Connect with us

Love

രാഖിയുടെ കല്യാണമാ ചെക്കനാരാണെന്നു നിനക്കറിയണ്ടേ…

Published

on

രചന: Rosily joseph

“സോറീഡാ ഞാനൊരല്പം വൈകിപ്പോയി..” “നീയെന്നോടൊന്നും മിണ്ടണ്ട നിനക്കിപ്പോ എന്നോട് പഴയതുപോലുള്ള ഇഷ്ടം ഒന്നൂല്ല.” രാഖീ… മുഖം തിരിച്ചു പിണങ്ങിനിന്ന അവളെ ഞാൻ വിളിച്ചു. എന്റെ മുഖത്തേക്കവൾ ദേഷ്യത്തോടെ നോക്കി. “എന്താ…?” “ഒന്ന് കണ്ണടച്ചേ പറയാം….” “ഉ മ്മ തരനാണേൽ വേണ്ടാട്ടോ.. ആദ്യമേ പറഞ്ഞേക്കാം… എന്റെ പൊന്നോ അതിനൊന്നുമല്ല” “അല്ല ഞാൻ പിണങ്ങിയിരിക്കുമ്പോ പിണക്കം മാറ്റാനായിട്ട് കൊണ്ടുവരുമല്ലോ നിങ്ങടെ ഒരു അളിഞ്ഞ ഉ മ്മ അതുകൊണ്ട് പറഞ്ഞതാ.. എന്റെ പൊന്നേ നീയൊന്ന് കണ്ണടയ്ക്ക്. മ്മ്… കണ്ണടച്ചു എന്താ പറ. അവള്ടെ കയ്യിൽ ഒരു മഞ്ഞ ടെഡിബിയർ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു. മ്മ് ഇനി കണ്ണുതുറക്ക്… ഹായ്… സൂര്യനുദിച്ചത് പോലെ അവള്ടെ മുഖം തിളങ്ങി. ഒരുപാട് ഇഷ്ടമാണ് ടെഡി ബിയർ .. പിന്നെ മഞ്ഞനിറത്തോടും. സന്തോഷമായോ… മ്മ് ഇന്ന് നിന്റെ ബര്ത്ഡേ അല്ലേ ഗിഫ്റ്റ് വാങ്ങാൻ പോയതാ ഞാൻ അതിനാ നീയെന്നെ… സോറീഡാ… മ്മ് ഓക്കേ ഓക്കേ.. ഇന്ന് എന്റെ മോൾക്ക് എന്ത് വേണമെങ്കിലും ഞാൻ വാങ്ങിത്തരും. സത്യായിട്ടും… മ്മ് സത്യം.. നീ പറ എന്താ നിനക്ക് വേണ്ടേ… എനിക്ക്.. ആദ്യം നിന്റെ കയ്യിലിങ്ങനെ പിടിച്ചു ഈ മണല്തരികളിലൂടെ നടക്കണം. മ്മ്… രാകേഷ് അവളുടെ കയ്യ് പിടിച്ചു ആ ബീച്ചിലൂടെ ഒരുപാട് നേരം നടന്നു. തിരമാലകൾക്കൊപ്പം ഒരു കൊച്ചുകുട്ടിയെപോലെ തു ള്ളിച്ചാടി അവൾ നടന്നപ്പോ അകലെനിന്ന് ഞാനതെല്ലാം ആസ്വദിച്ചുകൊണ്ടിരുന്നു .അവള്ടെ കിലുങ്ങുന്ന പാദസരത്തേൽ തിരമാല വന്നു തൊട്ട് തഴുകിപോയി. ഇടയ്ക്കവൾ എന്നെ വിളിക്കുന്നുണ്ടായിരുന്നു. രാകേഷ് വാ… വേണ്ട രാഖി…..

ഞാൻ വരുന്നില്ല നീ കളിച്ചോ… മ്മ് കുറേ സമയം കഴിഞ്ഞപ്പൾ ക്ഷീണിച്ചു തളർന്നു എന്റെ അരികിൽ വന്നു മടിയിൽ തലചായ്ച്ചവൾ ഇരുന്നു. രാകേഷ്… മ്മ്… എനിക്കെന്നും നിന്റെ മടിയിലിങ്ങനെ തലചായ്ച്ചിരിക്കണം… മ്മ്… നീയെന്താ മ്മ് മ്മ് എന്ന് പറയുന്നേ വാ തുറന്നെന്തെങ്കിലും പറ.. ഞാനെന്ത് പറയാനാ രാഖീ… ഒന്നൂലെ പറയാൻ.. പറയാം ആദ്യം നീ മുടിയിലെ വെള്ളം തുവർത്തു പനി പിടിക്കും.. എനിക്കുവയ്യ നീ തുവർത്തിതാ… ഈ പെണ്ണ്… ഇങ്ങോട്ട് നിക്ക് എന്റെ അരികിലേക്ക് ഒന്നുകൂടി ചേർന്നവൾ നിന്നു. അവള്ടെ മുടിയിലെ വെള്ളം തുടച്ചുമാറ്റുമ്പോൾ എന്റെ അരികിൽ നിന്ന് ഒരു കുസൃതിയോടെ അവൾ ഓടി… രാഖീ നിൽക്ക്… എന്റെ വിളി കേട്ടിട്ടും കേൾക്കാതെ മണല്തരികളിലൂടെ അവൾ ഓടി വീണ്ടും തിരമാലയെ പിടിക്കാൻ. സന്ധ്യയോടെ ഞാനും അവളും അവിടെനിന്നും മടങ്ങി. സൂര്യൻ അസ്തമിക്കുന്നത് കാണാൻ അപ്പോഴും ആളുകൾ അവിടെയും ഇവിടെയുമായ് നോക്കിനിൽപുണ്ടായിരുന്നു. എന്റെ കയ്യിൽ അവൾ മുറുകെപിടിച് ഞങ്ങൾ ആ മണലിലൂടെ നടക്കുമ്പോഴും വാ തോരാതെ എന്തൊക്കെയോ അവൾ പറഞ്ഞു കൊണ്ടിരുന്നു. ചെരിപ്പൂരി അവൾ കയ്യിൽ പിടിച്ചു. എന്നിട്ട് വീണ്ടും നടന്നു അപ്പോഴേക്കും എനിക്ക് കലി വന്നിരുന്നു കാരണം അവള്ടെ ഡ്രസ്സ് മുഴുവൻ നനഞ്ഞിട്ടാണ്. എന്റെ രാഖീ നീയിങ്ങനെ കൊച്ചുകുട്ടികളെപോലെയാവല്ലേ … നിനക്ക് പനി പിടിക്കും കേട്ടോ വെള്ളത്തിലിങ്ങനെ കളിച്ചു. കണ്ടില്ലേ ഡ്രസ്സ് മുഴുവൻ നനഞ്ഞത്. ഒന്നും മിണ്ടാതെ ഒരു ചിരിയും ചിരിച് കവിളിലൊരുമ്മയും തന്ന് അവൾ പോയി. രാകേഷ് ബൈ… നാളെക്കാണാം… മ്മ്..

അവള്ടെ സ്കൂട്ടിയുടെ പിന്നാലെ ഞാനും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു . ദിവസങ്ങൾക്ക് ശേഷം, രാകേഷ്… എന്താ രാഖി എന്താ നിന്റെ മുഖം വാടിയിരിക്കുന്നെ… വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നു എന്ത് പറ്റി…? അത് … എന്താടി നീ കാര്യം പറ.. അത് രാകേഷ്, നമ്മുടെ കാര്യം വീട്ടിലറിഞ്ഞു. ങേ… നേരോ എന്നിട്ട്.. ! മ്മ്… പപ്പ നല്ല ദേഷ്യത്തിലാ.. എന്റെ കല്യാണം ആരെക്കൊണ്ടെങ്കിലും പെട്ടന്ന് നടത്തുമെന്ന പറയുന്നേ… നീയെന്താ ഒന്നും മിണ്ടാത്തെ… ഞാനാലോചിക്കുവായിരുന്നു രാഖി എന്ത് ചെയ്യുമെന്ന്.. ശരി നീ രാത്രിയിൽ റെഡിയായിരിക്ക് ഞാൻ വരാം.. അയ്യോ അത് വേണ്ട… പപ്പയറിഞ്ഞാൽ… ഇല്ലെടി നീ പേടിക്കണ്ട.. ആരും അറിയില്ല നമ്മുക്കിവിടുന്നു പോകാം… പോണം രാകേഷ്.. എന്തായാലും ഞാനീ കല്യാണം മുടക്കും എന്നിട്ടു ഞാൻ നിന്നെ വിളിക്കാം നീ കല്യാണമൊന്നും മുടക്കണ്ട അത് താനേ മുടങ്ങിക്കോളും… നീ എന്തായാലും റെഡിയായിരിക്ക്. മ്മ്… രാത്രി, ഹോസ്റ്റൽ റൂമിന്റെ ജനലിലൂടെ വെളിച്ചം പുറത്തേയ്ക്കരിച്ചിറങ്ങി. എന്റെ മൗനം കാണ്ടാവണം ചങ്ങാതിമാർ ചുറ്റിലും കൂടി. എന്താടാ എന്തുപറ്റി..? രാഖിയെ വിളിച്ചിട്ട് കിട്ടുന്നില്ലടാ… നീ ഒന്നുകൂടി വിളി… ഇല്ല സ്വിച്ഡ്ഓഫ് എന്ന പറയുന്നേ… ശോ ഇനിയെന്ത് ചെയ്യും. മച്ചാനേ ഇനി അവള്ടെ പപ്പയെങ്ങാനും വിവരമറിഞ്ഞു ഫോൺ വാങ്ങിവെച്ചതാകുമോ… ആ അറിയില്ലെടാ… എന്തായാലും നീ വിഷമിക്കാതെ ഇനിയിപ്പോ ഇവിടെയിങ്ങനെ ഇരുന്നിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല നീ വാ നമ്മുക്ക് അവിടെ വരെ ഒന്ന് പോയിട്ട് വരാം. എടാ അവള്.. അവള് വിളിക്കും നീ വാ… രാകേഷ് കൂട്ടുകാരോടൊപ്പം അവള്ടെ വീടിനു മുന്നിൽ വന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അതുവഴിവന്നു. രാകേഷിനെയും കൂട്ടുകാരെയും കണ്ടു വണ്ടി സൈഡിലോട്ട് ഒതുക്കി..

എന്താടാ പാതിരാത്രിക്ക്… ഏതെങ്കിലും വീട്ടിൽ കേറി മോഷ്ടിക്കാൻ വല്ലോം ആണേടാ… അയ്യോ അല്ല സാറേ… എന്താടാ നിന്റെ പേര്.. രാകേഷ്… നിന്റെയോ കിരൺ… ശിവ മ്മ് ഇവിടെകിടന്നു കറങ്ങാതെ പോടാ വീട്ടിൽ… അന്നവർ പോലീസിനെ ഭയന്നവിടെനിന്നും പോയി. പിന്നെ രാഖിയെ വിളിച്ചിട്ട് യാതൊരു വിവരവും ഇല്ലായിരുന്നു . കാണാനുള്ള ശ്രമങ്ങൾ എല്ലാം വിഫലമായി. അങ്ങനെയിരിക്കുമ്പോഴാണ്, രാകേഷ്… ഞാൻ തിരിഞ്ഞു നോക്കി പെട്ടന്നുള്ള അവന്റെ മുഖത്തെ ഭാവം കണ്ടു അതിശയത്തോടെ ചോദിച്ചു. എന്താടാ… കിരൺ നമ്മളെ ച-തിച്ചെടാ… ങേ… എനിക്കൊന്നും മനസ്സിലായില്ല.. ഞാൻ വീണ്ടും അവനെ നോക്കി. അതേടാ ഇത്രയും കാലം കൊണ്ടുനടന്നത് ഒരു ച-തിയനെ ആയിരുന്നു. നീ കാര്യം പറ ശിവാ അവനെന്തു ചെയ്‌തെന്ന എങ്ങനെ ചതിച്ചെന്നാ.. നീ അതറിഞ്ഞാൽ അവനെ കൊ-ല്ലും അത്രയ്ക്ക് ചെ-റ്റത്തരമാ അവൻ കാണിച്ചത്.. നീ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ.. ! എന്നാ കേട്ടോ രാഖിയുടെ കല്യാണമാ ചെക്കനാരാണെന്നു നിനക്കറിയണ്ടേ …. ആരാ.. കിരൺ അവനാടാ നിന്നെ ച-തിച്ചത്. ങേ… അതേടാ അവനും അവളുംകൂടി ച-തിക്കുവായിരുന്നു നിന്നെ… ശിവ പറഞ്ഞത് കേട്ട് ഭൂമി തലകീഴായ് മറിയുന്നത് പോലെയാണെനിക്കപ്പോ തോന്നിയത് . കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി. രാകേഷ്.. ശിവയുടെ വിളികേട്ട് ഞാൻ അവനെനോക്കി. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. ഞാനിത് വിശ്വസിക്കില്ല. വിശ്വസിക്കണം രാകേഷ് … അവൻ ചതിയനാ… നീ പറ നീ പറഞ്ഞാൽ ഈ നിമിഷം അവനെയും അവളെയും ഞാനിവിടെ കൊണ്ടുവരും.. എനിക്കൊന്നും പറയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. മനസ്സും ശരീരവും ഒക്കെ മരവിച്ചതുപോലെയാണ് തോന്നിയത്. രാകേഷ്…. എനിക്ക് കാണണം അവനെ കാണണം…

എന്നോടെന്തിനാ ഈ ചതി ചെയ്തെന്നവനോട് ചോദിക്കണം… ഞാൻ കൊണ്ടുവരും അവനെ ഇവിടെ… ശിവയുടെ വാക്കുകൾ ഉറച്ചതായിരുന്നു പണ്ടേ അങ്ങനെയാണ് ചതി ഇഷ്ടമല്ല അതാര് ചെയ്താലും അവന്റെ തലയെടുക്കും. ശിവ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുന്നത് ഞാൻ നോക്കിനിന്നു. വൈകുന്നേരമായപ്പോഴേയ്ക്കും, പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഇറങ്ങടാ… ശിവ കിരണിന്റെ ഷർട്ട് കോളറിൽ പിടിച്ചു വലിച്ചിറക്കി. രാകേഷ് ദാ കൊണ്ടുവന്നിട്ടുണ്ട്… പറയടാ കൂടെ നിന്ന് ചതിച്ചത് എന്തിനാണെന്ന് പറയടാ… രാകേഷ് ഞാൻ… കിരൺ ഞാനെന്തു തെറ്റാടാ നിന്നോട് ചെയ്തത്… രാകേഷ് എല്ലാം അവള് പറഞ്ഞിട്ടാ… അവളെ ഞാൻ എന്റെ അനിയത്തികുട്ടിയായിട്ടേ ഇതുവരെ കണ്ടിട്ടുള്ളു… പക്ഷേ… എന്ത് പക്ഷേ… ഞാനില്ലാതെ അവൾക്ക് ജീവിക്കാനാവില്ലെന്നും പറഞ്ഞു എന്റെ മുന്നിൽ വന്നു പൊട്ടിക്കരഞ്ഞു… അപ്പൊ നിന്റെ മനസ്സങ്ങലിഞ്ഞല്ലേടാ… ശിവാ വേണ്ട… സോറി ഡാ… നിന്റെ കാല് ഞാൻ പിടിക്കാം… നീ പറഞ്ഞാൽ ഈ നിമിഷം ഞാൻ അവളുമായുള്ള ബന്ധവും ഉപേക്ഷിക്കാം.. ഒന്നും മിണ്ടാതെ ഞാൻ ബൈക്കിന്റ ചാവിയുമെടുത്ത് മുറിവിട്ടിറങ്ങി… നീയെവിടെപോകുവാ..? ശിവയും കിരണും പിന്നിൽനിന്നും വിളിച്ചിട്ടും കേൾക്കാതെ ബൈക്കെടുത്ത് ഹൈവേയിലൂടെ പാഞ്ഞു… പെട്ടന്നാണത് സംഭവിച്ചത്, എന്റെ വണ്ടി ഒരു മരത്തിലിടിച്ചു മറിഞ്ഞു. പാതി മയക്കത്തിലും ഞാൻ കണ്ടത് എന്റെ രക്തമായിരുന്നു. കണ്ണുകൾ അടഞ്ഞുപോകുന്നു. അസഹ്യമായ വേദനയും. രക്തത്തിൽ കുളിച്ചുകിടന്ന എന്നെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.

അബോധാവസ്ഥയിലും ഞാനവളുടെ പേരാണ് ഉച്ചരിച്ചത്. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നുവീണുകൊണ്ടിരുന്നു. വിവരമറിഞ്ഞു ഹോസ്പിറ്റലിലേയ്ക്ക് എന്റെ അച്ഛനും അമ്മയും ഓടിയെത്തി. അവർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്. ഇടയ്ക്കെപ്പോഴോ ബോധം തെളിഞ്ഞപ്പോൾ കണ്ടു അരികിൽ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെ. അമ്മേ…. ഞാനമ്മയുടെ കൈകളിൽ പിടിച്ചു. എന്റെ മോനേ നീയെന്തിനാടാ ഇങ്ങനെ ? ശിവയെല്ലാം പറഞ്ഞു. അവള് പോകുന്നേൽ പോട്ടെടാ എന്റെ മോന്റെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗ്യതയും അർഹതയും ഒന്നും അവൾക്കില്ല… അമ്മേ… കരയാതെ.. എന്റെ മോനേ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണ് വരും.. അമ്മയുടെ മടിയിൽ ഞാൻ തലചായ്ച്ചു കിടന്നു. എപ്പോഴോ ഉറക്കം എന്റെ കണ്ണുകളിൽ വന്നു തഴുകി. മാസങ്ങൾക്ക് ശേഷം, ഇന്ന് രാഖിയുടെ വിവാഹമാണ്. നിർത്താതെയുള്ള ഫോണിന്റെ റിങ് കേട്ട് അരിശത്തോടെ അവൾ അതെടുത്തു ചെവിയോട് ചേർത്തു വെച്ചു. ഹലോ… രാഖീ ഇത് ഞാനാ… ആ മനസ്സിലായി.. നീ എന്താ ഇപ്പൊ വിളിച്ചേ.. ! രാഖീ എനിക്ക് നിന്നെ കാണണം ഒരുപാട് സംസാരിക്കാൻ ഉണ്ട്. രാകേഷ് ഞാനിവിടെ കുറച്ചു തിരക്കിലാ… നിനക്കറിയാമല്ലോ നാളെ എന്റെ വിവാഹമാ… പ്ലീസ് എന്നെയൊന്നു മനസ്സിലാക്കു… രാഖീ പ്ലീസ്… രാഖീ… ഞാനെന്തെങ്കിലും പറയും മുൻപേ അവൾ കാൾ കട്ട് ചെയ്തിരുന്നു. വീണ്ടും വിളിച്ചിട്ട് ഫോൺ സ്വിച്ഡോഫ്. തലയിണയിൽ മുഖം ചേർത്ത് ഞാൻ കമിഴ്ന്നു കിടന്നു. തലയിലെ ബാൻഡേജ് മുറുകി എനിക്ക് വല്ലാതെ വേദനിച്ചു. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെപ്പോലെ അവൾ ഒരു കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ ഞാനവൾടെ വീട്ടിലേയ്ക്ക് ചെന്നു. പടികയറി വരുന്നത് അവള്ടെ അമ്മാവനും അച്ഛനും കണ്ടിരുന്നു. മോനേ.. നീ വന്നല്ലോ എല്ലാം മറന്ന്…

അവൾക്ക് സന്തോഷം ആകും. അമ്മാവനാണത് പറഞ്ഞത്. എന്റെ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യം ഇല്ലാഞ്ഞതുകൊണ്ട് രാഖിയുടെ അച്ഛൻ അവിടെനിന്നും മാറിയിരുന്നു..ഞങ്ങൾടെ ബന്ധം ഏറ്റവും കൂടുതൽ അറിയാമായിരുന്നത് അവള്ടെ അച്ഛനാണ്. ഞാനവളുടെ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ പുതിയ ആഭരണങ്ങളും സാരിയും അണിഞ്ഞു മുടിയിൽ മുല്ലപ്പൂവും ചൂടി ഒരു നവവധുവിനെപോലെ നിൽക്കുകയായിരുന്നു അവൾ. എന്നെ കണ്ടതും അവൾ ആകെ പതറി. അടുത്തുനിന്നവർ അടക്കം പറഞ്ഞു അവിടെനിന്നും പോയി. എന്നാലും എന്നോടിത് വേണ്ടായിരുന്നു രാഖീ….. സാരല്ല നിന്റെ ജീവിതം ഭംഗിയാവട്ടെ. ഞാനൊരു ശല്യമായി വരത്തില്ല.. എന്നാലും എന്നെങ്കിലും എന്റെ സ്നേഹതിന്റെ വില നിനക്ക് മനസ്സിലാകുന്നുണ്ടെങ്കിൽ നീ തിരിച്ചു വരുന്നുണ്ടെങ്കിൽ ഞാൻ കാത്തിരിക്കും എത്രനാൾ വേണമെങ്കിലും.. കാരണം എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു… മ്മ് പോട്ടേ…

ഞാൻ യാത്ര പറഞ്ഞു കരഞ്ഞുകൊണ്ട് പടിയിറങ്ങി പോകുന്നത് അവൾ നോക്കിനിന്നു യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ… പിന്നിൽ നിന്ന് അടക്കം പറഞ്ഞവരുടെയും ചിരിച്ചവരുടെയും സ്വരം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു… അപ്പോഴാണ് മുറ്റത്തൊരു കാർ വന്നു നിന്നത്. ഞാൻ തിരിഞ്ഞുനോക്കി . കിരൺ അതിൽ നിന്നുമിറങ്ങി. എന്നേ കണ്ടതും അവന്റെ മുഖത്തെ തെളിച്ചം അൽപ്പം മങ്ങി . ഇവനെന്താ ഇവിടെ.. എല്ലാം ഞാൻ പറഞ്ഞതല്ലേ ഇവനോട് എന്നിട്ടും. മനസ്സിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം അടക്കിനിർത്തി മിണ്ടാതെ തലകുനിച്ചവൻ നിന്നു. ഞാനവന്റെ അടുത്തേയ്ക്ക് നടന്നുചെന്നു. കയ്യിൽ പിടിച്ചു നന്നായിവരും എന്ന് പറഞ്ഞു ഉള്ളു നുറുങ്ങുന്ന വേദനയിലും ഞാനവനെ നോക്കി പുഞ്ചിരിച്ചു . കൂടെ കൊണ്ട് നടന്ന ചങ്ങായിയും ചങ്കിൽ കൊണ്ടുനടന്ന പെണ്ണുമല്ലേ ഈ ചതി ചെയ്തത്. ഇന്ന് വർഷങ്ങൾ ഒരുപാട് പിന്നിട്ടു. “ഏട്ടാ ഏട്ടന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ…” “ഏയ് ഒന്നുമില്ല…” പഴയതെല്ലാം മറക്കേട്ടാ….. ഏട്ടനിപ്പോ ഞാനില്ലേ.. മറക്കണമെന്ന് ആഗ്രഹമുണ്ട് ശാലു പക്ഷെ കഴിയുന്നില്ല… അവള്ടെ ഓർമ്മകൾ.. അയ്യേ കരയുവാണോ കൊച്ചുകുട്ടികളെപോലെ.. ദേ ഏട്ടൻ കരഞ്ഞാൽ ഞാനും കരയുമേ… വേണ്ട നീ കരയണ്ട ഞാനും കരയുന്നില്ല. നമ്മുക്ക് പോകാം ശാലു ഇവിടെയിരുന്നിട്ട് എന്തോപോലെ…

എനിക്കറിയാം അന്ന് നിങ്ങൾ ഒന്നിച്ചു ഇവിടെയിരുന്നതല്ലേ… മ്മ്… ഒരു ആലോചന വന്നു അത് മുടക്കുമെന്ന് പറഞ്ഞു പോയതാ പിന്നെ…. ഏയ് അതൊന്നും ഓർക്കണ്ട . അവൾക്ക് ഏട്ടന്റെ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലെന്ന് കരുതിയാൽ മതി. മ്മ്. അപ്പോഴും ശാലുവിന് എന്നോട് തോന്നിയ ഇഷ്ടം അത് മനസ്സിൽ ഒളിപ്പിച്ചു എന്നെ ഒരു കൊച്ചുകുട്ടിയെപോലെ അവളിലേക്ക് ചേർത്തു പിടിച്ചിരുന്നു അവൾ… ആ മണല്തരികളിലൂടെ ഞങ്ങൾ നടക്കുന്നകലുമ്പോഴും ആഴിയിലേയ്ക്ക് സൂര്യൻ താണിറങ്ങുന്നത് കാണാൻ ഒരുപാട് ആളുകൾ വന്നുകൊണ്ടിരുന്നു . എന്റെ കൈയ്കളിൽ മുറുകെപ്പിടിച്ചു അവൾ. തിരമാല ഞങ്ങൾടെ പാദങ്ങളെ തഴുകി ശാന്തമായി ഒഴുകിയിറങ്ങി. ആ തിരമാല പോലെ എന്റെ മനസും ഇപ്പോൾ ശാന്തമാണ്.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular