Connect with us

Love

എന്റെ പ്രാണന്റെ പാതി…

Published

on

രചന: അഗ്നി

വർഷങ്ങൾക്ക് മുന്നേ ഈ വീടിന്റെ പടിവാതിൽ കടന്നെത്തിയപ്പോഴും ഞാൻ ചിന്തിച്ചിരുന്നില്ല എന്റെ ഏട്ടൻ എനിക്ക് ഇത്രമേൽ പ്രിയങ്കരനാകുമെന്ന്.. പ്രിയപ്പെട്ടവനാകുമെന്ന്…എന്റെ പ്രാണന്റെ പാതിയാകുമെന്ന്💕 പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിയെടുത്ത എന്റെ ഒരേ ഒരു ലക്ഷ്യം ജോലിയായിരുന്നു…കാരണം ഇനിയും തുടർന്ന് പഠിക്കാനുള്ള മടി തന്നെ..ചേട്ടൻ നന്നായി പഠിക്കും എന്നുള്ളതുകൊണ്ട് തന്നെ ചേട്ടന്റെ അനിയത്തിയും പഠിക്കണമെന്നായിരുന്നു… പക്ഷെ ഒരു ജോലി വഴി ഞാൻ ആ ഒരു തീരുമാനത്തെ മാറ്റിയെടുക്കുകയാണുണ്ടായത്… ജോലിയ്ക്ക് കയറി ഒന്നര വർഷം കഴിഞ്ഞപ്പോൾ ആയിരുന്നു എന്റെ വിവാഹം…അത് പെട്ടന്ന് നടന്ന ഒന്നായിരുന്നു….ഒന്ന് രണ്ട് പേര് പെണ്ണ് കാണാൻ വന്നിരുന്നുവെങ്കിലും എന്തോ മനസ്സിന് ബോധിച്ച ഒരാളെ കിട്ടിയിരുന്നില്ല… വിവാഹം നടക്കുന്നതിന് രണ്ട് മാസം മുന്നേ…ഞാൻ തിരികെ എന്റെ ജോലി സ്ഥലമായ പൂനെയിലേക്ക് പോകുന്നതിന്റെ തലെന്നാണ് എന്റെ പാതി എന്നെ കാണുവാനായി വീട്ടിലേക്ക് വരുന്നത്… അന്ന് പെണ്ണ് കാണുവാൻ വരുവാൻ അദ്ദേഹത്തിന് താല്പര്യം ഏതും ഉണ്ടായിരുന്നില്ല…കാരണം അന്ന് അദ്ദേഹത്തിന്റെ പെങ്ങളുടെ വീടിന്റെ പാലുകാച്ചലായിരുന്നു….അതിന്റെ ഓട്ടത്തിലും ക്ഷീണത്തിനുമിടയിൽ ബ്രോക്കർ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നത് അദ്ദേഹത്തിന് ഒരു നീരസം ഉണ്ടാക്കിയിരുന്നു… അങ്ങനെ അദ്ദേഹം വന്നു..കുറച്ചു നേരം വീട്ടിൽ ഇരുന്നു…അന്ന് ആരെങ്കിലും എന്നെ കാണാൻ വരും എന്നുള്ളത് എനിക്കോ എന്റെ വീട്ടുകാർക്കോ യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല… വീട്ടിൽ ഞങ്ങൾ മൂന്ന് മക്കളാണ്…മൂത്തത് ചേട്ടൻ…പുള്ളി കൂടുതലും പുസ്തകങ്ങളുടെ ലോകത്താണ്.. പിന്നെ ഞാൻ…നാട്ടിലെ താരം…എല്ലാവരോടും മിണ്ടിയും പറഞ്ഞും കളിച്ചും ചിരിച്ചും നടക്കും..പുസ്തകങ്ങളോട് കൂട്ടുകൂടാതെ മനുഷ്യരോട് കൂട്ടുകൂടുവാൻ ഇഷ്ടപ്പെടുന്നവൾ.. പിന്നെ ഒരു അനിയത്തി…അവൾക്ക് കൂടുതലും പ്രിയം വീട് തന്നെയായിരുന്നു…അധികം സംസാരിക്കാത്ത പ്രകൃതം…പക്ഷേ കൂട്ടായാൽ സംസാരം നിർത്തുകയേയില്ല.. അങ്ങനെ അന്ന് ഞാൻ പിറ്റേന്ന് പോകുന്നത് പ്രമാണിച്ച് അയൽ വീട്ടിൽ ചെന്ന് വർത്തമാനം പറഞ്ഞു തിരികെ വന്നപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി കിടക്കുന്നത് കണ്ടത്…നോക്കിയപ്പോൾ എന്റെ അമ്മാവന്റെ വണ്ടിയായതിനാൽ ഞാൻ ഒന്നും നോക്കാതെ അകത്തേയ്ക്ക് കയറി അച്ചയുടെ തോളിലേക്ക് തല വച്ച് മുന്നിലത്തെ സോഫയിൽ തന്നെ ഇരുന്നു.. ഇരുന്ന ശേഷമാണ് അമ്മാവന്റെ കൂടിയിരിക്കുന്ന മറ്റൊരാളെ കാണുന്നത്…അമ്മയെയും അനിയത്തിയെയും ചേട്ടനെയും നോക്കിയപ്പോൾ അവർ കണ്ണ്കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു.. സംഭവം പന്തിയല്ല എന്ന് മനസ്സിലായതും ഞാൻ പതിയെ അകത്തേയ്ക്ക് വലിഞ്ഞു..അകത്തേയ്ക്ക് കയറിയപ്പോഴേക്കും ‘അമ്മ എന്റെ കയ്യിലേക്ക് ഒരു തല്ല് വച്ചുതന്നിട്ട് ഒരു ട്രേ എടുത്തു തന്നു… ഞാൻ ആദ്യം.തന്നെ എന്റെ വേഷം ഒന്ന് ശ്രദ്ധിച്ചു…തോളൊപ്പം വെട്ടിയ മുടി കുഞ്ഞു കുട്ടികളെപ്പോലെ രണ്ട് വശത്തേയ്ക്കും കെട്ടി വച്ചിരിക്കുന്നു…

ഒരു ചുരിദാർ ടോപ്പും അതിന് ഒട്ടും ചേരാത്ത ഒരു പാവാടയും… എന്നെ പുള്ളി നന്നായി കണ്ടു എന്ന് ഉറപ്പായതുകൊണ്ട് വേഷം ശ്രദ്ധിക്കാതെ ഞാൻ ചായ കൊടുത്തു… അപ്പോഴേക്കും അമ്മാവൻ ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരം തന്നിരുന്നു…രാത്രിയായിരുന്നു പെണ്ണ് കാണാൻ വന്നത്..അതുകൊണ്ട് തന്നെ അകത്തെ ഒരു മുറിയിലേക്ക് കയറി.. “വനജയല്ലേ…”..അദ്ദേഹം തന്നെയാണ് സംസാരത്തിന് തുടക്കം ഇട്ടത്… “അതേ…”.ഞാൻ വിനീതയായി ഉത്തരം പറഞ്ഞു.. “ഞാൻ മോഹൻ…ഒരു കമ്പനിയിൽ സെയിൽസ് ഹെഡ് ആണ്…” ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു… “ഇയാൾക്ക് എന്നെപ്പറ്റിയുള്ള അഭിപ്രായം എന്തായാലും വീട്ടുകാരോട് പറഞ്ഞോളൂ…ഞാൻ മറുപടി പറഞ്ഞേക്കാം…”.. ഇത്രയും പറഞ്ഞ് അദ്ദേഹം തിരികെ നടന്നു.. പക്ഷെ വീണ്ടും ഒന്ന് തിരിഞ്ഞിട്ട് എന്നോടായി പറഞ്ഞു… “എന്നെ ഇഷ്ടമാകുകയാണെങ്കിൽ ഒരൊറ്റ നിർബന്ധം മാത്രമേ എനിക്കുള്ളൂ…ഇനി ഈ മുടി മുറിക്കരുത്…മുടി വളർത്തണം…”.. അത് പറഞ്ഞ ശേഷം അദ്ദേഹം കടന്നുപോയി… ഞാൻ മനസ്സിൽ പറഞ്ഞു..”മുരടൻ”.. പക്ഷെ എന്തുകൊണ്ടോ ആ ആലോചന വേണ്ട എന്ന് വയ്ക്കാൻ എനിക്ക് തോന്നിയില്ല…അദ്ദേഹത്തോട് എന്തോ ഒരു അടുപ്പം തോന്നിയതുകൊണ്ട് അന്ന് രാത്രി തന്നെ എൻറെ സമ്മതം വീട്ടിൽ പറഞ്ഞു..പിറ്റേന്ന് രാവിലെ തന്നെ പൂനെയ്ക്ക് കടന്നുപോയി.. അവിടെച്ചെന്ന് കൂട്ടുകാരോട് വിശേഷങ്ങൾ എല്ലാം പറയുമ്പോഴാണ് ചെറുക്കൻ കാണാൻ എങ്ങനെയുണ്ടെന്നൊരു ചോദ്യം മുഴങ്ങിക്കേട്ടത്… രണ്ട് ദിവസം മുന്നേ രാത്രി വന്ന് കണ്ട ചെറുക്കന്റെ മുഖം ഞാൻ വാസ്തവമായും മറന്നുപോയിരുന്നു… അവസാനം നാണക്കേടാണെങ്കിൽ കൂടിയും ഞാൻ എന്റെ ചേട്ടനോട് ഏട്ടന്റെ ഫോട്ടോ അയച്ചുതരാമോ എന്ന് ചോദിച്ച് ഫോൺ വിളിക്കേണ്ടി വന്നു…ചേട്ടൻ എന്നെ ഒത്തിരി കളിയാക്കി….പിന്നെയും ഒരു മാസക്കാലത്തോളം കാത്തിരിക്കേണ്ടി വന്നു ഫോട്ടോ കിട്ടുവാൻ…കാരണം ചേട്ടൻ എൻജിനീറിങ് ഒക്കെ കഴിഞ്ഞ് ജോലി കിട്ടിയത് അൽപ്പം ദൂരെയായതിനാൽ അവധിക്ക് മാത്രമേ വീട്ടിൽ വരികയുള്ളൂ.. അങ്ങനെ ഏട്ടന്റെ ഫോട്ടോ കയ്യിൽ കിട്ടി…ഫോട്ടോയിൽ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു..ക്ളീൻ ഷേവ് ഒക്കെ ചെയ്ത് സുന്ദരനായൊരു ഫോട്ടോ..പക്ഷെ ഇച്ചിരി കാർക്കശ്യമുള്ള ആളാണോ എന്നൊരു സംശയം ഉള്ളിൽ ഉണ്ടായിരുന്നു… വീണ്ടും ഒരു മാസം കടന്നുപോയി…ഈ മാസമാണ് വിവാഹം.. അതുകൊണ്ട് തന്നെ ഞാൻ എന്റെ ജോലി രാജിവച്ചു…നാട്ടിലേക്ക് തിരിച്ചു… നാട്ടിൽ എത്തി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും നിശ്ചയവും അത് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും കല്യാണവും ആയി… നിശ്ചയത്തിന്റെ ഇടയ്ക്ക് ചില പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന കേട്ടിരുന്നു.. “എന്നാലും ഈ മോഹനേട്ടനെ എങ്ങനെ ഈ ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടു…ഹോ..പുള്ളിയുടെ ക്ലാസ്സിൽ പേടിച്ചല്ലേ നമ്മൾ ഇരിക്കുന്നെ…” അത് കേട്ടപ്പോൾ തന്നെ എനിക്കൊരു വിറയലായിരുന്നു.. അത് മാത്രമല്ല..മോഹനേട്ടന് അമ്മയില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു..അമ്മയില്ലാത്തൊരു വീട്ടിലേക്ക് എങ്ങനെ കയറിച്ചെല്ലുമെന്ന ആശങ്കയുമുണ്ടായിരുന്നു..പ്രധാന കാരണം പാചകം തന്നെ… ഒരു ചായ ഉണ്ടാക്കുവാനോ പപ്പടം വറുക്കുവാനോ പറഞ്ഞാൽ പോലും അറിയില്ലാത്ത സമയം….വീട്ടിൽ എല്ലാം ചെയ്യാൻ അമ്മയും വിവാഹം കഴിക്കാത്ത അപ്പച്ചിയും ഉണ്ടായിരുന്നു..പുറത്തു പോയപ്പോഴും ഹോസ്റ്റലിൽ ആയിരുന്നു..അതുകൊണ്ട് അടുക്കളയിൽ കയറേണ്ടി വന്നിട്ടേയില്ല… അങ്ങനെ ഓരോ ചിന്തകളും വിചാരങ്ങളുമായി മല്ലിട്ട് അവസാനം എന്റെ വിവാഹദിനം വന്നെത്തി…എന്റെ കഴുത്തിൽ ആലില താലി ചാർത്തി സീമന്ത രേഖയിൽ സിന്ദൂരവും ചാർത്തി ഏട്ടൻ എന്നെ ഏട്ടന്റെ നല്ല പാതിയാക്കി… ഏട്ടന്റെ പെങ്ങളാണ് എന്നെ വീട്ടിലേക്ക് നിലവിളക്ക് തന്ന് സ്വീകരിച്ചത്..അവരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു…ഒരു വയസ്സുള്ള ഒരു മോളുമുണ്ടായിരുന്നു… ആദ്യ ദിവസം പെങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അധികം കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല…പിറ്റേ ദിവസം അവര് തിരികെ പോയി… അവർ പോയപ്പോൾ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടെങ്കിലും ഏട്ടൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു… ഏട്ടനും അച്ഛനും ഞാൻ വിചാരിച്ചതുപോലെയെ അല്ലായിരുന്നു..രണ്ടുപേരും പാവമാണ്..ഏട്ടൻ എന്നെപോലെ നന്നായി സംസാരിക്കും… ഏട്ടൻ ഒഴിവ് സമയം കിട്ടുമ്പോൾ ട്യൂഷൻ എടുക്കാറുണ്ട്…ക്ലാസ്സിൽ ഏട്ടൻ കുറച്ച് കർക്കശക്കാരനാണ്…അതായിരിക്കും അന്ന് ആ കുട്ടികൾ പറഞ്ഞത്… അങ്ങനെ രണ്ടാം ദിവസം രാത്രിയായി…പകൽ കല്യാണത്തിന് ബാക്കി വന്ന ഭക്ഷണം എങ്ങെനെയൊ ചൂടാക്കി കഴിച്ചു… രാത്രിലേക്ക് ചോറ് തിളപ്പിച്ചിരുന്നു..

പിന്നെ ആകെ ഉണ്ടായിരുന്നത് അച്ചാറും തോരനും മാത്രം… “എഡോ…അടുക്കളയിൽ പപ്പടം ഇരുപ്പുണ്ട്..അതൊന്ന് വറുക്കാമോ…” ഏട്ടൻ ചോദിച്ചു… ഏട്ടൻ ആദ്യമായി ചോദിച്ച കാര്യമല്ലേ..എന്ത് പറയും എന്നറിയാതെ ഞാൻ അവിടെ നിന്നു…പിന്നെ രണ്ടും കൽപ്പിച്ച് അടുക്കളയിൽ ചെന്നു..പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് പുറകിൽ ആരോ നിൽക്കുന്നതുപോലെ തോന്നിയത്..നോക്കിയപ്പോൾ എട്ടനായിരുന്നു.. “എന്താടോ…പപ്പടം വറുക്കാൻ അറിയില്ലാലെ…” ഞാൻ ഇല്ലാ എന്നുള്ള രീതിയിൽ എന്റെ ചുമൽ കൂച്ചി കാണിച്ചു… അങ്ങനെ അന്ന് രാത്രി ഏട്ടനെന്നെ പപ്പടം വറുക്കാൻ പഠിപ്പിച്ചു…. ആ രാത്രിയും കടന്നുപോയി…പിറ്റേന്ന് രാവിലെ എഴുന്നേറ്റു… ചായയിടാൻ അറിയില്ലാത്തത്കൊണ്ട് തന്നെ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അത് ഏട്ടന് കൊണ്ടുപോയി കൊടുത്തു…അപ്പോൾ തന്നെ ഏട്ടൻ എന്നെ ചായ ഉണ്ടാക്കാൻ പഠിപ്പിച്ചു… ഏട്ടന് അത്യാവശ്യം നന്നായി തന്നെ പാചകം ചെയ്യുവാൻ അറിയാമായിരുന്നു..എന്തായാലും ഏട്ടൻ കൂടെയുണ്ടെല്ലോ എന്ന് ചിന്തിക്കുമ്പോഴാണ് അവിടുത്തെ അച്ഛമ്മ വീട്ടിലേക്ക് വരുന്നത്.. ആളെ കണ്ടപ്പോൾ ഞാൻ കുറച്ച് ഭയന്നെങ്കിലും ആള് പാവമാണെന്ന് പതിയെ മനസ്സിലായി..സംസാരപ്രിയയും പാചകത്തിൽ അതി വിദഗ്ധയുമായിരുന്നു.. അച്ഛന്റെ അനിയന്റെ കൂടെയാണ് അച്ഛമ്മ താമസിക്കുന്നത്…ഇതിപ്പോൾ എനിക്ക് വേണ്ടി ഒരു മാസത്തേയ്ക്ക് വന്ന് നിൽക്കുന്നതാണ് അച്ഛമ്മ… അങ്ങനെ ആ നീണ്ട ഒരു മാസം കൊണ്ട് ഒരു വീടിനെ എങ്ങനെ ഭരിക്കണം എന്ന് ഞാൻ പഠിച്ചിരുന്നു…ഇടയ്ക്ക് ഒരു ദിവസം എന്നെയും ഏട്ടനെയും കാണാൻ വീട്ടിൽ വന്ന അച്ചയും അമ്മയും ചേട്ടനും അനിയത്തിയും എന്റെ മാറ്റം കണ്ട് മൂക്കിൽ വിരൽ വയ്ക്കുന്നതാണ് ഞാൻ കണ്ടത്.. എന്നെ ഇത്രത്തോളം മാറ്റിയത് ഏട്ടനും അച്ഛനും അച്ഛമ്മയുമാണ്…ആർക്കും ഒരു കാര്യത്തിലും ഒരു നിർബന്ധവും ഉണ്ടായിരുന്നില്ല…ഭക്ഷണത്തിന് എരിവ് കൂടിയാലോ കുറഞ്ഞാലോ ഉപ്പ് കൂടിയാലോ കുറഞ്ഞാലോ അതൊന്നും ഒരു വിഷയം ആയിരുന്നില്ല…എല്ലാത്തിനും കൂടെ നിൽക്കുന്ന ഒരു കുടുംബമായിരുന്നു എന്റേത്… കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വരുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു…. വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് തന്നെ അച്ഛമ്മ കൂടെ വന്ന് നിന്നു…..ഏട്ടൻ ആണെങ്കിൽ ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ട് തീർത്തിട്ട് ബാക്കി ദിവസങ്ങളിൽ എന്റെ കൂടെയിരുന്നു….അച്ഛൻ അപ്പോഴും ജോലിയ്ക്ക് പൊയ്ക്കൊണ്ടിരുന്നു.. ഓരോ ദിവസവും ഓഫീസിലും ചുറ്റുവട്ടത്തും നടക്കുന്ന ഓരോ കാര്യങ്ങളും എന്റെ മടിയിൽ കിടന്ന് പങ്കുവയ്ക്കുമായിരുന്നു…കൂടെക്കൂടെ വീർത്തുവരുന്ന വയറിൽ ചുംബനങ്ങളും… അച്ഛമ്മയുടെ സാമീപ്യം വളരെ ആശ്വാസകരമായിരുന്നു..ഒത്തിരി തമാശ പറയുന്ന ഒരു അച്ഛമ്മ…അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും ഒക്കെ കൊണ്ടുവരുമായിരുന്നു.. ഏട്ടൻ വീട്ടിലെത്തിയാൽ പറയുകയെ വേണ്ട…താഴത്തും തലയിലും വയ്ക്കാതെ എന്റെ കൂടെത്തന്നെ ആയിരിക്കും എപ്പോഴും… സുഖ സുന്ദരമായ ഗർഭകാലത്തിൽ എനിക്ക് ഒരിക്കൽ പോലും ശർദ്ധിൽ ഉണ്ടായില്ല എന്നുള്ളത് ഒരു അത്ഭുതം..അവസാനം ഏട്ടൻ കെഞ്ചിയിട്ടുണ്ട് ഒന്ന് ശർദ്ധിച്ചു കാണിക്കാമോ എന്ന് ചോദിച്ചുകൊണ്ട്.. അങ്ങനെ ഏഴാം മാസം അടുത്തു…കൂട്ടികൊണ്ട് പോകുവാനുള്ള ചടങ്ങുകൾ ആയി…പോകുവാൻ മടിയായിരുന്നു…ഏറെ കരഞ്ഞു… പക്ഷെ പോകാതെ നിവർത്തിയില്ലായിരുന്നു.. വീട്ടിൽ ആകെ അച്ഛമ്മ മാത്രമേ ഉള്ളു എന്നത് കാരണം അച്ചയ്ക്കും അമ്മയ്ക്കും ആധിയായിരുന്നു എന്നെ നോക്കുവാൻ ആരും ഉണ്ടായില്ലെങ്കിലോ എന്നോർത്ത്.. അവസാനം അവരുടെ വാശി ജയിച്ചു..എനിക്ക് അവരുടെ കൂടെ എന്റെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു… എന്നാലും ഏട്ടൻ എന്നെ കാണുവാൻ എപ്പോഴും വീട്ടിൽ വരുമായിരുന്നു…ഏട്ടൻ ശെരിക്കും അവർക്ക് നല്ലൊരു മകനായിരുന്നു…എന്റെ അനിയത്തിക്ക് നല്ലൊരു ചേട്ടൻ ആയിരുന്നു…സ്വന്തം ചേട്ടനെക്കാളും അല്ലെങ്കിൽ സ്വന്തം മകനേക്കാളും അടുപ്പം എന്റെ വീട്ടുകാർക്ക് എന്റെ ഏട്ടനോടായിരുന്നു…കാരണം എന്റെ വിവാഹശേഷം ജോലിയായി എന്റെ സ്വന്തം ചേട്ടൻ പുറത്തേയ്ക്ക് പോയിരുന്നു…അതിനാൽ എല്ലാ കാര്യങ്ങൾക്കും താങ്ങായും തണലായും എട്ടനായിരുന്നു നിന്നിരുന്നത്.. അങ്ങനെ അവസാനം ഞങ്ങളുടെ മൂത്ത മകൾ ഭൂമിയിലേക്ക് വന്നു..പ്രസവം കഴിഞ്ഞ് രണ്ടാഴ്ച ആയപ്പോഴേക്കും ഞാൻ ഏട്ടന്റെ അടുക്കലേക്ക് വന്നു… ആദ്യം ഏട്ടൻ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു..എനിക്കറിയാമായിരുന്നു ഏട്ടന് എന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന്…കാരണം ഞങ്ങൾ അത്രമേൽ …ആഴമായ് പ്രണയിച്ചിരുന്നു…ഒരു ദിവസം പോലും തമ്മിൽ കാണാതെ കഴിച്ചു കൂട്ടുവാൻ ആകില്ലായിരുന്നു… ഏട്ടൻ സ്വതവേ ദേഷ്യക്കാരനാണ്…ആരായാലും എന്തായാലും മുഖം നോക്കാതെ തുറന്ന് പറയുന്ന വ്യക്തി..

പക്ഷെ എല്ലാവരെയും ഇഷ്ടപ്പെടുത്തുന്ന സ്വഭാവം…മറ്റുള്ളവർ..അത് ആരും ആയിക്കൊള്ളട്ടെ…ശത്രുവായാലും മിത്രമായാലും പാതിരാത്രിയിൽ സഹായമഭ്യര്ഥിച്ചാൽ പോലും ഒരു മടിയും കൂടാതെ ചെയ്തു കൊടുക്കുന്ന ഒരാൾ…എന്റെ ഭാഷയിൽ പറഞ്ഞാൽ പരോപകാരൻ പരമു…ഇങ്ങനെയൊരാളെ ആരാ സ്നേഹിക്കാതിരിക്കുക… അങ്ങനെ ഞങ്ങളുടെ പൊന്നോമന വളർന്നുകൊണ്ടിരുന്നു….അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ അച്ചായി ആയിരുന്നു..അച്ചായി ആയിട്ട് കൂട്ടുമാണ്.. എന്നാലും അച്ചായിയുടെ ഒരു നോട്ടം മാത്രം മതിയായിരുന്നു അവൾ അടങ്ങുവാൻ.. ഓരോ ദിവസവും ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു..എന്റെ ഇഷ്ടങ്ങൾ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളാക്കിയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ എന്റെ ഇഷ്ടങ്ങളാക്കിയും ഞങ്ങൾ മത്സരിച്ചു സ്നേഹിച്ചു.. ഇങ്ങനെയും പ്രണയിക്കുവാൻ കഴിയുമോ എന്ന് വരെ ഞങ്ങൾ ചിന്തിച്ചു.. എന്നെയും മോളേയും പിരിഞ്ഞിരിക്കുവാൻ വയ്യാത്തതിനാലാവണം പുറത്തേയ്ക്ക് വന്ന നല്ലൊരു ജോലിയുടെ ഓഫർ ലെറ്റർ വേണ്ടാ എന്ന് വച്ച് നാട്ടിൽ പുതിയൊരു ബിസിനസ്സ് തുടങ്ങിയത്…അതും സ്വന്തമായി അധ്വാനിച്ച് സ്വരുക്കൂട്ടിയ പണം കൊണ്ട്… ബിസിനസ്സ് നല്ല രീതിയിൽ തന്നെ പോകുന്നതിനോടൊപ്പം തിരക്കുകളും വർധിച്ചെങ്കിലും ഞങ്ങൾക്ക് തമ്മിൽ ഉള്ള പ്രണയം കൂടുകയാണ് ചെയ്തത്…വീട്ടിൽ എത്തിയാൽ ബിസിനസ്സ് കാര്യങ്ങൾ ഒന്നും പറയുകയില്ലായിരുന്നു…അച്ചയും മോളും കൂടെ കളിച്ചുകൊണ്ടിരിക്കും…എത്ര തിരക്കയാലും ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഞങ്ങളെ പുറത്ത് കൊണ്ടുപോകും… അങ്ങനെ പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഞങ്ങളുടെ പ്രണയത്തിന്റെ അടയാളം എന്റെ ഉദരത്തിൽ മോട്ടിട്ടത്…മൂത്ത മകൾ സ്‌കൂളിൽ പോയി തുടങ്ങിയിരുന്നു ആ സമയം ആയപ്പോഴേക്കും… പിന്നെ അപ്പനും മകളും കൂടെയായിരുന്നു കിന്നാരം പറച്ചിൽ…മൂത്ത മകൾ ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി എന്നോടും ഏട്ടനോടും അവളുടെ അനിയത്തിക്കുട്ടിയോടും വിശേഷം പറഞ്ഞിട്ട് മാത്രമേ കിടക്കുകയുള്ളൂ… അങ്ങനെ വീണ്ടും ഒരു ഗർഭ കാലം..ഇത്തവണ അച്ഛമ്മ ഉണ്ടായിരുന്നില്ല…അച്ഛമ്മ രണ്ടു വർഷം മുന്നേ മരിച്ചിരുന്നു…പെട്ടന്നുള്ള മരണം ആയതിനാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരുന്നു.. ഈ വർഷങ്ങൾക്കിടയിൽ ഏട്ടന്റെ പെങ്ങൾക്ക് രണ്ട് കുട്ടികൾ കൂടെ ഉണ്ടായിരുന്നു.. എന്റെ കൂടപ്പിറപ്പുകളുടെയും വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു…. അങ്ങനെ ഏഴാം മാസം വന്നെത്തി…എനിക്ക് എന്റെ വീട്ടിലേക്ക് പോകുവാനുള്ള മടി കണ്ടിട്ടാവണം ഏട്ടൻ എന്റെ അമ്മയെ വീട്ടിൽ കൊണ്ടാക്കി…അവിടെ അച്ചയുടെ കൂടെ അപ്പച്ചി ഉണ്ടായിരുന്നു… അങ്ങനെ അമ്മച്ചിയും കൂടെ വേറെ ഒരു ചേച്ചിയും എന്നെ നോക്കാനായി വീട്ടിൽ തന്നെ സ്ഥിര താമസമാക്കി…രണ്ടാമത്തെ പ്രസവ സമയത്ത് ഏറ്റവും കൂടുതൽ ഞാൻ കഴിച്ചിരുന്നത് നെല്ലിക്ക ആയിരുന്നു…വീട്ടിൽ എവിടെ നോക്കിയാലും നെല്ലിക്കയുടെ കുരു കാണുമായിരുന്നു… ഏട്ടൻ ആണെങ്കിൽ എവിടെപ്പോയാലും നെല്ലിക്ക ആയിട്ടെ മടങ്ങിവരവുണ്ടായിരുന്നുള്ളൂ..അങ്ങനെ വീണ്ടും ഞങ്ങൾക്കൊരു ഓമന പെൺപൈതലിനെ ലഭിച്ചു… വീണ്ടും ഞങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോയി…ഓരോ ദിവസവും ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു….ഹൃദയം തൊട്ട് സ്നേഹിച്ചവരായിരുന്നു ഞങ്ങൾ… എന്റെ വീട്ടിലെയായാലും ഏട്ടന്റെ വീട്ടിലെയായാലും എന്റെ അനിയത്തിയുടെയോ ഏട്ടന്റെ പെങ്ങളുടെയോ..ആരുടെ ആവശ്യങ്ങൾക്കയാലും ഓടി നടക്കുന്ന ഏട്ടനെ കാണുമ്പോൾ ആരാധനയായിരുന്നു…. അത് കൂടാതെ ഒരൽപ്പ സമയം വെറുതെ കിട്ടിയാൽ അടുക്കളയിൽ വന്ന് എന്നെ സഹായിക്കുന്നത് കാണുമ്പോൾ സന്തോഷമായിരുന്നു..കുഞ്ഞുങ്ങളുടെ കൂടെ അവരിൽ ഒരാളായി അവരുടെ കൂടെ കളിക്കുന്നത് കാണുമ്പോൾ ആനന്ദമായിരുന്നു… .എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണ് ഏട്ടനെ കാണുമ്പോൾ…. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ബിസിനസ്സ് ആവശ്യങ്ങൾക്കായ്‌ പോലും പിരിഞ്ഞു നിൽക്കുവാൻ കഴിയുകയില്ല ഞങ്ങൾക്ക്..ഇന്നും എന്നും എപ്പോഴും…അത്രമേൽ അഗാധമായി ഞങ്ങൾ പ്രണയിച്ചിരുന്നു.. ഇപ്പോൾ വിവാഹം കഴിഞ്ഞ് ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്നു…ഇപ്പോഴും പഴയ സ്നേഹം കൂടിയതല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല… ശ്രീകുട്ടിയുടെ വിവാഹം കഴിഞ്ഞു…അവൾ പറയും അച്ചായിയും അമ്മയും പ്രണയിക്കുന്നത് കാണുമ്പോഴേ കൊതിയാകുമെന്ന്… വിവാഹശേഷമുള്ള പ്രണയമാണ് പ്രണയം എന്ന് പറഞ്ഞുകൊണ്ടാണ് അവൾ വീട്ടുകാരുടെ ആലോചനപ്രകാരമുള്ള വിവാഹജീവിതം തിരഞ്ഞെടുത്തത്…ഏട്ടൻ അവളുടെ കൈ ഹരിയുടെ കയ്യോട് ചേർക്കുമ്പോൾ ഞാൻ ഒന്നേ പ്രാര്ഥിച്ചുള്ളൂ…എന്റെ ഏട്ടനെ പോലൊരു ഇണയായി തീരണമേ എന്ന് മാത്രം… പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് പ്രണയം…ഇന്നും ഒരു മുത്തശ്ശനും മുത്തശ്ശിയും ആകുവാൻ പോകുന്ന ഈ പ്രായത്തിലും ആ പ്രണയത്തിന്റെ ലഹരി ഞങ്ങളെ കീഴ്പ്പെടുത്തുന്നു….ഇന്നും ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.. എന്റെ പ്രാണന്റെ പാതിയായി..എന്റെ എല്ലാമെല്ലാമായ്‌…. വെറുതെ ഇരുന്ന് കുത്തിക്കുറിച്ചതാണ്… അഭിപ്രായങ്ങൾ അറിയിക്കണേ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.. 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular