Connect with us

Love

ലിവിങ് ടുഗെദറിലും മറ്റും വിശ്വാസമില്ലാത്ത ഒരു പഴഞ്ചൻ പെണ്ണല്ലേ നീ…

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

” ഒരു പെൺകുട്ടിക്ക് ഇഷ്ടമില്ലാത്തവനെ ഒരിക്കലും അവളുടെ കൂടെ ചേർക്കാൻ നോക്കരുത് അച്ഛാ.. അതിനി അവൻ എത്ര നല്ലവനായാലും” “മോളേ…” നനഞ്ഞ നിശബ്ദതയ്ക്കു ശേഷം മൊബൈലിലൂടെ ആ പതിഞ്ഞ വിളിയുയർന്നപ്പോൾ ലേഖയുടെ വീര്യം പതിയെ തളർന്നു. “പ്രകാശൻ നല്ലവനാണെന്ന് എനിക്കറിയാം അച്ഛാ.. ഒരു ദു:ശീലവുമില്ലാത്ത പയ്യനാണെന്നും. പക്ഷേ എനിക്കവനെ ഉൾകൊള്ളാൻ കഴിയില്ല. അതവൻ ഒരു ഓട്ടോ ഡ്രൈവർ ആയതുകൊണ്ടല്ല….” ലേഖ പറഞ്ഞു കൊണ്ടിരിക്കെ തൊട്ടടുത്ത് നിൽക്കുന്ന മഹേഷിൻ്റെ കൈകളിലെ പിടുത്തം അവൾ ഒന്നുകൂടെ മുറുക്കി. “ഞാൻ പറഞ്ഞില്ലേ അച്ഛാ.. എനിക്ക് ഒരു ആളെ ഇഷ്ടമാണെന്ന്.. അവനെ എനിക്ക് ഈ ജീവിതത്തിൽ മറക്കാൻ പറ്റില്ല. ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിച്ചു മരിക്കാനാണ് ഞങ്ങളുടെ തീരുമാനം” “മോളേ…. എന്തൊക്കെയാണ് നീ പറയുന്നത്. അങ്ങിനെയൊന്നും ചിന്തിക്കല്ലേ മോളേ” അപ്പുറത്ത് നിന്ന് ഉയർന്ന വാക്കുകൾ ഗദ്ഗദത്താൽ കുതിർന്നിരുന്നു. “അച്ഛൻ്റെ ഈ വിഷമം എന്താണെന്ന് എനിക്ക് അറിയാം..പക്ഷേ നമ്മുടെ ചിന്നുട്ടിക്ക് സംഭവിച്ച പോലെ എനിക്കു സംഭവിക്കില്ല… ഏത് കാട്ടുമൃഗങ്ങളൾക്കിടയിൽ പെട്ടാലും ഒരു തരി പോറൽ പോലും ഏൽക്കാതെ അച്ചൻ്റെ ഈ ലേഖമോൾ തിരിച്ചു വരും…” അവൾ വാക്കുകൾ പാതിയിൽ നിർത്തി, ബാഗിലൊന്നു പരതി. “ചതിയുടെ ചക്രവ്യൂഹമൊരുക്കുന്നവൻ്റെ ഇടനെഞ്ചിലേക്ക്, പകയുടെ വിറയൽ തീരുവോളം കുത്തിയിറക്കണമെന്ന് പറഞ്ഞു പഠിപ്പിച്ച് ഒരു ആയുധം അച്ഛൻ എനിക്ക് തന്നിട്ടുണ്ടല്ലോ? ഒത്തിരി തുരുമ്പ് കയറിയിട്ടുണ്ടെങ്കിലും ഇത്തിരി പോലും മൂർച്ച കുറയാതെ അതിപ്പോഴും എൻ്റെ കൈവശമുണ്ട്.” പറയുന്നതിനിടയിൽ ചിന്നുട്ടിയുടെ ഓർമ്മകൾ മനസ്സിലേക്കിരച്ചു കയറിയപ്പോൾ അവളുടെ കണ്ണ് നനഞ്ഞു തുടങ്ങി.. ഒരു ഞെട്ടിലെ രണ്ട് പൂക്കൾ പോലെ പതിനെട്ട് വർഷങ്ങൾ ഒരുമിച്ച്… പിന്നെയൊരു പ്രഭാതത്തിൽ ഉറക്കമെഴുന്നേൽക്കുമ്പോൾ, തൻ്റെ കൈത്തണ്ടയിൽ അവളുണ്ടായിരുന്നില്ല. എന്തൊക്കെയോ ദൂരൂഹതകൾ ബാക്കിവെച്ച് അവൾ എങ്ങോട്ടേയ്ക്കോ പോയ് മറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ, പെയ്തു തുടങ്ങിയതാണ് ഈ കണ്ണുകൾ… ഈ നിമിഷവും തോരാതെ അതിപ്പോഴും പെയ്യുന്നുണ്ട്. “അച്ഛൻ പേടിക്കണ്ട.. ഒരു ദിവസം ഞാനും, മഹേഷും അച്ഛനെ കാണാൻ നമ്മുടെ വീട്ടിലേക്ക് വരുന്നുണ്ട്.. അവനെ കണ്ടാൽ അച്ഛന് ഇഷ്ടപ്പെടും.ഷുവർ.. എന്നാ ഞാൻ വെക്കുന്നു അച്ഛാ” ലേഖ കോൾ കട്ടാക്കി മുഖ മുയർത്തിയപ്പോൾ കണ്ടത് പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന മഹേഷിനെയാണ്. “എന്താ പെട്ടെന്നു എന്നെ കാണണമെന്നു പറഞ്ഞു വിളിച്ചു വരുത്തിയത്?. ഒരു നിമിഷം പോലും എന്നെ കാണാൻ പറ്റില്ലാന്നു വന്നോ?” മഹേഷിൻ്റെ പുഞ്ചിരിയോടെയുള്ള ചോദ്യം കേട്ടതും, അവൾ പതിയെ ശിരസ്സിളക്കി. “പിന്നെ വീട്ടിൽ അച്ഛൻ വിവാഹത്തിന് തിരക്കുകൂട്ടുന്നത് നീ ഇപ്പോൾ കേട്ടില്ലേ?.ഞാൻ പറഞ്ഞിട്ടില്ലേ ഒരു പ്രകാശനെ പറ്റി?” ലേഖയുടെ ചോദ്യത്തിനു മുന്നിൽ മഹേഷ് പതിയെ തലകുനിച്ചു. “എനിക്കറിയാം ലേഖാ.. പക്ഷെ എൻ്റെ അവസ്ഥ നിനക്കറിയാമല്ലോ? അച്ഛൻ്റെ സ്ഥാപനത്തിലെ ഒരു ജോലിക്കാരൻ മാത്രമാണ് ഞാനിപ്പോൾ. പെട്ടെന്നൊരു ദിവസം ഒരു പെണ്ണിനെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നാൽ നിർദ്ദാക്ഷിണ്യം ആട്ടിയിറക്കും അവർ എന്നെ” മഹേഷ് പാതിയിൽ നിർത്തി ലേഖയെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. “ചേട്ടൻമാർ കല്യാണം കഴിച്ചിരിക്കുന്നത് വലിയ തറവാട്ടിലുള്ള പെണ്ണുങ്ങളെയാണ്.. അത് നമ്മുടെ വിവാഹത്തിന് ഒരു പ്രശ്നമാക്കുന്നില്ല ഞാൻ.. പക്ഷേ എനിക്ക് താഴെ ഒരു അനിയത്തിയുണ്ട്. അവളുടെ കല്യാണത്തിന് നമ്മുടെ ബന്ധം വലിയൊരു പ്രതിബന്ധമാകും” മഹേഷിൻ്റെ വാക്കുകൾ കേട്ടതോടെ അവൾക്ക് കലികയറി. “ഇങ്ങിനേം പറഞ്ഞ് ജീവിതകാലം മുഴുവൻ പ്രേമിച്ചു നടക്കാനാണോ മഹേഷിൻ്റെ തീരുമാനം?” ലേഖ ചോദിച്ചു തീരും മുൻപ് അവളുടെ മൊബൈൽ ശബ്ദിച്ചു. “അച്ഛൻ” എന്നു പറഞ്ഞു മൊബൈൽ എടുക്കാൻ തുടങ്ങിയ ലേഖയെ മഹേഷ് തടഞ്ഞു. “ഇതെന്തിനാ ഇയാൾ ഏതു നേരത്തും ഇങ്ങിനെ ഫോൺ വിളിക്കുന്നത്” മഹേഷ് ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ അവനെ കൂർപ്പിച്ചു നോക്കി. “ഞാൻ ചോദിച്ചതാണ് പ്രശ്നം അല്ലേ? അല്ലാതെ അയാൾ ഏതു നേരത്തും ഇങ്ങിനെ വിളിക്കുന്നതിൽ തെറ്റില്ല അല്ലേ? അയാൾ നിൻ്റെ സ്വന്തം അച്ഛനല്ലല്ലോ? രണ്ടാനച്ഛൻ അല്ലേ? അങ്ങിനെയുള്ള ആൾ ഇത്തിരി അധികാരം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്..” മഹേഷിൻ്റെ ഓരോ വാക്കുകളും തൻ്റെ ചെവിയിലേക്ക് കൂരമ്പ് ആയി കയറുന്നത് അവൾ അറിഞ്ഞു. “നീ പ്രായപൂർത്തിയായ പെണ്ണാണ്. എന്തും തീരുമാനിക്കാനുള്ള അധികാരവും, സ്വാതന്ത്ര്യവും നിനക്കുണ്ട്. അല്ലാതെ പഴയകാലത്തെ പെൺകുട്ടികളെ പോലെ ചിറകിനടിയിലൊതുങ്ങി നടക്കേണ്ട കാര്യമില്ല.

ഈ നൂറ്റാണ്ടിലും ഇപ്പോഴും തലയിൽ വെളിച്ചം വീഴാത്തവരുണ്ട് എന്നതാണ് കഷ്ടം” മഹേഷ് സംസാരത്തിനിടയിൽ ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വെച്ചു തീ കൊളുത്തി. “അയാൾ എന്തിനാണ് നിൻ്റെ കല്യാണത്തിന് വേണ്ടി ഇത്ര തിരക്ക് കൂട്ടുന്നത്.. ഈ സിറ്റിയിൽ വന്നു നീ ജോലി ചെയ്യുന്നതിലും അയാൾക്ക് താൽപ്പര്യമില്ലായെന്ന് നീ തന്നെ എന്നോടു പറഞ്ഞിരുന്നല്ലോ?.എപ്പോഴും നീ അയാളുടെ കൺവെട്ടത്തു തന്നെ ഉണ്ടാകണം എന്ന്.. അയാളെ നോക്കാനാണെങ്കിൽ നിൻ്റെ അമ്മ അവിടെ ഇല്ലേ? പിന്നെയെന്തിനാ അയാൾ നിൻ്റെ സാമിപ്യം ആഗ്രഹിക്കുന്നത് ?” “മഹേഷ് കാടുകയറുന്നു.. ഇവിടെ ഈ ടോപിക് അവസാനിപ്പിക്കാം. എൻ്റെ അച്ഛൻ്റെ മ രണശേഷം, ഞാനും, ചിന്നുട്ടിയും പ്രായപൂർത്തിയാകും മുൻപെ അമ്മയുടെ ജീവിതത്തിലേക്ക് കയറി വന്നതാണ് അദ്ദേഹം.. ഇതു വരെ അച്ഛാ എന്നല്ലാതെ മറ്റൊരു പേരും ഞങ്ങൾ വിളിച്ചിട്ടില്ല. ഇന്നോളം വരെ ഒരു തെറ്റായ നോട്ടമോ..വാക്കോ ആ അച്ഛനിൽ നിന്ന് ഞങ്ങൾക്കുണ്ടായിട്ടില്ല. ഇനിയും അങ്ങിനെ തന്നെ ആയിരിക്കും” ലേഖയുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ടപ്പോൾ മഹേഷിൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു. “നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കുമെന്ന് തോന്നുന്നില്ല ലേഖാ.. കാരണം അയാളുടെ പാസ്റ്റ് നീ നേരത്തെ എന്നോട് പറഞ്ഞിട്ടുള്ളത് മറന്നോ?ഒരു കാലത്ത് ഈ ടൗണിലെ വാടകഗുണ്ട ആയിരുന്നു അയാളെന്നും, ആരൊക്കെയോ തല്ലി ചതച്ച അയാൾ പിന്നെ ഗുണ്ടാപണിക്ക് പോയിട്ടില്ലെന്നും, ഒടുവിൽ ഒരു ജ്വല്ലറിയിൽ സെക്യൂരിറ്റി ഗാർഡ്‌ ആയി അയാൾ ജോലി ചെയ്യുമ്പോഴാണ്, നിൻ്റെ അമ്മയുമായി അടുത്തതെന്ന്.. ഇതൊക്കെ നീ മറന്നാലും ഞാൻ മറന്നിട്ടില്ല ഇതുവരെ” “അതിന്?” സംശയം നിറഞ്ഞ മിഴികളോടെ ലേഖ അയാളെ ചുഴിഞ്ഞു നോക്കി. “ഈ ടൗണിലെ ഗു-ണ്ടയായിരുന്നല്ലോ അയാൾ ആദ്യം.. എത്ര നല്ല പിള്ള ചമഞ്ഞാലും അങ്ങിനെയുള്ള ക്രിമിനലുകളുടെ മനസ്സിൻ്റെ അടിത്തട്ടിൽ ആ ക്രൂ-രഭാവം മറഞ്ഞു കിടപ്പുണ്ടാകും.. സമയം ഒത്തുവരുമ്പോൾ ആ സ്വഭാവം പുറത്തെടുക്കുകയുള്ളൂന്നു മാത്രം… ” മഹേഷ് തുരുതുരാ പുക വലിച്ചെടുത്തതിന് ശേഷം, അ-മർഷത്തോടെ സിഗററ്റ് കുറ്റി ദൂരേക്ക് എറിഞ്ഞു. “ഒരു പ്രഭാതത്തിൽ കൂടെ കിടന്ന അനിയത്തിയെ കാണാതായപ്പോൾ നിങ്ങളൊക്കെ വിചാരിച്ചു അവൾ കാമുകനോട് ഒന്നിച്ചു ഒളിച്ചോടിയതാണെന്ന്. അവൾ അങ്ങിനെ ആ കാമുകനോടോത്ത് ഒളിച്ചോടിയിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും അവൾ നിങ്ങളെ വിളിക്കാതിരിക്കോ?” മഹേഷിൻ്റെ ചോദ്യത്തിനു മുന്നിൽ ലേഖ ഉത്തരം കിട്ടാതെ നിന്നു. “എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് പോലെ തോന്നുന്നുണ്ട് ലേഖാ.. കള്ളൻ കപ്പലിൽ തന്നെയാണോ എന്ന സംശയം..” അതും പറഞ്ഞ് അയാൾ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു. “കാമുകനോടൊത്ത് പോകുമെന്ന പറഞ്ഞ ദിവസം നിൻ്റെ അനിയത്തി, നിന്നോടൊരു വാക്കു പോലും പറയാതെ അപ്രത്യക്ഷമാകുന്നു. ആ കേസ് അവിടെ ക്ലോസ് ചെയ്യുന്നു. അതുപോലെ നിനക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചതുകൊണ്ട് നീ നിൻ്റെ കാമുകനോടൊത്ത് നിഗൂഢതയിലേക്ക് പോകുന്നു.. അവിടെയും കേസ് ക്ലോസ്. ഇങ്ങിനെയൊരു ഐഡിയ നടത്താൻ വേണ്ടിയാണ് അയാൾ ഈ വിവാഹത്തിന് തിരക്കുകൂട്ടുന്നതിൻ്റെ കാരണമെങ്കിൽ..?” മഹേഷിൻ്റെ ചോദ്യമുയർന്നപ്പോൾ അവൾ ഭീതിയോടെ അവനെ നോക്കി. “നിനക്ക് വിശ്വസിക്കാൻ പറ്റില്ലായെന്ന് എനിക്ക് അറിയാം., പക്ഷേ കാലം അങ്ങിനെയാണ്. വാക്കിലും, പുഞ്ചിരിയിലും വിഷം കലർത്തി മറ്റുള്ളവരെ കൊല്ലാൻ മടിയില്ലാത്ത കലികാലം.. അതൊക്കെ പോട്ടെ നീ കാറിലേക്ക് കയറ്” കാറിൻ്റെ കോ-ഡ്രൈവർ സീറ്റിലേക്ക് കയറിയ ലേഖ ചോദ്യഭാവത്തോടെ അവനെ നോക്കി. “ലിവിങ് ടുഗെദറിലും മറ്റും വിശ്വാസമില്ലാത്ത ഒരു പഴഞ്ചൻ പെണ്ണല്ലേ നീ.. അതു കാരണമല്ലേ ഞാൻ വിളിച്ചപ്പോൾ നീ കൂടെ വരാതിരുന്നത്.. അപ്പോൾ നിൻ്റെ ഇഷ്ടം നടക്കട്ടെ.. വീട്ടിൽ അച്ഛനും, അമ്മയും ഉണ്ട്. അവർക്കു മുന്നിലേക്ക് ഞാൻ നിന്നെ കൊണ്ടു പോകാണ്.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണെന്നും പറഞ്ഞ്” “ഇപ്പോഴോ?” ലേഖ നെറ്റി ചുളിച്ചു കൊണ്ട് മഹേഷിനെ നോക്കി. “അതെ. ഇപ്പോൾ തന്നെ. അല്ലെങ്കിൽ ഇനിയൊരിക്കലും നിന്നെ എൻ്റെ കൺമുന്നിൽ കാണില്ലാ എന്നൊരു തോന്നൽ.. നിൻ്റെ ചിന്നുട്ടിയെ പോലെ നീയും ചിലപ്പോൾ ആവിയായി പോയിരിക്കും…. അതു കൊണ്ട് നീ വേഗം കാറിൽ കയറ്” മഹേഷ് തിരക്കുകൂട്ടിയതോടെ അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു. മൈതാനത്ത് നിന്ന് ഒഴുകി നീങ്ങിയ കാർ ടാറിട്ട നിരത്തിലൂടെ പാഞ്ഞു, ഒരു ജ്വല്ലറിക്കു മുന്നിലെത്തിയതും, ലേഖ സംശയത്തോടെ മഹേഷിനെ നോക്കി. “എൻ്റെ വീട്ടിലേക്ക് അല്ലേ നമ്മൾ പോകുന്നത്.. അവടെ ചേട്ടത്തിമാരുണ്ടാകും. അവരൊക്കെ വല്യ ടീംസാ.. നിൻ്റെ കഴുത്തിൽ ഒരു നല്ല മാല ഇല്ലെങ്കിൽ അത് എനിക്ക് ഒരു നാണക്കേടാ” മഹേഷ് അത്രയും പറഞ്ഞ് ജ്വല്ലറിക്കകത്തേക്ക് നടന്നപ്പോൾ, യാന്ത്രികമായി ലേഖയും അയാൾക്കു പിന്നാലെ കയറി.

ചെറിയ അറകളിൽ,തട്ടുകളായി മനോഹരമായി അടുക്കി വെച്ചിരിക്കുന്ന സ്വർണാഭരണങ്ങളിലൂടെ മഹേഷിൻ്റെ കണ്ണുകൾ നീങ്ങവെ, ജ്വല്ലറി ഉടമ ടിനോയുടെ കണ്ണുകൾ ആരും അറിയാതെ ലേഖയുടെ ശരീരത്തിലൂടെ ഇഴയുകയായിരുന്നു. ഒരുമാത്ര, ലേഖയുടെയും, ടിനോയുടെയും നോട്ടം കൂട്ടിമുട്ടിയതും, അവൾ തൻ്റെ മാറത്ത് നിന്ന് മാറികിടന്നിരുന്ന സാരി പൊടുന്നനെ നേരെയാക്കി. “ടിനോ.. ആ മാല കൊള്ളാം… അതിങ്ങ് എടുത്തോ?” ജ്വല്ലറിയുടെ ഒരു കോണിൽ തൂക്കിയിട്ടിരിക്കുന്ന മാല ചൂണ്ടി കാണിച്ചു മഹേഷ് പറഞ്ഞപ്പോൾ ടിനോ അങ്ങോട്ടേക്ക് നീങ്ങിയതും, ലേഖയുടെ ചുണ്ടുകൾ പൊടുന്നനെ മഹേഷിൻ്റെ കാതോരം ചേർന്നു. “മഹേഷിൻ്റെ ഫ്രണ്ട് ആണോ ഇവൻ. ഇതുവരെ പെണ്ണുങ്ങളെയൊന്നും കണ്ടിട്ടില്ലാന്ന് തോന്നുന്നു വൃത്തികെട്ടവൻ..” കാര്യമറിയാതെ മഹേഷ് നോക്കിയതും, ലേഖ സീറ്റിൽ നിന്നും എഴുന്നേറ്റു. “കാര്യമൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം.. ഇപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി നിൽക്കുവാ…” അത്രയും പറഞ്ഞ് പുറത്തേക്കിറങ്ങിയ ലേഖ, ജ്വല്ലറിയുടെ സ്റ്റെപ്പിൽ വന്നു നിന്നു പുറത്തെ തിരക്കുകളിലേക്ക് കണ്ണോടിച്ചു നിന്നു. നിമിഷങ്ങൾക്കു ശേഷം, തൻ്റെ കഴുത്തിൽ ഒരു മാല വന്നു വീണപ്പോൾ ലേഖ സന്തോഷത്തോടെ, പിന്നിൽ നിൽക്കുന്ന മഹേഷിൻ്റെ നെഞ്ചിലേക്ക് ചാരി നിന്നു ഒരു നിമിഷം. നിറഞ്ഞു തുളമ്പുന്ന മനസ്സോടെ, പൊടുന്നനെ മഹേഷിൻ്റെ കൈയും പിടിച്ച് ജ്വല്ലറിയുടെ സ്റ്റെപ്പിൽ നിന്ന് നിരത്തിലേക്ക് ചാടിയ ലേഖ, അപ്രതീക്ഷിതമായി മഴത്തുള്ളികൾ നിലത്തു വീണതു കണ്ട് വീണ്ടും പിൻതിരിഞ്ഞ് സ്റ്റെപ്പിലേക്ക് തന്നെ കയറി നിന്നു. കാലം തെറ്റി വന്ന മഴയുടെ ഭാവങ്ങൾ ശ്രദ്ധിച്ചുകൊണ്ടു അവളുടെ നോട്ടം ആകാശത്തുകൂടെ വട്ടംചുറ്റുമ്പോൾ ആണ്, ആ മിഴികൾ പൊടുന്നന്നെ ജ്വല്ലറിയുടെ ബോർഡിലേക്ക് നീണ്ടത്. “ഫീനിക്സ് ജ്വല്ലേഴ്‌സ്…” കാറിലിരിക്കുമ്പോഴും അവളുടെ മനസ്സിൽ ആ ജ്വല്ലറി ബോർഡ് തന്നെയായിരുന്നു തെളിഞ്ഞു നിന്നിരുന്നത്. “ടിനോ സർവോപകാരിയാണ്. പക്ഷേ ഒരു വീക്ക്നെസ് ഉണ്ട്. സുന്ദരികളായ പെണ്ണുങ്ങളെ കണ്ടാൽ കണ്ണെടുക്കാതെ ഇങ്ങിനെ നോക്കി കൊണ്ടിരിക്കും.. അതായിരുന്നല്ലോ നിൻ്റെ പ്രശ്നം?” മഹേഷിൻ്റെ ചോദ്യം കേട്ടപ്പോൾ, അതെയെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് അയാളുടെ തോളിൽ തലചായ്ചു കിടന്നു ലേഖ. പിന്നിലേക്ക് ഓടി മറയുന്ന മരങ്ങളെയും, കെട്ടിടങ്ങളെയും ശ്രദ്ധിച്ചു കൊണ്ടിരുന്ന അവൾ പൊടുന്നനെ മഹേഷിൻ്റെ തോളിൽ പിടിമുറുക്കി. “എൻ്റെ ചിന്നുട്ടി ഈ നഗരത്തിൻ്റെ ആളൊഴിഞ്ഞ ഏതോ കോണിൽ ഉണ്ടെന്ന് എൻ്റെ മനസ്സു പറയുന്നു. അവളെ കണ്ടെത്താൻ എന്നെ സഹായിക്കണം മഹേഷ്” ലേഖയുടെ ദയനീയമായ സംസാരം കേട്ടതും, മഹേഷ് അവളെ തൻ്റെ ശരീരത്തോട് ശക്തിയിൽ ചേർത്തു പിടിച്ച് സമ്മതമറിയിച്ചു. പശ്ചാത്യ സംഗീതവും ശ്രവിച്ച്, മഹേഷിൻ്റെ നെഞ്ചിൽ തലയും ചായ്ച് കൊണ്ടുള്ള ആ കാറിലുള്ള യാത്ര ഏറെ നേരം അവൾക്ക് ആസ്വദിക്കാനായില്ല… അതിനും മുൻപെ ആ കാറിൻ്റെ മുൻഭാഗത്തെ ടയറുകൾ പഞ്ചറായി കഴിഞ്ഞിരുന്നു.

“ഇറങ്ങ് ലേഖ.. നമ്മൾക്ക് നടക്കാം. മൂന്ന് വീട് കഴിഞ്ഞാൽ എൻ്റെ വീട് ആയി. കാർ പിന്നെ റിപ്പയർ ചെയ്ത് മെക്കാനിക്കുകൾ വീട്ടിലേക്ക് കൊണ്ടുവന്നോളും” മഹേഷ് അത്രയും പറഞ്ഞ്, കാറിൻ്റെ ഡോർ അടച്ച് മുന്നോട്ടു നടക്കുമ്പോഴും, ലേഖയുടെ ശ്രദ്ധ, നിറം മങ്ങി തുടങ്ങിയ ഒരു ബോർഡിൽ എഴുതിയ അക്ഷരകൂട്ടത്തിൽ തന്നെ ആയിരുന്നു. മേരി ഇമ്മാക്കുലേറ്റ് കോൺവെൻ്റ്! ഗേറ്റിനടുത്ത് നിന്ന്, കുറച്ചു ദൂരം ഉള്ളിലായ് സ്ഥിതി ചെയ്യുന്ന ആ ബിൽഡിങ്ങിൻ്റെ ചില ഭാഗങ്ങൾ റോഡിൽ നിന്നു നോക്കിയാൽ കാണാം. കോൺവെൻ്റിൻ്റെ മതിൽകെട്ട് കഴിഞ്ഞാൽ, പിന്നെ ഒരു ഏക്കറോളം, പുല്ലുകൾ കൂട്ടമായി വളർന്ന് നിൽക്കുന്ന വിജനമായ സ്ഥലമാണ്. “ദേശീയപാതയിലെ ഇത്രയും ഭംഗിയേറിയ ബിൽഡിങ്ങുകൾക്കിടയിൽ, വർഷങ്ങളോളം നീണ്ട കേസുമായി കിടക്കുന്ന ഈ ഒരു ഭാഗം മാത്രം ഇത്രയും വൃത്തികേടായി കിടക്കുന്നത് വല്ലാത്ത ഒരു അസഹ്യതയാണ് ഞങ്ങൾക്ക്..കാരണം ഇതിനപ്പുറത്താണ് എൻ്റെ വീട്…” മഹേഷ് പറഞ്ഞപ്പോഴാണ് അവൾ ആ മനോഹരമായ വീട് ശ്രദ്ധിച്ചത്. “താൻ വന്നു കയറേണ്ട വീട് ആണ്. ശരിക്കും ഒന്നു കണ്ടോ?” മഹേഷിൻ്റെ വാക്കുകൾ കേട്ടതും, ലേഖ ഒരു പുഞ്ചിരിയോടെ അവൻ്റെ കൈ കോർത്തു പിടിച്ചു ഗേറ്റിനകത്തേക്ക് കയറി. മനോഹരമായ അനേകം ചെടികൾ അലങ്കരിക്കുന്ന ആ വീട്, ഒരു കുഞ്ഞ് സ്വർഗ്ഗം പോലെ തോന്നി ലേഖയ്ക്ക്. പൊടുന്നനെ മഹേഷിൻ്റെ മൊബൈൽ ശബ്ദിച്ചതും, മൊബൈൽ എടുത്ത് സംസാരിക്കുന്നതും, അവൻ്റെ മുഖം മ്ലാനമാകുന്നതും, ലേഖ കാണുന്നുണ്ടായിരുന്നു. “സോറി ലേഖാ… അവരൊന്നും ഇവിടെ വീട്ടിൽ ഇല്ലായെന്ന്.. ഏടത്തിയുടെ അച്ഛനു പെട്ടെന്നൊരു ആ-ക്സിഡൻ്റ് പറ്റി അവരൊക്കെ ഹോസ്പിറ്റലിൽ ആണെന്ന്.. തിരിച്ചു പോയാലോ നമ്മൾക്ക്?” മഹേഷിൻ്റെ ചോദ്യം കേട്ട തോടെ അവൾ അവൻ്റെ കൈ പിടിച്ചു. “നല്ലൊരു കാര്യത്തിന് വേണ്ടി വന്നതല്ലേ നമ്മൾ?അവർ വരുന്നത് വരെ നമ്മൾക്ക് കാത്തിരുന്നൂടേ?” ലേഖയുടെ ചോദ്യം കേട്ടപ്പോൾ മഹേഷ് ഒരു പുഞ്ചിരിയോടെ അവളുടെ കൈയും പിടിച്ച്, ജീൻസിൻ്റെ പോക്കറ്റിൽ നിന്ന് വീടിൻ്റെ കീ എടുത്ത്, വാതിലിനു നേർക്ക് നടന്നു. “നിനക്ക് ഇവിടെ നമ്മളൊറ്റയ്ക്ക് സ്റ്റേ ചെയ്യുന്നത് ബുദ്ധിമുട്ടാകുമോ എന്നു കരുതിയാണ് ചോദിച്ചത്… അല്ലാതെ” “അത് എനിക്ക് മനസ്സിലായി മഹേഷ്.. പക്ഷേ ഇപ്പോൾ നീ എനിക്ക് അപരിചിതനായ മനുഷ്യനല്ല.. ഹൃദയത്തോട് അത്രയേറെ തൊട്ടു കിടക്കുന്ന പ്രിയപ്പെട്ടവൻ” അത്രയും പറഞ്ഞ് ലേഖ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പതിയെ തലോടികൊണ്ട് മഹേഷിനെ നോക്കി… ലേഖയുടെ മൂർദ്ധാവിൽ ഒന്നു ചുണ്ടു നനച്ചു കൊണ്ട് മഹേഷ് കിച്ചനിലേക്ക് കടക്കുമ്പോൾ, അവളുടെ മിഴികൾ, ടി.വി.സ്ക്രീനിലെ റാംപിൽ മനോഹരമായി നടക്കുന്ന സുന്ദരികളിലായിരുന്നു. “ഇത്തിരി തണുത്ത പഴചാറ് ജ്യൂസ് ആയാലോ?” ചോദ്യവുമായി ട്രേയിൽ രണ്ടു ഗ്ലാസ് ജ്യൂസുമായി നിൽക്കുന്ന മഹേഷിനെ നോക്കി, അവൾ ചിരിച്ചു. “ഈ മഴ പെയ്യുന്ന നേരത്ത് ജ്യൂസ് ആണോ കുടിയ്ക്കുന്നത്? ഹോട്ട് ആയി എന്തെങ്കിലും?” അത്രയും പറഞ്ഞ് ലേഖ ലജ്ജയോടെ മുഖം താഴ്ത്തിയതും, മഹേഷ് ആ താടി പിടിച്ചുയർത്തി. “ആള് കൊ-ല്ലാമല്ലോ?ഇതൊക്കെയുണ്ട് അല്ലേ?” അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ ഫ്രിഡ്ജിനു നേർക്ക് നടന്നു. വലിയൊരു മദ്യബോട്ടിലും, രണ്ട് ഗ്ലാസുമായി അവൾക്കു നേരെ വന്നടുത്ത മഹേഷ്, മദ്യബോട്ടിൽ മുന്നിൽ വെച്ചിരുന്ന ടീപോയിലേക്ക് വെച്ചു. “ചങ്ക് കത്ത്ണ സാധനമാ.. ടചിങ്ങ്സ് എന്തേലും കൊണ്ടു വാ.. പൊന്നോ!” രണ്ട് ഗ്ലാസിലേക്ക് മദ്യം പകർത്തുന്നതിനടയിൽ അവൾ പറഞ്ഞതും, അവൻ പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു. നീണ്ട നേരത്തെ മദ്യപാനത്തിനു ശേഷം, ലഹരി ബാധിച്ച മഹേഷ് സോഫയിൽ, ലേഖയുടെ മടിയിലായ് മലർന്നു കിടന്നു. “നമ്മുടെ ഈ ബന്ധം മഹേഷിൻ്റെ വീട്ടുകാർ സമ്മതിച്ചു തരുമോ? ലേഖ പതിയെ, മഹേഷിൻ്റെ മുഖത്ത് കൈ പരതി ചോദിച്ചതും, അവൻ അവളുടെ മുഖം, തൻ്റെ മുഖത്തേക്ക് താഴ്ത്തി. “ആരു പറഞ്ഞു സമ്മതിച്ചു തരില്ലായെന്ന്.. ഇത്ര സുന്ദരിയായ പെണ്ണിനെ ആരാ വേണ്ടെന്നു വെക്കുക? സംശയിക്കണ്ട പെണ്ണേ.. ഞാൻ പറഞ്ഞത് സത്യാണ്.. അച്ഛനും, അമ്മയുമൊന്നു ഹോസ്പിറ്റലിൽ നിന്നൊന്നു വന്നോട്ടെ.. നിന്നെ കണ്ടമാത്രയിൽ ചേർത്തു പിടിക്കും അവർ.. എനിക്ക് ഉറപ്പാണ്” മഹേഷ് ആവേശത്തോടെ പറയുന്നതിനിടയിൽ ലേഖ അവൻ്റെ ടീ ഷർട്ട് പതിയെ മുകളിലേക്ക് തെരുത്ത് കയറ്റി കൊണ്ടിരുന്നു. അവൻ്റെ നെഞ്ചിൽ തെളിഞ്ഞു വരുന്ന മസിലുകളിലേക്കും, ടി.വി.സ്ക്രീനിൽ മാറി വന്ന ചുടുരംഗങ്ങളിലേക്കും അവൾ ലജ്ജയോടെ നോട്ടം മാറ്റികൊണ്ടിരുന്നു. “ഇതെന്താ കരിന്തേൾ…” ഇടനെഞ്ചിൽ ടാറ്റു ചെയ്തിരിക്കുന്ന തേളിൻ്റെ ചിത്രം കണ്ടതും, ലേഖ ഒരു നിമിഷം അവൻ്റെ കണ്ണിലേക്കു തന്നെ നോക്കി, പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും, അവൻ പതിയെ അവളുടെ കാതോരം ചുണ്ട് ചേർത്തു. “വി ഷം ഇത്തിരി കൂടുതലാ. അതാ അതിൻ്റെ ഒരിത്” “വി ഷം കൂടുതൽ എന്നു മാത്രമല്ല.. കാൻസർ എന്ന പേരുമുണ്ട് ഇതിന്… അങ്ങിനെയുള്ളതിനെ എത്രയും പെട്ടെന്ന് നശിപ്പിച്ചു കളയുന്നതല്ലേ സമൂഹത്തിന് നല്ലത്?” മഹേഷിൻ്റെ മുഖത്തോടു മുഖം ചേർത്ത് ലേഖ പതിയെ ചോദിച്ച അതേ സമയം, പൊടുന്നനെ തൻ്റെ നെഞ്ചിനെ കു ത്തിയിറക്കി മൂ-ർച്ചയുള്ള എന്തോ , ആഴ്ന്നിറങ്ങിയ ആ-ഘാതത്തിൽ മുകളിലേക്ക് കുതിച്ച അവൻ്റെ വായിൽ നിന്നും ര-ക്തം നാലുഭാഗത്തേക്കും ചീ-റ്റി തെറിച്ചു. “പേടിക്കേണ്ട… നെഞ്ചിൽ ക-ത്തി കു-ത്തിയിറക്കിയതാ…” ലേഖ അവൻ്റെ ചെവിയിൽ പതിയെ പറഞ്ഞുകൊണ്ട്, വേദനയോടെ പുളയുന്ന മഹേഷിൻ്റ മുഖം മടിയിൽ നിന്നും മാറ്റി നിസംഗതയോടെ അവനെ നോക്കി നിന്നു. “നീയെന്താ ഈ കാണിച്ചത്? നിനക്കു ഭ്രാന്ത് പിടിച്ചോ? അതോ നീയെന്നെ ചതിക്കുകയായിരുന്നോ? എന്തായാലും എത്രയും പെട്ടെന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി രക്ഷിക്കാൻ നോക്ക്.. പ്ലീസ്” അലറി കരയുന്ന അവൻ്റെ വായ് പൊത്തി പിടിച്ചു അവൾ പുഞ്ചിരിച്ചു. “ആത്മാർത്ഥമായി തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചത്.. എൻ്റെ ജീവനെ പോലെ.. പക്ഷെ നിൻ്റെ പ്രണയം എനിക്ക് അർഹിക്കുന്നില്ല.. സോറി” “നിനക്കു ഭ്രാന്ത് പിടിച്ചോ ലേഖാ… നീ തമാശ കളിക്കാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നോക്ക്…” അവൻ വേദനയോടെ അലറിയപ്പോൾ അവൾ പരിഹാസത്തോടെ ചിരിച്ചു. “ഞാൻ ഇത് എന്തിന് ചെയ്തതെന്നാവും നീ ഇപ്പോൾ ആലോചിക്കുന്നത്. അത്രയേറെ ആലോചിച്ച് കാടുകയറുകയൊന്നും വേണ്ട.. ഇത് ചിന്നുട്ടിക്ക് വേണ്ടിയാണ്.. ചിന്നുട്ടി എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല അല്ലേ? പക്ഷെ ഇന്ദു എന്നു പറഞ്ഞാൽ നിനക്കു ചിലപ്പോൾ മനസ്സിലാകും അല്ലേ?”

“ഇന്ദു?” മഹേഷിൻ്റെ കണ്ണുകൾ ആശ്ചര്യം കലർന്ന ദയനീയതയോടെ വിടർന്നു. “അതേ മഹേഷ്.. ഇന്ദു.. അതു തന്നെയാണ് അവളുടെ പേര്. നിന്നെ സ്നേഹിച്ചിരുന്ന ഇന്ദു.. നീ അമ്മയെ കണ്ടു അനുഗ്രഹം വാങ്ങാമെന്നു പറഞ്ഞ്, നിൻ്റെതല്ലാത്ത ഇതേ വീട്ടിലേക്ക് കൊണ്ടുവന്ന ഇന്ദു… പക്ഷെ അവൾ ഞങ്ങളുടെ പ്രിയപ്പെട്ട ചിന്നു ആയിരുന്നു.” ഒഴിച്ചു വെച്ചിരുന്ന വിസ്കി അവൾ അവൻ്റെ നെഞ്ചിലേക്കൊഴിച്ചതും, അവൻ അലർച്ചയോടെ മഴവില്ല് പോലെ മുന്നോട്ടു യർന്നു. “നീ കൊടുത്ത മ-യക്കുമരുന്നു കലർത്തിയ ജ്യൂസ് കുടിച്ച് തളർന്ന അവളെ നീയും, ടിനോയും മാറിമാറി.. ഇതെല്ലാം അവളുടെ ഡയറിയിൽ ഉണ്ടായിരുന്നതാണ്… നീ ചെയ്ത തെണ്ടിത്തരം ചോദ്യം ചെയ്യാൻ വേണ്ടിയാണ് അവൾ അന്ന് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയത്.. പിന്നെയവൾ മടങ്ങി വന്നില്ല.. അവൾ കാണാൻ വന്ന നീ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അവളെ പിന്നെ ഒരിക്കലും കാണാനില്ലെങ്കിൽ? … അതിന് ഒരു അർത്ഥമുള്ളൂ… ഞങ്ങളുടെ ചിന്നുട്ടീ ഈ ഭൂമിയിൽ ഇപ്പോൾ ജീവനോടെ ഇല്ലായെന്ന അർത്ഥം ” അവൾ ഒരു നിമിഷം നിർത്തി ജനലയിലൂടെ കാണുന്ന തൊട്ടപ്പുറത്തെ പുൽകാട്ടിലേക്ക് നോക്കി. “ചിന്നുട്ടിയെ കാണാതായ ദിവസം എന്തെങ്കിലും കിട്ടുമോയെന്ന വിശ്വാസത്തിലാണ് ഞാനും, അച്ഛനും അവളുടെ റൂം മുഴുവൻ സെർച്ച് ചെയ്തത്.. ഒരു ഡയറി മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിലെഴുതിയ ഒരു പേര് നിൻ്റേതാണ്. മറ്റൊരു പേര് ടിനോയുടേതാണ്. ഫീനിക്സ് എന്ന ഈ ജ്വല്ലറിയുടെ പേര് ഉണ്ട്.. മേരി ഇമ്മാകുലേറ്റ് എന്ന കോൺവെൻ്റിൻ്റെ അടുത്താണ് വീട് എന്നു പറയുന്നുണ്ട്.. മേടപറമ്പിൽ എന്ന ഈ വീട്ടുപേരുണ്ട്… പക്ഷെ അവൾ ഒടുക്കം മറഞ്ഞു പോയ ഇവിടെ പുൽകാടുകളെ പറ്റി മാത്രം അവൾ സൂചിപ്പിച്ചിരുന്നില്ല….” “ലേഖാ.. എനിക്കൊന്നും അറിയില്ല. നീ എന്തൊക്കെ ആണീ പറയുന്നത്?” നെഞ്ചിലെ മുറിവിൽ അമർത്തി പിടിച്ച് വേദനയോടെ അവൻ വിളിച്ചു പറയുമ്പോൾ അവൾ പുഞ്ചിരിക്കുകയായിരുന്നു. “അതെ… അതാ ഞാൻ നേരത്തെ പറഞ്ഞത്. ചിന്നുട്ടി എന്ന് പറഞ്ഞാൽ നിനക്ക് മനസ്സില്ലാവില്ലാന്ന്. പക്ഷെ ഇന്ദു എന്ന് പറഞ്ഞാൽ നീ ഒരു പക്ഷേ തിരിച്ചറിഞ്ഞേക്കാം…” ലേഖയുടെ വാക്കുകൾ കേട്ടതും, മഹേഷ് ഭീതിദമായി അവളെ നോക്കി. “നിൻ്റെ ഈ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം.. അവളെ നിനക്കറിയാമെന്നും, അവൾ ഇപ്പോൾ ഭൂമിയിൽ അവശേഷിക്കുന്നില്ലായെന്നും…” “പ്ളീസ് ലേഖാ.. നിനക്ക് എന്തു വേണമെങ്കിലും തരാം.. എന്നെ രക്ഷിക്ക്” മഹേഷിൻ്റെ അലറി കരച്ചിൽ കേട്ടതും, ലേഖ പൊട്ടി ചിരിച്ചു. “അതേ.. നിനക്ക് എന്തും തരാനുള്ള കഴിവ് ഉണ്ടെന്ന് അറിയാം.. നിന്നെ അന്വേഷിച്ച് ഈ നഗരത്തിൽ വന്ന എൻ്റെ അച്ഛനും അതു തന്നെയാണ് പറഞ്ഞത്.. എന്തും വിലയ്ക്കു വാങ്ങാൻ കഴിയുള്ളവനാണ് നീയെന്ന്.. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിനക്കൊപ്പമാണെന്ന്. നമ്മൾ ഒരു കേസിനു പോയാൽ നമ്മുടെ ചിന്നുമോൾ വീണ്ടും കോടതിമുറിയിൽ കീറി മുറിക്കപ്പെടുമെന്നും പറഞ്ഞ് അച്ഛൻ എന്നെ നിരുത്സാഹപെടുത്തുകയായിരുന്നു. അച്ചൻ പറഞ്ഞത് തികച്ചും സത്യമായ കാര്യങ്ങളാണ്. പാവപ്പെട്ടവന് ഇവിടെ നിയമത്തിൻ്റെ പരിരക്ഷ ഇല്ല എന്ന നാണിക്കുന്ന നഗ്നമായ സത്യം…” അവൾ തളർന്നു കിടക്കുന്ന അവനു ചുറ്റും പുഞ്ചിരിയോടെ നടന്നു. “പ്രണയം നടിച്ച് പുറകെ കൂടുക, പെണ്ണിൻ്റെ സ്വാതന്ത്ര്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുക അതിൻ്റെ ഹാങ്ങ്ഓവറിൽ അവർ നിൽക്കുമ്പോൾ ലിവിങ്ങ് ടുഗെദറിന് ക്ഷണിക്കുക.. അതായിരുന്നു നിൻ്റെ രീതി. പക്ഷേ ഇന്ദുവും, ഞാനും ലിവിങ്ങ് ടുഗദറിന് സമ്മതിക്കാതായപ്പോൾ, നീ മറ്റൊരു മാർഗം തെരഞ്ഞെടുത്ത്. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുക.. അതിന് ഒരു വിശ്വാസം ലഭിക്കാൻ വേണ്ടി ചങ്ങാതി ടിനോയുടെ ഫീനിക്സ് ജ്വല്ലറിയിൽ നിന്ന് ഒരു മൂന്നോ, നാലോ പവൻ തൂക്കമുള്ള മാല വാങ്ങുക. ഒരു രാത്രി പുലരുന്നത് വരെ മാത്രേമേ ഈ മാല തങ്ങളുടെ കഴുത്തിലുണ്ടാകൂ എന്നറിയാതെ അഹങ്കരിക്കുന്ന ഞങ്ങളെ പോലെയുള്ളവർ” പൊടുന്നനെ മഹേഷിൻ്റെ മൊബൈൽ റിങ്ങ് ചെയ്തതും, ഡിസ്പ്ലേയിലേക്ക് നോക്കി ലേഖ പൊട്ടി ചിരിച്ചു. “ദാ… വിളിക്കുന്നു നിൻ്റെ ചങ്ക് ബ്രോ.. ജ്യൂസ് കുടിച്ച് മയങ്ങി കിടക്കുന്ന എന്നോടൊപ്പം ശയിക്കാൻ ധൃതികൂട്ടുകയാണ് കള്ളൻ… പക്ഷെ നീ തന്ന ആ.ജ്യൂസ് ഞാൻ കുടിച്ചിട്ടില്ലെന്ന് ആ മണ്ടന് അറിയില്ലല്ലോ?” ലേഖ പറയുന്നത് കേട്ട് മഹേഷിൻ്റെ കണ്ണിണകൾ ചിമ്മിയടഞ്ഞു. “ഫീനിക്സ് ജ്വല്ലറിയിൽ നിന്ന് സ്വർണ്ണമാല എടുക്കും വരെ നിന്നെ ഞാൻ ജീവനുതുല്യം തന്നെയാണ് സ്നേഹിച്ചിരുന്നത്… അവിടം തൊട്ട് ഞാൻ നിന്നെ സംശയിച്ചു തുടങ്ങി.ടിനോ എന്ന നിൻ്റെ സ്നേഹിതൻ്റെ പേര്, ആ വൃത്തികെട്ട നോട്ടം, പിന്നെ ഈ മേരി ഇമ്മാക്കുലേറ്റ് കോൺവെൻ്റ്.. അതൊക്കെ ഞാൻ എൻ്റെ ചിന്നുട്ടിയുടെ ഡയറി താളുകളിൽ എപ്പോഴോ വായിച്ചിരുന്നതാണ്… ഞാനേറെ സ്നേഹിക്കുന്നവനാണ് എൻ്റെ ചിന്നുട്ടിയുടെ നിരോധാനത്തിന് പിന്നിലെന്ന് ശരിക്കും മനസ്സിലാകുന്നത്, ഇടനെഞ്ചിലെ കരിന്തേളി ൻ്റ ഈ ടാറ്റു കണ്ടപ്പോഴാണ്…” പറയുന്നതിനിടയിൽ ലേഖ സങ്കടം കൊണ്ട് അവൻ കിടക്കുന്ന സ്ഥലത്ത് മുട്ടുകു-ത്തി നിന്നു. “നിനക്ക് മരണവേദന മാത്രമേയുള്ളൂ മഹേഷ്… പക്ഷെ എൻ്റെ വേദന ഒന്നു ആലോചിച്ചു നോക്കിയേ..സ്വന്തം പ്രാണനെക്കാൾ സ്നേഹിക്കുന്ന ആൾ, സ്വന്തം സഹോദരിയുടെ ഘാതകനാണെന്ന് അറിയുന്ന നിമിഷം.. ആ നിമിഷത്തെ കുറിച്ച് ഒരു നിമിഷമെങ്കിലും ഊഹിക്കാൻ കഴിയുമോ മഹേഷിന്? അതുവേണ്ട.. സ്വന്തം പ്രാണനെ പോലെ സ്നേഹിച്ചവൻ്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയ നിമിഷം… സോറി മഹേഷ്…” “ലേഖാ… പ്ലീസ്.. നാടകം കളിക്കാതെ എന്നെ എത്രയും പെട്ടെന്ന് ഒരു ഹോസ്പിറ്റലിൽ എത്തിക്കൂ” മഹേഷിൻ്റെ സ്വരം പതറി തുടങ്ങിയിരുന്നു. “ഞാൻ നിൻ്റെ സ്നേഹിതൻ ടിനോയെ വിളിച്ചു നോക്കാം.. നിനക്ക് ഭാഗ്യമുണ്ടെങ്കിൽ അവൻ വന്ന് നിന്നെ രക്ഷപ്പെടുത്തും” മഹഷിൻ്റെ നെഞ്ചിൽ ഒഴുകി പടരുന്ന രക്തത്തിലേക്ക് അവൾ ആത്മസംതൃപ്തിയോടെ ഒരു നിമിഷം നോക്കിക്കൊണ്ട്, ഫോൺ എടുത്ത് ചെവിയോരം ചേർത്ത് അവൾ മുന്നോട്ടു നടന്നു.. “ഹലോ ഫിനിക്സ് ജ്വല്ലറി ഉടമ ടിനോ തോമാസ് അല്ലേ?

നിൻ്റെ സുഹൃത്ത് മഹേഷ് ഇവിടെ അത്യാസന്ന നിലയിലാണ്.. അതായത് രക്തം വാർന്ന് അയാൾ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയാണ്…” “നിങ്ങൾ.. നിങ്ങൾ ആരാണ്? മഹേഷിന് എന്താ പറ്റിയത്? ഞങ്ങളുടെ ശരിക്കുള്ള സ്വഭാവം നിങ്ങൾക്കറിയില്ല….” ടിനോ തോമസിൻ്റെ വേവലാതിയേറിയ വാക്കുകൾ കേട്ടപ്പോൾ ലേഖയുടെ ചുണ്ടിൽ പുഞ്ചിരിയൂറി. “എൻ്റെ പേര് അറിയാത്ത കാരണത്താൽ നിൻ്റെ പ്ര-തികാരം തണുക്കണ്ട. ഞാൻ ലേഖ. ചോര വാർന്നു കൊണ്ടിരിക്കുന്ന നിൻ്റെ ഫ്രണ്ടിനെ, ഒരു ആംബുലൻസുമായി വന്ന് ഇപ്പോൾ നിനക്ക് രക്ഷിക്കാം. നീ അയാളെ രക്ഷിക്കാൻ വരുന്നുണ്ടോ?”.. മൊബൈലും പിടിച്ച് ലേഖ കസേരയിലിരിക്കുമ്പോൾ അവളുടെ നോട്ടം തറയിൽ കിടന്ന് പ്രാണവേദനയിൽ പുളയുന്ന മഹേഷിൽ ആയിരുന്നു. “ദാ… ഒരു അഞ്ചു മിനിറ്റ് .. അതിനിടയിൽ ഞാനും, ആംബുലൻസും അങ്ങോട്ടേക്ക് പറന്നെത്തും…” ടിനോ തോമസിൻ്റെ വാക്കുകൾ കേട്ടതോടെ അവൾ പൊട്ടി ചിരിച്ചു. “പ്രിയ സ്നേഹിതൻ്റ ജീവൻ രക്ഷിക്കാനുള്ള ആവേശം കൊള്ളാം… പക്ഷേ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ ചിലപ്പോൾ മാധ്യമങ്ങളൊക്കെ ഉണ്ടാകാം… ഇതെങ്ങിനെ പറ്റി? എപ്പോൾ പറ്റി? എന്തായിരുന്നു കാരണം? എന്നിങ്ങനെയുള്ള അവരുടെ കുഴഞ്ഞുമറിയുന്ന ചോദ്യങ്ങളിൽ ടിനോയ്ക്ക് പിടിച്ചു നിൽക്കാമെങ്കിൽ? നീയും, മഹേഷും കൂടി ഈ ഭൂമിയിൽ നിന്നു ആരും അറിയാതെ പറഞ്ഞയച്ച ഇന്ദുവിൻ്റെ പേര് അറിയാതെ പോലും നിൻ്റെ നാവിൻതുമ്പിൽ വരികയില്ലാന്ന് ഉറപ്പാണെങ്കിൽ, നിനക്ക് അവനെ രക്ഷിക്കാം.. പാഞ്ഞു വരുന്ന ആംബുലൻസിൽ നിനക്കും കൂടി കയറി ഇരിക്കാം…” “ലേഖാ….” ടിനോതോമസിൻ്റെ ദയനീയമായ വിളി കേട്ടതും, ലേഖയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി. “ടിനോ തോമാസിൻ്റെ ദയനീയമായ ആ വിളിയിലുണ്ട്,ഇപ്പോഴാണ് ടിനോയ്ക്ക് ഇതിൻ്റെ പിന്നിലെ അർത്ഥം മനസ്സിലായതെന്ന്.. അതു കൊണ്ട് പോകുന്നവർ പോകട്ടെ ടിനോ… അതവരുടെ വിധി…” ലേഖ ഒരു നിമിഷം നിർത്തി പുറത്തു പെയ്യുന്ന ചാറൽ മഴയിലേക്ക് നോക്കി. “മഹേഷ് മരിച്ചു കൊണ്ടിരിയ്ക്കുന്നത് നിൻ്റെ വീട്ടിൽ ആണെന്നറിയാം ടിനോ.. ഒരു മണിക്കൂറിനുള്ളിൽ രക്തം വാർന്നുള്ള ആ മരണം ഉറപ്പാകും.. അതിനു ശേഷം ആ ബോഡി എവിടെ മറവ് ചെയ്യണമെന്ന് ചിന്തിച്ച് ടിനോ വേവലാതിപെടേണ്ട. നിങ്ങൾ രണ്ടാളും കൂടി ആരുമറിയാതെ മറവ് ചെയ്ത ഇന്ദുവിൻ്റെ ബോഡിക്കരികിലായ്ക്കോട്ടെ, മഹേഷിൻ്റെയും. കാരണം അവൾ അത്രയേറെ സ്നേഹിച്ചിരുന്നു മഹേഷിനെ….” “ലേഖാ……” “നീ ഭയക്കണ്ട ടിനോ.. കൈ വിറക്കാതെ അല്ലേ ഇന്ദുവിനെ നീയും, മഹേഷും കുഴിച്ചുമൂടിയത്? അതുപോലെ ഇതും സിംപിൾ ആണ് ടിനോ.. ഇന്ദുവിൻ്റെ കേസിൽ മഹേഷിന് മരണമാണ് ഞാൻ വിധിച്ചതെങ്കിൽ, നിനക്ക് അവൻ്റെ ബോഡി മറവ് ചെയ്യാനും, അതോർത്ത് ഒരു ജന്മം ഉരുകിതീരാനും ആണ് വിധിച്ചിരിക്കുന്നത്… ഗുഡ് ബൈ ടിനോ” കോൾ കട്ടാക്കി കസേരയിൽ നിന്നെഴുന്നേറ്റ ലേഖ, പതിയെ ചെന്ന് മരണവെപ്രാളം കാണിക്കുന്ന മഹേഷിനെ നോക്കി നിന്നു ഒന്നുരണ്ടു നിമിഷം.. പിന്നെ കുനിഞ്ഞു, മഹേഷിൻ്റെ നെഞ്ചിൽ തറച്ചിരിക്കുന്ന കത്തി അവൾ വലിച്ചൂരിയതും, നെഞ്ചിലൂടെ വീണ്ടും രക്തമൊഴുകി പടർന്നു… “സോറി മഹേഷ്.. പ്രാണനായി കണ്ടവൻ്റെ, പ്രാണൻ പിടിച്ചെടുത്തവളാണ് ഈ ദുഷ്ട… ഒരിക്കലും ഈ ദുഷ്ടയെ ഒരു ലോകത്തു വെച്ചും ഓർക്കരുത്.. ഗുഡ് ബൈ” ദയനീയമായ മഹേഷിൻ്റെ കണ്ണുകൾ അവസാന ആശ്രയമെന്നോണം ലേഖയെ തേടിചെന്നു. “സോറി മഹേഷ്.. ടിനോയ്ക്ക് നിന്നെ രക്ഷിക്കാൻ ഇപ്പോൾ സമയമില്ലായെന്ന്.. മരിച്ചു കഴിഞ്ഞാൽ നിന്നെ ഇന്ദുവിൻ്റെ അടുത്ത് അടക്കാം എന്നവൻ ഉറപ്പു തന്നിട്ടുണ്ട്.. അതു തന്നെ വലിയൊരു കാര്യമല്ലേ മഹേഷ് ?” അത്രയും പറഞ്ഞു നിസാരമായി തിരിഞ്ഞു പോകുന്ന ലേഖയുടെ വലതുകൈയിൽ പിടിച്ചിരുന്ന കത്തിയിൽ നിന്ന്, തൻ്റെ രക്തതുള്ളികൾ ഗ്രാനൈറ്റ് തറയിൽ വീണു ചിതറുന്നത് മഹേഷ് അടയുന്ന കൺപോളകൾക്കിടയിലൂടെ നോക്കി കിടന്നു… വീടിനു പുറത്ത് എത്തിയ ലേഖ, ആ കത്തി തൊട്ടടുത്ത് പുൽകാട് വളർന്നു നിൽക്കുന്ന സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് ധൃതിയിൽ നടക്കുമ്പോൾ, ആ കത്തിയിലെ ചോര വീണ് നനഞ്ഞ മണ്ണ് പതിയെ വിങ്ങുന്നുണ്ടായിരുന്നു… ഒരായിരം വാക്കുകൾ ഒന്നിച്ചു വന്ന് ചങ്കിൽ തടഞ്ഞതുപോലെയുള്ള ഒരു വിങ്ങൽ!!! ശുഭം. ഇനിയും കഥകൾക്ക് ഈ പേജ് ചുവടെ ലൈക്ക് ചെയ്യുക…

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!