Connect with us

Love

പ്രണയവും പൊന്നും ഇട്ടു തൂക്കി നോക്കിയപ്പോൾ താണിരുന്നത് പൊന്നിന്റെ തട്ട് തന്നെയായിരുന്നു…

Published

on

രചന: അക്ഷര എസ്

“ഞങ്ങളുടെ മോൾക്ക് 100 പവനും കാറുമാണ് കൊടുത്തത് ….അപ്പോൾ വന്നു കയറുന്ന കുട്ടിയും അതിൽ കുറയരുതല്ലോ …അല്ലാതെ ഇവിടുന്ന് പൊന്നും പണവും കിട്ടിയിട്ട് വേണ്ട ശ്രീലകം വീട്ടിൽ അടുപ്പ് പുകയാൻ…” യാതൊരു മയവുമില്ലാതെ ചെറുക്കന്റെ അമ്മ പറഞ്ഞപ്പോൾ നിറഞ്ഞ കണ്ണോടെ ചന്ദന അരുണിനെ നോക്കി … അരുണിന് മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു എന്നതായിരുന്നു ഏറെ നോവിച്ചത് …. “നൂറു പവനെന്നൊക്കെ പറയുമ്പോൾ ….ഇളേത് ഒരെണ്ണം കൂടിയുണ്ട് …പിന്നെ അതിനുള്ള വകയൊന്നും ഞങ്ങൾക്ക് ഇല്ല….” വിഷമത്തോടെയായിരുന്നു അച്ഛൻ പറഞ്ഞത് …. “നൂറു തികച്ചു വേണം എന്നല്ല അതിനർത്ഥം …എഴുപത്തിയഞ്ചു വരെ ആയാലും ഞങ്ങൾക്ക് കുഴപ്പമില്ല …കുട്ട്യോൾ തമ്മില് അഞ്ചാറ് വർഷം ആയുള്ള അടുപ്പം ആണല്ലോന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത് തന്നെ …അല്ലെങ്കിൽ ഇങ്ങനെയൊരിടത്തു നിന്ന് കെട്ടേണ്ട അത്യാവശ്യം തത്ക്കാലം ശ്രീലകത്തുക്കാർക്ക് ഇല്ലേ ….അല്ലേ…” കൂട്ടത്തിൽ വന്ന ഒരു അമ്മാവൻ കൂടി അരുണിന്റെ അമ്മയെ പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തിൽ പറഞ്ഞപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു …. അച്ഛൻ മൗനമായിരുന്നു ….തന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടു കാണണം …അമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല …അനിയത്തി ചാന്ദ്നി അപ്പുറത്തു നിന്നും തലയിട്ട് നോക്കുന്നത് മങ്ങിയ കാഴ്ച്ചയിലും കണ്ടു …. പ്രണയവും പൊന്നും ഇട്ടു തൂക്കി നോക്കിയപ്പോൾ താണിരുന്നത് പൊന്നിന്റെ തട്ട് തന്നെയായിരുന്നു …ആ തട്ടിലാണ് ഇപ്പോൾ കാലിടറി വീണത് … ജൂണിനെന്നും മഴയുടെ മണമായിരുന്നു ….ഓർമ്മകളും മഴ പോലെ കുളിർന്നത് ….ഏതോ ഒരു മഴയിലായിരുന്നു അവൻ വിളിയ്ക്കാതെ തന്റെ കുടക്കീഴിൽ വന്നു കയറിയത് … അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ പ്രണക്കാലമായിരുന്നു … അല്ലെങ്കിൽ ആണെന്ന് വിശ്വസിയ്ക്കുകയായിരുന്നു … തൂണിൻ മറവിൽ ചുംബനങ്ങൾ കൈമാറുമ്പോഴും ഒന്നിച്ചു കൈകോർത്തു മണലിൽ കാൽ പൂഴ്ത്തി തിരമാലകൾ ഏറ്റു വാങ്ങുമ്പോഴും തോളിൽ ചാരിയിരുന്നു കിന്നാരം പറയുമ്പോഴും അവന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ടിരുന്ന പ്രണയം ഇന്ന് കണ്ടില്ല ….. “നിങ്ങൾ എങ്ങനെയാണെന്ന് വച്ചാൽ വിളിച്ചു അറിയിക്ക് ….ലീവ് തീരുന്നതിന് മുൻപേ അല്ലെങ്കിൽ വേറെ ബന്ധുതകൾ നോക്കണം …ഒന്ന് രണ്ട് കൂട്ടർക്ക് താല്പര്യം ഉണ്ടേ….” അമ്മാവൻ വീണ്ടും ആ മുറിവിലേക്ക് കത്തി ആഴ്ത്തുന്നത് പോലെ പറഞ്ഞു ….അപ്പോൾ മറ്റു ബന്ധുതകളും നോക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് പുതിയൊരു അറിവായിരുന്നു …. കഥകളിൽ കാണുന്നത് പോലെ ആയിരുന്നില്ല ഉള്ളിലെ പെണ്ണ് പ്രതികരിച്ചത് ….മൗനമായിരുന്നു …. സ്നേഹം കൊണ്ട് മുറിവേറ്റപ്പോൾ വേദന ആഴത്തിലായിരുന്നു ….ഒന്ന് മിണ്ടാൻ പോലും പറ്റാത്ത വിധം അത് തൊണ്ടക്കുഴിയിൽ അമർന്നു പോയിരുന്നു …..എതിർത്തു പറയാനോ വഴക്കിടാനോ അറിയില്ല ….അല്ലെങ്കിൽ പേടിയായിരുന്നു …മറ്റുള്ളവരുടെ മുൻപിൽ അഭിപ്രായം പറഞ്ഞാൽ അധികപ്രസംഗി എന്ന് വിളിപ്പേര് വരുമോ എന്ന പേടി … വൈകുന്നേരം ഭക്ഷണത്തിന് മുൻപിൽ ഇരിയ്ക്കുമ്പോഴും എല്ലാവരും മൗനമായിരുന്നു ….അച്ഛനായിരുന്നു ഏറെ വിഷമം … “എഴുപത്തിയഞ്ച് പവനും …പിന്നെ കല്യാണ ചെലവും പിന്നീട് വരുന്ന ചെലവും ഒക്കെ കൂടി തട്ടി കൂട്ടി നോക്കുമ്പോൾ …ഹ്മ്മ് …അച്ഛൻ നോക്കട്ടെ …വീടിന്റെ ആധാരം ഈടു വച്ചാൽ എത്ര കിട്ടും എന്ന് നോക്കട്ടെ ….”വാക്കുകളിൽ നിറഞ്ഞു നിന്നത് നിരാശ ആയിരുന്നെങ്കിലും അച്ഛൻ തന്നെ ഒരു മാർഗ്ഗം കണ്ടെത്താനുള്ള ശ്രമമായിരുന്നു … “അവൻ പ്രേമിച്ചിട്ടുണ്ടെങ്കിൽ അന്തസ്സായി ഇറക്കി കൊണ്ട് പോകാൻ പറയെടാ സഹദേവ …പ്രേമിച്ചു കെട്ടും വേണം പെണ്ണിന്റെ കയ്യിലെ കാശും വേണം എന്ന് പറയുന്നത് എവിടത്തെ ഏർപ്പാടാണ്…” അച്ഛന്റെ അവിവാഹിതയായ മൂത്ത പെങ്ങൾ ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ പറഞ്ഞു ….ആളും നഷ്ടപ്രണയത്തിന്റെ രക്തസാക്ഷിയാണ് …. കാലമെത്ര മാറിയെന്നു പറഞ്ഞാലും ചില ഇടുങ്ങിയ ചിന്താഗതികൾ ആചാരം പോലെ തലമുറകളോളം തുടർന്നു കൊണ്ടേ ഇരിയ്ക്കും … “ഞാൻ അരുണിനോട് സംസാരിയ്ക്കാം ….അമ്മ ഉള്ളത് കൊണ്ടാവും ഒന്നും പറയാതെ ഇരുന്നത് ….അച്ഛൻ താത്ക്കാലം വീട് പണയപ്പെടുത്തുന്നതിനെപ്പറ്റിയൊന്നും ചിന്തിയ്ക്കാൻ നിൽക്കണ്ട….” പാതി കഴിച്ചു നിർത്തി അവിടെ നിന്നും എണീറ്റു മുറിയിലെത്തി ….ബെഡിൽ കിടന്നു ഒന്ന് രണ്ടു തവണ അരുണിനെ വിളിച്ചു നോക്കി ..കാൾ എടുത്തില്ല ….അല്ലെങ്കിൽ 9 മണി എന്നൊരു സമയം ഉണ്ടെങ്കിൽ മുടങ്ങാതെ വിളിയ്ക്കുന്നവനാണ് …. കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു നോക്കിയപ്പോഴും അത് തന്നെ അവസ്ഥ ….

കണ്ണുകളിൽ മയക്കം പിടിച്ചു ഉറങ്ങിയത് എപ്പോഴാണെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല …പിറ്റേന്ന് രാവിലെ ഉണർന്നു അമ്പലത്തിൽ പോയൊന്ന് മനസ്സറിഞ്ഞു പ്രാർത്ഥിച്ചു ….എന്തൊക്കെ പറഞ്ഞാലും അരുണിനെ ഈ ജന്മം മറക്കാൻ പറ്റില്ല …ഭഗവാൻ തന്നെ ഒരു വഴി കാണിച്ചു തരട്ടേയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു …. വീട്ടിൽ തിരിച്ചു വന്നപ്പോൾ പുറത്തു ചവിട്ട് പടിയിൽ കിടക്കുന്ന ചെരിപ്പുകളുടെ എണ്ണം കൂടുതലാണെന്ന് കണ്ടപ്പോഴേ ആകാംക്ഷയോടെ അകത്തേയ്ക്ക് ഓടി കയറി ….അരുൺ വീണ്ടും സംസാരിയ്ക്കാൻ വന്നതാവും എന്നായിരുന്നു പ്രതീക്ഷ… പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്നത് കസിൻസ് ആയിരുന്നു ….അഞ്ചു പെങ്ങന്മാരുടെ ഏക സഹോദരനാണ് അച്ഛൻ …. അച്ഛന്റെ നാലു പെങ്ങന്മാരുടെയും മക്കൾ അവിടെ ഹാജർ വച്ചിട്ടുണ്ട് …. ഒരാളൊഴികെ ….മൂപ്പരെ പിന്നെ ആണ്ടിനും സംക്രാന്തിയ്ക്കും പിന്നെ ഇവിടുത്തെ ഉത്സവത്തിനും മാത്രമേ കാണാൻ കിട്ടാറുള്ളൂ …. “എന്താടീ ഉണ്ടാക്കണ്ണീ നോക്കി പേടിപ്പിയ്ക്കുന്നത്…” കൂട്ടത്തിൽ ഒരുത്തൻ തലയിൽ ഒരു കിഴുക്ക് തന്ന് പറഞ്ഞപ്പോൾ ഒരു പുഞ്ചിരി കൊടുത്തു …. “ഇനി ഇവിടുത്തെ ഉത്സവം കഴിഞ്ഞിട്ടേ ഞങ്ങൾ പോകുന്നുള്ളൂ …ചേച്ചി ഇങ്ങോട്ട് വന്നേ ….”ഇളയ അമ്മായിയുടെ മകൾ കൈ പിടിച്ചു മുറിയിലേയ്ക്ക് വലിച്ചു കൊണ്ട് പോയി …. രണ്ടു ദിവസം കഴിഞ്ഞാൽ അമ്പലത്തിൽ ഉത്സവമാണ് …വർഷത്തിൽ എല്ലാവരും ഒത്തു കൂടുന്നത് മിക്കവാറും ഉത്സവത്തിന് മാത്രമായിരിയ്ക്കും …എങ്കിലും തലേന്ന് രാത്രിയേ എല്ലാവരും എത്താറുള്ളൂ …അതും പല പല സമയത്തായി ….ഇതിപ്പോൾ എല്ലാവരും കൂടെ ഒന്നിച്ചായപ്പോൾ മനസ്സിൽ ആവശ്യം ഇല്ലാത്ത സംശയങ്ങൾ പൊട്ടി മുളയ്ക്കാൻ തുടങ്ങി …. എല്ലാവരും കൂടിയപ്പോൾ പിന്നെ ബഹളമായിരുന്നു ….പണ്ടത്തേത് പോലെ കളിയും ചിരിയും മേളവും …കുറെയൊക്കെ ആസ്വദിച്ചെങ്കിലും മനസ്സ് മറ്റെന്തിലോ കൊളുത്തി കിടപ്പായിരുന്നു … ഇടയ്ക്ക് ഫോൺ എടുത്തു അരുണിനെ വിളിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല … വൈകുന്നേരം റൂമിലേയ്ക്ക് വെള്ളം എടുക്കാൻ അടുക്കളയിലേയ്ക്ക് പോകാൻ നേരം അച്ഛന്റെയും അമ്മയുടെയും അടക്കി പിടിച്ച സംസാരം കേട്ടു …. “എന്റെ മോളോട് ഞാൻ എന്താ പറയേണ്ടതെന്ന് എനിയ്ക്ക് ഒരു രൂപവും കിട്ടുന്നില്ലല്ലോ രാജി ….ആ ചെറുക്കന്റെ കല്യാണം വേറെരു കൂട്ടരുമായി ഉറപ്പിച്ചു വച്ചതാണെന്ന് …ഇന്നലെ കാണിച്ചതൊക്കെ വെറും കാട്ടി കൂട്ടലുകൾ ആണെന്ന് പറഞ്ഞാൽ അവള് വിശ്വസിയ്ക്കോ ….പിള്ളേരുടെ കൂടെ ഇടപഴകുമ്പോൾ മനസ്സിന് കുറച്ചു ആശ്വാസം കിട്ടിയാലോന്ന് കരുതിയാ അവരോട് രണ്ടു ദിവസം നേരത്തെ വരാൻ പറഞ്ഞത് …പേപ്പറിലൊക്കെ ഓരോന്ന് വായിക്കുമ്പോ തീയാ നെഞ്ചില് …കണ്ണൊന്നു തെറ്റിയാൽ കടും കൈ വല്ലതും ചെയ്താലോ എന്ന് കരുതി….” നെഞ്ചൊന്ന് ഉഴിഞ്ഞു അവശതയോടെ പറഞ്ഞു അച്ഛൻ ബെഡിലേയ്ക്ക് ഇരിയ്ക്കുമ്പോൾ അമ്മ പുറം തടവി കൊടുക്കുന്നുണ്ടായിരുന്നു …. വീട് പണയപ്പെടുത്തി ഒരു കല്യാണം വേണ്ടെന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു … റൂമിൽ ചെന്ന് വീണ്ടും വിളിച്ചു അരുണിനെ …എടുക്കാതായതോടെ വാശിയ്ക്ക് ഒരുപാട് തവണ ….അവസാനം ഗത്യന്തരമില്ലാതെ അരുൺ ഫോൺ എടുത്തിരുന്നു …. “അരുണിന് എന്നെ കൊണ്ട് പോകാനുള്ള ആണത്തം ഉണ്ടെങ്കിൽ ഞാൻ ഇറങ്ങി വരാം അരുൺ ….അരുണിന്റെ വീട്ടിലെ ഒരു ചില്ലി കാശ് വേണ്ട ….നമുക്ക് രണ്ടാൾക്കും ജോലിയുണ്ട് …അത് കൊണ്ട് അന്തസ്സായി ജീവിയ്ക്കാം….” “അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ …എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോന്നിട്ട് എന്തോന്ന് എടുത്തു വച്ചു ജീവിയ്ക്കും …കുറച്ചു കൂടി പ്രാക്ടിക്കൽ ആയി ചിന്തിയ്ക്കാൻ നോക്ക് ചന്ദന …നിന്റെ വീട്ടുക്കാർ ഒരു വിട്ടു വീഴ്ച്ച ചെയ്താൽ ജീവിതക്കാലം മുഴുവനും നമുക്ക് സന്തോഷമായി ജീവിയ്ക്കാം…” “അതാണ് പറഞ്ഞത് രണ്ടാൾക്കും ജോലി ഉണ്ടെങ്കിൽ ഒരു കുടുംബം കഴിഞ്ഞു പോകാനുള്ള കാശ് കിട്ടില്ലേ അരുൺ …നിങ്ങളുടെ കുടുംബത്തിന്റെ അന്തസ്സ് ഉയർത്തി പിടിയ്ക്കാൻ എന്റെ കുടുംബത്തിനെ ഞാൻ തെരുവിലേയ്ക്ക് ഇറക്കണോ …പറയ് അരുൺ….” “എനിയ്ക്ക് അതൊന്നും അറിയേണ്ട …ഇതിൽ കുറഞ്ഞൊരു ബന്ധുതയ്ക്ക് എന്റെ അമ്മയ്ക്ക് താല്പര്യവും ഇല്ല….” “അമ്മയോട് ചോദിച്ചിട്ടല്ലല്ലോ നീ എന്റെ പുറകേ നടന്നതും പ്രേമിച്ചതും ….അതാണ് ആദ്യം പറഞ്ഞത് ആണത്തം വേണമെന്ന്…” “ഡീ ..ഡീ …നീ സംസാരിച്ചു കൂടുതൽ കാട് കയറേണ്ട ….നിനക്കല്ല നിന്റെ തന്തയ്ക്കും ചത്തു കിടന്നാൽ ഞങ്ങൾ ചോദിച്ചത് തരാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് അത്രയും ചോദിച്ചത് …മുടങ്ങുമ്പോൾ എനിയ്ക്ക് പറയാൻ ഒരു കാരണം വേണമല്ലോ …ഇനി ഒന്ന് കൂടെ അറിഞ്ഞോ വരുന്ന 21 ന് എന്റെ വിവാഹമാണ് ….വേണമെങ്കിൽ വന്നു തിന്നിട്ട് പോടീ ….”അരുൺ അത് പറഞ്ഞതും നെഞ്ചൊന്ന് വിങ്ങി പോയി …വിവാഹം …അതും ഇത്രയും പെട്ടെന്ന് …. “അരുൺ ….നിനക്കറിഞ്ഞൂടെ നീയില്ലാതെ എനിയ്ക്ക് പറ്റില്ലെന്ന് ….എന്നിട്ടും നീയെന്തിനാ …നീയില്ലെങ്കിൽ ഞാൻ ചത്തു കളയും അരുൺ …” “എങ്കിൽ പോയി ചാവെടീ ….മനുഷ്യന്റെ സമയം മെനക്കെടുത്താതെ …”ഉച്ചത്തിൽ പറഞ്ഞതിനൊപ്പം കാൾ കട്ടാവുന്ന ശബ്ദം കൂടി കേട്ടു … കണ്ണിൽ നിന്നും കണ്ണീർ ചാലിട്ട് ഒലിച്ചിറങ്ങി … ബാത്‌റൂമിൽ പോയി ഷവറും തുറന്നിട്ട് ആവോളം കരഞ്ഞു ….

ഏതോ ഒരു നിമിഷത്തിൽ കണ്ണാടിയ്ക്ക് മുൻപിൽ ഇരുന്ന ബ്ലേഡിന്റെ തുണ്ടിൽ കണ്ണുടക്കിയതും അത് കയ്യിലെടുത്തു നോക്കി കൈ ഞരമ്പിലേയ്ക്ക് ചേർത്ത് വച്ചു…വാതിലിൽ ഒരു മുട്ട് കേട്ടതും വെപ്രാളത്തോടെ വാതിൽ തുറന്നു … കയ്യിൽ കിട്ടിയ ടവൽ എടുത്തു മുഖം ബദ്ധപ്പെട്ട് തുടച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടു കട്ടിളപ്പടിയിൽ ചാരി കൊണ്ട് തന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരാളെ ….. ദേവപ്രയാഗ് … കസിൻസിന്റെ കൂട്ടത്തിലെ തല മുതിർന്നയാൾ …പോലീസാണ്…അടുത്തുള്ള സ്റ്റേഷനിലെ എസ്.ഐ …ബാക്കി ഉള്ളവരെ പോലെയല്ല …ഗൗരവ പ്രകൃതമാണ് ….ചിരിച്ചു കാണുന്നത് തന്നെ അപൂർവ്വം …വന്നിരിയ്ക്കുന്നത് പോലീസ് വേഷത്തിൽ അല്ലെങ്കിലും ടീ ഷർട്ടിനൊപ്പം ഇട്ടിരിക്കുന്ന കാക്കി പാന്റ് കണ്ടാൽ തന്നെ ഉള്ളിലൊരു ആന്തലാണ് … “നീ വരുന്നില്ലേ ….” ചോദ്യത്തിന് കനം കുറച്ചു കൂടുതലായിരുന്നു … “എങ്ങോട്ട് … ..” കലങ്ങിയ കണ്ണുകൾ മറച്ചു പിടിയ്ക്കാൻ ഒരു ശ്രമം നടത്തി ചുണ്ടിലൊരു ചിരി വരുത്തി കൊണ്ട് ചോദിച്ചു … “എല്ലാവരും ഒരു നൈറ്റ്‌ റൈഡ് പോകാൻ റെഡി ആയി നിൽക്കുന്നുണ്ട് …നിന്നെ വിളിയ്ക്കാൻ വന്നപ്പോൾ നീ ബാത്‌റൂമിൽ ആയിരുന്നെന്ന് പറഞ്ഞു …ഇതെന്താ കോലം …”നനഞ്ഞ വസ്ത്രം ചൂണ്ടി കാണിച്ചു ദേവേട്ടൻ ചോദിച്ചപ്പോൾ ഒന്ന് മന്ദഹസിച്ചു …. “കൈ തട്ടി ഷവർ ഒന്ന് ഓൺ ആയി …ഞാൻ ഇല്ല ദേവേട്ടാ ..നിങ്ങൾ പൊക്കോ ….” “അതൊന്നും പറഞ്ഞാൽ പറ്റില്ല …അഞ്ചു മിനിറ്റിൽ താഴെ എത്തിക്കോണം …” കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ ചൂണ്ടി പറഞ്ഞപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല …അല്ലെങ്കിലും അവിടെ പറഞ്ഞിട്ടൊന്നും കാര്യമില്ല … ദേവേട്ടന്റെ പിന്നിൽ ചാന്ദ്നി ആയിരുന്നു ഇരുന്നത് …അല്ലെങ്കിലും തന്നേക്കാൾ എളുപ്പത്തിൽ എല്ലാവരുമായും കൂട്ട് കൂടാൻ മിടുക്കി അവളാണ് …ചെറിയൊരു കുന്നിൻ മുകളിലേയ്ക്ക് ബൈക്ക് പായുമ്പോഴും തണുത്ത കാറ്റ് മുഖത്തടിയ്ക്കുമ്പോഴും ചിന്തകളിൽ നിന്നൊരു മോചനം ഇല്ലായിരുന്നു … അരുണുമായി അടുത്തത് മുതലാണ് താൻ എല്ലാവരിൽ നിന്നും ഉൾവലിയാൻ തുടങ്ങിയത് …എല്ലാവരും ഒന്നിച്ചു കൂടുമ്പോഴും താൻ മാത്രം മറ്റൊരു ലോകത്ത് …ചിലപ്പോൾ തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുമ്പോൾ അസ്വസ്ഥത പോലും തോന്നിയിട്ടുണ്ട് …എല്ലാം ഒഴിവാക്കിയത് അവന് വേണ്ടിയായിരുന്നു … ബൈക്ക് നിർത്തി വഴിയോരത്തെ ചായക്കടയിൽ നിന്നും ചായ വാങ്ങി അവിടെ ചിതറി കിടന്നിരുന്ന പാറക്കെട്ടുകളൊന്നിൽ ഇരിപ്പുറപ്പിച്ചു എല്ലാവരും ….പാട്ടൊക്കെ പാടി അപ്രതീക്ഷിതമായി വീണു കിട്ടിയ രാത്രി യാത്ര ആഘോഷമാക്കുന്നുണ്ട് എല്ലാവരും …എന്തോ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ട് …എല്ലാത്തിൽ നിന്നും വിട്ടൊഴിഞ്ഞു ഒരു പാറക്കെട്ടിന് മുകളിൽ ഒറ്റയ്ക്ക് വന്നിരുന്നു ….ഷാൾ എടുത്തു പുതച്ചു ദൂരേയ്ക്ക് നോക്കി ഇരുന്നപ്പോൾ കണ്ണിന് മുൻപിൽ ഒരു ചായ ഗ്ലാസ്‌ നീണ്ടു .. “ചാവാൻ വേണ്ടി കേറിയതാണോ ബാത്‌റൂമിൽ …” പെട്ടെന്നൊരു ചോദ്യം കേട്ടപ്പോൾ ഞെട്ടലായിരുന്നു …. “ദേവേട്ടാ ഞാൻ ….” “കാര്യങ്ങളൊക്കെ എനിയ്ക്ക് അറിയാം …എനിയ്ക്ക് എന്നല്ല ഈ കൂടി ഇരിയ്ക്കുന്നവന്മാർക്ക് എല്ലാവർക്കും …അതറിഞ്ഞു കൊണ്ട് തന്നെയാണ് മാമന്റെ ഒരു വിളിപ്പുറത്തു ഞങ്ങളൊക്കെ എത്തിയത് …ഞങ്ങളുടെ കൂടെ കൂടുമ്പോഴെങ്കിലും നീ ഞങ്ങളുടെ പഴയ ചന്ദു ആവും എന്ന് പ്രതീക്ഷിച്ചു …അപ്പോഴും നിന്നെ വേണ്ടാത്ത ഒരുത്തനെ ഓർത്തിരിയ്ക്കാൻ ആണ് നിനക്ക് ഇഷ്ടം …അവന് വേണ്ടി ചാവാനും ….”വല്ലാത്തൊരു ഭാവത്തോടെയായിരുന്നു ദേവേട്ടൻ അത് പറഞ്ഞത് … “എനിയ്ക്ക് മറക്കാൻ പറ്റുന്നില്ല …” “അവന് പറ്റിയല്ലോ …..നീ ഒരു നിമിഷം നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഓർത്തോ …നാലഞ്ച് വർഷം മാത്രം പരിചയം ഉള്ള ഒരുത്തനു വേണ്ടി അതും കാശ് വച്ചു അളന്നു നിന്നെ വേണ്ടെന്നു വച്ചവന് വേണ്ടി വർഷങ്ങളോളം നിന്നെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും തോരാത്ത കണ്ണീരിലാക്കാൻ എങ്ങനെ തോന്നി നിനക്ക് …നീ ചത്താൽ അവന് എന്താടീ നഷ്ടം ….കുറച്ചു കാലം ആരെങ്കിലും വല്ലതും പറയും …ആ ചൂട് കഴിഞ്ഞാൽ അതും തീരും ….പക്ഷേ നീ പോയാൽ ഞങ്ങൾക്കൊക്കെ ഉണ്ടായ നഷ്ടം അത് ഇല്ലാതാവോ…ചിന്തിയ്ക്ക് ..ജീവിച്ചു കാണിയ്ക്കാൻ നോക്ക് …നിന്നെ വേണ്ടാത്തവനെ നിനക്കും വേണ്ടെന്നു പറയാൻ കഴിയണം … ഈ പറയുന്നതൊന്നും ഉൾക്കൊള്ളാൻ ഇപ്പോൾ പറ്റിയെന്നു വരില്ല … കാരണം നമ്മൾ 20 വയസ്സിൽ ചിന്തിയ്ക്കുന്നതല്ല 25ആം വയസ്സിൽ ചിന്തിയ്ക്കുന്നത് ….25ആം വയസ്സിൽ ശരിയെന്നു തോന്നുന്ന പല കാര്യങ്ങളും ചിലപ്പോൾ 30ആം വയസ്സിൽ തെറ്റാണെന്നു തോന്നും …വയസ്സ് കൂടുന്തോറും ചിന്താഗതികൾ മാറും …ചോയ്സ് മാറും …കാഴ്ച്ചപ്പാടും …ഇനിയും നിനക്ക് മനസ്സിലാവുന്നില്ലെങ്കിൽ നമുക്ക് അവനെ ഒന്ന് കൂടെ കാണാൻ പോകാം ….ഞാൻ വരാം കൂടെ …” ദേവേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു …പൊട്ടി കരഞ്ഞു മുഖം കൈകൾ കൊണ്ട് പൊത്തി പിടിച്ചപ്പോഴേയ്ക്കും എല്ലാവരും വന്നു പൊക്കി എടുത്തിരുന്നു … വീട്ടിൽ ചെന്ന് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു ആവോളം കരഞ്ഞു ….മനസ്സിലെ വിഷമങ്ങൾ ഇറക്കി വയ്ക്കാനുള്ള ശ്രമങ്ങളുടെ തുടക്കം …ഇനിയൊരിക്കലും തെറ്റായി ചിന്തിച്ചു കൂട്ടില്ലെന്ന് അച്ഛനും അമ്മയ്ക്കും വാക്ക് കൊടുത്തപ്പോൾ ആ മുഖങ്ങളിൽ പുഞ്ചിരി വിടർന്നിരുന്നു … എല്ലാവരുടേയും കൂടെ കളിച്ചു ചിരിച്ചു നടന്നിരുന്ന പഴയ ചന്ദുവാവാൻ പരിശ്രമിച്ചു …കഴിയുന്നുണ്ടായിരുന്നില്ല … മനസ്സല്ലേ …പഴയതൊന്നും മറക്കാൻ മനസ്സ് എളുപ്പം കൊണ്ടൊന്നും അനുവദിക്കില്ലല്ലോ …മറക്കാൻ ശ്രമിയ്ക്കുന്ന ഓർമ്മകൾക്കാണ് കരുത്തോടെ വേദനിപ്പിയ്ക്കാൻ കഴിവ് … എന്ത് വന്നാലും അരുണിന്റെ കല്യാണത്തിന് പോകണം എന്ന് കരുതിയിരുന്നു ….ആ കാഴ്ച്ച കണ്ടാലെങ്കിലും മനസ്സിൽ നിന്നും പൂർണ്ണമായി എടുത്തു കളയാൻ കഴിഞ്ഞാലോ എന്ന് ഒരു വ്യാമോഹം …. അരുണിന്റെ കല്യാണത്തിന്റെയന്ന് വസ്ത്രം മാറി പുറത്ത് ഇറങ്ങിയപ്പോഴേ കണ്ടു മുഴുവൻ പടയും വീടിന് പുറത്തു കാത്തു നിൽക്കുന്നത് ….വിളിയ്ക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി ചെല്ലാൻ മടിയുള്ള ഒരാളും ആ കൂട്ടത്തിൽ ഇല്ലായിരുന്നു …

പോകുന്ന വഴി അമ്പലത്തിൽ ഒന്ന് കയറണം എന്ന് പറഞ്ഞപ്പോൾ വണ്ടി ഒന്ന് ഒതുക്കി എല്ലാവരും അകത്തു കയറി … പുറത്തു വന്നപ്പോൾ കണ്ടു അത് വരെ കൂടെ ഇല്ലാതിരുന്ന ഒരാളെ കൂടെ …ദേവേട്ടൻ … സാധാരണ അമ്പലത്തിൽ വരാത്ത ആളാണ് …മൂപ്പർക്ക് ദൈവങ്ങളിൽ അത്ര വിശ്വാസം ഇല്ലെന്ന് ബാക്കിയുള്ളവന്മാർ പറഞ്ഞു അറിയാം … കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഇലച്ചീന്തിൽ നിന്നും നിന്നും ഒരു നുള്ള് ചന്ദനം എടുത്തു നെറ്റിയിൽ തൊട്ട് തന്നപ്പോൾ അറിയാതെ കണ്ണ് മിഴിഞ്ഞു പോയി …എപ്പോഴും കാണുന്ന ഗൗരവം ഇന്നെന്തോ മുഖത്തു കണ്ടിരുന്നില്ല …. കല്യാണത്തിന് ചെന്നപ്പോഴാണ് എല്ലാവരും രണ്ടും കൽപ്പിച്ചാണ് ചെന്നിരിക്കുന്നത് എന്ന് മനസ്സിലായത് ….ഉണ്ട് കഴിഞ്ഞ ഇലയ്ക്ക് അടിയിൽ മുതൽ സ്റ്റേജിൽ നിൽക്കുന്ന വധു വരന്മാർക്ക് വരെ “എന്റെ വക ധനസഹായം 100” എന്നെഴുതി അകത്തു 100 ന്റെ നോട്ട് വച്ച പേപ്പർ എൻവലപ്പുകൾ അവന്മാർ വാരി എറിയുന്നുണ്ട് ….സ്റ്റേജിൽ നിൽക്കുമ്പോൾ അരുണിന്റെയും അരുണിന്റെ അമ്മയുടെയും മുഖം ചുളിയുന്നത് കാണാമായിരുന്നു ….എങ്കിലും അവന്റെ കൈ കൊണ്ട് ചാർത്തിയ സിന്ദൂരവും താലിയും മറ്റൊരുത്തിയുടെ ദേഹത്ത് കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു പോയി …. വീട്ടിൽ എത്തിയിട്ടും ആ കാഴ്ച്ച കണ്ണിൽ നിന്നും മറഞ്ഞില്ല …. ദുർബുദ്ധി ചിന്തകളെയും ഉപദേശങ്ങളെയും കീഴടക്കിയപ്പോൾ എല്ലാം ഒരു നിമിഷം മറന്നു …എല്ലാവരെയും …പണ്ടെന്നോ ഉപേക്ഷിച്ച മുറി ബ്ലേഡ് എടുത്തു കയ്യിലെ നീല ഞരമ്പിൽ പോറി … പിന്നീട് കണ്ണ് തുറന്നപ്പോൾ കാണുന്നത് തൊട്ടപ്പുറത്തു മാഗസിൻ വായിച്ചു ഇരിയ്ക്കുന്ന ദേവേട്ടനെയായിരുന്നു … “ഞാൻ ചത്തില്ലേ ….” തലയൊന്ന് ചെരിച്ചു നോക്കി കൊണ്ട് ചോദിച്ചു … “ചത്തല്ലോ …” മറുപടി പറയുമ്പോൾ മുഖത്തു ഗൗരവമായിരുന്നു … “അപ്പോൾ ദേവേട്ടൻ …” “ഒറ്റയ്ക്ക് വിടാൻ പറ്റാതായില്ലേ ….” ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞപ്പോഴാണ് ഡോക്ടർ വരുന്നത് കണ്ടത് …തട്ടി പോയിട്ടില്ലെന്ന് അപ്പോഴാണ് ഉറപ്പിച്ചത് …ബൈ സ്റ്റാൻഡർ ബെഡിൽ വിതുമ്പി കൊണ്ടിരിക്കുന്ന അച്ഛനെയും അമ്മയെയും അപ്പോഴാണ് കാണുന്നത് ….മുഖം വീർപ്പിച്ചു കൊണ്ട് ചാന്ദ്നിയും ഉണ്ട് കൂടെ …. “O.K ആയോ ഡോക്ടർ ….ആണെങ്കിൽ ഇന്ന് തന്നെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു ….” ഡോക്ടർ പരിശോധിയ്ക്കുന്നത്തിനിടയിലായിരുന്നു ദേവേട്ടന്റെ ചോദ്യം … ഡോക്ടർ ഒന്ന് ചിരിച്ചു പോയി … “രണ്ടു ദിവസം കഴിയട്ടെടോ …”ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു …. “കസ്റ്റഡിയിലോ …എന്തിന് ….”ചന്ദന അമ്പരപ്പോടെ ചോദിച്ചു …. “ചാവാൻ നടന്നവൾക്ക് എന്തിനാ അഴിക്കുള്ളിൽ കിടക്കാൻ പേടി ..ആത്മഹത്യ ശ്രമത്തിന് നീ കുറച്ചു നാള് അകത്തു കിടന്നാലേ പഠിയ്ക്കൂ …പറഞ്ഞു തന്നതൊന്നും തലയിൽ കേറിയില്ലല്ലോ “ദേവേട്ടൻ പറഞ്ഞപ്പോൾ അച്ഛനെയും അമ്മയെയും അറിയാതെ നോക്കി … ചെയ്തത് തെറ്റായി പോയി എന്ന് മനസ്സ് കുറ്റപ്പെടുത്തുന്നുണ്ട് …പക്ഷേ എപ്പോഴോ അതേ മനസ്സ് തന്നെ കൈ വിട്ടും പോയിരുന്നു … ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ ദിവസം ഒരിക്കൽ കൂടെ അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു തെറ്റ് പറഞ്ഞു … അച്ഛനും അമ്മയ്ക്കും മുകളിൽ അവന് എന്തിന് സ്ഥാനം കൊടുത്തു എന്ന കുറ്റബോധമായിരുന്നു മനസ്സ് മുഴുവനും ….അല്ലെങ്കിൽ അച്ഛനെയും അമ്മയെയും എന്നെ സ്നേഹിയ്ക്കുന്നവരെയും മറന്നു തന്നെ ഉപേക്ഷിച്ചൊരുത്തന് വേണ്ടി ജീവൻ കളയാൻ മാത്രം മണ്ടിയായി പോയല്ലോ എന്ന ചിന്തകളും …. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു വീഴുന്നതിനൊപ്പം ദേവേട്ടൻ പറഞ്ഞത് പോലെ ചിന്തകളും കാഴ്ച്ചപ്പാടുകളും മാറാൻ തുടങ്ങിയിരുന്നു …. അരുണിനെ മറക്കാനും …. മാതാപിതാക്കളെ ബാധ്യതയിലേയ്ക്ക് തള്ളി വിടാനുള്ളതാവരുത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടി സ്വന്തമായൊരു കൂട്ട് വേണമെന്ന് എന്ന് തോന്നുന്നോ അന്ന് മതി വിവാഹം എന്ന് മാറി ചിന്തിയ്ക്കാൻ തുടങ്ങിയിരുന്നു ….പെൺമക്കളുടെ കല്യാണത്തിന് വേണ്ടി ആയുസ്സിന്റെ സമ്പാദ്യം മുഴുവനും ഒരു ബന്ധം പോലും ഇല്ലാത്തൊരുവന് എടുത്തു കൊടുക്കുന്നത് എന്തിനു വേണ്ടിയാണെന്ന് ചിന്തിയ്ക്കാനും …. സ്ത്രീധനവും ആണിന്റെ ജോലിയും തമ്മിൽ താരതമ്യം ചെയ്യുന്ന ഒരു സമൂഹത്തോട് പുച്ഛം തോന്നി തുടങ്ങിയിരുന്നു …ഒന്നിച്ചൊരു കുടുംബം കെട്ടിപ്പടുക്കേണ്ടത് ദമ്പതികളുടെ മാത്രം ഉത്തരവാദിത്വം ആണ് അല്ലാതെ അതിന് സാമ്പത്തിക അടിത്തറ ഇടേണ്ടത് അവർ മാത്രമാണെന്ന പൊതു ബോധം മനുഷ്യന് വരാതിടത്തോളം ഇതിലൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ചന്ദന പുഞ്ചിരിയോടെ ഓർത്തു … രണ്ടു വർഷത്തിനപ്പുറം വീണ്ടും ഒരു ഉത്സവക്കാലത്തു ഒന്നിച്ചു കൂടിയപ്പോഴാണ് വീണ്ടും ഒരു രാത്രി യാത്രയ്ക്ക് മോഹം ഉദിച്ചത് …. പടകൾ ഒന്നിച്ചു കുന്നിൻ മുകളിലേയ്ക്ക് പോകുന്തോറും അത് വരെ ഇല്ലാത്തൊരു സന്തോഷം മനസ്സിനെ വന്നു മൂടിയിരുന്നു …. അതേ പാറക്കെട്ടിൽ വീണ്ടും വന്നിരുന്നപ്പോൾ തൊട്ടപ്പുറത്തു പ്രതീക്ഷിച്ച ഒരാളും വന്നിരുന്നു … ഒപ്പം പതിവ് ചായയും കിട്ടി … “വീണ്ടും ചാവാനുള്ള പ്ലാനിംഗ് ആണോ ….”ദേവേട്ടൻ ചോദിച്ചപ്പോൾ ആ മുഖത്തേയ്ക്ക് ഒന്ന് ഉറ്റു നോക്കി … “ഒറ്റയ്ക്ക് പോകാൻ പേടിയാണ് ….” “കൂട്ട് വന്നാലോ ….”ആദ്യമായി ആ കണ്ണുകളിൽ കുസൃതി വിടരുന്നത് കണ്ടു …. ഹോസ്പിറ്റലിൽ വച്ചു കാതിൽ മുഴങ്ങിക്കേട്ട “ഒറ്റയ്ക്ക് വിടാൻ പറ്റാതായില്ലേ ….” എന്നൊരു വാചകത്തിൽ അന്നേ മനസ്സ് കുടുങ്ങി കിടപ്പായിരുന്നു …. തനിയ്ക്കൊഴികെ എല്ലാവർക്കും അറിയാമായിരുന്നു ദേവേട്ടന് താൻ മാത്രം അനിയത്തിക്കുട്ടിയുടെ സ്ഥാനത്തല്ലെന്ന്… എങ്കിലും അനിയത്തിക്കുട്ടിയെ പോലെയായിരുന്നു എപ്പോഴും ശാസിച്ചത് … “എവിടെ വരെ ….” “മരണത്തിനുമപ്പുറത്തുള്ള ലോകം വരെ ഒന്നിച്ചു പോകാം ….” “ദേവേട്ടന് പറയാമായിരുന്നു ..ഒരിയ്ക്കലെങ്കിലും ….”പരിഭവത്തോടെ ചുണ്ടൊന്നു കൂർപ്പിച്ചു പറഞ്ഞു … “പറയാതെ അറിയാതെ മനസ്സറിഞ്ഞു വന്നു ചേരുമ്പോഴാണ് ഇരട്ടി മധുരം … അല്ലെങ്കിൽ അതൊരു ബാധ്യതയായി മാറും …”ദേവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ദൂരേയ്ക്ക് നോക്കി തോളിൽ ചാരി ….വീണ്ടും ഒരു പ്രണയകാലം …. “ഒരു കാര്യം പറഞ്ഞാൽ എന്നെ വഴക്ക് പറയോ …”കുസൃതിയോടെ ആ കൈവിരലുകളിൽ കൈ കോർത്തു പിടിച്ചു ചോദിച്ചു …. “വഴക്ക് കേൾക്കേണ്ടതാണെങ്കിൽ ഉറപ്പായും കേൾക്കും …” “ആ അരുണിനിട്ടു നല്ല രണ്ടു ഇടി കൊടുക്കാൻ പറ്റോ …”ചന്ദുവിന്റെ ചോദ്യം കേട്ടതും അവൻ പൊട്ടിച്ചിരിച്ചു … “എന്തിനാ …അവൻ ജീവിയ്ക്കട്ടെ …കർമയിൽ വിശ്വാസം ഉണ്ടോ നിനക്ക്…” “ഉണ്ടെങ്കിൽ…” “ഉണ്ടെങ്കിൽ മറ്റൊന്നും ചെയ്യേണ്ട …അത്ര തന്നെ…” ചന്ദനയുടെ കൈകൾ മാറോട് ചേർത്ത് പിടിച്ചു ഒരു പ്രണയകാലത്തിന് തുടക്കം കുറിയ്ക്കുമ്പോൾ ദേവപ്രയാഗിന്റെ മനസ്സ്‌ മുഴുവനും തലേന്ന് കിട്ടിയ ഗാർഹിക പീഡനപരാതിയിലായിരുന്നു …ശ്രീലകം വീട്ടിലെ മരുമകൾ കൊടുത്ത പരാതിയിൽ …. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!