Connect with us

Love

കുസൃതി നിറഞ്ഞ പുഞ്ചിരിക്ക് അപ്പുറം അവളുടെ മിഴികളിൽ ഒരു പ്രണയ സാഗരം….

Published

on

രചന: Josna oseph

“ഇത്രമാത്രം നിന്നെ സ്നേഹിച്ചതിനുള്ള കൂലി നീ കൊടുത്തല്ലോ, അച്ഛനെ കൊന്ന് അമ്മേടെ സിന്ദൂരം മായ്ച്ച മഹാപാപി.. താഴത്തും തറയിലും വെക്കാതെ നിന്നെ കൊണ്ട് നടന്നതല്ലേ… എവിടെ കൊണ്ടോയി കളയുമെടി നീയി മഹാപാപമൊക്കെ…” ഇടവഴി കഴിഞ്ഞ് ടാർപ്പാ വലിച്ച് കെട്ടിയ മുറ്റത്തൂടെ അകത്തേക്ക് കയറിയതും ഈയം ഉരുക്കി ഒഴിച്ചത് പോലെ ചെവിയിൽ വന്നലച്ചത് വല്യമ്മയുടെ സ്വരമാണ്. ചുറ്റും നിന്ന മുഖങ്ങളിൽ ഒക്കെ പുച്ഛം വിരിയുന്നു.. ഇന്നലെ വരെ തന്നെ ചേർത്ത് പിടിച്ച് അഭിമാനത്തോടെ ഇവളാ സീതേ ഇൗ വീടിന്റെ വിളക്കെന്ന് അമ്മയോട് പറഞ്ഞ ആളാണ്. ഇന്നെത്ര വേഗമാണ് വല്യമ്മയ്ക്ക്‌ താൻ അപമാനമായ്‌ മാറിയത്. ഞാനല്ല എന്റച്ചനെ കൊന്നതെന്ന് അലറി വിളിച്ച് പറയാൻ ആഗ്രഹിച്ചിട്ടും ശബ്ദം തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വന്നില്ല. പതിവില്ലാതെ രാവിലെ കൂടി വിളിച്ച് വെച്ച അച്ഛനാണ് തണുത്ത് വിറങ്ങലിച്ച് കിടക്കുന്നത്. ചുമർ ചാരി നിലത്തേക്കിരുന്നൂ, ഒരിറ്റ് കണ്ണുനീർ പോലുമില്ലാതെ. കൈ നീട്ടി അമ്മയെ തൊട്ടതും അതിനേക്കാൾ വേഗത്തിൽ കത്തുന്നൊരു നോട്ടത്തോടെ അമ്മ കൈ തട്ടി മാറ്റി. ഇത്ര വേഗം അമ്മയ്ക്കും ഞാൻ അന്യയായ്‌ മാറിയോ..? ആത്മഗതമായ്‌ തന്നെ ആ ചോദ്യവും മനസ്സിൽ അവശേഷിച്ചു. പതിയെ അച്ഛന് അരികിലേക്ക് നീങ്ങി. തണുത്ത് മരവിച്ച ആ നെറ്റിയിലേക്ക്‌ ചുണ്ട് ചേർക്കുമ്പോഴാണ് ആ ശബ്ദം ഉയർന്നു കേട്ടത്. “തൊട്ടു പോകരുതെന്റെ അച്ഛനെ. നീ തൊട്ടാൽ എന്റെ അച്ഛന് പൊള്ളും, ആ ആത്മാവ് പോലുമത് സഹിക്കില്ല.” അഞ്ച് വർഷം മുൻപ് അച്ഛനെയും അമ്മയെയും വേണ്ടെന്ന് വെച്ച് അതിനും ആറ് മാസം മുൻപ് കണ്ടവനൊപ്പം ഇറങ്ങി പോയ ചേച്ചിയാണ് ഇൗ പറയുന്നത്. കഴിഞ്ഞ വർഷം അവൾ നാട്ടിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്കുണ്ടായ കുഞ്ഞിനെ കാണാൻ ഓടി ചെന്ന അച്ഛനെ, വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരും പറഞ്ഞ് പട്ടിയെ പോലെ ആട്ടിയിറക്കി വിട്ടവളാണ്. എല്ലാവർക്കും മുൻപിൽ കഠിന ഹൃദയനായ ആ അച്ഛൻ അന്ന് നെഞ്ച് പൊട്ടി തനിക്ക് മുൻപിൽ ഇരുന്ന് കരഞ്ഞത് ഇവൾക്ക് വേണ്ടിയാണ്. ജീവിച്ചിരുന്നപ്പോൾ അച്ഛന് കണ്ണീർ മാത്രം നൽകിയവൾ. അച്ഛനരികിൽ നിന്ന് എഴുന്നേൽക്കും മുൻപേ അവൾ പിടിച്ച് തള്ളിയിരുന്നു. ബോധം മറയും മുൻപേ മിഴി… എന്ന കരച്ചിലോടെ ചേർത്ത് പിടിക്കുന്ന ശ്യാമേച്ചിയുടെ മുഖമായിരുന്നു കണ്ണിൽ. കണ്ണ് തുറക്കുമ്പോൾ പുറത്ത് ഇരുട്ട് വീണിരുന്നു. സ്ഥിരം നിർവികാരതയോടെ ശ്യാമേച്ചി അടുത്ത് വന്നിരുന്ന് മുടിയിലൂടെ വിരൽ ഓടിച്ചു. അച്ഛൻ പെങ്ങളുടെ മകൻ സന്ദീപ് ഏട്ടന്റെ ഭാര്യയാണ് ശ്യാമേച്ചി. കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതൽ താനാണ് ആ പാവത്തിന് കൂട്ട്. “ശ്യാമേച്ചി എന്റച്ചൻ…??” “രാവിലെ കവലയിലേക്ക് ഇറങ്ങിയതാ, മനുനോട് സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. അവിടെ നിന്ന് തന്നെ കുഴഞ്ഞ് വീണിരുന്നു. രണ്ട് അറ്റാക്ക് കഴിഞ്ഞ ആളല്ലെ, കൊണ്ട് ചെന്നപ്പോഴെയ്ക്കും….” പാതിയിൽ ശ്യാമ നിർത്തി. “മോൾക്ക് കാണണോ…??” വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി. പതിയെ കണ്ണടച്ച് കിടന്നു. മുറിയിൽ ലൈറ്റ് ഓഫ് ആവുന്നതും ശ്വാമേച്ചി പോകുന്നതും അറിഞ്ഞെങ്കിലും കണ്ണ് തുറക്കാൻ തോന്നിയില്ല. മനുവേട്ടൻ..!! അടുത്ത കൂട്ടുകാരി മൃദുലയുടെ മുറച്ചെക്കൻ. നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ സൽസ്വഭാവിയായ ചെറുപ്പക്കാരൻ, സർവോപകാരി കോളേജ് അധ്യാപകൻ…

എപ്പോഴാണ് തന്നോടുള്ള മനുവേട്ടന്റെ സമീപനത്തിന് മാറ്റം വന്നതെന്ന് അറിയില്ല. ആദ്യം അച്ഛനോടാണ് മനുവേട്ടൻ വന്ന് പറഞ്ഞതും. പഠനം കഴിഞ്ഞ് ആലോചിക്കാം എന്ന് അച്ഛൻ പറഞ്ഞത് കൊണ്ടാകാം, പിന്നീട് ഒരിക്കലും അതേ ചൊല്ലി ഒരു സംസാരം ഉണ്ടായതെയില്ല. ചിന്തകൾക്കൊടുവിൽ എപ്പോഴോ മിഴി ഉറങ്ങി. രാവിലെ ഉണർന്നതും അച്ഛനാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്. തൊടിയിലെ പച്ച മൺക്കൂനയിൽ മുഖം ചേർത്ത് വെച്ച് അങ്ങനെ കിടന്നു. അച്ഛന്റെ സാമിപ്യമടുത്തുള്ളത് പോലെ… “ആരെ കാണിക്കാനാടി നിന്റെയീ പൂങ്കണ്ണീർ.. അച്ഛന്റെ ആത്മാവിന് പോലും മോക്ഷം കൊടുക്കില്ലെന്ന് കച്ച കെട്ടി ഇറങ്ങിയെക്കുവാണോ… എന്തൊക്കെ ആയിരുന്നു… അച്ഛന്റെ കണ്ണ് ആണത്രേ ഇളയ മോൾ, മിഴി… എന്നിട്ടിപ്പോ എന്തായി, അതേ മോള് തന്നെ കൊണ്ടോയി കൊലയ്ക്ക് കൊടുത്തില്ലെ..” ചേച്ചിയാണ്. വാക്കുകൾ ഓരോന്നും കൂരമ്പുകളായ്‌ കുത്തി കയറുമ്പോഴും തിരിച്ച് ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും ഒന്നുമാ തലയിലേക്ക് കേറില്ല, മനപ്പൂർവം കുത്തി നോവിക്കുന്നതിൽ ഹരം കണ്ടെത്തിയവളോട് എന്ത് പറഞ്ഞാലും കാര്യമില്ലെന്ന ഓർമയോടെ മിഴി സ്വന്തം റൂമിലേക്ക് നടന്നു. “ആ പാവത്തിനെ ഇങ്ങനെ കുത്തി നോവിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു മിയേ.. അവൾടെ കൂടി അച്ഛൻ അല്ലേ ഇത്. നിന്നെക്കാൾ അവളാ മനുഷ്യനെ സ്നേഹിച്ചതല്ലെ… മാമന്റെ ആത്മാവ് വേദനിക്കുക നിന്റെയീ വാക്കുകൾ കേട്ടാക്കും. ജീവിച്ച് ഇരുന്നപ്പോ പോലും നീയാ മനുഷ്യന് ഇത്തിരി സമാധാനം കൊടുത്തിട്ടില്ല. മരിച്ച്‌ മണ്ണോട് ചേർന്നപ്പോ എങ്കിലും ഇത്തിരി സ്വസ്ഥത കൊടുക്ക്…” പിന്നിൽ നിന്ന് സന്ദീപേട്ടനാണ്. അല്ലെങ്കിലും തനിക്ക് വേണ്ടി ശബ്ദമുയർത്താൻ ഇപ്പൊ സന്ദീപ് ഏട്ടനും ശ്യാമേച്ചിയും മാത്രേ ഉള്ളൂ. “മോളേ ഇത്തിരി എങ്കിലും നീ കഴിക്ക്‌. ഇങ്ങനെ പട്ടിണി കിടന്നിട്ട് എന്തിനാ..?? ജീവിക്കണ്ടേ കുട്ടി നിനക്ക്…?? ചെല്ല് ചെന്ന് കുളിച്ചിട്ട് വന്ന് എന്തെങ്കിലും കഴിക്ക്…” രാവിലെ കൊണ്ട് വെച്ച ആഹാരവും അത് പോലെ തന്നെ അടച്ച് വെച്ചിരിക്കുന്നത് കണ്ടാവാം, ശ്യാമേച്ചി വേദന നിറഞ്ഞ ശബ്ദത്തിൽ ശകാരിക്കുന്നൂ. ശ്യാമേച്ചിയുടെ നിർബന്ധത്തിന് കുളിച്ച് വന്ന് എന്തോ കഴിച്ചെന്നു വരുത്തി. ഇടയ്ക്ക് വരുന്ന ശ്യാമേച്ചി ഒഴികെ മറ്റാരും മിണ്ടാൻ ഇല്ലാതെ പറയാൻ ഇല്ലാതെ ആ മുറിയിൽ തന്നെ പിന്നീടുള്ള ദിവസങ്ങൾ കഴിച്ചു കൂട്ടി… ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ ദിവസങ്ങൾ ഓടി പോയി… അതിനിടയിൽ അച്ഛന്റെ സഞ്ചയനവും കഴിഞ്ഞു.. വല്യമ്മയുടെ ശകാരം മാത്രമായ് ആ വീട്ടിൽ ആകെ ഉയരുന്ന ശബ്ദം. ചേച്ചിയുടെ മക്കൾക്ക് പോലും താൻ അപരിചിത ആയത് കൊണ്ടാകാം അവരും ആ പരിസരത്തേക്ക് വന്നതേയില്ല. എന്തിനെന്നറിയാതെ ദിവസങ്ങൾ പിന്നെയും ഓടി പോയി കൊണ്ടിരുന്നു. വ്യക്തമായൊരു തീരുമാനം എടുക്കാൻ കഴിയാതെ വീണ്ടും ഞാനാ മുറിയിൽ ഒതുങ്ങി കൂടി. ആകെയുള്ള ആശ്രയം ശ്യാമേച്ചി മാത്രമായിരുന്നു. പതിവ് പോലെ രാത്രി ശ്യാമേച്ചി പോയി കഴിഞ്ഞ് വാതിൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് റൂമിൽ വെള്ളമില്ലെന്ന് ഓർമ വന്നത്. അടുക്കള അടച്ച് അമ്മയും വല്യമ്മയും പോയി കഴിഞ്ഞു. വെള്ളമെടുത്ത് റൂമിൽ കൊണ്ട് വെച്ച് വാതിൽ ചാരി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ച് കൊണ്ട് കട്ടിലിൽ ഇരുന്ന് തന്നെ മിഴി പുറത്തേക്ക് നോക്കിയിരുന്നു. ദേഹത്ത് എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. താൻ ഉണർന്നത് അറിഞ്ഞാവണം, ഒരു കൈ വന്നാ വാ പൊത്തി പിടിച്ചത്. തള്ളി മാറ്റാൻ ശ്രമിച്ചു പരാജയമടഞ്ഞതോടെ ജീവിതം ഇവിടെ അവസാനിക്കുകയാണ് എന്ന ചിന്തയാണ് ആദ്യം ഓടി എത്തിയത്… ഫോൺ എവിടെ ആണെന്ന് പോലുമറിയില്ല. മിഴിയുടെ കൺകോണിലൂടെ രണ്ട് തുള്ളി ബെഡിലേക്ക് വീണു. പ്രതീക്ഷകൾ അസ്തമിച്ചിട്ടും കൈകൾ ആത്മരക്ഷാർത്ഥം എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നൂ. കയ്യിൽ പതിഞ്ഞത് കുടിച്ചിട്ട് വെച്ച ഗ്ലാസാണ്, ഒറ്റ അടിയായിരുന്നൂ. പിടി അയഞ്ഞതും ചാടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു. ചേച്ചിയുടെ ഭർത്താവ്..!!! ഒരു നിമിഷം ഞെട്ടിയെങ്കിലും അടുത്ത നിമിഷം വാതിലിന് അരികിലേക്ക് ഓടി. വാതിൽ തുറക്കും മുൻപേ മുടിയിൽ പിടുത്തം വീണിരുന്നു. തൊട്ടടുത്ത നിമിഷം വാതിലിലാരോ ശക്തമായി മുട്ടി. രൂക്ഷമായോരു നോട്ടത്തോടെ അയാൾ വാതിൽ തുറന്നു. പ്രതീക്ഷിച്ചത് പോലെ ചേച്ചിയും അമ്മയും. “ബാംഗ്ലൂരിൽ അഴിഞ്ഞാടി നടന്നത് പോരാഞ്ഞിട്ട് ആണോടി പാതിരാത്രി ചേച്ചിടെ കെട്ടിയോനേ വിളിച്ച് റൂമിൽ കേറ്റിയത്..??” മുഖമടച്ച് ചേച്ചിയുടെ അടി വീണിരുന്നു. ആ വേദനയെക്കാൾ വലുതായിരുന്നു വാക്കുകളുടെ പ്രഹരം. പിന്നീട് പറഞ്ഞതൊന്നും കേട്ടില്ല. മരവിച്ച മനസ്സിനൊപ്പം കണ്ണീർ വറ്റിയ മിഴികളുമായ് എത്ര നേരം അങ്ങനെ ഇരുന്നെന്ന്‌ അറിയില്ല. ഉണരുമ്പോൾ സ്വന്തം റൂമിൽ ശ്യാമേച്ചിക്ക്‌ ഒപ്പമായിരുന്നു. “ശ്യാമേച്ചി, സത്യം പറ… എന്തിനാ എല്ലാവരും ഇങ്ങനെയെന്നെ വെറുക്കുന്നത്..?? ഒരു ദിവസം കൊണ്ട് എന്നെ വെറുക്കാൻ മാത്രം എന്താ സംഭവിച്ചത്…??

എന്താ എന്റെ അച്ഛൻ മരിക്കാൻ കാരണം..?? ഇനിയും വയ്യെനിക്ക്‌… ജീവനോടെ ഇങ്ങനെ ഇഞ്ചിഞ്ച് ആയി കൊല്ലാതെ…” വാക്കുകൾ ഇടറിയിരുന്നു. “ഇനിയും നിന്നോട് ഒന്നും മറച്ച് വെച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല മിഴി. ഞാൻ സത്യം പറയാം. പക്ഷേ എന്റെ കുട്ടി ഏട്ടത്തിയ്ക്ക്‌ ഒരു വാക്ക് തരണം. അറിയുന്നത് എന്താണെങ്കിലും ഒരിക്കലും ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കരുത്. ഇതൊക്കെ പറഞ്ഞാലും സീതാമ്മായിക്ക്‌ നീ മാത്രേ ഉള്ളൂ…” നീട്ടിയ കരങ്ങളിലേക്ക് കൈ ചേർത്തതും ശ്യാമേച്ചി ഫോൺ നീട്ടി. ഒന്നേ നോക്കിയുള്ളൂ. ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്നാണ് ആ നിമിഷം ആഗ്രഹിച്ചത്…. “മൃദുലയ്ക്ക്‌ അവിടെ ഉള്ളൊരാളുമായ്‌ പ്രണയത്തിൽ ആണെന്നും ഒളിച്ചോടാൻ പ്ലാൻ ഉണ്ടെന്നും നീ മനുവിനെ വിളിച്ച് പറഞ്ഞ രണ്ടാമത്തെ ദിവസം മനുവിന്റെ ഫോണിലേക്ക് വന്ന ഫോട്ടോസ് ആണിത്. അവളല്ല നീയാണ് അവിടെ അഴിഞ്ഞാടി നടക്കുന്നത് എന്ന് പറഞ്ഞ് മൃദുല അയച്ചതാണ് ഇൗ ചിത്രങ്ങൾ… അവളുടെ വിവാഹമാണ് നാളെ.. മോർഫിംഗ് എന്താണെന്ന് പോലുമറിയാത്ത വീട്ടുകാർ അതൊക്കെ വിശ്വസിച്ചെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ… കൂടെ മിയയുടെ നാക്കും… കവലയിൽ വെച്ച് മനുവത് കാണിച്ചപ്പോ മാമൻ… അഗാധ ഗർത്തത്തിൽ നിന്നെന്ന പോലെ ശ്യാമേച്ചിയുടെ ശബ്ദം കേട്ട് കൊണ്ടിരുന്നു. മൃദുല, ഒന്ന് മുതൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി. നഴ്സിങ് പഠിക്കാൻ ബാംഗ്ലൂർ എത്തിയപ്പോഴാണ് ആദ്യമായ് അവൾ മറ്റൊരാളായി മാറിയത്. ആരുടെയും നിയന്ത്രണങ്ങൾ ഇല്ലാത്ത ജീവിതം, ചോദിക്കും മുൻപേ പണം കൊടുക്കുന്ന മാതാപിതാക്കൾ… ഒടുവിൽ ആ സൗഹൃദം അവസാനിച്ചു…. ഒരുപാട് പ്രണയങ്ങൾക്ക്‌ ഒടുവിൽ കൂടെ പഠിക്കുന്ന കുട്ടിയുടെ പ്രണയത്തെ തന്നെ മൃദുല സ്വന്തമാക്കിയപ്പോൾ നല്ലതല്ലെന്ന് ഒരുപാട് തവണ അവളെ വിലക്കിയതാണ്, പക്ഷേ ഒരിക്കൽ പോലും വീട്ടുകാരെ അറിയിക്കാൻ തോന്നിയിട്ടില്ല. കഴിയാഞ്ഞിട്ടല്ല, അവള് എന്തേലും കൈയ്യബദ്ധം കാണിക്കുമോ എന്നൊരു ഭയം. ആ അവളാണ്, തന്നെ കുറിച്ച് ഇത്ര മോശമായൊരു ചിത്രം മനുവേട്ടന് അയച്ചത്.. ഇത് കണ്ടാണ് ഹൃദയം തകർന്നു തന്റെ അച്ഛൻ മരിച്ചത്…. പണത്തിനു ബുദ്ധിമുട്ട് ഉണ്ടെങ്കിലും കഷ്ടപ്പെട്ട് അഭിമാനം നഷ്ടപ്പെടുത്താതെ ഇതുവരെ ജീവിച്ച അച്ഛനത് താങ്ങാൻ കഴിഞ്ഞ് കാണില്ല… പ്രാണനോളം സ്നേഹിച്ച അമ്മ തന്നെ അകറ്റി നിർത്തുന്നത്… ഇത്ര വഴി പിഴച്ചവൾ ആണ് താനെന്ന് അവരും വിശ്വസിച്ചോ…. ഹൃദയം നുറുങ്ങുന്നു… ആർത്ത് അലച്ച് കരയാൻ കണ്ണുകൾ വെമ്പുന്നുണ്ട്, പക്ഷേ ഒരു തുള്ളി പോലും ഒഴുകാതേ നിശബ്ദയായ് അവളാ ഇരുപ്പ് തുടർന്നു…. “മിഴി മോളേ…” ആ മാറിലേക്ക് വീണ് സങ്കടങ്ങൾ മുഴുവൻ കരഞ്ഞ് തീർക്കാൻ കൊതിച്ചു.. പക്ഷേ നിശബ്‌ദയായ്‌ ശ്യാമേച്ചിയുടെ തലോടൽ ഏറ്റ്‌ അങ്ങനെ ഇരുന്നു… എത്ര നേരം കടന്ന് പോയെന്നറിയില്ല. “ശ്യാമേച്ചി.. മൃദുലയുടെ നിശ്ചയത്തിന്റെ ഫോട്ടോ എനിക്ക് ഒന്ന് വേണം. ഞാൻ… ഞാൻ ഒന്ന് കുളിക്കട്ടെ…” മുഖം അമർത്തി തുടച്ച് എഴുന്നേറ്റതും ശ്യാമേച്ചി കയ്യിൽ പിടിച്ചിരുന്നു. “പേടിക്കണ്ട. ഞാൻ മരിക്കാൻ ഒരുക്കമല്ല ചേച്ചി. ജീവിച്ച് കാണിച്ച് കൊടുക്കും ഞാൻ.” കുളിച്ച് തിരിച്ചെത്തുമ്പോൾ റൂമിൽ ശ്യാമേച്ചി ഉണ്ടായിരുന്നില്ല. പുറത്ത് ഉയരുന്ന സംസാരത്തിൽ നിന്ന് തന്നെ എല്ലാവരും ഹാളിൽ ഉണ്ടെന്ന് മനസ്സിലായി. മേശപ്പുറത്ത് ഇരുന്ന ശ്യാമേച്ചിയുടെ ഫോണും എടുത്ത് ഹാളിലേക്ക് നടന്നു. “വിശ്വസിക്കാൻ ഒരുക്കമല്ലാത്തവരെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല…” “നീയിനി എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കാൻ പോണില്ല. അച്ഛനെ കൊന്നിട്ടും ഇനി ഇതിന്റെ മേൽ എന്ത് നുണ പറയാനാണ് നീ പോകുന്നത് … അല്ലെങ്കിൽ തന്നെ എന്ത് പറയാനാ… എന്റെ ഹസിനെ വിളിച്ച് കേറ്റിയവൾ അല്ലേ നീ…” പറഞ്ഞ് തീരും മുൻപേ ചേച്ചി മിയയുടെ മുഖമടച്ച് അടി വീണിരുന്നു. ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന സന്ദീപേട്ടൻ. “ഇനി നീ ഒരക്ഷരം മിണ്ടരുത്… ഇവളെ പറയാൻ എന്ത് യോഗ്യത ഉണ്ടെടി നിനക്ക്. വീട്ടുകാരെ മുഴുവൻ നാണം കെടുത്തി ഇവനെ പോലൊരു വൃത്തിക്കെട്ടവന്റെ കൂടെ പോയതോ… അതോ നാട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ നാണം കെട്ടിട്ടും നിന്നെ അന്വേഷിച്ച് കണ്ടെത്തി തിരിച്ച് വിളിക്കാൻ വന്ന മാമനെ നാണം കെടുത്തി ആട്ടിയിറക്കി വിട്ടതോ…??? ഇൗ പറഞ്ഞതിൽ എതായിരുന്നെടി നിന്റെ യോഗ്യത….??? അഞ്ച് വയസ്സ് മുതൽ നിന്റെ കൺമുന്നിൽ വളർന്നതല്ലെ ഇവൾ, എന്നിട്ടും ഇത്ര മോശമായി ചിന്തിക്കാൻ എങ്ങനെ കഴിഞ്ഞ് നിനക്ക്… ഇനിയും അവളെ പറ്റി മോശമായി എന്തെങ്കിലും നിന്റെ നാവിൽ നിന്ന് വീണാൽ മിഴിയുടെ മാത്രം എട്ടനായ്‌ ഞാൻ ഉത്തരം നൽകും, അത് സഹിക്കാൻ നിനക്കോ, നിന്റെ ഇൗ കെട്ടിയോനോ കഴിഞ്ഞെന്ന് വരില്ല…” “സന്ദീപേട്ടാ വേണ്ട. ബന്ധങ്ങളുടെ വില ഇവരേക്കാൾ നന്നായി എനിക്ക് അറിയാം. ഇൗ നിമിഷം വരെ സത്യം എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റച്ഛന്റെ മരണത്തെക്കാൾ വലിയൊരു നഷ്ടം എനിക്കിനി ഉണ്ടാവാനില്ല എന്ന് ഞാൻ മറന്നു പോയി…” പറഞ്ഞ് തീർന്നതും മിഴി അകത്തേക്ക് പോയി. ************** ഫോണും കയ്യിൽ പിടിച്ച് ചിന്തിച്ച് ഇരിക്കുന്ന മിഴിയെ കണ്ട് കൊണ്ടാണ് ശ്യാമ മുറിയിലേക്ക് ചെന്നത്. “എല്ലാവരും പോയോ ശ്യാമേച്ചി..??” “മനുവും സന്ദീപ് ഏട്ടനും പുറത്തേക്ക് പോയി. മിയയോട് കെട്ടിയോനേ ഇന്ന് തന്നെ തിരിച്ച് വിടാൻ പറഞ്ഞിട്ടുണ്ട് ഏട്ടൻ… അവരെല്ലാം അപ്പുറത്തുണ്ട്” പറയുമ്പോൾ ശ്യാമേച്ചിയുടെ തല താണിരുന്നൂ. “മൃദുലയെ വിളിച്ചിരുന്നോ നീ….??” “മ്മ്… വിളിച്ചിരുന്നു. അവളുടെ കാര്യങ്ങൾ ഒക്കെ ആരോ വിളിച്ച് പറഞ്ഞെന്ന് അറിഞ്ഞപ്പോൾ അത് ഞാൻ ആവുമെന്ന് കരുതി അപ്പോഴത്തെ ദേഷ്യത്തിന് ചെയ്ത് പോയത് ആണത്രേ. നഷ്ടം എനിക്കല്ലേ ശ്യാമേച്ചി. അച്ഛൻ പോയി, എല്ലാവരാലും വെറുക്കപ്പെട്ടവൾ ആയി…” “മനസ്സ് വിഷമിപ്പിക്കണ്ട, കിടന്നോ..” “ഞാൻ ഉറങ്ങി കഴിഞ്ഞ് പോകാവൂ ട്ടോ..” ശ്യാമേച്ചിയുടെ മുഖം കണ്ടിരിക്കേ എപ്പോഴോ ഉറക്കം പിടിച്ചു… ************ പിറ്റേന്ന് വൈകിട്ട് ശ്യാമേച്ചി കിതച്ച് കൊണ്ട് ഓടി വന്നപ്പോഴെ കാര്യമായി എന്തോ നടന്നിട്ടുണ്ട് എന്നുറപ്പായിരുന്നൂ.

“മൃദുല…. അവളുടെ കല്യാണം മുടങ്ങി. ബാംഗ്ലൂർ നിന്നവളുടെ കാമുകൻ വന്നു, അവരോപ്പം ഉള്ള ഫോട്ടോസും വീഡിയോസും ഒക്കെ കാണിച്ചതോടെ കല്യാണ ചെക്കനും വീട്ടുകാരും ആ ബന്ധത്തിൽ നിന്ന് പിന്മാറി. അതോടെ എല്ലാവർക്കും മുൻപിൽ നാണം കെട്ടു…. നീയെന്താ ചെയ്തത്.?” “അവളുടെ കല്യാണത്തിന് ആശംസ നേർന്ന് കോളേജ് ഗ്രൂപ്പിൽ പിക് ഷെയർ ചെയ്തു… അത് ഞാൻ പ്രതീക്ഷിച്ചത് പോലെ അവന്റെയടുത്ത് എത്തി.. അവൻ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റച്ഛനേ എന്നിൽ നിന്ന് എന്നേയ്ക്കുമായി നഷ്ടപ്പെടുത്തിയവൾക്ക്‌ വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്യണ്ടേ…???” പറഞ്ഞ് തീരും മുൻപേ നാളുകൾക്ക് ശേഷം അമ്മയുടെ വിളിയെത്തി. ഇതെന്താപ്പോ… അതിശയത്തോടെയാണ് ഉമ്മറത്തേക്ക് ചെന്നത്. ഉമ്മറത്ത് ഇരിക്കുന്ന സാൽവിന്റെ മുഖത്തേക്ക് ആണ് ആദ്യം നോക്കിയത്…. സാൽവിൻ സെബാസ്റ്റ്യൻ… മൃദുലയുടെ കാമുകൻ…!!!! “മിഴി… ഇത്രനാൾ മൃദുവിൻറെ വാക്കുകൾ കേട്ടാവണം, എനിക്ക് തന്നോട് ദേഷ്യമായിരുന്നു…. പക്ഷേ അവൾ ഇവിടെ ഉള്ളവർക്ക് മുന്നിൽ വൃത്തിക്കെട്ടവളായി ചിത്രീകരിച്ചെന്ന് ഞാൻ അറിഞ്ഞില്ല… അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനത് അനുവദിക്കില്ലായിരുന്നു. അവൾക്ക് വേണ്ടി തന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു… എനിക്കറിയാം എന്നെയും ആത്മാർത്ഥമായല്ല അവള് സ്നേഹിക്കുന്നത് എന്ന്… പക്ഷേ ഇത്രേം നാൾ സ്നേഹിച്ച് പോയതല്ലേ… വിവാഹം എന്നൊരു റിസ്ക് കൂടി എടുക്കുകയാണ് ഞാൻ… സത്യം എല്ലാവരോടും ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട്.” യാത്ര പറഞ്ഞവൻ പോയിട്ടും അമ്മയുടെ തെളിഞ്ഞ മുഖം കണ്ടിട്ടും അച്ഛൻ നൽകി പോയ മരവിപ്പ്‌ മാറിയില്ല. അന്ന് രാത്രി വീണ്ടും മനുവേട്ടൻ വീട്ടിലൊരു ചർച്ചാ വിഷയമായി…. മനുവേട്ടന് സമ്മതമാണെന്ന്‌ പറഞ്ഞിട്ടും സന്തോഷം ഒന്നും തോന്നിയില്ല. പകരം മനസ്സിൽ തെളിഞ്ഞ് നിന്നത് മുഴുവൻ മരിച്ചു കിടക്കുന്ന അച്ഛന്റെ മുഖമാണ്….************ “അന്ന് രാത്രി സന്ദീപ് ഏട്ടൻ വന്നത് എനിക്കൊരു ജോബ് ഓക്കേ ആക്കിയിട്ട് ആണ്. അവരോട് യാത്ര പറഞ്ഞൊരു ഒളിച്ചോട്ടമായിരുന്നു, ആ ജീവിതത്തിൽ നിന്ന് തന്നെ… അതിനു വേണ്ടിയുള്ള എല്ലാ സഹായവും ചെയ്തു തന്നതും അവരായിരുന്നു… ഇപ്പൊ എന്റെ മനസ്സ് തനിച്ചുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.. ഇന്നെനിക്ക് സ്വപ്നങ്ങൾ ഒന്നുമില്ല… ഉണ്ടായിരുന്നു , പക്ഷേ യാത്രയിൽ എവിടെയോ അതൊക്കെ എനിക്ക് നഷ്ടമായി… ഇത്രനാൾ തനിച്ച് ആയത് കൊണ്ടാകും, ഇനി അങ്ങോട്ടും ഒരു തുണ വേണമെന്ന് ഇന്നെനിക്ക് തോന്നാറില്ല…. ഞാൻ പറഞ്ഞത് ഡോക്ടർക്ക്‌ മനസ്സിലായി കാണുമെന്ന് കരുതുന്നു…” ട്രാവൽ ഏജൻസിയുടെ മുന്നിലെ വെയ്റ്റിംഗ് ഏരിയയിൽ ബസ്സിനായി കാത്തിരിക്കുമ്പോൾ പെയ്തൊഴിഞ്ഞ ആകാശം പോലെ ശാന്തമായിരുന്നു മിഴിയുടെ മനസ്സും…. ഡോക്ടർ ഗൗതം മേനോൻ. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇൗ മഹാനഗരത്തിൽ വന്നിറങ്ങി ഹൃദയാർദ്രയിൽ ജോലിക്ക് കേറുമ്പോൾ ആദ്യമായ് കണ്ട മുഖം.. എപ്പോഴൊക്കെയോ ആ കണ്ണുകൾ തന്നെ തേടി എത്തുന്നത് അറിഞ്ഞിരുന്നു. എപ്പോഴോ താനും ഇഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ അർഹതയില്ലെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കും പോലെ… ഒടുവിൽ ഒഴിഞ്ഞ് മാറ്റം ഒരു ശീലമായി… അതിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ് ഇൗ ജോലി രാജി വെച്ചത് പോലും…. “നാട്ടിൽ ചെന്നിട്ട് എന്താ പ്ലാൻ…?? തിരിച്ച് വരുന്നില്ലെന്ന് ഉറപ്പിച്ചോ…???’ “തിരിച്ച് വരവില്ല. അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞ് ശ്യാമേച്ചി വിളിച്ചത് കൊണ്ട് മാത്രമാണ് ഇപ്പൊ ഇങ്ങനെയൊരു മടക്കം. എന്റെ അച്ഛൻ അപമാനിതനായി നിൽക്കേണ്ടി വന്ന, ഹൃദയം പൊട്ടി മരിച്ച ആ നാട്ടിൽ ഇനിയും ജീവിക്കാൻ വയ്യ. എവിടെ ആയാലും അച്ഛന്റെ ആത്മാവ് ഞങ്ങളുടെ കൂടെ ഉണ്ടാകും… അമ്മയെയും കൂട്ടി ഏതേലും ഒരു നാട്ടിലേക്ക് പോകണം. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമായി എവിടേലും…” ബസ് കണ്ടതും മിഴി എഴുന്നേറ്റു… “യാത്ര പറയുന്നില്ല… ഇനി എന്നെങ്കിലും കാണുമെങ്കിൽ ഡോക്ടർക്ക്‌ ഒപ്പം ഒരു പെൺകുട്ടി കൂടെ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു…” പതിവ് പുഞ്ചിരി തൂകി മിഴി നടന്നകലുന്നതും നോക്കി ഗൗതം നിന്നു. ********** അടുക്കളയിൽ ഉച്ചക്കത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി നിൽക്കവേ പിന്നിൽ നിന്ന് പുണർന്ന കൈകൾ കണ്ടതും സീതയുടെ കണ്ണ് നിറഞ്ഞ് രണ്ട് തുള്ളി ആ കയ്യിലേക്ക് ഇറ്റു വീണു… “പോയി കുളിക്ക്‌ പെണ്ണേ, അലഞ്ഞ് തിരിഞ്ഞ് വന്നാൽ ആ പതിവ് ഒന്നും ഇല്ലാതെ ആയോ…” “രണ്ട് വർഷങ്ങൾക്ക് ശേഷം മകളെ കാണുന്ന അമ്മ പറയേണ്ട ഡയലോഗ് ആണോ അമ്മേ ഇതൊക്കെ… കെട്ടിപ്പിടിച്ച് ഒരു കരച്ചിൽ, മുഖം നിറച്ച് ഉമ്മ…. ഹോ… എന്തൊക്കെ പ്രതീക്ഷ ആയിരുന്നു… എല്ലാം നശിപ്പിച്ചു…” കുസൃതിയോടുള്ള മിഴിയൂടെ സംസാരം കേട്ടതും കണ്ണ് തുടച്ച് സീത അവൾക്ക് അഭിമുഖമായി തിരിഞ്ഞു. “അതൊന്നും എന്റെ പൊന്നുമോൾക്ക്‌ കിട്ടാത്ത സ്ഥിതിക്ക് അമ്മ വേറൊരു സൂത്രം തരാം…” ചട്ടുകത്തിന് നേരെ നീളുന്ന കണ്ണ് കണ്ടതും മിഴി ഓടി. കുസൃതിയും കുറുമ്പുമായി ഓടി നടക്കുന്ന ആ പഴയ മിഴിയാണ് മുന്നിലെന്ന് തോന്നി സീതയ്ക്ക്‌… “എന്റമ്മേ…. ഇതെന്തോക്കേയാ…??? ഇതാർക്ക്‌ കഴിക്കാനാ ഇത്രേം…???” കുളി കഴിഞ്ഞ് എത്തിയ മിഴി മേശപ്പുറത്ത് നിറഞ്ഞിരിക്കുന്ന വിഭവങ്ങൾ കണ്ട് അമ്പരന്നു. “എല്ലാം നിനക്ക് വേണ്ടി മാത്രാ… ശ്യാമയെ വിളിക്കുമ്പോൾ പറയാറില്ലേ അമ്മ ഉണ്ടാക്കുന്ന ഫുഡ് മിസ്സ് ചെയ്യുന്നു എന്ന്… അതോണ്ട് വയറു നിറയെ കഴിച്ചോ…” “ഞാൻ കണ്ടില്ലെങ്കിലും എന്നെ കാണുന്നുണ്ടായിരുന്നു അല്ലേ കള്ളിയമ്മാ.. ഇത്രേം കഷ്ട്‌പ്പെട്ട്‌ ഉണ്ടാക്കിയ സ്ഥിതിക്ക് വാരി കൂടി താ..” നിറഞ്ഞ സന്തോഷത്തോടെ വർഷങ്ങൾക്ക് ഇപ്പുറം അമ്മ ഉണ്ടാക്കിയ ഫുഡ് കഴിച്ച് അമ്മയുടെ മടിയിൽ കിടന്ന് ശാന്തമായ മനസ്സോടെ മിഴി ഉറക്കത്തെ പുണർന്നു. “മിഴി മോളേ…” കണ്ണ് തുറന്നതും മുന്നിൽ ശ്യാമെച്ചി…

വൈകാതെ സന്ദീപ് ഏട്ടനും എത്തി. വിശേഷങ്ങളും പരിഭവങ്ങളും ആയി സംസാരം മുന്നോട്ട് പോകുമ്പോഴാണ് ശ്യാമേച്ചി ആ സത്യം പറഞ്ഞത്… അന്ന് എന്നെ ഇവിടെ നിന്നു പറഞ്ഞ് വിട്ടത് അമ്മ പറഞ്ഞിട്ട് ആണെന്ന്…. കേട്ടപ്പോ വിശ്വാസം തോന്നിയില്ല… “ഭർത്താവ് മരിച്ച്, സ്വന്തമായി വരുമാനം പോലുമില്ലാതേ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നോരു സ്ത്രീയ്ക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പോലുമുള്ള സ്വാതന്ത്രം ഇന്നുമില്ല മോളെ… അത് കൊണ്ടാണ് അന്ന് മനുവുമായുള്ള വിവാഹത്തിന് നിനക്ക് താൽപര്യം ഇല്ലെന്ന് അറിഞ്ഞിട്ടും അമ്മായിക്ക് ബന്ധുക്കളുടെ തീരുമാനത്തിന് ഒപ്പം നിൽക്കേണ്ടി വന്നത്… അമ്മാവൻ നിന്റെ വിവാഹത്തിനായി കരുതിയ പണം നിനക്ക് തരാനും, നിനക്കൊരു ജോലി ശരി ആക്കാൻ എന്നെ ഏൽപ്പിച്ചതും അമ്മായി ആണ്…. കഴിഞ്ഞ രണ്ട് വർഷവും നീ കാണാതെ നിന്നെ കണ്ടിരുന്നു അമ്മായി… നിന്റെ വിശേഷങ്ങൾ എല്ലാം ഞങ്ങളിൽ നിന്ന് അറിഞ്ഞിരുന്നു..” “സന്ദീപ് ഏട്ടാ… എനിക്കിത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല…” “വിശ്വസിക്കണം… നിന്റെ ചേച്ചിയുടെ കെട്ടിയോൻ പിറ്റേന്ന് തന്നെ തിരിച്ച് പോയത് അമ്മായിയുടെ വക അവന്റെ കരണത്ത് ഒന്ന് കിട്ടിയത് കൊണ്ടാണ്…. നീ പോയി ഒരു വർഷം മിയ മിക്കവാറും ഇവിടെ തന്നെ ആയിരുന്നു… വീടും സ്ഥലവും കടത്തിൽ ആണെന്ന് മനസ്സിലായപ്പോൾ ആണ് അവൾക്കും അമ്മായി ഒരു ഭാരമായത്… അതോടെ അവളും സ്ഥലം വിട്ടു… കടവും അമ്മായിയുടെ ഒരു അടവ് മാത്രമായിരുന്നു.. പിന്നെ സുഖമില്ലേന്നു പറഞ്ഞത് നിന്നെ ഇവിടെ വരുത്താൻ വേണ്ടി മാത്രമാണ്…” എല്ലാ അർത്ഥത്തിലും മനസ്സിലെ ഭാരങ്ങൾ ഒഴിഞ്ഞ് പോകുന്നത് അറിഞ്ഞ് മിഴി. അമ്മയ്ക്ക് സുഖമില്ലെന്ന്‌ പറഞ്ഞ് ശ്യാമേച്ചി തിരിച്ച് വിളിച്ചപ്പോ പോലും അമ്മയുടെ അകൽച്ച മനസ്സിലൊരു വിങ്ങൽ ആയി കിടന്നിരുന്നു… ഇപ്പോഴാണ് അമ്മയ്ക്കും ഞാനും എനിക്ക് അമ്മയും മാത്രമായത്‌.. മിഴി ഹൃദയം തുറന്നൊന്നൂ ചിരിച്ചു… ********** അമ്മയെ കണി കണ്ടാണ് ഇൗ ദിനം പുലർന്നത്…. “എന്നെ നോക്കി കിടക്കാതെ പോയി കുളിച്ചിട്ട് വാ മിഴി… നമുക്ക് ഒരിടം വരെ പോകാനുണ്ട്..” അലമാരയിൽ നിന്നൊരു സാരി എടുത്ത് അവൾക്ക് കൊടുത്ത് സീത തിരിച്ച് പോയി. സാരി ഉടുത്ത് കുളിപ്പിന്നൽ ഇട്ട് മുടി അഴിച്ചിട്ടു, കണ്ണെഴുതി കുഞ്ഞ് പൊട്ട് വെച്ചതും മിഴിയുടെ ഒരുക്കം തീർന്നു… ഹാളിലേക്ക് ഇറങ്ങിയതും കണ്ടത് മനുവേട്ടനെയാണ്… കുസൃതി ഒളിപ്പിച്ച കണ്ണുകളിൽ പ്രസരിപ്പ് മങ്ങി സങ്കടങ്ങളുടെ ഒരു സാഗരം ഒളിപ്പിച്ച് വെച്ചത് പോലെ തോന്നി…. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു മനുവും… ഋതുക്കൾ മാറി മറിഞ്ഞിട്ടും മാറ്റങ്ങൾ ഒന്നുമില്ലാതെ, ഇത്രനാൾ താൻ കാത്തിരുന്നവൾ തനിക്ക് മുന്നിൽ… “മനുവേട്ടൻ എപ്പോ വന്നു…??” “കുറച്ച് നേരമായി…” “ഞാൻ ചായ എടുക്കാം, മനുവേട്ടൻ ഇരിക്ക്..” കൂടുതൽ സംസാരത്തിനിട നൽകാതിരിക്കാൻ മിഴി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു. പക്ഷേ പ്രതീക്ഷിച്ചത് പോലെ ആ വിളിയെത്തി…. “മിഴി…. ഞാൻ… എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…” “മനുവേട്ടൻ പറഞ്ഞോ. ഞാൻ കേൾക്കാം..” തിരിഞ്ഞ് അതേപടി സോഫയിലേക്ക് ഇരുന്നവൾ. “മിഴി… കഴിഞ്ഞതോക്കെ നമുക്ക് മറക്കാം.. നിന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ച മൃദുല പോലും ഇന്ന് നന്നായി ജീവിക്കുന്നു… നിനക്കും വേണ്ടേ ഒരു ജീവിതം…??” “മനുവേട്ടൻ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി… ഇൗ നാട്ടുകാരും നമ്മുടെ ബന്ധുക്കളും എല്ലാം മറന്നിരിക്കാം… പക്ഷേ ചങ്ക് തകർന്നു എന്റച്ഛൻ പോയത് മറക്കാൻ എനിക്ക് ആവില്ല…. നാട്ടുകാരുടെ മുഖത്തെ പുച്ഛം മറക്കാൻ എനിക്കാവില്ല… അവർ പറഞ്ഞ് പരത്തിയ മസാല കഥകൾ മറക്കാനും എനിക്ക് കഴിയില്ല… മനുവേട്ടന്റെ സ്നേഹം സത്യമായിരുന്നു എങ്കിൽ യാഥാർഥ്യം എന്നോട് ആയിരുന്നു ആദ്യം ചോദിക്കേണ്ടി ഇരുന്നത്.. വിശ്വാസം തകർന്നിടത്ത് ബന്ധങ്ങൾക്ക് പിന്നെ വില കാണില്ല…. കുട്ടിക്കാലം മുതൽ ആ കൺമുന്നിൽ വളർന്ന എന്നെ സംശയിച്ച ഒരാൾക്കൊപ്പം ജീവിതം പങ്കിടാൻ എനിക്ക് കഴിയില്ല… മനുവേട്ടന് പോകാം…” അമ്മ ചായയുമായ്‌ വരുന്നത് കണ്ടതും മിഴി അടുക്കളയിലേക്ക് നടന്നു. അടുക്കള യിൽ നിന്ന് പുറത്തേക്കുള്ള വാതിൽക്കൽ ചാരി നിന്ന് പുറത്തേക്ക് കണ്ണോടിക്കവെ എന്തിനെന്നറിയാതെ മിഴിയുടെ കണ്ണുകൾ നിറഞ്ഞു. ഇതായിരുന്നു അച്ഛന്റെ ഇഷ്ടമെന്ന് എനിക്കറിയാം അച്ഛാ. പക്ഷേ ഇനി ഒരിക്കൽ കൂടി ഒരു പരീക്ഷണം… അതിനെനിക്ക് വയ്യ… ക്ഷമിക്ക്‌ ഇൗ മോളോട്…. … “തന്റെ അച്ഛൻ ഇപ്പൊ സന്തോഷിക്കുന്നുണ്ടാകും ഡോ..” പരിചയമുള്ള ശബ്ദം കേട്ടതും മിഴി ഞെട്ടി തിരിഞ്ഞു. “ഡോക്ടർ…. ഡോക്ടർ എന്താ ഇവിടെ…??” “അമ്മയ്ക്കും മോൾക്കും ഒപ്പം ഒരു അമ്മയെയും മകനെയും കൂടെ കൂട്ടാമോ എന്ന് ഇവിടുത്തെ അമ്മയോട് വിളിച്ച് ചോദിച്ചപ്പോ ഇൗ വഴി ഒന്നിറങ്ങാൻ പറഞ്ഞു തൻറെ അമ്മ… കുറച്ച് അധികം കഷ്ടപ്പെട്ടു കണ്ട് പിടിച്ച് ഇവിടം വരെ എത്താൻ…” അത് കേട്ടതും ആ മിഴികൾ വിടർന്നു…. “എന്നിട്ട് ഇപ്പൊ അമ്മ എന്ത് പറഞ്ഞു..??” കുസൃതി നിറഞ്ഞ പുഞ്ചിരിക്ക് അപ്പുറം അവളുടെ മിഴികളിൽ ഒരു പ്രണയ സാഗരം തനിക്കായവൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് തോന്നി ഗൗതമിന്… “ഒരു നുള്ള് സിന്ദൂരം ഇൗ നെറ്റിയിൽ ചാർത്തി, താലി കെട്ടി സ്വന്തമാക്കിക്കോളാൻ… പറയാതെ ഞാൻ അറിഞ്ഞ എന്റെ പെണ്ണിന് എന്നോടുള്ള പ്രണയത്തെ എന്നും നെഞ്ചോട് ചേർത്ത് പിടിച്ചോളാൻ…. അപ്പോ എങ്ങനെയാ… വരുന്നുണ്ടോ എന്റെ കൂടെ, ഇൗ ഗൗതം മേനോന്റെ നല്ല പാതിയാവാൻ…??? അതോ അവസാനം പറഞ്ഞത് പോലെ ഞാൻ മറ്റൊരാളെ തപ്പി പിടിക്കണോ…???” അവന്റെ കവിളിൽ അമരുന്ന അധരങ്ങളുടെ തണുപ്പിൽ അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ പ്രണയത്തെയും, അതിനുള്ളിൽ ഒളിപ്പിച്ച അവളുടെ മറുപടിയും….

കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ, നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് ചെയ്യുക.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular