Connect with us

Love

സ്വന്തം ആയിട്ട് ആരെങ്കിലും ഒക്കെ ഉണ്ടങ്കിൽ കണ്ടറിഞ്ഞു സ്നേഹിക്കണം.

Published

on

രചന: കണ്ണൻ സാജു
“വികലാംഗയെ കെട്ടിയ അവസ്ഥ ആയല്ലോ അളിയാ! പഴയ പോലൊന്നു പോവണ്ടേ ??? പുതിയ ഐറ്റംസ് കുറെ വന്നിട്ടുണ്ട്.. റോണി കഴിഞ്ഞ ആഴ്ച്ച പോയി വന്നതേ ഉളളൂ ” ഒന്ന് ചിരിച്ചെങ്കിലും അവന്റെ വാക്കുകൾ നന്നേ അനസിന്റെ ഉള്ളിൽ കൊണ്ടിരുന്നു… പക്ഷെ മറുത്തൊന്നും പറയാൻ തോന്നിയില്ല.. കാരണം ഇതിനു മുന്നേ താനാണ് അവനോടു അങ്ങോടു ആവശ്യപ്പെട്ടതും അവൻ കൊണ്ടു പോയതും എന്ന് അനസിന് നല്ല ബോധ്യമുണ്ടായിരുന്നു. “നിനക്കെന്നെ പറ്റ്യേ…??? അവനു വേറെ സെറ്റപ്പുകളൊക്കെ കാണുന്നെ.. അല്ലേ ഇങ്ങനെ അടങ്ങി ഇരിക്കുവോ? അവളെ ആദ്യത്തെ ഓപ്പറേഷന് കൊണ്ടു പോയപ്പോ ഇവനിവിടെ കിടന്നു കാട്ടി കൂട്ടിയതൊക്കെ നീ ഇത്ര വേഗം മറന്നോ? ” ഗിരീഷ് അത് ഏറ്റു പിടിച്ചതോടെ അനസിന് വീർപ്പുമുട്ടി തുടങ്ങിയിരുന്നു… “ഞാൻ പോവാട.. നിങ്ങളിരിന്നു കഴിക്ക് ” “ഏഹ്!!! രണ്ട് പെഗ്ല്ലേ അടിച്ചൂളൂ ??? ഞങ്ങളെങ്ങനെ പറഞ്ഞോണ്ടാണോ? ” ഗിരീഷ് ഞെട്ടലോടെ ചോദിച്ചു… എന്ത് പറയണം എന്നറിയാതെ അനസ് ഇരുന്നിടത്തു തന്നെ ഇരുന്നു “എടാ.. ഞങ്ങള് നിന്നെ ഒന്ന് ചില്ലാക്കാൻ പറഞ്ഞതല്ലേ… ഞങ്ങടെ ഭാര്യമാർക്ക് എന്തേലും കുഴപ്പം ഉണ്ടായിട്ടാണോ ഇടയ്ക്കിടെ ഞങ്ങള് സെറ്റപ്പിന് പോവാറ്? ഏഹ്?… അപ്പോ ക്യാൻസറും പിടിച്ചു മൂന്ന് തവണ ഓപ്പറെക്ഷനും കഴിഞ്ഞു കിടക്കുന്ന നിന്റെ ഭാര്യക്കൊപ്പം നീ എത്ര ബുദ്ധിമുട്ടണ്ടാവും എന്നെനിക്കറിയാം ” ഫിറോസ് അവനെ അനുനയിപ്പിച്ചു… ” അതല്ലടാ… എന്തോ.. ഞാനാ കാര്യങ്ങൾ ഒക്കെ മറന്നു.. ” ” മറന്നെന്നോ? ” ” അത് വിട്… വല്ലപ്പോഴും ഒക്കെ നടക്കാറുള്ളു … ഒരു കുഞ്ഞിനേ എങ്കിലും കിട്ടിയിരുന്നേൽ… മൂന്ന് തവണ പ്രേഗ്നെണ്ട് ആയപ്പോഴും കുഞ്ഞു വളരുന്ന ഒപ്പം മുഴയും വളരും.. ഒടുവിൽ കൊച്ചുങ്ങളും ഏഴും ഒമ്പതും മാസങ്ങളിൽ പൊവോം ചെയ്തു… അതോടെ ഒരു തരം പേടിയും ആസ്വസ്ഥതയും… ഒന്നും തോന്നാറില്ല ” ” ഹാ.. അതല്ലേ ഞങ്ങള് പറഞ്ഞെ.. നിന്റെ ആ ആസ്വസ്ഥതകൾ ഒക്കെ മാറ്റി എടുക്കാൻ ആണ് നമുക്ക് പോവാന്നു പറഞ്ഞെ ” അതും പറഞ്ഞു ഗിരീഷ് ഒന്നൂടെ ഒഴിച്ചു.

” നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ അനസേ ” ഫിറോസ് ഫോണിൽ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു ” 40K ഒരു രാത്രി ” അനസ് അവനെ ഒന്ന് നോക്കി…. ” എന്താടാ പിടിച്ചില്ലേ? ” ഗിരീഷ് അനസിനെ ഗൗരവത്തോടെ നോക്കി ചോദിച്ചു. ” പിടിക്കായ്ക ഒന്നും ഇല്ല… പോവാം ” അനസിന്റെ മറുപടി കേട്ടതോടെ ഇരുവർക്കും സന്തോഷം കൂടി. വീട്. ” നിങ്ങക്ക് ചൊറു വേണ്ടേ? ” വന്ന വഴി കട്ടിലിൽ കയറി കിടന്ന അനസിനോട് റസിയ ചോദിച്ചു. ” വേണ്ട ! ” ഒന്നും മിണ്ടാതെ അവൾ ലൈറ്റ് ഓഫ് ചെയ്തു അടുത്തു വന്നു കിടന്നു.പ്രതീക്ഷയോടെ അവൾ അനസിനെ നോക്കി… ” ഇന്ന് നല്ല തലവേദന ആയിരുന്നു ” അവന്റെ ശ്രദ്ധ തനിക്കു നേരെ തിരിക്കാനായി അവൾ മെല്ലെ പറഞ്ഞു. ” മരുന്ന് സമയത്തു കഴിക്കുന്നില്ലേ നീ ” ” ഉം ” ഒരുപാടു സ്നേഹത്തോടെ തന്നെ അവനിലേക്ക് വലിച്ചടിപ്പിച്ചിരുന്ന ആ നിമിഷങ്ങൾ റസിയ ഓർമിച്ചു… അതെ മുറി.. അതെ കട്ടിൽ… പതിനഞ്ചു വർഷങ്ങൾ തങ്ങൾ തമ്മിലുള്ള അകലം ഒരുപാട് വർദ്ധിപ്പിച്ചു… തന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്ന് അവൾ ഉള്ളുകൊണ്ട് ആഗ്രഹിച്ചു… ഓപ്പറേഷൻ കഴിഞ്ഞു ഇതുവരെ വടിച്ചു കളഞ്ഞ തലയിൽ മുടി വന്നിട്ടില്ല.. മൂന്നാം തവണയാണ് തലച്ചോറിൽ വില്ലനായി അവൻ വന്നതും ഓപ്പറേഷൻ ചെയ്യുന്നതും.. പക്ഷെ ഇപ്പൊ പഴയ പോലെ ഇക്കാനെ താങ്ങാനുള്ള ശക്തി അവൾക്കില്ല.. അതറിയാവുന്നതു കൊണ്ടാവാം അവനും അതിനു ശ്രമിക്കാറില്ല… അവൾ ഉറങ്ങിയില്ലെന്നു അനസിന് മനസ്സിലായി… അവൾക്കു അങ്ങനെ ഉറങ്ങാനും കഴിയുന്നില്ലെന്നു അനസിന് അറിയാമായിരുന്നു… തിരിഞ്ഞു നോക്കണം എന്നുണ്ടങ്കിലും മനസ്സിൽ നിറയെ ഫിറോസിന്റെ മൊബൈലിൽ കണ്ട സുന്ദരി ആയിരുന്നു.

” നാളെ മൂന്നാറു വരെ പോണം ” അങ്ങനെ തന്നെ കിടന്നു കൊണ്ടു അവൻ പറഞ്ഞു ” എന്തെ പെട്ടന്ന്? ” ” ഫിറോസിന്റെ കൂടെ പോവുന്നതാ.. അവിടെ ഒരു പ്ലോട്ട് നോക്കണം ” ” ഉം ” ” നാളെ വരുവോ? ” ” ഇല്ല ” ” ഉമ്മാനോട് നിന്റടുത്തു വന്നു നിക്കാൻ പറയാം ” ” ഉം ” മൗനം തളം കെട്ടി നിന്നു… ” ഇനി ഒരു കുഞ്ഞു നമുക്കുണ്ടാവില്ലായിരിക്കും അല്ലേ? ” ആ ചോദ്യം അനസിനെ വല്ലാതെ വേദനിപ്പിച്ചു… ഒരമ്മയുടെ വേദന ആ വാക്കുകളിൽ ഉണ്ടായിരുന്നു. അവൻ മെല്ലെ തിരിഞ്ഞു അവളെ നോക്കി. കണ്ണുകൾ കലങ്ങി നിറഞ്ഞിരിക്കുന്നു… ” എന്തിനാ റസിയ ആവശ്യം ഇല്ലാത്തെ ഒക്കെ ചിന്തിക്കുന്നേ? ” ” ഏയ്‌ ഒന്നുല്ല! ” അവൾ കണ്ണുകൾ തുടച്ചു.. അനസ് എഴുന്നേറ്റു കട്ടിലിൽ ഇരുന്നു.. ” ഇപ്പൊ എന്തിനാ നീ കരയുന്നെ? കരഞ്ഞ പ്രശ്നങ്ങൾ എല്ലാം തീരുവോ? ” ” ഇക്കാ.. ഇങ്ങക്ക് വേറൊന്നു കെട്ടിക്കൂടെ? ” ” നിന്നോടു ഞാൻ പല തവണ പറഞ്ഞു ആവശ്യം ഇല്ലാത്ത വർത്താനം പറഞ്ഞു എന്നെ പ്രാന്ത് പിടിപ്പിക്കരുതെന്നു ” അനസിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ” എന്നാലും നിങ്ങക്കും ആഗ്രഹം ഇണ്ടാവില്ലേ… എന്നെക്കൊണ്ട് ഒരിക്കലും അതിനു പറ്റൂന്നും തോന്നുന്നില്ല.. ഇപ്പൊ മുപ്പത്തഞ്ചു കഴിഞ്ഞു.. ഇനി ഒട്ടും.. ” കണ്ണുകൾ നിറഞ്ഞൊഴുകി… അനസ് അവളുടെ തോളിൽ പിടിച്ചു ” അതിനു ഞാൻ നിന്നോടു വല്ലതും പറഞ്ഞോ റസിയ? വേറെ കെട്ടണെൽ അളിയൻ കെട്ടിക്കോ പെങ്ങളെ ഞങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞിട്ടും ഞാൻ എപ്പോഴേലും നിന്നെ ആർക്കെങ്കിലും വിട്ടു കൊടുത്തിട്ടുണ്ടോ? ” റസിയ മൗനമായി ഇരുന്നു.. അവൻ ഒന്ന് കൂടി അവൾക്കരുകിലേക്കു ചേർന്ന് ഇരുന്നു… ” എന്താണ് മോളേ… ആവശ്യം ഇല്ലാത്തെ ഒന്നും ചിന്തിച്ചു കൂട്ടാതെ കിടക്കാൻ നോക്ക്. ” ” പുറത്ത് കാണിക്കുന്നില്ലെങ്കിലും ഉള്ളിൽ ഉണ്ടന്ന് എനിക്കറിയാം… ഞാൻ ഒരു കാര്യം പറഞ്ഞ ഇക്ക ദേഷ്യപ്പെടരുത്.. അങ്ങനെ വേണോന്നു തോന്നിയാൽ ഏതു പെണ്ണിന്റടുത്തായാലും ഇക്ക പൊയ്ക്കോ.

ഞാൻ അറിയാതിരുന്ന മതി.. അറിഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല ” അവൾ നിയന്ത്രണം വിട്ടു കരഞ്ഞു… അനസിന്റെ ഉള്ളിൽ ഇടിമിന്നൽ പോലെ പലതും മിന്നിക്കട്ടുകൊണ്ടിരുന്നു… ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവൻ കണ്ണുകൾ അടച്ചു മൗനമായി ഇരുന്നു… ” അനസ്.. ഇനി ഒരിക്കൽ കൂടി ഗർഭം ധരിച്ചാൽ റസിയയുടെ ജീവൻ അപകടത്തിൽ ആവും… കുഞ്ഞിന് വളർച്ച ഉണ്ടാകുന്ന അനുസരിച്ചു ട്യൂമറും വളരും.. ഒരുപക്ഷെ അങ്ങനെ വന്നാൽ കുഞ്ഞു മാത്രമല്ല അമ്മയും നഷ്ടപ്പെട്ടേക്കാം.. സോ അതിനുള്ള സാദ്ധ്യതകൾ ഒഴിവാക്കുന്നതാവും നല്ലത് ” ഡോക്ടറിന്റെ ആ വാക്കുകൾ അവൻ ഓർമിച്ചു… ” ഇക്ക മരിക്കുവാണേൽ എനിക്ക് നിങ്ങടെ മടിയിൽ കിടന്നു മരിക്കണം ” അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് റസിയ പറഞ്ഞു. കണ്ണുകൾ തുറന്ന അനസ് അവളുടെ നെറ്റിയിൽ ചുംബിച്ചു…. ” വാപ്പീ ” എന്നും വിളിച്ചു കൊണ്ടു നാല് വയസുള്ള പെൺകുട്ടി, തന്റെ പഴയ കാലം കൂട്ടുകാരനോട് മെഡിക്കൽ കോളേജിന് മുന്നിൽ ഇരുന്നു പറയുക ആയിരുന്ന അനസിന് അടുത്തേക്ക് ഓടി വന്നു.. അവളെ സ്നേഹത്തോടെ എടുത്തു മടിയിൽ വെച്ചു കൊണ്ടു അനസ് കൂട്ടുകാരനെ നോക്കി.. ” ഈ കുട്ടി? ” ” എന്റെ ആണ് ” ” അപ്പൊ റസിയ? ” അനസിന്റെ മുഖം വാടി… ” വേറെ കല്ല്യാണം കഴിച്ചോ നിങ്ങൾ? ” അയ്യാൾ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.. ” എനിക്കതിനു കഴിയും എന്ന് തോന്നുന്നുണ്ടോ? ” ” പിന്നെ? ” ” പോവും മുന്നേ റസിയ തന്നിട്ട് പോയ സമ്മാനം ആണ് ” കേട്ടു ഇരുന്ന അയ്യാളുടെ മുഖവും വാടി…. ” ചിലരങ്ങനാ… നമ്മുട ജീവിതത്തിലേക്ക് കയറി വരും… നമ്മളെ സ്നേഹം കൊണ്ടു മൂടും.. ഒടുവിൽ അവരുടെ സ്നേഹം തിരിച്ചറിഞ്ഞു നമ്മളും അവരെ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങുമ്പോഴേക്കും നമ്മളെ ഇട്ടു എന്നെന്നേക്കുമായി ഒരിക്കലും എത്തി പിടിക്കാൻ പറ്റാത്തൊരു ലോകത്തേക്ക് യാത്രയാവും ” അനസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ” അയ്യോ! വാപ്പി എന്തിനാ കരായണേ? ” അവൾ തന്റെ അച്ഛന്റെ കണ്ണുകൾ തുടച്ചു.

അവൻ അവളെ തലോടിക്കൊണ്ട് തുടർന്നു ” പോയവർക്കറിയില്ലല്ലോ ജീവിച്ചിരിക്കുന്നവരുടെ വിഷമം… വല്യ പാടടോ… ഒരുമിച്ചുണ്ടായിരുന്ന സ്ഥലം, വീട്, മുറി, നിമിഷങ്ങൾ ഈ ചങ്കിനാകാതിരുന്നു കുത്തി പറക്കാൻ തുടങ്ങും… സഹിക്കാൻ പറ്റില്ല… ” ” സോറി… ഞാൻ കാരണം.. ” ” ഏയ്‌!… താൻ ചോദിച്ചത് നന്നായി… ആരോടെങ്കിലും ഒക്കെ ഒന്ന് മനസ്സ് തുറക്കണം എന്ന് കരുതിയിട്ടുണ്ട്.. പറ്റിയിട്ടില്ല.. ഏതായാലും നന്നായി.. ” ഇരുവരും മൗനം പാലിച്ചു. അവളെയും പിടിച്ചു അനസ് എഴുന്നേറ്റു.. ” ഉപദേശം ഒന്നും ആയിട്ട് കാണണ്ട.. അനുഭവിക്കുനബവന്റെ വേദന ആയിട്ട് കണ്ടാ മതി.. സ്വന്തം ആയിട്ട് ആരെങ്കിലും ഒക്കെ ഉണ്ടങ്കിൽ കണ്ടറിഞ്ഞു സ്നേഹിക്കണം.. കാരണം അവരോടുള്ള ഇഷ്ടം മനസ്സിലാക്കി വരുമ്പോഴേക്കും ചിലപ്പോ അവരോ നമ്മളോ ഒന്നും ഉണ്ടായിന്നു വരില്ലെടോ ” നിറ കണ്ണുകളോടെ അനസ് മകളുടെ കയ്യും പിടിച്ചു ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular