Connect with us

Relationship

ഏട്ടനെന്‍റെ നെറുകയില്‍ തലോടി… ആ സ്നേഹസ്പര്‍ശനമേറ്റ് ഞാനും ഒരഞ്ചു വയസ്സുകാരിയായ് ആ മാറില്‍ ചേര്‍ന്നു നിന്നു…

Published

on

രചന: Nkr Mattannur

അന്നൊരു ശനിയാഴ്ചയായിരുന്നു. ഏട്ടന്‍ വരുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു…ഉമ്മറത്ത് പടിവാതിലില്‍ എന്നും ഏട്ടനേയും കാത്തു ഞാന്‍ നില്‍ക്കാറുണ്ട്. കയ്യിലെ ചെളി മണ്ണു പുരണ്ട പൊതി എന്‍റെ കയ്യിലേക്ക് തന്നു.ഒരു പ്ലാസ്ററിക്ക് കൂടിനുള്ളില്‍ പൊതിഞ്ഞ മൂന്നു പരിപ്പു വട.. ഏട്ടന്‍റെ പേഴ്സും ആ കൂട്ടത്തിലുണ്ടായിരുന്നു.. ഏട്ടന്‍ കിണറ്റിന്‍ കരയിലേക്ക് പോയി. അവിടെ കുളിക്കാനുള്ള തോര്‍ത്തും സോപ്പുമെല്ലാം എടുത്തു വച്ചിട്ടുണ്ട്.. ആവശ്യത്തിന് വെള്ളവും കോരി വെച്ചിട്ടുണ്ട്..ബര്‍മുഢയും ബനിയനും അഴിച്ചു മാറ്റി കുളിച്ചു വരുമ്പോള്‍ മാറിയുടുക്കുവാനുള്ള ലുങ്കിയും ഷര്‍ട്ടും പുറത്തെ അയയില്‍ കൊണ്ടു വച്ചു… ശനിയാഴ്ച ആയതു കൊണ്ടാവാം ഇന്ന് കൂടുതല്‍ വൈകിയത്… അമ്മ കപ്പില്‍ പകര്‍ന്നു തന്ന ചായയുമായ് ഞാന്‍ വരാന്തയിലെത്തുമ്പോള്‍ ,ഏട്ടന്‍ തല തുവര്‍ത്തുകയായിരുന്നു..കണ്ണാടിക്കു മുന്നില്‍ നിന്ന് മുടി ചീകിയൊതുക്കി കസേരയില്‍ വന്നിരുന്നു … വല്ലാതെ ക്ഷീണിച്ച മുഖഭാവം…ഇന്ന് മൂന്നു ലോഡ് ചെങ്കല്ല് കയറ്റിയിറക്കിട്ടുണ്ടാവും അല്ലേ ഏട്ടാ..? ഉം..ചെങ്കല്ലിന് നല്ല ആവശ്യക്കാരുണ്ടിപ്പോള്‍… ആ മുഖത്തേക്ക് നോക്കിയിരിക്കേ സങ്കടത്താലെന്‍റെ കണ്ണുകള്‍ നിറഞ്ഞു..പാവം ഏട്ടന്‍… പഠിക്കേണ്ട പ്രായത്തില്‍…,കൂട്ടുകൂടി കറങ്ങി നടന്ന് ജീവിതം ആസ്വദിക്കേണ്ട പ്രായത്തില്‍…., എന്‍റെ ഏട്ടന്‍,ചെങ്കല്‍ പണയിലെ ലോറിയില്‍ പോയി ഒരു കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുകയാ പാവം… ഞാനും അമ്മയും അടങ്ങുന്ന കുടുംബത്തിനു വേണ്ടി രാപ്പകലില്ലാതെ… എന്താ നീ ഓര്‍ക്കണത് ..? ഏയ്…കണ്ണുനീര്‍ ഏട്ടനെ മറച്ചു പിടിച്ചു ഞാന്‍.. വീടിന്‍റെ പണി കഴിഞ്ഞിട്ടു വേണം ഏട്ടനൊന്നു വിശ്രമിക്കാന്‍ അല്ലേ..? ഓ…അല്ല ..അതുകഴിഞ്ഞ് എന്‍റെ മോളെ കൊള്ളാവുന്നൊരുത്തന്‍റെ കൈകളില്‍ ഏല്‍പ്പിച്ചിട്ട് വേണം എനിക്കൊന്നു നടു നിവര്‍ത്താന്‍… അതും പറഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ഏട്ടന്‍ കസേരയില്‍ ചാഞ്ഞു കിടന്നു. അകാലത്തില്‍ നമ്മളേയെല്ലാം വിട്ടു പിരിഞ്ഞു പോയ അച്ഛന്‍റെ ഭാരം മുഴുവന്‍ ഇരുപതാമത്തെ വയസ്സില്‍ സ്വയം തലയിലേറ്റിയ ഏട്ടന്‍റെ സങ്കടങ്ങള്‍ കണ്ട് വീണ്ടും കരയാക്കാതിരിക്കാന്‍ വയ്യാത്തതിനാല്‍ ഞാന്‍ അകത്തേക്ക് കയറി പോയി. എന്നേക്കാളും ഏഴു വയസ്സിന് മൂത്തതാ ഏട്ടന്‍..ഞാന്‍ ഡിഗ്രിക്ക് പഠിക്കുവാണ്..അമ്മ അടുത്തിടങ്ങളില്‍ തൊഴിലുറപ്പു ജോലിക്ക് പോവും… അമ്മയും ഏട്ടനും കൂടി കിട്ടണതെല്ലാം സ്വരുക്കൂട്ടി ഒരു വീട് പണിയുവാണ്..മൂന്നു കിടപ്പു മുറികളുള്ള ഒരു മനോഹരമായൊരു വീട്…ബാങ്ക് ലോണൊന്നും വേണ്ടാന്നു പറഞ്ഞു ഏട്ടന്‍…കിട്ടുന്നതില്‍ നിന്നും പതിയേ ചെയ്യാം..വീടു പണി കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ ലോണെടുത്ത് വേണം ഏട്ടന്‍റേ മോളെ കെട്ടിക്കാന്‍,എന്നു പറയും ഇടയ്ക്കിടെ.. ഞാന്‍ അതിനൊന്നും സമ്മതിക്കത്തില്ല ഒരിക്കലും ..നന്നായി പഠിച്ച് ഒരു ജോലി നേടണം എന്നുള്ളതാണ് ഈ ശ്രീക്കുട്ടിയുടെ മോഹം..എന്നിട്ട് കൊതി തീരുവോളം അമ്മയ്ക്കും ഏട്ടനുമൊപ്പം ജീവിക്കണമെനിക്ക്… ഏട്ടന്‍ കഷ്ടപ്പെട്ടത്രേം ആവില്ലെങ്കിലും എന്തെങ്കിലും ചെയ്യണം എന്നത് എനിക്കൊരു വാശിയാ… ഈ വര്‍ഷം ഡിഗ്രി കഴിയും.

ഇനി പി.ജി ചെയ്യണം…പറ്റുമെങ്കില്‍ ഒരു ടീച്ചര്‍ ആവണം…അതിനിടയില്‍ പി.എസ്.സി കോച്ചിംഗിന് കൂടി പോവണം…ഏതാ ആദ്യം എന്നറിയില്ല.. വേഗം ഒരു ജോലി നേടണം.. രാത്രി ടി.വി.വാര്‍ത്ത കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഇനി മോളുടെ കയ്യില്‍ ഇപ്പോള്‍ ആകെ എത്ര രൂപ കാണും…? ഏട്ടന്‍ ചോദിച്ചു. എല്ലാ ശനിയാഴ്ചകളിലും കിട്ടുന്നതെല്ലാം കൊണ്ടുത്തരുന്നത് എന്‍റെ കൈകളിലേക്കാണ്.. ഇപ്പോള്‍ മുപ്പതിനായിരം ആയിട്ടുണ്ട് ഇന്നത്തേതും ചേര്‍ത്ത്.. മം…നാളെ ചിലപ്പോള്‍ പൂഴി വരും.. ചുമരിന്‍റെ തേപ്പ് പണി തുടങ്ങണം വേഗം തന്നെ.. കട്ടില-ജാലകമൊക്കെ കുത്തി വെച്ചു ,വയറിംഗ് ജോലികളും കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു കാണും…അതുകഴിഞ്ഞ് സ്വരുക്കൂട്ടിയതാ ഇപ്പോള്‍ അത്രേം തുക…ഏട്ടന്‍ പുറത്തൂന്ന് ഒരു വക കഴിക്കില്ല..രാവിലെ ,വെറും ഒരു ചായ കുടിച്ച് ഇറങ്ങിയാല്‍ ചെങ്കല്‍ പണയില്‍ നിന്നും പത്തു മണിക്ക് കഞ്ഞി കുടിക്കും…ഉച്ച ഭക്ഷണവും അവിടുന്ന് തന്നേ..വൈകിട്ട് വരുമ്പോള്‍ ഏട്ടന് ഇത്തിരി അവല്‍ പാല്‍ ചേര്‍ത്തു നനച്ചതുമായാണ് ഞാനെന്നും കാത്തിരിക്കാറുള്ളത്… ഏട്ടന്‍ വയറു നിറച്ച് ഉണ്ണുന്നതു കാണണം എനിക്കും അമ്മയ്ക്കും .അച്ഛന്‍ പോയതില്‍ പിന്നെ കഴിഞ്ഞ ഏഴുവര്‍ഷമായ് ആ തണലിലാണ് ഞാനും അമ്മയും.. മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഒരു ഒറ്റമുറിയും ഒരു അടുക്കള പോലൊരു ചായ്പ്പും ഒരു കൊച്ചു വരാന്തയും ചേര്‍ന്ന ഒരു വീടാണ് ഇപ്പോള്‍ നമ്മുടെ ലോകം.. ഇതിനുള്ളില്‍ കഴിയുന്ന മൂന്നു മനസ്സുകളിലും ഇപ്പോള്‍ ഒരൊറ്റ സ്വപ്നമേയുള്ളൂ…പണി തീരാത്ത ഞങ്ങളുടെ വീട്… അമ്മയ്ക്ക് കിട്ടുന്നതു കൊണ്ട് വീട്ടു ചെലവും എന്‍റെ പഠിപ്പും നടത്തി ഏട്ടന്‍ കൊണ്ടു വരുന്നതു കൊണ്ട് പടുത്തുയര്‍ത്തുന്ന ആ വീട് മുഴുവന്‍ എന്‍റെ ഏട്ടന്‍റെ വിയര്‍പ്പാ.. ഇന്ന് ഞായറാഴ്ച . രാവിലെ ഞാനുണരുമ്പോള്‍ ഏഴു മണിയായി.ഇന്നലെ രാത്രി വൈകുവോളം ഇരുന്നു പഠിക്കുവായിരുന്നു. ഏട്ടന്‍ ഉമ്മറത്ത് ആത്രേം നേരം എനിക്കു കാവലിരുന്നു ഒരു പുസ്തകം വായിച്ചു കൊണ്ട്..ഞാന്‍ കോളജ് ലൈബ്രറിയില്‍ നിന്നും കൊണ്ടു വരുന്ന പുസ്തകം മുഴുവന്‍ ഏട്ടനാണ് വായിക്കാറ്… പുകവലിയോ കള്ളുകുടിയോ ഇല്ലാത്ത എന്‍റെ ഏട്ടന് നാട്ടില്‍ കൂട്ടുകെട്ടുകളും ഇല്ല..അതുകൊണ്ട് രാത്രിയുള്ള കറങ്ങി നടത്തവും ഇല്ല… എല്ലാം എന്‍റേട്ടന് ആരും പറഞ്ഞു കൊടുത്തതൊന്നുമല്ല…ഇരുപത്തേഴു വയസ്സുകാരന് അതിലുമേറെ പക്വതയുണ്ട്…എല്ലാം വായനയിലൂടെ നേടിയതാവും. രാവിലേത്തന്നെ പുതിയ വീടിന്‍റെ മുറ്റം വൃത്തിയാക്കുകയായിരുന്ന ഏട്ടനേയും കണി കണ്ടാണ് ഞാനുണര്‍ന്നത്…. ഞാന്‍ അവിടേക്ക് പോയി… എന്‍റേട്ടാ അത് ഇത്തിരി കഴിഞ്ഞാലും ചെയ്തുകൂടേ…ഇന്നെങ്കിലും ഇത്തിരി നേരം സമാധാനത്തോടെ ഒന്നുറങ്ങാന്‍ പാടില്ലേ എന്‍റേട്ടന്…? നാളെ രാവിലെ അഞ്ചിനുണര്‍ന്ന് വീണ്ടും പോവേണ്ടതല്ലേ..? നിനക്ക് അങ്ങനേയൊക്കേ പറയാം..ഇപ്പോള്‍ വരും പൂഴിയും കൊണ്ട് ലോറി. മണ്ണിലിറക്കയാല്‍ നഷ്ടം വരും..180 അടി പൂഴിക്ക് പതിനയ്യായിരമാ വില..

നമ്മുടെ കയ്യില്‍ വെറുതേ കളയാനുള്ള കാശുണ്ടോ മോളെ..? ഏട്ടന്‍ പാതി തമാശയായാ പറഞ്ഞതെങ്കിലും എനിക്കതും നൊന്തു.. സോറി ഏട്ടാ… പ്ലാസ്ററിക്ക് ഷീറ്റെടുത്തു നിലത്തു വിരിക്കാന്‍ ഞാനും സഹായിച്ചു.. അമ്മ അടുക്കളയില്‍ ആവും. നമുക്ക് ഇന്നിത്തിരി ഇറച്ചി വാങ്ങിയാലോ..? ഞാനേട്ടനോട് ചോദിച്ചു…? അതു വേണോ…? വേണം.ഞാന്‍ പറഞ്ഞു. എങ്കില്‍ ഞാന്‍ പോവാം ടൗണില്‍ ..പൂഴി വരട്ടെ..അതു കഴിഞ്ഞ് പോവാം . ഇറച്ചി വാങ്ങാന്‍ പറഞ്ഞത് അത് എനിക്കു കഴിക്കാനുള്ള കൊതി കൊണ്ടൊന്നുമല്ലായിരുന്നു.. ഏട്ടന്‍ നല്ല പോലെ ഭക്ഷണം കഴിക്കണത് കാണാനായിരുന്നു.. ഏട്ടനുണ്ടെങ്കിലേ നമ്മളുള്ളൂ… ഇവിടെ വീട്ടില്‍ നമ്മള്‍ക്ക് ഒരു ബൈക്കുണ്ട് സ്വന്തമായി.അത് മൂന്നു മാസം മുമ്പ് ഏട്ടന് ഒരു സെറ്റ് ലോട്ടറി വഴി കിട്ടിയ പണം കൊണ്ട് വാങ്ങിയതായിരുന്നു… ലോട്ടറിക്ക് പിറകേ പോയ് പണം കളയാറില്ല ഏട്ടന്‍.ഒരു ദിവസം പ്രായമായൊരാള്‍ വിറ്റു തീരാത്ത ടിക്കറ്റിന്‍റെ ഒരു സെറ്റ് ഏട്ടന് കൊടുത്തിട്ട് പോയതാ…പിറ്റേന്നാ അതിന്‍റെ റിസല്‍ട്ട് കണ്ടു ഞെട്ടിയത്.. അയ്യായിരം രൂപാ വീതം ഓരോ ലോട്ടറിക്കും കിട്ടി.. എന്‍റേ മോഹമായിരുന്നു ഏട്ടനൊരു ബൈക്ക് സ്വന്തമാക്കണമെന്നത്.. ഏട്ടനും അതിന് സമ്മതിച്ചപ്പോള്‍ എനിക്കു സ്വര്‍ഗ്ഗം നേടിയ സന്തോഷമായിരുന്നു… ഞാനും കൂടേ വരട്ടെ ഏട്ടനൊപ്പം.. അമ്പലത്തില്‍ പോയിട്ട് കുറേയായി. മം…പോന്നോളൂ… അങ്ങനേ കുളിച്ചൊരുങ്ങി വീട്ടീന്നിറമ്പോള്‍ സമയം രാവിലെ പത്തു മണിയായി. ആ യാത്ര ഒത്തിരി ആസ്വാദകരമായിരുന്നു. എനിക്കൊരുപാട് ഇഷ്ടമുള്ളതാ എന്‍റേട്ടനോടൊപ്പം ആ ബൈക്കില്‍ പോവണത്…അതിനായ് കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല ഒരിക്കലും … മൂന്നു കിലോമീറ്റര്‍ പോവണം അമ്പലത്തില്‍ എത്താന്‍.എന്നേ അവിടേയിറക്കി ഏട്ടന്‍ ഇറച്ചി വാങ്ങാനായ് പോയി. ഇവിടേത്തന്നെ കാത്തു നിന്നാല്‍ മതി,ഞാന്‍ വന്നു കൂട്ടിക്കൊള്ളാമെന്നും പറഞ്ഞു. അമ്പലത്തില്‍ തിരക്കു വളരേ കുറവായിരുന്നു. പ്രദക്ഷിണ വഴിയില്‍ സുധിയേട്ടനുമുണ്ടായിരുന്നു ഒപ്പം.. സുധിയേട്ടനും ഏട്ടനൊപ്പം ലോറിയിലാ പോണത്… ഒന്നു ചിരിച്ചു. ഏട്ടന്‍റെ സമപ്രായക്കാരനാ സുധിയേട്ടന്‍.. ”ശ്രീക്കുട്ടിക്ക് വേറാരേം കാണാനുള്ള കാഴ്ചയില്ലാത്തതു കൊണ്ടാണോ ഇങ്ങനേ…? എങ്ങനേ…? മറുത്തൊരു ചോദ്യം ചോദിച്ചു ഞാന്‍.. ഒന്നാമത് ആ ചോദ്യം കേട്ടപ്പോള്‍ തന്നെ എനിക്കു ഈര്‍ഷ്യ തോന്നാന്‍ കാരണം ”ശ്രീലക്ഷ്മി” എന്ന എന്നെ ”ശ്രീക്കുട്ടി” എന്നു വിളിക്കുന്നത് എന്‍റെ അമ്മയും ഏട്ടനും മാത്രമാണ്. ഏട്ടന്‍ മിക്കപ്പോഴും മോളേന്നെ വിളിക്കൂ..ചിലപ്പോള്‍ ശ്രീന്നും.. ഇപ്പോള്‍ സുധിയേട്ടന്‍ അങ്ങനേ വിളിച്ചു കേട്ടപ്പോള്‍ ഒരു വല്ലായ്മ. നടന്നു പോവുമ്പോള്‍ സുധിയേട്ടന്‍ പിന്നേയും എന്തൊക്കേയോ ചോദിച്ചെങ്കിലും ഞാന്‍ മറുപടി പറയാതെ നടന്നു..സുധിയേട്ടനോട് പ്രത്യേകിച്ചൊരു ദേഷ്യവുമില്ല…ഇഷ്ടവുമില്ല.. എന്നാലും വല്ലാതെ അടുപ്പത്തോടെ അങ്ങനേ വിളിച്ചപ്പോള്‍ ഉള്ളിലെവിടേയോ ഒരു നോവ്…വേറിട്ടൊരു സങ്കടം. ഏട്ടനും അമ്മയുമല്ലാതെ മറ്റൊരാള്‍ ശ്രീക്കുട്ടിയുടേ ലോകത്തില്ലായിരുന്നു. ”എങ്കില്‍ ശരി” എന്നും പറഞ്ഞ് സുധിയേട്ടന്‍ എപ്പോഴോ നടന്നകന്നു പോയി… ”ആ സംസാരത്തിനിടയില്‍ മനസ്സു കേട്ട രണ്ടുവരികള്‍ എപ്പോഴോ ഓര്‍മ്മവന്നു. പിന്നേയുമെനിക്ക്.” വേണ്ടാ…ഓര്‍ക്കേണ്ടാ അത്… അമ്പലനടയിറങ്ങി, റോഡിലെത്തുമ്പോള്‍ ഏട്ടന്‍ കാത്തിരിപ്പുണ്ടായിരുന്നു. ഏട്ടന്‍റെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തിക്കൊടുത്തു. മോള്‍ക്ക് വല്ലതും വാങ്ങാനുണ്ടോ..? വല്ല കണ്‍മഷിയോ,ചാന്തോ,പൊട്ടോ വല്ലതും…?

ഏയ്..ഒന്നും വേണ്ടാ ഏട്ടാ.. എല്ലാം വീട്ടിലുണ്ട്.. സത്യത്തില്‍ അതൊന്നും ഉപയോഗിക്കാന്‍ ഞാനായിട്ട് മെനക്കെടാറില്ല…ഒരു കറുത്ത സ്ററിക്കര്‍ പൊട്ട് കാണും നെറ്റിയില്‍ എപ്പോഴും … അതിനുമപ്പുറും ശ്രീക്കുട്ടി അണിഞ്ഞൊരുങ്ങാറില്ല.. മനസ്സിന് ഇഷ്ടമല്ല അങ്ങനൊന്നും. ഒരു പെണ്ണായ് എന്നേ ആരും നോക്കണതൊന്നും സഹിക്കില്ലെനിക്ക്..എന്‍റെ അമ്മയുടെ മകളായ്…ഏട്ടന്‍റെ അനിയത്തിക്കുട്ടിയായ് ഇനിയുമൊരുപാട് നാള്‍ ജീവിക്കണം. വീട്ടിലെത്തുവോളം ഏട്ടനെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ എല്ലാം മൂളിക്കേട്ടു. ”എന്താ നിനക്ക് പറ്റിയേന്ന്” ചോദിച്ചു ഏട്ടന്‍ ഒടുവില്‍… ഏയ്…ഒന്നുമില്ലാന്നെ.. ഒരു ദീര്‍ഘനിശ്വാസമെടുത്തു ഞാന്‍. ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് ഉണ്ണുമ്പോഴും മനസ്സ് എവിടേയോ ആയിരുന്നു. ഏട്ടന്‍റെ നോട്ടം പലപ്പോഴും എന്നിലേക്ക് വരുന്നുണ്ടായിരുന്നു. വേണ്ട…ഒന്നും വേണ്ട… മനസ്സ് പറഞ്ഞു. വീടിന്‍റെ പണി പത്താമത്തെ ഘട്ടത്തിലാണ് പൂര്‍ത്തിയാക്കാനായത്.. ഏട്ടന്‍റെ എട്ടുവര്‍ഷത്തെ അധ്വാനത്തിന്‍റെ ഫലം.. ഇടക്കാലത്ത് ഏട്ടന്‍റെ വലതു കൈയ്ക്കൊരു വേദന വന്നു.കഠിന്വാധ്വാനം നിര്‍ത്താന്‍ സമയമായെന്നും എല്ലിന് തേയ്മാനം വന്നു തുടങ്ങിയെന്നും വൈദ്യര്‍ പറഞ്ഞു. അതൊക്കെ അയാള്‍ ചുമ്മാ പറയണതാണെന്നും പറഞ്ഞ് ഏട്ടന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാനും അമ്മയും കരഞ്ഞു. പിന്നേയും ഒരുവര്‍ഷമെടുത്തു വീടുപണി കഴിയുമ്പോള്‍ …പറ്റാവുന്ന എല്ലാ പണികളും തീര്‍ത്തു.മൂന്നു കട്ടിലും കിടക്കയും വാങ്ങി വച്ചു.എനിക്കായ് ഒരു അലമാരയും വാങ്ങി. ഏട്ടന്‍റെ ഓരോ വര്‍ത്തമാനവും പ്രവൃത്തിയും കാണുമ്പോള്‍ അമ്മ എന്നോടു പറയും. ”നിന്‍റേ പുണ്യമാണ് ഈ ഏട്ടനെന്ന്.”.. അതെനിക്കറിയാം നല്ലപോലെ …ഏട്ടന്‍റെ എല്ലാ കാര്യങ്ങളും യാതൊരു മടിയും കൂടാതെ ചെയ്തു കൊടുത്തിട്ടും മതിയാവാറില്ലായിരുന്നു എനിക്കു പലപ്പോഴും … ഞായറാഴ്ചകളില്‍ ചിലപ്പോള്‍ എന്നേ അമ്പലത്തില്‍ കൊണ്ടു വിടാറുണ്ടായിരുന്നു.തിരികേ കൂട്ടി വരുമ്പോള്‍ വേണ്ടതൊക്കേയും വാങ്ങിത്തരാന്‍ ഒരു പിശുക്കും കാട്ടാറില്ല… പാലുകാച്ചല്‍ ചടങ്ങിനുള്ള തീയതി കുറിച്ചു വാങ്ങാന്‍ പോവുമ്പോള്‍ എന്നേയും കൂട്ടി ഏട്ടന്‍… ഇനി വരുന്ന രണ്ടാമത്തെ ഞായറാഴ്ചത്തേക്ക് അങ്ങനെ തീയ്യതിയും നിശ്ചയിച്ചു.. ”അമ്മയ്ക്കും പെങ്ങള്‍ക്കും കാവലായ് ഉമ്മറത്തെ മരക്കട്ടിലില്‍ അന്തിയുറങ്ങുന്ന ഏട്ടന്‍ അടച്ചുറപ്പുള്ള മുറിയില്‍ ഒരു രാത്രിയെങ്കിലും മനഃസ്സമാധാനത്തോടെ ഉറങ്ങുന്നതു കാണാനായിരുന്നു ഞാനും അമ്മയും കാത്തിരുന്നത്…” ചുറ്റുവട്ടത്തുള്ളവരും അടുത്ത ബന്ധുക്കളുമായ അമ്പതോളം പേരുമായ് ഗൃഹപ്രവേശനം കഴിഞ്ഞു.. സദ്യയൊരുക്കിയിരുന്നു ..കുറച്ചു പാല്‍പായസവും… സുധിയേട്ടനെ അന്ന് ഞാന്‍ നോക്കിയിടത്തെല്ലാം കണ്ടു. ഏട്ടന്‍റെ കൂടേ ജോലി ചെയ്യുന്നതും,ഏട്ടന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനുമൊക്കേയാണ് സുധിയേട്ടന്‍ എങ്കിലും ആ സൗഹൃദങ്ങള്‍ ഏട്ടന്‍ വീടിന്ന് വെളിയില്‍ മാത്രമായാണ് കാത്തു സൂക്ഷിച്ചിരുന്നത്.. നമ്മുടെ വീടിന്നടുത്തു തന്നേയാണ് സുധിയേട്ടന്‍റെ കുടുംബവും താമസിക്കുന്നത്….അവിടത്തെ സാമ്പത്തിക സ്ഥിതി അല്‍പ്പം കൂടി മെച്ചപ്പെട്ടതായിരുന്നു .അവര്‍ക്ക് സ്വന്തമായ് വീടുണ്ടായിരുന്നു . സുധിയേട്ടനും നല്ലപോലെ അധ്വാനിച്ച് മിച്ചം പിടിച്ചതു കൊണ്ട് റോഡരികില്‍ മുന്നു മുറി പീടിക ഒരുക്കി മാസവാടകയ്ക്ക് നല്‍കിത്തുടങ്ങിയിരുന്നു…ഇനിയല്‍പ്പം വിശ്രമിച്ചാലും അവര്‍ക്ക് ജീവിക്കാനുള്ള വകയുണ്ട്… അന്നു രാത്രി വീട്ടില്‍ ആഹ്ളാദം നിറഞ്ഞു നിന്നു… ഉമ്മറത്ത് ഞാനും അമ്മയും ഏട്ടനും ഒത്തിരി സന്തോഷത്തോടെ,സമാധാനത്തോടെ ഇരുന്ന്, ഒത്തിരി നേരം സംസാരിച്ചു. ഏട്ടന്‍റെ മുറിയില്‍ പുതിയ ബെഡ്ഷീറ്റ് വിരിച്ചു കൊടുത്തു ഞാന്‍. അന്നു രാത്രി ഞാനും അമ്മയും ഒരുമിച്ച് സമാധാനത്തോടെ കിടന്നുറങ്ങി. അമ്മയന്ന് സംസാരിച്ചത് ഇനി ശ്രീക്കുട്ടിയെ സുരക്ഷിതമായൊരു കൈകളില്‍ ഏല്‍പ്പിച്ചിട്ട് വേണം എന്‍റെ മോനും ഒരു പെണ്ണിനെ തേടാന്‍ എന്നായിരുന്നു… ”അതിന് ഞാന്‍ സമ്മതിക്കത്തില്ല അമ്മേ…” ഏട്ടന്‍റെ കല്യാണം കഴിഞ്ഞിട്ടു മതി എനിക്ക്…പോരാതെ ഒരു ജോലി കൂടെ കിട്ടിയിട്ടാവാം എന്‍റെ കല്ല്യാണം. ഒരു ഞായറാഴ്ച രാവിലെ ഏട്ടന്‍ എന്നോടു അങ്ങനേ ചോദിച്ചത് കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി… ”സുധിയെ മോള്‍ക്കും ഇഷ്ടായിരുന്നോ…? എന്താ ഏട്ടനീ പറയണത്…? അവന്‍ പറഞ്ഞല്ലോ മോള്‍ക്കും ഇഷ്ടമായിരിക്കുമെന്ന്… ഏയ് ഏട്ടാ ഞാന്‍… എനിക്കു കരച്ചില്‍ വന്നു… ഞാനങ്ങനേയൊന്നും … വാക്കുകള്‍ മുറിഞ്ഞു..

ഏയ്…അതിന് ഏട്ടന്‍ മോളെ വഴക്കൊന്നും പറഞ്ഞില്ലല്ലോ.. ”ഏട്ടനും ഇഷ്ടാ മോള്‍ക്കായ് അവനാ വരുന്നതെങ്കിലും…” ഏട്ടന്‍റെ നെഞ്ചില്‍ തലചേര്‍ത്തു കരയണമെന്നു തോന്നി… മോളു കരയേണ്ടാ… സാരോല്ല്യാ … സുധി ചോദിച്ചു എന്നോടങ്ങനേ.. ”ശ്രീക്കുട്ടിയേ എനിക്കു തരാവോന്ന്..” അമ്പലത്തില്‍ വെച്ച് കിട്ടുന്ന ഞായറാഴ്ചകളിലെല്ലാം എന്‍റേ മോളുടെ പിറകേ ഒരുപാട് നടന്നിട്ടുണ്ടെന്നും പറഞ്ഞു… മോള്‍ക്ക് വല്ല ഇഷ്ടക്കേടുമുണ്ടോ അവനോട് …? ഒന്നും പറയാനാവാതെ നിന്നു ഞാന്‍… ഏട്ടനറിയാം ശ്രീക്കുട്ടിയുടേ മനസ്സും… മണ്ണും ചെളിയും പുരണ്ട് പകലന്തിയോളം കഷ്ടപ്പെടുന്ന ഈ ഏട്ടനേ സ്നേഹിക്കാന്‍ പററണത് പോലെ അവനേയും സ്നേഹിക്കാന്‍ കഴിയും ഏട്ടന്‍റെ മോള്‍ക്ക് അല്ലേ..? ”ഇവിടെ അടുത്തു തന്നെ എന്നും എന്‍റെ മോളുണ്ടാവണമെന്നു കൊതിച്ചു ഏട്ടന്‍…” ”എനിക്കെപ്പോഴും കാണാല്ലോ അപ്പോള്‍…” ഏട്ടാ… ആ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു… ഏട്ടന്‍റെ മിഴികളും നിറഞ്ഞു രണ്ടു തുള്ളിയെന്‍റെ മൂര്‍ദ്ധാവില്‍ വീണുടഞ്ഞു…. ”എല്ലാം ആവാം ഏട്ടാ…ആദ്യം എനിക്കൊരു ഏട്ടത്തിയമ്മയേ താ.. പിന്നേ മതി എന്നേ പറഞ്ഞയക്കണതൊക്കെ…” ”അതിന് ഏട്ടന്‍ സമ്മതിക്കുവാണേല്‍ ശ്രീക്കുട്ടി ഇതിനും സമ്മതിക്കാം..” ഏട്ടനെന്‍റെ നെറുകയില്‍ തലോടി… ആ സ്നേഹസ്പര്‍ശനമേറ്റ് ഞാനും ഒരഞ്ചു വയസ്സുകാരിയായ് ആ മാറില്‍ ചേര്‍ന്നു നിന്നു…ഒത്തിരി ആശ്വാസത്തോടെ… അമ്മയും നടന്നു വന്നു ഞങ്ങള്‍ക്കരികിലേക്ക്… സന്തോഷാശ്രുക്കള്‍ പൊഴിച്ചു കൊണ്ട്.. ഒരു ഏട്ടന്‍റേയും അനിയത്തിക്കുട്ടിയുടേയും പവിത്രമായ സ്നേഹ ബന്ധങ്ങളുടെ ഹൃദ്യമായ കഥ…

ഒരു രണ്ടുവരി അഭിപ്രായം കൂടി എഴുതണം ട്ടോ വായിച്ചെങ്കില്‍..♥

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular