Connect with us

Long Stories

അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് അവൾ പതിയെ തിരിഞ്ഞുനടന്നു…

Published

on

പവിത്ര വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച് മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നതവളറിഞ്ഞു. അവൾ ചെല്ലുമ്പോൾ ചുവരിൽ ചാരിയിരുന്നേതോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു അവർ. പവിത്രയെന്ന വേറിട്ട പെണ്ണ്….. താൻ വന്നത് പോലുമറിയാതെ നിസംഗമായിരിക്കുന്ന ആ സ്ത്രീയെ നോക്കി നിൽക്കുമ്പോൾ അവൾ ദീർഘമായൊന്ന് നിശ്വസിച്ചു. പിന്നെ പതിയെ ഒന്ന് മുരടനക്കി. ആ സ്വരം കാതിലെത്തിയതും അവർ പതിയെ മുഖം തിരിച്ചവളെ നോക്കി. അതുവരെ പ്രത്യേകിച്ച് ഭാവങ്ങളേതുമില്ലാതിരുന്ന ആ മുഖത്തേക്ക് ര-ക്തമിരച്ചുകയറി. ദേഷ്യം കൊണ്ട് ആ മുഖം വ-ലിഞ്ഞുമു-റുകി. “എന്തിനാ ദിവസവുമിവിടിങ്ങനെ കേറിയിറങ്ങുന്നത്…..??? ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും പറയാനില്ലെന്ന്. ഈ തടവറയിലെങ്കിലും എനിക്കിത്തിരി സമാധാനം തന്നൂടെ…. അന്യന്റെ ജീവിതം വിറ്റ് കാശാക്കാൻ നടക്കുന്നു. നാണമില്ലേ നിനക്കൊന്നും. എന്റെ ജീവിതമങ്ങനെ ആർക്കും പി-ച്ചിക്കീ-റി പ്രദർശിപ്പിക്കാനുള്ളതല്ല…. പൊക്കോ എന്റെ മുന്നീന്ന്. ” സെല്ലിന്റെ ഇരുമ്പുകമ്പിയിൽ ആ-ഞ്ഞടിച്ച് ക-ലിപൂണ്ടവരലറുകയായിരുന്നു. പക്ഷേ അപ്പോഴും ഒരുവാക്ക് പോലുമവൾ തിരിച്ചുപറയാൻ മുതിർന്നില്ല. അവരുടെ നരച്ച സാരിയിലും നര പാകിയ മുടിയിഴകളിലുമൊക്കെയായി ഒഴുകി നടക്കുകയായിരുന്നു അവളുടെ മിഴികൾ. “ഞാൻ….. ” ” പറഞ്ഞില്ലേ എന്റെ മുന്നിൽ വരരുതെന്ന്….. പൊയ്ക്കോ ” പറഞ്ഞതും നിലത്തുനിന്നെണീറ്റ് ആ ഇരുമ്പുകട്ടിലിലേക്ക് കയറി ചുവരിനഭിമുഖമായി തിരിഞ്ഞുകിടന്നിരുന്നു ആ സ്ത്രീ. അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് അവൾ പതിയെ തിരിഞ്ഞുനടന്നു. “ഇവിടെയും സമാധാനം തരില്ലെന്ന് വച്ചാലെന്ത്‌ ചെയ്യും. പിശാചുക്കൾ…. ” മുന്നോട്ട് നടക്കുമ്പോഴും പിന്നിൽ നിന്നും പവിത്രയുടെ ശബ്ദം അവളെ പിൻതുടർന്നുകൊണ്ടിരുന്നു. ” ആഹാ ഇന്നും കൃത്യമായി അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ ആളെത്തിയല്ലോ…. ” പുറത്തേക്ക് വരുമ്പോൾ ജയിലിന്റെ പുറത്തുണ്ടായിരുന്ന പോലീസുകാരൻ ചിരിയോടെ ചോദിച്ചു. മറുപടിയായി മുഖത്തെ വാട്ടം മറച്ചുകൊണ്ട് മീരയുമൊന്ന് ചിരിച്ചു. ” ആവശ്യമെന്റെയായിപ്പോയില്ലേ സാറെ…. ” അവൾ ചിരിച്ചു. ” നിനക്കിതെന്തിന്റെ കേടാ കൊച്ചേ….??? അയലോക്കക്കാരന്റെ അതിര് മാന്തിയെന്നുള്ളതല്ല അവൾക്കെതിരെയുള്ള കേസ്. ഒരുകുടുംബത്തിലെ നാലുപേരെ അതും സ്വന്തം തന്തയുൾപ്പെടെ വെട്ടിനുറുക്കി തെരുവുപട്ടികൾക്കിട്ടുകൊടുക്കാൻ ചങ്കുറപ്പ് കാണിച്ചവളാ അവൾ. എന്നിട്ടോ കാരണമാണെങ്കിൽ ബഹുകേമം. അവൾക്ക് ഭ്രാന്താ….. കൊച്ചിനറിയോ ഇവിടെ വന്നിട്ടിതുവരെ അവളെ ആ സെല്ലിൽ നിന്നും പുറത്തേക്ക് വിട്ടിട്ടില്ല. സത്യം പറഞ്ഞ ഇവിടെല്ലാർക്കും അവളെയൊരു പേടിയില്ലാതില്ല. അങ്ങനെയുള്ളൊരുത്തിയോട് സംസാരിക്കാനാ ദിവസവും നീയിങ്ങനിവിടെ കേറിയിറങ്ങുന്നത്. സൂസൻ മാഡത്തിന് കൊച്ചിനോടൊരു താല്പര്യമുള്ളോണ്ടാ എന്നും ഇവിടിങ്ങനെ കേറിയിറങ്ങാൻ പറ്റുന്നത്. എന്നുവച്ച് ഈ സ്വാധീനവും സമയവുമൊക്കെ വേറെ വല്ല പണിക്കും ഉപയോഗിച്ചൂടെ കൊച്ചേ. ചുമ്മാ എന്നാത്തിനാ അവളെപ്പോലൊരു പ്രാന്തിടെ പുറകെയിങ്ങനെ നടക്കുന്നേ….. ” ” ഞാൻ പറഞ്ഞില്ലേ സാർ സമൂഹത്തിന്റെ നാനാതുറയിൽ പെട്ട വ്യത്യസ്തങ്ങളായ പെൺജീവിതങ്ങളെ കൂട്ടിയിണക്കിക്കൊണ്ട്‌ ഞാനൊരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്.

അതിലൊരു സ്ത്രീ ഈ പവിത്രയാണ്. അവരുടെ ഈ ചെയ്തികൾക്ക് പിന്നിലൊരു കാരണമുണ്ടെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. ആ കാരണം തേടിയുള്ള അലച്ചിലിലാ ഇപ്പൊ ഞാൻ. അവരുള്ളിൽ കുഴിച്ചുമൂടിയിരിക്കുന്ന ആ ഇരുണ്ട അധ്യായങ്ങൾ ഞാൻ കുഴിമാന്തിയെടുക്കുക തന്നെ ചെയ്യും. അതിനല്ലേ എന്നും ഞാനിങ്ങനിവിടെ കേറിയിറങ്ങുന്നത്. ” അയാളത് പറഞ്ഞപ്പോഴും വെറുതേയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൾ പറഞ്ഞു. ” അവരുടെ ശിക്ഷയിൽ ഇളവെന്തെങ്കിലും കാണുമോ സാർ…??? ” ” ഓഹ് ഇനിയെന്തോന്ന് ഇളവാ കൊച്ചേ….. ഇപ്പൊ തന്നെ വർഷം പതിനെട്ടുകഴിഞ്ഞു. ശിക്ഷയുടെ മുക്കാൽ ഭാഗത്തിൽ കൂടുതൽ അവളനുഭവിച്ച് തീർത്തുകഴിഞ്ഞു. ഇനിയിപ്പോ ഇളവ് ചെയ്തിട്ടാർക്കെന്ത് കാര്യം…. പവിത്രയെ കോടതിയിൽ കൊണ്ടുവന്ന ദിവസം എനിക്കിന്നും ഓർമയുണ്ട്. അവൾക്ക് വേണ്ടി ഒരു വക്കീല് പോലും ഹാചരുണ്ടായിരുന്നില്ല. പിന്നെ കോടതി തന്നെ ഒരു വക്കീലിനെ ഏർപ്പാടാക്കിയതാ. പക്ഷേ എന്ത് കാര്യം…..അവൾക്ക് രക്ഷപെടേണ്ടായിരുന്നു. അവൾ കല്ല് പോലെ നിന്ന് പറഞ്ഞുകളഞ്ഞില്ലേ ചുമ്മാ ഇരുന്നപ്പോ ആ നാലെണ്ണോം തെരുവ്പട്ടികൾക്ക് വിശപ്പ് മാറ്റാനുള്ളതാണെന്ന് തോന്നിയെന്ന്. ” അവളെ കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്ന ദിവസമോർത്തുകൊണ്ട് അയാൾ പറഞ്ഞു. ഇരുകൈകളും ചേർത്ത് വിലങ്ങുവച്ചകത്തേക്ക് കൊണ്ടുവരുമ്പോഴും അവളുടെ അധരങ്ങളിലൊരു നിർവൃതിയുടെ പുഞ്ചിരി തത്തിക്കളിച്ചിരുന്നു.. ആ മുഖം ശാന്തമായിരുന്നു. കുറ്റാരോപിതയായി കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ഏതൊരു സാധാരണക്കാരന്റെയും മുഖത്തുണ്ടാകാവുന്ന ഒരു ഭാവങ്ങളും അവളിൽ കാണാനുണ്ടായിരുന്നില്ല. ഇത്രയും വലിയ ഒരു പാതകം ചെയ്തവളെയൊരുനോക്ക് കാണാൻ തടിച്ചുകൂടിയവരിൽ നിന്നുതിർന്ന ഓരോ വാക്കുകളും അവളെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നത് പോലെ തോന്നുമായിരുന്നു അവളുടെ മുഖഭാവത്തിൽ നിന്നും. ” എന്താ പേര്… ???? ” ” പവിത്ര….. ” സ്ഥായിയായ പുഞ്ചിരിയോടെ….. ദൃഡസ്വരത്തിൽ അവൾ പറയുമ്പോൾ ജഡ്ജി പോലും ഒരുനിമിഷമൊന്നമ്പരന്ന് അവളെ നോക്കി. ” നിങ്ങളുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം….. ” ” അത് ഞാൻ ചെയ്തത് തന്നെയാണ് സാർ….. ഞായറാഴ്ച എല്ലാവീട്ടിലും ഇറച്ചിക്കറി വെക്കുന്ന പതിവുണ്ടല്ലോ. എനിക്ക് പക്ഷേ അന്ന് അവറ്റോളെ കൊത്തിനുറുക്കാനാ തോന്നിയത്. ആ ഏരിയയിലെ പട്ടികളൊക്കെ വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. അതുകൊണ്ടാ നാലെണ്ണത്തിനെ കൊത്തിനുറുക്കിയങ്ങിട്ടുകൊടുത്തത്. ” വക്കീലിന്റെ ചോദ്യത്തേ മുഴുവനാക്കാനനുവധിക്കാതെ നേർത്ത ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞത് കേട്ട് ആ കോടതിമുറിയൊന്നാകെ സ്തംഭിച്ചുപോയിരുന്നു. പലരുടെയും മുഖം വിളറിവെളുത്തു. പക്ഷേ അവളിൽ മാത്രം കൂസലേതുമുണ്ടായിരുന്നില്ല. അവളപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. ” അപ്പൊ അവർക്ക് ഭ്രാന്താണോ….??? ” ആ മനുഷ്യൻ പറയുന്നത് കേട്ട് ആകാംഷ സഹിക്കാതെ മീര ചോദിച്ചുപോയി. ” ഏയ് അങ്ങനാ ആദ്യം എല്ലാവരും കരുതിയത്. പക്ഷേ പിന്നീട് നടത്തിയ പരിശോധനയിൽ അവൾക്കൊരു കുഴപ്പവുമില്ലെന്ന് മനസ്സിലായി. അതോടെ മനഃപൂർവം നാലുജീവനെടുത്ത അവൾക്ക് കോടതി വധശിക്ഷ വിധിച്ചു. പക്ഷേ പിന്നീടതിളവുചെയ്ത് ഇരട്ടജീവപര്യന്തമാക്കി. ഇപ്പൊ വർഷം പതിനെട്ടുകഴിഞ്ഞു. പുറംലോകവുമായി ഒരുബന്ധവുമില്ലാതെ….. ആരോടുമൊരുവാക്ക് മിണ്ടാതെ…..

അവളിങ്ങനെ. ഇപ്പൊ കുറച്ചുനാളെയായുള്ളു ഇങ്ങനെ. അതിനുമുൻപ് ജീവിതത്തിലേ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചുതീർന്നത് പോലൊരു സംതൃപ്തി അവളിൽ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ…. വളരെ അപൂർവമായി മാത്രം കണ്ണ് തുടയ്ക്കുന്നതും കാണാമായിരുന്നു. എന്തിനാണെന്ന് അവൾക്കും ദൈവത്തിനും മാത്രമറിയാം. ” അയാളത് പറയുമ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റലുണർന്നുവോ….. അറിയില്ല. പതിയെ പുറത്തേക്ക് നടന്നു. നാളെയും വരാനുറച്ചുതന്നെ. ഒരോ ദിവസവും ആ ജയിലിന്റെ കവാടം കടക്കുമ്പോൾ ഒരായിരം പ്രതീക്ഷകൾ ഹൃദയത്തിൽ കൂടുകൂട്ടിയിരിക്കും. ഇന്നെങ്കിലും അവർ മനസ് തുറക്കുമെന്ന് വെറുതേ പ്രതീക്ഷിക്കും. പക്ഷേ അവരൊരിക്കലും പതിവുകൾ തെറ്റിക്കാറുണ്ടായിരുന്നില്ല. കണ്ടാലുടനെ കിടക്കയിൽ പുറം തിരിഞ്ഞുകിടക്കാറായിരുന്നു പതിവ്. ഓർത്തുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ കരട് പോയിട്ടോ എന്തോ ഇരുമിഴികളും നിറഞ്ഞിരുന്നു. ഉച്ചിയിലേക്ക് ആഴ്ന്നിറങ്ങിത്തുടങ്ങിയ വെയിലിനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് നടക്കുമ്പോഴും ഉള്ളിലവർ മാത്രമായിരുന്നു പവിത്ര. റോഡിലേക്കിറങ്ങിയതും കിട്ടിയ ഓട്ടോ കൈ കാണിച്ചുനിർത്തി അതിലേക്ക് കയറി. ” കുരിശുപള്ളി ജംഗ്ഷൻ….. ” പറഞ്ഞിട്ട് പുറംകാഴ്ചകളിലേക്ക് വെറുതേ മിഴിപായ്ച്ചിരുന്നു. ” ഇന്നും പതിവ് തെറ്റിയില്ലല്ലേ…. ” സ്നേഹതീരമെന്നെഴുതിവച്ച തുരുമ്പിച്ച കവാടം കടന്നകത്തേക്ക് വരുമ്പോൾ തിരുവസ്ത്രമണിഞ്ഞ പ്രായമായ ആ സ്ത്രീ ചോദിച്ചു. സിസ്റ്റർ മേരി സെബാസ്റ്റ്യൻ അതായിരുന്നു അവരുടെ പേര്. അവൾ മേരിമ്മാ എന്ന് വിളിച്ചിരുന്ന സ്ത്രീ. ” ഇല്ല മേരിമ്മാ….. ഒരുനോട്ടം പോലും എനിക്കായ് തന്നില്ല. ആഹ് പിന്നെ ഇന്നൊരു വ്യത്യാസമുണ്ടായിരുന്നു . പതിവിലുമേറെ പൊട്ടിത്തെറിച്ചു. പക്ഷേ….. പക്ഷേയൊരുദിവസം ഈ പതിവുകളൊക്കെ തെറ്റും. എന്നെ നോക്കും. ഞാനനറിയാൻ കാത്തിരിക്കുന്ന ആ കഥയെന്നോട് പറയും. നിഗൂതകളുറങ്ങുന്ന പവിത്രയുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഞാനിറങ്ങിചെല്ലും. ” അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ദൃഡത കൈവന്നിരിക്കുന്നത് സിസ്റ്റററിഞ്ഞു. ” മോളെ മീരാ….. ” ” വേണ്ട മേരിമ്മാ….. എനിക്ക് വിഷമമൊന്നുല്ല. ഞാൻ തോറ്റുപിന്മാറുകയുമില്ല. ” പറഞ്ഞിട്ട് അവൾ നേരെ അകത്തേക്ക് നടന്നു. വർഷങ്ങളായി അനാഥത്വത്തിന്റെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ ചെറിയ ചുവരുകൾക്കുള്ളിലേക്ക് കടന്നതും ആശ്രയമറ്റവളുടെ മിഴികളിൽ തങ്ങി നിന്നിരുന്ന രണ്ടുതുള്ളി കണ്ണുനീർ അവളുടെ മാറിലേക്കിറ്റുവീണു. ” ഒന്ന് മിണ്ടാൻ…. വെറുതേയൊന്ന് കാണാൻ പിന്നെ എന്തിനായിരുന്നു ഇതൊക്കെയെന്നൊന്നറിയാൻ…. അതിനായിരുന്നു ഒരുകാലത്ത് നാടിനെ നടുക്കിയ , നിഗൂഡതകൾ നിറഞ്ഞ പവിത്രയെന്ന പെണ്ണിന്റെ ജീവിതം വച്ചൊരു ഡോക്യുമെന്ററിയെന്ന നുണക്കഥയുമായി ആ ജയിലിലോരോ ദിവസവും കയറിയിറങ്ങിയത്. പക്ഷേ…..” ഓർത്തുകൊണ്ട് തന്റെ സ്റ്റഡി ടേബിളിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു. നിവർത്തിയും മടക്കിയും എപ്പോഴൊക്കെയോ വീണ കണ്ണീരിന്റെ ഉപ്പും ചേർന്ന് വല്ലാതെ മുഷിഞ്ഞ ഒരു പഴയ പത്രത്തിൽ ആ കണ്ണുകൾ ഉടക്കിനിന്നു. പതിനെട്ട് കൊല്ലം മുൻപുള്ള ആ പത്രത്തിലെ അക്ഷരങ്ങളിലൂടൊരുനിമിഷം മിഴികളോടിച്ച് അവളത് നെഞ്ചോട് ചേർത്തുപിടിച്ചു. ” മേരിമ്മാ ഞാനിറങ്ങാട്ടോ….. ” രാവിലെ പുറപ്പെടാനൊരുങ്ങി വരുമ്പോൾ അകത്തേക്ക് നോക്കി മീര വിളിച്ചുപറഞ്ഞു. ” മോളെ….. ” ” എന്താ മേരിമ്മാ….??? ” ” മതിയാക്കിക്കൂടേ നിനക്കീ അലച്ചിൽ…. മേരിമ്മക്കറിയാവുന്നതൊക്കെ പറഞ്ഞുതന്നിട്ടില്ലേ ഞാൻ. പിന്നെന്തിനാ ഇനിയാ നാവിൽ നിന്നുതന്നെ കേൾക്കണമെന്നൊരു വാശി….???? ” ആ സ്ത്രീയുടെ സ്വരത്തിൽ വേദന നിഴലിച്ചിരുന്നു. ” ഇത് വാശിയല്ല മേരിമ്മാ….. ശെരിയാണ് മേരിമ്മക്കറിയാവുന്നതൊക്കെ മേരിമ്മ എന്നോട് പറഞ്ഞു. പക്ഷേ എനിക്കറിയേണ്ടത് മേരിമ്മക്കറിയാത്ത ആ സത്യങ്ങളാണ്. ഇങ്ങനെയൊക്കെയാകാൻ പവിത്രയെ പ്രേരിപ്പിച്ച ആ കാരണങ്ങളാണ്. അതെനിക്കറിഞ്ഞേമതിയാവൂ മേരിമ്മാ…. ” പറഞ്ഞിട്ട് പ്രായം ചുളിവുകൾ വീഴ്ത്തിയ അവരുടെ വലംകയ്യിലൊന്ന് ചുംബിച്ചിട്ട് അവൾ വേഗത്തിൽ പുറത്തേക്ക് നടന്നു. “””””” ആ അനാഥക്കൊച്ചല്ലേ…. ” ” അപ്പനും അമ്മയും ആരാണെന്നാർക്കറിയാം…. “”””””””” രാവിലത്തെ ചൂടേറിയ വെയിലിനെ തഴഞ്ഞുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ ആ വാക്കുകൾ മറ്റൊലിക്കൊള്ളുകയായിരുന്നു അവളുടെ ഉള്ള് നിറയെ. കുഞ്ഞിലേ മുതൽ കേട്ടുതഴമ്പിച്ച ആ വാക്കുകൾ. “”” അനാഥ “”””” അവൾ വെറുതെയൊന്നുരുവിട്ടു. കാലുകൾക്ക് വേഗമേറും പോലെ. ജയിക്കണമെന്ന വാശി ഉള്ളിലൂറിയുറയ്ക്കും പോലെ. ആ വലിയ ഇരുമ്പുകവാടത്തിലെ ചെറിയ വാതിൽ കടന്നകത്തേക്ക് കയറുമ്പോൾ പ്രതീക്ഷകൾ വീണ്ടും വാനോളമുയർന്നിരുന്നു. ” ആഹാ പതിവ് തെറ്റിയില്ലല്ലോ…. ചെല്ല് ചെല്ല്….. ” അവളെ കണ്ടതും ആ പോലീസുകാരൻ പതിവുപുഞ്ചിരിയോടെ പറഞ്ഞു. മറുപടിയൊരു പുഞ്ചിരിയിൽ മാത്രമൊതുക്കി വരാന്തയിലേക്ക് കയറി പതിയെ നടന്നു. പതിവ് സന്ദർശകയായത് കൊണ്ടാവാം പല സെല്ലുകളിലും വിഷാദം കലർന്നൊരു പുഞ്ചിരി അവൾക്കായി മാറ്റിവയ്ക്കപ്പെട്ടത്. ഒടുവിൽ ലക്ഷ്യത്തിലെത്തുമ്പോൾ പതിവുപോലെ ആ അഴികളിൽ ചാരി അവരുണ്ടായിരുന്നു. പവിത്ര…. പിന്നിൽ കാലടി ശബ്ദമുയർന്നുകേട്ടതും പതിയെ തല ചരിച്ചു നോക്കി.

പക്ഷേ പതിവ് കലിയില്ലവിടെ. പകരം ആ മിഴികൾ നനഞ്ഞിരുന്നു. ഓർമകളുടെ ചിതയിന്നും കെട്ടടങ്ങാഞ്ഞിട്ടാവാം മിഴികൾ ജ്വലിച്ചിരുന്നു. ” ഞാൻ….. ” ” എന്താ അറിയേണ്ടത്….??? ” ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം. അതുകൊണ്ട് തന്നെ മീരയൊരുനിമിഷമൊന്നമ്പരന്നു. ഉള്ളിലൊരു കടലിളകിമറിയുന്നതവളറിഞ്ഞു. ഒന്ന് പൊട്ടിക്കരയാൻ ഹൃദയം വാശിപിടിച്ചു. പക്ഷേ എല്ലാം എവിടെയോ കുഴിച്ചുമൂടി അവൾ പതിയെ ആ വെറും നിലത്തേക്കിരുന്നു. ആ ഇരുമ്പഴികൾ ഇടയ്ക്കൊരു തടസം തീർത്തിരുന്നുവെങ്കിലും അവരുടെ തൊട്ടടുത്ത് ഒരു വിരൽപ്പാടകലെ അവളും. ” ഒന്ന് മാത്രമേയുള്ളൂ അറിയാൻ കാരണങ്ങൾ…. അതുമാത്രം. ” അവൾ പറഞ്ഞതും ചോദ്യഭാവത്തിൽ പവിത്രയവളെ തുറിച്ചുനോക്കി. പക്ഷേ മീരയിൽ പതർച്ചയൊട്ടും തന്നെയുണ്ടായിരുന്നില്ല. ” സ്വന്തം അച്ഛനേയും ഭർത്താവിനെയും ഉൾപ്പെടെ നാലുപേരെ കൊത്തിനുറുക്കി തെരുവിലേക്ക് വലിച്ചെറിയാൻ പ്രേരിപ്പിച്ച കാരണം…… നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ ഒരനാഥാലയത്തിന്റെ ഇരുണ്ട ചുവരുകൾക്കുള്ളിലേക്ക് വലിച്ചെറിയാൻ കാണിച്ച ഉറച്ച മനസ്സിന്റെ കാരണം….. ” അവളിൽ നിന്നും ആ വാക്കുകളുതിർന്നുവീഴവേ പവിത്രയുടെ മിഴികളൊന്ന് പിടഞ്ഞു. മീരയത് തിരിച്ചറിയുകയും ചെയ്തു. ” ഇത്….. ഇതെങ്ങനെ….. ” ” ഞാൻ പറഞ്ഞില്ലേ വെറുതേ ഒരുദിവസം ഒരു തോന്നലിൽ ഇങ്ങോട്ട് കയറിവന്നവളല്ല ഞാൻ.. പവിത്രയെന്ന പെണ്ണിനെ അറിഞ്ഞിട്ട് തന്നെ വന്നവളാണ്. എന്നിട്ടും വീണ്ടുമിവിടെ കയറിയിറങ്ങിയത്….. എനിക്ക് ഞാൻ അറിഞ്ഞതിന്റെയൊക്കെ കാരണങ്ങളറിയണമായിരുന്നു. ” ” എന്റെ മകൾ….. ” അത് പറയുമ്പോൾ പവിത്രയുടെ സ്വരം വല്ലാതെ കല്ലിച്ചിരുന്നു. മീരയുടെ പുരികക്കൊടികൾ ചുളിഞ്ഞു. മനസ്സിലാവാത്തത് പോലെ അവൾ ആ സ്ത്രീയെ ചൂഴ്ന്നുനോക്കി. ” നീ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കുമായി എനിക്ക് നൽകാൻ ഒരുത്തരമേയുള്ളൂ. എന്റെ മകൾ…. !!!! ഇന്നത്തെ പവിത്രയുണ്ടാവാനുള്ള ഏകകാരണം. ” അത്രയും പറഞ്ഞപ്പോഴേക്കും വല്ലാതെ കിതച്ചുപോയിരുന്നു അവർ. ആ മിഴികൾ ചുവന്നുകലങ്ങി. ” എനിക്ക് ആറുവയസുള്ളപ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്. പിന്നെയും മൂന്നുവർഷങ്ങൾക്ക് ശേഷമായിരുന്നു എന്റെ രണ്ടാനച്ഛന്റെ വേഷം കെട്ടി അയാൾ ഞങ്ങടെ വീടിന്റെ അധികാരമേറ്റെടുത്തത്. ആദ്യം മുതലേ എന്നോടയാൾക്കുണ്ടായിരുന്ന അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങളുടെയൊക്കെ അർഥം തിരിച്ചറിയാൻ കാലങ്ങൾ വേണ്ടിവന്നു. അതോടെ ഞാനയാളിൽ നിന്നും അകന്നുമാറിക്കൊണ്ടേയിരുന്നു. എങ്ങനെയൊക്കെയോ ജീവിതം മുന്നോട്ട് നീങ്ങി. പതിനഞ്ചാമത്തെ വയസിൽ അമ്മയും പോയി. അതോടെ ഞാൻ വീട്ടിൽ നിൽക്കാറേയില്ലെന്നായി. തുണിക്കടകളിലൊക്കെ ജോലിക്ക് നിന്നിരുന്നത് ആ വീട്ടിൽ നിന്നുമൊരു രക്ഷപെടൽ മാത്രം മുന്നിൽകണ്ടായിരുന്നു. അങ്ങനെയിരിക്കെ ആയിരുന്നു അയാളുടെ ഒരു കൂട്ടുകാരന്റെ മകനുമായി എന്റെ വിവാഹമുറപ്പിച്ചു എന്നുപറഞ്ഞയാൾ വന്നത്. ഇരുപത്തിമൂന്നുകാരിക്ക് മുപ്പത്തിയെട്ടുകാരൻ ഭർത്താവ്. എങ്കിലും സ്വസ്ഥമായി ഒരു കൂരയ്ക്ക് കീഴിലുറങ്ങാൻ ഒരാൺതുണയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഞാനതിന് വഴങ്ങി. ഭർത്താവും അച്ഛനും അമ്മയും ആയിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ ആദ്യദിവസം രാത്രി തന്നെ ആ വീട്ടിലെ രീതികൾ കണ്ട് ഞാൻ വല്ലാതെ തകർന്നുപോയിരുന്നു. സന്ധ്യയോടെ അച്ഛനും മകനും എന്റച്ഛനെന്ന വൃത്തികെട്ടവനും ചേർന്ന് അഴിഞ്ഞാടാനുള്ള ഒരു സങ്കേതം മാത്രമായിരുന്നു ആ വീട്. എല്ലാത്തിനും സപ്പോർട്ട് ആയി അമ്മായിയമ്മയും. വിവാഹരാത്രിയിൽ മണിയറയിൽ കാത്തിരുന്ന പെണ്ണിനരികിലേക്ക് ഭർത്താവും അയാളുടെ അച്ഛനും സ്വന്തമച്ഛന്റെ സ്ഥാനത്തുള്ളവനും ഒരുമിച്ച് കടന്നുവരുന്ന അവസ്ഥ ഒരു പെണ്ണിന് ചിന്തിക്കാനെങ്കിലും കഴിയുമോ….???? പക്ഷേ അതുമനുഭവിച്ചവളാണ് ഞാൻ. രാവ്പുലരും വരെ ആ മൂന്ന് നായ്ക്കളും ചേർന്ന് എന്നിലെ പെണ്ണിനെ കടിച്ചുകുടഞ്ഞു. ഒരാഴ്ച ആ പതിവ് തുടർന്നു. ഒടുവിൽ ഒരുരാത്രിയാ വീട്ടിൽ നിന്നും രക്ഷപെട്ടിറങ്ങിയോടുമ്പോൾ എങ്ങോട്ടെന്നൊരു ധാരണയുമുണ്ടായിരുന്നില്ല.

രണ്ടുമൂന്ന് ദിവസത്തെ അലച്ചിലിനൊടുവിൽ എങ്ങനെയൊക്കെയോ ജോലി ചെയ്തിരുന്ന ആ തുണിക്കടയിൽ തന്നെ ഞാൻ ജോലിക്ക് കയറി. ജീവിതത്തിന്റെ പോക്കെങ്ങോട്ടെന്ന് പോലുമറിയാതെ ദിശയറിയാതെ തുഴഞ്ഞുതുടങ്ങിയ ആ സമയത്തായിയിരുന്നു അവകാശിയെ ഉറപ്പിക്കാൻ കഴിയാത്ത ഒരു ജീവൻ കൂടിയെന്റുള്ളിൽ തുടിച്ചുതുടങ്ങിയതറിഞ്ഞത്. കൊല്ലാൻ മനസ് വന്നില്ല. അതിന് വേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം. പ്രസവം കഴിഞ്ഞു. മോൾക്ക് മൂന്നുവയസാകും വരെ പ്രശ്നങ്ങളൊന്നുമില്ലാതെ ശാന്തമായി കടന്നുപോയി. അങ്ങനെയിരിക്കെയാണ് എന്നെത്തേടി വീണ്ടുമയാളെത്തിയത്. എന്റെ ഭർത്താവ്. ഞാൻ കാണുമ്പോൾ അരക്ക് താഴെ തളർന്ന അവസ്ഥയിലായിരുന്നു അയാൾ. കെട്ടിടം പണിക്കിടെ താഴേക്ക് വീണങ്ങനെയായതായിരുന്നു അയാൾ. ഇപ്പോൾ വീട്ടിൽ ഒറ്റയ്ക്കാണ് അമ്മ മരിച്ചിട്ട് നാള് കുറച്ചായി എല്ലാം മറന്ന് കുഞ്ഞിനേയും കൊണ്ട് ഒപ്പം ചെല്ലണമെന്നും പറഞ്ഞ് അയാൾ കരഞ്ഞപ്പോ ഒറ്റക്കെന്റെ മോളെയും കൊണ്ട് തുഴഞ്ഞുതളർന്നതിനാലാവാം ഞാൻ വീണ്ടും…. അവിടെ പറഞ്ഞത് പോലെ അയാൾ മാത്രമേയുണ്ടായിരുന്നുള്ളു. വെറുപ്പ് ഉള്ളിൽ പതഞ്ഞിരുന്നുവെങ്കിലും ഞാൻ വീണ്ടും ആ വീടിനോടിണങ്ങാൻ തുടങ്ങിയിരുന്നു. നാളുകൾ കൊഴിഞ്ഞുതീർന്നുകൊണ്ടിരുന്നു. ഒരുദിവസം ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ ഞാൻ ഭയന്നിരുന്ന രണ്ട് ചെന്നായ്ക്കളും വീട്ടിലുണ്ടായിരുന്നു. എന്റെ മോളെ മടിയിൽ വച്ച് അവളുടെ ശരീരത്തുകൂടി ഇഴയുന്നുണ്ടായിരുന്നു എന്റെ തന്തയെന്ന് പറയുന്ന ആ പിഴച്ചവന്റെ കൈകൾ. ഞാനോടിച്ചെന്ന് മോളെ വാങ്ങുമ്പോൾ എന്റെ ശരീരത്തെയും അവന്മാർ കൊത്തിവലിച്ചുകൊണ്ടിരുന്നു. പിന്നെ ആ വരവ് പതിവായിത്തുടങ്ങി. അവസരം കിട്ടുമ്പോഴൊക്കെ എനിക്കും ഇച്ചിരിയില്ലാത്ത എന്റെ കുഞ്ഞിനും നേർക്ക് അവന്മാരുടെ കണ്ണുകൾ ആർത്തിയോടെ പാഞ്ഞടുത്തു. ആദ്യമൊക്കെയുള്ള എന്റെ ചെറുത്തുനിൽപ്പിന്റെ ബലം കുറയുന്നത് ഞാനറിഞ്ഞു. അതോടെ ഭയം വീണ്ടുമെന്നിൽ കൂടുകൂട്ടി. പക്ഷേ എത്രയൊക്കെ തടയാൻ ഞാൻ ശ്രമിച്ചിട്ടും ഒരുദിവസം എന്റെ കുഞ്ഞിനേയുമാ ചെന്നായ്ക്കൾ….. പിന്നീട് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെയാണ് മോളെയും കൊണ്ട് ഞാൻ സ്നേഹതീരമെന്ന അനാഥാലയത്തിലേക്ക് പോയത്. അവിടുത്തെ സിസ്റ്റർമാരുടെ കാലുപിടിച്ച് കുഞ്ഞിനെയവരെയേൽപ്പിച്ചു. ഒരിക്കലും എന്റെ മകൾ ജീവിച്ചിരിക്കുന്നുവെന്ന സത്യം പുറത്ത് വരരുതെന്ന് ഞാനവരോടപേക്ഷിച്ചു. കാരണം പറഞ്ഞാൽ എന്റെ ലക്ഷ്യം നടക്കില്ലെന്നറിയാവുന്നത് കൊണ്ട് ഈ കഥകളൊന്നും ഞാനവരെ അറിയിച്ചില്ല. പകരം എന്റെ നിവർത്തികേട് ഞാനവരെ ബോധിപ്പിച്ചു. ഒടുവിൽ എന്റെ കുഞ്ഞിനെ ഏറ്റെടുക്കാൻ അവർ തയാറായി…. ” ” എന്തിന്….???? ” അതുവരെ ശ്വാസം വിലങ്ങിയിട്ടെന്നപോലെ ഇരുന്നിരുന്ന മീര പെട്ടന്ന് ചോദിച്ചുപോയി. “ഞാൻ ചെയ്യാനുറച്ചിരുന്ന കാര്യം ചെയ്തുകഴിയുമ്പോൾ ഞാനനുഭവിച്ചതെല്ലാം മറനീക്കി പുറത്തുവന്നേക്കാമെന്നെനിക്ക് തോന്നി. ആ നേരത്ത് എന്റെ മകളൊരിക്കലും ഒരു കൊലപാതകിയുടെ മകളെന്നൊ അല്ലെങ്കിൽ അച്ഛന്റെ സ്ഥാനത്ത് ഒന്നിലധികം പേരുള്ളവളെന്നൊ സമൂഹം ചൂണ്ടിനിർത്തപെടരുതെന്ന് ഞാൻ കരുതി. അതിലും ഭേദം അവൾക്ക് അനാഥയെന്ന മേൽവിലാസമാണെന്ന് ഞാനുറപ്പിച്ചു. അന്ന് ഒരു ശെനിയാഴ്ചയായിരുന്നു. അന്ന് രാത്രി മദ്യപിച്ച് ബോധം നശിച്ചുകിടന്ന അച്ഛനേയും അമ്മായിയച്ഛനേയും ഒരു ദാക്ഷിണ്യവും കൂടാതെ ഞാൻ കൊത്തിനുറുക്കിയൊരു മൂലയ്ക്ക് കൂട്ടി.

അപ്പോഴാണ് കട്ടിലിൽ കിടക്കുന്ന പാതി ചത്തശവവും നീതിയർഹിക്കുന്നില്ലെന്നെനിക്ക് തോന്നിയത്. അവനെയും ഞാൻ കൊത്തിനുറുക്കി. രാത്രി തന്നെ ആ ഭാഗത്ത് പട്ടികൾ കൂടാറുള്ള വേസ്റ്റ് കൂനകൂട്ടിയിരുന്ന സ്ഥലത്തേക്ക് ആ ശവങ്ങൾ ഞാൻ കൊണ്ടിട്ടു. പിറ്റേദിവസം നേരം പുലർന്നത് സ്വന്തം പിതാവിനേയും ഭർത്താവിനെയും അയാളുടെ അച്ഛനേയും പിന്നെ നൊന്തുപെറ്റ കുഞ്ഞിനേയും കൊത്തിനുറുക്കി തെരുവിലെറിഞ്ഞ പവിത്രയെന്ന ഭ്രാന്തിയുടെ കഥ പാടിക്കൊണ്ടായിരുന്നു. ഒന്നും നിഷേധിച്ചില്ല. എനിക്ക് രക്ഷപെടുകയും വേണ്ടായിരുന്നു. ഒന്ന് മാത്രമേ എനിക്ക് നിർബന്ധമുണ്ടായിരുന്നുള്ളു….. എന്റെ മകൾ ജീവിച്ചിരിക്കുന്നുവെന്ന സത്യം പുറംലോകമറിയരുതെന്ന് മാത്രം. അത് ഞാൻ സാധിച്ചു. ” വല്ലാത്തൊരുന്മാദത്തോടെ അവർ പറഞ്ഞവസാനിപ്പിക്കുമ്പോൾ വല്ലാത്തൊരുഭാവത്തിൽ ആ സ്ത്രീയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു മീര. അവളുടെ മിഴികൾ പെയ്യാൻ വെമ്പിയിരുന്നു. മാറിടങ്ങൾ വല്ലാതെ ഉയർന്നുതാഴ്ന്നിരുന്നു. അത് ശ്രദ്ധിച്ചപ്പോൾ പവിത്ര നേർമയായൊന്ന് പുഞ്ചിരിച്ചു. പിന്നെ അഴികൾക്കിടയിലൂടെ കൈ നീട്ടി അവളുടെ തോളിൽ പതിയെ ഒന്ന് തൊട്ടു. ” എന്റെ മകൾക്കിപ്പോൾ നിന്റെ പ്രായമുണ്ടാകും….. ” വർഷങ്ങൾക്ക് ശേഷം ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ മാതൃവാത്സല്യത്തോടെ അവളുടെ മുടിയിലൂടൊന്ന് തലോടിക്കൊണ്ട് അവർ പറഞ്ഞു. ” അമ്മ….. ” പെട്ടന്ന് എന്തോ നാവിൽ നിന്നുതിർന്ന ആ രണ്ടക്ഷരത്തിന് മുന്നിൽ മീരയൊന്ന് തരിച്ചുനിന്നു. പക്ഷേ പവിത്ര പുഞ്ചിരി തൂകുക തന്നെയായിരുന്നു. ” അമ്മ….. ആ വിളി കേട്ടിട്ട് വർഷം പതിനെട്ട് കഴിഞ്ഞു. കൊതിയില്ലാഞ്ഞല്ല. വേണ്ടെന്ന് വച്ചിട്ടാ. ഇപ്പോൾ ആരെന്ന് പോലുമാറിയാത്ത നിന്നിലൂടെ അത് കേൾക്കാനുള്ള ഭാഗ്യം ഈശ്വരനീ പാപിക്ക് തന്നല്ലോ. പൊക്കൊളു…. ഇനിയെന്നെ തേടി വരരുത്. പറയാൻ എന്നിൽ കഥകളൊന്നും ബാക്കിയില്ല. ” ശാന്തമായിരുന്നു അവരുടെ സ്വരം. പതിയെ നിലത്ത് കയ്യൂന്നിയെണീക്കുമ്പോൾ കുഴഞ്ഞുവീഴുമോ എന്ന് പോലും ഭയന്നുപോയിരുന്നു മീര. “എന്താ മോൾടെ പേര്….???” തിരിഞ്ഞുനടക്കാനൊരുങ്ങവേയായിരുന്നു ആ ചോദ്യം. “മീര…. സ്നേഹതീരത്തെ സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ മകൾ മീര….” പറഞ്ഞിട്ട് അവൾ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ തിരിഞ്ഞുനടക്കുമ്പോൾ ഒരേങ്ങലോടെ നിലത്തേക്ക് കുഴഞ്ഞുവീണ പവിത്രയിൽ നിന്നും ദേഹിയകന്നതവളറിഞ്ഞില്ല. “മീരാ…… ” അവസാനമായി ആ കൊരുത്തുപോയ പല്ലുകൾക്കിടയിലൂടെ അവളാ പേരുച്ഛരിച്ചു. അപ്പോഴും തുറിച്ചുതന്നെയിരുന്ന ആ മിഴികളിൽ നിന്നുമൊരു തുള്ളിയിറ്റ് നിലത്തേക്ക് വീണു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… രചന: അഭിരാമി അഭി

Long Stories

മക്കളുടെ ഉള്ള് മനസ്സിലാക്കാൻ സ്വന്തം അച്ഛനേ കഴിയുള്ളുവെന്ന് എനിക്കിപ്പോൾ മനസ്സിലായി…

Published

on

By

രചന: സജി തൈപ്പറമ്പ്.

“സുധേ .. ഞാൻ നമ്മുടെ മോന് നല്ലൊരു പേര് കണ്ട് വച്ചിട്ടുണ്ട്, ഭാര്യയെ ലേബർ റൂമിൽ നിന്ന് വാർഡിലേക്ക് കൊണ്ട് വന്നപ്പോഴാണ്, ദിനേശൻ അവളുടെ അരികിൽ കിടന്നുറങ്ങുന്ന ചോരക്കുഞ്ഞിനെ നോക്കി വാത്സല്യത്തോടെയത് പറഞ്ഞത് . ഓഹ് അതിൻ്റെയാവശ്യമില്ല, അതൊക്കെ എൻ്റെ അച്ഛൻ നേരത്തെ തീരുമാനിച്ച് വച്ചിട്ടുണ്ട്, യദുകൃഷ്ണദാസ് , അതായിരിക്കും അവന് ഇടാൻ പോകുന്ന പേര് നിർദ്ദയമായ് സുധ പറഞ്ഞത് കേട്ട് ദിനേശൻ അമ്പരന്നു. യദുകൃഷ്ണദാസോ? കൃഷ്ണദാസ് നിൻ്റെ അച്ഛൻ്റെ പേരല്ലേ? മോൻ്റെ പേരിനൊപ്പം എൻ്റെ പേരല്ലേ ചേർക്കേണ്ടത്? അയാൾ ആകാംക്ഷയോടെ ചോദിച്ചു അങ്ങനെ നിയമമൊന്നുമില്ലല്ലോ ? കൃഷ്ണദാസ് എന്ന പേരിന് ഒരു പഞ്ചൊക്കെയുണ്ട് ,അല്ലാതെ നിങ്ങടെ പേര് പോലെ പഴഞ്ചനല്ല അനിഷ്ടത്തോടെയുള്ള ഭാര്യയുടെ സംസാരം വേദനിപ്പിച്ചെങ്കിലും, പിന്നീട് ഒരു തർക്കത്തിന് അയാൾ മുതിർന്നില്ല. അല്ലെങ്കിലും പണ്ട് മുതലേ അച്ഛനായിരുന്നു അവളുടെ ഹീറോ, വിവാഹത്തിൻ്റെ പിറ്റേമാസം ഗൾഫിലേക്ക് പോയ ദിനേശൻ, പിന്നീട് തിരിച്ച് വന്നത് , ആദ്യത്തെ മോൾക്ക് രണ്ട് വയസ്സ് തികഞ്ഞപ്പോഴായിരുന്നു , അന്നും അയാൾ പറഞ്ഞ പേരായിരുന്നില്ല, ഭാര്യ മകൾക്കിട്ടത് ,അച്ഛൻ്റെ നിർദ്ദേശപ്രകാരം, ഇന്ദുലേഖ എന്നായിരുന്നു അവർ മോളെ വിളിച്ച് കൊണ്ടിരുന്നത് . ഇനി എനിക്കൊരു മോനും കൂടി വേണം, കെട്ടോ സുധേ…

അന്ന്, ഇന്ദു മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് താലോലിക്കുമ്പോഴാണ്, ഭാര്യയോട് ദിനേശൻ തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നിങ്ങളാഗ്രഹിക്കുമ്പോൾ മോനെയും മോളെയുമൊക്കെ എടുത്ത് തരാൻ ഞാനൊരു യന്ത്രമൊന്നുമല്ല ,രണ്ട് മാസത്തെ ലീവും കഴിഞ്ഞ് കാര്യവും സാധിച്ച് നിങ്ങളങ്ങ് പോകും ,അത് കഴിഞ്ഞ് ഗർഭം ചുമന്ന് നടക്കേണ്ടതും, വേദന തിന്ന് പ്രസവിക്കേണ്ടതും ഞാനല്ലേ? പിന്നെ അതിൻ്റെ കഷ്ടപ്പാട് മുഴുവൻ എൻ്റെ വീട്ടുകാർക്കും, അത് കൊണ്ട് തത്കാലം ഒരു മോള് മതി ,ഇനിയും സമയമുണ്ടല്ലോ ? നിങ്ങള് പ്രവാസമൊക്കെ മതിയാക്കി നാട്ടിൽ തിരിച്ചെത്തുമ്പോൾ അതിനെക്കുറിച്ചാലോചിക്കാം സുധ, അസന്നിഗ്ധമായി പറഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും, അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് അയാൾക്ക് തോന്നി അങ്ങനെ ലീവ് തീർന്ന്, തിരിച്ച് പോയെങ്കിലും, രണ്ടാഴ്ച കഴിഞ്ഞ് അയാൾക്കൊരു ഫോൺ കോള് വന്നു, നാട്ടിൽ നിന്ന് സുധയായിരുന്നത്.

നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ? എനിക്ക് ഉടനെയൊന്നും പ്രസവിക്കാൻ വയ്യെന്ന് ,എന്നിട്ടും നിങ്ങളെന്നെ ചതിച്ചു ,അച്ഛൻ സമ്മതിക്കാത്തത് കൊണ്ടാണ്, അല്ലെങ്കിൽ ഞാനിതിനെ ഇല്ലാതാക്കിയേനെ,,, സുധയുടെ പൊട്ടിത്തെറി കേട്ട് അയാൾ വല്ലാതായി ,അവളുടെ ബുദ്ധിമുട്ടറിഞ്ഞപ്പോൾ തൻ്റെ ആഗ്രഹത്തിനയാൾ കടിഞ്ഞാണിട്ടിരിക്കുകയായിരുന്നു, പക്ഷേ, മനുഷ്യനല്ലേ? ഒരു ദുർബ്ബല നിമിഷത്തിൽ പാതിയുറക്കത്തിൽ നിയന്ത്രണം വിട്ട് പോയി ,അതിന് അവളും കൂടി ഉത്തരവാദിയല്ലേ? അയാളത് ചിന്തിച്ച് തീരും മുൻപേ അപ്പുറത്ത് ഫോൺ കട്ട് ചെയ്തു. പിന്നെ കുറേ നാളത്തേയ്ക്ക് അയാൾ വിളിച്ചാൽ സുധ,ഫോൺ അറ്റൻ്റ് ചെയ്യാറില്ലായിരുന്നു, അച്ഛൻ കൃഷ്ണദാസായിരുന്നു അയാളോട് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്. അങ്ങനെയാണ്, ഗൾഫിലെ തൻ്റെ ജോലി ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചത് ,പക്ഷേ പെട്ടെന്ന് തന്നെ അയാൾക്ക് നാട്ടിലേക്ക് പോകാൻ കഴിയില്ലായിരുന്നു, നിലവിലെ വിസയുടെ കാലാവധി തീരാൻ പിന്നെയും എട്ട് മാസം ബാക്കിയുണ്ടായിരുന്നു അത് കൊണ്ട് സുധയുടെ രണ്ടാമത്തെ പ്രസവത്തിന് അവളെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ മാത്രമാണ്, നാട്ടിലെത്താൻ അയാൾക്ക് സാധിച്ചത്. മോനേ.. നീ പോയി ഈ ഫ്ളാസ്കിൽ കുറച്ച് കാപ്പി വാങ്ങിച്ചോണ്ട് വാ ,ബണ്ണുണ്ടെങ്കിൽ അതും വാങ്ങിച്ചോളു സുധയുടെ അമ്മയുടെ ശബ്ദം കേട്ടാണ്, ദിനേശൻ ഭൂതകാലത്തിൽ നിന്ന് തിരിച്ചെത്തിയത്. ഫ്ളാസ്കുമായി, സ്റ്റെയർകെയ്സിറങ്ങിച്ചെല്ലുമ്പോൾ, ഇടനാഴിയിലൂടെ എതിരെ നടന്ന് വരുന്ന കൃഷ്ണദാസിനെ കണ്ട ദിനേശൻ്റെ മനസ്സിൽ, അമർഷം നിറഞ്ഞു.

നീയിതെങ്ങോട്ട് പോകുന്നു ദിനേശാ ..? ഞാൻ കാപ്പി വാങ്ങാൻ ക്യാൻറീനിലോട്ട് പോകുവാ, അയാൾ നീരസത്തോടെ പറഞ്ഞിട്ട് പുറത്തേയ്ക്ക് നടന്നു. വർഷങ്ങൾ കടന്ന് പോയി. യദു കൃഷ്ണൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സുപ്രധാന തീരുമാനങ്ങളെടുത്തിരുന്നത് കൃഷ്ണദാസായിരുന്നു. മകനെ നല്ലൊരു അദ്ധ്യാപകനായി കാണാനായിരുന്നു ദിനേശൻ്റെ ആഗ്രഹം, പക്ഷേ, യദു, മുത്തച്ഛൻ്റെ നിർദ്ദേശപ്രകാരം, എൽ എൽ ബി യെടുത്ത് വക്കീലായി അച്ഛനെക്കാൾ യദുവിനിഷ്ടം മുത്തച്ഛനെയായിരുന്നു, അതിന് കാരണക്കാരി സുധ തന്നെയായിരുന്നു. എഴുപതാം വയസ്സിലും ഊർജസ്വലനായ നിൻ്റെ മുത്തച്ഛനെ കണ്ട് പഠിക്കണം ,അല്ലാതെ നീ നിർഗ്ഗുണനായ നിൻ്റെ അച്ഛനെപ്പോലെയാകരുത് നിരന്തരം കേൾക്കുന്ന അമ്മയുടെ ജല്പനങ്ങൾ, യദു സായത്തമാക്കി. ഹൈക്കോടതിയിലെ ലീഡിങ്ങ് അഡ്വക്കേറ്റായ ശിവശങ്കർ മേനോൻ്റെ കീഴിൽ, ചെറുമകന് പ്രാക്ടീസ് ചെയ്യാൻ അവസരമുണ്ടാക്കി കൊടുത്തതിലൂടെ, യദുവിൻ്റെ മനസ്സിൽ മുത്തച്ഛൻ കാണപ്പെട്ട ദൈവമായി മാറി. ഒരിക്കൽ ശിവശങ്കർ മേനോൻ്റെ ഓഫീസ് സ്റ്റാഫായ രുഗ്മിണിയുമായി യദു ,അടുപ്പത്തിലാണെന്നറിഞ്ഞ കൃഷ്ണദാസ് പൊട്ടിത്തെറിച്ചു.

പണ്ടിവിടുത്തെ പുറംപണിക്ക് നിയോഗിച്ചിരുന്ന വേലൻ്റെ ചെറുമകളാണവള് ,ഒരിക്കൽ പോലും എൻ്റെ അച്ഛനോ, ഞാനോ വേലനെ ഈ തറവാടിനകത്ത് കയറ്റിയിട്ടില്ല, അറിയാവോ ?ഇനിയൊട്ട്കയറ്റത്തുമില്ല, അത് കൊണ്ട്, എൻ്റെ യദുമോൻ ആ മോഹമങ്ങ് ഉപേക്ഷിച്ചേയ്ക്ക്,, അറുത്ത് മുറിച്ചുള്ള കൃഷ്ണദാസിൻ്റെ മറുപടി കേട്ട് പുറത്ത് കാറ് കഴുകി കൊണ്ടിരുന്ന ദിനേശൻ അകത്തേയ്ക്ക് വന്നു . അവന് ഇഷ്ടമാണെങ്കിൽ നമ്മളത് നടത്തി കൊടുക്കുന്നതല്ലേ നല്ലത് യദു അകത്തേയ്ക്ക് പോയി കഴിഞ്ഞപ്പോൾ ദിനേശൻ, കൃഷ്ണദാസിനോടാരാഞ്ഞു. അതിന് തന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ ? അമ്പാട്ടെ കൃഷ്ണദാസിൻ്റെ ചെറുമകൻ ആരെ കല്യാണം കഴിക്കണമെന്ന് ഞാൻ തീരുമാനിച്ച് കൊള്ളാം അടുത്തിരുന്ന കോളാമ്പിയിലേക്ക് കാർക്കിച്ച് തുപ്പിയിട്ട് കൃഷ്ണദാസ് എഴുന്നേറ്റു. ഒരിക്കൽ ടൗണിൽ പോയിട്ട് തിരികെ വീട്ടിലെത്തിയ ദിനേശൻ വിസിറ്റിങ് റൂമിലിരിക്കുന്നവരെ കണ്ട് അമ്പരന്നു കുന്നത്ത് തറവാട്ടിൽ നിന്ന് വന്നവരാണ് ,അവിടുത്തെ കുട്ടിയെ യദു മോന് വേണ്ടി ഞാനൊന്നാലോചിച്ചായിരുന്നു അതിന് നമ്മുടെ വീടും ചുറ്റുപാടും കാണാൻ വന്നതാണ് ദിനേശനോട് സുധയാണ് കാര്യം പറഞ്ഞത് .

എന്നിട്ട് യദു എവിടെ ? അവൻ ഇതിന് സമ്മതിച്ചോ? അയാൾ ഭാര്യയോട് ശബ്ദം താഴ്ത്തി ചോദിച്ചു. അവൻ രാവിലെ ഓഫീസിൽ പോയി, ഇതൊന്നും അവനറിഞ്ഞിട്ടില്ല ,എല്ലാം ഉറപ്പിച്ചതിന് ശേഷം അവനെ അറിയിച്ചാൽ മതിയെന്നാണ് അച്ഛൻ പറഞ്ഞത്,, അയാളെ മാറ്റിനിർത്തിയാണ് സുധ അത് പറഞ്ഞത്. അതവനോട് ചെയ്യുന്ന ചതിയല്ലേ സുധേ.., സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവന് കൊടുത്തൂടെ? നിങ്ങളവിടെ മിണ്ടാതിരിക്ക്, അവൻ്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അച്ഛനാണ് , അത് പോലെ ഇതും അച്ഛൻ തന്നെ തീരുമാനിച്ച് കൊള്ളും,, അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ട്, സുധ അകത്തേയ്ക്ക് പോയി. ദിവസങ്ങൾക്ക് ശേഷം യദുവിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ദിനേശൻ നടുത്തളത്തിലേക്ക് ചെല്ലുന്നത്. യദൂ… ,ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് , നിന്നെ വളർത്തിയതും, പഠിപ്പിച്ചതും നല്ലൊരു വക്കീലിൻ്റെ കീഴിൽ പ്രാക്ടീസിനയച്ചതും ഞാനാണെങ്കിൽ, നീയാരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നതും, ഈ അമ്പാട്ടെ കൃഷ്ണദാസ് തന്നെയായിരിക്കും, എന്നെ ധിക്കരിച്ച്, ആ പെഴച്ചവളെ കല്യാണം കഴിക്കാനാണ് നിൻ്റെ തീരുമാനമെങ്കിൽ, ഇനി മുതൽ നിൻ്റെ സ്ഥാനം ഈ പടിക്ക് പുറത്തായിരിക്കും ഓർത്തോളു … കൃഷ്ണദാസ് ക്ഷോഭത്തോടെ പറഞ്ഞത് കേട്ട്, നിസ്സഹായനായി നില്ക്കുന്ന മകനെ കണ്ടപ്പോൾ ദിനേശന് സങ്കടം തോന്നി.

ഇഷ്ടമില്ലാത്ത വിവാഹത്തിന് എന്തിനാണവനെ നിർബന്ധിക്കുന്നത്? ദിനേശൻ ധൈര്യം സംഭരിച്ച് കൃഷ്ണദാസിനോട് ചോദിച്ചു അവൻ്റെ ഇഷ്ടാനിഷ്ടങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് അവൻ ഞാൻ പറയുന്നതേ അനുസരിക്കു ,ദിനേശൻ ഇതിൽ തലയിടേണ്ട, ‘ ഞാനവൻ്റെ അച്ഛനാണ് എനിക്കുമുണ്ട് അവൻ്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഹ ഹ ഹ അച്ഛനോ? അത് ഞങ്ങൾക്കും കൂടി തോന്നണ്ടേ? മക്കളെ ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛനാകില്ല ,അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛൻ്റെ സാന്നിദ്ധ്യമുണ്ടാവണം , മക്കളോട് കരുതലും സ്നേഹവുമൊക്കെയുണ്ടാവണം ഇതൊക്കെ ദിനേശൻ എപ്പാഴെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ? അയാൾ പുശ്ചത്തോടെ ദിനേശനെ നോക്കി. എനിക്കതിനുള്ള അവസരം നിങ്ങൾ തന്നിട്ടുണ്ടോ ? ഓഹ് തന്നിരുന്നെങ്കിൽ താനങ്ങ് മല മറിച്ചേനെ? ചുമ്മാ ബഡായി പറയാതെ അപ്പുറത്തെങ്ങാനും പോയിരിക്ക്, ഞാൻ ബഡായി പറയുവല്ല, എൻ്റെ മകൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനവൻ്റെ ഇഷ്ടം മാത്രമേ നോക്കുകയുള്ളു, അല്ലാതെ തറവാടിത്തവും പറഞ്ഞിരിക്കില്ലായിരുന്നു , അത്രയും പറഞ്ഞ് ദിനേശൻ പുറത്തേയ്ക്കിറങ്ങിപ്പോയി. തെക്കേപറമ്പിലെ കുളപ്പടവിലിരുന്ന് തെളിഞ്ഞ വെള്ളത്തിലൂടെ നീങ്ങുന്ന പരൽ മീനുകളെ നോക്കിയിരിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു സ്വന്തം മകൻ്റെ വിവാഹകാര്യത്തിൽപ്പോലും തനിക്ക് നിസ്സംഗനായി നില്ക്കേണ്ടി വരുന്നതോർത്തിട്ട് അയാൾക്ക് സ്വയം അവജ്ഞതോന്നി.

പിന്നിൽ കാലടി ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞ് നോക്കുമ്പോൾ സങ്കടം തിങ്ങിയ മുഖവുമായി നില്ക്കുന്ന യദുവിനെയാണ് കണ്ടത് എന്നോട് ക്ഷമിക്കൂ അച്ഛാ… യദുകൃഷ്ണൻ ,അച്ഛൻ്റെ അരികിലിരുന്ന് അയാളുടെ തോളിൽ കൈയ്യിട്ട് കൊണ്ട് ക്ഷമ ചോദിച്ചു. അതിന് മോൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ? നീയും നിൻ്റെ അമ്മയും മുത്തച്ഛനെ ആവശ്യത്തിലധികം ആശ്രയിച്ചു അതിൽ അച്ഛനും തെറ്റുകാരനാണ് വിദേശത്ത് ജോലി ആയിരുന്നത് കൊണ്ട് നിങ്ങളുടെ നല്ല പ്രായത്തിൽ അച്ഛന് നിങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കാൻ പറ്റിയില്ല ,അത് കൊണ്ട് തന്നെ മുത്തച്ഛനെ വെല്ലുവിളിച്ച് നിങ്ങളെ എൻ്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ അച്ഛന് ധൈര്യമില്ല, കാരണം അച്ഛനോട് നിങ്ങൾ നോ പറഞ്ഞാൽ ഞാൻ തോറ്റ് പോകും മോനേ … ഇല്ലച്ഛാ… അച്ഛൻ തോല്ക്കില്ല, അച്ഛൻ കരുതുന്നത് പോലെ മുത്തച്ഛനോട് ഞങ്ങൾക്കുള്ളത് സ്നേഹമല്ല, ഭയം കൊണ്ടുള്ള വിധേയത്വം മാത്രമാണ്, മക്കളുടെ ഉള്ള് മനസ്സിലാക്കാൻ സ്വന്തം അച്ഛനേ കഴിയുള്ളുവെന്ന് എനിക്കിപ്പോൾ മനസ്സിലായി ,നമുക്കിവിടുന്ന് അച്ഛൻ്റെ വീട്ടിലേയ്ക്ക് പോകാമച്ഛാ… ചെറുതാണെങ്കിലും ആ വീട്ടിൽ എനിക്കും അമ്മയ്ക്കുമൊക്കെ സ്വതന്ത്രമായി കഴിയാമല്ലോ ?അവിടെ അച്ഛനായിരിക്കും ഞങ്ങളുടെ ഹീറോ ,,, പക്ഷേ, അമ്മ വരുമെന്ന് തോന്നുന്നില്ല മോനേ… വരുമച്ഛാ … അമ്മയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് ങ്ഹേ,,സത്യമാണോ മോനേ .. വിശ്വാസം വരാതെ മകൻ്റെ മുഖത്തേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോഴാണ് , കുറച്ചകലെ മട്ടുപ്പാവിൽ നിന്ന് കൊണ്ട്, തന്നെ നോക്കി ചിരിതൂവുന്ന സുധാമണിയെ അയാൾ കണ്ടത്. ശുഭം,

Continue Reading

Long Stories

മേഘ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…

Published

on

By

രചന: Aravind Swaminathan

🥀 സ്നേഹാർദ്രം 🥀 ”

മേഘ ടീച്ചർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ” ഉച്ചയൂണ് കഴിഞ്ഞുള്ള നേരത്തു ആണ് ഷാഫി സാർ തമാശ പോലെ ആ ചോദ്യം ചോദിക്കുന്നത്.. “അതെന്താ സാർ അങ്ങനെ ഒരു ചോദ്യം ഇപ്പോൾ..?” മേഘ ടീച്ചർ സംശയത്തോടെ ചോദിച്ചു.. “അല്ല ഞാൻ തന്നെ എത്ര വിവാഹ ആലോചന കൊണ്ട് വന്നു എന്നിട്ട് ടീച്ചർ അനുകൂലമായ മറുപടി ഒന്നും പറഞ്ഞു ഇല്ലല്ലോ? അപ്പോൾ ഒരു സംശയം..അങ്ങനെ ആരെങ്കിലും മനസ്സിൽ ഉണ്ടോ ടീച്ചറെ?സംശയം നേരിട്ട് അങ്ങ് തീർക്കാമെന്ന് വച്ചു.” ഷാഫി സാർ പാതി തമാശ ആയും പാതി കാര്യം ആയും ആണ് ചോദിച്ചത്. “എയ് അങ്ങനെ ഒന്നും ഇല്ല സാറെ..” ചിരിച്ചു കൊണ്ട് മേഘ ടീച്ചർ നിഷേധ അർത്ഥത്തിൽ തലയാട്ടി.. പക്ഷെ ഷാഫി സാറിന്ന് അത് അത്രേ വിശ്വാസം ആയില്ല.എങ്കിലും വിശ്വസിച്ച മട്ടിൽ എണീറ്റ് നടക്കുമ്പോൾ ആണ് ടീച്ചറുടെ വക മറു ചോദ്യം “അല്ല സാർ ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ?” “ആരെ അല്ല കുറെ ഉണ്ട് എനിക്ക് തന്നെ ഓർമ ഇല്ല എന്റെ ടീച്ചറെ ” ഉറക്കെ ചിരിച്ചു കൊണ്ട് യാതൊരു കൂസലുമില്ലാതെ ഷാഫി സാർ അത് പറഞ്ഞു പുറത്തേക്ക് പോകുമ്പോൾ അവിടെ ഇരുന്ന ബാക്കി അധ്യാപകരും ആ മറുപടി കേട്ട് ചിരിച്ചു പോയി..

🥀🥀🥀🥀🥀🥀🥀🥀 അപ്പോളും മേഘ ആ ചോദ്യത്തിൽ കുടുങ്ങി കിടപ്പ് ആയിരുന്നു. താൻ ആരെയും ഇത് വരെ പ്രണയിച്ചിട്ടില്ലേ?ആലോചനയ്ക്ക് ഒടുവിൽ ആ മുഖം മനസിലേക്ക് വന്നു..താൻ ഡിഗ്രിക്ക് പഠിക്കാൻ പോകുന്ന ആദ്യ ദിവസം വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിന്റെ എതിർ വശമുള്ള ഓട്ടോ സ്റ്റാൻഡിൽ ആയിരുന്നു അയാളെ ആദ്യമായി കണ്ടത്. അത്യാവശ്യം നല്ല ഉയരം ഉള്ള ഇരുനിറം ഉള്ള ഒരു ഓട്ടോക്കാരൻ. അയാളുടെ ചിരി നല്ല ഭംഗി ആയിരുന്നു കാണാൻ.. മഹാദേവൻ അതായിരുന്നു ആ ഓട്ടോയുടെ പേര്. പക്ഷെ ഓട്ടോക്കാരന്റെ പേര് മാത്രം തനിക്കു അറിയില്ലായിരുന്നു.എന്നും കാണുന്ന ആയതു കൊണ്ടാകാം ഇടയ്ക്ക് അയാൾ ഒരു ചിരി സമ്മാനിച്ചു തുടങ്ങി.തിരിച്ചു താനും. ഒരു ദിവസം പെട്ടെന്ന് പ്രൈവറ്റ് ബസ് സ്ട്രൈക്ക് വന്നു. കോളേജിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ ആണ് അറിയുന്നത്. വീട്ടിലോട്ടു പ്രൈവറ്റ് ബസ് സർവീസ് മാത്രം ഉള്ളു. അവസാനം കൂട്ടുകാർക്കൊപ്പം നടന്നു പോകാൻ തന്നെ തീരുമാനിച്ചു.നല്ല ദൂരമുണ്ട്.

കുറെ നടന്നപ്പോൾ കാലു കഴച്ചു തുടങ്ങി. വഴിയിൽ കണ്ട ഒരു മരച്ചുവട്ടിൽ ഞങ്ങൾ ഇരിക്കുമ്പോൾ ആണ് ഒരു ഓട്ടോ വരുന്നത് കണ്ടത്. മായ നടന്നു അതിന് കൈ കാണിച്ചു. ഭാഗ്യം ഓട്ടോ കാലിയാണ്. കയറാൻ നേരമാണ് അതിലെ ഡ്രൈവറെ കാണുന്നത്. ഒരു ചിരി പരസ്പരം നൽകി. സംസാരം ഒന്നും ഉണ്ടായില്ല.ഇടയ്ക്ക് ഓരോരുത്തരും ആയി ഇറങ്ങി. അവസാനം ഞാനും അയാളും മാത്രം ആയി..അപ്പോൾ ആണ് പേരെങ്കിലും ഒന്ന് ചോദിക്കണം എന്ന് കരുതിയത്.. മടിച്ചു ആണേലും താൻ ചോദിച്ചു “പേരെന്താ?” “ഏഹ്?” അയാൾ കേട്ടില്ല എന്ന് തോന്നുന്നു “പേരെന്താ എന്ന്?” കുറച്ചു കൂടി ഉറക്ക ആണ് ഇത്തവണ ചോദിച്ചത് “ശിവൻ.. തന്റെയോ?” “മേഘ..” “സെന്റ് സ്റ്റീഫനിൽ ആണല്ലേ പഠിക്കുന്നെ?” “അതെ എങ്ങനെ മനസിലായി?” “എയ് നിങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള സംസാരത്തിന്റ ഇടയ്ക്ക് കേട്ടതാ ഇപ്പോൾ..” “ഓഹ്..” “താൻ ശാരദ ടീച്ചറുടെ മോൾ അല്ലേ? ടീച്ചർ എന്നെ പഠിപ്പിച്ചത് ആണ്.” “അതെയോ.. അമ്മയോട് ഞാൻ ചോദിക്കാം.. അവിടെ അടുത്ത് ആണോ വീട്?’ “അതെ.. ചോദിക്കേണ്ട ടീച്ചർ മറന്നു പോയിട്ടുണ്ടാകും.അങ്ങനെ ഓർത്തു ഇരിക്കാൻ പാകത്തിന് നല്ലത് ഒന്നും ഉണ്ടായിട്ടില്ല” അത് പറയുമ്പോൾ ശിവന്റെ ശബ്ദം ഇടറിയത് പോലെ മേഘയ്ക്ക് തോന്നി.

പിന്നെ വീട് വരെയും സംസാരം ഒന്നും ഉണ്ടായില്ല..വീടെത്തിയതും താൻ ഇറങ്ങുമ്പോൾ ആണ് അമ്മ മുന്നിലേക്ക് ഇറങ്ങി വന്നത്.. അമ്മയെ കണ്ടതും ശിവേട്ടൻ പെട്ടെന്ന് പോകാൻ ധൃതി കാട്ടും പോലെ തോന്നി. അത് കണ്ടിട്ട് തന്നെ അമ്മയോട് ഞാൻ ചോദിച്ചു “അമ്മയ്ക്ക് ഈ ചേട്ടനെ അറിയാമോ?”അത്‌ കേട്ടതും ശിവേട്ടൻ എന്നെ ദഹിപ്പിക്കും വിധം ഒരു നോട്ടം ആയിരുന്നു. ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു. അമ്മ അപ്പോളേക്കും അടുത്തേക്ക് വന്നു കണ്ണട നേരെ ആക്കി ശിവേട്ടനെ നോക്കി.. “എന്റെ ശിവ നീയോ?” എന്ന് പറഞ്ഞു ശിവേട്ടനെ ഒരു കെട്ടിപിടിത്തം ആയിരുന്നു അമ്മ..ശിവേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ അപ്പോൾ കണ്ടു..അമ്മയുടെ എന്റെ ശിവ എന്നുള്ള ആ വിളി മാത്രം മതി ആയിരുന്നു അമ്മയ്ക്ക് എത്ര പ്രിയപ്പെട്ടവൻ ആണ് ശിവേട്ടൻ എന്ന് മനസിലാക്കാൻ..അവരുടെ സംസാരം മുറിയാതെ ഇരിക്കാൻ ഞാൻ അകത്തേക്ക് പോയി. കുളിച്ചു തിരിച്ചു വരുമ്പോൾ ശിവേട്ടൻ അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ അമ്മ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അടുക്കളയിൽ ചായ ഇടുന്നുണ്ടായിരുന്നു. “എന്താ അമ്മേ ഇത്രയും ആലോചിക്കാൻ മാത്രം..” അമ്മയുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.. “ഞാൻ അവനെ ഓർക്കുക ആയിരുന്നു ശിവനെ. എന്റെ സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയിരുന്നു അവൻ. അവന്റെ അമ്മയും അച്ഛനും അനിയത്തിയും അടങ്ങിയ കൊച്ചു കുടുംബം ആയിരുന്നു അവരുടേത്.

നല്ല സന്തോഷം ആയി പോകുന്ന സമയം ആണ് അവന്റെ അച്ഛൻ ചെറിയ രീതിയിൽ മദ്യപാനം തുടങ്ങിയത്. ആദ്യം ഒന്നും പ്രശ്നം ഒന്നും ഇല്ലായിരുന്നു പിന്നെ പിന്നെ അയാൾ അതിനു അടിമ പെട്ടു പോയി. മക്കളേയും ഭാര്യയെയും ഉപദ്രവിക്കാൻ തുടങ്ങി. ജോലിക്ക് പോകാതെ കടം വാങ്ങി എല്ലാം നശിപ്പിച്ചു അയാൾ കുടിച്ചു കൊണ്ടേ ഇരുന്നു.അവന്റെ അമ്മയ്ക്കോ വീട്ടുകാർക്കോ ഒന്നും അയാളെ തടയാൻ കഴിഞ്ഞു ഇല്ല.അവന്റെ അമ്മ നളിനി ഒരു സാധാരണ സ്ത്രീ ആയിരുന്നു അധികം വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നു. അവരുടെ ലോകം തന്നെ ആ മക്കളും അയാളും ആയിരുന്നു. ഒരു ദിവസം കുടിച്ചിട്ട് വന്നു അയാൾ സ്വന്തം മകളെ ഉപദ്രവിക്കാൻ നോക്കുന്നതു ആണ് നളിനി കാണുന്നത്. അവർക്ക് അത് സഹിക്കാൻ കഴിഞ്ഞു ഇല്ല. അവിടെ ഉണ്ടായിരുന്ന വെട്ടുകത്തി വച്ചു അയാളെ അവർ ആഞ്ഞു ആഞ്ഞു വെട്ടി. അയാളെ കൊന്ന് ആ ചോര പുരണ്ട വെട്ടുകത്തിയും ഒരു കയ്യിൽ തന്റെ മകളെയും പിടിച്ചു കൊണ്ട് നളിനി പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. ആ കാഴ്ച കണ്ടു നിന്നവരുടെ കരളലിയിക്കുന്നതു ആയിരുന്നു. സ്കൂളിൽ നിന്ന് ശിവനെ വിവരം അറിഞ്ഞു കൂട്ടി കൊണ്ട് പോയത് ഞാനും അമല ടീച്ചറും ആയിരുന്നു.

ഒരു പന്ത്രണ്ടു വയസുകാരനെ തകർക്കാൻ മാത്രം ഉള്ളത് ഒക്കെ അന്ന് ഒറ്റ ദിവസം കൊണ്ട് അവന്റെ ജീവിതത്തിൽ നടന്നു. കുറച്ചു ദിവസം കൂടി അവനും പെങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിന്നെ അവന്റെ അമ്മയുടെ അച്ഛൻ അവരെ ഈ നാട്ടിൽ നിന്ന് തന്നെ കൊണ്ട് പോയിരുന്നു. പിന്നെ കുറെ തിരക്കി നോക്കി ഒരറിവും ഉണ്ടായില്ല.. പിന്നെ ഇന്നാണ് കാണുന്നത്.. അവൻ ഇവിടെ ഇത്രയും അടുത്ത് ഉണ്ടായിട്ടും ഞാൻ കണ്ടില്ലല്ലോ. വരാഞ്ഞത് ആണത്രേ എന്റെ മുന്നിൽ മൂന്നു വർഷം ആയത്രേ ഇവിടെ തിരിച്ചു വന്നിട്ട്. അമ്മയും അനിയത്തിയും ഒപ്പമുണ്ട്. അമ്മയുടെ ശിക്ഷയിൽ ഇളവ് കിട്ടിയിരുന്നു എന്ന്. ഇവിടേക്ക് തന്നെ വരണം എന്നത് അവന്റെ വാശി ആയിരുന്നു എന്ന്.. പഠിത്തം ഒക്കെ പാതി വഴിക്ക് നഷ്ടം ആയി എന്ന് ജീവിതം കൂട്ടി മുട്ടിക്കുന്നതിന്റെ ഇടയ്ക്ക്.പക്ഷെ അനിയത്തിയെ അവൻ പഠിപ്പിച്ചു ഇപ്പോൾ മെഡിസിന് രണ്ടാം വർഷം ആണത്രേ.. “ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ആണ് അമ്മ പറഞ്ഞു നിർത്തിയത്..ഞാൻ അമ്മ പകർന്ന ചായയും ആയി മുന്നിലേക്ക് വന്നു അമ്മ പറഞ്ഞത് ഓരോന്നും ഓർത്തു പോയി..എവിടെ ഒക്കെയോ ശിവേട്ടനോട് ഒരു ബഹുമാനം തോന്നി പോയി..

പിറ്റേന്ന് ധൃതി വച്ചു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആ മനുഷ്യനെ കാണാൻ മനസ് തിടുക്കം കാട്ടി.പതിവ് പോലെ പരസ്പരമുള്ള ചിരിയിൽ ആ ധൃതി കഴിഞ്ഞു. പിന്നെ വല്ലപ്പോഴും വീട്ടിൽ വരാൻ തുടങ്ങി ശിവേട്ടൻ വന്നാൽ തന്നെ അമ്മയോട് മാത്രം സംസാരം ഉള്ളു തന്നോട് പതിവ് ചിരി മാത്രം.. അങ്ങനെ തന്റെ ഡിഗ്രി പഠനം കഴിഞ്ഞു BEd ചെയ്യാൻ കോട്ടയത്തേക്ക് പോകേണ്ടി വന്നു. ദൂരം ആയതു കൊണ്ട് അമ്മയും ഒപ്പം പോരേണ്ടി വന്നു വീട് അടച്ചു ഇട്ടിട്ട്. അന്നാണ് അവസാനമായി ശിവേട്ടനെ കാണുന്നത്..അവിടുന്ന് ബസിൽ കയറുമ്പോൾ പതിവ് ചിരിയോടെ കൈ വീശി യാത്ര പറയുന്ന ശിവേട്ടൻ അതായിരുന്നു അവസാന കാഴ്ച. അമ്മയുടെ നമ്പർ ശിവേട്ടന് നൽകിയിട്ടു ആയിരുന്നു അന്ന് യാത്ര പറഞ്ഞത്. പക്ഷെ ഒരിക്കൽ പോലും ശിവേട്ടൻ അമ്മയെ വിളിച്ചു ഇല്ല. നമ്മളെ മറന്നു പോയി കാണുമോ അവൻ എന്ന് അമ്മ എപ്പോളും പരിതപിക്കുന്നത് കേൾകാം ആയിരുന്നു.വല്ലാത്ത ദേഷ്യം തോന്നി ശിവേട്ടനോട് അത്രയും അടുപ്പം മാത്രം ആ മനുഷ്യന് ഞങ്ങളോട് ഉണ്ടായിരുന്നുള്ളു എന്ന് ഞങ്ങൾ കരുതി.പഠിത്തം കഴിഞ്ഞു നാട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ ഇത്രയും നാള് കാണാത്ത ആ മനുഷ്യനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം ആയിരുന്നു.

പക്ഷെ ബസ് ഇറങ്ങുമ്പോൾ അവിടെ ശിവേട്ടൻ ഉണ്ടായിരുന്നില്ല.. വെപ്രാളത്തിൽ അവിടെ ഉള്ള മറ്റു ഓട്ടോ ചേട്ടന്മാരോട് തിരക്കിയപ്പോൾ അവർ ഇവിടെ നിന്ന് വിറ്റ് പെറുക്കി പോയി എന്ന് മാത്രം അറിഞ്ഞു.. ആർക്കും ഒരു വിവരവും ഇല്ല ആളിനെ പറ്റി. അന്ന് കുറെ കരഞ്ഞു. എന്തിനാണെന്ന് അറിയാതെ. ദേഷ്യം ആയിരുന്നു പറയാതെ പോയതിൽ. ആ രാത്രി ആണ് തനിക്ക് മനസിലായത് ആ ശിവേട്ടന്റെ ആ പുഞ്ചിരിക്കു തന്റെ ഹൃദയത്തെ പറിച്ചു എടുക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു എന്ന്..ശിവേട്ടന് അതിന് പ്രണയം ആയിരുന്നോ? അറിയില്ല.. പക്ഷെ തനിക്ക് അങ്ങനെ ആയിരുന്നു..തനിക്കു മാത്രം പ്രിയപ്പെട്ട ആ ചിരി.. കുറച്ചു നാൾ ആ ഓർമയിൽ ആയിരുന്നു താൻ സന്തോഷം കണ്ടെത്തിയത് പിന്നെ പിന്നെ എവിടെ എന്ന് പോലും എങ്ങനെ എന്ന് പോലും അറിയാത്ത ഒരാളുടെ ചിരി സ്വയം മറവിയിലേക്ക് തള്ളിയിട്ടു. പിന്നെ ഇന്ന് ഷാഫി സാർ പറയുമ്പോൾ ആണ് വീണ്ടും ഓർത്തു എടുത്തത്..

🥀🥀🥀🥀🥀🥀🥀 വൈകിട്ടു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ എന്തിനെന്നു അറിയാത്ത ഒരു ദേഷ്യം മേഘയ്ക്ക് ഉണ്ടായി.തനിക്ക് വേണ്ടി വിവാഹം ആലോചിക്കാൻ ഇനി ആരെയും ഏല്പിക്കേണ്ടന്നും തനിക്കു തോന്നുമ്പോൾ കെട്ടിക്കോളാം എന്നുമൊക്കെ ശാരദ ടീച്ചറോട് അവൾ തട്ടിക്കയറി കൊണ്ടേ ഇരുന്നു.അതിന് അവർ വെറുതെ ചിരിച്ചു കൊടുത്തു.അവർ അവളെ ഒരിക്കലും വിവാഹത്തിന് നിർബന്ധിച്ചു ഇരുന്നില്ല എന്ന് അവൾക്ക് അറിയാം പക്ഷെ അമ്മയോട് ആരെങ്കിലും ചോദിച്ച “ആലോചിച്ചോളു പക്ഷെ തീരുമാനം അവളുടെ മാത്രം ആണ് ” എന്നൊരു മറുപടിയെ അമ്മ കൊടുക്കുള്ളു അല്ലാതെ അറുത്തു മുറിച്ചു ” വേണ്ട ” എന്ന് പറയാറില്ല..തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് പോലും അമ്മ ഇതുവരെ ചോദിച്ചിട്ടില്ല. കാരണം അമ്മയെയും തന്നെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം പോയ അച്ഛനെ പറ്റി ഓർക്കുമ്പോൾ വിവാഹം എന്ന ഏർപ്പാട് തന്നെ വെറുത്തു പോയ ഒരാൾ ആണ് അമ്മ എന്ന് അമ്മയുടെ സംസാരത്തിൽ പലപ്പോഴും തോന്നിയിട്ടുണ്ട്.. പിറ്റേന്ന് ശനിയാഴ്ച ആയതു കൊണ്ട് സ്കൂളിൽ പോകേണ്ട. രാവിലെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോകാം എന്ന് കരുതി മേഘ. വീടിന്റെ അവിടുന്ന് കുറച്ചു നടക്കണം. ശിവേട്ടന്റെ വീടിന്റെ മുന്നിൽ കൂടിയാണ് പോകേണ്ടത്. കഴിഞ്ഞ അഞ്ചു വർഷം ആയി അത് വഴി പോകുമ്പോൾ ഒരു പ്രതീക്ഷ ആണ് അവിടെ ആ വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന്. പക്ഷെ വിറ്റ് പോയ വീട്ടിലേക്ക് ഇത് വരെ പുതിയ താമസക്കാർ ആരും എത്തിയിരുന്നില്ല ഇത്രയും കാലമായി. നടന്നു ആ വീടിന്റെ അവിടെ എത്തിയപ്പോൾ നെഞ്ചിൽ എന്നത്തേയും പോലെ ഒരു വേദന വന്നു നിറഞ്ഞു മേഘയിൽ.അവിടേക്ക് കണ്ണുകൾ വെറുതെ പായിച്ചു നോക്കി.

ഇല്ല ആരും തന്നെ ഇല്ല..! കണ്ണുകൾ നിറഞ്ഞു വന്നതു തുടച്ചു കൊണ്ട് തന്നെ അവൾ അമ്പലത്തിലേക്ക് നടന്നു.. അമ്പലമുറ്റത്തുള്ള ആലിന്റെ ചോട്ടിൽ ചെരുപ്പ് അഴിച്ചു വച്ചു കുളത്തിന്റെ അവിടേക്ക് കയ്യും കാലും കഴുകാൻ ആയി തിരിയുമ്പോൾ ആണ് ഒരു ഓട്ടോയുടെ ശബ്ദം മേഘയുടെ കാതിൽ പതിച്ചത്. പെട്ടെന്ന് വെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞു ഇല്ല.. മഹാദേവൻ..!! ശിവേട്ടന്റെ അതെ ഓട്ടോ..മുന്നിൽ കണ്ടത് സത്യമോ മിഥ്യയോ എന്ന് അറിയാൻ വയ്യാതെ നിൽകുമ്പോൾ തന്റെ മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്ന് ശിവേട്ടൻ ഇറങ്ങി വന്നു.. അതെ സത്യം തന്നെ ആണ്.. തന്നെ നോക്കി കയ്യും കെട്ടി അതെ പുഞ്ചിരിയോടെ നിൽക്കുന്ന ശിവേട്ടനെ കണ്ടപ്പോൾ പെട്ടെന്ന് എവിടെ നിന്നോ ദേഷ്യം വന്നു നിറഞ്ഞു മേഘയ്ക്ക്.. ശിവനിൽ നിന്ന് കണ്ണെടുത്തു കുളത്തിലേക്കും അവിടെ നിന്ന് അമ്പലത്തിനകത്തെക്കും കടക്കുമ്പോൾ മേഘ മനഃപൂർവം ശിവന്റെ സാമീപ്യം ഒഴിവാക്കി.. എന്നാൽ ശിവൻ പുറത്തു ആൽ തറയിൽ അവളെയും കാത്തു തന്നെ നിന്നു..തൊഴുതു ഇറങ്ങിയ മേഘ ആലിന്റെ അടുത് ഊരി ഇട്ട ചെരുപ്പ് എടുക്കാൻ ആയി അവിടെ നിന്ന്.. “ഡോ എന്തിനാ ഇത്രയും ഗൗരവം.. ഒന്ന് ചിരിക്കടോ?” തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നു പോകാൻ തുടങ്ങിയ മേഘയോട് ആയി ശിവൻ പറഞ്ഞു.

“ആരാണ്? മനസിലായില്ല? ചിരിക്കാൻ മാത്രം എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്?” മേഘ വിട്ട് കൊടുക്കാൻ തയ്യാറായില്ല. “പറയാതെ പോയതിൽ ഉള്ള ദേഷ്യം ആണെന്ന് എനിക്ക് അറിയാം. പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നു..” ശിവൻ പറയാൻ ശ്രെമിച്ചു.. “ഞാൻ ഒന്നും ചോദിച്ചു ഇല്ലല്ലോ ഉവ്വോ? പിന്നെ ഇങ്ങനെ പറയാൻ മാത്രം ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ല. പരസ്പരം നൽകുന്ന ഒരു ചിരി അല്ലാതെ.. സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു. ഞാൻ പോകുകയാണ്.അമ്മയോട് കണ്ടിരുന്നു എന്ന് പറയാം. ആ പാവം നിങ്ങൾ മറന്നു പോയി എന്ന് പറഞ്ഞു പരിതപിക്കാറുണ്ട് ഇടയ്ക്ക്..” അത്രയും പറഞ്ഞു മേഘ ശിവനെ മറികടന്നു നടന്നു തുടങ്ങി.. “അമ്മയ്ക്ക് കാൻസറിന്റെ ഫസ്റ്റ് സ്റ്റേജ് ആയിരുന്നു.. നടന്നു കയറി തുടങ്ങിയ ജീവിതം വീണ്ടും കൈ വിട്ട് തുടങ്ങുന്നു എന്ന് മനസിലായപ്പോൾ എന്ത് ചെയ്യണം എന്നൊന്നും അറിയാത്ത അവസ്ഥ ആയിരുന്നു.. ” ശിവൻ പറഞ്ഞത് കേട്ട് മേഘ അവിടെ സ്തംഭിച്ചു നിന്ന് പോയി..അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് കൊണ്ട് പറഞ്ഞു.. “അതേടോ.നിങ്ങൾ പോയ ശേഷം അത്രയും നല്ല അവസ്ഥ ഒന്നും അല്ലായിരുന്നു.അമ്മയുടെ രോഗവസ്ഥ അനിയത്തിയുടെ പഠിത്തം എല്ലാം എന്താകും എന്ന് ഓർത്തു വിഷമിച്ച സമയം.

ഈ ഓട്ടോ മാത്രം ഓടിച്ചു കിട്ടുന്ന പണം കൊണ്ട് എന്ത് ആകാൻ ആണ്.അങ്ങനെ ആണ് ആകെയുള്ള ഈ വീടും വസ്തുവും വിറ്റ് പോകുന്നത്. കിട്ടിയത് വച്ചു അമ്മയുടെ ചികിത്സ നടത്തി..അമ്മയെ ഞങ്ങൾക്ക് തിരികെ കിട്ടി അവളുടെ പഠിപ്പ് മുടക്കരുത് എന്നുണ്ടായിരുന്നു കുറച്ചു ഏറെ കടം ഒക്കെ എടുത്തു അതും നടത്തി കൊണ്ട് പോയി. പിന്നെ ഇവനെ അങ്ങ് വിൽക്കുക കൂടി ചെയ്തു.. പിന്നെ കൂലിപ്പണിക്ക് ഇറങ്ങി. ആരുടേയും കയ്യിൽ കൈ നീട്ടരുത് എന്നുണ്ടായിരുന്നു പക്ഷെ അവസ്ഥ സമ്മതിക്കില്ലല്ലോ. ടീച്ചറെ വിളിക്കാഞ്ഞത് അതാണ് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കും എന്ന് എനിക്ക് അറിയാം.അതാണ് ഞാൻ..” ശിവൻ പറഞ്ഞു ഒപ്പിച്ചു “ശിവേട്ട ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ.. ഇങ്ങനെ ആണോ ഏട്ടൻ ഞങ്ങളെ കരുതിയത്.”മേഘ വിഷമത്തോടെ ചോദിച്ചു “ബന്ധങ്ങളുടെ ആഴം എനിക്ക് അറിയാടോ.. പക്ഷെ അത് അങ്ങനെ തന്നെ നിൽക്കണം എന്ന് തോന്നി. പിന്നെ ടീച്ചറോട് എനിക്ക്‌ ഒരു കടപ്പാട് ഉണ്ട്..” ശിവൻ പറഞ്ഞപ്പോൾ എന്ത് എന്നർത്ഥത്തിൽ മേഘ ചോദിച്ചു.. “അന്ന് ഇവിടുന്ന് പോകുമ്പോൾ ടീച്ചർ എന്നോട് വീണ്ടും പഠിക്കുന്നതിനെ പറ്റി പറഞ്ഞിരുന്നു. ഓട്ടപ്പാച്ചിലിൽ എവിടെ അതിനു സമയം എന്ന് കരുതി അതും പത്തു ജയിച്ചു കഴിഞ്ഞു പഠിത്തം നിർത്തിയ എനിക്ക്. അങ്ങനെ ഇരിക്കുമ്പോൾ ആണ് പി എസ് സി LD വിളിക്കുന്നതു. സൈറ്റിൽ രജിസ്റ്റർ ചെയ്തു അപ്ലിക്കേഷൻ അയച്ചു. പിന്നെ രണ്ടായാലും ഒരു കൈ നോക്കാം എന്ന് തന്നെ വച്ചു.

ജോലിക്കിടയിലും അമ്മയ്ക്ക് ഒപ്പം പോകുന്ന ചികിത്സയുടെ ഇടവേള അങ്ങനെ അങ്ങനെ കിട്ടിയ സമയം ഒക്കെ വായിച്ചു പഠിച്ചു.ഒരുപാട് കളിയാക്കലുകൾ അപ്പോളും ജീവിതത്തിൽ ഉണ്ടായിരുന്നു “ഓഹ് ഓട്ടോക്കാരൻ ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ ആയതു തന്നെ ഓരോ ദുരാഗ്രഹങ്ങൾ അല്ലാതെ എന്ത് ” അങ്ങനെ തുടങ്ങി നമ്മളെ തളർത്താൻ ഒരു സമൂഹം തന്നെ ഉണ്ടായി.. തളരാൻ ഞാൻ തയ്യാറില്ലായിരുന്നു.പരീക്ഷ എഴുതി ലിസ്റ്റിൽ 78ആമത്തെ ആളായി വന്നപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു എനിക്ക്..കളിയാക്കിവരുടെ മുന്നിൽ രണ്ടു വർഷം മുൻപ് നെഞ്ച് വിടർത്തി നിന്ന് കൊണ്ട് ജോലിക്ക് കയറി.രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റൽ ആയിരുന്നു നിയമനം.. ഇപ്പോൾ സന്തോഷത്തിന്റെ നാളുകൾ ആണ്. മറന്നു പോയത് അല്ലടോ ആരെയും ചില ലക്ഷ്യങ്ങളിലേക്ക് ഉയരാൻ ചെറിയ ഒരു മറ ആവശ്യം ആണ് നമുക്ക് പലപ്പോഴും.. ഒറ്റയ്ക്കു തന്നെ നമ്മൾ നീന്തി കയറണം എന്ന് തോന്നി.. ” ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ശിവൻ പറഞ്ഞു നിർത്തുമ്പോൾ മേഘയ്ക്ക് എല്ലാം അവിശ്വസനീയമായിരുന്നു.. “പിന്നെ എന്തുണ്ട് തന്റെ വിശേഷം..ജോലി, വിവാഹം?”ശിവൻ ചോദിച്ചു “ടീച്ചർ ആയിട്ട് ഇപ്പോൾ ഒന്നര വർഷം ആകുന്നു.. പിന്നെ വിവാഹം… ആലോചന കുറെയുണ്ട്. മനസ്സിൽ പിടിച്ച ഒരാളെ കിട്ടി ഇല്ല ഇത് വരെ..” മേഘ പറഞ്ഞു.. “ആഹാ എന്നാൽ എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു പയ്യൻ ഉണ്ട്.. നല്ല സ്വഭാവം നല്ല ഫാമിലി.. നോക്കട്ടെ..

“ശിവൻ ചിരിച്ചു കൊണ്ട് ചോദിച്ചു. “എനിക്ക് ചെക്കനെയും കൊണ്ട് ആണോ ശിവേട്ടൻ ഇത്രയും വരെ വന്നേ.. ഏഹ്?” മേഘ ദേഷ്യത്തിൽ ചോദിച്ചു. “അയ്യോ അങ്ങനെ അല്ല. ഞാൻ അവൻ തനിക്കു ചേരും എന്ന് കരുതി പറഞ്ഞതാ. വിട്ടേക്ക്..” ശിവൻ കൈ കൊണ്ട് തൊഴുതു കൊണ്ട് പറഞ്ഞു. “എനിക്ക് നിങ്ങളെ ഇഷ്ടം ആണ് ശിവേട്ട..” മേഘ ശിവന്റെ കണ്ണുകളിൽ നോക്കി ഉറച്ച സ്വരത്തിൽ തന്നെ പറഞ്ഞു. “എന്താ?” ശിവൻ ഞെട്ടലോടെ ചോദിച്ചു. “എനിക്ക് നിങ്ങളെ ഇഷ്ടം ആണെന്ന്. വേറെ ആരെയും എനിക്ക് ഇഷ്ട്ടപ്പെടാൻ ഈ ജന്മം കഴിയില്ല. പിന്നെ വേറെ ഡിമാൻഡ് ഒന്നും എനിക്കില്ല. എന്ന എന്ന് വച്ചാൽ അമ്മയെയും പെങ്ങളെയും കൂട്ടിൽ വീട്ടിലേക്ക് പോന്നോളൂ ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ ശിവേട്ട..” മേഘ ചിരിയോടെ പറഞ്ഞു.. “ആ പിന്നെ അമ്മ.. അമ്മയ്ക്ക് പ്രശ്നം കാണില്ല കേട്ടോ..” മേഘ കൂട്ടിച്ചേർത്തു.. “എടൊ താൻ എല്ലാം ആലോചിച്ചു ആണോ ഇതൊക്കെ പറയുന്നേ. എന്റെ കുടുംബം ഒക്കെ..”ശിവൻ അവളുടെ തീരുമാനത്തെ നിരുത്സാഹപ്പെടുത്താൻ തുടങ്ങി. “സ്വന്തം അമ്മയെയും പെങ്ങളെയും ഇത്രയും നന്നായി നോക്കാൻ കഴിയുന്ന ശിവേട്ടന് എന്നെ നോക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ആ കൈകളിൽ എന്റെ ജീവിതം സുരക്ഷിതം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാ..” മേഘ ശിവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “ബെസ്റ്റ് അമ്മയും കൊള്ളാം മോളും കൊള്ളാം..” ശിവൻ അവളെ നോക്കി പിറു പിറുത്തു.. “എന്താ??” അവൾ അവനെ നോക്കി ചോദിച്ചു.. “ഓഹ് നിന്റെ അമ്മയും അതായത് എന്റെ ടീച്ചറും ഇത് തന്നെ ആണ് പറഞ്ഞത്. പിന്നെ ടീച്ചർ ഇന്നല്ല നിങ്ങൾ അന്ന് ഇവിടുന്ന് പോയ ദിവസം ആണ് പറഞ്ഞത് നിന്നെ എന്റെ കൈകളിൽ ഏല്പിക്കാൻ ആണ് ടീച്ചറിന് ഇഷ്ടം എന്ന്..

പക്ഷെ അന്ന് ഞാൻ ഒരു ഓട്ടോക്കാരൻ ആയിരുന്നു.. അത് ഒരു മോശം തൊഴിൽ ഒന്നുമല്ല പക്ഷെ നിനക്ക് നല്ല ജോലിയും സാമ്പത്തിക സ്ഥിതിയും ഒക്കെയുള്ള ആളെ കിട്ടും എന്നിരിക്കെ എന്നെ തിരഞ്ഞു എടുത്തതിൽ എനിക്ക് അന്ന് അത്ഭുതം ആയിരുന്നു.അന്ന് ഞാൻ മറുപടി ഒന്നും കൊടുത്തു ഇല്ല.. പിന്നെ ഞാൻ വിളിച്ചതും ഇല്ല. പക്ഷെ ജോലിക്ക് കയറുന്ന ദിവസം ഞാൻ ടീച്ചറെ വിളിച്ചു ഇരുന്നു.എല്ലാം പറഞ്ഞു ഇരുന്നു പിന്നെ നിന്നെ എനിക്ക് തന്നെ തരണം എന്ന്..” “ഓഹോ അപ്പോൾ ടീച്ചറും ശിഷ്യനും കൂടി എന്നെ മണ്ടി ആക്കുക ആയിരുന്നു അല്ലേ.. എന്താ അഭിനയം എന്റെ അമ്മയുടെ..” മേഘ പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു.. “പിന്നെ അല്ലാതെ.. അപ്പോൾ മേഘ ടീച്ചറെ നമുക്ക് പോയാലോ വീട്ടിലോട്ട്.. അവിടെ നിന്നെ ഓഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ എന്റെ അമ്മയും പെങ്ങളും ഇരിപ്പുണ്ട്.. എന്ന നമുക്ക് നമ്മുടെ വണ്ടിയിൽ ഒരുമിച്ചു യാത്ര തുടങ്ങിയാലോ.. കേറിക്കോ..” ശിവൻ മേഘയുടെ കയ്യിൽ ചേർത്തു പിടിച്ചു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ചോദിച്ചു..ഒരു ചെറു പുഞ്ചിരിയോടെ അവൾ മഹാദേവനിലേക്ക് വലതു കാലെടുത്തു വച്ചു ഒപ്പം അവൾ സ്വപ്നം കണ്ട അവരുടെ ജീവിതത്തിലേക്കും…. (അവസാനിച്ചു )

 

Continue Reading

Long Stories

കണ്ണിലൊരായിരം സ്നേഹദീപങ്ങൾ തെളിയിച്ച്, ഇരുകൈകളും നീട്ടി സന്തോഷത്താൽ…

Published

on

By

രചന: ലിസ് ലോന

“ഔ… ഔ.. ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ…” കാലുകൾ മടക്കിപിടിച്ച് ചുരുണ്ട് ,പൂർവാധികം ശക്തിയോടെ ഞാൻ ഒന്നുകൂടി നിവർന്നു. കുറച്ചുനാള് കൂടി ഇങ്ങനെ സഹിക്കണംന്നാ തമ്പാട്ടിയും അമ്മയും പറഞ്ഞത്. അവരോടല്ലാതെ എനിക്കിപ്പോൾ പരിഭവവും പരാതിയും പറയാനും ആരുമില്ലല്ലോ.. കണ്ണും പൂട്ടി ഇരുട്ട് നിറഞ്ഞൊരാ ഇടത്തിലെ വെള്ളത്തിൽ കിടക്കുമ്പോൾ , ഇടയ്ക്കിടെ കഥകളുമായി വന്ന് ആമിക്ക് കൂട്ടിരിക്കാറുള്ളത് തമ്പാട്ടിയാ.. അതോണ്ട് എനിക്കെന്തും പറയാം ചോദിക്കാം എനിക്കുത്തരം കിട്ടും.. ഇന്നിപ്പോ കുറെ സമയായിട്ടും തമ്പാട്ടിനെ കണ്ടില്ല.. എവിടെ പോയി ആവോ.. ദേ…എന്റെ പരാതികൾ കുടഞ്ഞിട്ട് ഞാൻ മറന്നോയല്ലോ നിങ്ങളോടെന്റെ പേര് പറയാൻ.. ഞാനേ ആമിയാ..ആമി .. പിന്നേയ് ഞാനൊരു സ്വകാര്യം പറയട്ടെ .. എനിക്ക് കിടക്കാനിവിടെ സ്ഥലമില്ലാത്തത് എന്താന്ന് അറിയോ നിങ്ങക്ക്..എന്റെ കൂട്ടിന് അല്ലിയുമുണ്ട് അമ്മേടെ വയറ്റില്.. തമ്പാട്ടിയാ പറഞ്ഞത് ആമിയോട്.. ആമിയെ പൊലെ ചുന്ദരികുട്ടിയാ അല്ലിന്നും തമ്പാട്ടി പറഞ്ഞിട്ടുണ്ട്..പക്ഷേ കുറുമ്പ് ഇച്ചിരെ കൂടുതൽ ആമിക്കാന്ന്..ചാടി മറിഞ്ഞ് അമ്മയെ എപ്പോഴും വേദനിപ്പിക്കുന്നത് ഞാനാണെന്ന്.. തമ്പാട്ടിക്ക് അറിയാഞ്ഞിട്ടാ..ഞാനേ ഞാൻ പാവാ.. ഇനി നോക്കിക്കോ ഞാൻ കുറുമ്പൊന്നും കാണിക്കാതെ കിടക്കും.. അപ്പോ അമ്മയ്ക്ക് നോവില്ലല്ലൊ..

അല്ലിയെ ഒന്ന് കാണാൻ പറ്റോന്ന് ചോയ്ച്ചപ്പോ തമ്പാട്ടി പറയാ.. അല്ലീനേം അമ്മേനേം ഒരുമിച്ചേ കാണാൻ പറ്റുള്ളൂ ന്ന്.. കാണാൻ സാധിക്കില്ലെങ്കിലും എനിക്കവളോട് മിണ്ടാൻ പറ്റും കേട്ടോ.. ഒരൂസം ഞാനിവിടെ ചാടിയപ്പോ അമ്മ വയറിൽ കൈ വച്ച് നിലവിളിച്ചു.. അന്ന് അല്ലിയെന്നോട് ഒത്തിരി ദേഷ്യപ്പെട്ടു.. അമ്മയ്ക്ക് നൊന്താൽ ഞങ്ങക്കും സങ്കടാണെ,അതാ അവൾക്ക് ദേഷ്യം വന്നേ.. അമ്മയ്ക്ക് അല്ലെങ്കിലേ എപ്പോഴും സങ്കടമാണ്.. എല്ലാരും അമ്മേനോട് സങ്കടപെടണ്ടന്നൊക്കെ പറയുന്നത് കേൾക്കാം… പക്ഷെ ആരുമില്ലാത്തപ്പോ അമ്മ അപ്പയോട് ഞങ്ങടെ വിശേഷങ്ങളൊക്കെ പറഞ്ഞു കരയും.. എന്നാലും അപ്പയൊന്നും തിരികെ മിണ്ടില്ല. ഞങ്ങള് വന്നേപ്പിന്നെ അമ്മയ്ക്ക് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ച് കോലം കെട്ടെന്ന് അമ്മൂമ്മ പറയുന്നുണ്ടായിരുന്നു.. അത് കേട്ടപ്പോൾ സങ്കടായി. ഞങ്ങള് രണ്ടാളും കൂടി കിടക്കുന്നതുകൊണ്ട് അമ്മക്ക് മാമുണ്ണാൻ പോലും വയറ്റിൽ സ്ഥലമുണ്ടായിരിക്കില്ല. ‘അതൊന്നും സാരല്ല്യ ,കുഞ്ഞികളല്ലേ അമ്മേടെ പ്രാണൻ.. അത്രക്കും ഇഷ്ടാ അമ്മയ്ക്ക് ‘ന്ന് വയറ്റില് കയ്യും വച്ച് അമ്മ പറയുന്നത് കേൾക്കുമ്പോൾ എല്ലാ സങ്കടോം മാറും.. ശർദ്ധിച്ചു തൊണ്ട പൊട്ടി ചോര വന്നാലും അമ്മ ,ന്റെ കുഞ്ഞുങ്ങൾ ക്ഷീണിക്കുമെന്ന് പറഞ്ഞ് പിന്നെയും എന്തൊക്കെയോ കഴിക്കും..പിന്നേം ശർദ്ധിക്കും.. അവസാനം ആശൂത്രില് കൊണ്ടോയി സൂചി വച്ച് ഗ്ളൂക്കോസ് വെള്ളം തരും ഞങ്ങക്ക്.. ഞങ്ങള് കാരണാണോ അമ്മയ്ക്ക് എന്നും വയ്യണ്ടാതവണത് ..

അതോണ്ടാണോ അപ്പയ്ക്ക് ഞങ്ങളെ ഇഷ്ടല്ല്യതെ ഞങ്ങളോട് മിണ്ടാൻ വരാത്തേന്ന് കഴിഞ്ഞ ദിവസം അല്ലി തമ്പാട്ടിയോട് ചോദിച്ചിരുന്നു.. അപ്പാക്കും ഭയങ്കര ഇഷ്ടാണത്രെ കുഞ്ഞികളെ.. മക്കളെ കാണാനും കൊഞ്ചിക്കാനും അപ്പയാണ് അമ്മേനെക്കാൾ കാത്തിരുന്നതെന്ന്.. അപ്പാക്കും അമ്മക്കും കുഞ്ഞാവയുണ്ടാകാത്തതിന് ആരൊക്കെയോ അമ്മേനെ എന്തെല്ലാമോ കളിയാക്കി വേദനിപ്പിക്കുമ്പോൾ ,അമ്മയെ കെട്ടിപിടിച്ച് നിന്ന് മക്കളില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കിവളെ മതി എനിക്കില്ലാത്ത വിഷമം നിങ്ങൾക്ക് വേണ്ടെന്ന് പറയും ത്രെ.. അപ്പാക്ക് എത്ര തിരക്കുണ്ടായാലും അമ്മേനേം കൊണ്ട് എല്ലാ തവണയും കുഞ്ഞാവ വരുമോന്ന് നോക്കാനായി ആശുപത്രീല് പോകാൻ ഓടിവരാറുണ്ടായിരുന്നുന്ന് .. ഇങ്ങനെ കൊറേ കൊറേ അമ്മേനെ സ്നേഹിച്ച് കൂടെനിന്നിട്ടും ഞങ്ങൾ വന്നപ്പോൾ അപ്പയെന്താ ഒന്ന് മിണ്ടാൻ പോലും വരാത്തതെന്ന് ഞാനാ സങ്കടത്തോടെ പിന്നേം ചോദിച്ചേ തമ്പാട്ടിയോട് .. ഇനി വരുമ്പോ പറയാംന്ന് പറഞ്ഞിട്ട് ഉത്തരം തരാതെ തമ്പാട്ടി പൊയ്കളഞ്ഞു.. കുഞ്ഞികളുള്ളതുകൊണ്ട് മിക്കവാറും ദിവസം അമ്മയെ കാണാൻ ആരൊക്കെയോ വരും.. ആര് കാണാൻ വന്നാലും അമ്മയ്ക്ക് നൂറുനാവാണ് ഞങ്ങളെപ്പറ്റി പറയാൻ.. ആരുമില്ലാത്തപ്പോൾ ഞങ്ങളോട് കിന്നാരം പറഞ്ഞ് വയറിൽ ഉഴിഞ്ഞ് അമ്മയങ്ങനെ ഇരിക്കും..അതാ ഞങ്ങൾക്കും ഇഷ്ടം. ഞങ്ങള് രണ്ടാളും വലുതായി തുടങ്ങിയപ്പോൾ ഡോക്ടറാന്റി പറഞ്ഞു അമ്മേടെ വയറിന്റെ അടീല് തുന്നിവെച്ചില്ലെങ്കിൽ ഞങ്ങടെ ഭാരം താങ്ങാൻ അമ്മേടെ വയറിന് പറ്റില്ലാന്ന്.. അന്ന് തണുപ്പുള്ള ഒരു മുറിയിൽ കൊണ്ടുപോയി അവര് അമ്മയ്ക്ക് തുന്നലിട്ടു , എല്ലാം കഴിഞ്ഞപ്പോൾ വേദന കൊണ്ട് അമ്മ കുറെ കരഞ്ഞു..

കൂടെ ഞങ്ങളും.. അന്ന് ,ചാടികളിച്ചു അമ്മയെ നോവിപ്പിക്കണ്ടയെന്ന് കരുതി ഞങ്ങളും അനങ്ങാതെ കിടന്നതാ അപ്പൊ എല്ലാരും പേടിച്ചു കരച്ചിലായി.. പിന്നെയവർ അമ്മേടെ മേലൊക്കെ വലിയൊരു ബെൽറ്റും കുറെ വയറുമൊക്കെ വച്ച് പീ പീ ന്ന് കൂക്കി വിളിക്കണ മെഷീൻ വച്ചു.. നടുവേദനയും വയറിന്റെ അടിയിൽ തുന്നിയ വേദനയും മെഷീൻ വച്ച വയ്യായ്കയും ഒക്കെ കൂടി അമ്മ കുറെ പാടുപെട്ടു.. ഞാനിങ്ങനെ കലപിലാ സംസാരിച്ചിട്ടും ഈ അല്ലിയെന്താ ഇന്നൊന്നും മിണ്ടാത്തെ..! അല്ലി…അല്ലി… ഈയിടെയായി ഇവളെപ്പോഴും ഇങ്ങനെയാണ് അനങ്ങാതെ മിണ്ടാതെ കിടക്കും..മടിച്ചി! “എന്താ ആമി.. നിനക്കൊന്ന് മിണ്ടാതെ കിടന്നൂടെ..ഒന്നുറങ്ങാനും സമ്മതിക്കില്ല..” അല്ലി ഒന്നുകൂടെ ചുരുണ്ടു. “ആഹാ രണ്ടാളും കൂടി എന്താ കിന്നാരം പറയുന്നേ.. ഇനി പെട്ടെന്ന് രണ്ടാൾക്കും അമ്മേനെ കാണാല്ലോ..അതിനുള്ള സമയം ശരിക്കും ആയിട്ടില്ല പക്ഷെ നിങ്ങളിവിടെ കിടന്ന് അമ്മയെ കാണാൻ കയറ് പൊട്ടിക്കയല്ലേ..” അമ്മയ്ക്ക് നല്ലപോലെ ഭക്ഷണമൊന്നും കഴിക്കാൻ പറ്റാത്തതുകൊണ്ട് ആമിയിത്തിരി ക്ഷീണിച്ചാ ഉള്ളത് അല്ലിയും ഇങ്ങനെ തന്നെ ആകും എന്നാലും സാരമില്ല അമ്മേനേം അപ്പയെയും ഞങ്ങൾക്ക് കാണാല്ലോ.. അമ്മയുടെ വയറ്റിൽ മറിഞ്ഞതുപോലെ അപ്പയുടെ കുമ്പയിലും കളിച്ചു മറിയണം.. യ്യോ അപ്പാക്ക് കുമ്പ ഉണ്ടോ ആവോ..! തമ്പാട്ടിയുടെ സ്വരം കേട്ടതോടെ ഞാനൊന്ന് കൂടി ഉഷാറായി.. അമ്മയെ കാണാനുള്ള സമയമായെന്ന് കേട്ടതോടെ അല്ലിയുടെയും ഉറക്കം പോയി … “കഥയൊന്നും പറയാനിപ്പോൾ നേരമില്ല കുഞ്ഞികളെ.. നിങ്ങളെ പുറത്തേക്കിറക്കി അമ്മയെ ഏല്പിച്ചിട്ട് വേണം തമ്പാട്ടിക്ക് ദൂരെയൊരിടത്ത് പോകാൻ..” അമ്മ നല്ല സുഖമായി ഉറങ്ങുകയാണ്. കാല് വേദനയെടുത്തിട്ട് രാത്രിയൊന്നും ഉറങ്ങിയിട്ടില്ല അമ്മ… രണ്ട് കാലിലും നീര് വന്ന് വീർത്ത് ഇപ്പൊ പൊട്ടുമെന്നപോലെ ആണ് ഇരിക്കുന്നത് ..

നടക്കാനൊന്നും പറ്റാത്തതുകൊണ്ടും വലിയ വയറായതുകൊണ്ടും അമ്മ കൂടുതലും കിടപ്പാണ്.. ഞങ്ങൾ പുറത്തേക്ക് ഇറങ്ങും വരെ മരണവേദന അമ്മ അനുഭവിക്കണമെന്നാ തമ്പാട്ടി പറഞ്ഞത്.. പാവം എന്റെ അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ… തമ്പാട്ടിയോട് കളിച്ചും ചിരിച്ചും കിടക്കുമ്പോൾ പെട്ടെന്നൊരു കുലുക്കത്തോടെ ആരോ എന്നെ പിടിച്ച് അമർത്തി, നോവ് താങ്ങാനാകാതെ അമ്മ ഞെട്ടിയെഴുന്നേറ്റ് വയറിൽ പൊത്തി നിലവിളിച്ചു.. വയറിനും നടുവിനും മെല്ലെ ഉഴിഞ്ഞുകൊണ്ട് അമ്മ ആരെയോ വിളിക്കുന്നുണ്ട് .. വേദന കുറയാനൊന്നും കാത്തുനിൽക്കണ്ട നമുക്കിറങ്ങാമെന്ന് ആരോ ധൃതി പിടിച്ച് അമ്മയോട് പറയുന്നുന്നത് കേൾക്കാം.. കഷ്ടി രണ്ട് മാസം കൂടിയില്ലേ ,നമുക്ക് കുറച്ചുനേരം നോക്കാം ,ഇത് പേടിക്കാനൊന്നും ഇല്ലെന്ന വേറൊരു സ്വരത്തിനോട് അമ്മ കടുപ്പത്തിലാണ് മറുപടി പറയുന്നത്.. എനിക്കെന്റെ മക്കളെ ഒരു കുഴപ്പവും കൂടാതെ കയ്യിൽകിട്ടണം നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാമെന്ന്..ദേഷ്യമോ വേദനയോ അമ്മ വിയർത്തുകുളിച്ചിട്ടുണ്ട്.. വീണ്ടും വീണ്ടും ആരോ പിടിച്ചു താഴേക്ക് ഉന്തുകയാണ്.. ഞങ്ങളെ പിടിച്ചു അമർത്തുന്ന ഓരോ തവണയും സഹിക്കാൻ പറ്റാത്ത വേദനയിൽ അമ്മയാണ് കരയുന്നത്.. ” മക്കള് അമ്മയെ സങ്കടപെടുത്താതെ നല്ല കുട്ടികളായി വളരണം കേട്ടോ..ഇനി തമ്പാട്ടിക്ക് മക്കളുടെ അടുത്തേക്ക് വരാൻ കഴിയില്ല..ഞാൻ നോക്കുന്നതിനേക്കാൾ കരുതലോടെ സ്നേഹത്തോടെ അമ്മയിനി മക്കളെ നോക്കും..

ഒരിക്കലും പറഞ്ഞുതീരാത്ത കഥകൾ അമ്മയിനി മക്കൾക്ക് ചൊല്ലിത്തരും..”. ആമിക്ക് തമ്പാട്ടിയേം ഇഷ്ടമാ ഞങ്ങളെ വിട്ട് പോകല്ലേ.. ഞാൻ ചിണുങ്ങി. “നിങ്ങൾ രണ്ടുപേരെയും പുറത്തേക്ക് ഇറക്കുംവരെ ഞാനുണ്ടാകും ,പേടിക്കണ്ട കേട്ടോ..അമ്മയുടെ അടുത്തെത്തുമ്പോൾ ലോകത്തിലെ ഏറ്റവും മധുരമുള്ളൊരു അമൃത് ,അമ്മ നിങ്ങൾക്ക് തരും അപ്പോൾ നിങ്ങളെന്നെ മറക്കും..ആ നെഞ്ചിലെ ചൂടേറ്റ് നിങ്ങൾ കിടക്കുമ്പോൾ ഒരു കുഞ്ഞുകാറ്റ് പോലെ നിങ്ങളെ തഴുകി എന്നോടൊപ്പമുള്ള ഓർമ്മകളെയും തിരികെ വാങ്ങി ഞാൻ പോകും ദൂരേക്ക്..” ഓരോ നിമിഷം കഴിയും തോറും അമ്മയുടെ നിലവിളി കൂടിവരുകയാണ്.. താഴേക്കാരോ പിടിച്ചുവലിക്കുന്നത് പോലുള്ള തോന്നലിപ്പോൾ ശക്തമാണ്..തുടർച്ചയായുള്ള കുലുക്കവും ഇളക്കവും പേടിച്ചിട്ടാണോ എന്നറിയില്ല അല്ലിയുടെ ശബ്ദമൊന്നും കേൾക്കാനില്ല.. ” സിസ്റ്ററെ Dr ശ്യാമളയുടെ പേഷ്യന്റ്നെ കൊണ്ടുവന്നിട്ടുണ്ട് പെട്ടെന്ന് തീയറ്ററിലേക്ക് വരാൻ ഡോക്ടറിനോട് ഇൻഫോം ചെയ്യാമോ..! IVF ട്വിൻ പ്രെഗ്നൻസിയാണ്.. cervical stitched 33 weeks pregnancy , one FHS low ,ബിപി ഷൂട്ട് അപ്പ് ആണ്…. ആ അതെ സിസ്റ്ററെ ,ആ കുട്ടിയില്ലേ അപർണ.. ഹസ്ബൻഡ് ഡെത്ത് ആയ കുട്ടി!…” ഇതുവരെയും കേൾക്കാത്തൊരു സ്വരം പരിഭ്രമത്തോടെ ആരോടോ വിളിച്ചുപറയുന്നത് കേൾക്കുന്നുണ്ടല്ലോ തമ്പാട്ട്യേ.. അവര് പറയുന്നതൊന്നും മനസിലാകുന്നില്ല അമ്മക്ക് പ്രഷർ കൂടി ബോധം പോയിട്ടുണ്ടെന്ന് മനസിലായി അതുകൊണ്ടാകും ആമിക്കു ശ്വാസം മുട്ടുന്നത്.. അല്ലിക്കും അമ്മയ്ക്കും ഒരാപത്തും വരുത്തല്ലേ.. ശ്വാസം കിട്ടാതെ കിടന്നു തിരിഞ്ഞു മറിഞ്ഞിട്ടാകും വയറ്റിലെ വള്ളി കഴുത്തിന് ചുറ്റും ചുറ്റിയിട്ടുണ്ട്..

കയ്യുയർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ ഒന്നുകൂടെ മുറുകുന്നു. “ആമി..പേടിക്കണ്ട കേട്ടോ തമ്പാട്ടി ഇവിടെ തന്നെയുണ്ട്.. കുഞ്ഞി അമ്മയെ കാണാൻ തയ്യാറായിക്കോ..” വള്ളി , കഴുത്തിൽ മുറുകാൻ തുടങ്ങിയിരിക്കുന്നു.. വെപ്രാളത്തിൽ അറിയാതെ അപ്പി പോയതുകൊണ്ടാകും വെള്ളത്തിന് കറുപ്പ് നിറം കലർന്ന് ശ്വാസം മുട്ടൽ കൂടിയിരിക്കുന്നു.. നേരെ ഇരിക്കാൻ പോലും വയ്യാത്ത അമ്മയെ എന്തിനാണ് ഇവർ ഇങ്ങനെ ഒടിക്കാൻ ശ്രമിക്കുന്നത്..ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നത് നിങ്ങളറിയുന്നുണ്ടോ.. ” അപർണാ..അപർണ.. നടുവിന് ചെറിയൊരു ഇൻജെക്ഷൻ എടുക്കുന്നുണ്ട് കേട്ടോ..” മിണ്ടാൻ പോലും വയ്യമ്മക്ക് ..വേണ്ട..വേണ്ട .. ഇനീം ഞങ്ങടെ അമ്മയെ നോവിപ്പിക്കല്ലേ .. ഞാൻ അലറിക്കരയുന്നത് അമ്മ കേൾക്കുന്നുണ്ടോ ആവോ.. അമ്മയുടെ വയറ്റിൽ ആരൊക്കെയോ മരുന്നുകൾ പുരട്ടുന്നത് കൊണ്ടാകും തണുപ്പ് കൂടി അമ്മ വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു.. മൂർച്ചയേറിയ എന്തുകൊണ്ടോ അമ്മയെ കീറിവരയുന്നുണ്ട്..മരവിപ്പിക്കാൻ കൊടുത്ത മരുന്നിനെന്തേ ശക്തിയില്ലേ.. വേദനയിൽ അമ്മ ഞെരങ്ങുന്നുണ്ട്.. മരുന്നിന്റെ മയക്കത്തിലാണെങ്കിലും ഉള്ളുകൊണ്ട് മക്കൾക്കൊരു ആപത്തും വരുത്തല്ലേ ദൈവമെയെന്നാണ് അമ്മ ഉള്ളുരുകി കരയുന്നത്..

അസഹ്യമായ വേദന താങ്ങാനാവാതെയാകണം അടഞ്ഞ കൺപോളകൾ വെട്ടിവിറച്ച് രണ്ട് മിഴിക്കോണിൽ നിന്നും നീർതുള്ളികൾ ഒഴുകിയിറങ്ങുന്നു.. കല്ല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും മക്കളില്ലാതിരുന്ന അപർണയെയും അവളുടെ ഭർത്താവിനെപ്പറ്റിയും ആരോ സംസാരിക്കുന്നുണ്ട്. മൂന്നു വട്ടം IVF എടുത്തിട്ടും വിജയിക്കാതിരുന്നതും.. ഒന്നരവർഷം മുൻപ് കോവിഡ് ജീവൻ കവർന്നെടുത്ത ഭർത്താവിന്റെ ശീതീകരിച്ചു സൂക്ഷിച്ച ബീജമുപയോഗിച്ച് വന്ധ്യതാചികിത്സ തുടരാൻ അവൾ തീരുമാനമെടുത്തതും.. എതിര് പറഞ്ഞവരോട് അദ്ദേഹത്തിന്റെ മക്കളെ തനിക്ക് വേണമെന്നും.. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ആ ഓർമ്മകളോടൊപ്പം മക്കൾ ഉണ്ടാകുമെന്നും മറുപടി നൽകി ചോദ്യങ്ങളെ അവൾ നേരിട്ടത്രേ.. ഇരുവർക്കും വേണ്ടി അവൾക്ക് മാത്രം സാധിക്കുന്ന ഒരേയൊരു കാര്യമാണ് തന്റെ ജീവനായിരുന്നവന്റെ പ്രാണന്റെ ചീന്തായൊരു കുഞ്ഞുജീവന് ജന്മം കൊടുക്കുകയെന്നുള്ളതെന്നുള്ള അമ്മയുടെ കഥകൾ കൂടെ നിൽക്കുന്നവർക്കായി ഡോക്ടറാന്റിയാണ് തൊണ്ടയിടറികൊണ്ടു പറയുന്നത്… അതികഠിനമായി ശ്വാസത്തിനായി പിടയുമ്പോഴും എന്റമ്മയും അപ്പയും ആഗ്രഹിച്ചതുപോലെ ഞങ്ങളിൽ ഒരാൾക്ക് പോലും ഒരു പോറല് പോലും ഏൽക്കാതെ ഞങ്ങളെ അമ്മയോട് ചേർത്തുവെക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. “ള്ളേ..ള്ളേ…ള്ളേ..” അല്ലിയുടെ സ്വരം കേട്ടിട്ടാണെന്ന് തോന്നുന്നു കുഞ്ഞു കരഞ്ഞെന്ന് പറയുന്നവരുടെ ശബ്ദത്തിൽ ആശ്വാസമാണ്..

ഒന്നിനെ കൊതിച്ചവർക്ക് വാരിക്കോരി രണ്ട് കൊടുത്ത ദൈവം അത് കാണാൻ മാത്രം കുഞ്ഞുങ്ങളുടെ അപ്പക്ക് യോഗം കൊടുത്തില്ലെന്ന് ദീർഘനിശ്വാസം വിടുന്നുണ്ട്.. എന്റെ വിരൽതുമ്പ് പിടിച്ച് തമ്പാട്ടിയിപ്പോഴും നിൽക്കുന്നുണ്ട്.. എന്തേ തമ്പാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്..! പെട്ടെന്ന് ശക്തമായ വെളിച്ചമുള്ളൊരു ലോകത്തിലേക്ക് ആരോയെന്നെ കയ്യിലെടുത്ത് ഉയർത്തിയതും തമ്പാട്ടിയുടെ വിരൽ തുമ്പ് എന്റെ കുഞ്ഞികൈയിൽ നിന്നും ഊർന്നുപോയി.. തളർന്നു കുഴഞ്ഞുകിടക്കുന്ന എന്നെയാരാണ് കാലിൽ തൂക്കിപിടിച്ച് പൊക്കുന്നത്.. ആ..അയ്യോ..പതിയെ അടിക്കെന്റെ പുറത്ത്, ആമിക്ക് നോവുന്നു.. എന്റെ കാലിലെയും കയ്യിലേയും നീലനിറത്തിലേക്കും കരിനീലിച്ച ചുണ്ടുകളിലേക്കും പരിഭ്രാന്തിയോടെ നോക്കി അവരെന്റെ മൂക്കിലും വായിലും ട്യൂബിട്ട് എന്തോ വലിച്ചെടുക്കുന്നു.. നെഞ്ചിൽ വിരലുകൊണ്ടമർത്തി വായ് മുടിയൊരു ബലൂൺ വീർപ്പിക്കുന്നു.. ഉറക്കെ കരയണമെന്നുണ്ടെനിക്ക്.. കൈകാലിട്ടടിച്ച് ഒന്ന് നിർത്തണേയെന്ന് അലറണമെന്നുണ്ട് പക്ഷെ വെയിലേറ്റ് തളർന്ന് വാടിയൊരു പൂവ് പോലെ ഞാൻ കുഴഞ്ഞ് കിടന്നു.. “Come on baby… U can’t leave your mama like this.. Please…please” എന്നെയും നെഞ്ചിലേക്ക് ചേർത്ത് ഓടുന്ന ചേച്ചി ആകുലതയോടെ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം.. വായിലും മൂക്കിലും വയറിലും ട്യൂബുകൾ ഘടിപ്പിച്ച് ഒരു കയ്യിലും ഒരു കാലിലും സൂചി കുത്തി ഒരു കുഞ്ഞുസൂര്യന്റെ ചെറുചൂടുള്ള വെളിച്ചം തട്ടുന്ന പതുപതുത്ത കിടക്കയിലേക്ക് അവരെന്നെ കിടത്തി.. തൊട്ടരുകിലെ കിടക്കയിൽ എന്നെപോലെ വേറൊരു കുഞ്ഞിയുണ്ട്…

ഞാൻ വന്നതറിഞ്ഞാകും അവളൊന്ന് കണ്ണ് തുറന്ന് എനിക്ക് മാത്രം കേൾക്കാനായി മന്ത്രിച്ചു.. “ആമി.. ഇത് ഞാനാ അല്ലി.. വേഗം വയ്യായ്കയൊക്കെ മാറി മിടുക്കിയായി വാ നമുക്കമ്മയെ കാണണ്ടേ..” എന്റെ കൂടപ്പിറപ്പ് ..മിനിറ്റുകൾ മാത്രം വ്യത്യാസമുള്ള എന്റെ ചേച്ചി.. അവൾ വിളിച്ചാൽ ഞാൻ വിളി കേൾക്കാതിരിക്കുന്നതെങ്ങനെ.. കുഞ്ഞികൈയ്യുയർത്തി ഞാൻ വരാമെന്ന സൂചന നൽകി ഞാനൊന്ന് പതിയെ അനങ്ങി.. ഞാനവൾക്ക് വാക്ക് കൊടുത്തത് കണ്ടാകും അവിടെ ചുറ്റിനും നിന്നവരുടെ കണ്ണുകൾ ആ അനക്കം കണ്ടതോടെ സന്തോഷത്തോടെ ഒന്ന് തിളങ്ങി. എന്റെ തലക്ക് മുകളിലെ നീല വെളിച്ചമുള്ള യന്ത്രത്തിന്റെ ബോർഡിലേക്ക് നോക്കിയൊരാൾ.. “Thank God..heart rate and saturation is okay now “ അവിടെ നിന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചത് എന്റമ്മയോടുള്ള സ്നേഹമായിരുന്നുവെന്ന് എനിക്കറിയാം.. ഞങ്ങൾക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടങ്ങളോടുള്ള ബഹുമാനമായിരുന്നു ആ സ്നേഹമെന്നും എനിക്ക് മനസിലായി.. പിന്നെ ഞാനെങ്ങനെ ഇവരെയെല്ലാം വിട്ട് മടങ്ങിപ്പോകും.. രണ്ടുപേരെയും ഒരുമിച്ചേ കാണുകയുള്ളവെന്ന് അമ്മ വാശിപിടിച്ചതുകൊണ്ട് അല്ലിയെന്നോട് ഇടതടവില്ലാതെ വേഗം ഉഷാറായി വരാൻ വഴക്കടിച്ചുകൊണ്ടിരുന്നു..

അവളുടെ നിർത്താതെയുള്ള കരച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ചു സിസ്റ്ററമ്മ അവൾക്ക് ഇടയ്ക്കിടെ പാല് കൊടുത്ത് കൈകളിൽ കൊണ്ടുനടന്നു. ദേ..കണ്ടോ എന്റെ മേലെയുള്ള ട്യൂബൊക്കെ എടുത്തു ..രാവും പകലും എത്രെയാണ് കടന്നുപോയത് ഒടുവിൽ ഇന്നാദ്യമായി ഞങ്ങൾ അമ്മയെ കാണാൻ പോകുകയാണ്.. ഇത്രയും ദിവസം വായിലിറ്റിച്ചു തന്ന അമ്മിഞ്ഞമധുരം ഇന്ന് രാവിലെ തരുമ്പോൾ സിസ്റ്ററമ്മ പറഞ്ഞത് ഇനി ഞങ്ങൾ അമ്മയുടെ നെഞ്ചിലെ ഇളം ചൂടിൽ ചേർന്നുകിടന്നാണത്രെ കുടിക്കാൻ പോകുന്നത്.. മിനുസമുള്ള പഞ്ഞി തുണികളിൽ പൊതിഞ്ഞ് ഞങ്ങളെയും കൊണ്ട് സിസ്റ്ററമ്മമാർ അമ്മയുടെ അടുക്കലേക്ക് നടക്കുമ്പോൾ അല്ലിയുടെ മുഖത്തൊരു കുസൃതിചിരിയുണ്ടായിരുന്നു.. ഇവരൊന്നുമല്ലാതെ ആരോ ഒരാൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കോർമയുണ്ട് പക്ഷെ അത് ആരാണെന്ന് മാത്രം ഓർമ കിട്ടുന്നുണ്ടായിരുന്നില്ല.. മനസ്സ് നിറയെ അമ്മയോളം സ്നേഹം മുഖമോർമയില്ലാത്ത ആ നിഴലിനോടും എനിക്ക് തോന്നുന്നുണ്ട്. ആ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിൽ തീവ്രമായ ആലോചനയിലായിരുന്നത് കൊണ്ട് അവരെല്ലാം എന്നെ ഗൗരവക്കാരിയെന്ന് കളിയാക്കി കൊഞ്ചിച്ചു കൊണ്ടിരുന്നു.. കണ്ണിലൊരായിരം സ്നേഹദീപങ്ങൾ തെളിയിച്ച്.. ഇരുകൈകളും നീട്ടി സന്തോഷത്താൽ തുടികൊട്ടുന്ന ഇടനെഞ്ചോടെ.. പുഞ്ചിരിച്ച് അമ്മ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.. കട്ടിലിന് അരികിലായി കിടന്ന മേശയിൽ പുഞ്ചിരിയോടെ ചേർന്നുനിൽക്കുന്ന രണ്ടുപേരുള്ള ആ ഫോട്ടോയിലേക്ക് ഞാൻ നോക്കി…

അമ്മയ്‌ക്കൊപ്പമുള്ള ആ മുഖം എനിക്ക് പരിചയമുള്ളത് പോലെ തോന്നി.. ഒൻപത് മാസം ഞങ്ങളെ വയറ്റിലേറ്റിയ അമ്മയ്‌ക്കൊപ്പം വർഷങ്ങളായി ഞങ്ങളെ വളരെയധികം ആഗ്രഹിച്ച, ആയുശ്ശേഷവും മക്കളോടുള്ള കരുതലുമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന അപ്പയുടെ ആത്മാവിനും.. അമ്മയുടെ വയറ്റിൽ ഉരുവായ അന്നുമുതൽ അവിടെ നിന്നും ഇറങ്ങും വരെ കഥകൾ പറഞ്ഞ് കരുതലോടെ ഞങ്ങൾക്ക് കൂട്ടിരുന്ന തമ്പാട്ടിക്കും ഒരേ മുഖമായിരുന്നു.. തമ്പാട്ടിയെന്ന മുഖവും സ്വരവും പേരും തമ്പാട്ടിയിട്ട ഞങ്ങളുടെ ആമിയെന്നും അല്ലിയെന്നുമുള്ള പേരും ഓർമകളിൽ നിന്ന് അലിഞ്ഞില്ലാതാകുന്നതും അപ്പയുടെ മുഖം മാത്രം മനസിലേക്ക് തെളിഞ്ഞുവരുന്നതും ഞാനറിഞ്ഞു.. അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അമ്മയെ നല്ലോണം നോക്കണമെന്ന് പറഞ്ഞ് ഞങ്ങളുടെ ശിരസ്സിൽ തലോടി അമ്മയുടെ മൂർദ്ധാവിൽ ചുംബിച്ച് യാത്ര പറയുന്ന ആ നിഴലിന്റെ ഇളംകാറ്റ് പോലെയുള്ള സാന്നിധ്യം അറിഞ്ഞാകും അമ്മയുടെ കണ്ണുകൾ ഇത്തവണ നിറഞ്ഞൊഴുകിയത്…

Continue Reading

Most Popular