Connect with us

Love

ആദിയുടെ കണ്ണ് നിറഞ്ഞത് കണ്ട അവൾ അവനരികിലേക്ക് നടന്നു. ആ മുഖം കൈകുമ്പിളിൽ കോരിയെടുത്തു…

Published

on

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

“ഇന്നലെ ഇരുനൂറ് രൂപയുണ്ടായിരുന്ന മത്തി ഇന്നത്തേക്ക് ഇരുന്നുറ്റി അൻപത് രൂപ. ഇതെന്താ വെള്ളരിക്കാ പട്ടണമോ?” തൊട്ടടുത്ത് നിന്ന് ഉയർന്ന -ശബ്ദം നേരത്തെ പച്ചക്കറി മാർക്കറ്റിൽ നിന്നുയർന്ന അതേ ശബ്ദം തന്നെയാണെന്ന് തിരിച്ചറിഞ്ഞ രേവതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിമിന്നി. തട്ടിൽ കിടക്കുന്ന മീൻ തിരയുമ്പോഴും അവളുടെ ശ്രദ്ധ, ഷർട്ടിൽ ഗ്രീസ് പുരണ്ട അയാളിലേക്ക് തന്നെയായിരുന്നു. ” പൊന്നു ചേട്ടാ, വേണമെങ്കിൽ വാങ്ങിച്ചാൽ മതി” മീൻ പിടിച്ചു കൊടുക്കുന്നവൻ അയാൾക്കു നേരെ കൈകൂപ്പി. “ഇവിടം ഇപ്പം ഇത്തിരി കച്ചവടം നടക്കണ സമയമാ! ചേട്ടൻ പൊല്ലാപ്പാക്കല്ലേ?” അയാൾ പിറുപിറുത്തു കൊണ്ട് കച്ചവടക്കാരനെ നോക്കി. ചുറ്റും നോക്കിയ ശേഷം, തന്നെ കൊതിപ്പിക്കുന്ന മത്തിയെയും മറന്ന് അയാൾ മീൻ തട്ടിൽ നിന്നു നടന്നപ്പോൾ,രേവതിയും പിന്നാലെ കൂടി. പച്ചക്കറി കിറ്റും പിടിച്ച് അയാൾ കപ്പലണ്ടിക്കാരന്റെ അടുത്തേക്ക് ചെന്നു. “ചേട്ടാ ഒരു പൊതി കപ്പലണ്ടി കപ്പലണ്ടിയും വാങ്ങി, അയാൾ കപ്പലണ്ടിക്കാരനെ നോക്കി നിന്നു.. “പൊന്നുചേട്ടാ ഇതിനു വിലപേശാൻ നിൽക്കല്ലേ!” കപ്പലണ്ടിക്കാരൻ കൈ കൂപ്പിക്കൊണ്ട് അയാളോടു പറഞ്ഞു. ” കൊടുക്കുന്ന പൈസയ്ക്കും കിട്ടുന്ന സാധനത്തിനും കണക്കു വേണം ചേട്ടാ – അതിൽ വല്ല മാറ്റം വന്നാൽ വിലപേശിയെന്നിരിക്കും ” അയാൾ പറഞ്ഞപ്പോൾ കപ്പലണ്ടിക്കാരൻ ചിരിയോടെ തലയാട്ടി. തികട്ടി വന്ന ചിരി കടിച്ചമർത്തിക്കൊണ്ട്, അയാൾ കാണാതെ, അയാളെ തന്നെ നോക്കി നിന്നു രേവതി. കപ്പലണ്ടി കൊറിച്ചു കൊണ്ട് പതിയെ നടന്ന് ഒറ്റയടിപ്പാതയിലെത്തിയപ്പോഴാണ് പെട്ടെന്ന് പ്രതിക്ഷിക്കാത്ത മഴ വനത്! എങ്ങോട്ടേയ്ക്ക് ഒന്നു ഓടി രക്ഷപ്പെടുമെന്ന് ചിന്തിക്കുമ്പോഴെയ്ക്കും, ഒരു കുട തന്റെ തലക്കു മുകളിൽ വിരിഞ്ഞതു കണ്ടു. നീലയിൽ വെള്ളപുള്ളിയുള്ള ആ കുടയ്ക്കു താഴെ, തന്നോട് ചേർന്നു നിൽക്കുന്നവളെ കണ്ട് അയാൾ അമ്പരന്നു: രേവതി! ഒരു പ്രണയലഖനമെഴുതിയ കടലാസ് തന്റെ കണ്ണുകൾക്കു മുന്നിൽ കുനുകുനെ കീറപ്പെടുന്നത് അയാളുടെ മനസ്സിൽ തെളിഞ്ഞു. ” രേവതി” അയാൾ പതിയെ മന്ത്രിച്ചപ്പോൾ കപ്പലണ്ടി കുരു അയാളുടെ തൊണ്ടയിൽ തടഞ്ഞു. വല്ലാതെ ചുമച്ച അയാളുടെ ശിരസ്സിൽ അവൾ മൃദുവായി ഇടിച്ചു. അയാൾ വിറച്ചുകൊണ്ട് അവൾക്കു നേരെ കപ്പലണ്ടി നീട്ടി. ഒരു കൈയ്യിൽ കുടയും, മറുകൈയിൽ കവറുമുള്ള അവൾ, പതിയെ തന്റെ വായ്, കപ്പലണ്ടിയിരിക്കുന്ന അവന്റെ വിടർത്തി വെച്ചിരിക്കുന്ന വലതു കരത്തിലേക്ക് താഴ്ത്തി. രേവതിയുടെ നാവിന്റെയും, ചുണ്ടിന്റെയും ചെറുചൂടറിഞ്ഞ അവൻ പതിയെ കണ്ണടച്ചു. വർണ്ണമേഘങ്ങൾ പാഞ്ഞു പോകുന്ന ആകാശം പോലെയായി അവന്റെ മനസ്സ്’ . .അവൻ ചുറ്റും വിഹ്വലതയോടെ നോക്കി. നിറഞ്ഞു പെയ്യുന്ന മഴ മാത്രം, ചുറ്റും. “സുഖിക്കാണ് അല്ലേ കള്ളൻ ?” രേവതിയുടെ ശബ്ദമുയർന്നപ്പോൾ അവൻ പരിഭ്രമത്തോടെ കൈവലിച്ചു. അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് അവൻ മഴയിലേക്ക് ഇറങ്ങി. ” പണ്ടത്തെ പ്ലസ് ടു ക്ലാസ്സിൽ നിന്നും ഇതുപോലെ അല്ലേ ആദി മഴയിലേക്കിറങ്ങിയത്?” രേവതിയുടെ ചോദ്യം കേട്ട ആദി തിരിഞ്ഞു നിന്നു. മഴനൂലുകൾക്കപ്പുറത്ത് രേവതിയുടെ നനഞ്ഞ മുഖം കണ്ടപ്പോൾ, അവന്റെ ഓർമ്മകൾ, വർഷങ്ങൾക്കു മുൻപുള്ള പ്ലസ് ടു ക്ലാസ്സിലേക്കെത്തി. “ആദി ഇവിടെ വരൂ ” ക്ലാസ്സെടുക്കുന്നതിനിടയിൽവാസുദേവൻ സാറിന്റെ സ്വരം കേട്ടപ്പോൾ, പതിയെ ബെഞ്ചിൽ നിന്നെഴുനേറ്റു. “വരുമ്പോൾ ഇപ്പോൾ രേവതിക്ക് കൊടുത്ത ബുക്കും കൊണ്ടു വാ ” ആദിയുടെ ശരീരം വെട്ടി വിയർത്തു. കാലുകൾ ചലിക്കാത്തതുപോലെ! അവൻ ദയനീയമായി രേവതിയെ നോക്കി. രേവതിയുടെ മിഴികൾ കത്തിജ്വലിക്കുന്നതു പോലെ! അവൾ തന്നെ നോക്കി പല്ലിറുമ്മുന്നത് കണ്ടപ്പോൾ, യാന്ത്രികമായി സാറിന്റെ അടുത്തേക്ക് നടന്നു. നോട്ടുബുക്കിൽ നിന്നെടുത്ത കടലാസിലേക്കും, തന്നെയും നോക്കി ചിരിക്കുന്ന സാറിനെ കണ്ടപ്പോൾ അവൻ അമ്പരന്നു. “അക്ഷരങ്ങൾ തെറ്റാതെ എഴുതാൻ പഠിച്ചിട്ടു പോരായിരുന്നോ പ്രേമലേഖനമെഴുതൽ?”

പറഞ്ഞു തീർന്നതും, പ്രണയലേഖനം ഉറക്കെ വായിക്കാൻ തുടങ്ങി സർ. അക്ഷരത്തെറ്റ് ആവോളമുള്ള വരികൾ വായിക്കാൻ സാർ ബുദ്ധിമുട്ടുന്നത് കണ്ട് ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി. ചോര വാർന്ന കണ്ണുകൾക്കു മുന്നിൽ, നാണക്കേട് കൊണ്ട് ഡസ്ക്കിൽ മുഖമമർത്തി കരയുന്ന രേവതിയെ കണ്ടതും നെഞ്ചിൽ വേദന തിങ്ങി. വായിച്ചു കൊണ്ടിരുന്ന സാറിൽ നിന്നും പ്രണയലേഖനം പിടിച്ചു വാങ്ങി, അവിടെ വെച്ചു തന്നെ കുനുകുനെ കീറി കളഞ്ഞു. ഡസ്ക്കിൽ നിന്നും ബുക്കുമെടുത്ത്, രേവതിയെ ഒന്നു കൂടി നോക്കി നിറഞ്ഞ മഴയിലേക്ക് ഇറങ്ങി നടന്നു. മഴവെള്ളത്തിലലിഞ്ഞ്, കണ്ണീർ അപ്പോഴും ഒഴുകിയിറങ്ങുന്നത് ആദി അറിഞ്ഞു. പിന്നെയൊരിക്കലും ആ സ്ക്കൂളിന്റെ പടി കയറിയിട്ടില്ല. “ഇപ്പോഴും എഴുതുമ്പോൾ അക്ഷരത്തെറ്റ് വരാറുണ്ടോ?” രേവതിയുടെ ചോദ്യം ആദിയെ ഓർമ്മകളിൽ നിന്നുണർത്തി. “അക്ഷരങ്ങൾ തെളിയാൻ വേണ്ടി പിന്നെയൊരിക്കലും ഞാൻ കത്തെഴുതിയിട്ടില്ല” ആദിയുടെ ശബ്ദത്തിലെ കാഠിന്യം അറിഞ്ഞ രേവതി, അവനെ കുടക്കീഴിലേക്ക് പിടിച്ചു നിർത്തി, “ഒരിക്കൽ കൂടി നമ്മൾക്ക് അക്ഷരത്തെറ്റില്ലാത്ത ഒരു പ്രണയലേഖനം എഴുതേണ്ടേ ആദീ? ” രേവതിയുടെ ചിരിയോടെയുള്ള ചോദ്യം കേട്ട, ആദി അവളെ സൂക്ഷിച്ചു നോക്കി. “തെറ്റിദ്ധരിക്കണ്ട! ഞാനിപ്പോൾ ഒരു ടീച്ചറാണ് ” അവളുടെ ശ്വാസം മുഖത്തടിച്ചപ്പോൾ, അവൻ ഒരു നിമിഷം കണ്ണടച്ചുനിന്ന് പുഞ്ചിരിച്ചു. “എനിക്ക് പഠിക്കണമെന്നുണ്ട്. എന്നെ പഠിക്കാൻ സഹായിക്കോ?” ആദിയുടെ യാചന നിറഞ്ഞ ചോദ്യം കേട്ടപ്പോൾ, രേവതി പുഞ്ചിരിയോടെ തല കുലുക്കി. കോരിച്ചൊരിയുന്ന മഴയിലൂടെ, ഒരു കുടക്കീഴിലൂടെ അവർ പതിയെ നടന്നു. ” ഇത്രനാളും എവിടെയായിരുന്നു രേവതി” ആദിയുടെ ചോദ്യം കേട്ടപ്പോൾ, അവൾ ഒന്നുകൂടി അവനോട് ചേർന്നു നിന്നു. ” പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഒറ്റപ്പാലത്തേക്ക് പോയില്ലേ അച്ഛന്റെ തറവാട്ടിലേക്ക്, പിന്നെ ഒരിക്കലും ഇങ്ങോട്ട് വന്നില്ലായിരുന്നു ” അവളുടെ സംസാരത്തിന് വിഷാദത്തിന്റെ ഒരു ഛായ നിഴലിച്ചത് അവനറിഞ്ഞു. ” ഇപ്പോൾ എല്ലാം നഷ്ടമായി, സുകൃതക്ഷയം എന്നൊക്കെ പറയാറില്ലേ? അതു തന്നെ!എല്ലാം നഷ്ടപ്പെട്ടപ്പോൾ വീണ്ടും വർഷങ്ങൾക്കു ശേഷം അമ്മ വീട്ടിലേക്ക് അമ്മയോടൊപ്പം ഒരു മടക്കം” ” അച്ഛൻ?” ആദിയുടെ ചോദ്യം കേട്ടപ്പോൾ വിഷാദത്തിന്റെ ഒരു ചിരി അവളുടെ മുഖത്ത് മിന്നി മാഞ്ഞു. ” എല്ലാം നഷ്ടപ്പെട്ടപ്പോൾ, എന്നെയും അമ്മയെയും തനിച്ചാക്കി നഷ്ടങ്ങമില്ലാത്ത ലോകത്തേക്ക് യാത്രയായി ” രേവതിയുടെ കൺപീലിയിൽ രണ്ടിറ്റ് നീർ ഉരുണ്ടു നിന്ന്. “സോറി. എനിക്കറിയില്ലായിരുന്നു.” ആദി, അവളുടെ കൈകളിൽ മുറുകെ പിടിച്ചു. അവൾ പതിയെ തലയാട്ടി. മൗനം അവർക്കിടയിൽ നിമിഷങ്ങളോളം കൂട് കൂട്ടി. “ഇതെന്തൊരു ബാർഗൈൻ ആണ് ആദീ? ” ആദി അവളെ ചമ്മലോടെ നോക്കി. “പച്ചക്കറി മാർക്കറ്റിലും, മീൻ മാർക്കറ്റിലും കണ്ട് ഞങ്ങളെക്കാൾ നന്നായി വിലപേശുന്ന ആദിയെ! ” ആദി അത്ഭുതത്തോടെ അവളെ നോക്കി. “ഞാനൊരു നിഴലായ് ആദിക്ക് ഒപ്പമുണ്ടായാരുന്നു.വർഷങ്ങൾക്കു ശേഷം കണ്ടതിന്റെ ത്രില്ലിൽ ” മഴയ്ക്ക് വീണ്ടും ശക്തി കൂടുന്നത് അവരറിഞ്ഞു. “സാധനങ്ങൾക്ക് ഇപ്പം പൊള്ളുന്ന വിലയാ-രേവതി എന്നാൽ കർഷകർക്കു കിട്ടുന്നതോ തുച്ഛമായ വിലയും – ഇടനിലക്കാരുടെ ചൂഷണമാണ് സഹിക്കാൻ കഴിയാത്തത് ” ആദിയുടെ സംസാരത്തിന്റെ രീതി അവൾ ചിമ്മാതെ കാണുകയായിരുന്നു. പ്ലസ് ടു ക്ലാസ്സിൽ അടിച്ചു പൊളിച്ചു നടന്നിരുന്ന ചെക്കനിൽ നിന്നും, എത്രയോ മാറിയിരിക്കുന്നു ആദി. അവൾ ചിരിയോടെ അവനെ തന്നെ നോക്കി നിന്നു. ” ആദിയെ പറ്റി ഒന്നും പറഞ്ഞില്ല ” കാറ്റിൽ ചെരിഞ്ഞ കുടയെ നേരെ പിടിച്ചു കൊണ്ട് അവൾ ആദിയെ നോക്കി. ” എന്നെ പറ്റി പറയാൻ കൂടുതലൊന്നുമില്ല രേവതി. പ്ലസ് ടു ക്ലാസ്സിൽ നിന്ന് ഇറങ്ങി പോന്നതിനു ശേഷം പിന്നെ ജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു, കുറച്ചു വർഷം ഗൾഫിൽ, ഇപ്പോൾ ഇവിടെ ഒരു വർക്ക്ഷോപ്പിൽ ” കരിപുരണ്ട ആദിയുടെ ഷർട്ടിലേക്ക് നോക്കി രേവതി. “ഇന്നൊരു എഞ്ചിൻ പണിയാനുണ്ടായിരുന്നു. അവൻ കാത്തിരിക്കുന്നുണ്ടാവും”

കുടുതലൊന്നും പറയാതെ കുടയിൽ നിന്ന് പുറത്തിറങ്ങിയ ആദിക്കു നേരെ അവൾ വലതു കൈയിലെ കവർനീട്ടി. അവൻ ചോദ്യഭാവത്തിൽ രേവതിയെ നോക്കി. ” ഇത്തിരി പിടയ്ക്കുന്ന മത്തിയാണ്. ആദി മീൻ വാങ്ങാതെ പോന്നപ്പോൾ വല്ലാത്ത വിഷമം തോന്നി ” ആദി നനഞ്ഞ ചിരിയോടെ അവളിൽ നിന്നു കവർ വാങ്ങി. ” ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കട്ടെ?” രേവതിയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് നോക്കി പുഞ്ചിരിയോടെ ആദി ചോദിച്ചപ്പോൾ അവൾ തലയാട്ടി, ” ഈ മീൻ, കറിയാക്കി തരാൻ പറ്റോ?” അവൾ അവന്റെ കണ്ണുകളിലേക്ക് കൺചിമ്മാതെ നോക്കി നിന്നു. “താൽക്കാലികമായോ, അതോ സ്ഥിരമായോ?” രേവതിയുടെ കവിളിൽ അസ്തമയ സൂര്യന്റെ നിറം പടർന്നിരുന്നപ്പോൾ. “രണ്ടായാലും എനിക്ക് സമ്മതമാണുട്ടോ ആദീ ” ആദി അമ്പരപ്പോടെയും സന്തോഷത്തോടെയും രേവതിയെ നോക്കി, ഒരു സ്വപ്നത്തിലെന്നവണ്ണം അവൻ വീണ്ടും കുടക്കീഴിൽ അഭയം പ്രാപിച്ചു. മഴതുള്ളികളെ വകഞ്ഞു മാറ്റി കൊണ്ട് ആ വെളുത്തശീലയുള്ള കുട മുന്നോട്ട് ചലിച്ചു. “ഒരു പെണ്ണിനെ സ്നേഹിക്കാനുള്ള മനസ്സുപോലെ തന്നെ അവളെ മറക്കാതിരിക്കാനും ആദിക്ക് കഴിയും. ഒരു ജീവിതം എങ്ങിനെ മുന്നാട്ടു കൊണ്ടു പോകണമെന്നും ആദിക്ക് അറിയാം. ഇതൊക്കെ തന്നെയാണ് ഭാര്യയാകാൻ പോകുന്ന ഏതൊരു പെണ്ണും ഒരു ആണിൽ ആഗ്രഹിക്കുന്നത് അവൻ സന്തോഷത്തോടെ രേവതിയുടെ കൈപ്പത്തി യിൽ, തന്റെ കൈപ്പത്തി കോർത്തു. “ജീവിതത്തിനെ പറ്റി ഒരു കാഴ്ചപ്പാടുമില്ലാതെ ജീവിതം നശിപ്പിച്ച ഒരു അച്ഛന്റെ മകളായ എനിക്ക് ആദിയെ മനസ്സിലാകും, ആ കരുതൽ മനസ്സിലാകും, ആ പിശുക്കും മനസ്സിലാകും – അതൊക്കെ പോരേ ആദീ? ” രേവതിയുടെ കണ്ണീരോടെ യുള്ള ചോദ്യം കേട്ട ആദി സന്തോഷത്തോടെ തല കുലുക്കി. ” ആദി എനിക്ക് ഒരു ഹെൽപ്പ് ചെയ്യണം -വീട് ഒന്നു വൃത്തിയാക്കി പെയിന്റ് അടിക്കാൻ ഒരാളെ വേണം; അവൻ ചോദ്യത്തോടെ രേവതിയെ നോക്കി. “ഇന്നലെ ഉച്ചയ്ക്ക് ആണ് ഇവിടെ എത്തിയത്. വർഷങ്ങളായി ഉപയോഗിക്കാത്ത വീടല്ലേ? നിറച്ച് പൊടിയും, മണ്ണും, ചിതലും. അമ്മയ്ക്ക് ആണെങ്കിൽ പൊടി വല്ലാത്ത അലർജ്ജിയും” “അതൊക്കെ നമ്മൾക്ക് ശരിയാക്കാമെന്നേ’ ” എൻജിൻ പണിതു കൊടുക്കേണ്ട സ്ഥലമെത്തിയോ?” “ഇവിടെ എന്റെ ജീവിതത്തിന്റെ പുതിയ എഞ്ചിൻ പണി നടക്കുമ്പോഴാണ് വണ്ടിയുടെ എഞ്ചിൻ പണിയുടെ കാര്യം പറയുന്നത്. അത് രണ്ട് ദിവസം കഴിഞ്ഞിട്ട് നമ്മൾക്ക് ചെയ്തു കൊടുക്കാം ” ആദി വല്ലാത്ത സന്തോഷത്തിലാണെന്ന് രേവതിയ്ക്ക് മനസ്സിലായി. കാറ്റിനൊപ്പം വന്ന മഴത്തുള്ളികൾ അവരെ നനച്ചു പോയി. “എനിക്ക് ആദിയുടെ വീട് ഒന്നു കാണണമെന്നുണ്ട് ” രേവതി ലജ്ജയോടെ ആദിയെ നോക്കി. “എന്തായാലും ഞാൻ വരേണ്ട വീടല്ലേ?” ” ഉറപ്പാണോ?” ആദിയുടെ ചോദ്യത്തിന് അവൾ പ്രേമപൂർവ്വം തലയാട്ടി. “മരിക്കുവോളം മായാത്ത ഉറപ്പ് ” മഴയിലൂടെ കുറച്ചു ദൂരം നടന്ന അവൻ വലിയൊരു ഗേറ്റിന്റെ മുന്നിൻ നിശ്ചലനായി. കൈയിലെ റിമോട്ട് ഓൺ ചെയ്തതും, ആഗേറ്റ് ഒരു വശത്തേക്ക് നീങ്ങി. അമ്പരപ്പോടെ നിൽക്കുന്ന രേവതിയെയും പിടിച്ച് അകത്തേക്ക് നടന്നു ആദി. ടൈൽസിൽ വീണ് ചിതറുന്ന മഴതുള്ളികൾക്കിടയിലൂടെ, ഇരുവശത്തും പൂത്തു നിൽക്കുന്ന ചെടികൾക്കിടയിലൂടെ ഒരു സ്വപ്നാടകയെ പോലെ അവൾ നടന്നു.

” ആദി” ഒരു അമ്പരപ്പോടെ അവൾ ആദിയെ നോക്കി. ” ഇത് തന്നെയാണ് ഞാൻ.ഇങ്ങിനെയൊക്കെ തന്നെയാണ് ഞാൻ ” അവൾ വായും പൊളിച്ച് അവനെ നോക്കി നിന്നു. ” ഇതൊക്കെ എന്നും നമ്മുടെ കൂടെ ഉണ്ടാവില്ലായെന്ന തിരിച്ചറിവിൽ, മണ്ണിൽ ചവിട്ടിനിന്നു ജീവിക്കുന്നവൻ ഒരു പ്രഭാതത്തിൽ ഇതൊക്കെ നഷ്ടപ്പെട്ടാലും, ഈ മണ്ണിൽ കാലൂന്നി ജീവിക്കുമെന്ന് ആത്മവിശ്വാസമുള്ളവൻ!” അതുകൊണ്ടൊക്കെ തന്നെയാണ് ഞാൻ ഇങ്ങിനെ സാധാരണ മനുഷ്യനായി ജീവിച്ചു പോകുന്നതും ” വലിയ വാതിൽ തുറന്നു കൊണ്ട് അവൻ, വീടിനകത്തേക്ക് അവളെ കൈപ്പിടിച്ചു നടത്തി. ” രേവതിയുടെ അച്ഛനെ പോലെ എത്ര പേർ ആണ് സ്വപ്ന ലോകത്ത് നിന്ന് വീണ്, ആത്മഹത്യയിൽ അഭയം പ്രാപിച്ചിരിക്കുന്നത് ” “അതൊക്കെ മണ്ണിൽ ചവിട്ടി നിന്നു സാധാരണ മനുഷ്യനായി ജീവിക്കാത്തതു കൊണ്ടാണ് അവൻ കിച്ചനിൽ കയറി ചായയിട്ട് അവൾക്കു കൊടുത്തു. “മണ്ണിൽ ചവിട്ടി നിൽക്കുന്ന ഒരുവനും ഒരു കൊടുങ്കാറ്റിലും കടപുഴകില്ല സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന ഒരുവൻ, ഒരു തൂവൽ കൊഴിഞ്ഞാൽ മതി അതോടെ നിലംപതിക്കും ” ആദിയുടെ മുന്നിൽ ഒരു ശിഷ്യയെ പോലെ ഇരുന്നു കേൾക്കുകയായിരുന്നു രേവതി, താൻ ഇന്നേവരെ പഠിക്കാത്ത വിഷയത്തെ കുറിച്ച് മനോഹരമായി ക്ലാസ്സ് എടുക്കുന്നുണ്ട് ആദി. ചുമരിൽ തൂക്കിയിട്ട ഫോട്ടോയിലെ സ്ത്രീയെയും പുരുഷനെയും നോക്കി അവൾ ഒരു മാത്ര നിന്നു. “നിനക്ക് തുണക്ക് സുന്ദരിയായ രേവതിക്കുട്ടി വരുമെന്നും പറഞ്ഞ് അവർ നേരത്തെ പോയി ” ആദിയുടെ കണ്ണ് നിറഞ്ഞത് കണ്ട അവൾ അവനരികിലേക്ക് നടന്നു. ആ മുഖം കൈകുമ്പിളിൽ കോരിയെടുത്ത്, ആ നെറ്റിയിൽ ചുണ്ടമർത്തി. രേവതിയുടെ സന്തോഷാശ്രുക്കൾ വീണ് അവന്റെ മുഖം നനയുമ്പോൾ, പുറത്ത് മഴതുള്ളികളിൽ നൃത്തം വെക്കുകയായിരുന്ന വൃക്ഷലതാദികൾ.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular