Connect with us

Love

ഞാൻ ഈ പടി ഇറങ്ങുമ്പോൾ. അതോടെ തീരും എല്ലാ ബന്ധവും…

Published

on

രചന: മഹാ ദേവൻ

“ഹരി, ഇങ്ങനെ ആണേൽ നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല . ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം . തള്ളക്ക് ഞാൻ മിണ്ടിയാൽ പ്രശ്നം, മിണ്ടിയില്ലെങ്കിൽ പ്രശ്നം. അടുക്കളയിൽ കേറിയില്ലെങ്കിൽ അപ്പൊ തുടങ്ങും. എനിക്ക് ഇങ്ങനെ എപ്പഴും അടുക്കളയിൽ കേറാനും aa തള്ള പറയുന്നത് കേൾക്കാനുമൊന്നും പറ്റില്ല.. അതുകൊണ്ട് ഒന്നുങ്കിൽ ഞാൻ, അല്ലെങ്കിൽ നിങ്ങളുടെ അമ്മ.. രണ്ടിലൊന്ന് മതി ഇനി ഈ വീട്ടിൽ.. ഞാൻ ഈ വീട്ടിൽ വേണമെങ്കിൽ അമ്മയെ വല്ലിടത്തും കൊണ്ടാക്കേണ്ടി വരും, അതല്ല, അവരാണ് വേണ്ടതെങ്കിൽ ഇപ്പോൾ പറഞ്ഞോ.. ഞാൻ ഇറങ്ങിയേക്കാം. പോകുമ്പോൾ എന്റെ അച്ഛൻ താനതൊക്കെ കയ്യോടെ തന്നേക്കണം. പറഞ്ഞില്ലെന്ന് വേണ്ട. ” രാജിയുടെ രോഷം നിറഞ്ഞ ഓരോ വാക്കുകളും ഹരിയുടെ ഇടനെഞ്ചിലാണ് കൊള്ളുന്നതെങ്കിലും മറുത്തൊരു വാക്ക് പറയാൻ കഴിയാത്ത പോലെ നാക്കിനെ പിടിച്ചുകെട്ടിയത് അവളുടെ അച്ഛൻ തന്ന പണത്തിന്റെ കണക്ക് തന്നെ ആയിരുന്നു.. ബിസിനസ് പൊളിഞ്ഞ സമയത്ത് പ്രണയത്തിന്റ പേരിൽ രാജിയെ കെട്ടുമ്പോൾ മകളോടൊപ്പം തന്ന പണത്തിന്റെ ബലത്തിലാണ് ഒന്ന് പച്ചപിടിച്ചു തുടങ്ങിയത്. പക്ഷേ, അവളെ പിണക്കി അയച്ചാൽ കൊടുക്കാനുള്ളത് ഇപ്പോൾ കയ്യിൽ ആയിട്ടില്ല എന്നത് തന്നെ ആയിരുന്നു അവന്റെ മൗനത്തിനു കാരണം. ” രാജി.. അതെന്റെ അമ്മയാണ്… എന്നെ വളർത്തി വലുതാക്കി എത്രത്തോളം എത്തിച്ച ആ മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ഞാൻ എങ്ങിനെയാണ്…. ” അവന്റെ വിഷമത്തോടെയുള്ള ആ വാക്കുകൾക്ക് മുന്നിൽ അവൾ പുച്ഛത്തോടെ ആയിരുന്നു മറുപടി നൽകിയത്. “നിങ്ങൾക്ക് അങ്ങനെ പല കടമയും കടപ്പാടും ഉണ്ടാകും അവരോട്..അതിനു ഞാൻ എന്ത് വേണം. ഞാൻ പറഞ്ഞല്ലോ നിങ്ങൾക്ക് ഞാൻ പറഞ്ഞത് സമ്മതം അല്ലെങ്കിൽ ഞാൻ പോയേക്കാം എന്ന്.. പക്ഷേ, ഒരു രൂപ കുറയാതെ കിട്ടിയിരിക്കണം ഞാൻ ഈ പടി ഇറങ്ങുമ്പോൾ. അതോടെ തീരും എല്ലാ ബന്ധവും. ” അവളുടെ ഓരോ വാക്കിനു മുന്നിലും നിഷ്പ്രഭമായി പോകുമ്പോൾ അവന് അറിയില്ലായിരുന്നു എന്ത് ചെയ്യണം എന്ന്. പെറ്റ വയറിനെ ഉപേക്ഷിക്കാൻ കഴിയില്ല.. അതുപോലെ തന്നെ ജീവിതത്തിലെക്ക് ചേർത്ത് പിടിച്ചവളെയും. ” രാജി.. ഇതുപോലെ ഉള്ള ചെറിയ വിഷയങ്ങൾ പറഞ്ഞു തീർത്താൽ തീരില്ലേ? അതിനെ ഇങ്ങനെ ഊതിപ്പെരുപ്പിച്ച് ഇത്ര വലിയ പ്രശ്നം ആക്കണോ… അമ്മ ആരോടും മറുത്തൊരു വാക്ക് പറയുന്നതോ ആജ്ഞാപിക്കുന്നതോ ഇന്ന് വരെ കണ്ടിട്ടില്ല.. അവർ സ്നേഹത്തിന്റെ പേരിൽ പറയുന്നത് ആയിരിക്കും.. അതിനെ വളച്ചൊടിക്കാതെ ആ സെൻസിൽ എടുത്താൽ തീരുന്നതേ ഉളളൂ ഇതൊക്കെ ” എന്ന് പറയുമ്പോൾ അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. ഏത് നിമിഷവും അവൾ പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിച്ച അവന് മുന്നിൽ അതുപോലെ തന്നെ അവൾ കലിതുള്ളി. ” ഓഹ് .. നിങ്ങടെ അമ്മ നിങ്ങൾക്ക് അങ്ങനെ ഒക്കെ ആയിരിക്കും..

അതിന് ഞാൻ എന്ത് വേണം. എനിക്ക് ഇങ്ങനെ ഒക്കെ പെരുമാറാൻ അറിയൂ.. ആരും എന്നെ ഭരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല. അത് നിങ്ങള് ആണെങ്കിലും നിങ്ങളുടെ തള്ള ആണെങ്കിലും ” അവൾ വാക്കുകൾ കൊണ്ട് നിന്ന് കലിതുള്ളുമ്പോൾ അത് കേട്ട് കൊണ്ടായിരുന്നു അമ്പലത്തിലേക്ക് പോയ സാവിത്രി ഹാളിലേക്ക് കയറിവന്നത്. മരുമോളുടെ സംസാരവും മകന്റ നിസ്സഹായതയോടെ ഉള്ള നിൽപ്പിനും കാരണം താനായിരിക്കുമെന്ന് കേറി വരുമ്പോൾ കേട്ട സംസാരത്തിൽ നിന്ന് അവർക്ക് മനസ്സിലായി. എങ്കിലും ഒന്നും അറിയാത്ത പോലെ ” എന്താ മോനെ പ്രശ്നം ” എന്ന് ചോദിക്കുമ്പോൾ അതിന് മറുപടി പറഞ്ഞത് രാജിയായിരുന്നു, ” പ്രശ്നം നിങ്ങള് തന്നെയാ… എന്റെ അച്ഛൻ ഇട്ടുമൂടാൻ സ്വത്ത്‌ കൊടുത്തെന്നേ ഈ വീട്ടിലേക്ക് വിട്ടത് അടുക്കളയിൽ കിടക്കാൻ അല്ല. നിങ്ങൾക്ക് വെച്ച് വിളമ്പാനും വീട് നോക്കാനും വേണേൽ ആളെ വെക്കണം.. അല്ലാതെ ഞാൻ അതൊക്ക ചെയ്യണം എന്ന് വാശിപിടിക്കാൻ നിങ്ങള് ആരാ ” എന്ന് ഉറക്കെ ചോദിക്കുമ്പോൾ ഒട്ടും പതറാതെ തന്നെ പുഞ്ചിരിയോടെ തന്നെ അവർ പറഞ്ഞു ” ഞാൻ ഇവന്റ അമ്മയാണ്. നിനക്ക് അത് അറിയില്ലെങ്കിൽ ഇപ്പോൾ അറിഞ്ഞോ. നിന്റെ സംശയം പോലെ എന്റെ മകന് ഉണ്ടാകില്ലെന്ന് കരുതുന്നു. പിന്നെ മോളോട് ഞാൻ അത് ചെയ്യണം, ഇത് ചെയ്യണം എന്നൊന്നും പറഞ്ഞു ഭരിക്കാൻ വരാറില്ലല്ലോ.. എനിക്ക് പറ്റുന്ന പോലെ ഇന്നും ഞാൻ ചെയ്യുന്നുണ്ട്. പക്ഷേ, ഈ വയ്യാത്ത ശരീരവും നിന്റെ തുണിയും അടിയിൽ ഇടുന്ന സാധനം വരെ ഞാൻ അലക്കണമെന്ന് പറഞ്ഞാൽ..? ഒന്നല്ലെങ്കിൽ ഞാൻ വയസായ ഒരാൾ അല്ലെ.. അതെങ്കിലും നീ ചിന്തിക്കാറുണ്ടോ? അമ്മയല്ലേ, വയസ്സായതല്ലേ.. അവരെ ഒന്ന് സഹായിക്കാമെന്ന് തോന്നിയിട്ടുണ്ടോ.. ഒന്നുമില്ലെങ്കിൽ നിന്റെ വസ്ത്രങ്ങൾ എങ്കിലും അമ്മയെ കൊണ്ട് ചെയ്യിക്കാതെ സ്വയം ചെയ്യാമെന്ന് തോന്നിയിട്ടുണ്ടോ.. ഇല്ലല്ലോ.. പാവല്ലേ… വന്ന് കേറിയ പെണ്ണാണെങ്കിലും മോളെ പോലെ കാണണം എന്നൊക്കെ മനസ്സിൽ ഉള്ളത് കൊണ്ട് എല്ലാത്തിനും മറുത്തൊന്നും പറയാതെ ചെയ്തു തരുമ്പോൾ… ” ശാന്തമായ സംസാരം ആണെങ്കിലും വാക്കുകൾക്ക് വല്ലാത്തൊരു ശക്തി ഉണ്ടായിരുന്നു. അത് അവളെ വീണ്ടും ചൊടിപ്പിച്ചു. ” ഞാൻ പറഞ്ഞോ നിങ്ങളോട് എന്റെ തുണി അലക്കാൻ.? ഇല്ലല്ലോ.. എന്റെ വസ്ത്രങ്ങൾ മുഷിഞ്ഞു കിടന്നാൽ അവിടെ കിടന്നോട്ടെ, നിങ്ങൾക്ക് എന്താണ്… ഒരു വൃത്തിക്കാരി വന്നിരിക്കുന്നു ” അവളുടെ പുച്ഛം നിറഞ്ഞ വാക്കുകൾ വല്ലാതെ മനസ്സിനെ വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ പിന്നെ അതുവരെ ഇല്ലാത്ത ഒരു ഭാവമായിരുന്നു സാവിത്രിയിൽ കണ്ടത്. ” മോളെ.. വയസായി വീഴാറായ മരം ആണെന്ന് കരുതി ചുമ്മാ അങ്ങ് ഓടിക്കേറല്ലേ.. അടി തെറ്റും.. നീ എന്ത് കരുതി, നീ വായിൽ കോലിട്ട് കുത്തിയിട്ട് പോലും ഒന്നും മിണ്ടാതെ ക്ഷമിച്ചിരിക്കുന്നത് നിന്നെ പേടിച്ചിട്ട് ആണെന്നോ.. അത് നിന്നെ കെട്ടുമ്പോൾ നിന്റെ അച്ഛൻ ഇവന് കൊടുത്ത കാശിനെ പേടിച്ചിട്ടാണെന്നോ? അത് ഈ വീട്ടിൽ വേണ്ട.. ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു. പെണ്ണിന് അഹങ്കാരം ആവാം. പക്ഷെ, അത് ആരോടും ആവാമെന്ന് കരുതണ്ട. നീ വളർന്നത് നിന്റെ അമ്മയോട് ഇങ്ങനെ ഒക്കെ പറഞ്ഞായിരിക്കും.

അന്ന് തല്ലി വളർത്താത്തതിന്റ ആണ് ഇതൊക്കെ.. എന്നുകരുതി അവിടെ കാണിച്ച സ്വഭാവമഹിമ ഇവിടെ എടുക്കല്ലേ.. ആദ്യം വന്ദിക്കാൻ പഠിക്ക്. പണം ഉള്ളവൻ അടുക്കളയിൽ കേറിയാൽ എന്ത വള ഊരിപ്പോകുമോ? സ്വന്തം വീട് വൃത്തിയാക്കിയാൽ എന്താ നിന്റെ അന്തസ്സിനു കോട്ടം തട്ടുമോ? എടി മോളെ ആദ്യം നിലത്തു നിക്ക്.. എന്നിട്ട് മനസ്സിലേക്ക് നമ്മൾ ആരാണെന്നും എന്താണെന്നും എന്നിട്ട് തുള്ളൂ.. മനസ്സിലായോ ” എന്നും പറഞ്ഞ് സാവിത്രി ഹരിക്ക് നേരെ തിരിഞ്ഞു, ” അമ്മയെ ഓർത്ത് നീ വിഷമിക്കണ്ട… നിനക്ക് അവളെ സ്വീകരിക്കാം.. പക്ഷേ, ഈ വീട്ടിൽ നിന്ന് എന്നെ വല്ല വൃദ്ധസദനത്തിലും ആകാമെന്ന് ആരും കരുതണ്ട. വേണേൽ നിനക്ക് അവൾക്കൊപ്പം പോകാം.. എപ്പോ വേണമെങ്കിലും തിരികെ വരികയും ചെയ്യാം.. അതല്ല.. ഇനിയും ഇവൾ വാശി പിടിക്കുകയാണെങ്കിൽ, നിന്നെ വേണ്ടെന്ന് പറഞ്ഞ് പോകാൻ തന്നെ ആണ് തീരുമാനം എങ്കിൽ , ദാമ്പത്യത്തിന്റെ വില മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെങ്കിൽ പോകുമ്പോൾ അമ്മയുടെ സ്വത്തിന്റ ആധാരം ഉണ്ട്.. അവളുടെ അപ്പൻ തന്ന കാശിനെക്കാൾ വിലമതിക്കും അതിന്. അത് കൊടുത്തേക്ക്.. ജീവിതം എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇങ്ങനെ പെണ്ണിന് മുന്നിൽ വാലാട്ടി നിൽക്കുന്നതിനേക്കാൾ നല്ലത് വേണ്ടെന്ന് വെക്കുന്നത് തന്നെ ആണ്. ” അത്രയും പറഞ്ഞ് അവർ അവളെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോകുമ്പോൾ അത്ര നേരം മിണ്ടാതിരുന്ന രാജി ഹരിക്ക് നേരെ ചാടി, ” നിങ്ങള് ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരുന്നല്ലേ.. നിങ്ങളുടെ തള്ള പറഞ്ഞതിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, വേണ്ടെന്ന് വെച്ചിട്ടാ.. ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല.. എനിക്കിപ്പോ കിട്ടണം എന്റെ അച്ഛൻ തന്നത് ” എന്ന് അവൾ പറഞ്ഞതും അവൻ കൈ ഉയർത്തി അവളുടെ കവിളിൽ ഒന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു, ആ അടിയുടെ ആഘാതത്തിൽ വീഴാൻ പോയവളെ നോക്കിക്കൊണ്ട് അവൻ അവൾക്ക് നേരെ വിരൽചൂണ്ടി ” ഇപ്പോൾ തന്നത് നിന്റെ അച്ഛൻ തന്നതല്ല.. പക്ഷേ, അത് നിനക്ക് തരാത്തതാണ് നിന്റെ കുഴപ്പം. ഇനി നിനക്ക് വേണമെങ്കിൽ പോകാം… എന്നിട്ട് ഇതൊക്കെ പറഞ്ഞ് നിന്റെ അച്ഛനേം കൂട്ടി വാ കാശ് വാങ്ങാൻ . ഇതൊക്കെ പറഞ്ഞ് നിന്റെ ഭാഗത്തു വല്ല ശരിയും കണ്ടെത്തി വരികയാണെങ്കിൽ അപ്പൊ കൊടുകാം ഞാൻ കാശ്.. ഇപ്പോൾ നിനക്ക് തീരുമാനിക്കാം എന്ത് വേണമെന്ന് ” എന്നും പറഞ്ഞ് അകത്തേക്ക് പോകുന്ന അവനെ നോക്കി നിൽക്കുന്ന അവൾ കവിളിൽ കൈ വെച്ച് കൊണ്ട് അപ്പോൾ ചിന്തിക്കുന്നുണ്ടായിരുന്നു ” ഈ കാലമാടൻ എന്തൊരു അടിയാ അടിച്ചത് ” എന്ന്.

Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ… ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ… അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ…

https://www.instagram.com/valappottukal/

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular