Connect with us

Long Stories

ഒരുപാട് സന്തോഷത്തോടെ അരുണിന്റെ കയ്യിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു…

Published

on

 

 

രചന: നന്ദു അച്ചു കൃഷ്ണ

 

 

“”അഹങ്കാരികൾ…”” “”ഇങ്ങനെയും ഉണ്ടോ അഹങ്കാരം…”” “”നീയൊക്കെ എവിടം വരെ പോകും… വൈകിട്ട് ഇങ്ങോട്ട് തന്നെ കെട്ടിയെടുക്കുമെല്ലോ… അപ്പൊ തരാം ഇതിനും കൂടെ… നാശം പിടിക്കാൻ…”” “”ഇന്നിനി ഞാൻ ഇങ്ങോട്ടില്ല മതറെ … വിഷ്ണുവിനൊപ്പമാ … “” പറഞ്ഞു പൂർത്തിയാക്കി തന്നെ നോക്കി കളിയാക്കിയോടുന്ന കാശിയെ നോക്കി രേവതി തലക്ക് കയ്യുംകൊടുത്തു വാതിലിൽ തന്നെയിരുന്നു… “”താനെന്താടോ ആളെ കേറ്റതിരിക്കാനാണോ ഇങ്ങനെ വാതിലടച്ചിങ്ങനെയിരിക്കുന്നെ.. വഴിന്നു ഒതുങ്ങിയിരിക്ക് ഭാര്യേ…. “” സന്തോഷിന്റെ കളിയാക്കൽ കേട്ടതും,അയാളെ ദഹിപ്പിച്ചൊന്നു നോക്കിയവൾ അകത്തേക്ക് കയറി… “”ദൈവമേ, ഭാര്യ കലിപ്പിലാണെല്ലോ… കാശി ഇന്നും വലതുമൊപ്പിച്ചോ ആവോ…”” കയ്യിലിരുന്ന കുടയും ബാഗും കേറിവരുമ്പോൾ കാണുന്ന കസേരയിലേക്കിട്ട് ആള് അടുക്കളയിലേക്ക് ചെന്നു… നോക്കുമ്പോൾ പത്രങ്ങൾക്കൊക്കെ വല്ലാത്ത ശബ്ദം… “”താൻ ആരോടുള്ള ദേഷ്യമാ ആ പാവം പത്രങ്ങളോട് തീർക്കുന്നെ…”” രേവതി അയാളെയൊന്നു നോക്കി കാപ്പിക്ക് വെള്ളം വെച്ചു… “”ശ്ശെടാ ഞാനൊരു കാര്യ ചോദിച്ചതിന് ഇയാളെന്തിനാ പാവമീയെന്നെ കണ്ണുകൊണ്ടു എരിച്ചിടുന്നത് സഹധർമ്മിണി…”” “”ദേ മലയാളം വാദ്യര് പോയി പണി നോക്കിയേ.. കാപ്പിയാകുമ്പോ ഞാൻ കൊണ്ടുവന്നു തന്നോളാം…”” “”അതൊക്കെ ശരി തന്നെ.. എന്തിനാടോ ഇപ്പൊ ഈ ദേഷ്യം.. ഞാൻ പാവമല്ലേ…”” “”അതേ… ഈ വീട്ടിലെല്ലാരും പാവങ്ങളാ.. ആകെയൊരു ദുഷ്ട ഞാനല്ലേ… മതിയായി.. മടുത്തു എനിക്കു …”” പറഞ്ഞുതീരുകയും രേവതി സ്ലാബിലേക്ക് ചാരിയിരുന്നു മുഖം പൊത്തി കരഞ്ഞു… “”രേവതി… എടൊ എന്തുപറ്റി.. താനെന്തിനാ കരയുന്നെ.. എടൊ കാര്യം പറയാൻ… കാശി വീണ്ടുമെന്തെങ്കിലുമൊപ്പിച്ചോ… രേവതി… “” അയാളവളെ പിടിച്ചു നേരെ നിർത്തി… രേവതി അൽപ്പം ധൈര്യവും മനക്കട്ടിയുമുള്ള കൂട്ടത്തിലാണ്.. ചെറിയകാര്യങ്ങൾക്കൊന്നും അയാളെയിങ്ങനെ തളർത്താൻ കഴിയില്ലെന്ന് സന്തോഷിനറിയാം…ഇപ്പോളിങ്ങനെ കരയണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകും… മിക്കവാറും കാശി ആവും ആ കാരണം… സന്തോഷ്‌ രേവതിയെ പിടിച്ചു ഡെയിനിങ് ടേബിളിലെ ചെയറിൽ ഇരുത്തി.. മുന്നിലിരിക്കുന്ന ഗ്ലാസിൽ പകുതി വെള്ളം നിറച്ചയാൾക്ക് നീട്ടി.. വേണ്ടെന്ന് തലയാട്ടിയവരെ അൽപ്പം നിർബന്ധിച്ചു തന്നെ വെള്ളം കൊടുത്തു… “”ഇപ്പോൾ ഓക്കേ ആയോ…”” “”മ്മ്…”” “”എങ്കിൽ പറയ് ഇന്നെന്താ പ്രശ്നം…””

“”കാശിയും വിഷ്ണുവും ആ കലുങ്കിലേ പിള്ളേർക്കൊപ്പമിരുന്നു കള്ളുകുടിച്ചു…”” “”എന്താ… “” അയാൾ ചാടിയെഴുന്നേറ്റു അവർ പിന്നെയും കരയാൻ തുടങ്ങി.. “”തന്നോടരാ ഇത് പറഞ്ഞേ…”” “”അപ്പുറത്തെ സുമലത…”” “”മ്മ്… ന്നിട്ട് കാശി എവിടെ… ഇതുവരെ വന്നില്ലേ..”” “”വന്നു.. ഞാൻ ചോദിക്കാൻ ചെന്നപ്പോഴേക്കും വിഷ്ണുവിന്റെ വീട്ടിലേക്കോടി…”” “”മ്മ്… ഞാൻ പോയി കൂട്ടിക്കൊണ്ടുവരാം…”” സന്തോഷ്‌ അപ്പൊ തന്നെയിറങ്ങി.. വിഷ്ണുവിന്റെ വീട്ടിലെത്തിയതും കണ്ടു തന്നെയും കാത്തെന്നപോലെയിരിക്കുന്ന കാശിയെ.. അത് ശ്രെദ്ധിക്കാതെ അയാളകത്തേക്ക് കയറിയിരുന്നു… സന്തോഷിനെ കണ്ടതും ഉണ്ണിയും സ്മിതയും അയാളുടെയെടുത്തേക്ക് വന്നു.. സ്മിതയും കരഞ്ഞിട്ടുണ്ടെന്നു തോന്നി… “”അറിഞ്ഞോ..”” “”മ്മ്… രണ്ടുപേരെയുമോന്നു വിളിച്ചേ…”” “”വിഷ്ണു… കാശി…”” വിളി കേൾക്കാനിരുന്നെന്നപോലെ രണ്ടുപേരുമോടി വന്നു… സന്തോഷവരെ നോക്കി.. “”ഞാൻ പറയാമച്ചാ… ഞാനും വിഷ്ണുവും കോളേജിൽ നിന്ന് വരുമ്പോ നമ്മടെ തങ്കപ്പൻ മൂപ്പരും,കൂട്ടരൂടെ പാലത്തിന്റെ മോളിലിരുന്നു വെള്ളമടിക്കുന്നു.. ഞങ്ങളവരെ പാസ്സ് ചെയ്തു പോയതാ… അപ്പൊ മൂപ്പര് വിളിച്ചിട്ട് കൂടുന്നൊന്നു ചോദിച്ചു… പറഞ്ഞുതീരുകയും അവരുടെ കൂട്ടത്തിലെയൊരാൾ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണു.. അപ്പൊ ഞങ്ങളവിടേക്ക് ഓടി ചെന്നൊന്നു നോക്കി… ഇതാണ് സംഭവിച്ചത്.. അല്ലാതെ ഒന്നുമല്ല … അമ്മ ചുമ്മാ കാള പെറ്റെന്നുകേട്ടാൽ കയറെടുക്കും… അതാണ് ഞാൻ ഇവിടേക്ക് വന്നേ….”” കാശി തലതാഴ്ത്തി നിന്നു… “”എന്നിട്ടങ്ങനെയല്ലല്ലോ സുമ പറഞ്ഞേ…”” “”അവർക്കെന്താ അച്ഛാ പറയാൻ വയ്യത്തെ.. ബിബിസി പെണ്ണുമ്പിള്ള … “” “”മ്മ്.. ശരി.. വാ പോകാം..”” “”ഇറങ്ങട്ടെ ഉണ്ണീ… ശരി സ്മിതേ.. ഇനി ഇതുമാലോചിച്ചു ഇരിക്കേണ്ട കേട്ടോ… രണ്ടാഴ്‌ചകൂടെ കൂടെ കഴിയുമ്പോ കല്യാണവീടാണിതെന്നോർമ്മ വേണം…”” “”അത് ഇതുങ്ങള്ക്കൂടെ ഓർമ്മ വേണ്ടേ… എന്നും എന്തേലും പ്രശ്നം… വയ്യ എനിക്ക്…”” പറഞ്ഞുകൊണ്ട് സ്മിത അകത്തേക്ക് കയറി… “”ശരി ഉണ്ണീ…”” “”ശരിയെടോ…”” റോഡിൽ കൂടെ നടക്കുമ്പോഴും സന്തോഷ്‌ നിശബ്ദനായിരുന്നു.. അത് കാശിക്കും മനസ്സിലായി… പകുതി വഴി താണ്ടിയെപ്പോഴേക്കും കാശി അച്ഛനെ പിടിച്ചു നിർത്തി… “”അച്ഛൻ വന്നേ… നമുക്ക് ആ പാലത്തിലിച്ചിരി നേരം ഇരുന്നിട്ടും പോവാം…”” മറുപടിയൊന്നും കൊടുക്കാതെ തന്നെ സന്തോഷ്‌ അവിടെപോയിരുന്നു… “”അച്ഛാ… അച്ഛന് തോന്നുണ്ടോ അച്ഛന്റയീ കാശി, ഇങ്ങനെന്തേലും ചെയ്യുമെന്ന്… മ്മ്… സന്തോഷൊന്നു ചിരിച്ചു കാശിയെ നോക്കി.. മിടിയും ടോപ്പുമാണ് വേഷം… കണ്ടാലേ അറിയാം കോളേജിൽ നിന്നും വന്നവഴിയേ ഓടിയതാണെന്ന്… രേവതിയെപ്പോലെ കുറുകിയാണ് ഇരിക്കുന്നെ… അത്യാവശ്യം വണ്ണവും ഉണ്ട്‌.. കാണാനങ്ങനെ പറയത്തക്ക ചന്തമൊന്നുമില്ലേലും, ആ ഇടം പല്ല് കാട്ടിയുള്ള ചിരിയിലാണ് തന്റെ ജീവിതത്തിന്റെ സന്തോഷം മുഴുവനും… വൈകാശി… തന്റെ പ്രാണൻ.. “”പറ അച്ഛേ… ഞാനങ്ങനെ ചെയ്യുമോ…”” “”ഇല്ല…” “”അതാണെന്റെ അച്ഛാ… എനിക്കറിയാം എന്റെ അച്ചെക്കെ എന്നെ മനസ്സിലാവുള്ളു എന്നു.. അതോണ്ടല്ലേ ഞാൻ വീട്ടിലേക്ക് കയറാതെ അച്ഛൻ വരും വരെ ഉണ്ണിമാമന്റെ വീട്ടിൽ പോയിരുന്നെ…”” “”അതൊക്കെ പോട്ടെ.. ഇനി ഉള്ള സത്യം ഇങ് പോരട്ടെ…”” “”മനസ്സിലായി ഇല്ലേ…”” “”മ്മ്…”” “”അതുണ്ടല്ലോ അച്ഛേ നമ്മുടെ വിഷ്ണുവിനേ,തെങ്ങിൻ കള്ള് കുടിക്കാൻ വലിയ ആഗ്രഹം … നോക്കിപ്പോ സൂക്ഷം പോലെ നമ്മുടെ ചെത്തുകാരനെ ഇന്ന് മുന്നിൽ കിട്ടി… അതും കള്ള് ചെത്തി താഴെക്കിറങ്ങുന്നു… പിന്നൊന്നും നോക്കിയില്ല അച്ഛേ, ആളെ പിടിച്ചു നിർത്തി ഒരു ഗ്ലാസ് വാങ്ങി കുടിച്ചു… ആദ്യം പുള്ളി തരില്ലാന്നൊക്കെയാ പറഞ്ഞേ… പിന്നെ..”” “”പിന്നെ…”” “”പിന്നെ അച്ഛൻ പറഞ്ഞിട്ടാന്നു പറഞ്ഞിട്ടാ അയാൾ തന്നെ… അപ്പൊ അവിടെക്ക്‌ ആ കലുങ്കിലേ ചേട്ടന്മാർ വന്നു.. അത് ആ ബിബിസി കൃത്യമായി കണ്ടു.. അല്ലേലിത് ശിവനും ശിവനുമറിയില്ലാരുന്നു “” “”എടി…”” “”പ്ലീസ് അച്ഛേ, ഒന്ന്‌ ക്ഷമി… ഇതൊക്കെ ഇപ്പോഴല്ലേ പറ്റൂ .. രണ്ടാഴ്ച കഴിഞ്ഞ അവളുടെ കല്യാണമല്ലേ..”” “”മ്മ്.. എന്നിട്ട് നീ കുടിച്ചോ…”” “”യക്… ബ്ലാ.. എനിക്കതിന്റെ മണമടിച്ചാലെ ശർദി വരും…”” കാശി ഒക്കാനിച്ചു.. “”എന്തായാലും കൊള്ളാം.. ഇതിപ്പോ നിന്റെ പേര് കൂടാ ഈ കൂട്ടത്തിൽ…

ഇനി ഇത് എന്തൊക്കെ കഥയായി മാറുമോ ആവോ…”” “”എന്ത് കഥയായി മാറിയാലും കുഴപ്പമില്ല അച്ഛാ.. വിഷ്ണുവിനൊപ്പമാണോ, ഈ കാശിക്ക് ഏത് ചീത്തപ്പേരും സമ്മതമാ..”” അവളു ചിരിച്ചും കൊണ്ട് സന്തോഷിന്റെ കൈപിടിച്ചെഴുന്നേൽപ്പിച്ചു… “”അത്രക്കും ഇഷ്ടമാണോ അവളെ..”” “”പിന്നില്ലേ.. ഈ കാശിയുടെ ഒരേയൊരു കൂട്ടുകാരിയാണ് വിഷ്ണുവെന്ന വിഷ്ണുപ്രിയ ഉണ്ണികൃഷ്ണൻ… അവൾക്ക് വേണ്ടി ഞാൻ ചാവും.. പിന്നാ ഈ ചീള് കേസൊക്കെ .. അച്ഛാ വന്നേ.. അമ്മയിപ്പോ അവിടെ എന്തായോ ആവോ…”” “”കാശി… വിഷ്ണുവിനും അങ്ങനെ തന്നെയാണോ…”” “”എനിക്കിരട്ടിയാ അവള്… ഞാനെന്നു വെച്ചാൽ ചത്തുകളയും… അറിയോ…. “” “”അവളുടെ കല്യാണം കഴിഞ്ഞാലും ഇതുപോലെ തന്നെ ആയിരിക്കുമോ നിങ്ങളുടെ കൂട്ടുകെട്ട് …”” “”അതിലെന്താ സംശയം… ഇതുക്കും മേലെ ആയിരിക്കും മോനെ അച്ഛേ.. നോക്കിക്കോ…”” “”മ്മ്… ആവട്ടെ….”” രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു സന്ദീപുമായിട്ട്… ഏകദേശം രണ്ടുമാസങ്ങൾക്കിപ്പുറം കാശിയുടെ അരുണുമായും … സ്ഥലങ്ങളുടെ ദൂരം കൂടിയപ്പോഴും സൗഹൃദം ഒന്നൂടെയുറക്കുകയായിരുന്നു ചെയ്തത്.. 🌺🌺🌺 രണ്ടര വർഷങ്ങൾക്കു ശേഷം.. “”അരുണേട്ടാ… അരുണേട്ടാ…”” “”ന്താടോ… എന്ത് പറ്റി.. താനെന്തിനാ ഇങ്ങനെ കിതക്കുന്നത്…”” “”അത് അരുണേട്ടാ ഒരു വിശേഷം ഉണ്ട്‌…”” “”വിശേഷമോ… എന്ത്… “” അരുൺ അവളെ മൊത്തത്തിലൊന്നു നോക്കി.. “”ഇങ്ങനെ നോക്കണ്ടാ.. ഞാൻ പുതിയ കുരുത്തക്കേടൊന്നും ഒപ്പിച്ചിട്ടില്ല…”” “”സമാധാനം.. എങ്കിൽ പറയ്… എന്താ വിശേഷം…”” “”നമ്മുടെ വിഷ്ണു പ്രെഗ്നന്റ് ആണ്..”” “”ആഹാ.. അതൊരു ഗുഡ് ന്യൂസ്‌ ആണെല്ലോ…”” “”അതേ… അരുണേട്ടാ എന്നെയൊന്നു കൊണ്ടുപോകുമോ..”” “”പിന്നെന്താ .. ഞായറാഴ്ച ആവട്ടെ..”” “”ഞായറാഴ്ചയോ… അതു പറ്റില്ല…”” “”കാശി വെറുതെ വാശി പിടിക്കേണ്ട… ക്ലാസ്സ് കട്ട് ചെയ്തു എങ്ങും പോകുന്ന പ്രശ്നം ഉദിക്കുന്നില്ല.. വിഷ്ണു ഓടിയെങ്ങും പോകുന്നില്ലല്ലോ,വീട്ടിൽ തന്നെ കാണില്ലേ…”” “”എന്നാലും…”” “”ഒരു എന്നാലും ഇല്ല ക്ലാസിനു പോടി…”” “”ഈ psc ഒക്കെ കണ്ടു പിടിച്ചവരെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ …”” “”അത്കിട്ടുമ്പോൾ അല്ലേ ,അപ്പോൾ നോക്കാം… മോളു തത്കാലം ക്ലാസിൽ പോകാൻ നോക്ക്.. “” അതും പറഞ്ഞ് അരുൺ ഓഫീസിലേക്ക് ഇറങ്ങി…. കാശി പി ജി ചെയ്തശേഷം ഇപ്പോൾ പി എസ് സി കോച്ചിങ്ലാണ്… ഞായറാഴ്ച വളരെ കാര്യമായി കാശിയും കുടുംബവും വിഷ്ണുവിനെ കാണാൻ ചെന്നു… പിന്നെ അങ്ങോട്ട് കാശിയുടെ വിഷ്ണുവിനെയും ലോകം ആ കുഞ്ഞിനു ചുറ്റുമായിരുന്നു… രണ്ടുപേർക്കും പെൺ കുഞ്ഞിനോട് താൽപര്യം ഉള്ളതുകൊണ്ട് പേരു നോക്കുക, ഡ്രസ്സ് സെലക്ട് ചെയ്യുക,അങ്ങനെ ഒരായിരം കാര്യങ്ങളിൽ രണ്ടു മൂന്ന് മാസങ്ങൾ കടന്നുപോയി…. പക്ഷേ മാസങ്ങൾ കടന്നു പോകുന്തോറും വിഷ്ണുവിന്റെ വിളികൾ കുറഞ്ഞുവന്നു … പിന്നെ പിന്നെ കാശി അങ്ങോട്ട് വിളിച്ചാലും ഫോൺ എടുത്ത് ഒന്നോരണ്ടോ വാക്കിൽ കാര്യങ്ങൾ പറഞ്ഞു നിർത്താൻ തുടങ്ങി വിഷ്ണു … കാശിയ്ക്കതുണ്ടാക്കിയ സങ്കടം ഒരുപാട് വലുതായിരുന്നു… ഒരുപക്ഷേ വിഷ്ണുവിന്റെ വയ്യായ്ക കാരണമായിരിക്കുമങ്ങനെയെന്നു പറഞ്ഞു അരുണും സന്തോഷും അവളെ ഒരുപോലെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു … പോകെ പോകെ കാശിയും അങ്ങനെതന്നെ വിശ്വസിച്ചു… “”എന്താടോ ഇത്ര വലിയ ആലോചന….”” മുറിയിൽ എത്തിയിട്ടും തന്നെയൊന്ന് നോക്കാതെ എന്തോ ആലോചിച്ചിരിക്കുന്ന കാശിയുടെ അടുക്കലേക്ക് അരുൺ ചെന്നിരുന്നു. ”

അതേ,നമുക്കെപ്പോഴാ അരുണേട്ടാ ഒരു കുഞ്ഞു വാവ വരിക …”” “” അതിനു നമ്മൾ വേണ്ടാന്ന് വെച്ചിട്ടൊന്നുമല്ലല്ലോടോ … അതൊക്കെ അതാതിന്റെ സമയതിങ്ങു വന്നോളും… ഇതായിരുന്നോ തന്റെ ഇത്രയും വലിയ ആലോചന ..”” “”പക്ഷെ ഇപ്പോൾ തന്നെ മൂന്ന് വർഷമായില്ലേ എട്ടാ…”” താലി മാലയിൽ കൈ കുരുക്കികൊണ്ടവൾ അവനെ നോക്കി പറഞ്ഞു.. “”അതിനെന്താ… 3 അല്ലെ ആയുള്ളൂ മുപ്പത് ഒന്നും ആയില്ലല്ലോ… അവള് പഠിക്കാതിരിക്കാൻ ഓരോ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുകയാണ്… മര്യാദയ്ക്കരുന്നു വല്ലതുമിരുന്നു പഠിക്കണ്ടി പെണ്ണേ … കൊച്ചു പോലും… ആദ്യം നിന്റെ കുഞ്ഞുകളിയൊന്നു മാറട്ടെ.. എന്നിട്ടാലോചിക്കാം അടുത്ത വാവയെപ്പറ്റി ….”” അരുൺ ഓരോന്ന് പറഞ്ഞ് അവളുടെ മൂഡ് മാറ്റാൻ ശ്രമിക്കുമ്പോഴും അവനറിയാമായിരുന്നു അവൾ എത്രത്തോളം ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന്… ഒപ്പം താനും.. ഇതിനിടയിൽ എല്ലാവരും പ്രതീക്ഷിച്ച ദിവസം വന്നെത്തി… … ഡോക്ടർ പറഞ്ഞതിലും രണ്ടാഴ്ച മുന്നേ വിഷ്ണു പ്രസവിച്ചു, പെൺകുട്ടി… വിവരമറിഞ്ഞു കാശി ഓടിയെത്തി.. പക്ഷി സിസേറിയൻ ആയ കാരണവും പിന്നെ കുഞ്ഞിന് എന്തൊക്കെയോ കോംപ്ലിക്കേഷൻ ഉണ്ടെന്നും പറഞ്ഞ് അവർക്ക് കുഞ്ഞിനെ കാണാൻ കഴിഞ്ഞില്ല.. പിന്നീടുള്ള രണ്ടു മൂന്നു ദിവസങ്ങളിൽ കാശി വളരെ തിരക്കിലായിരുന്നു… പക്ഷെ ഇതിനിടയിലും അവൾ ഒന്ന് രണ്ട് തവണ ഹോസ്പിറ്റലിൽ വന്നു കുഞ്ഞിനെ കാണാൻ ആയി… പക്ഷേ അപ്പോഴൊക്കെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്… ഈ സമയമൊക്കെ കുഞ്ഞിനെ ഒന്ന് കാണാൻ കഴിയാത്തതിൽ കാശിക്ക് നല്ല സങ്കടമുണ്ടായിരുന്നു… വീട്ടിൽ വരുമ്പോൾ എപ്പോഴും കാണാമല്ലോന്ന് പറഞ്ഞ് അരുൺ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു … അങ്ങനെ വിഷ്ണുവിനെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് എത്തിക്കുന്നു എന്നറിഞ്ഞ് ഓടിച്ചെന്ന കാശിയെ കാത്തിരുന്നത് ഭർത്താവിന്റെ വീട്ടുകാർ അവളെ അവിടേക്ക് കൊണ്ടുപോയിനുള്ള വാർത്തയായിരുന്നു… അതറിഞ്ഞപ്പോൾ എല്ലാവർക്കും ഒരുപോലെ സങ്കടമായെങ്കിലും കാശിയുടെ സങ്കടം വലുതായിരുന്നു… ഇതിനിടയിലെല്ലാം കാശി വിഷ്ണുവിനെ വിളിച്ചെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമേ അവൾ ഫോൺ എടുത്തോളൂ… അപ്പോഴൊക്കെ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം കൊണ്ട് ഒരു ഫോട്ടോ എടുത്തത് അയക്കുമോന്ന് ചോദിച്ചപ്പോൾ ഒക്കെയും, ഇത്രയും ചെറിയ കുട്ടികളുടെ ഫോട്ടോ എടുക്കാൻ പാടില്ലന്ന് എല്ലാരും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു അവൾ കൂടുതൽ സംസാരിക്കാതെ പെട്ടെന്ന് തന്നെ ഫോൺ വെച്ചു… ഒരുപക്ഷേ അതാകും സത്യമെന്ന് കരുതി കാശിയും സമാധാനിച്ചു… പക്ഷെ ചിന്തകളൊക്കെയും തെറ്റിയെന്നു മനസ്സിലായത് സ്കൂൾ ഗ്രൂപ്പിലെ ആരൊ കുഞ്ഞിന്റെ ഫോട്ടോ കണ്ടുന്നു പറഞ്ഞുള്ള കമെന്റ് കണ്ടപ്പോഴാണ്.. അതു ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി കാശി ആ കുട്ടിയോട് സംസാരിച്ചപ്പോഴാണ് അറിയുന്നത് വിഷ്ണുവിന്റെ കുഞ്ഞിന്റെ ഫോട്ടോ ആ ഗ്രൂപ്പിലെ ഒരുമാതിരിപ്പെട്ട എല്ലാരും കണ്ടു കഴിഞ്ഞുന്നുള്ള കാര്യം… കാശിക്കത് വലിയൊരു ഷോക്കായിരുന്നു… അരുണിനും. ഒന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും കാശിയുടെ സങ്കടം മാറുന്നില്ലെന്നു കണ്ടതും അരുൺ കാശിയെയും കൂട്ടി വിഷ്ണുവിനെ കാണാൻ പുറപ്പെട്ടു… ഒന്നുമല്ലെങ്കിലും പ്രാണന്റെ പാതിയായി കണ്ട കൂട്ടുകാരിയുടെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണമെങ്കിലും അറിയാമെല്ലോ… വൈകുന്നേരത്തോടെയാണ് അരുണും കാശിയും വിഷ്ണുവിന്റെ വീട്ടിലെത്തിയത്… ആദ്യനാളിലൊന്നും കിട്ടിയപോലത്തെ ഹൃദ്യമായ വരവേൽപ്പായിരുന്നില്ല അവടുള്ളവരിൽ നിന്നും കിട്ടുന്നതെന്ന് ചെന്നൽപ്പം കഴിഞ്ഞപ്പോഴേ അരുണിന് മനസ്സിലായിരുന്നു.. പക്ഷെ കാശിക്ക് വേണ്ടി അരുണത് കണ്ടില്ലെന്നു നടിച്ചു.. പക്ഷെ വിഷ്ണു സന്ദീപിന്റെ പെങ്ങളെയും കൂട്ടി കുഞ്ഞിനെ ഡോക്ടർനെ കാണാൻ പോയിരിക്കുവാണെന്നുള്ള കാര്യം കേട്ടപ്പോഴേ അരുൺ കാശിയെയും കൊണ്ടെഴുന്നേറ്റു… അവളെയും പിടിച്ചു പുറത്തേക്കിറങ്ങുമ്പോൾ കേട്ടു അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ… ഒരുനിമിഷം കാശിയും അരുണും ഞെട്ടി.. കാശിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി… നിറ കണ്ണുകളോടെ തന്നെ നോക്കുന്നവളെ അരുൺ നെഞ്ചോടു ചേർത്തുപിടിച്ചു… കാശി തിരിഞ്ഞു സന്ദീപിനെയും കുടുംബത്തെയുമൊന്നു നോക്കി… “”കുഞ്ഞിവിടെയുണ്ടോ… “” കാശി ചോദിച്ചു.. “”അത്… പിന്നെ…”” “”നീയെന്തിനാടാ വിക്കുന്നെ… എന്തായാലും ഇത്രയൊക്കെയായി.. അതേ കൊച്ചേ… ഉള്ളത് പറയാലോ…”” “”അമ്മ ഒന്ന്‌ മിണ്ടാതിരുന്നേ.. അമ്മേ..”” സന്ദീപ് അവന്റയമ്മയെ തടഞ്ഞു… “”ഇത്രയും നാളുമിവളെ ഒഴിവാക്കിയിട്ടുമിവൾക്കൊന്നും മനസ്സിലായില്ലേൽ മുഖത്തു നോക്കി പറഞ്ഞല്ലേ പറ്റു… ഇന്നല്ലേ നാളെയാണേലും ഇതെല്ലാം പറയണം .. എന്നാ പിന്നെ ഇന്നായിക്കൂടെ.. അങ്ങനെയാണേൽ നമ്മുടെ പെണ്ണിന് ഇവളുടെ അടുത്തുന്നിങ്ങനെ ഒളിച്ചും പാത്തും നടക്കണ്ടലോ…”” “”ഒളിച്ചും പാത്തുമോ… “” ചോദ്യം അരുണിന്റെ ആയിരുന്നു.. “”അത് പിന്നെ… “” സന്ദീപ് ഒന്നു തത്തിക്കളിച്ചു..

“”എന്തേലും കാര്യമുണ്ടെങ്കിലത് വെട്ടിത്തുറന്നു പറയണം… കുറച്ചു നാളായി ഇവളിങ്ങനെ കരയുന്നു… ഇനി പറ്റില്ല… ആരെങ്കിലുമൊന്നു കാര്യം പറയ്.. “” കാശിയെ വീണ്ടും ചേർത്തുപിടിച്ചരുൺ പറഞ്ഞു .. “”അതു പിന്നെ അരുൺ… ഈ പഴയ ആൾക്കാരുടെ ഓരോരോ വിശ്വാസങ്ങൾ… അത്… “” “”വിശ്വാസമോ.. എന്ത് വിശ്വാസം…”” “”അത് പിന്നെ…”” “”നീയെന്തിനാടാ ഇങ്ങനെ പേടിക്കുന്നെ… ഉള്ള കാര്യമങ് തുറന്നു പറയെടാ മോനെ .. അല്ലേലിപ്പോ നിന്നെക്കൊണ്ട് വയ്യെങ്കിൽ ഞാൻ പറയാം… ദേ കൊച്ചനെ, നിന്റെ ഭാര്യ എന്റെ മരുമോളുടെ വലിയ കൂട്ടുകാരിയൊക്കെയായിരിക്കും… അതൊക്കെ അവിടിരുന്നോട്ടെ… പക്ഷെ ഞങ്ങൾക്ക് വലുത് ഞങ്ങളുടെ കൊച്ചുമോളാ .. മച്ചിയായ ഒരു പെണ്ണിന്റെ നോട്ടം തട്ടിയാൽ പോലും പൊടികുഞ്ഞുങ്ങൾക്ക് ദണ്ണം പിടിക്കും , അപ്പോഴാ അങ്ങനെയൊരുത്തിക്ക്‌ കുഞ്ഞിനെ കാണാനുമെടുക്കാനുമൊക്കെ കൊടുക്കുക… ഈ പെണ്കൊച്ചിനെയവിടെ നിർത്തിയാൽ, ഇവളുടെ കേറ്റിയിറക്കമുണ്ടാകുമെല്ലോന്ന് പേടിച്ചു മാത്രമാണ്, ഇത്രയും വയ്യെങ്കിലും ഞാനിവളെയും കുഞ്ഞിനെയുമിങ് കൊണ്ടുവന്നെ… അപ്പൊ ദാ കെട്ടിയെടുത്തോണ്ട് ഇവിടെയും വന്നു …. നാശം പിടിക്കാനായിട്ട്, ഇതൊന്നും ഇവിടെ പറ്റില്ല…. എത്രയും പെട്ടെന്ന് നീ ഈ പെണ്ണിനേയും വിളിച്ചോണ്ടിവിടുന്നിറങ്ങി പോകാൻ നോക്കിക്കെ….. മ്മ്… “” കാശിയും അരുണും അവരുടെ വാക്കുകളിൽ ഞെട്ടിനിന്നു… ഈ സമയമാണ് ഫ്രണ്ടിലെ മുറിക്ക് പുറത്തുനിൽക്കുന്ന വിഷ്ണുവിനെ കാശി കണ്ടത്.. ഈ പറഞ്ഞതൊക്കെ അവളു കേട്ടെന്ന് ആ മുഖത്തു വ്യക്തമായിരുന്നു… അത് കണ്ടതും കാശി അവൾക്കരികിലേക്ക് നടന്നു ചെന്നു… “”വിഷ്ണു…. “” കാശിയുടെ വിളി പൂർത്തിയാക്കും മുന്നേ വിഷ്ണു പറഞ്ഞുതുടങ്ങിയിരുന്നു… “”കാശി,കൂടുതലൊന്നുമെനിക്കു പറയാനില്ല … നീയെന്റെ അടുത്ത കൂട്ടുകാരിയാണെന്നൊക്കെ ശരിതന്നെ.. പക്ഷെ ഞാനിന്നൊരു അമ്മയാണ്… എനിക്കെന്റെ കുഞ്ഞാണേറ്റവും വലുത്… നിന്നെപ്പോലുള്ളൊരാളുടെ കയ്യിലെക്കത്തിനെ തന്ന് എന്റെ കുഞ്ഞിന്റെ ആയുസ്സിനൊന്നും വരുത്താൻ എനിക്കു കഴിയില്ല… So ദൈവത്തെയോർത് നീയിപ്പൊ ഇവിടുന്നിറങ്ങിപോകണം… പിന്നെ പോകുമ്പോൾ നിനക്കിങ്ങനെയൊരു കൂട്ടുകാരിയുണ്ടായിരുന്നുന്നുള്ളത് മറന്നിട്ട് വേണം ഈ പടിക്കുപ്പുറത്തിറങ്ങാൻ… നീയൊരുത്തി കാരണമുള്ള ബുദ്ധിമുട്ട് ഞാൻ സഹിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി… ഇനിയും വയ്യ… കൊഴഞ്ഞു…”” വിഷ്ണുവിന്റെ വാക്കുകളിൽ കാശി തറഞ്ഞു നിന്നു… അവളുടെ ഭാവം കണ്ടതും അരുൺ അവൾക്കരുകിലെത്തി ചേർത്തുപിടിച്ചു പിന്നീട് വിഷ്ണുവിനെയൊന്നു ദഹിപ്പിച്ചു നോക്കി കാശിയുമായി തിരിഞ്ഞു നടന്നു… “”മോളെ ആ പെണ്ണ് , കുഞ്ഞിനെകണ്ടില്ലെങ്കിക്കും നീ എന്തായാലും മോളെയൊന്നു കടുകും മുളകും ഉഴിഞ്ഞിട്ടേരെ… ഈ ജാതി സാധനത്തിനൊക്കെ കരിങ്കണ്ണാണ്‌… ഏഴു വീടിനപ്പുറം നിന്നാലും കുലം മുടിക്കും…”” കാറിലേക്ക് കാശിയെ കയറ്റും മുന്നേ അവരെത്രയും വ്യക്തമായി കേട്ടിരുന്നു …. കാശിയുടെ കണ്ണ് പിന്നെയും ഒഴുകി… അരുൺ നേരെയവളെകൂട്ടി വീട്ടിലേക്കാണ് പോയത്… പൂർണ്ണമായി തകർന്ന മോളെ കാണെ സന്തോഷിന്റെയും രേവതിയുടെയും ഹൃദയം തകർന്നു… നാളുകളെടുത്തു അവളൊന്നു നോർമൽ ആകാൻ… അരുണേപ്പോഴും അവൾക്കൊപ്പം നിന്നു… വീണ്ടുമവളെ മോട്ടിവേറ്റ് ചെയ്തു പഠിത്തത്തിലേക്ക് തിരിച്ചുവിട്ടു.. അടുത്ത ഒരു വർഷത്തിനുള്ളിൽ അവൾക്ക് താലുക്കാഫിസിൽ അവൾക്ക് ജോലിയായി…പതിയെ പതിയെ ജീവിതം പഴയ പോലെയായി … ഇതിനിടയിൽ അവർ ഡോക്ടർനെ കണ്ടിരുന്നു… രണ്ടുപേർക്കും പ്രേത്യേകിച്ചു കൊഴപ്പമൊന്നുമില്ലാന്നുള്ള അറിവ് എല്ലാർക്കും സന്തോഷമായി… ജോലികിട്ടി ഏകദേശം നാലുമാസം കഴിഞ്ഞപ്പോൾ അവരിത്രയും കാലം കാത്തിരുന്ന അതിഥിയുടെ വരവറിഞ്ഞു… ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലം… “”അരുണേട്ടാ….” “”സന്തോഷമായില്ലേ പെണ്ണേ… ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്, നമ്മുടെ കുഞ്ഞിങ്ങു വന്നോളൂമെന്നു… ഇപ്പൊ സന്തോഷമായില്ലേ….”” ചിരിച്ചോണ്ട് കരയുന്നവളെ നെഞ്ചോടു ചേർത്തുപിടിചുരക്കുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു… മാസങ്ങൾ പറന്നുപോയി… ഇതിനിടയിൽ അറിഞ്ഞു വിഷ്ണുവിന്റെ കുഞ്ഞ് നിമോണിയ കൂടി ഹോസ്പിറ്റലിൽ ആണെന്ന്… നാളുകൾ കഴിഞ്ഞപ്പോൾ മരണവും… 🌺🌺🌺 ഇന്ന് കാശിയുടെയും അരുണിന്റെയും കുഞ്ഞിന്റെ ചോറുണായിരുന്നു,ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു … വരുണി … അമ്മയെപ്പോലെ ഒരു കുട്ടികുറുമ്പി… … ചടങ്ങെല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോളാണ് അരുൺ വിഷ്ണുവിനെയും കുടുംബത്തെയുമവിടെ കാണുന്നത്… അവരെ കണ്ടതും അവന്റെ കണ്ണുകൾ തേടിയത് കാശിയെയാണ്.. അവളവരെ കണ്ടില്ലെന്നു കണ്ടപ്പോൾ അവനാശ്വാസമായി.. പെട്ടെന്ന് തന്നെയവൻ എല്ലാരോടും പോകാനുള്ള ധൃതി കൂട്ടി… “”പോകാം അരുണേട്ടാ.. ഒക്കേത്തിനും അങ് ബഹളമാ…”” ഇതിനിടയിൽ വിഷ്ണു നടന്നുവരുന്നത് അരുൺ കണ്ടു.. പെട്ടെന്നവൻ കാശിയെ ചേർത്തുപിടിച്ചു മുന്നിലേക്ക് നടന്നു… “”എന്താ അരുണേട്ടാ.. കുഞ്ഞു അമ്മേടെയെടുത്താ.. അവരുടെ വരട്ടെ… പയ്യെ നടക്ക്… “” “”അവർ വന്നോളും… നീ വേഗം വാ …”” ഇതിനിടയിൽ അരുണിന്റെ വെപ്രാളവും ബഹളവും ശ്രെദ്ധിച്ച സന്തോഷും വിഷ്ണുവിനെ കണ്ടിരുന്നു… “”കാശി…”” വിഷ്ണു പുറകിൽനിന്നും വിളിച്ചു… ഒരുവേള ആ വിളിയിൽ കാശി ഞെട്ടി… വർഷങ്ങൾക്ക് ശേഷം… “”വിഷ്ണു…”” ചുണ്ടിൽ പേര് വന്നു.. കാശിയുടെ സങ്കടം കണ്ട പലരിലും ആ പേര് വെറുപ്പ് നിറച്ചു… അതവരുടെ കണ്ണുകൾ വിളിച്ചു പറഞ്ഞു… വിഷ്ണു കാശിക്കരികിലെത്തി… ഇരുകയ്യും കൂപ്പി അവൾക്ക് മുന്നിൽ നിന്നു… “”മാപ്പ്… അന്ന് ഞാൻ നിന്നേ മുറിവേൽപ്പിച്ചതിന് പകരമാകില്ലെന്നറിയാം… എന്നാലും മാപ്പക്കാണെടി… പലരും പലതും പറഞ്ഞു തന്നപ്പോൾ, മാപ്പ്…ഇതൊന്ന് നിന്നോട് പറയാനായി ഒരുപാട് ശ്രെമിച്ചു… അതിനായിട്ട് നിന്നേ വിളിച്ചിരുന്നു.. അന്ന് അരുണേട്ടാനാണ് എടുത്തത്… ഇനി നിന്നേ വിളിക്കരുതെന്നു പറഞ്ഞു എട്ടൻ ഫോൺ വെച്ചു.. പിന്നെ എന്നെ പേടിച്ചിട്ടാണെന്ന് തോന്നുന്നു ആള് നിന്റെ നമ്പർ പോലും മാറ്റി… “” കുറച്ചു നേരം അവളെ നോക്കി നിന്ന് കാശി അരുണിന്റെ കൈവിടുവിച്ചു തന്റെ മുന്നിലിരുന്നു കരയുന്നവളെ പിടിച്ചുയർത്തി… തലകുനിഞ്ഞു നിൽക്കുന്നവളെ മുറുക്കെ കെട്ടിപിടിച്ചു…

“”ഞാൻ നിന്നേ എന്തോരം മിസ്സ്‌ ചെയ്‌തെന്നറിയാമോ വിഷ്ണു… “” കുറെ നേരം കെട്ടിപ്പിടിച്ചു നിന്നു കരഞ്ഞു… ഇടക്കെപ്പോഴോ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോ വിഷ്ണുവിനെ വിട്ടു കുഞ്ഞിനെപോയെടുത്തു… “”വിഷ്ണു.. നോക്കെടി മോളാണ്…”” വിഷ്ണു ഒന്ന്‌ ചിരിച്ചു… പിന്നെ പതിയെ പുറകിലേക്ക് മാറി… “”കുഞ്ഞാവേ… നോക്കിയേ ഇതാരാണെന്നു… കുഞ്ഞാവയുടെ ചിറ്റയാ… വിഷ്ണു ചിറ്റ “” പറഞ്ഞു തീരുകയും അവള് കുഞ്ഞിനെയെടുത്തു വിഷ്ണുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു.. എടുക്കാൻ മടിച്ചു നിന്നവളുടെ കയ്യിലേക്ക് ബലമായി തന്നെ പിടിച്ചു കൊടുത്തു.. അൽപ്പം കഴിഞ്ഞതും വിഷ്ണുവും കുഞ്ഞും കൂട്ടായി കളിക്കാൻ തുടങ്ങി… ഇതിനിടയിൽ വിഷ്ണുവിനെയെന്തോ പറയാൻ തുടങ്ങിയ രേവതിയെയും അമ്മയെയും സന്തോഷ്‌ തടഞ്ഞു… കുഞ്ഞിനെ കയ്യിലെടുത്തു കളിപ്പിക്കുന്ന സന്ദീപിനെയും വിഷ്ണുവിനെയും നോക്കി ചിരിയോടെ നിൽക്കുന്ന കാശിയെ തോളിലൂടെ ചേർത്തുപിടിച്ചു അരുൺ ചോദിച്ചു… “”നീയെന്തൊരു പെണ്ണാണെടി ഭാര്യേ…”” “”മ്മ്.. എന്ത് പറ്റി… “” അവള് തല ചരിച്ചവനെ നോക്കി… “”ശ്ശെടാ … ഞാനെന്തൊക്കെ പ്രേതീക്ഷിച്ചുന്നറിയോ, അവള് നിന്റെ മുന്നിലിങ്ങനെ വന്നു നിന്നപ്പോൾ ..”” “”എന്ത് പ്രതീക്ഷിച്ചു…”” “”അല്ലാ, നീ നാലഞ്ചു കിടുക്കൻ ഡയലോഗ് കാച്ചുന്നു… അത് കേട്ടവള് കരയുന്നു… അവസാനം പക, അത് വീട്ടാനുള്ളതാണെന്ന് പറഞ്ഞു നീ ഉറക്കെ ഉറക്കെ ചിരിക്കുന്നു… എന്നിട്ടൊ, ദേ ഇവിടൊരുമാതിരി പവനായി ശവമായി പോലായിപ്പോയി …”” “”ഓഹോ… അങ്ങനെയൊക്കെയാരുന്നോ വേണ്ടത്…”” “”പിന്നല്ലാതെ….. നിന്നേ എന്തോരം കരയിച്ചവളാ അവള് … അതും എത്ര നാൾ… ഹും…”” അരുൺ അരിശം കൊണ്ടു. “”അരുണേട്ടനോടാര് പറഞ്ഞു ഞാൻ പക വീട്ടിയില്ലെന്നു…”” “”വീട്ടിയോ… എപ്പോ… ” അരുണവളെ വിട്ടു മുന്നിലേക്ക് കേറിനിന്നു… “”ദേ ലങ്ങോട്ട് നോക്കിയേ കണ്ടില്ലേ… വിഷ്ണുവിന്റെയും സന്ദീപേട്ടന്റെയും സന്തോഷം കാണുന്നില്ലേ … അതാണ് എന്റെ പകരം വീട്ടൽ..”” “”മനസ്സിലായില്ല…”” “”അരുണേട്ടനോടാര പറഞ്ഞേ, ഈ രക്തം ചീന്തിയും, മനസ്സുകൾ മുറിച്ചും, കരയിച്ചിട്ടുമൊക്കെയേ പ്രതികാരം ചെയ്യാൻ പറ്റുകയെന്നു … ദാ ഇതുപോലെ സന്തോഷം കൊടുത്തും പകരം വീട്ടാം.. എനിക്കങ്ങനെയൊക്കെ പകരം വീട്ടാനെ അറിയൂ… അല്ലേൽ പിന്നെ ഞാനും അവളും തമ്മിലെന്താ എട്ടാ വ്യത്യാസം… “” “”അത് നേര്… അല്ലേലും നീയെന്റെ വൈകാശിയല്ലേ… ഇങ്ങനെ വരൂ….”” ചിരിച്ചും കൊണ്ട് അരുണവളുടെ കയ്യിൽ മുറുക്കെ പിടിച്ചു… “”പക… അത് വീട്ടാനുള്ളതാണ് അല്ലെടി ഭാര്യ…”” “”പിന്നല്ലേ … ദേ ഇങ്ങനെ …. “” കാശി ഒരുപാട് സന്തോഷത്തോടെ അരുണിന്റെ കയ്യിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു… മയിൽപ്പീലി പോലെ…

Long Stories

മക്കളുടെ ഉള്ള് മനസ്സിലാക്കാൻ സ്വന്തം അച്ഛനേ കഴിയുള്ളുവെന്ന് എനിക്കിപ്പോൾ മനസ്സിലായി…

Published

on

By

രചന: സജി തൈപ്പറമ്പ്.

“സുധേ .. ഞാൻ നമ്മുടെ മോന് നല്ലൊരു പേര് കണ്ട് വച്ചിട്ടുണ്ട്, ഭാര്യയെ ലേബർ റൂമിൽ നിന്ന് വാർഡിലേക്ക് കൊണ്ട് വന്നപ്പോഴാണ്, ദിനേശൻ അവളുടെ അരികിൽ കിടന്നുറങ്ങുന്ന ചോരക്കുഞ്ഞിനെ നോക്കി വാത്സല്യത്തോടെയത് പറഞ്ഞത് . ഓഹ് അതിൻ്റെയാവശ്യമില്ല, അതൊക്കെ എൻ്റെ അച്ഛൻ നേരത്തെ തീരുമാനിച്ച് വച്ചിട്ടുണ്ട്, യദുകൃഷ്ണദാസ് , അതായിരിക്കും അവന് ഇടാൻ പോകുന്ന പേര് നിർദ്ദയമായ് സുധ പറഞ്ഞത് കേട്ട് ദിനേശൻ അമ്പരന്നു. യദുകൃഷ്ണദാസോ? കൃഷ്ണദാസ് നിൻ്റെ അച്ഛൻ്റെ പേരല്ലേ? മോൻ്റെ പേരിനൊപ്പം എൻ്റെ പേരല്ലേ ചേർക്കേണ്ടത്? അയാൾ ആകാംക്ഷയോടെ ചോദിച്ചു അങ്ങനെ നിയമമൊന്നുമില്ലല്ലോ ? കൃഷ്ണദാസ് എന്ന പേരിന് ഒരു പഞ്ചൊക്കെയുണ്ട് ,അല്ലാതെ നിങ്ങടെ പേര് പോലെ പഴഞ്ചനല്ല അനിഷ്ടത്തോടെയുള്ള ഭാര്യയുടെ സംസാരം വേദനിപ്പിച്ചെങ്കിലും, പിന്നീട് ഒരു തർക്കത്തിന് അയാൾ മുതിർന്നില്ല. അല്ലെങ്കിലും പണ്ട് മുതലേ അച്ഛനായിരുന്നു അവളുടെ ഹീറോ, വിവാഹത്തിൻ്റെ പിറ്റേമാസം ഗൾഫിലേക്ക് പോയ ദിനേശൻ, പിന്നീട് തിരിച്ച് വന്നത് , ആദ്യത്തെ മോൾക്ക് രണ്ട് വയസ്സ് തികഞ്ഞപ്പോഴായിരുന്നു , അന്നും അയാൾ പറഞ്ഞ പേരായിരുന്നില്ല, ഭാര്യ മകൾക്കിട്ടത് ,അച്ഛൻ്റെ നിർദ്ദേശപ്രകാരം, ഇന്ദുലേഖ എന്നായിരുന്നു അവർ മോളെ വിളിച്ച് കൊണ്ടിരുന്നത് . ഇനി എനിക്കൊരു മോനും കൂടി വേണം, കെട്ടോ സുധേ…

അന്ന്, ഇന്ദു മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് താലോലിക്കുമ്പോഴാണ്, ഭാര്യയോട് ദിനേശൻ തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നിങ്ങളാഗ്രഹിക്കുമ്പോൾ മോനെയും മോളെയുമൊക്കെ എടുത്ത് തരാൻ ഞാനൊരു യന്ത്രമൊന്നുമല്ല ,രണ്ട് മാസത്തെ ലീവും കഴിഞ്ഞ് കാര്യവും സാധിച്ച് നിങ്ങളങ്ങ് പോകും ,അത് കഴിഞ്ഞ് ഗർഭം ചുമന്ന് നടക്കേണ്ടതും, വേദന തിന്ന് പ്രസവിക്കേണ്ടതും ഞാനല്ലേ? പിന്നെ അതിൻ്റെ കഷ്ടപ്പാട് മുഴുവൻ എൻ്റെ വീട്ടുകാർക്കും, അത് കൊണ്ട് തത്കാലം ഒരു മോള് മതി ,ഇനിയും സമയമുണ്ടല്ലോ ? നിങ്ങള് പ്രവാസമൊക്കെ മതിയാക്കി നാട്ടിൽ തിരിച്ചെത്തുമ്പോൾ അതിനെക്കുറിച്ചാലോചിക്കാം സുധ, അസന്നിഗ്ധമായി പറഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും, അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് അയാൾക്ക് തോന്നി അങ്ങനെ ലീവ് തീർന്ന്, തിരിച്ച് പോയെങ്കിലും, രണ്ടാഴ്ച കഴിഞ്ഞ് അയാൾക്കൊരു ഫോൺ കോള് വന്നു, നാട്ടിൽ നിന്ന് സുധയായിരുന്നത്.

നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ? എനിക്ക് ഉടനെയൊന്നും പ്രസവിക്കാൻ വയ്യെന്ന് ,എന്നിട്ടും നിങ്ങളെന്നെ ചതിച്ചു ,അച്ഛൻ സമ്മതിക്കാത്തത് കൊണ്ടാണ്, അല്ലെങ്കിൽ ഞാനിതിനെ ഇല്ലാതാക്കിയേനെ,,, സുധയുടെ പൊട്ടിത്തെറി കേട്ട് അയാൾ വല്ലാതായി ,അവളുടെ ബുദ്ധിമുട്ടറിഞ്ഞപ്പോൾ തൻ്റെ ആഗ്രഹത്തിനയാൾ കടിഞ്ഞാണിട്ടിരിക്കുകയായിരുന്നു, പക്ഷേ, മനുഷ്യനല്ലേ? ഒരു ദുർബ്ബല നിമിഷത്തിൽ പാതിയുറക്കത്തിൽ നിയന്ത്രണം വിട്ട് പോയി ,അതിന് അവളും കൂടി ഉത്തരവാദിയല്ലേ? അയാളത് ചിന്തിച്ച് തീരും മുൻപേ അപ്പുറത്ത് ഫോൺ കട്ട് ചെയ്തു. പിന്നെ കുറേ നാളത്തേയ്ക്ക് അയാൾ വിളിച്ചാൽ സുധ,ഫോൺ അറ്റൻ്റ് ചെയ്യാറില്ലായിരുന്നു, അച്ഛൻ കൃഷ്ണദാസായിരുന്നു അയാളോട് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്. അങ്ങനെയാണ്, ഗൾഫിലെ തൻ്റെ ജോലി ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചത് ,പക്ഷേ പെട്ടെന്ന് തന്നെ അയാൾക്ക് നാട്ടിലേക്ക് പോകാൻ കഴിയില്ലായിരുന്നു, നിലവിലെ വിസയുടെ കാലാവധി തീരാൻ പിന്നെയും എട്ട് മാസം ബാക്കിയുണ്ടായിരുന്നു അത് കൊണ്ട് സുധയുടെ രണ്ടാമത്തെ പ്രസവത്തിന് അവളെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ മാത്രമാണ്, നാട്ടിലെത്താൻ അയാൾക്ക് സാധിച്ചത്. മോനേ.. നീ പോയി ഈ ഫ്ളാസ്കിൽ കുറച്ച് കാപ്പി വാങ്ങിച്ചോണ്ട് വാ ,ബണ്ണുണ്ടെങ്കിൽ അതും വാങ്ങിച്ചോളു സുധയുടെ അമ്മയുടെ ശബ്ദം കേട്ടാണ്, ദിനേശൻ ഭൂതകാലത്തിൽ നിന്ന് തിരിച്ചെത്തിയത്. ഫ്ളാസ്കുമായി, സ്റ്റെയർകെയ്സിറങ്ങിച്ചെല്ലുമ്പോൾ, ഇടനാഴിയിലൂടെ എതിരെ നടന്ന് വരുന്ന കൃഷ്ണദാസിനെ കണ്ട ദിനേശൻ്റെ മനസ്സിൽ, അമർഷം നിറഞ്ഞു.

നീയിതെങ്ങോട്ട് പോകുന്നു ദിനേശാ ..? ഞാൻ കാപ്പി വാങ്ങാൻ ക്യാൻറീനിലോട്ട് പോകുവാ, അയാൾ നീരസത്തോടെ പറഞ്ഞിട്ട് പുറത്തേയ്ക്ക് നടന്നു. വർഷങ്ങൾ കടന്ന് പോയി. യദു കൃഷ്ണൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സുപ്രധാന തീരുമാനങ്ങളെടുത്തിരുന്നത് കൃഷ്ണദാസായിരുന്നു. മകനെ നല്ലൊരു അദ്ധ്യാപകനായി കാണാനായിരുന്നു ദിനേശൻ്റെ ആഗ്രഹം, പക്ഷേ, യദു, മുത്തച്ഛൻ്റെ നിർദ്ദേശപ്രകാരം, എൽ എൽ ബി യെടുത്ത് വക്കീലായി അച്ഛനെക്കാൾ യദുവിനിഷ്ടം മുത്തച്ഛനെയായിരുന്നു, അതിന് കാരണക്കാരി സുധ തന്നെയായിരുന്നു. എഴുപതാം വയസ്സിലും ഊർജസ്വലനായ നിൻ്റെ മുത്തച്ഛനെ കണ്ട് പഠിക്കണം ,അല്ലാതെ നീ നിർഗ്ഗുണനായ നിൻ്റെ അച്ഛനെപ്പോലെയാകരുത് നിരന്തരം കേൾക്കുന്ന അമ്മയുടെ ജല്പനങ്ങൾ, യദു സായത്തമാക്കി. ഹൈക്കോടതിയിലെ ലീഡിങ്ങ് അഡ്വക്കേറ്റായ ശിവശങ്കർ മേനോൻ്റെ കീഴിൽ, ചെറുമകന് പ്രാക്ടീസ് ചെയ്യാൻ അവസരമുണ്ടാക്കി കൊടുത്തതിലൂടെ, യദുവിൻ്റെ മനസ്സിൽ മുത്തച്ഛൻ കാണപ്പെട്ട ദൈവമായി മാറി. ഒരിക്കൽ ശിവശങ്കർ മേനോൻ്റെ ഓഫീസ് സ്റ്റാഫായ രുഗ്മിണിയുമായി യദു ,അടുപ്പത്തിലാണെന്നറിഞ്ഞ കൃഷ്ണദാസ് പൊട്ടിത്തെറിച്ചു.

പണ്ടിവിടുത്തെ പുറംപണിക്ക് നിയോഗിച്ചിരുന്ന വേലൻ്റെ ചെറുമകളാണവള് ,ഒരിക്കൽ പോലും എൻ്റെ അച്ഛനോ, ഞാനോ വേലനെ ഈ തറവാടിനകത്ത് കയറ്റിയിട്ടില്ല, അറിയാവോ ?ഇനിയൊട്ട്കയറ്റത്തുമില്ല, അത് കൊണ്ട്, എൻ്റെ യദുമോൻ ആ മോഹമങ്ങ് ഉപേക്ഷിച്ചേയ്ക്ക്,, അറുത്ത് മുറിച്ചുള്ള കൃഷ്ണദാസിൻ്റെ മറുപടി കേട്ട് പുറത്ത് കാറ് കഴുകി കൊണ്ടിരുന്ന ദിനേശൻ അകത്തേയ്ക്ക് വന്നു . അവന് ഇഷ്ടമാണെങ്കിൽ നമ്മളത് നടത്തി കൊടുക്കുന്നതല്ലേ നല്ലത് യദു അകത്തേയ്ക്ക് പോയി കഴിഞ്ഞപ്പോൾ ദിനേശൻ, കൃഷ്ണദാസിനോടാരാഞ്ഞു. അതിന് തന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ ? അമ്പാട്ടെ കൃഷ്ണദാസിൻ്റെ ചെറുമകൻ ആരെ കല്യാണം കഴിക്കണമെന്ന് ഞാൻ തീരുമാനിച്ച് കൊള്ളാം അടുത്തിരുന്ന കോളാമ്പിയിലേക്ക് കാർക്കിച്ച് തുപ്പിയിട്ട് കൃഷ്ണദാസ് എഴുന്നേറ്റു. ഒരിക്കൽ ടൗണിൽ പോയിട്ട് തിരികെ വീട്ടിലെത്തിയ ദിനേശൻ വിസിറ്റിങ് റൂമിലിരിക്കുന്നവരെ കണ്ട് അമ്പരന്നു കുന്നത്ത് തറവാട്ടിൽ നിന്ന് വന്നവരാണ് ,അവിടുത്തെ കുട്ടിയെ യദു മോന് വേണ്ടി ഞാനൊന്നാലോചിച്ചായിരുന്നു അതിന് നമ്മുടെ വീടും ചുറ്റുപാടും കാണാൻ വന്നതാണ് ദിനേശനോട് സുധയാണ് കാര്യം പറഞ്ഞത് .

എന്നിട്ട് യദു എവിടെ ? അവൻ ഇതിന് സമ്മതിച്ചോ? അയാൾ ഭാര്യയോട് ശബ്ദം താഴ്ത്തി ചോദിച്ചു. അവൻ രാവിലെ ഓഫീസിൽ പോയി, ഇതൊന്നും അവനറിഞ്ഞിട്ടില്ല ,എല്ലാം ഉറപ്പിച്ചതിന് ശേഷം അവനെ അറിയിച്ചാൽ മതിയെന്നാണ് അച്ഛൻ പറഞ്ഞത്,, അയാളെ മാറ്റിനിർത്തിയാണ് സുധ അത് പറഞ്ഞത്. അതവനോട് ചെയ്യുന്ന ചതിയല്ലേ സുധേ.., സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവന് കൊടുത്തൂടെ? നിങ്ങളവിടെ മിണ്ടാതിരിക്ക്, അവൻ്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അച്ഛനാണ് , അത് പോലെ ഇതും അച്ഛൻ തന്നെ തീരുമാനിച്ച് കൊള്ളും,, അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ട്, സുധ അകത്തേയ്ക്ക് പോയി. ദിവസങ്ങൾക്ക് ശേഷം യദുവിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ദിനേശൻ നടുത്തളത്തിലേക്ക് ചെല്ലുന്നത്. യദൂ… ,ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് , നിന്നെ വളർത്തിയതും, പഠിപ്പിച്ചതും നല്ലൊരു വക്കീലിൻ്റെ കീഴിൽ പ്രാക്ടീസിനയച്ചതും ഞാനാണെങ്കിൽ, നീയാരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നതും, ഈ അമ്പാട്ടെ കൃഷ്ണദാസ് തന്നെയായിരിക്കും, എന്നെ ധിക്കരിച്ച്, ആ പെഴച്ചവളെ കല്യാണം കഴിക്കാനാണ് നിൻ്റെ തീരുമാനമെങ്കിൽ, ഇനി മുതൽ നിൻ്റെ സ്ഥാനം ഈ പടിക്ക് പുറത്തായിരിക്കും ഓർത്തോളു … കൃഷ്ണദാസ് ക്ഷോഭത്തോടെ പറഞ്ഞത് കേട്ട്, നിസ്സഹായനായി നില്ക്കുന്ന മകനെ കണ്ടപ്പോൾ ദിനേശന് സങ്കടം തോന്നി.

ഇഷ്ടമില്ലാത്ത വിവാഹത്തിന് എന്തിനാണവനെ നിർബന്ധിക്കുന്നത്? ദിനേശൻ ധൈര്യം സംഭരിച്ച് കൃഷ്ണദാസിനോട് ചോദിച്ചു അവൻ്റെ ഇഷ്ടാനിഷ്ടങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് അവൻ ഞാൻ പറയുന്നതേ അനുസരിക്കു ,ദിനേശൻ ഇതിൽ തലയിടേണ്ട, ‘ ഞാനവൻ്റെ അച്ഛനാണ് എനിക്കുമുണ്ട് അവൻ്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഹ ഹ ഹ അച്ഛനോ? അത് ഞങ്ങൾക്കും കൂടി തോന്നണ്ടേ? മക്കളെ ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛനാകില്ല ,അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛൻ്റെ സാന്നിദ്ധ്യമുണ്ടാവണം , മക്കളോട് കരുതലും സ്നേഹവുമൊക്കെയുണ്ടാവണം ഇതൊക്കെ ദിനേശൻ എപ്പാഴെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ? അയാൾ പുശ്ചത്തോടെ ദിനേശനെ നോക്കി. എനിക്കതിനുള്ള അവസരം നിങ്ങൾ തന്നിട്ടുണ്ടോ ? ഓഹ് തന്നിരുന്നെങ്കിൽ താനങ്ങ് മല മറിച്ചേനെ? ചുമ്മാ ബഡായി പറയാതെ അപ്പുറത്തെങ്ങാനും പോയിരിക്ക്, ഞാൻ ബഡായി പറയുവല്ല, എൻ്റെ മകൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനവൻ്റെ ഇഷ്ടം മാത്രമേ നോക്കുകയുള്ളു, അല്ലാതെ തറവാടിത്തവും പറഞ്ഞിരിക്കില്ലായിരുന്നു , അത്രയും പറഞ്ഞ് ദിനേശൻ പുറത്തേയ്ക്കിറങ്ങിപ്പോയി. തെക്കേപറമ്പിലെ കുളപ്പടവിലിരുന്ന് തെളിഞ്ഞ വെള്ളത്തിലൂടെ നീങ്ങുന്ന പരൽ മീനുകളെ നോക്കിയിരിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു സ്വന്തം മകൻ്റെ വിവാഹകാര്യത്തിൽപ്പോലും തനിക്ക് നിസ്സംഗനായി നില്ക്കേണ്ടി വരുന്നതോർത്തിട്ട് അയാൾക്ക് സ്വയം അവജ്ഞതോന്നി.

പിന്നിൽ കാലടി ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞ് നോക്കുമ്പോൾ സങ്കടം തിങ്ങിയ മുഖവുമായി നില്ക്കുന്ന യദുവിനെയാണ് കണ്ടത് എന്നോട് ക്ഷമിക്കൂ അച്ഛാ… യദുകൃഷ്ണൻ ,അച്ഛൻ്റെ അരികിലിരുന്ന് അയാളുടെ തോളിൽ കൈയ്യിട്ട് കൊണ്ട് ക്ഷമ ചോദിച്ചു. അതിന് മോൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ? നീയും നിൻ്റെ അമ്മയും മുത്തച്ഛനെ ആവശ്യത്തിലധികം ആശ്രയിച്ചു അതിൽ അച്ഛനും തെറ്റുകാരനാണ് വിദേശത്ത് ജോലി ആയിരുന്നത് കൊണ്ട് നിങ്ങളുടെ നല്ല പ്രായത്തിൽ അച്ഛന് നിങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കാൻ പറ്റിയില്ല ,അത് കൊണ്ട് തന്നെ മുത്തച്ഛനെ വെല്ലുവിളിച്ച് നിങ്ങളെ എൻ്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ അച്ഛന് ധൈര്യമില്ല, കാരണം അച്ഛനോട് നിങ്ങൾ നോ പറഞ്ഞാൽ ഞാൻ തോറ്റ് പോകും മോനേ … ഇല്ലച്ഛാ… അച്ഛൻ തോല്ക്കില്ല, അച്ഛൻ കരുതുന്നത് പോലെ മുത്തച്ഛനോട് ഞങ്ങൾക്കുള്ളത് സ്നേഹമല്ല, ഭയം കൊണ്ടുള്ള വിധേയത്വം മാത്രമാണ്, മക്കളുടെ ഉള്ള് മനസ്സിലാക്കാൻ സ്വന്തം അച്ഛനേ കഴിയുള്ളുവെന്ന് എനിക്കിപ്പോൾ മനസ്സിലായി ,നമുക്കിവിടുന്ന് അച്ഛൻ്റെ വീട്ടിലേയ്ക്ക് പോകാമച്ഛാ… ചെറുതാണെങ്കിലും ആ വീട്ടിൽ എനിക്കും അമ്മയ്ക്കുമൊക്കെ സ്വതന്ത്രമായി കഴിയാമല്ലോ ?അവിടെ അച്ഛനായിരിക്കും ഞങ്ങളുടെ ഹീറോ ,,, പക്ഷേ, അമ്മ വരുമെന്ന് തോന്നുന്നില്ല മോനേ… വരുമച്ഛാ … അമ്മയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് ങ്ഹേ,,സത്യമാണോ മോനേ .. വിശ്വാസം വരാതെ മകൻ്റെ മുഖത്തേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോഴാണ് , കുറച്ചകലെ മട്ടുപ്പാവിൽ നിന്ന് കൊണ്ട്, തന്നെ നോക്കി ചിരിതൂവുന്ന സുധാമണിയെ അയാൾ കണ്ടത്. ശുഭം,

Continue Reading

Long Stories

മേഘ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…

Published

on

By

രചന: Aravind Swaminathan

🥀 സ്നേഹാർദ്രം 🥀 ”

മേഘ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ” ഉച്ചയൂണ് കഴിഞ്ഞുള്ള നേരത്തു ആണ് ഷാഫി സാർ തമാശ പോലെ ആ ചോദ്യം ചോദിക്കുന്നത്.. “അതെന്താ സാർ അങ്ങനെ ഒരു ചോദ്യം ഇപ്പോൾ..?” മേഘ ടീച്ചർ സംശയത്തോടെ ചോദിച്ചു.. “അല്ല ഞാൻ തന്നെ എത്ര വിവാഹ ആലോചന കൊണ്ട് വന്നു എന്നിട്ട് ടീച്ചർ അനുകൂലമായ മറുപടി ഒന്നും പറഞ്ഞു ഇല്ലല്ലോ? അപ്പോൾ ഒരു സംശയം..അങ്ങനെ ആരെങ്കിലും മനസ്സിൽ ഉണ്ടോ ടീച്ചറെ?സംശയം നേരിട്ട് അങ്ങ് തീർക്കാമെന്ന് വച്ചു.” ഷാഫി സാർ പാതി തമാശ ആയും പാതി കാര്യം ആയും ആണ് ചോദിച്ചത്. “എയ് അങ്ങനെ ഒന്നും ഇല്ല സാറെ..” ചിരിച്ചു കൊണ്ട് മേഘ ടീച്ചർ നിഷേധ അർത്ഥത്തിൽ തലയാട്ടി.. പക്ഷെ ഷാഫി സാറിന്ന് അത് അത്രേ വിശ്വാസം ആയില്ല.എങ്കിലും വിശ്വസിച്ച മട്ടിൽ എണീറ്റ് നടക്കുമ്പോൾ ആണ് ടീച്ചറുടെ വക മറു ചോദ്യം “അല്ല സാർ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ?” “ആരെ അല്ല കുറെ ഉണ്ട് എനിക്ക് തന്നെ ഓർമ ഇല്ല എന്റെ ടീച്ചറെ ” ഉറക്കെ ചിരിച്ചു കൊണ്ട് യാതൊരു കൂസലുമില്ലാതെ ഷാഫി സാർ അത് പറഞ്ഞു പുറത്തേക്ക് പോകുമ്പോൾ അവിടെ ഇരുന്ന ബാക്കി അധ്യാപകരും ആ മറുപടി കേട്ട് ചിരിച്ചു പോയി..

🥀🥀🥀🥀🥀🥀🥀🥀 അപ്പോളും മേഘ ആ ചോദ്യത്തിൽ കുടുങ്ങി കിടപ്പ് ആയിരുന്നു. താൻ ആരെയും ഇത് വരെ പ്രണയിച്ചിട്ടില്ലേ?ആലോചനയ്ക്ക് ഒടുവിൽ ആ മുഖം മനസിലേക്ക് വന്നു..താൻ ഡിഗ്രിക്ക് പഠിക്കാൻ പോകുന്ന ആദ്യ ദിവസം വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിന്റെ എതിർ വശമുള്ള ഓട്ടോ സ്റ്റാൻഡിൽ ആയിരുന്നു അയാളെ ആദ്യമായി കണ്ടത്. അത്യാവശ്യം നല്ല ഉയരം ഉള്ള ഇരുനിറം ഉള്ള ഒരു ഓട്ടോക്കാരൻ. അയാളുടെ ചിരി നല്ല ഭംഗി ആയിരുന്നു കാണാൻ.. മഹാദേവൻ അതായിരുന്നു ആ ഓട്ടോയുടെ പേര്. പക്ഷെ ഓട്ടോക്കാരന്റെ പേര് മാത്രം തനിക്കു അറിയില്ലായിരുന്നു.എന്നും കാണുന്ന ആയതു കൊണ്ടാകാം ഇടയ്ക്ക് അയാൾ ഒരു ചിരി സമ്മാനിച്ചു തുടങ്ങി.തിരിച്ചു താനും. ഒരു ദിവസം പെട്ടെന്ന് പ്രൈവറ്റ് ബസ് സ്ട്രൈക്ക് വന്നു. കോളേജിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ ആണ് അറിയുന്നത്. വീട്ടിലോട്ടു പ്രൈവറ്റ് ബസ് സർവീസ് മാത്രം ഉള്ളു. അവസാനം കൂട്ടുകാർക്കൊപ്പം നടന്നു പോകാൻ തന്നെ തീരുമാനിച്ചു.നല്ല ദൂരമുണ്ട്.

കുറെ നടന്നപ്പോൾ കാലു കഴച്ചു തുടങ്ങി. വഴിയിൽ കണ്ട ഒരു മരച്ചുവട്ടിൽ ഞങ്ങൾ ഇരിക്കുമ്പോൾ ആണ് ഒരു ഓട്ടോ വരുന്നത് കണ്ടത്. മായ നടന്നു അതിന് കൈ കാണിച്ചു. ഭാഗ്യം ഓട്ടോ കാലിയാണ്. കയറാൻ നേരമാണ് അതിലെ ഡ്രൈവറെ കാണുന്നത്. ഒരു ചിരി പരസ്പരം നൽകി. സംസാരം ഒന്നും ഉണ്ടായില്ല.ഇടയ്ക്ക് ഓരോരുത്തരും ആയി ഇറങ്ങി. അവസാനം ഞാനും അയാളും മാത്രം ആയി..അപ്പോൾ ആണ് പേരെങ്കിലും ഒന്ന് ചോദിക്കണം എന്ന് കരുതിയത്.. മടിച്ചു ആണേലും താൻ ചോദിച്ചു “പേരെന്താ?” “ഏഹ്?” അയാൾ കേട്ടില്ല എന്ന് തോന്നുന്നു “പേരെന്താ എന്ന്?” കുറച്ചു കൂടി ഉറക്ക ആണ് ഇത്തവണ ചോദിച്ചത് “ശിവൻ.. തന്റെയോ?” “മേഘ..” “സെന്റ് സ്റ്റീഫനിൽ ആണല്ലേ പഠിക്കുന്നെ?” “അതെ എങ്ങനെ മനസിലായി?” “എയ് നിങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള സംസാരത്തിന്റ ഇടയ്ക്ക് കേട്ടതാ ഇപ്പോൾ..” “ഓഹ്..” “താൻ ശാരദ ടീച്ചറുടെ മോൾ അല്ലേ? ടീച്ചർ എന്നെ പഠിപ്പിച്ചത് ആണ്.” “അതെയോ.. അമ്മയോട് ഞാൻ ചോദിക്കാം.. അവിടെ അടുത്ത് ആണോ വീട്?’ “അതെ.. ചോദിക്കേണ്ട ടീച്ചർ മറന്നു പോയിട്ടുണ്ടാകും.അങ്ങനെ ഓർത്തു ഇരിക്കാൻ പാകത്തിന് നല്ലത് ഒന്നും ഉണ്ടായിട്ടില്ല” അത് പറയുമ്പോൾ ശിവന്റെ ശബ്ദം ഇടറിയത് പോലെ മേഘയ്ക്ക് തോന്നി.

പിന്നെ വീട് വരെയും സംസാരം ഒന്നും ഉണ്ടായില്ല..വീടെത്തിയതും താൻ ഇറങ്ങുമ്പോൾ ആണ് അമ്മ മുന്നിലേക്ക് ഇറങ്ങി വന്നത്.. അമ്മയെ കണ്ടതും ശിവേട്ടൻ പെട്ടെന്ന് പോകാൻ ധൃതി കാട്ടും പോലെ തോന്നി. അത് കണ്ടിട്ട് തന്നെ അമ്മയോട് ഞാൻ ചോദിച്ചു “അമ്മയ്ക്ക് ഈ ചേട്ടനെ അറിയാമോ?”അത്‌ കേട്ടതും ശിവേട്ടൻ എന്നെ ദഹിപ്പിക്കും വിധം ഒരു നോട്ടം ആയിരുന്നു. ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു. അമ്മ അപ്പോളേക്കും അടുത്തേക്ക് വന്നു കണ്ണട നേരെ ആക്കി ശിവേട്ടനെ നോക്കി.. “എന്റെ ശിവ നീയോ?” എന്ന് പറഞ്ഞു ശിവേട്ടനെ ഒരു കെട്ടിപിടിത്തം ആയിരുന്നു അമ്മ..ശിവേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ അപ്പോൾ കണ്ടു..അമ്മയുടെ എന്റെ ശിവ എന്നുള്ള ആ വിളി മാത്രം മതി ആയിരുന്നു അമ്മയ്ക്ക് എത്ര പ്രിയപ്പെട്ടവൻ ആണ് ശിവേട്ടൻ എന്ന് മനസിലാക്കാൻ..അവരുടെ സംസാരം മുറിയാതെ ഇരിക്കാൻ ഞാൻ അകത്തേക്ക് പോയി. കുളിച്ചു തിരിച്ചു വരുമ്പോൾ ശിവേട്ടൻ അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ അമ്മ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അടുക്കളയിൽ ചായ ഇടുന്നുണ്ടായിരുന്നു. “എന്താ അമ്മേ ഇത്രയും ആലോചിക്കാൻ മാത്രം..” അമ്മയുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.. “ഞാൻ അവനെ ഓർക്കുക ആയിരുന്നു ശിവനെ. എന്റെ സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയിരുന്നു അവൻ. അവന്റെ അമ്മയും അച്ഛനും അനിയത്തിയും അടങ്ങിയ കൊച്ചു കുടുംബം ആയിരുന്നു അവരുടേത്.

നല്ല സന്തോഷം ആയി പോകുന്ന സമയം ആണ് അവന്റെ അച്ഛൻ ചെറിയ രീതിയിൽ മദ്യപാനം തുടങ്ങിയത്. ആദ്യം ഒന്നും പ്രശ്നം ഒന്നും ഇല്ലായിരുന്നു പിന്നെ പിന്നെ അയാൾ അതിനു അടിമ പെട്ടു പോയി. മക്കളേയും ഭാര്യയെയും ഉപദ്രവിക്കാൻ തുടങ്ങി. ജോലിക്ക് പോകാതെ കടം വാങ്ങി എല്ലാം നശിപ്പിച്ചു അയാൾ കുടിച്ചു കൊണ്ടേ ഇരുന്നു.അവന്റെ അമ്മയ്ക്കോ വീട്ടുകാർക്കോ ഒന്നും അയാളെ തടയാൻ കഴിഞ്ഞു ഇല്ല.അവന്റെ അമ്മ നളിനി ഒരു സാധാരണ സ്ത്രീ ആയിരുന്നു അധികം വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നു. അവരുടെ ലോകം തന്നെ ആ മക്കളും അയാളും ആയിരുന്നു. ഒരു ദിവസം കുടിച്ചിട്ട് വന്നു അയാൾ സ്വന്തം മകളെ ഉപദ്രവിക്കാൻ നോക്കുന്നതു ആണ് നളിനി കാണുന്നത്. അവർക്ക് അത് സഹിക്കാൻ കഴിഞ്ഞു ഇല്ല. അവിടെ ഉണ്ടായിരുന്ന വെട്ടുകത്തി വച്ചു അയാളെ അവർ ആഞ്ഞു ആഞ്ഞു വെട്ടി. അയാളെ കൊന്ന് ആ ചോര പുരണ്ട വെട്ടുകത്തിയും ഒരു കയ്യിൽ തന്റെ മകളെയും പിടിച്ചു കൊണ്ട് നളിനി പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. ആ കാഴ്ച കണ്ടു നിന്നവരുടെ കരളലിയിക്കുന്നതു ആയിരുന്നു. സ്കൂളിൽ നിന്ന് ശിവനെ വിവരം അറിഞ്ഞു കൂട്ടി കൊണ്ട് പോയത് ഞാനും അമല ടീച്ചറും ആയിരുന്നു.

ഒരു പന്ത്രണ്ടു വയസുകാരനെ തകർക്കാൻ മാത്രം ഉള്ളത് ഒക്കെ അന്ന് ഒറ്റ ദിവസം കൊണ്ട് അവന്റെ ജീവിതത്തിൽ നടന്നു. കുറച്ചു ദിവസം കൂടി അവനും പെങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിന്നെ അവന്റെ അമ്മയുടെ അച്ഛൻ അവരെ ഈ നാട്ടിൽ നിന്ന് തന്നെ കൊണ്ട് പോയിരുന്നു. പിന്നെ കുറെ തിരക്കി നോക്കി ഒരറിവും ഉണ്ടായില്ല.. പിന്നെ ഇന്നാണ് കാണുന്നത്.. അവൻ ഇവിടെ ഇത്രയും അടുത്ത് ഉണ്ടായിട്ടും ഞാൻ കണ്ടില്ലല്ലോ. വരാഞ്ഞത് ആണത്രേ എന്റെ മുന്നിൽ മൂന്നു വർഷം ആയത്രേ ഇവിടെ തിരിച്ചു വന്നിട്ട്. അമ്മയും അനിയത്തിയും ഒപ്പമുണ്ട്. അമ്മയുടെ ശിക്ഷയിൽ ഇളവ് കിട്ടിയിരുന്നു എന്ന്. ഇവിടേക്ക് തന്നെ വരണം എന്നത് അവന്റെ വാശി ആയിരുന്നു എന്ന്.. പഠിത്തം ഒക്കെ പാതി വഴിക്ക് നഷ്ടം ആയി എന്ന് ജീവിതം കൂട്ടി മുട്ടിക്കുന്നതിന്റെ ഇടയ്ക്ക്.പക്ഷെ അനിയത്തിയെ അവൻ പഠിപ്പിച്ചു ഇപ്പോൾ മെഡിസിന് രണ്ടാം വർഷം ആണത്രേ.. “ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ആണ് അമ്മ പറഞ്ഞു നിർത്തിയത്..ഞാൻ അമ്മ പകർന്ന ചായയും ആയി മുന്നിലേക്ക് വന്നു അമ്മ പറഞ്ഞത് ഓരോന്നും ഓർത്തു പോയി..എവിടെ ഒക്കെയോ ശിവേട്ടനോട് ഒരു ബഹുമാനം തോന്നി പോയി..

പിറ്റേന്ന് ധൃതി വച്ചു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആ മനുഷ്യനെ കാണാൻ മനസ് തിടുക്കം കാട്ടി.പതിവ് പോലെ പരസ്പരമുള്ള ചിരിയിൽ ആ ധൃതി കഴിഞ്ഞു. പിന്നെ വല്ലപ്പോഴും വീട്ടിൽ വരാൻ തുടങ്ങി ശിവേട്ടൻ വന്നാൽ തന്നെ അമ്മയോട് മാത്രം സംസാരം ഉള്ളു തന്നോട് പതിവ് ചിരി മാത്രം.. അങ്ങനെ തന്റെ ഡിഗ്രി പഠനം കഴിഞ്ഞു BEd ചെയ്യാൻ കോട്ടയത്തേക്ക് പോകേണ്ടി വന്നു. ദൂരം ആയതു കൊണ്ട് അമ്മയും ഒപ്പം പോരേണ്ടി വന്നു വീട് അടച്ചു ഇട്ടിട്ട്. അന്നാണ് അവസാനമായി ശിവേട്ടനെ കാണുന്നത്..അവിടുന്ന് ബസിൽ കയറുമ്പോൾ പതിവ് ചിരിയോടെ കൈ വീശി യാത്ര പറയുന്ന ശിവേട്ടൻ അതായിരുന്നു അവസാന കാഴ്ച. അമ്മയുടെ നമ്പർ ശിവേട്ടന് നൽകിയിട്ടു ആയിരുന്നു അന്ന് യാത്ര പറഞ്ഞത്. പക്ഷെ ഒരിക്കൽ പോലും ശിവേട്ടൻ അമ്മയെ വിളിച്ചു ഇല്ല. നമ്മളെ മറന്നു പോയി കാണുമോ അവൻ എന്ന് അമ്മ എപ്പോളും പരിതപിക്കുന്നത് കേൾകാം ആയിരുന്നു.വല്ലാത്ത ദേഷ്യം തോന്നി ശിവേട്ടനോട് അത്രയും അടുപ്പം മാത്രം ആ മനുഷ്യന് ഞങ്ങളോട് ഉണ്ടായിരുന്നുള്ളു എന്ന് ഞങ്ങൾ കരുതി.പഠിത്തം കഴിഞ്ഞു നാട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ ഇത്രയും നാള് കാണാത്ത ആ മനുഷ്യനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം ആയിരുന്നു.

പക്ഷെ ബസ് ഇറങ്ങുമ്പോൾ അവിടെ ശിവേട്ടൻ ഉണ്ടായിരുന്നില്ല.. വെപ്രാളത്തിൽ അവിടെ ഉള്ള മറ്റു ഓട്ടോ ചേട്ടന്മാരോട് തിരക്കിയപ്പോൾ അവർ ഇവിടെ നിന്ന് വിറ്റ് പെറുക്കി പോയി എന്ന് മാത്രം അറിഞ്ഞു.. ആർക്കും ഒരു വിവരവും ഇല്ല ആളിനെ പറ്റി. അന്ന് കുറെ കരഞ്ഞു. എന്തിനാണെന്ന് അറിയാതെ. ദേഷ്യം ആയിരുന്നു പറയാതെ പോയതിൽ. ആ രാത്രി ആണ് തനിക്ക് മനസിലായത് ആ ശിവേട്ടന്റെ ആ പുഞ്ചിരിക്കു തന്റെ ഹൃദയത്തെ പറിച്ചു എടുക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു എന്ന്..ശിവേട്ടന് അതിന് പ്രണയം ആയിരുന്നോ? അറിയില്ല.. പക്ഷെ തനിക്ക് അങ്ങനെ ആയിരുന്നു..തനിക്കു മാത്രം പ്രിയപ്പെട്ട ആ ചിരി.. കുറച്ചു നാൾ ആ ഓർമയിൽ ആയിരുന്നു താൻ സന്തോഷം കണ്ടെത്തിയത് പിന്നെ പിന്നെ എവിടെ എന്ന് പോലും എങ്ങനെ എന്ന് പോലും അറിയാത്ത ഒരാളുടെ ചിരി സ്വയം മറവിയിലേക്ക് തള്ളിയിട്ടു. പിന്നെ ഇന്ന് ഷാഫി സാർ പറയുമ്പോൾ ആണ് വീണ്ടും ഓർത്തു എടുത്തത്..

🥀🥀🥀🥀🥀🥀🥀 വൈകിട്ടു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ എന്തിനെന്നു അറിയാത്ത ഒരു ദേഷ്യം മേഘയ്ക്ക് ഉണ്ടായി.തനിക്ക് വേണ്ടി വിവാഹം ആലോചിക്കാൻ ഇനി ആരെയും ഏല്പിക്കേണ്ടന്നും തനിക്കു തോന്നുമ്പോൾ കെട്ടിക്കോളാം എന്നുമൊക്കെ ശാരദ ടീച്ചറോട് അവൾ തട്ടിക്കയറി കൊണ്ടേ ഇരുന്നു.അതിന് അവർ വെറുതെ ചിരിച്ചു കൊടുത്തു.അവർ അവളെ ഒരിക്കലും വിവാഹത്തിന് നിർബന്ധിച്ചു ഇരുന്നില്ല എന്ന് അവൾക്ക് അറിയാം പക്ഷെ അമ്മയോട് ആരെങ്കിലും ചോദിച്ച “ആലോചിച്ചോളു പക്ഷെ തീരുമാനം അവളുടെ മാത്രം ആണ് ” എന്നൊരു മറുപടിയെ അമ്മ കൊടുക്കുള്ളു അല്ലാതെ അറുത്തു മുറിച്ചു ” വേണ്ട ” എന്ന് പറയാറില്ല..തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് പോലും അമ്മ ഇതുവരെ ചോദിച്ചിട്ടില്ല. കാരണം അമ്മയെയും തന്നെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം പോയ അച്ഛനെ പറ്റി ഓർക്കുമ്പോൾ വിവാഹം എന്ന ഏർപ്പാട് തന്നെ വെറുത്തു പോയ ഒരാൾ ആണ് അമ്മ എന്ന് അമ്മയുടെ സംസാരത്തിൽ പലപ്പോഴും തോന്നിയിട്ടുണ്ട്.. പിറ്റേന്ന് ശനിയാഴ്ച ആയതു കൊണ്ട് സ്കൂളിൽ പോകേണ്ട. രാവിലെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോകാം എന്ന് കരുതി മേഘ. വീടിന്റെ അവിടുന്ന് കുറച്ചു നടക്കണം. ശിവേട്ടന്റെ വീടിന്റെ മുന്നിൽ കൂടിയാണ് പോകേണ്ടത്. കഴിഞ്ഞ അഞ്ചു വർഷം ആയി അത് വഴി പോകുമ്പോൾ ഒരു പ്രതീക്ഷ ആണ് അവിടെ ആ വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന്. പക്ഷെ വിറ്റ് പോയ വീട്ടിലേക്ക് ഇത് വരെ പുതിയ താമസക്കാർ ആരും എത്തിയിരുന്നില്ല ഇത്രയും കാലമായി. നടന്നു ആ വീടിന്റെ അവിടെ എത്തിയപ്പോൾ നെഞ്ചിൽ എന്നത്തേയും പോലെ ഒരു വേദന വന്നു നിറഞ്ഞു മേഘയിൽ.അവിടേക്ക് കണ്ണുകൾ വെറുതെ പായിച്ചു നോക്കി.

ഇല്ല ആരും തന്നെ ഇല്ല..! കണ്ണുകൾ നിറഞ്ഞു വന്നതു തുടച്ചു കൊണ്ട് തന്നെ അവൾ അമ്പലത്തിലേക്ക് നടന്നു.. അമ്പലമുറ്റത്തുള്ള ആലിന്റെ ചോട്ടിൽ ചെരുപ്പ് അഴിച്ചു വച്ചു കുളത്തിന്റെ അവിടേക്ക് കയ്യും കാലും കഴുകാൻ ആയി തിരിയുമ്പോൾ ആണ് ഒരു ഓട്ടോയുടെ ശബ്ദം മേഘയുടെ കാതിൽ പതിച്ചത്. പെട്ടെന്ന് വെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞു ഇല്ല.. മഹാദേവൻ..!! ശിവേട്ടന്റെ അതെ ഓട്ടോ..മുന്നിൽ കണ്ടത് സത്യമോ മിഥ്യയോ എന്ന് അറിയാൻ വയ്യാതെ നിൽകുമ്പോൾ തന്റെ മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്ന് ശിവേട്ടൻ ഇറങ്ങി വന്നു.. അതെ സത്യം തന്നെ ആണ്.. തന്നെ നോക്കി കയ്യും കെട്ടി അതെ പുഞ്ചിരിയോടെ നിൽക്കുന്ന ശിവേട്ടനെ കണ്ടപ്പോൾ പെട്ടെന്ന് എവിടെ നിന്നോ ദേഷ്യം വന്നു നിറഞ്ഞു മേഘയ്ക്ക്.. ശിവനിൽ നിന്ന് കണ്ണെടുത്തു കുളത്തിലേക്കും അവിടെ നിന്ന് അമ്പലത്തിനകത്തെക്കും കടക്കുമ്പോൾ മേഘ മനഃപൂർവം ശിവന്റെ സാമീപ്യം ഒഴിവാക്കി.. എന്നാൽ ശിവൻ പുറത്തു ആൽ തറയിൽ അവളെയും കാത്തു തന്നെ നിന്നു..തൊഴുതു ഇറങ്ങിയ മേഘ ആലിന്റെ അടുത് ഊരി ഇട്ട ചെരുപ്പ് എടുക്കാൻ ആയി അവിടെ നിന്ന്.. “ഡോ എന്തിനാ ഇത്രയും ഗൗരവം.. ഒന്ന് ചിരിക്കടോ?” തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നു പോകാൻ തുടങ്ങിയ മേഘയോട് ആയി ശിവൻ പറഞ്ഞു.

“ആരാണ്? മനസിലായില്ല? ചിരിക്കാൻ മാത്രം എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്?” മേഘ വിട്ട് കൊടുക്കാൻ തയ്യാറായില്ല. “പറയാതെ പോയതിൽ ഉള്ള ദേഷ്യം ആണെന്ന് എനിക്ക് അറിയാം. പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നു..” ശിവൻ പറയാൻ ശ്രെമിച്ചു.. “ഞാൻ ഒന്നും ചോദിച്ചു ഇല്ലല്ലോ ഉവ്വോ? പിന്നെ ഇങ്ങനെ പറയാൻ മാത്രം ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ല. പരസ്പരം നൽകുന്ന ഒരു ചിരി അല്ലാതെ.. സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു. ഞാൻ പോകുകയാണ്.അമ്മയോട് കണ്ടിരുന്നു എന്ന് പറയാം. ആ പാവം നിങ്ങൾ മറന്നു പോയി എന്ന് പറഞ്ഞു പരിതപിക്കാറുണ്ട് ഇടയ്ക്ക്..” അത്രയും പറഞ്ഞു മേഘ ശിവനെ മറികടന്നു നടന്നു തുടങ്ങി.. “അമ്മയ്ക്ക് കാൻസറിന്റെ ഫസ്റ്റ് സ്റ്റേജ് ആയിരുന്നു.. നടന്നു കയറി തുടങ്ങിയ ജീവിതം വീണ്ടും കൈ വിട്ട് തുടങ്ങുന്നു എന്ന് മനസിലായപ്പോൾ എന്ത് ചെയ്യണം എന്നൊന്നും അറിയാത്ത അവസ്ഥ ആയിരുന്നു.. ” ശിവൻ പറഞ്ഞത് കേട്ട് മേഘ അവിടെ സ്തംഭിച്ചു നിന്ന് പോയി..അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് കൊണ്ട് പറഞ്ഞു.. “അതേടോ.നിങ്ങൾ പോയ ശേഷം അത്രയും നല്ല അവസ്ഥ ഒന്നും അല്ലായിരുന്നു.അമ്മയുടെ രോഗവസ്ഥ അനിയത്തിയുടെ പഠിത്തം എല്ലാം എന്താകും എന്ന് ഓർത്തു വിഷമിച്ച സമയം.

ഈ ഓട്ടോ മാത്രം ഓടിച്ചു കിട്ടുന്ന പണം കൊണ്ട് എന്ത് ആകാൻ ആണ്.അങ്ങനെ ആണ് ആകെയുള്ള ഈ വീടും വസ്തുവും വിറ്റ് പോകുന്നത്. കിട്ടിയത് വച്ചു അമ്മയുടെ ചികിത്സ നടത്തി..അമ്മയെ ഞങ്ങൾക്ക് തിരികെ കിട്ടി അവളുടെ പഠിപ്പ് മുടക്കരുത് എന്നുണ്ടായിരുന്നു കുറച്ചു ഏറെ കടം ഒക്കെ എടുത്തു അതും നടത്തി കൊണ്ട് പോയി. പിന്നെ ഇവനെ അങ്ങ് വിൽക്കുക കൂടി ചെയ്തു.. പിന്നെ കൂലിപ്പണിക്ക് ഇറങ്ങി. ആരുടേയും കയ്യിൽ കൈ നീട്ടരുത് എന്നുണ്ടായിരുന്നു പക്ഷെ അവസ്ഥ സമ്മതിക്കില്ലല്ലോ. ടീച്ചറെ വിളിക്കാഞ്ഞത് അതാണ് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കും എന്ന് എനിക്ക് അറിയാം.അതാണ് ഞാൻ..” ശിവൻ പറഞ്ഞു ഒപ്പിച്ചു “ശിവേട്ട ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ.. ഇങ്ങനെ ആണോ ഏട്ടൻ ഞങ്ങളെ കരുതിയത്.”മേഘ വിഷമത്തോടെ ചോദിച്ചു “ബന്ധങ്ങളുടെ ആഴം എനിക്ക് അറിയാടോ.. പക്ഷെ അത് അങ്ങനെ തന്നെ നിൽക്കണം എന്ന് തോന്നി. പിന്നെ ടീച്ചറോട് എനിക്ക്‌ ഒരു കടപ്പാട് ഉണ്ട്..” ശിവൻ പറഞ്ഞപ്പോൾ എന്ത് എന്നർത്ഥത്തിൽ മേഘ ചോദിച്ചു.. “അന്ന് ഇവിടുന്ന് പോകുമ്പോൾ ടീച്ചർ എന്നോട് വീണ്ടും പഠിക്കുന്നതിനെ പറ്റി പറഞ്ഞിരുന്നു. ഓട്ടപ്പാച്ചിലിൽ എവിടെ അതിനു സമയം എന്ന് കരുതി അതും പത്തു ജയിച്ചു കഴിഞ്ഞു പഠിത്തം നിർത്തിയ എനിക്ക്. അങ്ങനെ ഇരിക്കുമ്പോൾ ആണ് പി എസ് സി LD വിളിക്കുന്നതു. സൈറ്റിൽ രജിസ്റ്റർ ചെയ്തു അപ്ലിക്കേഷൻ അയച്ചു. പിന്നെ രണ്ടായാലും ഒരു കൈ നോക്കാം എന്ന് തന്നെ വച്ചു.

ജോലിക്കിടയിലും അമ്മയ്ക്ക് ഒപ്പം പോകുന്ന ചികിത്സയുടെ ഇടവേള അങ്ങനെ അങ്ങനെ കിട്ടിയ സമയം ഒക്കെ വായിച്ചു പഠിച്ചു.ഒരുപാട് കളിയാക്കലുകൾ അപ്പോളും ജീവിതത്തിൽ ഉണ്ടായിരുന്നു “ഓഹ് ഓട്ടോക്കാരൻ ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ ആയതു തന്നെ ഓരോ ദുരാഗ്രഹങ്ങൾ അല്ലാതെ എന്ത് ” അങ്ങനെ തുടങ്ങി നമ്മളെ തളർത്താൻ ഒരു സമൂഹം തന്നെ ഉണ്ടായി.. തളരാൻ ഞാൻ തയ്യാറില്ലായിരുന്നു.പരീക്ഷ എഴുതി ലിസ്റ്റിൽ 78ആമത്തെ ആളായി വന്നപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു എനിക്ക്..കളിയാക്കിവരുടെ മുന്നിൽ രണ്ടു വർഷം മുൻപ് നെഞ്ച് വിടർത്തി നിന്ന് കൊണ്ട് ജോലിക്ക് കയറി.രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റൽ ആയിരുന്നു നിയമനം.. ഇപ്പോൾ സന്തോഷത്തിന്റെ നാളുകൾ ആണ്. മറന്നു പോയത് അല്ലടോ ആരെയും ചില ലക്ഷ്യങ്ങളിലേക്ക് ഉയരാൻ ചെറിയ ഒരു മറ ആവശ്യം ആണ് നമുക്ക് പലപ്പോഴും.. ഒറ്റയ്ക്കു തന്നെ നമ്മൾ നീന്തി കയറണം എന്ന് തോന്നി.. ” ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ശിവൻ പറഞ്ഞു നിർത്തുമ്പോൾ മേഘയ്ക്ക് എല്ലാം അവിശ്വസനീയമായിരുന്നു.. “പിന്നെ എന്തുണ്ട് തന്റെ വിശേഷം..ജോലി, വിവാഹം?”ശിവൻ ചോദിച്ചു “ടീച്ചർ ആയിട്ട് ഇപ്പോൾ ഒന്നര വർഷം ആകുന്നു.. പിന്നെ വിവാഹം… ആലോചന കുറെയുണ്ട്. മനസ്സിൽ പിടിച്ച ഒരാളെ കിട്ടി ഇല്ല ഇത് വരെ..” മേഘ പറഞ്ഞു.. “ആഹാ എന്നാൽ എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു പയ്യൻ ഉണ്ട്.. നല്ല സ്വഭാവം നല്ല ഫാമിലി.. നോക്കട്ടെ..

“ശിവൻ ചിരിച്ചു കൊണ്ട് ചോദിച്ചു. “എനിക്ക് ചെക്കനെയും കൊണ്ട് ആണോ ശിവേട്ടൻ ഇത്രയും വരെ വന്നേ.. ഏഹ്?” മേഘ ദേഷ്യത്തിൽ ചോദിച്ചു. “അയ്യോ അങ്ങനെ അല്ല. ഞാൻ അവൻ തനിക്കു ചേരും എന്ന് കരുതി പറഞ്ഞതാ. വിട്ടേക്ക്..” ശിവൻ കൈ കൊണ്ട് തൊഴുതു കൊണ്ട് പറഞ്ഞു. “എനിക്ക് നിങ്ങളെ ഇഷ്ടം ആണ് ശിവേട്ട..” മേഘ ശിവന്റെ കണ്ണുകളിൽ നോക്കി ഉറച്ച സ്വരത്തിൽ തന്നെ പറഞ്ഞു. “എന്താ?” ശിവൻ ഞെട്ടലോടെ ചോദിച്ചു. “എനിക്ക് നിങ്ങളെ ഇഷ്ടം ആണെന്ന്. വേറെ ആരെയും എനിക്ക് ഇഷ്ട്ടപ്പെടാൻ ഈ ജന്മം കഴിയില്ല. പിന്നെ വേറെ ഡിമാൻഡ് ഒന്നും എനിക്കില്ല. എന്ന എന്ന് വച്ചാൽ അമ്മയെയും പെങ്ങളെയും കൂട്ടിൽ വീട്ടിലേക്ക് പോന്നോളൂ ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ ശിവേട്ട..” മേഘ ചിരിയോടെ പറഞ്ഞു.. “ആ പിന്നെ അമ്മ.. അമ്മയ്ക്ക് പ്രശ്നം കാണില്ല കേട്ടോ..” മേഘ കൂട്ടിച്ചേർത്തു.. “എടൊ താൻ എല്ലാം ആലോചിച്ചു ആണോ ഇതൊക്കെ പറയുന്നേ. എന്റെ കുടുംബം ഒക്കെ..”ശിവൻ അവളുടെ തീരുമാനത്തെ നിരുത്സാഹപ്പെടുത്താൻ തുടങ്ങി. “സ്വന്തം അമ്മയെയും പെങ്ങളെയും ഇത്രയും നന്നായി നോക്കാൻ കഴിയുന്ന ശിവേട്ടന് എന്നെ നോക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ആ കൈകളിൽ എന്റെ ജീവിതം സുരക്ഷിതം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാ..” മേഘ ശിവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “ബെസ്റ്റ് അമ്മയും കൊള്ളാം മോളും കൊള്ളാം..” ശിവൻ അവളെ നോക്കി പിറു പിറുത്തു.. “എന്താ??” അവൾ അവനെ നോക്കി ചോദിച്ചു.. “ഓഹ് നിന്റെ അമ്മയും അതായത് എന്റെ ടീച്ചറും ഇത് തന്നെ ആണ് പറഞ്ഞത്. പിന്നെ ടീച്ചർ ഇന്നല്ല നിങ്ങൾ അന്ന് ഇവിടുന്ന് പോയ ദിവസം ആണ് പറഞ്ഞത് നിന്നെ എന്റെ കൈകളിൽ ഏല്പിക്കാൻ ആണ് ടീച്ചറിന് ഇഷ്ടം എന്ന്..

പക്ഷെ അന്ന് ഞാൻ ഒരു ഓട്ടോക്കാരൻ ആയിരുന്നു.. അത് ഒരു മോശം തൊഴിൽ ഒന്നുമല്ല പക്ഷെ നിനക്ക് നല്ല ജോലിയും സാമ്പത്തിക സ്ഥിതിയും ഒക്കെയുള്ള ആളെ കിട്ടും എന്നിരിക്കെ എന്നെ തിരഞ്ഞു എടുത്തതിൽ എനിക്ക് അന്ന് അത്ഭുതം ആയിരുന്നു.അന്ന് ഞാൻ മറുപടി ഒന്നും കൊടുത്തു ഇല്ല.. പിന്നെ ഞാൻ വിളിച്ചതും ഇല്ല. പക്ഷെ ജോലിക്ക് കയറുന്ന ദിവസം ഞാൻ ടീച്ചറെ വിളിച്ചു ഇരുന്നു.എല്ലാം പറഞ്ഞു ഇരുന്നു പിന്നെ നിന്നെ എനിക്ക് തന്നെ തരണം എന്ന്..” “ഓഹോ അപ്പോൾ ടീച്ചറും ശിഷ്യനും കൂടി എന്നെ മണ്ടി ആക്കുക ആയിരുന്നു അല്ലേ.. എന്താ അഭിനയം എന്റെ അമ്മയുടെ..” മേഘ പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു.. “പിന്നെ അല്ലാതെ.. അപ്പോൾ മേഘ ടീച്ചറെ നമുക്ക് പോയാലോ വീട്ടിലോട്ട്.. അവിടെ നിന്നെ ഓഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ എന്റെ അമ്മയും പെങ്ങളും ഇരിപ്പുണ്ട്.. എന്ന നമുക്ക് നമ്മുടെ വണ്ടിയിൽ ഒരുമിച്ചു യാത്ര തുടങ്ങിയാലോ.. കേറിക്കോ..” ശിവൻ മേഘയുടെ കയ്യിൽ ചേർത്തു പിടിച്ചു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ചോദിച്ചു..ഒരു ചെറു പുഞ്ചിരിയോടെ അവൾ മഹാദേവനിലേക്ക് വലതു കാലെടുത്തു വച്ചു ഒപ്പം അവൾ സ്വപ്നം കണ്ട അവരുടെ ജീവിതത്തിലേക്കും…. (അവസാനിച്ചു )

 

Continue Reading

Long Stories

കണ്ണിലൊരായിരം സ്നേഹദീപങ്ങൾ തെളിയിച്ച്, ഇരുകൈകളും നീട്ടി സന്തോഷത്താൽ…

Published

on

By

രചന: ലിസ് ലോന

“ഔ… ഔ.. ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ…” കാലുകൾ മടക്കിപിടിച്ച് ചുരുണ്ട് ,പൂർവാധികം ശക്തിയോടെ ഞാൻ ഒന്നുകൂടി നിവർന്നു. കുറച്ചുനാള് കൂടി ഇങ്ങനെ സഹിക്കണംന്നാ തമ്പാട്ടിയും അമ്മയും പറഞ്ഞത്. അവരോടല്ലാതെ എനിക്കിപ്പോൾ പരിഭവവും പരാതിയും പറയാനും ആരുമില്ലല്ലോ.. കണ്ണും പൂട്ടി ഇരുട്ട് നിറഞ്ഞൊരാ ഇടത്തിലെ വെള്ളത്തിൽ കിടക്കുമ്പോൾ , ഇടയ്ക്കിടെ കഥകളുമായി വന്ന് ആമിക്ക് കൂട്ടിരിക്കാറുള്ളത് തമ്പാട്ടിയാ.. അതോണ്ട് എനിക്കെന്തും പറയാം ചോദിക്കാം എനിക്കുത്തരം കിട്ടും.. ഇന്നിപ്പോ കുറെ സമയായിട്ടും തമ്പാട്ടിനെ കണ്ടില്ല.. എവിടെ പോയി ആവോ.. ദേ…എന്റെ പരാതികൾ കുടഞ്ഞിട്ട് ഞാൻ മറന്നോയല്ലോ നിങ്ങളോടെന്റെ പേര് പറയാൻ.. ഞാനേ ആമിയാ..ആമി .. പിന്നേയ് ഞാനൊരു സ്വകാര്യം പറയട്ടെ .. എനിക്ക് കിടക്കാനിവിടെ സ്ഥലമില്ലാത്തത് എന്താന്ന് അറിയോ നിങ്ങക്ക്..എന്റെ കൂട്ടിന് അല്ലിയുമുണ്ട് അമ്മേടെ വയറ്റില്.. തമ്പാട്ടിയാ പറഞ്ഞത് ആമിയോട്.. ആമിയെ പൊലെ ചുന്ദരികുട്ടിയാ അല്ലിന്നും തമ്പാട്ടി പറഞ്ഞിട്ടുണ്ട്..പക്ഷേ കുറുമ്പ് ഇച്ചിരെ കൂടുതൽ ആമിക്കാന്ന്..ചാടി മറിഞ്ഞ് അമ്മയെ എപ്പോഴും വേദനിപ്പിക്കുന്നത് ഞാനാണെന്ന്.. തമ്പാട്ടിക്ക് അറിയാഞ്ഞിട്ടാ..ഞാനേ ഞാൻ പാവാ.. ഇനി നോക്കിക്കോ ഞാൻ കുറുമ്പൊന്നും കാണിക്കാതെ കിടക്കും.. അപ്പോ അമ്മയ്ക്ക് നോവില്ലല്ലൊ..

അല്ലിയെ ഒന്ന് കാണാൻ പറ്റോന്ന് ചോയ്ച്ചപ്പോ തമ്പാട്ടി പറയാ.. അല്ലീനേം അമ്മേനേം ഒരുമിച്ചേ കാണാൻ പറ്റുള്ളൂ ന്ന്.. കാണാൻ സാധിക്കില്ലെങ്കിലും എനിക്കവളോട് മിണ്ടാൻ പറ്റും കേട്ടോ.. ഒരൂസം ഞാനിവിടെ ചാടിയപ്പോ അമ്മ വയറിൽ കൈ വച്ച് നിലവിളിച്ചു.. അന്ന് അല്ലിയെന്നോട് ഒത്തിരി ദേഷ്യപ്പെട്ടു.. അമ്മയ്ക്ക് നൊന്താൽ ഞങ്ങക്കും സങ്കടാണെ,അതാ അവൾക്ക് ദേഷ്യം വന്നേ.. അമ്മയ്ക്ക് അല്ലെങ്കിലേ എപ്പോഴും സങ്കടമാണ്.. എല്ലാരും അമ്മേനോട് സങ്കടപെടണ്ടന്നൊക്കെ പറയുന്നത് കേൾക്കാം… പക്ഷെ ആരുമില്ലാത്തപ്പോ അമ്മ അപ്പയോട് ഞങ്ങടെ വിശേഷങ്ങളൊക്കെ പറഞ്ഞു കരയും.. എന്നാലും അപ്പയൊന്നും തിരികെ മിണ്ടില്ല. ഞങ്ങള് വന്നേപ്പിന്നെ അമ്മയ്ക്ക് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ച് കോലം കെട്ടെന്ന് അമ്മൂമ്മ പറയുന്നുണ്ടായിരുന്നു.. അത് കേട്ടപ്പോൾ സങ്കടായി. ഞങ്ങള് രണ്ടാളും കൂടി കിടക്കുന്നതുകൊണ്ട് അമ്മക്ക് മാമുണ്ണാൻ പോലും വയറ്റിൽ സ്ഥലമുണ്ടായിരിക്കില്ല. ‘അതൊന്നും സാരല്ല്യ ,കുഞ്ഞികളല്ലേ അമ്മേടെ പ്രാണൻ.. അത്രക്കും ഇഷ്ടാ അമ്മയ്ക്ക് ‘ന്ന് വയറ്റില് കയ്യും വച്ച് അമ്മ പറയുന്നത് കേൾക്കുമ്പോൾ എല്ലാ സങ്കടോം മാറും.. ശർദ്ധിച്ചു തൊണ്ട പൊട്ടി ചോര വന്നാലും അമ്മ ,ന്റെ കുഞ്ഞുങ്ങൾ ക്ഷീണിക്കുമെന്ന് പറഞ്ഞ് പിന്നെയും എന്തൊക്കെയോ കഴിക്കും..പിന്നേം ശർദ്ധിക്കും.. അവസാനം ആശൂത്രില് കൊണ്ടോയി സൂചി വച്ച് ഗ്ളൂക്കോസ് വെള്ളം തരും ഞങ്ങക്ക്.. ഞങ്ങള് കാരണാണോ അമ്മയ്ക്ക് എന്നും വയ്യണ്ടാതവണത് ..

അതോണ്ടാണോ അപ്പയ്ക്ക് ഞങ്ങളെ ഇഷ്ടല്ല്യതെ ഞങ്ങളോട് മിണ്ടാൻ വരാത്തേന്ന് കഴിഞ്ഞ ദിവസം അല്ലി തമ്പാട്ടിയോട് ചോദിച്ചിരുന്നു.. അപ്പാക്കും ഭയങ്കര ഇഷ്ടാണത്രെ കുഞ്ഞികളെ.. മക്കളെ കാണാനും കൊഞ്ചിക്കാനും അപ്പയാണ് അമ്മേനെക്കാൾ കാത്തിരുന്നതെന്ന്.. അപ്പാക്കും അമ്മക്കും കുഞ്ഞാവയുണ്ടാകാത്തതിന് ആരൊക്കെയോ അമ്മേനെ എന്തെല്ലാമോ കളിയാക്കി വേദനിപ്പിക്കുമ്പോൾ ,അമ്മയെ കെട്ടിപിടിച്ച് നിന്ന് മക്കളില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കിവളെ മതി എനിക്കില്ലാത്ത വിഷമം നിങ്ങൾക്ക് വേണ്ടെന്ന് പറയും ത്രെ.. അപ്പാക്ക് എത്ര തിരക്കുണ്ടായാലും അമ്മേനേം കൊണ്ട് എല്ലാ തവണയും കുഞ്ഞാവ വരുമോന്ന് നോക്കാനായി ആശുപത്രീല് പോകാൻ ഓടിവരാറുണ്ടായിരുന്നുന്ന് .. ഇങ്ങനെ കൊറേ കൊറേ അമ്മേനെ സ്നേഹിച്ച് കൂടെനിന്നിട്ടും ഞങ്ങൾ വന്നപ്പോൾ അപ്പയെന്താ ഒന്ന് മിണ്ടാൻ പോലും വരാത്തതെന്ന് ഞാനാ സങ്കടത്തോടെ പിന്നേം ചോദിച്ചേ തമ്പാട്ടിയോട് .. ഇനി വരുമ്പോ പറയാംന്ന് പറഞ്ഞിട്ട് ഉത്തരം തരാതെ തമ്പാട്ടി പൊയ്കളഞ്ഞു.. കുഞ്ഞികളുള്ളതുകൊണ്ട് മിക്കവാറും ദിവസം അമ്മയെ കാണാൻ ആരൊക്കെയോ വരും.. ആര് കാണാൻ വന്നാലും അമ്മയ്ക്ക് നൂറുനാവാണ് ഞങ്ങളെപ്പറ്റി പറയാൻ.. ആരുമില്ലാത്തപ്പോൾ ഞങ്ങളോട് കിന്നാരം പറഞ്ഞ് വയറിൽ ഉഴിഞ്ഞ് അമ്മയങ്ങനെ ഇരിക്കും..അതാ ഞങ്ങൾക്കും ഇഷ്ടം. ഞങ്ങള് രണ്ടാളും വലുതായി തുടങ്ങിയപ്പോൾ ഡോക്ടറാന്റി പറഞ്ഞു അമ്മേടെ വയറിന്റെ അടീല് തുന്നിവെച്ചില്ലെങ്കിൽ ഞങ്ങടെ ഭാരം താങ്ങാൻ അമ്മേടെ വയറിന് പറ്റില്ലാന്ന്.. അന്ന് തണുപ്പുള്ള ഒരു മുറിയിൽ കൊണ്ടുപോയി അവര് അമ്മയ്ക്ക് തുന്നലിട്ടു , എല്ലാം കഴിഞ്ഞപ്പോൾ വേദന കൊണ്ട് അമ്മ കുറെ കരഞ്ഞു..

കൂടെ ഞങ്ങളും.. അന്ന് ,ചാടികളിച്ചു അമ്മയെ നോവിപ്പിക്കണ്ടയെന്ന് കരുതി ഞങ്ങളും അനങ്ങാതെ കിടന്നതാ അപ്പൊ എല്ലാരും പേടിച്ചു കരച്ചിലായി.. പിന്നെയവർ അമ്മേടെ മേലൊക്കെ വലിയൊരു ബെൽറ്റും കുറെ വയറുമൊക്കെ വച്ച് പീ പീ ന്ന് കൂക്കി വിളിക്കണ മെഷീൻ വച്ചു.. നടുവേദനയും വയറിന്റെ അടിയിൽ തുന്നിയ വേദനയും മെഷീൻ വച്ച വയ്യായ്കയും ഒക്കെ കൂടി അമ്മ കുറെ പാടുപെട്ടു.. ഞാനിങ്ങനെ കലപിലാ സംസാരിച്ചിട്ടും ഈ അല്ലിയെന്താ ഇന്നൊന്നും മിണ്ടാത്തെ..! അല്ലി…അല്ലി… ഈയിടെയായി ഇവളെപ്പോഴും ഇങ്ങനെയാണ് അനങ്ങാതെ മിണ്ടാതെ കിടക്കും..മടിച്ചി! “എന്താ ആമി.. നിനക്കൊന്ന് മിണ്ടാതെ കിടന്നൂടെ..ഒന്നുറങ്ങാനും സമ്മതിക്കില്ല..” അല്ലി ഒന്നുകൂടെ ചുരുണ്ടു. “ആഹാ രണ്ടാളും കൂടി എന്താ കിന്നാരം പറയുന്നേ.. ഇനി പെട്ടെന്ന് രണ്ടാൾക്കും അമ്മേനെ കാണാല്ലോ..അതിനുള്ള സമയം ശരിക്കും ആയിട്ടില്ല പക്ഷെ നിങ്ങളിവിടെ കിടന്ന് അമ്മയെ കാണാൻ കയറ് പൊട്ടിക്കയല്ലേ..” അമ്മയ്ക്ക് നല്ലപോലെ ഭക്ഷണമൊന്നും കഴിക്കാൻ പറ്റാത്തതുകൊണ്ട് ആമിയിത്തിരി ക്ഷീണിച്ചാ ഉള്ളത് അല്ലിയും ഇങ്ങനെ തന്നെ ആകും എന്നാലും സാരമില്ല അമ്മേനേം അപ്പയെയും ഞങ്ങൾക്ക് കാണാല്ലോ.. അമ്മയുടെ വയറ്റിൽ മറിഞ്ഞതുപോലെ അപ്പയുടെ കുമ്പയിലും കളിച്ചു മറിയണം.. യ്യോ അപ്പാക്ക് കുമ്പ ഉണ്ടോ ആവോ..! തമ്പാട്ടിയുടെ സ്വരം കേട്ടതോടെ ഞാനൊന്ന് കൂടി ഉഷാറായി.. അമ്മയെ കാണാനുള്ള സമയമായെന്ന് കേട്ടതോടെ അല്ലിയുടെയും ഉറക്കം പോയി … “കഥയൊന്നും പറയാനിപ്പോൾ നേരമില്ല കുഞ്ഞികളെ.. നിങ്ങളെ പുറത്തേക്കിറക്കി അമ്മയെ ഏല്പിച്ചിട്ട് വേണം തമ്പാട്ടിക്ക് ദൂരെയൊരിടത്ത് പോകാൻ..” അമ്മ നല്ല സുഖമായി ഉറങ്ങുകയാണ്. കാല് വേദനയെടുത്തിട്ട് രാത്രിയൊന്നും ഉറങ്ങിയിട്ടില്ല അമ്മ… രണ്ട് കാലിലും നീര് വന്ന് വീർത്ത് ഇപ്പൊ പൊട്ടുമെന്നപോലെ ആണ് ഇരിക്കുന്നത് ..

നടക്കാനൊന്നും പറ്റാത്തതുകൊണ്ടും വലിയ വയറായതുകൊണ്ടും അമ്മ കൂടുതലും കിടപ്പാണ്.. ഞങ്ങൾ പുറത്തേക്ക് ഇറങ്ങും വരെ മരണവേദന അമ്മ അനുഭവിക്കണമെന്നാ തമ്പാട്ടി പറഞ്ഞത്.. പാവം എന്റെ അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ… തമ്പാട്ടിയോട് കളിച്ചും ചിരിച്ചും കിടക്കുമ്പോൾ പെട്ടെന്നൊരു കുലുക്കത്തോടെ ആരോ എന്നെ പിടിച്ച് അമർത്തി, നോവ് താങ്ങാനാകാതെ അമ്മ ഞെട്ടിയെഴുന്നേറ്റ് വയറിൽ പൊത്തി നിലവിളിച്ചു.. വയറിനും നടുവിനും മെല്ലെ ഉഴിഞ്ഞുകൊണ്ട് അമ്മ ആരെയോ വിളിക്കുന്നുണ്ട് .. വേദന കുറയാനൊന്നും കാത്തുനിൽക്കണ്ട നമുക്കിറങ്ങാമെന്ന് ആരോ ധൃതി പിടിച്ച് അമ്മയോട് പറയുന്നുന്നത് കേൾക്കാം.. കഷ്ടി രണ്ട് മാസം കൂടിയില്ലേ ,നമുക്ക് കുറച്ചുനേരം നോക്കാം ,ഇത് പേടിക്കാനൊന്നും ഇല്ലെന്ന വേറൊരു സ്വരത്തിനോട് അമ്മ കടുപ്പത്തിലാണ് മറുപടി പറയുന്നത്.. എനിക്കെന്റെ മക്കളെ ഒരു കുഴപ്പവും കൂടാതെ കയ്യിൽകിട്ടണം നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാമെന്ന്..ദേഷ്യമോ വേദനയോ അമ്മ വിയർത്തുകുളിച്ചിട്ടുണ്ട്.. വീണ്ടും വീണ്ടും ആരോ പിടിച്ചു താഴേക്ക് ഉന്തുകയാണ്.. ഞങ്ങളെ പിടിച്ചു അമർത്തുന്ന ഓരോ തവണയും സഹിക്കാൻ പറ്റാത്ത വേദനയിൽ അമ്മയാണ് കരയുന്നത്.. ” മക്കള് അമ്മയെ സങ്കടപെടുത്താതെ നല്ല കുട്ടികളായി വളരണം കേട്ടോ..ഇനി തമ്പാട്ടിക്ക് മക്കളുടെ അടുത്തേക്ക് വരാൻ കഴിയില്ല..ഞാൻ നോക്കുന്നതിനേക്കാൾ കരുതലോടെ സ്നേഹത്തോടെ അമ്മയിനി മക്കളെ നോക്കും..

ഒരിക്കലും പറഞ്ഞുതീരാത്ത കഥകൾ അമ്മയിനി മക്കൾക്ക് ചൊല്ലിത്തരും..”. ആമിക്ക് തമ്പാട്ടിയേം ഇഷ്ടമാ ഞങ്ങളെ വിട്ട് പോകല്ലേ.. ഞാൻ ചിണുങ്ങി. “നിങ്ങൾ രണ്ടുപേരെയും പുറത്തേക്ക് ഇറക്കുംവരെ ഞാനുണ്ടാകും ,പേടിക്കണ്ട കേട്ടോ..അമ്മയുടെ അടുത്തെത്തുമ്പോൾ ലോകത്തിലെ ഏറ്റവും മധുരമുള്ളൊരു അമൃത് ,അമ്മ നിങ്ങൾക്ക് തരും അപ്പോൾ നിങ്ങളെന്നെ മറക്കും..ആ നെഞ്ചിലെ ചൂടേറ്റ് നിങ്ങൾ കിടക്കുമ്പോൾ ഒരു കുഞ്ഞുകാറ്റ് പോലെ നിങ്ങളെ തഴുകി എന്നോടൊപ്പമുള്ള ഓർമ്മകളെയും തിരികെ വാങ്ങി ഞാൻ പോകും ദൂരേക്ക്..” ഓരോ നിമിഷം കഴിയും തോറും അമ്മയുടെ നിലവിളി കൂടിവരുകയാണ്.. താഴേക്കാരോ പിടിച്ചുവലിക്കുന്നത് പോലുള്ള തോന്നലിപ്പോൾ ശക്തമാണ്..തുടർച്ചയായുള്ള കുലുക്കവും ഇളക്കവും പേടിച്ചിട്ടാണോ എന്നറിയില്ല അല്ലിയുടെ ശബ്ദമൊന്നും കേൾക്കാനില്ല.. ” സിസ്റ്ററെ Dr ശ്യാമളയുടെ പേഷ്യന്റ്നെ കൊണ്ടുവന്നിട്ടുണ്ട് പെട്ടെന്ന് തീയറ്ററിലേക്ക് വരാൻ ഡോക്ടറിനോട് ഇൻഫോം ചെയ്യാമോ..! IVF ട്വിൻ പ്രെഗ്നൻസിയാണ്.. cervical stitched 33 weeks pregnancy , one FHS low ,ബിപി ഷൂട്ട് അപ്പ് ആണ്…. ആ അതെ സിസ്റ്ററെ ,ആ കുട്ടിയില്ലേ അപർണ.. ഹസ്ബൻഡ് ഡെത്ത് ആയ കുട്ടി!…” ഇതുവരെയും കേൾക്കാത്തൊരു സ്വരം പരിഭ്രമത്തോടെ ആരോടോ വിളിച്ചുപറയുന്നത് കേൾക്കുന്നുണ്ടല്ലോ തമ്പാട്ട്യേ.. അവര് പറയുന്നതൊന്നും മനസിലാകുന്നില്ല അമ്മക്ക് പ്രഷർ കൂടി ബോധം പോയിട്ടുണ്ടെന്ന് മനസിലായി അതുകൊണ്ടാകും ആമിക്കു ശ്വാസം മുട്ടുന്നത്.. അല്ലിക്കും അമ്മയ്ക്കും ഒരാപത്തും വരുത്തല്ലേ.. ശ്വാസം കിട്ടാതെ കിടന്നു തിരിഞ്ഞു മറിഞ്ഞിട്ടാകും വയറ്റിലെ വള്ളി കഴുത്തിന് ചുറ്റും ചുറ്റിയിട്ടുണ്ട്..

കയ്യുയർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ ഒന്നുകൂടെ മുറുകുന്നു. “ആമി..പേടിക്കണ്ട കേട്ടോ തമ്പാട്ടി ഇവിടെ തന്നെയുണ്ട്.. കുഞ്ഞി അമ്മയെ കാണാൻ തയ്യാറായിക്കോ..” വള്ളി , കഴുത്തിൽ മുറുകാൻ തുടങ്ങിയിരിക്കുന്നു.. വെപ്രാളത്തിൽ അറിയാതെ അപ്പി പോയതുകൊണ്ടാകും വെള്ളത്തിന് കറുപ്പ് നിറം കലർന്ന് ശ്വാസം മുട്ടൽ കൂടിയിരിക്കുന്നു.. നേരെ ഇരിക്കാൻ പോലും വയ്യാത്ത അമ്മയെ എന്തിനാണ് ഇവർ ഇങ്ങനെ ഒടിക്കാൻ ശ്രമിക്കുന്നത്..ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നത് നിങ്ങളറിയുന്നുണ്ടോ.. ” അപർണാ..അപർണ.. നടുവിന് ചെറിയൊരു ഇൻജെക്ഷൻ എടുക്കുന്നുണ്ട് കേട്ടോ..” മിണ്ടാൻ പോലും വയ്യമ്മക്ക് ..വേണ്ട..വേണ്ട .. ഇനീം ഞങ്ങടെ അമ്മയെ നോവിപ്പിക്കല്ലേ .. ഞാൻ അലറിക്കരയുന്നത് അമ്മ കേൾക്കുന്നുണ്ടോ ആവോ.. അമ്മയുടെ വയറ്റിൽ ആരൊക്കെയോ മരുന്നുകൾ പുരട്ടുന്നത് കൊണ്ടാകും തണുപ്പ് കൂടി അമ്മ വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു.. മൂർച്ചയേറിയ എന്തുകൊണ്ടോ അമ്മയെ കീറിവരയുന്നുണ്ട്..മരവിപ്പിക്കാൻ കൊടുത്ത മരുന്നിനെന്തേ ശക്തിയില്ലേ.. വേദനയിൽ അമ്മ ഞെരങ്ങുന്നുണ്ട്.. മരുന്നിന്റെ മയക്കത്തിലാണെങ്കിലും ഉള്ളുകൊണ്ട് മക്കൾക്കൊരു ആപത്തും വരുത്തല്ലേ ദൈവമെയെന്നാണ് അമ്മ ഉള്ളുരുകി കരയുന്നത്..

അസഹ്യമായ വേദന താങ്ങാനാവാതെയാകണം അടഞ്ഞ കൺപോളകൾ വെട്ടിവിറച്ച് രണ്ട് മിഴിക്കോണിൽ നിന്നും നീർതുള്ളികൾ ഒഴുകിയിറങ്ങുന്നു.. കല്ല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും മക്കളില്ലാതിരുന്ന അപർണയെയും അവളുടെ ഭർത്താവിനെപ്പറ്റിയും ആരോ സംസാരിക്കുന്നുണ്ട്. മൂന്നു വട്ടം IVF എടുത്തിട്ടും വിജയിക്കാതിരുന്നതും.. ഒന്നരവർഷം മുൻപ് കോവിഡ് ജീവൻ കവർന്നെടുത്ത ഭർത്താവിന്റെ ശീതീകരിച്ചു സൂക്ഷിച്ച ബീജമുപയോഗിച്ച് വന്ധ്യതാചികിത്സ തുടരാൻ അവൾ തീരുമാനമെടുത്തതും.. എതിര് പറഞ്ഞവരോട് അദ്ദേഹത്തിന്റെ മക്കളെ തനിക്ക് വേണമെന്നും.. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ആ ഓർമ്മകളോടൊപ്പം മക്കൾ ഉണ്ടാകുമെന്നും മറുപടി നൽകി ചോദ്യങ്ങളെ അവൾ നേരിട്ടത്രേ.. ഇരുവർക്കും വേണ്ടി അവൾക്ക് മാത്രം സാധിക്കുന്ന ഒരേയൊരു കാര്യമാണ് തന്റെ ജീവനായിരുന്നവന്റെ പ്രാണന്റെ ചീന്തായൊരു കുഞ്ഞുജീവന് ജന്മം കൊടുക്കുകയെന്നുള്ളതെന്നുള്ള അമ്മയുടെ കഥകൾ കൂടെ നിൽക്കുന്നവർക്കായി ഡോക്ടറാന്റിയാണ് തൊണ്ടയിടറികൊണ്ടു പറയുന്നത്… അതികഠിനമായി ശ്വാസത്തിനായി പിടയുമ്പോഴും എന്റമ്മയും അപ്പയും ആഗ്രഹിച്ചതുപോലെ ഞങ്ങളിൽ ഒരാൾക്ക് പോലും ഒരു പോറല് പോലും ഏൽക്കാതെ ഞങ്ങളെ അമ്മയോട് ചേർത്തുവെക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. “ള്ളേ..ള്ളേ…ള്ളേ..” അല്ലിയുടെ സ്വരം കേട്ടിട്ടാണെന്ന് തോന്നുന്നു കുഞ്ഞു കരഞ്ഞെന്ന് പറയുന്നവരുടെ ശബ്ദത്തിൽ ആശ്വാസമാണ്..

ഒന്നിനെ കൊതിച്ചവർക്ക് വാരിക്കോരി രണ്ട് കൊടുത്ത ദൈവം അത് കാണാൻ മാത്രം കുഞ്ഞുങ്ങളുടെ അപ്പക്ക് യോഗം കൊടുത്തില്ലെന്ന് ദീർഘനിശ്വാസം വിടുന്നുണ്ട്.. എന്റെ വിരൽതുമ്പ് പിടിച്ച് തമ്പാട്ടിയിപ്പോഴും നിൽക്കുന്നുണ്ട്.. എന്തേ തമ്പാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്..! പെട്ടെന്ന് ശക്തമായ വെളിച്ചമുള്ളൊരു ലോകത്തിലേക്ക് ആരോയെന്നെ കയ്യിലെടുത്ത് ഉയർത്തിയതും തമ്പാട്ടിയുടെ വിരൽ തുമ്പ് എന്റെ കുഞ്ഞികൈയിൽ നിന്നും ഊർന്നുപോയി.. തളർന്നു കുഴഞ്ഞുകിടക്കുന്ന എന്നെയാരാണ് കാലിൽ തൂക്കിപിടിച്ച് പൊക്കുന്നത്.. ആ..അയ്യോ..പതിയെ അടിക്കെന്റെ പുറത്ത്, ആമിക്ക് നോവുന്നു.. എന്റെ കാലിലെയും കയ്യിലേയും നീലനിറത്തിലേക്കും കരിനീലിച്ച ചുണ്ടുകളിലേക്കും പരിഭ്രാന്തിയോടെ നോക്കി അവരെന്റെ മൂക്കിലും വായിലും ട്യൂബിട്ട് എന്തോ വലിച്ചെടുക്കുന്നു.. നെഞ്ചിൽ വിരലുകൊണ്ടമർത്തി വായ് മുടിയൊരു ബലൂൺ വീർപ്പിക്കുന്നു.. ഉറക്കെ കരയണമെന്നുണ്ടെനിക്ക്.. കൈകാലിട്ടടിച്ച് ഒന്ന് നിർത്തണേയെന്ന് അലറണമെന്നുണ്ട് പക്ഷെ വെയിലേറ്റ് തളർന്ന് വാടിയൊരു പൂവ് പോലെ ഞാൻ കുഴഞ്ഞ് കിടന്നു.. “Come on baby… U can’t leave your mama like this.. Please…please” എന്നെയും നെഞ്ചിലേക്ക് ചേർത്ത് ഓടുന്ന ചേച്ചി ആകുലതയോടെ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം.. വായിലും മൂക്കിലും വയറിലും ട്യൂബുകൾ ഘടിപ്പിച്ച് ഒരു കയ്യിലും ഒരു കാലിലും സൂചി കുത്തി ഒരു കുഞ്ഞുസൂര്യന്റെ ചെറുചൂടുള്ള വെളിച്ചം തട്ടുന്ന പതുപതുത്ത കിടക്കയിലേക്ക് അവരെന്നെ കിടത്തി.. തൊട്ടരുകിലെ കിടക്കയിൽ എന്നെപോലെ വേറൊരു കുഞ്ഞിയുണ്ട്…

ഞാൻ വന്നതറിഞ്ഞാകും അവളൊന്ന് കണ്ണ് തുറന്ന് എനിക്ക് മാത്രം കേൾക്കാനായി മന്ത്രിച്ചു.. “ആമി.. ഇത് ഞാനാ അല്ലി.. വേഗം വയ്യായ്കയൊക്കെ മാറി മിടുക്കിയായി വാ നമുക്കമ്മയെ കാണണ്ടേ..” എന്റെ കൂടപ്പിറപ്പ് ..മിനിറ്റുകൾ മാത്രം വ്യത്യാസമുള്ള എന്റെ ചേച്ചി.. അവൾ വിളിച്ചാൽ ഞാൻ വിളി കേൾക്കാതിരിക്കുന്നതെങ്ങനെ.. കുഞ്ഞികൈയ്യുയർത്തി ഞാൻ വരാമെന്ന സൂചന നൽകി ഞാനൊന്ന് പതിയെ അനങ്ങി.. ഞാനവൾക്ക് വാക്ക് കൊടുത്തത് കണ്ടാകും അവിടെ ചുറ്റിനും നിന്നവരുടെ കണ്ണുകൾ ആ അനക്കം കണ്ടതോടെ സന്തോഷത്തോടെ ഒന്ന് തിളങ്ങി. എന്റെ തലക്ക് മുകളിലെ നീല വെളിച്ചമുള്ള യന്ത്രത്തിന്റെ ബോർഡിലേക്ക് നോക്കിയൊരാൾ.. “Thank God..heart rate and saturation is okay now “ അവിടെ നിന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചത് എന്റമ്മയോടുള്ള സ്നേഹമായിരുന്നുവെന്ന് എനിക്കറിയാം.. ഞങ്ങൾക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടങ്ങളോടുള്ള ബഹുമാനമായിരുന്നു ആ സ്നേഹമെന്നും എനിക്ക് മനസിലായി.. പിന്നെ ഞാനെങ്ങനെ ഇവരെയെല്ലാം വിട്ട് മടങ്ങിപ്പോകും.. രണ്ടുപേരെയും ഒരുമിച്ചേ കാണുകയുള്ളവെന്ന് അമ്മ വാശിപിടിച്ചതുകൊണ്ട് അല്ലിയെന്നോട് ഇടതടവില്ലാതെ വേഗം ഉഷാറായി വരാൻ വഴക്കടിച്ചുകൊണ്ടിരുന്നു..

അവളുടെ നിർത്താതെയുള്ള കരച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ചു സിസ്റ്ററമ്മ അവൾക്ക് ഇടയ്ക്കിടെ പാല് കൊടുത്ത് കൈകളിൽ കൊണ്ടുനടന്നു. ദേ..കണ്ടോ എന്റെ മേലെയുള്ള ട്യൂബൊക്കെ എടുത്തു ..രാവും പകലും എത്രെയാണ് കടന്നുപോയത് ഒടുവിൽ ഇന്നാദ്യമായി ഞങ്ങൾ അമ്മയെ കാണാൻ പോകുകയാണ്.. ഇത്രയും ദിവസം വായിലിറ്റിച്ചു തന്ന അമ്മിഞ്ഞമധുരം ഇന്ന് രാവിലെ തരുമ്പോൾ സിസ്റ്ററമ്മ പറഞ്ഞത് ഇനി ഞങ്ങൾ അമ്മയുടെ നെഞ്ചിലെ ഇളം ചൂടിൽ ചേർന്നുകിടന്നാണത്രെ കുടിക്കാൻ പോകുന്നത്.. മിനുസമുള്ള പഞ്ഞി തുണികളിൽ പൊതിഞ്ഞ് ഞങ്ങളെയും കൊണ്ട് സിസ്റ്ററമ്മമാർ അമ്മയുടെ അടുക്കലേക്ക് നടക്കുമ്പോൾ അല്ലിയുടെ മുഖത്തൊരു കുസൃതിചിരിയുണ്ടായിരുന്നു.. ഇവരൊന്നുമല്ലാതെ ആരോ ഒരാൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കോർമയുണ്ട് പക്ഷെ അത് ആരാണെന്ന് മാത്രം ഓർമ കിട്ടുന്നുണ്ടായിരുന്നില്ല.. മനസ്സ് നിറയെ അമ്മയോളം സ്നേഹം മുഖമോർമയില്ലാത്ത ആ നിഴലിനോടും എനിക്ക് തോന്നുന്നുണ്ട്. ആ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിൽ തീവ്രമായ ആലോചനയിലായിരുന്നത് കൊണ്ട് അവരെല്ലാം എന്നെ ഗൗരവക്കാരിയെന്ന് കളിയാക്കി കൊഞ്ചിച്ചു കൊണ്ടിരുന്നു.. കണ്ണിലൊരായിരം സ്നേഹദീപങ്ങൾ തെളിയിച്ച്.. ഇരുകൈകളും നീട്ടി സന്തോഷത്താൽ തുടികൊട്ടുന്ന ഇടനെഞ്ചോടെ.. പുഞ്ചിരിച്ച് അമ്മ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.. കട്ടിലിന് അരികിലായി കിടന്ന മേശയിൽ പുഞ്ചിരിയോടെ ചേർന്നുനിൽക്കുന്ന രണ്ടുപേരുള്ള ആ ഫോട്ടോയിലേക്ക് ഞാൻ നോക്കി…

അമ്മയ്‌ക്കൊപ്പമുള്ള ആ മുഖം എനിക്ക് പരിചയമുള്ളത് പോലെ തോന്നി.. ഒൻപത് മാസം ഞങ്ങളെ വയറ്റിലേറ്റിയ അമ്മയ്‌ക്കൊപ്പം വർഷങ്ങളായി ഞങ്ങളെ വളരെയധികം ആഗ്രഹിച്ച, ആയുശ്ശേഷവും മക്കളോടുള്ള കരുതലുമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന അപ്പയുടെ ആത്മാവിനും.. അമ്മയുടെ വയറ്റിൽ ഉരുവായ അന്നുമുതൽ അവിടെ നിന്നും ഇറങ്ങും വരെ കഥകൾ പറഞ്ഞ് കരുതലോടെ ഞങ്ങൾക്ക് കൂട്ടിരുന്ന തമ്പാട്ടിക്കും ഒരേ മുഖമായിരുന്നു.. തമ്പാട്ടിയെന്ന മുഖവും സ്വരവും പേരും തമ്പാട്ടിയിട്ട ഞങ്ങളുടെ ആമിയെന്നും അല്ലിയെന്നുമുള്ള പേരും ഓർമകളിൽ നിന്ന് അലിഞ്ഞില്ലാതാകുന്നതും അപ്പയുടെ മുഖം മാത്രം മനസിലേക്ക് തെളിഞ്ഞുവരുന്നതും ഞാനറിഞ്ഞു.. അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അമ്മയെ നല്ലോണം നോക്കണമെന്ന് പറഞ്ഞ് ഞങ്ങളുടെ ശിരസ്സിൽ തലോടി അമ്മയുടെ മൂർദ്ധാവിൽ ചുംബിച്ച് യാത്ര പറയുന്ന ആ നിഴലിന്റെ ഇളംകാറ്റ് പോലെയുള്ള സാന്നിധ്യം അറിഞ്ഞാകും അമ്മയുടെ കണ്ണുകൾ ഇത്തവണ നിറഞ്ഞൊഴുകിയത്…

Continue Reading

Most Popular