Connect with us

Love

മന്ദാരങ്ങൾ പൂത്ത തൊടിയിലൂടെ ഇരുവരും കൈകോർത്തു നടന്നു…

Published

on

രചന: ലില്ലി

സാരിത്തലപ്പാൽ കവിളും നെറ്റിയും തുടച്ചെടുത്ത് മങ്ങിയ ചിരിയോടെ ചായഗ്ലാസ്സ് വീണ്ടുമയാളുടെ ചുണ്ടിലേക്കടുപ്പിച്ചതും അനിഷ്ടത്തോടെ മറുവശത്തേക്ക് മുഖം മാറ്റി കണ്ണടച്ചിരിക്കുന്നു… തന്റെ പ്രവർത്തി വീണ്ടും തുടർന്നതും, തോൽക്കാൻ മനസ്സില്ലാത്തപോലെ അവളുടെ മുഖത്തും കഴുത്തിലും മാറിലും അയാൾ ചായത്തുള്ളികൾ മത്സരിച്ചു തെറിപ്പിച്ചു… ഒടുവിലെപ്പോഴോ തോൽവി സമ്മതിച്ചപോലെ ഒരിറക്ക് ചായ കുടിച്ചതും ചിരിയോടെ കൈകളാൽ അവന്റെ മുഖത്തൊന്ന് തലോടി… കാടുകയറിയ ചുരുളൻ മുടിയിഴകൾ വിരലുകൾക്കിടയിൽ കോർത്ത് പിന്നിലേക്കൊതുക്കി വച്ചു… “”ഇത്തിരി വിഷം വാങ്ങിത്തന്ന് എന്നെയങ്ങു കൊന്ന് തരാവോ നിനക്ക്…”” അവന്റെ കൺപീലികൾക്കിടയിലെ നീർത്തിളക്കത്തിലേക്ക് നോക്കി നിന്നു… “”ഇനി ഇത് മാതിരി കാണിച്ചാൽ, വിഷമല്ല തന്നെ കഴുത്ത് ഞെരിച്ചു കൊല്ലും ഞാൻ നോക്കിക്കോ… “” മാറിൽ ചായ വീണ് നനഞൊട്ടിയ സാരി ഞൊറിവുകളിൽ കൈ തൂത്തവൾ ഗൗരവം നടിച്ചു… റേസിംഗ് ക്ലബ്ബുകൾ ലക്ഷങ്ങൾ ലേലത്തുക നൽകാൻ തയ്യാറാകുന്ന കഴിവിതെളിയിച്ചൊരു റൈസർ ആയിരുന്നു മോഹൻദേവ്… ഒരു ചെറിയ കൈപ്പിഴവിൽ സ്വന്തം ജീവിതം തന്നെ ഒരു വീൽ ചെയറിൽ ഒതുക്കേണ്ടി വന്നവൻ… “”ആരും എന്റടുത്ത് നിൽക്കുന്നത് ഇഷ്ടമല്ല…എനിക്ക് ആരേം കാണണ്ട.. ഒന്ന് പോയ് തരാമോ… “” അവന്റെ കഴുത്തിൽ ഇഴഞ്ഞു വീർക്കുന്ന ദേഷ്യത്തിന്റെ നീല ഞരമ്പുകളും, വേദനയോടെ നേർത്തുപോകുന്ന ശബ്ദവും… മറുപടി ഏതും പറയാതെ  അനക്കമറ്റ ദേഹം പേറിയ വീൽ ചെയറും തള്ളി നീക്കി ജനലോരം നടന്നു… അടഞ്ഞു കിടന്ന ജനൽ പാളികൾ പുറത്തേക്ക് തള്ളിതുറന്നതും സംഗീതം പോലെ ഒഴുകിയെത്തിയ കാറ്റിന്റെ തണുത്ത ചുരുളുകൾ മുറിക്കുള്ളിലേക്ക് കടന്ന് വന്നു… ആ കാറ്റിന് തൊടിയിൽ പൂത്ത ഏതോ പേരറിയാത്തൊരു പൂവിന്റെ സുഗന്ധമായിരുന്നു..ഇളം വെയിലിന്റെ തിളക്കമായിരുന്നു… പിന്നിലായ് നിൽക്കുന്ന അവളെ തിരിഞ്ഞൊന്ന് നോക്കാൻ ആഗ്രഹം തോന്നിയെങ്കിലും അതിന് മുൻപേ ആ ശബ്ദമുയർന്നു പൊങ്ങി… “”അതേയ് കുറച്ച് നാളത്തേക്ക് ഞാനിവിടെത്തന്നെ കാണും…. തന്റെ സഹായിയായിട്ട്… എന്തെല്ലാം തറവേല കാണിച്ചാലും തല്ക്കാലം പോകാൻ ഉദ്ദേശിച്ചിട്ടില്ല…”” ഇടത് കയ്യുടെ ചൂണ്ടുവിരലാൽ വീൽ ചെയറിന്റെ സ്വിച്ച് അമർത്തി അവൾക്ക് അഭിമുഖമായി തിരിഞ്ഞതും മാറിൽ കൈകൾ പിണച്ചു കെട്ടി കട്ടിളപ്പടിയിൽ  ചാരി നിൽക്കുന്നു… “”പിന്നെ നമുക്കിടയിൽ പണ്ട് നടന്നതൊന്നും ഞാൻ ഓർത്ത് വച്ചിട്ടൊന്നുമില്ല… അന്നതൊക്കെ  ഒരു കൗമാരക്കാരന്റെ തമാശയാണെന്ന് തിരിച്ചറിയാൻ ഇത്തിരി സമയമെടുത്തെന്നത് സത്യാ… എന്നാലും, സാരമില്ല…”” താൻ നടിക്കുന്ന ഗൗരവത്തിന്റെ മുഖം മൂടിയാൽ മനസ്സിനെ മറയ്ക്കാനാകില്ലെന്നവൾ അറിഞ്ഞു… വാതിൽ തുറന്ന് പുറത്തേക്ക് നടന്ന അവളുടെ വാക്കുകൾ അവന്റെ നെഞ്ചിൽ കനം വെപ്പിച്ചു… “”റാണീ….”” അവന്റെ ശബ്ദം ആ മുറിക്കുള്ളിൽ ഉയർന്ന് മുറിഞ്ഞതും അവൾ കേൾക്കാത്ത ഭാവത്തിൽ വേഗം പടവുകളിലൂടെ ഓടിയിറങ്ങി.. മറന്നെന്ന് കള്ളം പറയാൻ എത്ര എളുപ്പമായിരുന്നു…വർഷങ്ങൾ ഏറെ പിന്നിട്ടാലും എങ്ങനെയാണത് മറക്കാൻ കഴിയുക…മുറിവേൽപ്പിച്ചതെന്റെ മനസ്സിനല്ലേ… ഭൂതകാലത്തിന്റെ കുളിരിൽ ലയിക്കാൻ കൊതിക്കുന്ന അവളുടെ മനസ്സ് കലാലയത്തിന്റെ ഒഴിഞ്ഞ കോണിലുള്ള ചെമ്പകമരത്തിന്റ കൽത്തിട്ടയിലേക്ക് കുതറിയോടി… അന്നൊരു പൊട്ടി പെണ്ണായിരുന്നു… ഗ്രാമം വിട്ട് നഗരത്തിലെ വലിയ കോളേജിലേക്ക് അയക്കപ്പെട്ടവൾ… ക്യാമ്പസ്സിനുള്ളിലെ റോഢിൽ ഒഴിവു നേരങ്ങളിൽ തന്റെ ബൈക്ക് കൊണ്ട് അഭ്യാസം കാണിക്കുമായിരുന്ന ഒരു ചെറുപ്പക്കാരൻ… മോഹൻദേവ്… കാണാൻ സുമുഖനായിരുന്നു… ഒരുപാട് ആരാധികമാരും… ഒരിക്കൽ ഏറെ വൈകി കോളേജ് ബസ് സ്റ്റോപ്പിൽ വണ്ടി കാത്ത് നിൽക്കുന്ന സമയം… ഇരുട്ട് മൂടാറായ പകലും കൂടണയാൻ പറന്ന് പോകുന്ന പക്ഷികളും… റാണിക്ക് ഉള്ളിൽ ഭയം തോന്നി… അടുത്തേക്ക് വന്ന് നിന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ്‌ ഊരി മാറ്റിയ ആളെ കാൺകെ തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല… “”വാ കയറിക്കോ… ഇനി ഇല്ലിമംഗലത്തേക്ക് ബസ്സില്ല…”” കണ്ണ് തുറിച്ചു വിസ്സമതത്തോടെ നിന്നു… ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പരിചയമില്ലാത്ത അവനിൽ നിന്നും ഇങ്ങനെ ഒരു നീക്കം അപ്രതീക്ഷിതമായിരുന്നു… “”പേടിയ്ക്കണ്ട, ജയൻചേട്ടൻ എന്റെ അച്ഛന്റ്റെ ഓഫീസിലാ ജോലി ചെയ്യുന്നത്… ആളെ എനിക്ക് പരിചയം ഉള്ളതാ… തന്നെയും മുൻപ് കണ്ടിട്ടുണ്ട്…”” തന്റെ അച്ഛനെ ഇവന് പരിചയമുണ്ടോ…. ആശങ്കയോടെ നിൽക്കുന്ന അവളെ ചിരിയോടെ ബൈക്കിന്റെ പിന്നിലേക്ക് ക്ഷണിച്ചു… ആ യാത്രയൊരു തുടക്കമായിരുന്നു… ഒരേ നാട്ടുകാർ ആണെങ്കിലും അവനെ മുൻപ് കണ്ടതായി ഓർക്കുന്നില്ല.. ദിവസങ്ങൾക്കപ്പുറം ഇടയ്ക്കൊക്കെ അവർ തമ്മിൽ കാണുമ്പോൾ വാക്കുകളായി ഒന്നുമില്ലെങ്കിലും കൈമാറാൻ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു…

ആരാധന വളർന്ന് അവളിലെ കൗമാരക്കാരിക്ക് അവനോട് പ്രണയമായി… അവന്റെ ചിരിയിലോ സാമിപ്യത്തിയോ അവൾ തിരികെ കണ്ടത്  പ്രണയമായിരുന്നു… അല്ല തെറ്റിദ്ധരിക്കപ്പെട്ടത് പ്രണയമെന്നായിരുന്നു… ഒരിക്കൽ മനസ്സ് പങ്കുവച്ചു അവനോട്… തന്റെ നിലയോ വിലയോ രൂപമോ ഒന്നും ഓർത്തില്ല… അവനോളം ചേരാനുള്ള യോഗ്യതകൾ ഇല്ലെന്നും അറിഞ്ഞില്ല… മറുപടിയായുള്ള അവന്റെ പൊട്ടിച്ചിരിയിൽ അവളൊന്ന് ചൂളിപ്പോയി.. “”എന്താ കളിയാക്കണേ… ഇഷ്ടമല്ലേൽ പറഞ്ഞാൽ മതീട്ടോ… “” നിഷ്കളങ്കമായ ആ വാക്കുകൾക്കൊപ്പം അവനും നിശ്ശബ്ധമായി… “”തന്നെയും എനിക്ക് ഭയങ്കര ഇഷ്ടാ…”” പെട്ടെന്നാണ് അവന്റെ മറുപടി വന്നത്… അവൾ അനുരാഗിണിയായി… നിലത്തുവീണ ചെമ്പകപ്പൂവിൽനിന്നും ഒന്നെടുത്ത് അവന് നേരെ നീട്ടി… ചിരിയോടെ അത്‌ വാങ്ങുമ്പോൾ ആ കണ്ണിൽ ഘനീഭവിച്ച പരിഹാസത്തിന്റെ കണികകളെ അവൾ കണ്ടിരുന്നില്ല… ആരോടും പറയാതെ അവൻ അന്ന് പറഞ്ഞ ഒരൊറ്റ വാക്കും പേറി അവൾ പ്രണയിനിയെ പോലെ നിറഞ്ഞാടി… അവനൊരു കളിപ്പാവയായി… ചിലപ്പോഴൊക്കെ കൈപിടിച്ചു എന്റെ കൈവെള്ള ആ കവിളിലേക്ക് ചേർത്ത് വയ്ക്കും… മൃദുലമായ ആ കൈത്തണുപ്പ് അവന് ഏറെ ഇഷ്ടമാണെന്ന്… അവനെന്നെ ഒരിക്കൽ പോലും ചുംബിച്ചിട്ടില്ല…മോശമായൊരു നോട്ടമോ പൊള്ളുന്ന സ്പർശനങ്ങളോ നൽകിയിട്ടില്ല… ചേർത്ത് പിടിച്ചിട്ടുണ്ട്… നീണ്ട വരാന്തയുടെ തടിത്തൂണുകൾക്ക് മറവിൽ കൈകോർത്ത് നിന്നിട്ടുണ്ട്… തുളുമ്പിയൊഴുകുന്ന പ്രണയവരമ്പുകളിൽ തനിച്ചു നിന്നാലും സീമകൾ ലംഘിക്കാത്ത, മാംസനിബന്ധമല്ലാത്തൊരു രാഗം… മാസങ്ങളുടെ ഇടവേളകളിൽ കാണുന്ന ആ ഒരൊറ്റ കൂടിക്കാഴ്ചയിൽ മതിമറന്നാനന്ദിക്കുമായിരുന്നു… മോഹൻ അവസാനവർഷമായിരുന്നു… ആദ്യ വർഷം പിന്നിട്ട റാണിക്ക് താൽക്കാലിക വിരഹം പോലും താങ്ങാനാകുമായിരുന്നില്ല… സെന്റ് ഓഫ്‌ പരിപാടികൾക്ക് ശേഷം ക്യാന്റീനിൽ ഒത്തുകൂടിയതായിരുന്നു മോഹനും കൂട്ടുകാരും… “”അല്ലടാ നീയാ പെണ്ണിനെ വിട്ടോ… എന്തായി നിന്റെ പ്രേമനാടകം…”” കൂട്ടത്തിലൊരുവന്റെ ചോദ്യമുയർന്നതും അവൻ ചിരിച്ചു… “”അതൊക്ക ചുമ്മാ…അവൾക്കെന്നോട് ദിവ്യ പ്രേമം…കേട്ടപ്പോൾ ചിരിയാ വന്നത്…പിന്നെ ആ നിപ്പൊക്കെ കണ്ടപ്പോ ഒന്ന് കളിപ്പിക്കാന്ന് തോന്നി… ഞാനും വെറുതെ ഒന്ന് നിന്ന് കൊടുത്ത്… ആളൊരു പാവമാ… എന്നാലും She is not my type…”” അവനൊന്ന് നിവർന്നെഴുനേറ്റ് ഡെസ്കിന് മുകളിലേക്കിരുന്നു… “”എന്നാലും ഇത്രേം നാള് അതിനെ വട്ട് കളിപ്പിക്കണമായിരുന്നോ മോഹൻ നിനക്ക്… “” “”നീയൊന്ന് ചുമ്മാതിരിക്ക് പ്രിയേ… ആ കാര്യത്തിൽ ഒരു കുറ്റബോധവും വേണ്ട… അവളുടെ ലുക്ക്‌ ഒക്കെ കണ്ടിട്ടില്ലേ ഒരുമാതിരി ആന്റി ടൈപ്പ്… അളിയന് അവളോട് ഒരു വികാരവും തോന്നിയിട്ടില്ലായിരിക്കും….”” ഉയർന്നു കേട്ട കൂട്ടച്ചിരിക്കൊപ്പം അവനെന്തോ ചിരിക്കാൻ തോന്നിയില്ലെങ്കിലും നിശ്ശബ്ദമായിരുന്നു… “”അപ്പൊ നമുക്ക് വീണ്ടും പാക്കലാം…. നെക്സ്റ്റ് വീക്ക്‌ ഒരു മട് റേയ്സ് ഉണ്ട്… അത്‌ കഴിഞ്ഞാൽ ഞാൻ പറക്കും അയർലണ്ടിലേക്ക്… തിരിച്ച് ഉടനെ എങ്ങും ഇങ്ങോട്ട് ഉണ്ടാകില്ല… “” “”ഹാ യോഗം വേണേ… ഇനി വല്ല മദാമ്മയേം കെട്ടി അവിടങ്ങു കൂടാല്ലോ നിനക്ക്…”” ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തൊറുത്ത് കയറ്റി അവൻ ചിരിയോടെ യാത്രപറഞ്ഞിറങ്ങിയതും അവരുടെ സംഭാഷങ്ങൾ എല്ലാം കേട്ടുകൊണ്ടവൾ പുറത്തുണ്ടായിരുന്നു… അവളുടെ മങ്ങിയ ചിരിയ്ക്കൊപ്പം കണ്ണുകളിലും നനവുണ്ടായിരുന്നു… നിസ്സഹായമായൊരു നോട്ടമുണ്ടായിരുന്നു… “”തനിക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടട്ടെ…

വെറുതെ ആരുന്നേൽ നേരത്തെ പറയാമാരുന്നു… ഇപ്പൊ പെട്ടന്ന് കേട്ടപ്പോ വല്ലാത്ത വിഷമം… സാരോല്ല… പോട്ടെ… “” അവൾ വരാന്തയിലൂടെ തിരിഞ്ഞോടുമ്പോൾ വികാരങ്ങളേതുമില്ലാത്ത മുഖഭാവത്തോടെ അവൻ നിശ്ചലനായി നിന്നു… എത്ര വേഗമാണ് വർഷങ്ങൾ പൊഴിഞ്ഞു പോയത്…ഋതുക്കൾ മാറി മറഞ്ഞത്…എല്ലാം ഓർക്കുമ്പോൾ വല്ലാത്ത വിഷമമാണ്… എന്തുകൊണ്ടോ മറക്കാൻ കഴിയണില്ല ഒന്നും… ഇളം കാറ്റടിക്കുമ്പോഴേക്കും തലതല്ലിയാടുന്ന തൊടിയിലെ കവുക് മരങ്ങൾക്കിടയിലൂടെ അവൾ നടന്നു… കുളമുറ്റത്തെ മാവിൻ ചുവട്ടിൽ കാലം തെറ്റിപ്പെയ്ത വേനൽമഴയിൽ അടർന്നു വീണ മാമ്പഴങ്ങളിൽ നല്ലത് മൂന്നുനാലെണ്ണം പെറുക്കിയെടുത്തു… തൊലി ചെത്തി പൂളി കഷ്ണങ്ങളാക്കി മോഹന്റെ മുറിയിലേക്ക് നടന്നു… ഇപ്പോളവൻ കൂടുതലും തുറന്നിട്ട ജനാലയ്ക്ക് മുന്നിലെ കാഴ്ചക്കാരനാണ്… മേഘം കുടഞ്ഞിടുന്ന മഴത്തുള്ളികൾ ജനൽക്കമ്പികളിൽ ഒരു പ്രത്യേക ആകൃതി തീർത്തിട്ടുണ്ട്… “”ദാ നാട്ടുമാങ്ങയാ…കഴിക്ക് മാഷേ… “” ആദ്യമൊന്ന് നിരസിച്ചെങ്കിലും മെല്ലെ വായ് തുറന്നു… അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിച്ചു… ദിവസങ്ങൾ അങ്ങനെ പിന്നിട്ടു… മൗനമായൊരു ശീതസമരത്തിലായിരുന്നു അവൻ… അവഗണയും നിസ്സഹകരണവുമായി അവളെ അകറ്റി നിർത്തുന്നു… ഒരിക്കൽ ഒരാളെ കൂട്ടിക്കൊണ്ടുവന്ന് മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കി… “”നോക്കിക്കേ സുന്ദരക്കുട്ടപ്പനായി”” അവന് അഭിമുഖമായി കണ്ണാടി പിടിച്ചുകാട്ടി അവൾ ചിരിച്ചു… അവൻ ചിരിച്ചില്ല… ഇടയ്ക്കെപ്പോഴോ റാണിയുടെ കണ്ണുകൾ അവന്റെ മോതിരവിരലിലെ സ്വർണ്ണത്തിളക്കത്തെ ശ്രദ്ധിച്ചത് അന്നാദ്യമായാരുന്നു… ആനന്ദി…ഭാവി വധു… ഹൃദയത്തിന്റെ ഏതോ ഒരറ്റത് ഒരു കുഞ്ഞ് നോവ്… അവനും അറിഞ്ഞു അവളുടെ കണ്ണുകളുടെ ലക്ഷ്യസ്ഥാനത്തെ… “”വൈദ്യശാസ്ത്രത്തെ തോൽപ്പിക്കാൻ ഒരുപക്ഷെ മനുഷ്യന്റെ മനസ്സിന് സാധിച്ചേക്കാം… മരുന്നുകളോടൊക്കെ മോഹന്റെ ബോഡി പ്രതികരിക്കുന്നുണ്ട്… പക്ഷേ ഈ താല്പര്യമില്ലാഴ്മ മാറ്റണം… റാണിയെപ്പോലൊരാൾ കൂടെയുള്ളപ്പോൾ മോഹന് എഴുനേറ്റ് നടക്കാൻ ഇനി അധികകാലം വേണ്ടി വരില്ല…”” “”റാണി, അവളാരാ ദൈവമാണോ… “” പ്രസീത ഡോക്ടറുടെ വാക്കുകൾക്ക് അവൻ പുച്ഛത്തോടെ അവളെ നോക്കുമ്പോൾ ആ കണ്ണിൽ പ്രതീക്ഷയുടെ നാളമായിരുന്നു… “”എന്തെ റാണി, മോഹനെ എഴുനേറ്റ് നടത്തിയ്ക്കണ്ടേ നമുക്ക്… ഇത്ര തിടുക്കപ്പെട്ടു ഇവിടേക്ക് വന്നിട്ട് എന്താടോ ഒരു ഉത്സാഹമില്ലാത്തപോലെ…”” അവൾ മറുപടി പറയാതെ വേഗം പുറത്തേക്ക് ഇറങ്ങി നടന്നതും ഒന്നും മനസ്സിലാകാത്ത പോലെ മോഹൻ ഡോക്ടറുടെ നേരെ മുഖമുയർത്തി… “”ഏകദേശം പറഞ്ഞാൽ നാലഞ്ച് വർഷം മുൻപ് എന്റെ വീടിനോട് ചേർന്ന ക്ലിനിക്കിലേക്ക് അറ്റെൻഡർ ആയി പാർട്ട്‌ ടൈം ജോലിക്ക് വന്നതാ റാണി… ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന ഒരു ചെറിയ പെൺകുട്ടി…അമ്മയില്ലാത്ത കുട്ടിയുടെ അച്ഛന്റെ പെട്ടന്നുള്ള മരണവും,സാമ്പത്തികവും ഒക്കെ അവളെ അലട്ടി… പതിയെ പതിയെ അവൾ ഞങ്ങളുടെ ആരൊക്കെയോ ആയ പോലെ…വീട്ടിൽ അമ്മയ്ക്ക് അവളെ ജീവനാരുന്നു… അമ്മയുടെ അവസാന സമയത്തൊക്കെ റാണിമോൾ ആരുന്നു നോക്കിയതൊക്കെ… അവള് പിജി ഒക്കെ കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ തന്നെയാക്കി താമസം… ബന്ധുക്കളെന്ന് പറയാൻ ആരുമില്ലേ… എന്നാലും അവൾ എനിക്കെന്റെ മോളേ പോലെയാ… നിന്റെ അച്ഛൻ, ദേവേട്ടൻ ഒരിക്കൽ ഇവിടേക്ക് ഒരാളെ വേണമെന്ന് പറഞ്ഞു…വെറുതെ ആ കാര്യം റാണിയോട് സംസാരിച്ചു നിന്റെ ഫോട്ടോ ഒക്കെ കാണിച്ചപ്പോളാ ഒരുമിച്ച് പഠിച്ചതാണെന്നൊക്കെ പറഞ്ഞത്… പക്ഷേ അവളുടെ കണ്ണുകളുടെ തിളക്കവും നിന്റെ അവസ്ഥ അറിഞ്ഞപ്പോളുള്ള വേദനയുടെ ആഴവുമൊക്കെ പിന്നീടാണ് അറിഞ്ഞത്… പാവം കുട്ടി എന്തിനാടോ അതിന് വെറുതെ ആശ കൊടുത്തത്… എന്നിട്ട് എന്താ നേടിയത്… അത്‌ നിർബന്ധിച്ചു ഓടി വന്നതാ നിനക്കൊരു കൈത്താങ്ങ് ആകാൻ പറ്റുമെങ്കിൽ ആവട്ടെ എന്ന് പറഞ്ഞിട്ട്…”” ചെമ്പകമരത്തിട്ടയിൽ തന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന റാണിയുടെ മുഖം മനസ്സിലേക്ക് വന്ന് തറച്ചു…

എന്തോ മനസ്സ് നോവുന്നു… “”ശെരി ഞാൻ ഇറങ്ങട്ടെ… പിന്നെ അവളോട് വഴക്കിനു നിൽക്കണ്ട… നീ എന്ത് കാണിച്ചാലും അവള് തല്ക്കാലം പോന്ന മട്ടില്ല… നല്ല കുട്ടിയായിട്ട് ഇരിക്ക് കേട്ടോ…”” അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചവർ യാത്ര പറഞ്ഞു… അവനെന്തോ അവളെയൊന്ന് കാണണമെന്ന് തോന്നി… പക്ഷേ അന്ന് രാത്രിയിൽ പോലും അവൾ ആ മുറിയിലേക്ക് വന്നില്ല… അടുത്ത ദിവസം രാവിലെ തന്നെ എത്തി മരുന്നുകളൊക്കെ തന്നു… ഫിസിയോതെറാപ്പിയും പുതിയ ചികിത്സാരീതിയുമൊക്കെ റാണിയുടെ മേൽനോട്ടത്തിൽ പുരോഗമിച്ചു… ആദ്യത്തെ നിസ്സഹകരണം പിന്നീട് മോഹനിൽ കണ്ടില്ല… ഇടയ്ക്കൊക്കെ നല്ല വഴക്ക് കൊടുത്ത് അവനെ അടക്കി നിർത്താൻ റാണിക്ക് കഴിഞ്ഞു എന്നതും സത്യമായിരുന്നു… ഒരിക്കൽ മോഹനുമായി അവൾ പുറത്തേക്കൊക്കെ ഇറങ്ങി… അന്ന് വിഷുക്കാലമായിരുന്നു…മുറ്റത്ത് നിറയെ പൂത്ത കാണിക്കൊന്നയുടെ മഞ്ഞ വിരിച്ച തണലിൽ അവർ നിന്നു… ഒരു കുല പൂക്കൾ അടർത്തി അവന്റെ മടിയിലേക്ക് വച്ചവൾ ചിരിച്ചു… മോഹന്റെ ജന്മദിനം ആഘോഷമാക്കാൻ റാണിയാണ് ദേവൻ സാറിനോട് ചട്ടം കെട്ടിയത്… സ്വർണ്ണക്കരയുള്ള സെറ്റ് മുണ്ടും ഉടുത്ത് ഇലച്ചീന്തിൽ നിന്നും ചന്ദനം ചാലിച്ചവൾ അവന്റെ നെറ്റിയിൽ വരച്ചു.. അവൻ കണ്ണുകൾ ഇറുക്കെ അടച്ചു… അവന്റെ കവിളിൽ അവളുടെ കൈവെള്ള ചേർത്തു വച്ചു… “”ജന്മദിനാശംസകൾ മോഹൻ…”” അവന്റെ കണ്ണുകൾ ഈറനായി… അച്ഛനാണ് കേക്ക് മുറിച്ചു ആദ്യ കഷ്ണം അവന് നൽകിയത്…എന്തോ വലിയൊരു ഇരുട്ടിലേക്ക് പ്രതീക്ഷയുടെ പ്രകാശം വന്നപോലെ തോന്നി അവന്… ചൂണ്ടുവിരലിൽ കേക്കിന്റെ ക്രീം എടുത്ത് അവന്റെ മുഖത്തൊക്കെ വരച്ചു അവൾ…അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു… “”താങ്ക്സ്…. “” “”എന്തിന്…”” “”അറിയില്ല…”” അവൾ കണ്ണുകൾ ചിമ്മിക്കാട്ടി… “”അതേയ് വേഗം എഴുനേറ്റ് നടന്നോണം… താൻ റെഡിയായാൽ എനിക്ക് ജോലി പോകും, എന്നാലും കുഴപ്പമില്ല തന്നെ ഇങ്ങനെ കാണാൻ ഒരു സുഖവുമില്ലാന്നേ… പഴേപോലെ ബൈക്കിൽ അഭ്യാസം ഒക്കെ കാണിച്ച് എപ്പോഴും ചിരിയോടെ നിൽക്കുന്ന മോഹനെ കാണാനാ രസം…”” അവൾ ചിരിയോടെ പറഞ്ഞതും അവന്റെ നെഞ്ചിൽ കനൽ വീണു കത്തിയെരിഞ്ഞു…അവന്റെ കൈകളെ അവൾ പൊതിഞ്ഞു പിടിച്ചു… ദിവസങ്ങളും മാസങ്ങളും കടന്ന് പോകെ എന്തിനും ഒരു വിളിക്കപ്പുറം ഊർജസ്വലയായ മിടുക്കിയായ എപ്പോഴും ചിരിച്ചും കളിച്ചും ശാസിച്ചുമൊക്കെ റാണി ഉണ്ടാകും… എവിടെയൊക്കെയോ മൗനമായൊരു സൗഹൃദം മുളപൊട്ടി അവർക്കിടയിൽ… അവളില്ലാത്ത ഒരു നിമിഷത്തിന്റെ ശൂന്യതയിൽ പോലും അവൻ സ്വയം കലഹിച്ചു തുടങ്ങി… “”തന്റെ അച്ഛന് എന്താ പറ്റിയത്… “” “”ഒന്നും ഇല്ലാരുന്നെന്നെ… ആള് പെട്ടന്ന് എന്നെയങ്ങ് തനിച്ചാക്കി പോയി… അന്ന് അത്രക്ക് പക്വതയോടെ ചിന്തിക്കാനൊന്നും അറീല്ലാരുന്നു… ഒത്തിരി സങ്കടപ്പെട്ടു… അതിന്റെ കൂടെ താനും എന്നെ പറ്റിച്ച സങ്കടം…ഒക്കെ എന്റെ തെറ്റാ… ഇയാളുടെ ഫ്രണ്ട്‌സ് പറഞ്ഞ പോലെ ഒരു ആന്റി ടൈപ്പ്… അല്ലേലും മോഹന് ചേർന്നത് റാണിയല്ല… അല്ലേ…”” അവൾ പൊട്ടി പൊട്ടി ചിരിച്ചു… അവനൊന്നു കരയണമെന്ന് തോന്നി… ഒരിക്കൽ മോഹനെ കാണാൻ ഒരു പെൺകുട്ടി വന്നു…ആനന്ദി… കൊലുന്നനെ വട്ടമുഖമുള്ളൊരു സുന്ദരി… അവൻ മുഖമുയർത്താതെ നിലത്തേക്ക് കണ്ണ് നട്ടു… റാണിയുടെ നെഞ്ച് വല്ലാതെ മിടിക്കുന്നു… ആനന്ദി അവന് സമീപം നിലത്തേക്ക് മുട്ടുകുത്തി… “”Am sorry മോഹൻ… ഈ കാര്യത്തിൽ അല്പം പ്രാക്ടിക്കൽ ആയി ചിന്തിക്കണമെന്നാ മനസ്സ് പറയുന്നത്… ഇനിയും കാത്തിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…അയർലന്റിലേക്ക് തിരികെ പോകാൻ പ്ലാൻ ചെയ്യുകയാ… നമ്മുടെ ഫാമിലി പറഞ്ഞുറപ്പിച്ചു എന്നതിനപ്പുറം ലവ്, അഫക്ഷൻ അങ്ങനെ ഒന്നുമില്ല എന്ന് തോന്നുന്നു നമ്മൾക്കിടയിൽ…അല്ലേ… ഈയൊരു അവസ്ഥയിൽ തന്നെ ഉപേക്ഷിച്ചു എന്നൊക്കെ പറയുന്നതിലും വലിയ കാര്യമില്ലല്ലോ… Good bye മോഹൻ… എത്രയും വേഗം എഴുനേറ്റ് നടക്കണം… എന്നും സുഹൃത്തുക്കൾ ആയിട്ടിരിക്കണം…”” അവൻ മറുപടി പറയാതെ നിർവികാരനായി… അവൾ എഴുനേറ്റ് റാണിയെ നോക്കി ചിരിയോടെ പുറത്തേക്ക് നടക്കാൻ ഒരുങ്ങി… രണ്ട് ചുവടുകൾ നടന്നതും വീണ്ടും തിരികെ വന്ന് മോഹന് അരികിലേക്ക് ചെന്നു… വലതു കയ്യിലെ മോതിരവിരലിൽ നിന്നും അവളുടെ പേര് കൊത്തിയ മോതിരം ഊരിയെടുത്തു… നിലത്ത് പതിയുന്ന ചെരുപ്പിന്റെ മുഴങ്ങുന്ന ശബ്ദം അകന്നകന്നു പോയി… അവൻ തലയുയർത്തി റാണിയെ നോക്കിയതും അവൾ ചുണ്ട് കടിച്ചു ചിരി ഒതുക്കുന്നു… അടക്കി നിർത്താനാകാതെ അവൾ പൊട്ടിച്ചിരിച്ചു പോയി… “”എന്നാലും നല്ല തേപ്പ് ആയി പോയല്ലോ മോഹൻ ഇത്…”” സാരിത്തലപ്പാൽ അവൾ മുഖം പൊത്തി ചിരിച്ചു…

അവന്റെ ചുണ്ടിലും ഒരു കുഞ്ഞ് ചിരി വിടർന്നപ്പോൾ റാണി ആശ്ചര്യത്തോടെ അവനെ നോക്കി… “” എനിക്കിപ്പൊ എഴുനേറ്റ് നിൽക്കാൻ കഴിഞ്ഞിരുന്നേൽ നിന്നെ കെട്ടി പിടിച്ചു ഞാൻ ഒരു ഉമ്മ തന്നേനെ… “” അവൻ പെട്ടന്ന് അങ്ങനെ പറഞ്ഞു പോയി… “”അതിന് വേറെ ആളെ നോക്കണം മിസ്റ്റർ…”” “”നീയുണ്ടെങ്കിൽ വേറെ ആളെയെനിക്ക് വേണ്ടെങ്കിലോ…”” അവൾ നിശബ്ദയായി… “”ഇന്ന് സംഭവിച്ചതിലൊക്കെ സന്തോഷമേ ഉള്ളൂ എനിക്ക്… ഞാനായിട്ട് ചെയ്യാനിരുന്ന കാര്യമാണ്… പക്ഷേ ആനന്ദി ഇത്രക്ക് ഫാസ്റ്റ് ആകുമെന്ന് അറിഞ്ഞില്ല… “” ആദ്യമായാണ് മോഹൻ ഇത്രയും സംസാരിക്കുന്നത്… കണ്ണിലൊളിപ്പിച്ചൊരു കുസൃതി ചിരിയും… വീൽ ചെയർ ഉരുട്ടി റാണിക്കരികിലേക്ക് ചെന്നു… “”എന്റെ ഈ അവസ്ഥയിൽ ഇപ്പൊ ഞാൻ സന്തോഷിക്കുവാടോ… സത്യം… അല്ലാരുന്നേൽ നിന്നെ എനിക്ക്…”” “”വേണ്ട മോഹൻ… കുറച്ച് കഴിഞ്ഞ് താൻ പറയും വെറുതെ തമാശ ആരുന്നെന്ന്… അവിടേം ഈ റാണി തോൽക്കും… വീണ്ടും വീണ്ടും മോഹങ്ങൾ തന്നിട്ട്….”” അവൾ അവനെ നോക്കാതെ അതിവേഗം പുറത്തേക്ക് നടന്നു… ഒരു വർഷത്തോളമായി… മോഹനെ കുളിപ്പിക്കുന്നതും വസ്ത്രങ്ങൾ അണിയിക്കുന്നതും മുടി ചീകിക്കൊടുക്കുന്നതും എല്ലാം ഇപ്പോൾ റാണി തന്നെയാണ്… ഒരു കുഞ്ഞിനെ പോലെ അവനെ പരിചരിച്ചു ഊട്ടി അവൾ… അവനൊരു നല്ല കൂട്ടുകാരിയായി… ദിവസങ്ങൾ പിന്നിടുമ്പോഴും വലിയ മാറ്റങ്ങളൊന്നും മോഹനിൽ കണ്ടില്ലെങ്കിലും എഴുനേറ്റ് നടക്കണം എന്ന അതിയായ ആഗ്രഹമാണവന്… ഒരിക്കൽ അവൾക്കൊരു രജിസ്റ്റേഡ് വന്നു… തുറന്നപ്പോൾ മനസ്സിൽ നൊമ്പരം വന്നെങ്കിലും പുറമെ ചിരിച്ചു അവൾ… “”ഇനി അധികദിവസമൊന്നും എന്റെ ശല്യം ഉണ്ടാകില്ല കേട്ടോ… അഡ്വൈസ്സ് മെമ്മോ ആണ് വന്നത്…”” അവനരികിൽ നിലത്തേക്കിരുന്നു ആ വിരലുകളിൽ അവൾ കോർത്തു പിടിച്ചു… അവനെ നിരാശ മൂടി… “”താൻ എഴുനേറ്റ് നടന്നിട്ടൊക്കേ പോകൂ എന്ന് വിചാരിച്ചതാ… പക്ഷേ എല്ലാം പെട്ടെന്നായിരുന്നു അല്ലേ…”” “”പ്ലീസ് താൻ എന്നെയിട്ടിട്ട് പോകല്ലേ…”” അവന്റെ വാക്കുകൾ വല്ലാതെ ഇടറി… “”അയ്യേ… എന്താടോ ഇത് കൊച്ചു പിള്ളേരെ പോലെ… എനിക്ക് ഉറപ്പുണ്ട്, അധികം വൈകാതെ താൻ എഴുനേറ്റ് പഴയ പോലെ ഓടി നടക്കും നോക്കിക്കോ…”” കൂടുതൽ ഒന്നും പറയാനാകില്ലായിരുന്നു അവൾക്കും… പിന്നീടുള്ള ദിവസങ്ങൾ ഇരുവരും മൗനം കൊണ്ട് വലിയൊരു മതിൽ തീർത്തു… ഒടുവിൽ അവൾ യാത്ര പറയാനൊരുങ്ങി… അവന്റെ മുഖം കൈകളിലെടുത്ത് ആ നെറ്റിയിൽ അവൾ ചുംബിച്ചു…അവന്റെ കണ്ണുകൾ നനഞ്ഞു… “”പോട്ടെ… എന്നേലും കാണാം…”” “”ഒന്ന് ചലിക്കാൻ പറ്റിയിരുന്നേൽ തന്നെ ഞാൻ വിടില്ലാരുന്നു… പക്ഷേ എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലല്ലോ…”” അവളും കരയുമെന്നായപ്പോൾ അവനെ നോക്കാതെ തിരിഞ്ഞു നിന്നു… “”റാണീ… കുറച്ച് നാള് കൂടി ഒന്ന് കാത്തിരിക്കുവോ…ആ മനസ്സിൽ ആർക്കും സ്ഥാനം കൊടുക്കാതെ… സ്വാർത്ഥതയല്ല… എന്തോ ഒറ്റക്കായി എന്നൊരു തോന്നൽ… “” അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് തികട്ടിവന്നൊരു ഗദ്ഗദത്തെ ഞെരിച്ചു… “”ഞാൻ ഒരാളെ മാത്രേ പ്രണയിച്ചിട്ടുള്ളു മോഹൻ… ആ ആൾക്ക് വേണ്ടിയാ കാത്തിരുന്നത്… ആ ആൾക്ക് വേണ്ടിയാ ഇവിടെ വന്നത്… കാലമെത്ര കഴിഞ്ഞിട്ടും അയാളെ അല്ലാതെ മാറ്റാരേം സ്നേഹിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല…”” വിങ്ങി കരഞ്ഞുകൊണ്ട് ബാഗുമെടുത്തവൾ ഗേറ്റിനരികിലേക്ക് ഓടി…തിരിഞ്ഞൊന്ന് നോക്കാതെ… യാത്ര പറയാതെ… അവന്റെ ഉച്ചത്തിലുള്ള വിളികൾ ഇടവഴികളിൽ ഞെരിഞ്ഞ കരിയിലകളുടെ ശബ്ദത്തിനൊപ്പം ദൂരേക്ക് അകന്ന് കേട്ടു… ആഴ്ചകൾക്കപ്പുറം റാണി ജോലിയിൽ കയറി… പ്രസീത ഡോക്ടറോട് സ്ഥിരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു… എന്നാലും മനസ്സ് ആസ്വസ്തമാണ്… ഉമ്മറപ്പടിയിൽ ആ വീൽ ചെയറിൽ ഉപേക്ഷിച്ചു വന്ന മോഹന്റെ മുഖം മായാതെ നിൽക്കുകയാണ് മനസ്സ് നിറയെ.. ആറ് മാസങ്ങൾക്കപ്പുറം അവൾ അറിഞ്ഞു അവന്റെ കൈകൾ ചലിച്ചുവെന്ന്…ജീവൻ വച്ചുവെന്ന്… അവളുടെ മണ്ണിലുരുണ്ട 101 ശയനപ്രതിക്ഷണങ്ങൾ… അവൾ കാത്തിരുന്നു… വീണ്ടുമൊരു വിഷുപ്പുലരിയിൽ പൂത്ത കണിക്കൊന്ന മരത്തിനു കീഴെ വെറുതെ നിന്നു അവൾ…വിരഹിണിയായി… പിന്നീടറിഞ്ഞു മോഹനിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടെന്നും തുടർചികിത്സയ്ക്കായി യൂ.എസിലേക്ക് പോകുകയാണെന്നും… കേട്ടപ്പോൾ എന്തോ മനസ്സിങ്ങനെ വെന്തു നീറുകയാണ്… അവൻ ഒരു വാക്ക് മിണ്ടാൻ ഒന്ന് വിളിച്ചതുപോലുമില്ല അവളെ… അവളോർത്തു അവൻ തന്നെ മറന്നുകാണുമെന്ന്… പ്രസീത ഡോക്ടർ വിളിച്ചപ്പോൾ തന്നെക്കുറിച്ചൊന്നും മോഹൻ ചോദിക്കാറേയില്ലെന്ന് അറിഞ്ഞ നിമിഷം വീണ്ടും അവൾ മരിച്ചു…ജഡമായി… പഴയ റാണിയാകാൻ പിന്നീടവൾക്ക് സാധിക്കുന്നതേയില്ലായിരുന്നു… ഉറക്കമില്ലാത്ത രാത്രികളും…കറുപ്പ് വലയം ചെയ്ത കണ്ണറകളും… ദിവസങ്ങൾ കടന്നുപോകെ റാണി വെറും നിഴലായി മാറി… വണ്ണം കുറഞ്ഞു നേർത്തു…

അവൾ ക്ഷീണിച്ചു അവശയായി… മാനസിക നില തെറ്റിയവളെ പോലെ ഇടയ്ക്ക് ചിരിയ്ക്കും കരയും കലഹിക്കും… എന്തിന് പ്രണയം ഇത്രമേൽ നോവിക്കുന്നു…ഒരിക്കൽ അണഞ്ഞ കനലിൽ വീണ്ടും കൊള്ളിവച്ചതെന്തിനായിരുന്നു… ഡിപ്രെഷന്റെ തലങ്ങളിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു തുടങ്ങി… നീണ്ട നഖങ്ങളാൽ  മാംസങ്ങളെ അവൾ സ്വയം വരഞ്ഞു മുറിച്ചു… മുടിയിഴകൾ പിച്ചിപ്പറിച്ച് അലറിക്കരഞ്ഞു… നീണ്ട രണ്ട് വർഷങ്ങൾ… “”എന്റെ മോഹൻ വന്നോ സിസ്റ്ററേ… ഇല്ലല്ലേ…അവൻ വരില്ല.. കള്ളനാ… “” അവൾ പൊട്ടിച്ചിരിച്ചു… പിന്നെ ഉറക്കെ ഉറക്കെ കരഞ്ഞു… കാരുണ്യ മെന്റൽ അസ്സൈലത്തിന്റെ ഇരുമ്പഴികൾ പൂട്ടിയ ചെറിയ സെല്ലിനുള്ളിൽ അവൾ കമിഴ്ന്നു കിടക്കുന്നു…അഴുക്ക് പുരണ്ട വെള്ള വസ്ത്രവും…ജടപ്പിടിച്ച മുടിയും… ചങ്ങലകൾ ചിരങ്ങുകൾ തീർത്ത വലതുകാൽ അവൾ മെല്ലെ തടവി… പ്രണയം ഇത്രമേൽ മുറിവേൽപ്പിക്കുമോ… ഇത്രമേൽ തീവ്രമാകുമോ… അറിയില്ല… ആർക്കുമറിയില്ല… ഒരിക്കൽ മെന്റൽ അസ്സൈലത്തിന്റെ ഗേറ്റ് കടന്നൊരു വെള്ള നിറമുള്ള കാർ അകത്തേക്ക് വന്നു… പിന്നിലെ ഡോർ തുറന്നിറങ്ങിയ ആരോഗ്യവാനായൊരു ചെറുപ്പക്കാരൻ… നടക്കുമ്പോൾ ഇടതു കാലിന്റെ ചെറിയ സ്വാധീനക്കുറവ് എടുത്തുകാട്ടുമായിരുന്നു… അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു… മുഖത്ത് സങ്കടത്തിന്റെ കടലാഴങ്ങൾ ആയിരുന്നു… “”ഡോക്ടർ എന്റെ റാണിക്ക്… “” മോഹൻ മുഖം പൊത്തി കരഞ്ഞുപോയി… അവനൊപ്പം പ്രസീത ഡോക്ടറും ഉണ്ടായിരുന്നു… ഇരുമ്പ് വാതിൽ മെല്ലെ തുറന്നു സെല്ലിലേക്ക് കയറി മോഹൻ റാണിക്കരികിലേക്ക്  ഇരുന്നു… നിലത്ത് കമിഴ്ന്നു കിടന്ന് മയക്കമാണവൾ… അവളെ തന്റെ മടിയിലേക്ക് കിടത്തി കുനിഞ്ഞവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു… അവനൊന്ന് ആർത്ത് കരയാൻ തോന്നി… “”മോളേ റാണീ… കണ്ണ് തുറക്ക്… ഇതാരാ വന്നിരിക്കുന്നേന്ന് നോക്ക്…”” “”വേണ്ട എന്റെ മോഹൻ വന്നെന്ന് പറഞ്ഞു പറ്റിക്കാനല്ലേ…”” അവൾ കണ്ണ് തുറന്നില്ല… മോഹൻ ചങ്ങലകൾ ഊരിയെറിഞ്ഞു അവളെ തന്റെ കൈകളിൽ കോരിയെടുത്ത് കാറിനരികിലേക്ക് നടന്നു… ഒരു കരച്ചിലോടെ കൈകാലിട്ടടിച്ചു അവൾ…നിലത്ത് നിർത്തി അവളെ ഇറുകെ പുണർന്നു…ചുംബങ്ങൾ കൊണ്ട് മൂടി…അവൾ തളർന്നാ നെഞ്ചിലേക്ക് വീഴുമ്പോൾ അവന്റെ കരങ്ങൾ ശക്തിയോടെ പൊതിഞ്ഞു പിടിച്ചു… ഇനി വിട്ട് കൊടുക്കില്ലെന്ന് പുലമ്പി… മെല്ലെ മെല്ലെ അവന്റെ സ്നേഹം അവൾക്ക് മരുന്നായി… തണലായി… ആർക്കും വിട്ടുനൽകാതെ ഒരു കുഞ്ഞിനെ പോലെ  പരിപാലിച്ചു… പിന്നെയും ഋതുക്കൾ അവരിൽ വസന്തം തീർത്തുതുടങ്ങി… അവർ പ്രണയിച്ചുതുടങ്ങി… “”അത്രക്കും ഇഷ്ടമായിരുന്നോ എന്നെ…”” “”മ്മ്…”” “”എത്ര ഇഷ്ടം…”” “”അതറിയില്ല…എനിക്ക് മുന്നേ നീ മരിച്ചാൽ അന്ന് ഞാനതിന് ഉത്തരം കണ്ടെത്തും…”” മന്ദാരങ്ങൾ പൂത്ത തൊടിയിലൂടെ ഇരുവരും കൈകോർത്തു നടന്നു… വേനൽ മഴ കാലം തെറ്റി പെയ്യുന്ന മേടമാസ വാരാന്ത്യങ്ങളിൽ കുളമുറ്റത്തെ മാവിൻ ചുവട്ടിലെ നാട്ടുമാമ്പഴങ്ങൾ അവർ ഒരുമിച്ചു പെറുക്കിയെടുത്തും പങ്കിട്ടും രുചിച്ചും പ്രണയകാലങ്ങൾ തീർത്തു… നിലാവുള്ള രാത്രികളും…മഴതണുപ്പിച്ച പ്രഭാതങ്ങളും…പോക്കുവെയിലേറ്റ് ചുവന്ന സന്ധ്യകളും…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular