Connect with us

ബന്ധങ്ങൾ

മായാജാലകഥകൾ

Published

on

രചന: ലിസ് ലോന
“സാറേ…ഇതിനും മൂന്നു ചക്രം തന്നെ എന്ന് കരുതി വീമാനമല്ല ഓട്ടോറിക്ഷയാ…ഈ സ്പീഡിലെ പോകാൻ പറ്റൂ…അല്ലാ…എവിടുന്ന് കുറ്റീം പറിച്ചു വരുന്നു…മനുഷ്യനെ വട്ടാക്കാൻ….” ഓട്ടോക്കാരൻ പിന്നിലേക്ക് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു..പിന്നിലിരിക്കുന്നത് ഞാനാണേ…അർജുൻ കാർവാറിൽ സെൻട്രൽ മറൈൻ ഫിഷറീസിൽ താത്കാലിക ജോലിയാണെനിക്ക്… ഇനിയും വൈകിയാൽ ട്രെയിൻ അതിന്റെ വഴിക്ക് പോകുമെന്ന് കരുതി കുറച്ചു വേഗം പോകാമോ എന്ന് ചോദിച്ചതിനാണ് ഇയാൾടെ പ്രസംഗം…അയാളെയും പറഞ്ഞിട്ട് കാര്യമില്ല വഴി അത്രയും മോശം.. വായടച്ചിരിക്കുന്നതാണ് ബുദ്ധി. നര വീണ കുറ്റിത്താടിയും കഷണ്ടി തലയും കൂടെ ഒരു മുരടൻ ഭാവവും…..വഴിയിൽ ഇറക്കി വിട്ടാൽ ഇന്നത്തെ പോക്ക് നടക്കില്ലെന്നോർത്തു ഞാൻ മിണ്ടാതിരുന്നു…. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ വൈകിയിരുന്നു…

മംഗള എക്സ്പ്രസ്സ് വിട്ടുപോയാൽ പിന്നെ ബസിനാണെങ്കിൽ പോലും രാത്രി മംഗലാപുരമെത്തണം എന്നാലേ കാർവാറിലേക്ക് നാളെ രാവിലെ എത്താൻ കഴിയുള്ളു… ഒറ്റമകനായിട്ട് പോലും ദൂരെയുള്ള ജോലിക്ക് നിൽക്കുന്നതിന് അമ്മയ്ക്കെന്നും പരാതിയാണ്…പക്ഷേ സ്റ്റേഷൻ മാസ്റ്റർ ആയി ഹൈദരാബാദിൽ ജോലി നോക്കുന്ന അച്ഛനെന്നും സപ്പോർട്ടാണ്.. ‘അവനിഷ്ടമുള്ളത് പഠിച്ചത് തന്നെ മനസ്സിനിഷ്ടപ്പെട്ട ജോലി ചെയ്യാനല്ലേ’ എന്ന് പറഞ്ഞുകൊണ്ട്… ” ഇത്രേം നേരം സ്പീഡിൽ പോകാൻ പറഞ്ഞ ആള് സ്ഥലമെത്തിയപ്പോൾ കിനാവ് കണ്ടിരിക്കാണോ…. ഹല്ലോൺ…സാറേ സ്റ്റേഷനെത്തി..” പിന്നിലേക്ക് ചാഞ്ഞു കണ്ണടച്ചിരുന്ന എന്നെ അയാൾ തട്ടി വിളിച്ചതും ഞാൻ വേഗം പുറത്തേക്കിറങ്ങി മീറ്ററിൽ കാണിച്ച പൈസ കൊടുത്തു. ബാക്കി തരാനുള്ള ചില്ലറ തപ്പുന്ന അയാളെ മറികടന്ന് പോകാനൊരുങ്ങിയതും അയാളെന്നെ പിടിച്ചു നിർത്തി… ” ദേ ഇതും കൊണ്ട് പൊക്കോ മോനേ ..ഓട്ടത്തിനുള്ള പൈസ മതി നമുക്ക് , കൂടുതലെടുത്താൽ ദഹിക്കില്ല…വേഗം വരാഞ്ഞതിന് ദേഷ്യം തോന്നണ്ട ഞാനൊരു പ്രാരാബ്ധക്കാരനാ….എന്തെങ്കിലും പറ്റിയാൽ കുടുംബം പട്ടിണിയാകും അതാ…മോന്റെ ട്രെയിൻ ഇപ്പൊ എത്തുകയേ ഉള്ളൂ വേഗം ഓടിക്കോ ….” അത്രയും നേരം അയാളോട് തോന്നിയ ഈർഷ്യ മാഞ്ഞു മുഖത്തൊരു ചിരി പടരുമ്പോഴും എന്റെ മനസ്സിൽ പുള്ളിയുടെ സത്യസന്ധത കാരണം ട്രെയിൻ പോകല്ലേന്നായിരുന്നു.. ഉള്ളംകൈയിൽ വച്ചു തന്ന അഞ്ചുരൂപ നാണയം പോക്കറ്റിലേക്ക് വച്ച് അയാളുടെ കയ്യൊന്ന് പിടിച്ചു കുലുക്കി ധൃതിയിൽ തിരിഞ്ഞു ഞാനോടി സ്റ്റേഷനിലേക്ക്…

അകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും ഹിന്ദിയിലുള്ള അറിയിപ്പ് കേൾക്കാം രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനെത്തിയെന്ന്…ആകെ മൂന്നു മിനുട്ടേയുള്ളു ഇവിടെ…ഓടിക്കിതച്ചു ട്രെയിനിനടുത്തെത്തി ബോഗിക്ക് പുറമെ ഒട്ടിച്ച ലിസ്റ്റിലെന്റെ പേരുറപ്പ് വരുത്തി ചാടിക്കയറി… സീറ്റ് നമ്പർ തപ്പിയെത്തിയപ്പോഴാണ് എനിക്കുള്ള സീറ്റ് സ്വന്തമാക്കി രണ്ട് പെൺകുട്ടികൾ ചെവിയിൽ ഇയർഫോൺ കുത്തിവച്ചു പാട്ടു കേട്ടുകൊണ്ടിരിക്കുന്നത് കണ്ടത്.. അവർക്ക് മുൻപിൽ ടിക്കറ്റും പിടിച്ചു നിൽക്കുന്ന എന്നെ കണ്ട് ഒരുത്തി മറ്റേ ആളെ മെല്ലെ തോണ്ടി… ആ മുഖം കണ്ടതും പെട്ടെന്നെന്തോ മനസ്സാകെ ഒരിഷ്ടം പൂത്തുലഞ്ഞു…പുലർകാല ഹിമകണങ്ങൾ ഇറ്റുനിൽക്കുന്ന ചെമ്പകപ്പൂവിന്റെ നൈർമല്യത്തോടെ നിഷ്കളങ്കമായ മുഖം… “ചേട്ടന്റെ സീറ്റ് ആണോ ഇത്…” കൂടെയുള്ളവളുടെ ചോദ്യത്തിന് സൈഡ് സീറ്റിൽ ഇരിക്കുന്ന ആ മുഖത്തിനു നേരെ ഞാൻ കൈ ചൂണ്ടി പുഞ്ചിരിച്ചു…

“നിങ്ങളുടെ സീറ്റ് എവിടാണെന്ന് പറഞ്ഞാൽ ഞാൻ അവിടിരുന്നോളാം…” “സീറ്റ്….കൺഫേം ആയില്ല ചേട്ടാ അതാ ഇവിടിരുന്നേ.. ടി ടിയോട് ചോദിച്ചപ്പോൾ തൽക്കാലം ഇരുന്നോളാൻ പറഞ്ഞു…ഞങ്ങൾ മംഗ്ളൂർക്കാണ്..” ആ മുഖത്തോട് തോന്നിയ ഇഷ്ടമോ അതോ പെണ്കുട്ടികളല്ലേ എന്ന ചിന്തയോ…അവരോട് അവിടിരുന്നോളാൻ ആംഗ്യം കാണിച്ചു ഞാൻ അവർക്കെതിരെയുള്ള ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. മൊബൈലെടുത്തു അമ്മയെ വിളിച്ചു ട്രെയിൻ കിട്ടിയെന്ന് പറയുമ്പോഴും അവളറിയാതെ എന്റെ കണ്ണുകൾ ആ മുഖത്തായിരുന്നു… രണ്ടാളും പഠിക്കുന്നത് ഒരേ സ്ഥലത്തു തന്നെയെന്നും വെക്കേഷൻ കഴിഞ്ഞുള്ള മടക്കമാണെന്നും പിന്നീടുള്ള പരിചയപെടലിൽ മനസിലായി… അധികം സംസാരിക്കാതെ തണുത്തകാറ്റിൽ ഒഴുകി വീഴുന്ന മുടിയിഴകൾ ഒരു കൈകൊണ്ടൊതുക്കി പാട്ടിൽ ലയിച്ചിരിക്കുന്ന അവളോടുള്ള ഇഷ്ടം ഓരോ നിമിഷവും കൂടിവരുന്നതും ഞാനറിഞ്ഞു അലീന..അതാണവളുടെ പേര് …കണ്ടമാത്രയിൽ തന്നെ ചിലരോട് തോന്നുന്ന ഇഷ്ടം !!അത് അറിയിക്കാതെ ഞാനവളെ വിടില്ലെന്ന് ആദ്യമേ ഉറപ്പിച്ചു . രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് …പഠിച്ചു സ്വന്തം കാലിൽ നിൽക്കണമെന്നുള്ള വാശി മക്കളോട് പക്ഷഭേദം കാണിക്കുന്ന രണ്ടാനമ്മയോടുള്ള വെല്ലുവിളി മാത്രമല്ല.. സമാധാനമായി ജീവിക്കാനുള്ള ഒരുതരം രക്ഷപെടൽ കൂടിയാണ് അവൾക്കീ പഠിപ്പും നാടുവിട്ട് നിൽക്കലും. അത്യാവശ്യം തരക്കേടില്ലാത്ത ചുറ്റുപാടുകളാണെങ്കിലും രണ്ടാനമ്മക്കിഷ്ടം അവരുടെ മക്കളെ….പഠിച്ചത് മതിയെന്നു പറഞ്ഞു കല്യാണം നടത്താൻ നിർബന്ധം കൂടിയപ്പോൾ അപ്പന്റെ കാലുപിടിച്ചു സമ്മതിപ്പിച്ചതാണ്….

ഇനിയും രണ്ടുവർഷത്തെ പഠിപ്പു കൂടിയുണ്ട്…… ഒരുപാട് നിർബന്ധിച്ചതു കൊണ്ട് പറഞ്ഞെതെങ്കിൽ കൂടി മനസ്സിലെ ഭാരങ്ങളെല്ലാം പങ്കുവച്ചു തീർത്തതും മഴമേഘങ്ങൾ പെയ്തൊഴിയാനെന്ന പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു തൂകാറായിരുന്നു. മംഗലാപുരം ജംക്ഷൻ എത്താറായതോടെ സീറ്റിനടിയിൽ വച്ചിരിക്കുന്ന ബാഗുകൾ വലിച്ചെടുക്കാനായി കൂട്ടുകാരിയുടെ ശ്രദ്ധ മാറിയതും ഞാൻ ചെന്ന് അലീനയോട് ഫോൺ നമ്പർ ചോദിച്ചു…. ” ക്ഷമിക്കണം !! നമ്പർ തരാനെനിക്ക് പറ്റില്ല ഒന്നും തോന്നരുത് …ഇനിയും നമ്മൾ കണ്ടുമുട്ടുകയാണെങ്കിൽ തീർച്ചയായും ഞാൻ ചേട്ടന് നമ്പർ തന്നിരിക്കും…” മറുപടിയിൽ അവളോടുള്ള മതിപ്പ് ഒന്നുകൂടി വർദ്ധിച്ചെങ്കിലും അങ്ങനെ ഒരു വാക്കിൽ വിട്ടുകൊടുക്കാനെനിക്ക് വയ്യായിരുന്നു..കയ്യിലിരുന്ന പേനയെടുത്തു ഞാനവളുടെ ബാഗിന്റെ സൈഡിലായി എന്റെ നമ്പർ എഴുതിയിട്ടു… “ദേ ഇതെന്റെ നമ്പർ…കണ്ടുമുട്ടുമെന്നു തന്നെയാണെന്റെ മനസ് പറയുന്നത്…ഇത് അതിനു മുൻപേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം…..മണിക്കൂറുകളെ ആയുള്ളൂ നമ്മൾ പരിചയത്തിലായിട്ട് എന്നാലും പറയാണ് തന്നെ എനിക്കൊരുപാട് ഇഷ്ടമായി…എന്റമ്മക്കും തന്നെ ഇഷ്ടമാകുമെന്നുറപ്പ്…തരക്കേടില്ലാത്ത ഒരു ജോലിയുണ്ട് ഇഷ്ടമാണെങ്കിൽ സങ്കടപെടുത്താതെ ജീവിതകാലം മുഴുവൻ നോക്കാം….” എന്റെ മുഖത്തേക്ക് പകച്ചു നോക്കുന്ന ആ പേടമാൻമിഴികളിൽ ഇഷ്ടമാണോ ദേഷ്യമാണോ അതോ എന്തൊരു നാണമില്ലാത്തവനെന്നാണോ ഒന്നും മനസിലായില്ല…. യാത്ര പറയാൻ മറന്ന് മുഖത്തേക്ക് പോലും നോക്കാതെ അവളിറങ്ങിപോകുന്നതും നോക്കി വാഷ്‌ബേസിനരികെ ഞാൻ കയ്യുംകെട്ടി നോക്കി നിന്നു…

പ്ലാറ്റ്ഫോമിലൂടെയുള്ള തിരക്കിട്ടുള്ള നടത്തത്തിനിടയിൽ പുറത്തു കിടന്ന ബാഗ് ശരിയാക്കി അവൾ തിരിഞ്ഞൊന്നു നോക്കിയതും ഞാൻ കൈവീശികാണിച്ചു… തിരികെ ജോലിക്ക് കയറിയിട്ടും മനസ്സ്‌ നിറയെ കൂട്ടുകാരിയോട് സ്വകാര്യമായി എന്തോ പറഞ് വാ പൊത്തിപിടിച്ചു ചിരിച്ചു മറയുന്ന ആ മുഖമായിരുന്നു…. മൊബൈലിൽ വരുന്ന ഓരോ കോളും തിരക്കിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നെടുത്തു നോക്കി നിരാശനാകും മുൻപേ ഹൃദയധമനികൾ വലിഞ്ഞു മുറുകുന്നതും അവളല്ലെന്നു തിരിച്ചറിയുന്ന നേരം പൊടുന്നനെ ചുറ്റും നിശബ്ദത ഉരുവാകുന്നതും പതിവായപ്പോൾ രണ്ടാഴ്ചക്കപ്പുറം ഞാനവളെ കാണാനായി മംഗലാപുരത്തെത്തി… ഇത്രേം വലിയ ഒരു പ്രൊഫഷണൽ കോളേജിൽ അവളുമായി ഒരു ബന്ധവുമില്ലാതെ എന്ത്‌ പോയി ചോദിക്കുമെന്നുള്ള ശങ്കയിൽ രണ്ടുതവണ കോളേജ് വാതിൽക്കൽ വന്ന് മടങ്ങി….. വരുമ്പോഴുള്ള ധൈര്യം അകത്തു പോയി ചോദിക്കാൻ നേരം എവിടെയോ പോയൊളിക്കും..അങ്ങനെ ശനിയും ഞായറും അവിടമൊക്കി ചുറ്റിക്കറങ്ങി തിരികെ പോകുന്നത് രണ്ടു മൂന്ന് വട്ടം കഴിഞ്ഞു… അവളെ കണ്ടുമുട്ടിയുമില്ലാ കാർവാറിൽ നിന്നും കടൽകാറ്റേറ്റു തുടങ്ങുന്ന മംഗലാപുരം വരെയുള്ള ബൈക്ക് യാത്രയുടെ ആദ്യത്തെ അഭിനിവേശം പതിയെ നിറം മങ്ങാനും തുടങ്ങി… ഇനി വരില്ലെന്നുറപ്പിച്ചുള്ള വരവാണ് ഇത്തവണത്തേത്..

മിലാഗ്രിസ് പള്ളിയിലേക്കുള്ള വഴിക്ക് താഴെ വണ്ടി പാർക്ക് ചെയ്ത് ബദാം മരങ്ങളുടെ തണൽ പറ്റി പള്ളിമുറ്റത്തേക്ക് കയറിച്ചെല്ലുമ്പോഴേ കേൾക്കാം കൊങ്കണിയിലുള്ള പ്രാർത്ഥനാശബ്ദം…. “അംച്ച ബാപ്പ സർഗിൻചാ…. തുജേ നാംവ് പവിത്ര് സാങ്‌..” (സ്വർഗ്ഗസ്ഥനായ പിതാവേ..അങ്ങയുടെ നാമം പൂജിതമാകണമേ..) ഞായറഴ്ചകളിൽ ഇവിടുള്ള ഏതെങ്കിലും പള്ളിയിലവൾ വരാതിരിക്കില്ല എന്ന പ്രതീക്ഷ തെറ്റിയെന്നുറപ്പിച്ചു മടങ്ങാനായി തിരിഞ്ഞതും …കാണാം എന്നെയും നോക്കി അത്ഭുതത്തോടെ അലീന…. അതൊരു തുടക്കം മാത്രമായിരുന്നു….പലതവണ നമ്പർ എടുത്തതും എന്നെ വിളിക്കാനുള്ള ചമ്മലിൽ ഫോൺ തിരികെ വക്കുന്നതുമുള്ള കഥകളെ പറ്റിയവൾ പറയുമ്പോൾ നാണത്താൽ പൂത്ത മിഴികളിൽ തന്നെയായിരുന്നു എന്റെ കണ്ണുകളും… പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ താല്കാലികമായുള്ള വിരഹവേദന സമ്മാനിച്ചെങ്കിലും ആഴ്ച്ചാവസാനത്തിലെ മധുരനിമിഷങ്ങൾക്കായുള്ള കാത്തിരുപ്പുകളായിരുന്നു ഞങ്ങൾക്ക്… എന്തിനും ഏതിനും സമ്മതം ചോദിച്ചു മണിക്കൂറുകളോളം നീളുന്ന ഫോൺകാളുകളും… ഒരുമിച്ചുള്ള ട്രെയിൻ യാത്രകളും ഇടക്കെപ്പോഴോ ഞാനും നീയുമെന്ന ഉടൽകണ്ണാടിച്ചില്ലുകൾ തകർത്തു നമ്മളെന്ന പകുത്തുനൽകലുകൾ കൂടിയായപ്പോൾ അവളില്ലാതെ ജീവിതമില്ലെന്ന സത്യം ഞാനറിഞ്ഞു… പ്രാണനേക്കാളേറെയുള്ള ഇഷ്ടത്തിൽ അവളെന്റെ മനസ്സിൽ കയറിക്കൂടി രണ്ടുവർഷമാകാറായി എന്നോർമിപ്പിച്ചു കൊണ്ട് അലീനയുടെ അവസാനവർഷ പരീക്ഷയടുത്ത സമയത്താണ് എന്റച്ഛനൊരു അപകടം പറ്റി അത്യാവശ്യമായി ഞാൻ നാട്ടിലേക്ക് പോകുന്നത്…

” മതി ഗാഥേ…എനിക്കീ ഓർമ്മകൾ നോവ് നിറഞ്ഞതാണ്.. വെറുക്കുന്ന , വേദനയുടെ ഓർമകൾ…തന്റെ നിർബന്ധം ഒന്ന് മാത്രമാണ് ഈ യാത്രയും കഥ പറച്ചിലും …. നഷ്ടങ്ങളുടെ ഇനിയുള്ള കഥകൾ തനിക്കറിയില്ലേ…” എന്റെ മുഖത്തേക്ക് തന്നെ നോക്കി മടിയിൽ കിടക്കുന്ന ഗാഥയുടെ മുടിയിഴകളിൽ ഞാൻ തലോടി….. “അറിയാം ഏട്ടാ …നോവിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കഥകളത്രയും ഏട്ടനും അമ്മയും എന്നോട് പറഞ്ഞിരുന്നല്ലോ…നമ്മുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്ന ഈ സമയം മുതൽ ഇനിയാ പഴയ ഓർമ്മകളൊന്നും മനസിലുണ്ടാകരുത് അതിനാണീ യാത്ര…” എന്റെ കഴുത്തിലേക്ക് കൈചുറ്റി തേന്മാവിലേക്ക് പടർന്നുകയറുന്ന മുല്ലവള്ളി പോലെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…എ സി കംപാർട്മെന്റിലെ ആ തണുപ്പിലും ശരീരം ചൂട് പിടിക്കാൻ തുടങ്ങി… “വാക്കുകൾക്കിടയിൽ ഞാനൊളിപ്പിച്ച മൗനവും പരിഭവങ്ങളാൽ മൂടിയ സ്നേഹവും വഴക്കിലൊളിപ്പിച്ച കരുതലും പിണക്കത്താൽ പിടയുന്ന നെഞ്ചും നിന്നോളം വേറെയാർക്കറിയാൻ ….. മരിക്കുവോളം ആത്മാവിലലിഞ്ഞു ചാരെ നീയുണ്ടെങ്കിൽ അതിലും വലിയൊരു സ്വർഗ്ഗമുണ്ടോ ….” കാതിലവളുടെ ചുടുനിശ്വാസത്തിൽ പതിഞ്ഞ മന്ത്രണം കേട്ടതും ഞാനവളെ നെഞ്ചോട് ചേർത്ത് പിടിച്ചു… ഓർമകളിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ തെളിയുന്ന ചിത്രത്തിൽ ജോലിക്കിടയിൽ സംഭവിച്ച അപകടത്തിൽ പരുക്ക് പറ്റി ഐസിയുവിൽ കിടക്കുന്ന അച്ഛനും പ്രാർത്ഥനകളോടെ പുറത്തു കാത്തിരിക്കുന്ന അമ്മയും ഞാനും… പരീക്ഷയുടെ തിരക്കുകൾ ആയത് കൊണ്ട് അലീനക്കൊരു ബുദ്ധിമുട്ട് വേണ്ടെന്ന് കരുതി ഞാൻ തന്നെയാണ് വിളിച്ചു പറഞ്ഞത് അത്യാവശ്യമെങ്കിൽ മാത്രം വിളിച്ചാൽ മതി വിവരങ്ങൾ അറിയിച്ചു കൊള്ളാമെന്ന്… ഇരുപത് ദിവസത്തോളം വേദന തിന്ന് ഒടുവിൽ അച്ഛൻ മരണത്തിന് കീഴടങ്ങിയപ്പോൾ തളർന്നു വീണ അമ്മയെ തനിച്ചാക്കാതെ ലീവ് പിന്നെയും നീട്ടിയ ഞാൻ പിന്നെയവളെ വിളിച്ചത് അച്ഛന്റെ മരണാനന്തരചടങ്ങുകൾക്ക് ശേഷമായിരുന്നു മൊബൈലിലേക്ക് കാൾ പോകാതെ കട്ടായി പോകുന്ന വിളികൾക്കൊടുവിൽ ഹോസ്റ്റലിലെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് കുട്ടികളാരും തന്നെ ഹോസ്റ്റലിൽ ഇല്ലെന്നറിഞ്ഞത് ഒപ്പം അലീനയെ അവളുടെ പപ്പ വന്ന് കൂട്ടികൊണ്ട് പോയെന്നും…

അച്ഛൻ മരിച്ചത് മെസേജ് അയച്ചിട്ട് പോലും അവളെന്നെ വിളിക്കാതിരുന്നത് അപ്പോഴാണ് ഞാനോർത്തത് അല്ലെങ്കിലും പ്രണയവും ഇഷ്ടവുമെല്ലാം മരണമെന്ന സത്യത്തിനു മുൻപിൽ ചിലപ്പോഴെങ്കിലും വിസ്മൃതിയിലാകാറുണ്ട്… ഉത്തരവാദിത്തങ്ങൾ ഒരുപാട് പെട്ടെന്നൊരുദിവസം തലക്ക് മുകളിൽ വന്ന് മൂടിയപ്പോൾ അവളെ വിളിക്കാനും കാര്യങ്ങൾ അറിയാനും വിട്ടുപോയെങ്കിലും അവൾക്കാവശ്യമുള്ളതെല്ലാം ഒരുക്കി കൊടുത്താണ് ഞാൻ നാട്ടിലേക്ക് വന്നത് .. ആവശ്യങ്ങൾക്കായി രണ്ടാനമ്മക്ക് മുൻപിൽ കൈനീട്ടേണ്ട എന്നു കരുതി എ ടി എം കാർഡ് പോലും അവളെ ഞാനേൽപിച്ചിരുന്നു. വിളിച്ചിട്ട് കിട്ടാതായതോടെ ആകെ അസ്വസ്ഥമായ മനസ്സുമായി അവളൊരിക്കൽ തന്ന വീട്ടഡ്രസുമെടുത്തു ഞാനമ്മയോട് കാര്യങ്ങൾ പറഞ്ഞു…എല്ലാം അമ്മക്കറിയാവുന്നത് കൊണ്ട് പിറ്റേന്ന് തന്നെ ഞങ്ങൾ കാറുമെടുത്തു അവളെ കാണാനിറങ്ങി… കേട്ടറിഞ്ഞ ചിത്രങ്ങളോ പറഞ്ഞു ഫലിപ്പിച്ച കഥാപാത്രങ്ങളോ ഇല്ലാതെ അന്വേഷിച്ചു ചെന്ന വീട്ടിലെന്നെ എതിരേറ്റത് അവളുടെ കൂട്ടുകാരി… തന്ന അഡ്രെസ്സ് പോലും തെറ്റായിരുന്നെന്ന അറിവ് എന്നെയൊരു ഷോക്കിലേക്കെത്തിച്ചിരുന്നു അതെന്റെ മുഖത്തും പ്രതിഫലിച്ചതു കൊണ്ടാകാം കുരുതിക്കായി ഒരുക്കിയ നേർച്ചമൃഗത്തെ നോക്കുംപോലെ കൂട്ടുകാരിയുടെ കണ്ണുകളിൽ നിറഞ്ഞിരുന്നത് എന്നോടുള്ള സഹതാപമായിരുന്നു… രണ്ടാനമ്മ ഒരു സത്യമാണെങ്കിൽ പോലും പോരെടുത്തിരുന്നതും പന്തിഭേദം കാണിച്ചിരുന്നതും കുഞ്ഞിനെപ്പോലെ ഞാൻ കൊണ്ട് നടന്നിരുന്ന പ്രാണസഖിയാണെന്നതും പുതിയ അറിവായിരുന്നു . ആർഭാടങ്ങളും ആഘോഷങ്ങളും നിറഞ്ഞ അവളുടെ ജീവിതം ആഴ്ചയൊടുക്കത്തിലെ കുറച്ചു മണിക്കൂറുകളിൽ അവൾ സമർത്ഥമായി എന്നിൽ നിന്നും ഒളിപ്പിച്ചു വച്ച് രണ്ടുവർഷവും എന്നെ കോമാളിയാക്കി…. വിശ്വസിച്ചു സ്നേഹിക്കുന്നവരെ ചതിക്കുന്നതും കോമാളിയാക്കുന്നതും മേന്മയായി കരുതുന്നവർ അറിയുന്നില്ലല്ലോ അവരോടുള്ള ഇഷ്ടവും വിശ്വാസവുമാണ് അതവർക്ക് എളുപ്പമാക്കി കൊടുക്കുന്നതെന്ന്…. അവൾക്കായി ഞാൻ വാങ്ങിക്കൊടുത്തതും ചിലവാക്കിയ പൈസയുടെ കണക്കുകളുമെന്നെ ഓർമിപ്പിച്ചു എത്ര നിസ്സാരമായാണ് രണ്ടുവർഷം അവളെന്റെ ചോരയൂറ്റി കുടിച്ചതെന്ന്… സത്യമെന്താണെന്ന് കൂട്ടുകാരി പോലും എന്നെയറിയിക്കാതിരിക്കാൻ ആരെയും കാണാനോ മിണ്ടാനോ എന്നെയവൾ അനുവദിച്ചിരുന്നില്ല …

തളർന്ന മുഖത്തോടെ ഞാനമ്മയെ നോക്കിയതും അമ്മയെന്റെ ചുമലിൽ കൈവച്ചു… നഷ്ടപ്പെട്ട ഹൃദയത്തിന്റെ വേദന…അതവൾ അറിഞ്ഞു ചതിച്ചതാണെങ്കിൽ പോലും എന്നെയത് നീറ്റി നീറ്റി കൊല്ലുമെന്നുറപ്പായിരുന്നു അത്രക്കും ഞാനവളെ സ്നേഹിച്ചിരുന്നു. വരുന്ന മാസം തന്നെയാണവളുടെ കല്യാണമെന്നും പക്ഷേ ഇവിടെ വച്ചല്ല അമ്മയില്ലാത്തതുകൊണ്ട് അമ്മവീട്ടുകാരാണ് കല്യാണം നടത്തുന്നതെന്നും വേണമെങ്കിൽ അവളെ കാണാൻ കൂടെവരാമെന്നും അറിയിച്ച കൂട്ടുകാരിയ്ക്ക് മറുപടിയൊന്നും നൽകാതെ ഞാൻ ഇറങ്ങിനടന്നു…. ആത്മാർത്ഥതയില്ലായിരുന്നെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ തേടി പിടിക്കുന്നതെന്തിന്… ഇനിയാ പേരുപോലും ഓർക്കില്ലെന്നുറപ്പിച്ചു ഇറങ്ങിനടക്കുമ്പോളെന്റെ പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു… കാറിൽ കയറി സ്റ്റീയറിങ്ങിനു മുകളിലേക്ക് കൈ വച്ച് വെറുതെ ഇരിക്കുന്നയെന്നോടായി അമ്മ പറഞ്ഞു…”തളരരുത് എന്റെ മോൻ ജീവിച്ചു കാണിച്ചുകൊടുക്കണം ചതിക്കുന്നവർക്ക് മുൻപിൽ…” ആ ഒരു നിമിഷം… സകലനിയന്ത്രണവും നഷ്ടപ്പെട്ട് ഞാൻ പൊട്ടിക്കരഞ്ഞു…അപ്പോഴുമെന്നെ അമ്മ സാന്ത്വനിപ്പിച്ചു… “ആൺകുട്ടികൾ കരയരുതെന്ന് ലോകം പറയും പക്ഷേ നെഞ്ച് തിങ്ങിയുള്ള സങ്കടം വരുമ്പോൾ ന്റെ മോൻ കരയണം… സങ്കടത്തിനും സന്തോഷത്തിനും ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല..കണ്ണുനീര് ദൈവം തന്നത് കണ്ണിലെ അഴുക്ക് കളയാൻ മാത്രമല്ല മനസ്സ് ശുദ്ധീകരിക്കാൻ കൂടിയാ…പക്ഷേ ഇക്കാരണം കൊണ്ടുള്ള കണ്ണുനീർ ഇനിയാ കണ്ണ് നിറക്കരുത്…” തിരികെ വീട്ടിലെത്തിയിട്ടും അവളുടെ ഓർമകളിൽ നിന്നും പെട്ടെന്നൊരു മോചനം കിട്ടാൻ മാത്രം കഠിനഹൃദയമെനിക്കില്ല എന്നുറപ്പായി …. അഭിനയിക്കാനറിയാതെ ആത്മാർത്ഥമായവളെ സ്നേഹിച്ച എനിക്ക് തൊണ്ടക്കുഴിയിൽ അമർത്തി വച്ചതുപോലെയുള്ള സങ്കടം താങ്ങാനാവുമായിരുന്നില്ല.. ഏതോ ദുർബലനിമിഷത്തിൽ തോന്നിയ ഒരു ബുദ്ധിമോശം!!

ചിതലിനടിക്കാനുള്ള കീടനാശിനി ദുർഗന്ധം സഹിച്ചും ഞാൻ കലക്കികുടിച്ചു…. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലെ യാത്രയിൽ ജീവൻരക്ഷാമരുന്നുകൾ മൂലം കാഴ്ച മങ്ങിയ കണ്ണുകളിൽ ആദ്യം തെളിഞ്ഞത് നെറ്റിയിൽ ചുംബിക്കുന്ന അമ്മയുടെ മുഖമായിരുന്നു… ഞാനും കൂടി നഷ്ടപ്പെട്ടാൽ തനിച്ചായിപ്പോകുമായിരുന്ന എന്റെയമ്മ… ഹോസ്പിറ്റലിൽ നിന്നുള്ള മടക്കയാത്രയിൽ ഒന്ന് ഞാനുറപ്പിച്ചു ഇനിയാർക്ക് വേണ്ടിയും എന്റമ്മയെ തനിച്ചാക്കി ഞാൻ പോകാൻ ശ്രമിക്കില്ല…. സർവിസിലിരുന്നു മരിച്ച അച്ഛന്റെ സീനിയോറിറ്റിയും കൂടെയെന്റെ വിദ്യാഭ്യാസയോഗ്യതയും ചേർന്നപ്പോൾ താമസിയാതെ ഞാനുമൊരു സെൻട്രൽ ഗവണ്മെന്റ് ജോലിക്കാരനായി റയിൽവേയിൽ തന്നെ….

അഞ്ചുവർഷമായി ഇതെല്ലാം കഴിഞ്ഞിട്ട്… ഇനിയൊരിക്കലും തനിച്ചാക്കി പോകരുതെന്നു സത്യം ചെയ്യിച്ച അമ്മ ,രണ്ട് വർഷം മുൻപ് എനിയ്ക്കൊരു തുണയെ തിരഞ്ഞുപിടിച്ചു തന്ന് ഞങ്ങളെ ഒരുമിച്ചാക്കി അച്ഛനരികിലേക്ക് യാത്രയായി…. കണ്ണടച്ചിരുന്നിട്ട് പോലും അമ്മയെ കുറിച്ചുള്ള ഓർമകളിലെത്തിയതോടെ കണ്ണിമകളെ തോൽപ്പിച്ച് നീർമുത്തുകൾ പൊഴിഞ്ഞു വീണു… ജോലിമാറ്റം , നാട്ടിലേക്ക് കിട്ടിയുള്ള വരവാണിത് ഗാഥയുടെ നിർബന്ധമാണി ട്രെയിൻ യാത്ര…ട്രെയിനുകളെയും ട്രെയിൻ യാത്രകളെയും വെറുത്തിരുന്ന ഞാനിപ്പോൾ സ്റ്റേഷൻ സൂപ്രണ്ടാണ്… ഇനിയൊരിക്കലും അലീനയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിലേക്ക് വരാൻ പാടില്ല…പാവം ഗാഥ.. എന്റെ മനസ്സ്‌ പൂർണമായും അവളെ സ്നേഹിക്കുന്നത് വരെ എനിക്കായി ക്ഷമയോടെ കാത്തിരുന്നതാണവൾ… ചില നഷ്ടങ്ങൾ നേടിത്തരുന്ന ലാഭങ്ങൾ വിലമതിക്കാനാവാത്തതെന്ന തിരിച്ചറിവിൽ ഒരുപാടിഷ്ടത്തോടെ ഞാനെന്റെ പെണ്ണിന്റെ നെറ്റിയിൽ വിരലോടിച്ചു കൊണ്ട് പതിയെ ആ കാതുകളിൽ പറഞ്ഞു… ” അതേ നീ പറഞ്ഞതാണ് സത്യം….മരിക്കുവോളം ആത്മാവിലലിഞ്ഞു അരികെ നീയുണ്ടെങ്കിൽ അതിലും വലിയൊരു സ്വർഗ്ഗമുണ്ടോ…” ഇതേ സമയം അർജുനും ഗാഥയുമറിയാതെ അതേ ട്രെയിനിലെ വേറൊരു കംപാർട്മെന്റിൽ അലീനയും അവളുടെ അമ്മാച്ചന്മാരും അപ്പനുമെല്ലാം ഉണ്ടായിരുന്നു വേറൊരു പെണ്ണിനേയും കൊണ്ട് ഗോവക്ക് ടൂർ പോയ അവളുടെ ഭർത്താവിനെ കയ്യോടെ പിടിച്ചു തൊണ്ടിസഹിതം കൊണ്ടുവരുന്ന ചടങ്ങുമായി… നേത്രാവതിപാലത്തിലേക്ക് ചൂളം വിളിച്ചു ട്രെയിൻ കയറുമ്പോൾ കൈക്കുഞ്ഞിനെയും കയ്യിലെടുത്തു എല്ലാം തകർന്നവളായി ഭർത്താവിനു മുൻപിൽ അലീനയുമിരുന്നു… ചില നഷ്ടങ്ങൾ തീരാനഷ്ടങ്ങളായി തന്നെ ജീവിതകാലം മുഴുവനുമൊരു നോവ് തരുമെന്ന മായാജാലകഥകളുടെ തിരിച്ചറിവിൽ….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular