Connect with us

തുടർക്കഥകൾ

വേഴാമ്പൽ — ഭാഗം 33

Published

on

രചന: ശിശിര ദേവ്
വാതിലിൽ അച്ഛൻ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…. “പോകാം “അതും പറഞ്ഞു അച്ഛൻ മുന്നേ നടന്നു അച്ഛന്റെ പുറകെ ഇടവഴികളിലൂടെ നടന്നു വെളിയിൽ വന്നു പുറത്തുള്ള റോഡിൽ അച്ഛനും അമ്മയും വിവേകും കാത്തു നിൽക്കുന്നു….. അമ്മ എന്നെ കണ്ടതും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു “ഒന്നുമില്ല മോളെ…..ഒക്കെ ഭേദം ആകും.. ” “ബാലൻ വീട്ടിലേക്ക് പോകുന്നോ ഇല്ലെങ്കിൽ നമ്മുക്ക് വീട്ടിലേക്ക് പോകാം “അച്ഛൻ പറഞ്ഞു “വേണ്ട സാറെ ഞങ്ങൾ വീട്ടിലേക്ക് പോകുവാ… രാവിലെ വരണം ” “ബാലാ എന്ത് ആവിശ്യം ഉണ്ടെങ്കിലും നീ വിളിക്കണം എപ്പോൾ ആയാലും ” “വിളിക്കാം ” “എന്നാൽ ഞങ്ങൾ പോട്ടെ ബാലാ ” “എം ” “മോൾ വരുന്നോ? ” “ഇല്ലച്ഛാ വീട്ടിലേക്ക് പോകാം ” “എം ” പോട്ടെ ഏട്ടത്തി നാളെ രാവിലെ വരാം…. ഏട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഏട്ടൻ വിളിച്ചിട്ട് ഏട്ടത്തിയെ കിട്ടുന്നില്ല എന്ന് പറഞ്ഞു “വിവേക് പറഞ്ഞു “എം ഫോൺ ബാഗിൽ എവിടെയോ ആണ്… ” “അത് സാരമില്ല ഏട്ടത്തി ഞാൻ പറഞ്ഞോളാം. പറ്റുമെങ്കിൽ ഏട്ടത്തി വീട്ടിൽ ചെന്നിട്ട് ഒരു മെസ്സേജ് എങ്കിലും അയക്ക് ” “എം ” അച്ഛനും അമ്മയും കയറിയ വണ്ടി ഞങ്ങൾക്ക് മുന്നിലൂടെ പോയി “വാ ” ഞാൻ അച്ഛന്റെ പുറകെ നടന്നു…. പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വണ്ടി എടുത്തു കൊണ്ടു വന്നു….. വീട്ടിലേക്ക് ഉള്ള യാത്രയിൽ അച്ഛൻ മൗനം പാലിച്ചു…. വീട്ടിൽ വന്നു ആദ്യം അവിടെ എല്ലാം ആകമാനം ഒന്ന് നോക്കി…. എവിടെയൊക്കെയോ ചെറിയമ്മ ഒരു മായ പോലെ മാഞ്ഞു പോകുന്നു…… അടുക്കളയിൽ ചെന്നു നോക്കി….. ആശുപത്രിയിൽ പോകുമ്പോൾ ഉണ്ടാക്കിയ ഇഡ്ഡലി സാമ്പാറും പാത്രത്തിൽ മൂടി വച്ചിരിക്കുന്നു… ഇന്നലെ വരെ ഇവിടുത്തെ ഓരോ അണുവിക്കും ചെറിയമ്മയുടെ നിശ്വാസം ഉണ്ടായിരുന്നു…. ഒരു പക്ഷേ ഇപ്പോൾ ആദ്യമായി ആയിരിക്കും ചെറിയമ്മ ഇല്ലാതെ ഈ വീട് ഉറങ്ങുന്നത്… തീ കൂട്ടാതെ ഈ അടുക്കള ഒരു ദിവസം തള്ളി നീക്കിയത്….. അടുക്കളയിൽ നിന്നു ഇറങ്ങി മുറിയിൽ പോയി…. വേഷം മാറി പല്ല് തേച്ചു കുളിച്ചു…. അടുക്കളയിൽ വന്നു പഴയ സാധനങ്ങൾ എല്ലാം എടുത്തു പുറത്തു കളഞ്ഞു പാത്രം കഴുകി വച്ചു… കുറച്ചു അരി എടുത്തു കുക്കറിൽ വച്ചു കഞ്ഞി വയ്ക്കാൻ….. ചെറിയമ്മ ഒരിക്കൽ പോലും ഒരു നേരം വിശക്കുന്നു എന്ന് പറഞ്ഞു ഇരുന്നു ആഹാരം കഴിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല.. എപ്പോഴും ലെച്ചുവോ ഞാനോ അച്ഛനോ ഒക്കെ കഴിച്ച പ്ലേറ്റിൽ മിച്ചം ഉള്ളതിന്റെ കൂടെ ഒരു പിടി കൂടി ഇട്ടു കഴിക്കും…. അതുകൊണ്ട് തന്നെ ഞാൻ പ്ലേറ്റിൽ മിച്ചം വയ്ക്കാറില്ല. ലെച്ചു കൊത്തി പെറുക്കി എല്ലാം മിച്ചം വയ്ക്കും….. വീട് എല്ലാം ചെറുതായി ഒന്ന് വിര്ത്തി ആക്കി…. അലക്കാൻ ഉണ്ടായിരുന്ന തുണി എല്ലാം അലക്കി ഇട്ടു…. അപ്പോഴേക്കും കഞ്ഞി പാകം ആയി…. റൂമിൽ വന്നു ബാഗ് അടുത്തു അതിൽ നിന്നും ഫോൺ എടുത്തു അതിൽ ചാർജ് ഉണ്ടായിരുന്നില്ല…. അത് ചാർജിൽ ഇട്ടു…. അച്ഛനെ കഞ്ഞി കുടിക്കാൻ പോയി വിളിച്ചു….. നീല അടപ്പുള്ള ബക്കറ്റിൽ നിന്നും പപ്പടം എടുത്തു പൊള്ളിച്ചു…. അലമാരയിൽ നിന്നു അച്ചാർ ഭരണി എടുത്തു കുറച്ചു ഒരു പ്ലേറ്റിലേക്ക് മാറ്റി… ഒക്കെ കരുതി വച്ചിരിക്കുന്നു….. മക്കൾക്കും ഭർത്താവിനും ഇഷ്ട്ട പെട്ടത് വേറെ വേറെ. ഒരിക്കൽ എങ്കിലും സ്വന്തം ഇഷ്ടം എന്തു എന്ന് നോക്കിയിട്ടുണ്ടോ ആ പാവം…. ” നമ്മൾ വേദനിക്കാൻ, അല്ലെങ്കിൽ വേദനിപ്പിക്കാൻ ഉള്ള ഏറ്റവും നല്ല വഴി പ്രിയപ്പെട്ടവരുടെ വേദന കൺമുന്നിൽ കാണുന്നത് ആണ് ….. ആശ്വാസം കൊടുക്കാൻ പോലും കഴിയാതെ നിസ്സഹയായി അത് നോക്കി നിൽക്കേണ്ടി വരുമ്പോഴാണ്.. അച്ഛന് പ്ലേറ്റിലേക്ക് കഞ്ഞി വിളമ്പി കൊടുത്തു… “മോളും ഇരിക്ക്.. ഇന്ന് ഒന്നും കഴിച്ചില്ലല്ലോ? ” “ഞാൻ കഴിച്ചോളാം അച്ഛൻ കഴിക്ക്” “മോൾ കൂടെ ഇരിക്ക്… വിശപ്പിനു വേണ്ടി കഴിക്കുന്നത്‌ ആണ്.. അതിനു തന്നെ വയ്യ. ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലേ വാ നമുക്ക് ഒരുമിച്ചു കഴിക്കാം ” ഞാനും ഒരു പ്ലേറ്റിൽ കഞ്ഞിയുമായി അച്ഛന്റെ അടുത്ത് ഇരുന്നു “നാളെ അവിടുത്തെ ആവിശ്യങ്ങൾ ഒക്കെ കഴിഞ്ഞു ഞാൻ ഓഫീസിൽ പോയി വരാം.. ലീവ് കൊടുക്കണ്ടേ? ” “എം ” “മോൾ രാവിലെ വരുന്നുണ്ടോ? ” “ഉണ്ട് ” കോരുന്ന കഞ്ഞി മുഴുവൻ അച്ഛൻ കുടിക്കുന്നില്ല… വെറുതെ കോരി വാ വരെ കൊണ്ടുപോയി തിരികെ വരും “അവൾക്ക് ഭക്ഷണം വല്ലതും കൊടുത്തോ? ” “കൊടുത്തു എന്നാണ് പറഞ്ഞത് ” “കഴിച്ചിട്ടുണ്ടാകും അല്ലേ….? ” “എം ” “ഇന്നലെ വരെ അവൾ കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല…. കഴിക്കും എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു…. ഇന്ന് അവൾ കഴിച്ചോ ഇല്ലയോ എന്ന് അറിയാഞ്ഞിട്ടു ഒരു വെപ്രാളം…..തൊണ്ടയ്ക്ക് താഴോട്ട് ഇറങ്ങുന്നില്ല…. ” അച്ഛനെ അത്രയും സങ്കടപ്പെട്ട് ഞാൻ കണ്ടിട്ടില്ല…… അച്ഛൻ സ്‌പൂൺ തിരികെ പ്ലേറ്റിൽ ഇട്ടു…. മതി മോളെഇറങ്ങുന്നില്ല….. ” “അച്ഛൻ പതുക്കെ എഴുനേറ്റു പോയി….” ഞാനും എഴുനേറ്റു….. കഴുകി വച്ചു മുറിയിലേക്ക് പോയി… ഫോൺ എടുത്തു നോക്കി.. ഏട്ടൻ വിളിച്ചിട്ടുണ്ട്….. തിരികെ വിളിച്ചു… ഏകദേശം ബെൽ തീരാറായപ്പോഴേക്കും ഫോൺ എടുത്തു “മിത്രാ…….. ” “എം ” “ഹോസ്പിറ്റലിൽ ആണോ ? ” “അല്ല വീട്ടിൽ വന്നു. അവിടെ ആരെയും നിർത്തില്ല ” “അമ്മയ്ക്ക് എങ്ങനെ ഉണ്ട് ” “അതുപോലെ ഡോക്ടർ ഒന്നും പറഞ്ഞില്ല ” “എം എന്തു ആവിശ്യം ഉണ്ടെങ്കിലും വിവേകിനെയോ എബിയോ വിളിക്കണം….. ” “എം ” “താൻ എന്താടോ ഒന്നും മിണ്ടാത്തത്….. കഴിയുന്നതും വേഗം ഞാനും വരാം ” “എം ” “മിത്രാ……. എന്താടോ താൻ എന്തെന്കികും ഒന്ന് പറഞ്ഞുകൂടെ…രാവിലെ മുതൽ തന്നെ വിളിച്ചിട്ട് കിട്ടാതെ ഞാനും ഇവിടെ കിടന്നു ഉരുകുവാ…. ഇപ്പോഴെങ്കിലും നിനക്ക് ഒന്ന് മിണ്ടിക്കൂടെ….. മനസ്സിൽ ഉള്ള വിഷമം ആരോടെങ്കിലും പങ്കു വച്ചു കൂടെ നിനക്ക്….. ” “ഒന്നുമില്ല ഏട്ടാ…. മനസ്സിൽ സങ്കടം ആണോ മരവിപ്പ് ആണോ ഒന്നും തിരിച്ചറിയാൻ വയ്യ….പിന്നെ എനിക്കുള്ളത് എന്തോ എനിക്ക് എവിടെയോ മറഞ്ഞിരിക്കുന്നതു പോലെ.. അതൊക്കെ എങ്ങനെ പറയും….. എനിക്ക് അറിയില്ല… പങ്കു വച്ചാൽ തീരുന്നതു അല്ല അതൊന്നും… ” “മിത്രാ….. താൻ കൂടി തളർന്നു പോകരുത്.. ഞാനും വരാം എത്രയും പെട്ടന്ന്…. “നീ കേൾക്കുന്നുണ്ടോ? ” “എം ” “ലെച്ചുവിനോട് പറഞ്ഞോ? ” “ഇല്ല….. വയറു വേദന ആയിട്ട് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു… ഇന്നലെ അവൾ അമ്മയോട് സംസാരിച്ചിരുന്നു.. ” “സമാധാനത്തോടെ കുറച്ചു നേരം കിടക്ക്….. ഞാനും ഉടനെ വരാം ” “എം ” ഫോൺ കട്ട് ചെയ്തു… കട്ടിലിൽ ഇരുന്നു പതുക്കെ കിടന്നു കണ്ണുകൾ അടച്ചു. എങ്ങനെ ഒക്കെ കിടന്നിട്ടും ഉറക്കം വരുന്നില്ല…. കുറെ നേരം എഴുനേറ്റ് ഇരുന്നു….. കതക് തുറന്നു പുറത്തു വന്നു അച്ഛന്റെ മുറിയിൽ പോയി നോക്കി അച്ഛനെ കണ്ടില്ല…. വാതിൽ തുറന്നു കിടക്കുന്നതു കണ്ടു….

അങ്ങോട്ട്‌ ചെന്നു നോക്കി…. അച്ഛൻ പുറത്തു കസേരയിൽ ഇരുപ്പുണ്ട്, കണ്ണീർ ഒഴുകി ഒലിച്ച പാടുകൾ കാണാം… ” ഞാനും അകത്തേക്ക് പോന്നു….. കുറെ നേരം കൂടി അങ്ങനെ ഇരുന്നു….. എപ്പോഴോ അങ്ങനെ ഇരുന്നു തന്നെ ഉറങ്ങി….. അച്ഛൻ വന്നു വിളിച്ചപ്പോൾ ആണ് എഴുനേറ്റത്…. പെട്ടന്ന് കുളിച്ചു ഗോതമ്പു മാവിൽ കുറച്ചു ദോശയും ചമ്മന്തി യും ഉണ്ടാക്കി… അച്ഛൻ കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു…… “അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കാൻ ഉള്ളത് ആണ് എന്തെങ്കിലും കഴിച്ചില്ലെങ്കിൽ അച്ഛനും പാതി വഴിയിൽ വീണു പോകും…. ഞാൻ മാത്രമേ ഉള്ളൂ..അച്ഛന് രണ്ടു പെണ്ണ് കുട്ടികൾ ആണ്…. അച്ഛൻ മിണ്ടാതെ അത് മുഴുവൻ കഴിച്ചു…. പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലിലേക്ക് പോയി അവിടെ ചെന്നപ്പോൾ വിവേകും എബിച്ചനും പ്രണവും എല്ലാവരും ഞങ്ങളെ കാത്തു ആശുപത്രി മുറ്റത്തു ഉണ്ടായിരുന്നു രണ്ടു പേർക്ക് മാത്രം ആണ് പ്രവേശനം നിങ്ങൾ അകത്തു പൊയ്ക്കോ…. അങ്കിൾ വിളിച്ചാൽ മതി ഞങ്ങൾ പുറത്തു ഉണ്ടാകും….. അച്ഛനും ഞാനും അകത്തേക്ക് പോയി….. വരാന്തയിൽ കാത്തിരുന്നു…. ശ്രീലേഖ യുടെ കൂടെ ഉള്ളത് ആരാ? ഞാനും അച്ഛനും സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു…. ഡോക്ടർ റൂമിൽ വരുമ്പോൾ സംസാരിക്കും…. എങ്ങും പോകരുത് ഇവിടെ ഉണ്ടാകണം ” “എം ” ഞങ്ങൾ അവിടെ കാത്തിരുന്നു…. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ആണ് ഡോക്ടർ വിളിപ്പിച്ചത്… ഡോക്ടറുടെ മുന്നിൽ ഉള്ള കസേരയിൽ ഞങ്ങൾ ഇരുന്നു…. “റിപ്പോർട്ട്‌ ഞാൻ കണ്ടു കുറച്ചു അഡ്വാൻസ് സ്റ്റേജ് ആണ്…. കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ട്….. “സർജ്ജറി ചെയ്യുന്നത് പോസ്സിബിൾ അല്ല…. പിന്നെ കീമോ സ്റ്റാർട്ട്‌ ചെയ്യാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കീമോ ചെയ്യുമ്പോൾ ബോഡി അതിനോട് ഏത്‌ വിധത്തിൽ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല…. അപ്പോൾ ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്…. അതുകൊണ്ട് എല്ലാം സമ്മതിച്ചു കൊണ്ടു പേപ്പർ സൈൻ ചെയ്തു കൊടുക്കണം ” “ഡോക്ടർ കീമോ കഴിഞ്ഞാൽ അസുഖം മാറുമോ.. ” “മുഴുവൻ കീമോയും കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തു നോക്കുമ്പോൾ പോസിറ്റീവ് ആയാൽ തല്ക്കാലം രോഗം മാറി എന്ന് പറയാം….പക്ഷേ രോഗി ഈ കീമോ മുഴുവൻ തരണം ചെയ്യണം. അത് ചെയ്യുന്ന സമയത്ത് പ്രതിരോധശേഷി ഒരുപാടു കുറഞ്ഞു പോകും അപ്പോൾ ഒരു പനി വന്നാൽ കൂടി പ്രതിരോധിക്കാൻ കഴിയില്ല.. അതുകൊണ്ട് പ്രാർത്ഥിക്കുക… അവർക്ക് ഉള്ളിൽ ആത്മവിശ്വാസം കൊടുക്കുക അതാണ് വേണ്ടത്….. ” “അവളെ തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ലേ ഡോക്ടർ ” “തീർച്ചയായും മിസ്റ്റർ ബാലചന്ദ്രൻ ” എന്നാൽ ഇതു ഒരു ഉറപ്പായി കാണണ്ട….. എന്തും സംഭവിക്കാം നമ്മൾ നല്ലത് മാത്രം ചിന്തിക്കുക ” “എം ശരി ഡോക്ടർ ഒന്ന് കണ്ടോട്ടെ… ” “എം സിസ്റ്ററിനോട് പറയാം പുറത്തു വെയിറ്റ് ചെയ്യൂ ” അച്ഛൻ പതുക്കെ എഴുനേറ്റു.. എന്നെ നോക്കി ഞാൻ അച്ഛനെ നോക്കിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു ഒഴുകി അച്ഛന്റെ കാഴ്ച്ച മറച്ചു…കാലുകൾ അനങ്ങുന്നില്ല.. വല്ലാത്ത ഭാരം.. ഞാൻ അച്ഛനെ വിളിച്ചു… അച്ഛാ……. ” “എന്താ മോളെ……. ” “ഒന്ന് പിടിക്ക് അച്ഛാ എഴുനേൽക്കാൻ പറ്റുന്നില്ല ” അച്ഛൻ ഓടി വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു പതുക്കെ നടത്തിച്ചു…. പുറത്തുള്ള കസേരയിൽ കൊണ്ടിരുത്തി…. കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു അകത്തേക്ക് വിളിച്ചു ഞാനും അച്ഛനും അകത്തേക്ക് ചെന്നു ഇന്നലെ വന്ന ഓർമയിൽ ഞാൻ അമ്മയുടെ കട്ടിലിനു നേർക്ക് നടന്നു….. കട്ടിലിൽ കണ്ണുകൾ അടച്ചു അമ്മ കിടക്കുന്നു….. രണ്ടു കയ്യിലും ട്രിപ്പ്‌ ഇന്നലത്തേക്കാൾ ഒരുപാടു ഷീണിച്ചതു പോലെ തോന്നി ഞാൻ ചെന്നു അടുത്ത് നിന്നു വിളിച്ചു “അമ്മേ.. ” പതുക്കെ കണ്ണുകൾ തുറന്നു മോൾ വന്നോ? പോകാറായോ എന്ന് ഡോക്ടറോട് ഒന്ന് ചോദിക്ക് മോളെ ഇവിടെ കിടന്നിട്ട് എനിക്ക് അസുഖം കൂടുന്നതെ ഉള്ളൂ… നമുക്ക് വീട്ടിൽ പോകാം ” അപ്പോഴാണ് അച്ഛനെ കണ്ടത് “ആ അച്ഛനും ഉണ്ടോ നിങ്ങളോട് ഞാൻ അപ്പോഴേ പറഞ്ഞില്ലേ എനിക്ക് കുഴപ്പം ഒന്നുമില്ലന്നു… ഇപ്പോൾ കൂടുന്നതെ ഉള്ളൂ കുറവില്ല. ശരീരം മുഴുവൻ കുത്തി പറിക്കുന്ന വേദന ” അച്ചൻ ഒന്നും മിണ്ടാതെ അമ്മയുടെ കാൽക്കലേക്ക് നോക്കി നിന്നു…. “സാരമില്ല അമ്മേ രണ്ടു ദിവസം കൊണ്ടു ശരിയാകും എന്ന് ഡോക്ടർ പറഞ്ഞു… ” “ലെച്ചു വിളിച്ചോ അവൾക്ക് അവിടെ സുഖമാണോ ” “അവൾക്ക് ഒരു കുഴപ്പവും ഇല്ല സുഖമായി ഇരിക്കുന്നു… ” “ഞാൻ അപ്പോഴേ പറഞ്ഞതാ അവളെ ദൂരേക്ക് വിടണ്ട അടുത്ത് എവിടെ എങ്കിലും മതി എന്ന്…. ഒന്ന് അവളെ കാണണം എങ്കിൽ എത്ര ദൂരം പോകണം.. കാണണം എന്ന് തോന്നുംപോൾ ഒന്ന് ഓടി പോയി കാണാൻ പറ്റുമോ… “അമ്മ പറഞ്ഞു “അമ്മയ്ക്ക് ലെച്ചുവിനെ കാണണോ? ” “കാണണം എനിക്ക് എപ്പോഴും നിങ്ങളെ രണ്ടുപേരെയും കാണണം ” “”അവളോട്‌ പറയാം അമ്മേ…. ” “അമ്മ എന്തേലും കഴിച്ചോ? “എം ” ഇവിടുത്തെ ആഹാരം ഒന്നും രുചി ഇല്ല വീട്ടിൽ പോയിട്ടു വേണം നല്ല ആഹാരം കഴിക്കാൻ… സിസ്റ്റർ വന്നു ബ്ലഡ്‌ ബാങ്കിൽ കൊടുക്കാൻ ഉള്ള പേപ്പർ അച്ഛനെ ഏല്പിച്ചു…. ഒന്ന് രണ്ടു നിമിഷം കൂടി അവിടെ നിന്നിട്ട് ഞാനും അച്ഛനും പുറത്തിറങ്ങി…. പിന്നെട് ഉള്ള ദിവസങ്ങളിൽ കീമോ തുടങ്ങി…. അതുമൂലം ഉള്ള അസ്വസ്ഥത ഉണ്ടായിരുന്നു…. ഒരാഴ്ച്ച കഴിഞ്ഞു അമ്മയെ കണ്ടപ്പോൾ ഞെട്ടി പോയി ആകെ ക്ഷീണിച്ചു എല്ലും തോലുമായി… കണ്ണുകൾ ഒരു കുഴിക്ക് ഉള്ളിൽ വീണു പോയി… എന്നെ കണ്ടപ്പോഴേക്കും കണ്ണിൽ നിന്നു നീർ ഒലിച്ചു… താഴേക്ക് വരുന്നു…. സംസാരിക്കാൻ കഴിയുന്നില്ല… വായ മുഴുവൻ പൊട്ടി ഇരിക്കുന്നു…. തലയിൽ ഒരു തൊപ്പി വച്ചിരിക്കുന്നു മുടി പൊഴിയുന്നത് കൊണ്ടു വച്ചിരിക്കുന്നത് ആണെന്ന് സിസ്റ്റർ പറഞ്ഞു… ചുരുണ്ടു കിടക്കുന്ന ആ രൂപം എന്റെ അമ്മ തന്നെ ആണോ എന്ന് എനിക്ക് അത്ഭുതം തോന്നി… ജീവനില്ലാത്ത ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി… ആ ചുണ്ടുകൾ ചലിച്ചു….. മണി……. എത്ര പിടിച്ചു നിർത്തിയിട്ടും എനിക്ക് കരച്ചിൽ പൊട്ടി “എന്തിനാ മണി കരയുന്നത്….? ” “ഒന്നുമില്ല അമ്മേ “ഭക്ഷണം കഴിക്കുന്നില്ലേ..? “ഒന്നും കഴിക്കാൻ വയ്യ… വായെല്ലാം പൊട്ടി… ഒന്നിനും രുചി ഇല്ല.. എനിക്ക് ഇത്തിരി ഉള്ളി തീയൽ കൂട്ടി ചോറ് തിന്നണം മണി…. “” “”കൊണ്ടു വരാം അമ്മേ ” “ലെച്ചു വന്നില്ലേ…? ” “ഇല്ലമ്മേ നാളെയോ മറ്റന്നാളോ എത്തും ” “അവൾ ഒറ്റയ്ക്ക് വരുമോ? ആരേലും കൂട്ടാൻ പോയോ അവളെ? ” “ഏട്ടന്റെ ഒപ്പം വരും അമ്മേ… ഏട്ടൻ അവളെ അവിടുന്ന് കൂട്ടി വരുന്നുണ്ട് ” “ആ സമാധാനം, അവളുടെ ഏട്ടൻ അല്ലേ അവൻ. മോൻ കൂട്ടികൊണ്ടു വരും ” “നാളെ എത്തും ” “ഇന്ന് രാത്രി ആണ് ഫ്ലൈറ്റ് ” “എം ” “മണി എനിക്ക് ഒന്ന് കുളിക്കണം ” “ഞാൻ സിസ്റ്ററിനോട് ചോദിക്കാം അമ്മേ ” “എന്നാൽ ചോദിച്ചിട്ട് വാ അമ്മയ്ക്ക് ദേഹം മുഴുവൻ ചുട്ടു പൊള്ളുന്നു ” ഞാൻ സിസ്റ്ററിനോട് കാര്യം പറഞ്ഞു മരുന്നിന്റെ ചൂട് ആണ് പിന്നെ നിർബന്ധം ആണെങ്കിൽ കൈയിലെ ട്രിപ്പ്‌ ഊരി തരാം ” അങ്ങനെ അമ്മയുടെ കൈയിലെ ട്രിപ്പ്‌ ഊരി തന്നു ഞാൻ അമ്മയെ പിടിച്ചു ബാത്‌റൂമിൽ കൊണ്ടുപോയി…

ഇരുത്തി ബക്കറ്റിൽ വെള്ളം പിടിച്ചു കുറച്ചേ ഒഴിച്ചു കൊടുത്തു…. കുളിച്ചു കഴിഞ്ഞപ്പോഴേക്കും ഇരുന്ന സ്റ്റൂളിനു ചുറ്റും തലമുടി കുറെ കൊഴിഞ്ഞു വീണു. തല തുവർത്തിയ ടൗവലിലും ഒരു ഭാഗം കൊഴിഞ്ഞു വന്നു….. ഏകദേശം ചെമ്പൻ കളറിൽ ഉള്ള കുറച്ചു മാത്രം ആ തലയിൽ അവശേഷിച്ചു…. ഡ്രസ്സ്‌ മാറ്റി വീണ്ടും കിടക്കയിൽ കൊണ്ടു കിടത്തി…. സിസ്റ്റർ അടുത്തിരുന്ന കഞ്ഞി പാത്രം ചൂണ്ടി കാണിച്ചു പറഞ്ഞു ” “ഇന്നത്തെ കഞ്ഞി കുടിച്ചിട്ടില്ല… ” ഞാൻ കഞ്ഞി കുറച്ചേ കോരി കൊടുത്തു… വെറുതെ വീട്ടിലെ കാര്യം ഒക്കെ പറഞ്ഞു ഇരുന്നു അത് മുഴുവൻ കുടിച്ചു. നാളത്തേക്ക് എല്ലാം ശരിയാകും… ഞാൻ വീട്ടിൽ നിന്നു ഉള്ളി തീയൽ വച്ചു ചോറ് കൊണ്ടുവരാം…. എന്നെ നോക്കി ചിരിച്ചു…. വായ കഴുകി ഞാൻ ബെഡിൽ ചായ്ച്ചു കിടത്തി….. ” സിസ്റ്റർ വന്നു പിന്നേയും മരുന്ന് കുത്തി ഇട്ടു ഞാൻ പുറത്തിറങ്ങി… കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു…. “ഞാൻ പോയിരുന്നു അച്ഛാ കുളിച്ചു കഞ്ഞി കുടിച്ചു. അത് കഴിഞ്ഞപ്പോൾ കുറച്ചു ഉന്മേഷം വന്നു…. നാളെ വീട്ടിൽ നിന്നു ചോറ് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട് ” “വരുണും ലെച്ചുവും നാളെ രാവിലെ ആറു മണിക്ക് എത്തും. ” “ഞാൻ എന്നാൽ വീട്ടിൽ നിന്നു അമ്മയ്ക്ക് ചോറും കൊണ്ടു ഉച്ചക്ക് വരാം ” “അങ്ങനെ ചെയ്യാം “…… വൈകിട്ട് അച്ഛനും ഞാനും കൂടി വീട്ടിലേക്ക് പോയി…. അമ്മയ്ക്ക് ഭക്ഷണം കൊണ്ടു പോകാൻ ഉള്ളതുകൊണ്ട് കുറച്ചു ഉന്മേഷത്തോടെ ആണ് അന്ന് വൈകിട്ട് അടുക്കളയിൽ കയറിയത് ലെച്ചുവിനും എന്തെങ്കിലും ഉണ്ടാക്കി വയ്ക്കണം എന്ന് മനസ്സിൽ ഓർത്തു…… വൈകിട്ട് തന്നെ കുറെ ജോലി ഒക്കെ ഒതുക്കി വച്ചു…. അതിരാവിലെ തന്നെ അച്ഛൻ വീട്ടിൽ നിന്നു ഇറങ്ങി…. വിവേക്ക് ലെച്ചുവിനെയും ഏട്ടനേയും കൂട്ടാൻ എയർപോർട്ടിൽ പോയി.. അച്ഛൻ അവരെ കാത്തു ഹോസ്പിറ്റലിലേക്കും….. ഞാൻ പെട്ടന്ന് തന്നെ എന്റെ ജോലികൾ തീർക്കാൻ ഓടി നടന്നു…. സമയം പെട്ടന്നു പോകുന്നു എന്ന് എനിക്ക് തോന്നി…. ഏട്ടനും ലെച്ചുവും ഹോസ്പിറ്റലിൽ എത്തിയ വിവരം അച്ഛൻ വിളിച്ചു പറഞ്ഞു… ഏട്ടനെ വിളിക്കാൻ നിന്നില്ല പെട്ടന്ന് ചെന്നാൽ കാണാമല്ലോ…. ഫുഡ്‌ എല്ലാം എടുത്ത് വച്ചു ഞാൻ അച്ഛനെ വിളിച്ചു….. വണ്ടി പറഞ്ഞു വിടാം മോളെ….. വിവേക്ക് ആണ് ബൈക്കും കൊണ്ടു വന്നത്….. “ലെച്ചുവും ഏട്ടനും എവിടെ? ” “അവർ ഹോസ്പിറ്റലിൽ ഉണ്ട്… ” “അവർക്ക് ഇതു വരെയും അമ്മയെ കാണാൻ പറ്റിയില്ല… ” “അതെന്താ…” “അറിയില്ല… അമ്മയ്ക്ക് ഇന്ന് തീരെ വയ്യായിക ആണെന്ന് പറയുന്നു…. ” “എയ് ഇന്നലെ നല്ലപോലെ വർത്തമാനം പറഞ്ഞു….. കഞ്ഞി ഒക്കെ കുടിച്ചത് ആണെല്ലോ? ” “അറിയില്ല ഏട്ടത്തി വാ കയറു…. ” പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി…. അച്ഛൻ വന്നു ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി “എന്താ അച്ഛാ അമ്മയെ കാണിക്കാത്തത്? ” “അറിയില്ല ബിപി കൂടുതൽ ആണെന്ന് പറയുന്നു…. ” “ഉച്ചക്ക് കാണാം എന്ന് പറഞ്ഞിട്ടുണ്ട് ” അച്ഛന്റെ വേഗത്തിനു ഒപ്പം നടക്കാൻ ഞാൻ ഓടുക ആയിരുന്നു വെളിയിലെ കസേരയിൽ ലെച്ചു ഇരിക്കുന്നു….. അവൾ ഓടി വന്നു എന്നെ ഞെരുക്കി കെട്ടിപിടിച്ചു… “ചേച്ചി…. അമ്മ….. എനിക്ക് ഒന്ന് കാണാൻ കൂടി കഴിയില്ലേ..? ” “ഒന്നുമില്ലടാ…. ഇന്നലെയും നിന്നെ തിരക്കി…. കുറച്ചു കഴിയുമ്പോൾ കയറി കാണാം സംസാരിക്കാം ” അവളെ ചേർത്തു നിർത്തി കണ്ണീർ തുടച്ചു കൊടുത്തു…. അമ്മയെ കാണുമ്പോൾ കരയരുത്…. കെട്ടോ ” “എം ” കുറച്ചു നേരം കൂടി കഴിഞ്ഞു ഡോക്ടർ വിളിപ്പിച്ചു…. കീമോസമയത്തു അധികം ആയി ബിപി കൂടി… കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായി ഇപ്പോൾ സോൾവ് ആയി വരുന്നു…. ” “ഡോക്ടർ ഞങ്ങൾക്ക് ഒന്ന് കാണാമോ ” “കാണാം പക്ഷെഅധികം സ്ട്രെസ് കൊടുക്കരുത്.. ” “ഇല്ല ഡോക്ടർ ” “ശരി ” കുറച്ചു കഴിഞ്ഞു സിസ്റ്റർ അകത്തു കടക്കാൻ അനുവാദം തന്നു…. ഞാനും ലെച്ചുവും പോയി ഏട്ടൻ വെളിയിലേക്ക് എവിടൊ പോയിരുന്നു…. ഏട്ടനെ വിളിച്ചിട്ട് അച്ഛൻ വരാം എന്നും പറഞ്ഞു. ഞാൻ അമ്മയ്ക്ക് ഉള്ള ഫുഡ്‌ കയ്യിൽ എടുത്തു അകത്തേക്ക് പോയി…. അമ്മ കിടക്കുന്ന സ്ഥലം അറിയാവുന്നതു കൊണ്ടു. ഞാൻ ലെച്ചുവിനെ അവിടേക്ക്‌ തന്നെ കൂട്ടി കൊണ്ടു പോയി…. അമ്മയെ കണ്ട ലെച്ചു വാ പൊത്തി കൊണ്ടു തിരിഞ്ഞു എന്റെ ചുമലിൽ മുഖം അമർത്തി വിങ്ങി കരഞ്ഞു…. “ഞാൻ പറഞ്ഞില്ലേ മോളെ അമ്മ കാണെ കരയരുത് കണ്ണു തുടയ്ക്ക്… ” ഞങ്ങൾ അമ്മയുടെ അടുത്തേക്ക് ചെന്നു. അഡിഷണൽ ആയി ഒരു കമ്പ്യൂട്ടർ മോണിറ്റർ കൂടി അവിടെ പ്രവർത്തിക്കുന്നുണ്ട് “അമ്മേ….. ” “മെല്ലെ കണ്ണുകൾ തുറന്നു …. എപ്പോഴോ കണ്ണീർ ഒലിച്ചു ഇറങ്ങി ഉണങ്ങിയ പാടുകൾ… “ലെച്ചു….. ലെച്ചു…….. “അവ്യക്തമായി വിളിച്ചു അമ്മേ……. ലെച്ചു അമ്മയുടെ മുഖത്തിന്‌ സമീപം മുഖം ചേർത്തു വച്ചു….. “അമ്മയ്ക്ക് വയ്യ മോളെ …. എപ്പോഴും നിങ്ങളെ നോക്കും ആരെയും കാണുന്നില്ല നിങ്ങൾ ഇവിടെ നിന്നാ മതി എങ്ങും പോകണ്ട…. ” “പോകില്ല അമ്മേ…. ” “മണി പാത്രത്തിൽ എന്താ? ” അമ്മയ്ക്ക് ചോറ്, ഉള്ളി തീയലും ഉണ്ട്… ” “ആണോ, വാ നമുക്ക് മൂന്നു പേർക്കും കൂടി കഴിക്കാം ” ഞാൻ സിസ്റ്ററിനോട് ചോദിച്ചു അമ്മയ്ക്ക് ചോറ് എടുത്തു കൊടുത്തു. ചെറിയ ഉരുളകൾ ആക്കി വായിൽ വച്ചു കൊടുത്തു… “മോൾ ആണോ തീയൽ ഉണ്ടാക്കിയത്? ” “അതേ അമ്മേ… ” “നന്നായിട്ടുണ്ട്…. മോളും കഴിക്ക് ” “ഇതു മുഴുവൻ അമ്മയ്ക്ക് ഉള്ളത് ആണ്… ” അമ്മ ഇടക്ക് ഞാൻ കൊണ്ടു ചെല്ലുന്ന ഉരുള ലെച്ചുവിന്റെ നേർക്ക് നീട്ടി അവൾ വാ തുറന്നു അത് വാങ്ങി കഴിച്ചു… ” മൂന്നു നാലു ഉരുള തിന്നപ്പോൾ അമ്മ മതിയാക്കി വെള്ളം കൊടുത്തു വായ കഴുകി അമ്മ വീണ്ടും കിടന്നു…. വരുൺ എവിടെ? ” “ഇപ്പോൾ വരും..,, ” കുറച്ചു കഴിഞ്ഞു അമ്മയുടെ മുഖത്ത് ചുളിവുകൾ വീഴുന്നു ഒന്ന് ചുരുണ്ടു അമ്മ ” “എന്താ അമ്മേ…. ” “ലെച്ചു…. മണി….. അമ്മയ്ക്ക് വേദനിക്കുന്നു എഴുനേറ്റ് ഇരിക്കണം ഞാനും ലെച്ചുവും കൂടി അമ്മയെ എഴുനെല്പിച്ചു ഇരുത്തി… അപ്പോഴേക്കും അച്ഛനും ഏട്ടനും വന്നു “എന്താ എന്താ……. ” “അമ്മയ്ക്ക് വേദനിക്കുന്നു എന്ന് അപ്പോഴേക്കും ലെച്ചു കരഞ്ഞു പോയി…. അമ്മ വല്ലാതെ വിയർക്കാൻ തുടങ്ങി…. വെപ്രാളത്തിന്റെ ഇടയിലും അമ്മ കൈ നീട്ടി ഏട്ടനെ പിടിച്ചു അച്ഛൻ വന്നു അമ്മയുടെ മുഖം പിടിച്ചു കൊണ്ടു ചോദിച്ചു….. “എന്താടി…… എന്താന്നു പറ …. ” “അറിയില്ല എനിക്ക്…. വല്ലാത്ത ഒരു വേദന ചൂട് വന്നു മൂടുന്ന പോലെ… എനിക്ക് കിടക്കണം… ” അച്ഛൻ അമ്മയുടെ തല ചായ്ച്ചു കിടത്തി…… മുഖത്തെ വിയർപ്പ് മണികൾ എല്ലാം കൈകൊണ്ടു തുടച്ചു കൊടുത്തു…. ” “നിങ്ങൾ ഭക്ഷണം കഴിച്ചോ? “”അമ്മ ചോദിച്ചു അതൊക്കെ ഞാൻ കഴിച്ചോളാം അമ്മ കൈയിൽ പിടിച്ചിരുന്ന പിടി മുറുകാൻ തുടങ്ങി…. ഏട്ടൻ ഓടി പോയി സിസ്റ്ററിനെ വിളിച്ചു കൊണ്ടു വന്നു…. എല്ലാവരും ഒന്ന് പുറത്തിറങ്ങു പ്ലീസ്…. എല്ലാവരെയും അവർ പുറത്തേക്ക് ഇറക്കി…. അച്ഛന്റെ കൈപിടിച്ചു വച്ചിരുന്നു അമ്മ….. നമ്മുടെ മക്കൾ…… അച്ഛൻ അമ്മയുടെ കൈ കൂട്ടിപ്പിടിച്ചു കരഞ്ഞു.. … പതുക്കെ അതിൽ മുഖം അമർത്തി… അപ്പോഴേക്കും അമ്മയുടെ കണ്ണിലെ കൃഷ്ണമണി മേലോട്ട് പോകുന്നുണ്ടായിയുന്നു….. പുറത്തു വന്നു അച്ഛൻ ശബ്ദത്തോടെ പൊട്ടി കരഞ്ഞു….. “ഇത്രയും വേദനിക്കാൻ ആയിരുന്നെങ്കിൽ ഞാൻ അവളെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ടു വരില്ലായിരുന്നു…….. അവൾ പറഞ്ഞതാ വരുന്നില്ല ഞാൻ ഇവിടെ കിടന്നോളാം എന്ന് ” ലെച്ചുവും കരഞ്ഞു തുടങ്ങി….. ഭിത്തിയിൽ ചാരി നിന്നു ഞാൻ മേല്പോട്ടു നോക്കി…. വെളുത്ത പ്രതലത്തിൽ എവിടെയോ അമ്മയുടെ മുഖ ഛായ…. എ ശബ്ദം എന്റെ അടുക്കൽ തന്നെ ഇരുന്നു കേൾക്കുന്നത് പോലെ തോന്നി….. മണി…… മോളെ……. ചില്ലു വാതിൽ തുറന്നു സിസ്റ്റർ വന്നു…. ഏട്ടൻ അടുത്തേക്ക് ചെന്നു ഏട്ടനോട് പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി ഏട്ടൻ അച്ഛന്റെ അടുത്തേക്ക് ചെന്നു അച്ഛൻ ഏട്ടനെ നോക്കി “പോയി അല്ലേ….. പോട്ടെ വേദനിക്കാതെ പോട്ടെ……… “(തുടരും ) (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular