവന്റെ പ്ലേറ്റിൽ നിന്നൊരു പങ്ക് … ഇടയ്ക്കു മാർക്കറ്റുകൾ കാണുമ്പോൾ വണ്ടി നിർത്തും.. അതിനിടയിലൂടെയെല്ലാം എന്റെ കൈപിടിച്ച് നടക്കും.. വേണ്ടതൊക്കെ വാങ്ങിത്തരും.. എനിക്കതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു… ചെറുപ്പത്തിൽ അപ്പനൊപ്പം ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും മുതിരുമ്പോൾ ഒരു പെണ്ണിന് നഷ്ടപ്പെടുന്ന പല സ്വാതന്ത്രങ്ങളും ഞാൻ നേടിയെടുത്തത്, ആസ്വദിച്ചത് എബിയ്‌ക്കൊപ്പം ചേർന്ന ശേഷമാണ്… വഴിയരികിലെ കൗതുകങ്ങളിലേക്കെല്ലാം അവനെന്റെ കൈപിടിച്ച് കൂട്ടികൊണ്ട് പോയിട്ടുണ്ട്.. ഞാനാഗ്രഹിച്ച തട്ടുദോശയും, വഴിയരികിലെ കണ്ണാടിപ്പാത്രത്തിലെ പലഹാരങ്ങളും, പൂക്കാരിയുടെ കൈയിലെ മുല്ലമാലയും എന്നുവേണ്ട എന്റെ കുഞ്ഞുകുഞ്ഞു വട്ടുകൾ സാധിച്ചു തരുന്നത് എന്നും അവനു സന്തോഷമാണ്… അങ്ങനെ ആടിയും, പാടിയും, ഒച്ചയെടുത്തും, കൂകിവിളിച്ചും തിമർത്തു ഞങ്ങൾ യാത്ര ആഘോഷമാക്കി.. ഉച്ചയ്ക്ക് മുന്നേ എത്തേണ്ട അടിവാരത്തിൽ ഞങ്ങളെത്തിയപ്പോൾ സമയം ഉച്ച കഴിഞ്ഞു .. അവിടെ എത്തിയപ്പോഴാണ്, സ്വന്തം ആങ്ങള അവിടെയൊരു ടീ എസ്റ്റേറ്റിലെ മാനേജർ ആയിട്ടും അവനോടൊരു വാക്ക് പറഞ്ഞില്ലല്ലോ എന്നോർത്തത്.. ഇനി റൂമിലെത്തിയിട്ടു വിളിക്കാം എന്ന് എബിയും പറഞ്ഞു.. പെട്ടന്നു തീരുമാനിച്ച ട്രിപ്പ്‌ ആയിരുന്നത് കൊണ്ട് വീട്ടിലേക്ക് വിളിച്ചറിയിച്ചതല്ലാതെ വേറാരൊടും പറയാൻ സാധിച്ചിരുന്നില്ല… പിന്നെ പറയാതെ ചെല്ലുമ്പോൾ അവനൊരു സർപ്രൈസ് ആകുമല്ലോ എന്നും കരുതി… പിന്നീടങ്ങോട്ട് കയറ്റം കയറാൻ തുടങ്ങി.. എന്റമ്മോ.. ചുറ്റും തേയിലക്കാടുകൾക്കിടയിലൂടെയുള്ള പ്രണയാർദ്രമായ ആ യാത്ര… അതും തണുത്തു വിറച്ചുകൊണ്ട്… ഏതു മൂരാച്ചിയും പ്രണയിച്ചു പോകുന്ന അവസ്ഥ.. കാറിന്റെ ac ഓഫ്‌ ചെയ്തു ചില്ലുകൾ താഴ്ത്തി ഇട്ടപ്പോൾ ഞാനാകെ തണുത്തു വിറക്കാൻ തുടങ്ങി… ബാഗിൽ നിന്നും സ്വെറ്റർ എടുക്കാൻ സമ്മതിക്കാതെ കുസൃതി ചിരിയോടെ അവനതൊക്കെ ആസ്വദിച്ചിരുന്നു.. ഇടയ്ക്കിടെ ചെറിയ കടകളുണ്ടാകും.. അവിടെ നല്ല ചൂടുള്ള ചായയും, ബജിയും എല്ലാം കിട്ടും.. അതൊക്കെ ആസ്വദിച്ചു കഴിക്കും.. ആ നനുത്ത തണുപ്പിൽ അതൊരു പ്രത്യേക സുഖമായിരുന്നു.. ഓടിയോടി വണ്ടി ചീയപ്പാറ വെള്ളച്ചാട്ടത്തിനു താഴെയെത്തി.. അവിടെ വെള്ളത്തുള്ളികൾ ശരീരത്തിലേക്ക് തെറിച്ചപ്പോൾ ശരീരത്തിനൊപ്പം മനസ്സും തണുക്കാൻ തുടങ്ങി… മനസ്സിലുണ്ടായിരുന്ന എന്തോ ഒരു ചെറിയ അകൽച്ചയൊക്കെയങ്ങു പറന്നു പോയതുപോലെ… ഒരു ഷാളിന്റെ സുരക്ഷിതത്വത്തിൽ ഒന്നുചേർന്ന് കൈകോർത്തുപിടിച്ചു ഞങ്ങൾ പഴയ അമ്മുവും, എബിയുമായി … തേയിലക്കാടുകൾ താണ്ടി ചെന്നത് ചെറിയൊരു വില്ലയ്ക്ക് മുന്നിലായിരുന്നു. ആങ്ങള ജോലി ചെയ്യുന്ന HML പ്ലാന്റെഷന്റെ അതിഥി ബംഗ്ലാവ്.. അവിടെ എത്തി എന്റെ ആങ്ങളയെ കണ്ടപ്പോഴാണ് സത്യത്തിൽ അളിയനും, അളിയനും കൂടിയുള്ള പ്ലാനിങ് ആയിരുന്നു ഈ ട്രിപ്പ്‌ എന്നെനിക്കു മനസ്സിലായത്… ആങ്ങളയുടെ ഒരു ചെറിയ വിവാഹസമ്മാനം… ഞങ്ങളെ അവിടെയാക്കി അവൻ അവന്റെ താമസസ്ഥലത്തേക്ക് പോയി.. ഞങ്ങൾ ഒരുമിച്ചു ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, പക്ഷെ ഇന്നോളം ആ ബംഗ്ലാവിനോളം റൊമാന്റിക് ആയൊരു സ്ഥലം എവിടേയും ഞാൻ കണ്ടിട്ടില്ല… “തേയിലക്കാടുകൾക്കുള്ളിലെ കൊച്ചുസ്വർഗ്ഗം ” എന്നുതന്നെ വിളിക്കാം.. പൂക്കൾ നിറഞ്ഞ മുറ്റം, യുവമിഥുനങ്ങൾക്കായി ഒരുക്കിയിരുന്ന വീടായത് കൊണ്ടു പിന്നെ പറയുകയും വേണ്ട.. വീടിനോടു ചേർന്ന് പുറത്തായിരുന്നു കിച്ചൻ. അവിടെ സഹായിക്കാൻ പളനിയും, മേരിയും .. പളനിയുടെ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിന്റെ തുമ്പിലുണ്ട്… കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും നല്ല ഏലക്കായും, ഇഞ്ചിയും ചതച്ചിട്ട ചായയുമായി മേരി എത്തി… മുറ്റത്ത് ആനയെ ഓടിക്കാനും, ചൂട് കായാനുമെല്ലാമായി തീ കൂട്ടിയിരുന്നു… രണ്ടു കസേരകളുമായി ഞങ്ങൾ മുറ്റത്തിരുന്നു…

എത്ര മിണ്ടിയും പറഞ്ഞും ഇരുന്നിട്ടും സംസാരിച്ചു തീരാത്തത് പോലെ.. സംസാരിക്കുന്നതിനേക്കാൾ എന്നെ കേൾക്കാൻ ആണ് അവനെന്നും ഇഷ്ട്ടം.. അറിഞ്ഞും, പറഞ്ഞും കാമുകനും കാമുകിയും ഭാര്യയും ഭർത്താവും ആവുകയായിരുന്നു… ഞങ്ങൾക്ക് വിരോധമില്ല എന്നറിഞ്ഞപ്പോൾ പഴനിയും, മേരിയും ഒപ്പം കൂടി… തമിഴ് കലർന്ന മലയാളത്തിൽ സംസാരിച്ചു കൊണ്ടിരുന്നു. വിഷമങ്ങൾ പങ്കുവെച്ചു, സ്വപ്‌നങ്ങൾ പറഞ്ഞു.. കണ്ണുകിട്ടാതിരിക്കാൻ എന്ന് പറഞ്ഞു ഞങ്ങളെ ഉഴിഞ്ഞിട്ടു… രസകരമായിരുന്നു എല്ലാം… രാത്രിഭക്ഷണം കഴിച്ചു കിടന്നപ്പോൾ ഒരുമണി ആയി… ഇടയ്ക്ക് ആനയുടെ ചിന്നംവിളികൾ കേൾക്കാമായിരുന്നു എങ്കിലും വിവാഹശേഷം മനസ്സൊന്നു നേരെ നിന്നത് അന്നായിരുന്നു…. നേരം പുലർന്നപ്പോഴേക്കും എബിയെന്നെ വിളിച്ചെണീപ്പിച്ചു… തേയില കാടുകൾക്കിടയിലൂടെ ഞങ്ങൾ ഓടിനടന്നു.. കിളുന്തു നുള്ളാൻ പോകുന്ന തൊഴിലാളികളോട് കുശലം പറഞ്ഞു.. അപ്പോഴേക്കും പഴനി ചായയുമായെത്തി… കാട്ടുവിശേഷങ്ങളും, നാട്ടുവിശേഷങ്ങളും പങ്കുവെച്ചു.. പിന്നീട് ഒരാഴ്ച്ച ഞങ്ങളാ സ്വർഗ്ഗത്തിൽ തന്നെ ആയിരുന്നു.. അതിനിടയിൽ മൂന്നാറൊക്കെ ചുറ്റിക്കണ്ടു.. ബോട്ടിങ്ങും, ട്രക്കിങ്ങും, കുതിരസവാരിയും, ഫോട്ടോ എടുക്കലും എല്ലാം ആസ്വദിച്ചു.. പക്ഷെ സത്യം പറഞ്ഞാൽ ആ സ്വർഗ്ഗത്തിൽ നിന്നും പുറത്തു പോകാൻ തോന്നില്ലായിരുന്നു… ആ തേയിലക്കാടും, വീടും, അതിനുള്ളിലെ മനോഹാരിതയും , പഴനിയുടെ ഭക്ഷണവും, ഞങ്ങൾ ആസ്വദിച്ചു തുടങ്ങിയ പ്രണയവും… എന്റെ പൊന്നോ.. ആലോചിക്കുമ്പോൾ അവിടേക്കു ഓടി എത്താൻ തോന്നുന്നു… ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം എല്ലാവരോടും യാത്ര പറഞ്ഞാ മനോഹരതീരം വിടുമ്പോഴേക്കും എന്റെ മനസ്സ് ശാന്തമായിരുന്നു.. പേടിയും, ആകുലതകളും മാറി മാറ്റങ്ങളെ ഉൾകൊള്ളാൻ ഞാനും തയ്യാറായി തുടങ്ങിയിരുന്നു… ഞാനും നീയും മാറി ഞങ്ങൾ ആയിരുന്നു… “സോറി ഇച്ചായാ , അന്നു ഞാനെന്തൊക്കെയോ.. അന്നത്തെ എന്റെ മാനസികാവസ്ഥ അങ്ങനെ ആയിപ്പോയി.. .. ” മടക്കയാത്രയ്ക്കിടയിൽ അവന്റെ തോളിൽ ചാരിയിരുന്നു ഞാൻ പറഞ്ഞു… “വിട്ടുകളയടോ, എനിക്കറിഞ്ഞൂടെ തന്നെ.. ഒരുദിവസം തന്റെ വീട്ടിൽ വന്നു നിന്നപ്പോൾ എനിക്കാകെയൊരു അപരിചിത്വം ആയിരുന്നു.. ഒട്ടും അഡ്ജസ്റ്റ് ആകുന്നില്ലായിരുന്നു… ആകെയൊരു വീർപ്പുമുട്ടൽ… അപ്പോൾ പിന്നെ തന്റെ അവസ്ഥ എനിക്ക് ഊഹിക്കാവല്ലോ… എനിക്കു മനസ്സിലായിരുന്നു തന്നെ… പിന്നെ ഫോണിലൂടേയും, കത്തിലൂടേയുമൊക്കെ എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചിരുന്ന താൻ ആലുവാ മണപ്പുറത്തു വെച്ചു കണ്ട പരിചയം പോലും കാണിക്കാതിരുന്നപ്പോൾ ഒരു വിഷമം തോന്നി.. ആളുമാറിയോ എന്നുവരെ തോന്നി.. ” കുറച്ചു കളിയും കാര്യവുമായി പലതും പറഞ്ഞു കൊണ്ടു ഞങ്ങൾ തേയിലക്കാടുകളെ പിന്തള്ളി മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു… ഞങ്ങളിലേക്ക്.. പുതുജീവിതത്തിലേയ്ക്ക്… പൂത്തുതളിർത്ത ഞങ്ങളുടെ പ്രണയത്തിനൊപ്പം, അവനൊപ്പമുള്ള ആദ്യയാത്ര മനസ്സിലാക്കി തന്ന ചില പാഠങ്ങളുണ്ട്.. എത്ര പ്രണയിച്ചവർ ആണെങ്കിലും, പരസ്പരം അറിഞ്ഞവർ ആണെങ്കിലും വിവാഹം എന്നത് ജീവിതത്തിന്റെ പുതിയൊരു ഘട്ടമാണ്… ജീവിതം തുടങ്ങുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളുമുണ്ട്. അവിടെയൊക്കെ പങ്കാളിയെ ഉൾക്കൊള്ളാതെ കുറ്റപ്പെടുത്താൻ തുടങ്ങിയാൽ അവിടെ കല്ലുകടി തുടങ്ങും.. കുറ്റപ്പെടുത്താതെ, പഴിചാരാതെ… പരസ്പരം മനസ്സിലാക്കിയാൽ, ചേർത്തു പിടിച്ചാൽ, മനസ്സറിയാൻ ശ്രമിച്ചാൽ, നിനക്കു ഞാനുണ്ടെന്നൊരു വിശ്വാസം പകർന്നാൽ ജീവിതം സ്വർഗ്ഗമാകും… അതിന് വേണ്ടത് പരസ്പരം ഉൾക്കൊള്ളാനുള്ളൊരു മനസ്സും, നിസ്വാർത്ഥമായ സ്നേഹവും മാത്രമാണ്…

 

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!