ബന്ധങ്ങൾ
മകൾ എന്റെ മകൾ

രചന :അച്ചു വിപിൻ
“ന്റെ കുട്ടി നിക്കണ്ടോ അവിടെ….എന്നെ കൊണ്ട് വയ്യ നീയിതു എങ്ങട്ടാ ഈ ഓടണത് കുളിക്കാൻ വിളിച്ച ജന്മത്തു വരൂല…ദേ എന്നെ ഇട്ടു ഇങ്ങനെ ഓടിക്കാതെ മോളെ……കണ്ടോ സേതുവേട്ട തലയിൽ തേപ്പിക്കാൻ കയ്യിൽ എടുത്ത എണ്ണ പാതിയും താഴെ പോയി….” രാവിലെ തന്നെ പ്രിയതമയുടെ പരാതി പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നുപോയി… “ആഹാ ചിരിക്കുന്നോ ?ചിരിച്ചോ ചിരിച്ചോ ഇങ്ങനെ ചിരിക്കാൻ അല്ലാതെ ഏട്ടന് വല്ലോം അറിയോ?ഒരു കൈ സഹായത്തിനാരൂല എനിക്ക്…” “പിന്നെ വേറെ ഒന്നും അറിയാതെ ആണോടി നിന്റെ മുന്നിൽ കൂടി ഓടുന്ന വികൃതിപെണ്ണ് ഉണ്ടായത് എന്ന് വാ തുറന്നു ചോദിക്കാൻ വന്നതാ അടുത്ത് പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത മോൻ ഇരിക്കുന്നത് കൊണ്ട് പറയാൻ വന്നത് അങ്ങട് മിഴുങ്ങികഴിച്ചു കൂട്ടി ….” ഒരു പ്രകാരത്തിൽ മോളെ എടുത്തവൾ കുളിപ്പിക്കാൻ കൊണ്ടു പോയി…. ഈ ഓട്ടം എന്നും രാവിലെ ഇവിടെ പതിവാണ് കുളിപ്പിക്കുന്നതിനിടക്ക് മോളോട് ഒരു പരാതി പറച്ചിലും ഉണ്ട്…
“അതേയ് നേർച്ചയും വഴിപാടും ഒക്കെ കഴിച്ചിട്ട് ഇണ്ടായ കുട്ടിയാ നീയ്…ഒന്ന് തല്ലി പോലും നോവിച്ചിട്ടുണ്ടോ ഈ അമ്മ….എന്നിട്ട നീയിങ്ങനെ എന്നെ കഷ്ടപെടുത്തണത് നിന്റെ മൂന്നു ഏട്ടന്മാരും എനിക്കിത്രേം ബുദ്ധിമുട്ടുണ്ടാക്കിട്ടില്ല അത് വല്ലോം അറിയോ നിനക്കു……” ഇതൊക്കെ കേട്ട് ഈ അമ്മ ഇതെന്താ പറയുന്നത് എന്ന മട്ടിൽ രണ്ടര വയസ്സായ എന്റെ മോൾ കണ്ണുരുട്ടി അവളുടെ നേരെ നോക്കും…. അല്ലേലും രാവിലെ തന്നെ ഒരു പൂരം ആണ്… വീട്ടിൽ ഉള്ള മൂന്നു മക്കളെ സ്കൂളിൽ വിടണം അതിനിടക്ക് ഇളയവളെ കുളിപ്പിക്കണം എനിക്ക് ചോറ് തന്നുവിടണം ആകപ്പാടെ സതിയുടെ കഷ്ടപ്പാടാണ്….. നേരത്തെ രണ്ടു മക്കൾ ആയപ്പഴേ ഞാൻ അവളോട് പറഞ്ഞതാ നോക്കാൻ വേറെ ആളില്ല പാടായിരിക്കും ഇനി പ്രസവം നിർത്താന്നു …അതെങ്ങനാ പെൺകുട്ടി ഉണ്ടായിട്ടേ നിർത്തു എന്ന മറുപടിയിൽ തന്നെ അവൾ ഉറച്ചു നിന്നു …മൂന്നാമത്തെ മോനെ പ്രസവിച്ചപ്പോ അതും ആണായി പോയി എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കിടന്നു കാറി കൂവിയത് ഇന്നും മായാതെ മനസ്സിൽ ഉണ്ട്….എന്താണേലും അവളുടെ പ്രാർത്ഥന പോലെ വൈകി ആണേലും ഒരു പൊന്നുമോളെ തന്നെ കിട്ടി… “സേതുവേ നിന്റെ മോളൂട്ടിയെ കണ്ടാൽ മട്ടന്നൂർഭഗവതി നേരിട്ട് വന്ന് നിക്കണ പോലെണ്ടു എന്ന് എത്രപേരാ പറഞ്ഞിരിക്കുന്നത്…ശരിക്കും അവൾ ഒരു ദേവി തന്നെ ആണെന്ന് എനിക്കും പലപ്പഴും തോന്നിയിട്ടുണ്ട്…..ഒരു കണക്കിന് മോളുണ്ടായേ പിന്നെയാ വീട്ടിൽ ഒരു ഒച്ചയും ബഹളോം ഒക്കെ ഇണ്ടായത്….” “ഇതെന്താ സേതുവേട്ട ഈ ആലോചിച്ചു നിക്കണത് ബാങ്കിൽ പോവണ്ടേ ഇന്ന്…എന്നും മക്കളെ സ്കൂൾ ബസിൽ കയറ്റി വിടുന്ന ആളാ ഇന്നതും ഉണ്ടായില്ല ആട്ടെ അവര് പോയതെങ്കിലും അറിഞ്ഞോ ആവൊ?”
“ആഹാ അവര് പോയോ?” “പിന്നെ പോകാതെ….കിന്നാരം പറഞ്ഞു നിക്കാതെ പോയ് കുളിച്ചിട്ടു വാ..” അരമണിക്കൂർ നീണ്ട കുളി കഴിഞ്ഞു വരുമ്പോ ഒരു ടിന്നു പൗഡറും കണ്മഷിയും ആയി സതി ഒരു യുദ്ധം തന്നെ മോളോട് ചെയ്യുന്നുണ്ട്…. “എന്താ സതി നീയീ കാട്ടണത് അവൾക്കിഷ്ടല്ലേ എന്തിനാ ഈ കരിയൊക്കെ മോൾടെ മുഖത്ത് വാരി തേക്കണത്…” “ആഹാ ഇഷ്ടത്തെ പറ്റി പറയുന്ന ആൾടെ ആ മുഖം ഒന്ന് കാട്ടിയെ…എല്ലാ ദിവസവും രാത്രി എന്റെ ഇഷ്ടം നോക്കിയാണോ ഓരോന്ന് കാട്ടി കൂട്ടുന്നത് ………………… ദേ മോളിരിക്കുന്നു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്ട്ടോ ….” “ഹ പറയെടി…നിനക്കിഷ്ടല്ലേ അതൊന്നും…ഒക്കെ എന്റെ ഇഷ്ടം നോക്കി മാത്രാണോ?” ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു… “പോ ഒന്ന്…അവൾക്കു നാണം വന്നു താഴേക്ക് നോക്കി….പ്രായം മുപ്പത്തിഅഞ്ചായി അത്രേം വയസ്സായി എന്ന് അവളെ കണ്ടാൽ പറയില്ല..മോളെ പ്രസവിച്ചതോടെ ഭംഗി ഒന്നൂടെ കൂടിയതേയുള്ളൂ…..” “അതേയ് ഞാൻ ഇന്ന് ലീവ് എടുത്താലോ എന്നാലോചിക്കുവാ…” “ലീവോ എന്തിനു? എന്തിനാണെന്നോ? ഓ ഒന്നും അറിയാത്ത പോലെ ..അതിനു തന്നെ….” ഞാൻ അടുത്തേക്ക് ചേർന്നിരുന്നു അവളുടെ കഴുത്തിൽ പതിയെ മുഖം ചേർത്തു…. “അയ്യേ എപ്പഴും ഈ വിചാരം മാത്രേ ഉള്ളു………മര്യാദക്ക് ജോലിക്കു പോകാൻ നോക്ക്ട്ടോ…….” “മ്മ്…..രാത്രി നീ എന്റടുത്തേക്കു തന്നെ അല്ലെ വരുന്നത് കാട്ടി തരാം ഞാൻ…” “ഓ….ഇനി ഇപ്പൊ പുതിയതായി എന്ത് കാട്ടാന കുറെ നാളായി ഞാൻ സ്ഥിരം കാണണതല്ലേ…” “വാ മോളെ അമ്മ പാപ്പം തരാം രാവിലെ തന്നെ നിന്റെ അച്ചന് വട്ടായിന്ന തോന്നണത്…..” “ആഹാ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ…ഇനി നീ എന്റടുത്തു വരുമെടി നോക്കിക്കോ…..” “അതേയ് അതൊക്കെ വിട് ആ തെക്കുവശത്തെ മതില് ഇപ്പൊ വീഴും എന്ന മട്ടിലാ നിക്കണത് കുട്യോൾ അവിടെ നിന്ന് കളിക്കണതാ എത്ര നാളായി ഞാൻ പറയുന്നു… ആരോടേലും വന്നു അതൊന്നു പാട്ടിനെ ആക്കിത്തരാൻ പറയു സേതുവേട്ട…” “മ്മ്…ഞാൻ ഓർക്കാഞ്ഞിട്ടാണോടി പഴയ പോലൊന്നും അല്ല ഇപ്പൊ…ഇതിനൊക്കെ ആളെ കിട്ടണ്ടേ… ഞാനാ പണിക്കാരൻ തോമയോട് പറഞ്ഞിട്ടുണ്ട്
അയാൾ അടുത്ത ദിവസം ഏതേലും പണിക്കാരേം കൂട്ടി വരാന്നു പറഞ്ഞിട്ടുണ്ട്….ഇന്നത്തെ ചമ്മന്തിക്കു എരിവ് ഇത്തിരി കൂടുതലാട്ടോ…” “അത് ഞാൻ അറിയാതെ 2 സ്പൂൺ മുളക് പൊടി ഇട്ടുപോയി…ദോശയിൽ ഇളക്കി കഴിക്കുമ്പോ അറിയില്ല സേതുവേട്ട…” “മ്മ് …സാരോല്ല നീ ആ ചോറ് ഇങ്ങട് എടുത്തോ ഞാൻ ഇറങ്ങുവാ…..” ***** “മതി മതി കളിച്ചത് എല്ലാരും പോയി കിടന്നുറങ്ങിക്കെ രാവിലെ സ്കൂളിൽ പോകാൻ ഉള്ളതാ…” “അവര് കളിക്കട്ടെ സതി നാളെ സാറ്റർഡേ അല്ലെ അവർക്കു ക്ലാസ്സില്ലല്ലോ …” “ഓ ഇവിടെ കിടന്നു ഊതിയലച്ചു ഏതാ ദിവസം കൂടി മറന്നു പോയിരിക്കുന്നു അവൾ പിറു പിറുത്തു….” “കണ്ണാ അപ്പൂനേം കാശൂനേം കൊണ്ട് മുറിയിൽ പൊയ്‌ക്കെ രാത്രി പാതിരാത്രി ആയാലും മൂന്നാളും വീഡിയോ ഗേമിന്റെ മുന്നിൽ നിന്ന് മാറരുത് വന്നു വന്നു ഉറക്കം പോലും ഇല്യാണ്ടായി ഈ കുട്യോൾക്ക്…കണ്ണ് പൊട്ടി പോകും പിള്ളേരെ ഇങ്ങനെ അതീട്ടു തന്നെ തുറിച്ചു നോക്കി ഇരുന്നാ…” “അതെങ്ങനാ മക്കളുടെ കണ്ണിനെ പറ്റി അച്ഛന് വല്യ വിചാരോണ്ടോ” അവൾ എന്റെ നേരെ കണ്ണുരുട്ടി … “മക്കള് പോയി കിടക്കാൻ നോക്ക്..നാളെ അവധി അല്ലെ ബാക്കി നാളെ കളിക്കാട്ടോ…” “ഓക്കേ അച്ഛാ ഗുഡ് നൈറ്റ്……” പറയണ്ട താമസം ടീവി ഓഫ് ചെയ്തു അവര് കിടക്കാൻ പോയി. മക്കൾ മൂന്നാളും ഒരുമിച്ചു പോകുന്നത് കണ്ടു ഞാൻ നിർവൃതി അടഞ്ഞു…. “കണ്ടോടി അവരുടെ അനുസരണ… പിള്ളേരായ ഇങ്ങനെ വേണം….” “ആ എങ്ങനെ അനുസരണ ഇണ്ടാവാതെ ഇരിക്കും മൂന്നാൾക്കും എന്റെ ഗുണാ കിട്ടിയത് മനസ്സിലായോ?” ഓ..ഞാൻ നീട്ടി ഒന്ന് പറഞ്ഞു. ഏട്ടൻ വിഷമിക്കാതെ ഏട്ടന്റെ സ്വഭാവം ഉള്ള ഒരാള് മുറിയിൽ കിടന്നുറങ്ങണ്ടു എല്ലാ കള്ളത്തരോം അതുപോലെ കിട്ടീട്ടുണ്ട് അവൾ ചിരിച്ചോണ്ട് പറഞ്ഞു…. “മോളുറങ്ങിയോ?” “മ്മ് ഉറങ്ങി …….” “അതേയ് ടീവി കണ്ടിരിക്കാതെ വരണ്ടേൽ വാട്ടോ ഞാൻ കിടക്കാൻ പോകുവാ…” ഇങ്ങനെ ഒക്കെ ചിരിച്ചോണ്ടു വിളിച്ച ആരാ പോകാത്തത് ഞാൻ എണീറ്റ് അവളുടെ പുറകെ പോയി…. “എട്ടനുറങ്ങിയോ?” “മ്മ്…ഇല്ല എന്തിനാനാണാവോ?…” “ഏയ് ഒന്നൂല്യ….ഞാൻ വെറുതെ….. ഞാൻ ചുമ്മാ ചോദിച്ചതാ…..” അവൾ എന്നെ കെട്ടി പിടിച്ചു എന്റടുത്തേക്കു ചേർന്ന് കിടന്നു .. “മ്മ് ഇപ്പൊ എനിക്ക് നിന്റെ അസുഖം മനസ്സിലായി….” “അതേയ് രാവിലെ എന്തോ പറഞ്ഞൂലോ നീയ് എനിക്ക് എപ്പഴും ഇതിന്റെ വിചാരെ ഉള്ളു എന്നോ മറ്റോ …” “മേത്തു മുട്ടാതെ അങ്ങോട്ട് നീങ്ങി കിടക്കു പെണ്ണെ…” “വേണ്ട അങ്ങനെ ഇപ്പൊ നീങ്ങി കിടക്കണ്ട…” “പിന്നെ കിടക്കാതെ നീയിതെന്നും കാണുന്നതാണന്നല്ലേ പറഞ്ഞത്…. അതോണ്ട് കാണണ്ട…” “സേതുവേട്ട പിണങ്ങാതെ അത് ഞാൻ ചുമ്മാ പറഞ്ഞതാ…” “ആഹാ അങ്ങനെ ആണോ?” “എടി കള്ളി….നിന്നെ എനിക്കറിഞ്ഞൂടെ .. പിള്ളേരെ ഉറങ്ങാൻ വേണ്ടി നിർബന്ധിച്ചു പറഞ്ഞു വിട്ടപ്പഴേ എനിക്ക് കത്തിയതാ…കൊക്കെത്ര കൊളം കണ്ടതാ എന്നോടാ നിന്റെ കളി…” “ഇങ്ങട് വാടി….” അവൾ എന്റെ നെഞ്ചിൽ മുഖം വെച്ചു കിടന്നു… “ഈ സേതുവേട്ടൻ കൊതിയനാ അവൾ എന്റെ കാതിൽ പറഞ്ഞു….” “അതെ പെണ്ണെ നിന്നോടുള്ള ഈ കൊതി മാറണേൽ സേതു മരിക്കണം…” സേതുവേട്ട അവൾ കൈ കൊണ്ടെന്റെ വായ പൊത്തി …………… ഞാൻ മുറുക്കെ പുണർന്നവളുടെ ചുണ്ടിൽ ചുംബിച്ചു…എന്റെ കൈക്കുള്ളിൽ കിടന്നവൾക്കു ശ്വാസം മുട്ടി…….. ***** “പിള്ളേരെന്തിയേടി…”
“ദേ മോൾടെ കൂടെ മുറ്റത്തു നിന്ന് കളിക്കുന്നു….” “അല്ല ഇത്ര നേരത്തെ എണീറ്റതെന്താ ഇന്ന് പോവണ്ടല്ലോ കുറച്ചൂടെ കിടക്കായിരുന്നില്ലേ?” “ശരിക്കു ക്ഷീണം കാണും…” “ഇന്നലെ എന്തൊക്കെയാ കാട്ടി കൂട്ടിയതെന്നു വല്ല ഓർമ്മയുണ്ടോ?ഒരു നാണോമില്ല അയ്യേ….” “ഉവ്വ അതുകാരണം ബനിയൻ ഇടാതെ പുറത്തിറങ്ങാൻ വയ്യാണ്ടായെനിക്ക് എന്റെ മേല് മുഴുവൻ മാന്തി വെച്ചേക്കുവല്ലേ പെണ്ണെ നീ….” “ആഹാ കണക്കായി പോയി…” “ദേ മേശപ്പുറത്തു ചായ ഇരിപ്പുണ്ട് കണ്ണനു വെച്ചതാ അവനു വേണ്ടത്രേ…ഏട്ടന് വേണേൽ ആറി പോകണത്തിനു മുന്നേ എടുത്തു കുടിക്കാൻ നോക്ക്ട്ടോ…..” ചായഗ്ലാസ്സ് എടുത്തു ചുണ്ടോടു ചേർത്ത് പിടിക്കുന്നതിനു മുന്നേ പുറത്തു നിന്നും കുട്ടികളുടെ നിലവിളി കേട്ടു അതവിടെ വെച്ച് പുറത്തേക്കോടിയ ഞാൻ പുറത്തു കണ്ട കാഴ്ച കണ്ടു ഞെട്ടി മതിൽ ഒരുവശത്തേക്കു ഇടിഞ്ഞു വീണിരിരിക്കുന്നു അതിനടിയിൽ മോളും……. ഞാൻ സകല ദൈവങ്ങളേം വിളിച്ചുപോയി മോൾക്കൊരാപത്തും സംഭവിച്ചു കാണില്ല എന്ന് മനസ്സിൽ പലകുറി പറയുന്നുണ്ടായിരുന്നു. വീണു കിടക്കുന്ന കല്ലുകൾക്കിടയിൽ നിന്നും മോളെ കയ്യിൽ കോരിയെടുക്കുമ്പോൾ അവൾക്കു ബോധമില്ലായിരുന്നു എന്നിട്ടും പ്രതീക്ഷ കൈവിടാതെ പോർച്ചിൽ കിടക്കുന്ന കാറിനടുത്തേക്കോടി ..ഒച്ച കേട്ട് പുറത്തേക്കു വന്ന സതി അലറി വിളിച്ചു കരയുന്നുണ്ടായിരുന്നു… കരയാതെ സതി മോൾക്കൊന്നൂല വേഗം ഹോസ്പിറ്റലിൽ പോകാം മക്കൾ ഇവിടെ നിക്കട്ടെ നീ വേഗം വണ്ടിയിൽ കയറു…… അന്നാദ്യമായി സ്റ്റിയറിങ് പിടിച്ചപ്പോൾ എന്റെ കൈകൾ വിറച്ചു…ഒരുപ്രകാരത്തിൽ എങ്ങനെയോ ഹോസ്പിറ്റലിൽ എത്തി……***** “Sorry mister sethunath i cant save ur daughters life …..” ‘സേതുവേട്ട ഈ ഡോക്ടർ ഇതെന്തൊക്കെയാ ഈ പറയുന്നത് ഇന്ന് രാവിലെ കൂടെ എന്റെ അടുത്ത് ചുറ്റിത്തിരിഞ്ഞു നടന്ന കുഞ്ഞാ…ഇല്ല ഇതൊരിക്കലും സംഭവിക്കില്ല ഡോക്ടർക്ക് തെറ്റുപറ്റിയതാണെങ്കിലോ പറ സേതുവേട്ട നമ്മടെ മോള് അങ്ങനെ അങ്ങ് പോവൊ…..’ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു .മോള് ഇനി ഒരിക്കലും മടങ്ങി വരില്ല എന്ന യാഥാർഥ്യത്തോട് ഞാൻ പൊരുത്തപ്പെട്ടിരുന്നു….. സന്തോഷം തളം കെട്ടി നിന്ന എന്റെ വീട് ഒറ്റ നിമിഷം കൊണ്ട് മരണവീടായി…. സതി ഒന്നുറക്കെ കരഞ്ഞു പോലുമില്ല അതാണ് എന്നെ കൂടുതൽ തളർത്തിയത്…കുഞ്ഞിന്റെ ശരീരം വീട്ടിലേക്കു കൊണ്ടുവന്നു പൊതുദർശനത്തിനു വെച്ചു…. കാണാൻ വന്ന ആളുകളുടെ കൂട്ടത്തിൽ തോമയുമുണ്ടായിരുന്നു. അയാൾ വന്നെന്റെ കയ്യിൽ പിടിച്ചു…. ഇനീപ്പോ ആ മതില് കെട്ടണ്ട ഒരുപാടു വൈകി പോയി തോമാ ഒക്കെ തീർന്നു……എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….സതി എന്തിരിപ്പ ഈ ഇരിക്കണേ മോളെ കൊണ്ടുവന്നു അവളുടെ അടുത്ത് പോയിരിക്കണ്ടേ നിനക്ക്….ആഹാ മോള് വന്നോ…ഇത്രേം നേരം ഞാൻ നോക്കുവായിരുന്നു എവിടെന്നു… കുറുമ്പ് കാട്ടിട്ടല്ലേ ഇങ്ങനെ ഒക്കെ പറ്റിയത് അല്ല എവിടെ പൗഡറും കണ്മഷിo ഒരു സാനം വെച്ച വെച്ചിടത്തു കാണില്ല…ആ ദേ കണ്ടോ കട്ടിലിന്റെ അടിയിൽ കൊണ്ട് വെച്ചേക്കുന്നത് ഒക്കെ അവളുടെ പണിയാ എഴുതിക്കാതിരിക്കാൻ ഒളിപ്പിച്ചു വെച്ചേക്കുവാ കുറുമ്പി .
“ഞാൻ ചെല്ലട്ടെ സേതുവേട്ട അവളെ ഒരുക്കട്ടെ എന്റെ മോള് സുന്ദരിയായിട്ടു തന്നെ പോട്ടെ ഇന്നവൾ എതിർക്കില്ല….” മരിച്ചു കിടക്കുന്ന മോളെ കണ്ണെഴുതിച്ചു പൊട്ടു തൊടീക്കുന്ന ആ കാഴ്ച കാണാൻ ആകാതെ ഞാൻ കണ്ണ് പൊത്തി….. മോളെ അടക്കം ചെയ്യാൻ കൊണ്ടുപോകാൻ നേരം അത്രേം നേരം സതി അടക്കി പിടിച്ചു നിന്ന വികാരങ്ങളെല്ലാം അണപൊട്ടി ഒഴുകി…. “എന്റെ പൊന്നു മോളെ കൊണ്ട് പോകാതെ കണ്ണെഴുതിച്ചും പൊട്ടു കുത്തിച്ചും അമ്മക്ക് കൊതി തീർന്നില്ലല്ലോടി…. എന്റെ മോളെ കൊണ്ടുപോകാതെ………..***മോള് മരിച്ചിട്ടു ഇന്നേക്ക് 5 മാസം ആയിരിക്കുന്നു മൂന്നു കുട്ടികൾ ഉള്ള വീടാണ് എന്ന് പോലും തോന്നാത്ത വിധം മൂകത തളം കെട്ടി നിന്നു…. സതി അധികം മിണ്ടാറില്ല എപ്പഴും എന്തേലുമൊക്കെ പണി ചെയ്‌തോണ്ടിരിക്കുന്ന കാണാം…അവൾക്കു ഒരു മാറ്റം വേണമെന്നെനിക്കു തോന്നി തുടങ്ങിയിരുന്നു… “സതി നമുക്ക് പുറത്തു വരെ ഒന്ന് പോകാം എത്രയെന്നു വെച്ചിട്ട അതിനകത്തു തന്നെ ഇരിക്കുന്നത്…നികത്താൻ ആകാത്ത നഷ്ടം ആണ് നമുക്കുണ്ടായത് എന്ന് കരുതി ദുഖിച്ചിരുന്നിട്ട് കാര്യമുണ്ടോ മോളെ …ഒക്കെ എനിക്ക് മനസ്സിലാകും പോയി റെഡിയാവു… നീ ഇങ്ങനെ ഇരിക്കണത് കാണാൻ എനിക്ക് വയ്യെടി എനിക്കെന്റെ പഴയ സതിയെ വേണം കുട്ടികൾ വരണതിന് മുന്നേ തിരിച്ചെത്താം….” മനസ്സില്ല മനസ്സോടെ അവൾ എന്റെ കൂടെ പോന്നു… എങ്ങോട്ടു പോണം എന്നൊരു ബോധവും മനസ്സിൽ ഇല്ലായിരുന്നു കണ്ട വഴിയിലൂടെ ഒക്കെ കാർ ഓടിച്ചു ഒടുക്കം കാടുപിടിച്ചു കിടക്കുന്ന ഒരു സ്ഥലമെത്തിയപ്പോൾ വണ്ടി ഒതുക്കി നിർത്തി… “മ്മ് ഇറങ്ങു സതി നമുക്കല്പം നടക്കാം…” അവളെ ചേർത്തുപിടിച്ചു ഞാൻ നടന്നു….അവളെന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല…. “പോവാം സേതുവേട്ട എനിക്ക് വയ്യ….എനിക്ക്… എനിക്കൊന്നും മറക്കാൻ പറ്റണില്ല കണ്ണടച്ച അമ്മെ എന്ന് വിളിച്ചു മോള് കരയുന്ന പോലെ തോന്നും…. ഇപ്പൊ കൂടി മോള് കരയുന്ന ഒച്ച എനിക്ക് കേൾക്കാം…..” അവൾക്കു മാത്രല്ല എനിക്കും അത് അതനുഭവപ്പെട്ടു…ഇനി തോന്നൽ ആണോ… തോന്നൽ അല്ല എന്ന് തോന്നിക്കുന്ന തരത്തിൽ കാടിനുള്ളിൽ നിന്നും ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ… “സതി വാ ഇവിടെ എവിടെയോ ഒരു കുഞ്ഞുണ്ട് വാ നോക്കാം… കരച്ചിൽ കേട്ട സ്ഥലം ഊഹിച്ചു ഞങ്ങൾ നടന്നു അല്പം നടന്നില്ല അതിനു മുന്നേ കണ്ടു നിലത്തു കീറിയ തുണിയിൽ പൊതിഞ്ഞു പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റാതെ ഒരു പെണ്കുഞ്ഞു…അതിനെ ഉറുമ്പു കടിക്കുന്നുണ്ടായിരുന്നു….ദൈവമേ എന്നറിയാതെ വിളിച്ചു പോയി… കുഞ്ഞിന്റെ മേൽ ഉള്ള ഉറുമ്പിനെ തൂത്തു കളഞ്ഞു മേൽ കിടന്നിരുന്ന ഷാൾ ഊരി സതി അതിനെ പൊതിഞ്ഞെടുത്തു… ‘സേതുവേട്ട…” അവൾ എന്റെ നേരെ ദയനീയതയോടെ നോക്കി…. വേഗം തന്നെ കുഞ്ഞിനെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു … രണ്ടു മൂന്നു ദിവസം സതി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു കുഞ്ഞിന്റെ അടുത്തിരുന്നതും അതിനെ നോക്കിയതും അവളായിരുന്നു…. അൽപ ദിവസത്തിനകം കുഞ്ഞിന്റെ നില മെച്ചപ്പെട്ടു…കുഞ്ഞിനെ വിട്ടു പിരിയാത്ത വിധം അവൾ അതിനോടത്തിരുന്നു… “സതി ഇവിടെ ഇങ്ങനെ ഇരുന്ന മതിയോ വീട്ടിൽ പോവണ്ടേ …” “പോവാം സേതുവേട്ട മോളെ ഡിസ്ചാർജ് ചെയ്യട്ടെ …നമുക്ക് മോളേം കൊണ്ടുപോകാം…” “നീയെന്ത് പ്രാന്ത സതി ഈ പറയുന്നത് അങ്ങനെ നമ്മടെ ഇഷ്ടത്തിന് കുഞ്ഞിനെ അങ്ങ് കൊണ്ടുപോകാൻ പറ്റുമോ?” “എന്താ കൊണ്ടുപോയാല് ഇവളെ നമുക്ക് ദൈവം തന്നത….” അവളോട് എന്തേലും മറുപടി പറയുന്നതിന് മുന്നേ മുറിയിലേക്ക് പോലീസുകാരും രണ്ടു സ്ത്രീകളും കടന്നു വന്നു…
“സേതുനാഥ് എന്നല്ലേ നിങ്ങളുടെ പേര്…” “അതെ സർ…” “നിങ്ങളാണ് കുട്ടിയെ ഇവിടെ എത്തിച്ചത് എന്നറിയാൻ കഴിഞ്ഞു…നല്ലകാര്യമാണ് നിങ്ങൾ ചെയ്തത്..” നിങ്ങൾക്കിനി വീട്ടിൽ പോകാം കുഞ്ഞിനെ ഇവരുടെ കയ്യിൽ ഏൽപ്പിച്ചോളു ഇവർ ശിശു ഭവനിൽ നിന്നുള്ള ആളുകൾ ആണ്… ഞാൻ നിസ്സാഹയതയോടെ സതിയുടെ നേരെ നോക്കി… കുഞ്ഞിനെ ഞാൻ തരില്ല ഇവൾ എന്റെ മോളാണ്.. “മിസ്റ്റർ സേതുനാഥ് ഇവിടെ ഒരു സീൻ ഉണ്ടാക്കരുത് ഭാര്യയെ പറഞ്ഞു മനസ്സിലാക്കു…” “മനസ്സിൽ ആകാൻ ഒന്നും ഇല്ല ഓഫീസർ ഈ കുഞ്ഞിനെ ഇവിടെ കൊണ്ട് വന്നത് ഞങ്ങൾ ആണ് …ഈ കുഞ്ഞു മരിച്ചു പോയെങ്കിൽ ഇവിടെ കിടന്നു ഒച്ചവെക്കാൻ നിങ്ങൾ ഉണ്ടാകില്ലായിരുന്നു…, ഈ കുഞ്ഞിന് വേണ്ടത് ഒരമ്മയുടെ സ്നേഹമാണ്..ഇതിനെ അനാഥാലയത്തിൽ ആക്കാൻ ഈ സതി സമ്മതിക്കില്ല..” “മാഡം നിങ്ങളുടെ ഫീലിങ്ങ്സ് എനിക്ക് മനസ്സിലാകും പക്ഷെ നിയമം അതിനനുവദിക്കുന്നില്ല…നിങ്ങൾ ഷോ കാണിക്കാതെ കുഞ്ഞിനെ തരണം…” “ഹും നിയമം ഈ കുഞ്ഞിനെ അനാഥയാക്കിയ ആളുകളെ പിടിക്കാൻ നിങ്ങടെ നിയമത്തിന് കഴിഞ്ഞോ ഇല്ലല്ലോ..കുഞ്ഞുങ്ങളെ അനാഥരാക്കുന്ന നിയമത്തോട് എനിക്ക് പുച്ഛമാണ് ഇൻസ്‌പെക്ടർ ആ നിയമത്തിൽ എനിക്ക് വിശ്വാസമില്ല….” “ഈ കുഞ്ഞു അനാഥയല്ല ഇവൾ എന്റെ മകളാണ് പേര് ഉണ്ണിമായ മംഗലത്തു വീട്ടിൽ സേതുനാഥിന്റെയും സതിദേവിയുടെയും മകൾ……ഈ കുഞ്ഞിനെ സ്വന്തമാക്കാൻ നിയമത്തിന്റെ ഏതറ്റത്തു വരെ പോകാനും ഞാൻ തയ്യാറാണ്…” “നിങ്ങൾ കുഞ്ഞിനെ തരണം ഇല്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും…” “തരില്ല….കുഞ്ഞിനെ ഒരു ദിവസം പോലും അനാഥാലയത്തിൽ കിടത്തില്ല ഞാൻ അഥവാ നിങ്ങൾ ബലമായി കൊണ്ട് പോയാലും എന്റെ മോളുടെ കൂടെ ഞാനും ഉണ്ടാകും…..” സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായി ഒത്തിരി നല്ല മനസ്സുള്ള ആളുകൾ ഞങ്ങളെ പിന്തുണച്ചു…ഒടുക്കം നിയമം പോലും അവളിലെ അമ്മക്ക് മുന്നിൽ മുട്ടുമടക്കി….. നിയമപരമായി കുഞ്ഞു ഞങ്ങളുടേതായി…. അവളേയും കൊണ്ട് ഞങ്ങൾ വീട്ടിലേക്കു പോയി…. “സേതുവേട്ട നമ്മൾ ഇവളെ നമ്മടെ മോളായി അംഗീകരിച്ചു കഴിഞ്ഞു പക്ഷെ നമ്മടെ മക്കൾ??? അവർ ഇവളെ അനിയത്തിയായി അംഗീകരിക്കുമോ?” ഒന്നും അറിയില്ല സതി ഒക്കെ വരുന്നിടത്ത് വെച്ച് കാണാം…. വീട്ടിൽ ഞങ്ങളുടെ വരവും കാത്തു മക്കൾ മൂന്നാളും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു…
കുഞ്ഞുമായി ഇറങ്ങി എന്ത് പറയണം എന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു… ഒടുക്കം എന്തും വരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു തുടങ്ങി “മക്കളെ ഇത് നിങ്ങടെ അനിയത്തി ആണ് ഇവൾ ഉണ്ണിമോൾക്കു പകരം ആവില്ലെന്നച്ചനറിയാം എന്നാലും എന്റെ മക്കൾ ഇവളെ സ്നേഹിക്കണം…..” അവർ മറുപടി ഒന്നും പറയാതെ ഞാൻ പറയുന്നതൊക്കെ കേട്ടു നിന്നു….. “വാ സതി കുഞ്ഞിനേം കൊണ്ടകത്തേക്കു കയറു…” ഞങ്ങൾ അകത്തേക്ക് കയറാൻ തുടങ്ങിയതും മക്കൾ മൂന്നാളും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി…. “സേതുവേട്ട……” “വിഷമിക്കാതെ സതി അവർ കുട്ടികൾ അല്ലെ നമുക്കവരെ പതുക്കെ പറഞ്ഞു മനസ്സിലാക്കാം…, പുറത്തു നല്ല വെയിലാണ് കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാകും നീ അകത്തേക്ക് കയറു…” അവൾ കയറാൻ തുടങ്ങിയതും ആ കാഴ്ച കണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി…. മൂത്തമകൻ നിലവിളക്കുമായി പുറത്തേക്കു വരുന്നു പുറകെ വാല് പോലെ ഇളയത്തുങ്ങളും…. “ഉണ്ണിമോളേം കൊണ്ട് കയറി വാ അമ്മെ…” അവൾ വിശ്വസിക്കാനാകാതെ എന്റെ നേരെ നോക്കി…ഞാനും ഏതാണ്ട് ആ അവസ്ഥയിൽ തന്നെ ആയിരുന്നു… എന്റെ പൊന്നു മക്കൾ അവർ എന്നെ അത്ഭുതപെടുത്തിയിരിക്കുന്നു ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അച്ചൻ ഞാനാണെന്ന് എനിക്ക് തോന്നിപ്പോയി…… മക്കൾ മൂന്നാളുടെയും പുറകിലായി സതിയുടെ കൈപിടിച്ച് നിറകണ്ണുകളോടെ മോളെയും കൊണ്ട് വീടിനകത്തേക്ക് കയറുമ്പോൾ പുതിയൊരു സ്വർഗം ഞങ്ങൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു……

ബന്ധങ്ങൾ
ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

രചന: ഉണ്ണി കെ പാർത്ഥൻ
“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..
“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..
നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ് കൊല്ലത്തു ആണ്..”
കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..
ബന്ധങ്ങൾ
ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

രചന: സജി തൈപ്പറമ്പ്
“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?
തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.
നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?
എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…
ബന്ധങ്ങൾ
വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

രചന: Anu Swaroop
വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,
ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,
മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,
“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…
അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…