Connect with us

Experiences

ഒരു ദിവസം വന്ന വിവാഹാലോചനയ്ക്ക് സമ്മതമെന്നു പറഞ്ഞ് അവൾ…

Published

on

രചന: വൈദേഹി വൈഗ (ജാനകി )

“നാശം….. നീ ആരുടേലും തലേലായി ഇവിടുന്നൊന്ന് പോയാലേ എനിക്ക് സ്വസ്ഥത എന്നൊരു സാധനം കിട്ടൂ……” എല്ലാവരുടെയും മുന്നിൽ വച്ച് അനഘ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജനയുടെ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു, വേദനയിലോ അപമാനത്തിലോ എന്തെന്നറിയില്ല, കോപം തികട്ടി വന്നതും അനഘയുടെ മുഖത്ത് അഞ്ജന ആഞ്ഞടിച്ചു. “നാവടക്കെടി അസത്തെ…. ഇനിയൊരക്ഷരം മിണ്ടിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും…..” നിസാരമായൊരു കാര്യത്തിൽ തുടങ്ങിയ വാക്കുതർക്കം ഇത്രത്തോളം എത്തുമെന്ന് അവിടെ കൂടിയിരുന്ന ആരും കരുതിയിട്ടുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി അഞ്ജനയുടെ പിറന്നാളാഘോഷിക്കുകയായിരുന്നു. നാവിലലിയും മധുരമൂറും നിമിഷങ്ങൾക്കിടയിലാണ് കയ്പ്പ് കലർന്ന സംഭവങ്ങൾ അരങ്ങേറിയത്, അതിന്റെ ആഘാതത്തിലായിരുന്നു എല്ലാവരും. “നീ…. നീയെന്നെ തല്ലിയല്ലേ….. ”

അടികൊണ്ടു ചുവന്ന കവിളിൽ കൈചേർത്ത് അനഘ പൊട്ടിത്തെറിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു…. അവളുടെ കണ്ണുനീർ കണ്ടതും അഞ്ജുവിന്റെ ഹൃദയത്തിൽ ചോര പൊടിഞ്ഞപോൽ നീറ്റലായിരുന്നു, ഇന്നേവരെ ഒന്ന് നുള്ളിനോവിച്ചിട്ടില്ല തന്റെ അനിയത്തിയെ… തല്ലണമെന്ന് കരുതിയതല്ല. ദേഷ്യം സഹിക്കവയ്യാതെ പറ്റിപ്പോയതാണ്. “അനൂ… ഞാൻ….” അവൾ പറയാനാഞ്ഞതും അനഘ കരഞ്ഞുകൊണ്ട് മുറിയിലേക്കോടിയിരുന്നു, ഒരു നിമിഷം കൊണ്ട് സന്തോഷം നിറഞ്ഞുതുളുമ്പിയ ആ വീട് മരണവീട് പോലെ മൂകമായി. പതിയെ അഞ്ജനയും അവളുടെ റൂമിലേക്ക് ഉൾവലിഞ്ഞു.

പുറത്ത് ഭക്ഷണം വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയും ശബ്ദകോലാഹലങ്ങൾ കേട്ടിരുന്നെങ്കിലും മുറിവിട്ടിറങ്ങാൻ അവൾക്ക് തോന്നിയില്ല, വെളിച്ചം അരോചകമെന്ന് തോന്നി ലൈറ്റ് കെടുത്തി വെറും നിലത്തിരുന്നു, കണ്ണടച്ചാൽ കാണുന്നത് അനുവിന്റെ കരയുന്ന മുഖമാണ്. അഞ്ജനക്ക് സ്വയം വെറുപ്പുതോന്നി. ഇടക്കെപ്പോഴോ അച്ഛൻ ഊണുകഴിക്കാൻ വന്നു വിളിച്ചെങ്കിലും വിശപ്പില്ലെന്നു പറഞ്ഞ് മടക്കിയയച്ചു, മനസ്സ് നീറിപ്പുകയുമ്പോൾ എന്ത് വിശപ്പ് എന്ത് ദാഹം….. രാത്രിയേറെ കഴിഞ്ഞു, ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ ശാന്തമായി അന്തരീക്ഷം. മനസ്സിനൊരു സമാധാനവുമില്ലാഞ്ഞിട്ടാണ് രാത്രിയേറെ വൈകിയെന്നറിയാമായിരുന്നിട്ടും അനഘയുടെ മുറിയിലേക്ക് നടന്നു, ക്ഷമ ചോദിക്കാം, വേണമെങ്കിൽ കാലുപിടിക്കാം…. തെറ്റ് തന്റെ ഭാഗത്തുമുണ്ടല്ലോ….

പക്ഷെ അനഘയുടെ തേങ്ങൽ അവളെ തടഞ്ഞു, വാതിലിന് സമീപം നിന്നു പോയി അഞ്ജു, ഉള്ളിലേക്ക് കടന്ന് അനുവിനെ ആശ്വസിപ്പിക്കാൻ അവളുടെ ഉള്ളം വിങ്ങി. “അവളുണ്ടെങ്കിൽ ഞാൻ ഈ വീട്ടിൽ നിക്കില്ലച്ഛാ, എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയേക്ക്… ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോക്കോളാം….” അച്ഛനോടുള്ള അവളുടെ അപേക്ഷ കേട്ട് അഞ്ജുവിന്റെ ഹൃദയം തകർന്നു, തറയിൽ വീണു ചിതറിയ കണ്ണാടിത്തുണ്ടുകളിൽ വീണു പിടഞ്ഞ ചോരയിറ്റുന്ന ഹൃദയവുമായി അവൾ ദിവസങ്ങളോളം തന്റെ മുറിയിൽ ഇരുളിൽ ഏകയായി കഴിച്ചുകൂട്ടി. ഒടുവിൽ പെട്ടെന്നൊരു ദിവസം വന്ന വിവാഹാലോചനയ്ക്ക് സമ്മതമെന്നു പറഞ്ഞ് അവൾ എല്ലാരേയും അമ്പരപ്പിച്ചു, കല്യാണ ഒരുക്കങ്ങളൊക്കെ പെട്ടെന്നായിരുന്നു, വിവാഹനിശ്ചയവും തിയതി കുറിക്കലും കല്യാണപ്പുടവയെടുക്കലും ആഭരണം വാങ്ങലും ഒക്കെ ദിവസങ്ങൾക്കുള്ളിൽ നടന്നു, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ കല്യാണത്തിന്…

കല്യാണനാൾ അടുക്കുംതോറും അനുവിന്റെ സ്വസ്ഥത നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു, വിലപ്പെട്ടതെന്തോ നഷ്ടമാകുന്നു എന്ന തോന്നൽ അവളെ ചെവിയിൽ ഉറുമ്പ് കടന്നാലെന്ന പോലെ അനുനിമിഷം അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു…. വിവാഹത്തിനായി ആ വീടൊരുങ്ങിയപ്പോഴും രണ്ട് ആത്മാക്കൾ ഒരേ കൂരക്കീഴിൽ രണ്ടുമുറികളിൽ ഉറക്കമില്ലാത്ത പലരാത്രികളെയും കടന്നുപോയ്ക്കൊണ്ടിരുന്നു. തനിക്കെന്താണിത്രയും അസ്വസ്ഥത, തന്റെ ഹൃദയം എന്തിനാണ് ഇങ്ങനെ വി-ങ്ങിപ്പൊട്ടുന്നതെന്ന് അനുവിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല, തന്റെ പ്രധാന എതിരാളി വീടുവിട്ടു പോവുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്, എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ അനു ഉറക്കമില്ലാതലഞ്ഞു, കല്യാണത്തലേന്ന്, ബന്ധുക്കളും അടുത്ത അയൽവാസികളുമൊക്കെയായി വീട് ഇരുളിലും ഉണർന്നിരുന്നു.

തീരെ സഹിക്കവയ്യാതെ അനു അഞ്ജുവിന്റെ മുറിയിലേക്ക് നടന്നു, പക്ഷെ മുറിക്ക് മുന്നിലെത്തിയതും അവൾ ഒന്ന് നിന്നു, വേണ്ടാ, നാളെയവൾ പടിയിറങ്ങുകയല്ലേ, ഇത്രയും ദിവസങ്ങളിൽ ഇല്ലാത്തതൊന്നും കുറച്ചു മണിക്കൂറുകൾക്ക് വേണ്ടി വേണമെന്നില്ല…. പറയാനുണ്ടായിരുന്നതൊക്കെ മനസ്സിൽ തന്നെ കുഴിച്ചു മൂടി അവൾ തിരികെ തന്റെ തിരക്കുകളിലേക്കൂളിയിട്ടു. കല്യാണം കഴിഞ്ഞു, ചെക്കൻ വീട്ടുകാർ പെണ്ണിനെ കൂട്ടി പോകാനിറങ്ങുമ്പോൾ നിയന്ത്രണം വിട്ടുകരയുന്ന ചേച്ചിയെയും അച്ഛനെയും നോക്കി നിർവികാരതയോടെ നിക്കുമ്പോൾ അനു ഓർത്തു, അമ്മയുണ്ടായിരുന്നെങ്കിൽ…… അമ്മയുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങൾ ഇതായിരുന്നേനെ… അനുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു, അതാരും കാണാതെ മറച്ചുപിടിക്കാനോ കൂടെപ്പിറപ്പ് തന്നിൽ നിന്നകലുന്നത് കണ്ടുനിൽക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടോ… പിന്നെയൊരു നിമിഷം പോലും അനു അവിടെ നിന്നില്ല. അഞ്ജു ഇല്ലാത്ത വീട്ടിൽ അവൾക്ക് ഭ്രാന്ത്‌ പിടിക്കുംപോലെ തോന്നി, പണ്ട് എവിടെ തിരിഞ്ഞാലും പൂച്ചയെ പോലെ വീടിന്റെ ഏതെങ്കിലുമൊരു കോണിൽ ചേച്ചിയുണ്ടാകുമായിരുന്നു, അന്നാ ധൈര്യത്തിൽ ഒന്ന് മിണ്ടുക കൂടിയുണ്ടായിരുന്നില്ല. പക്ഷെ ഇന്ന്…..

അവൾ ഇല്ലാത്ത വീട് നരകമാണെന്ന് അനു തിരിച്ചറിയുകയായിരുന്നു. വിശപ്പും സ്ഥലകാലബോധവുമില്ലാതെ ഭ്രാന്ത് പിടിച്ചാലെന്ന പോലെ മാറി അവൾ. മറുവീട് കാണലിന് ആദ്യം പുറപ്പെട്ടിറങ്ങിയത് അനു ആയിരുന്നു, എങ്ങനെയെങ്കിലും ചേച്ചിയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ….. വണ്ടിയിൽ നിന്നിറങ്ങി അക്ഷരാർഥത്തിൽ ഓടുകയായിരുന്നു, ഓടിപ്പോയി അഞ്ജുവിനെ കെട്ടിപ്പിടിച്ചു പരിസരബോധം പോലുമില്ലാതെ പൊട്ടിക്കരഞ്ഞു അവൾ, അഞ്ജുവിന്റെ അവസ്ഥയും വേറിട്ടതായിരുന്നില്ല….. നമ്മളിൽ പലരും അഞ്ജുവിനെയും അനുവിനെയും പോലെയാണ്, അരികിൽ ഉണ്ടായിരിക്കുമ്പോൾ വിലയുണ്ടാവില്ല. അവർ വിലമതിക്കാനാവാത്തതായിരുന്നു എന്ന് തിരിച്ചറിയുന്നത് അവർ അത്രമേൽ നമ്മിൽ നിന്നകലുമ്പോളായിരിക്കും…. ഒരുപക്ഷെ ആ തിരിച്ചറിവ് വരുമ്പോഴേക്കും അവർ അടുക്കാനാകാത്ത വിധം ഒരുപാട് അകലെയുമായിരിക്കാം….. ബന്ധങ്ങൾ സ്പടികത്തുണ്ട് പോലെയാണ്, പൊട്ടിത്തകരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യവും…..

Experiences

ഇഷ്ടമാണ് നൂറുവട്ടം

Published

on

By

രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു.ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ കൊന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..! ‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി. അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു……… ഇന്നലെ പകൽ ഷിബുവിനെ നേരിൽ കണ്ടു നിഷ ചോദിച്ചു “ഷിബു തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? ” “ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.” വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ അവൾ തള്ളിപ്പറഞ്ഞു പോയവൾ ആണ്. ഷിബുവിന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു.

അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്. “ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?” “നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു “ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ ” അവൻ ആകാംക്ഷയോടെ ചോദിച്ചു. “പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ” അവൾ ചോദിച്ചു.. അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “”കല്യാണം മറ്റന്നാളാണ് പക്ഷേ എനിക്ക് അയാളെ വേണ്ട..” “അതെന്താ?” “അതൊക്കെയുണ്ട്” ഷിബുവിനെ കോൾ അടിച്ച പോലെയായി പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം. അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.

ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ. ഷിബു ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു ആ വീഡിയോ കണ്ടതിനു ശേഷം അവളുടെ മനസ്സു മാറിയത്. പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല… കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. നേരിട്ട് ഷിബുവിനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ.

എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ. ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്. രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്! ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്. തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ഷിബു ആ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമം മുഹൂർത്തം ആക്കി ചിത്രീകരിച്ചത്…. നിഷയുടെ ഭർത്താവ് പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്. യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി. യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി. ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു. “ഹായ് പ്രകാശ് നാട്ടിൽ പോയിട്ട് വന്നോ എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”

കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു. “എന്താണ് സംസാരിക്കാത്തത്…. എന്ത് പറ്റി പ്രകാശ്?” അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം. താൻ കാരണം,തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു.അവൾക്ക് അത് ദുഃഖമായി. അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു. ” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?” പ്രകാശ് സ്തബ്ധനായി ‘ ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’ കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!! അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി. “എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!” ഞാൻ വിവാഹം ചെയ്തോളാം.!! കഥ വായിച്ചിട്ട് പോകുമ്പോൾ രണ്ടു വാക്ക് പറയാൻ മറക്കല്ലേ….

Continue Reading

Experiences

ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി…

Published

on

By

രചന: Shahla Sharin

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു “ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ.

പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ” കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി “നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം.

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ” അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി “അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?” ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു.

പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു “വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം

. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്” ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു “ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാമം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി” ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

Continue Reading

Experiences

സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം…

Published

on

By

രചന: സുരേദ്രൻ കരുളായി

ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി….! ഞാനിപ്പോഴും അലയുകയാണ്… ഒരു പെണ്ണിന്റെ സ്നേഹത്തിനായി ….. ഒരു പെണ്ണിന്റെ സാമീപ്യത്തിനായി…. പക്ഷേ…അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി…. നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക. നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം… ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി … ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്….. ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക…? മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ… അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്. ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി….. “ഹലോ… ശ്രീധരേട്ടനാണോ…?” “അതെ … ആരാ..?” “നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു… എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ… ശരിയാണോ …?” “ആ… ശരിയാണ്…” ” വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?” “കാണാം… പക്ഷേ… ചെക്കനെന്താ ജോലി…?” ” അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ…” “അയ്യോ… അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ…. എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു… ” ” അതെയോ… പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്…?” ” അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ” “അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ…?” ” ഏയ്… അതിനൊന്നും ഇപ്പോൾ കഴിയില്ല… ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ….” “ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ…?” ” അതൊന്നും ശര്യാവില്ല…” ” നിങ്ങൾക്കെന്താണ് പണി…?! ” എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ….” ” ഈ മോള് തന്നെയുള്ളോ ….?” ” അല്ല… ഒരു മോനുംകൂടിയുണ്ട്….” ” അവനെന്തു ചെയ്യുന്നു ….?” “അവൻ ഓട്ടോ ഓടിക്കുന്നു…” ” അവൻ കല്ല്യാണം കഴിച്ചതാണോ?” ” ഇല്ല. അവന് ആവുന്നതേയുള്ളൂ…” ” അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?” ” അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് …?” ” അല്ലാ …നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ…
ശരിയെന്നാൽ … കാത്തിരിപ്പു തുടരട്ടെ…” ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി….! ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ…. വല്ലാത്തൊരു കാലംതന്നെ …….! ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ …. അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. “വിനൂ … ഒരു പെണ്ണുണ്ട്… നീ പോകുന്നോ കാണാൻ…?” കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്. ” നീ നടക്കുന്ന കാര്യം വല്ലതും പറ…. ” “എടാ.. ഇതങ്ങനെയല്ല… അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല…” ” അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ… അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല…എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ …എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം…. അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല…. എന്നെ വിട്ടേക്ക് …..” ഞാൻ തീർത്തു പറഞ്ഞു…എന്നിട്ടും അവൻ വിടാൻ ഭാവമില്ല. ” നീയങ്ങനെ നിരാശപ്പെടാതെ …. നീ വിചാരിക്കുന്നതുപോലെയല്ല ഇത്… അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്….” ” നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം..”എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല…അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു… സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്….. സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു… അയാളെ പിൻതുടർന്ന് ഞങ്ങളും… മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു… ” ഇതാണ് വീട് … ” ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി. ” ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട… ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ…

നിങ്ങള് വാ….” പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു…. അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ….അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്. ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു… അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു… ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി….. അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ……. ” മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ…?” അയാൾ ഞങ്ങളുടെ കൂടെ വന്ന മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.

ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി… വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി… ” അമ്മയാണ് ….” ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു… ” ഇതിലേതാണ് ചെക്കൻ…..” ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു. “മോനെന്താ പണി…?” ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു…! ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി… “ഇതും വ്യത്യസ്ഥമല്ല ” എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…. ” ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്…. കൂട്ട്യാള്ടെയൊരു കാര്യം…” പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു… ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല. എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷേ… സംയമനം പാലിച്ചു… അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി…. “എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ… കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ…” അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്. “എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ…” മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി …. ” അതിനെന്താ… കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ…” മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു: ” മീനാക്ഷീ … അവളോടൊന്ന് വരാൻ പറ ….” അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു… വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ….. ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു… നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി… അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു…! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി. എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു… തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി… അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു… എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി… ” കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ…?” മാധവേട്ടൻ പിന്നെയും മടിയോടെ അയാളെ നോക്കി. ” ആയിക്കോട്ടെ….” ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു… വേണോ…? സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി… വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു…. ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി…. ” അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു …..” ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി… “എന്നെ ഇഷ്ടമായോ…?” ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു… അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. ” പേര്…?” ” ശിഖ ….” എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു… “എന്റെ പേര് വിനായക് … വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ… പഠിക്കുന്നുണ്ടോ ഇപ്പോൾ ….?”

“പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി … ” അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി…. “എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു…” എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു… “ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്…. പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ …..എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം… ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ….” എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു…. “സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല. ” ഇഷ്ടമായി … ഒരുപാട് ….” ” അച്ഛനൊക്കെ ഇഷ്ടമാവുമോ?” ” ഞാൻ പറയും…. എനിക്കിതു മതിയെന്ന്…” “സത്യമാണോ ….?” ” ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ….?” ” ഏയ്… അങ്ങനെയല്ല…. ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ….” ” ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ…?” ” ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ….” അവൾ ശംബ്ദമില്ലാതെ ചിരിച്ചു… ” വിശ്വസിച്ചോളൂ….” ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു. ” എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. ” അവളുടെ മുഖത്ത് നാണം തളിരിട്ടു… ” കുട്ടിക്കെന്താണ് തോന്നിയത് ….?” ” കുട്ടിയല്ല. ശിഖ ….” “ശരി … ശിഖക്കെന്താണ് തോന്നിയത് …?” ” ഇഷ്ടമാണെന്നുതന്നെ ….” “എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ…” അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി… അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു… “എങ്കിൽ ഞാനിപ്പോൾ പോകട്ടെ…?” അവൾ ലജ്ജാവതിയായി തലയാട്ടി…. സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു…ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകു ത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…..!!

Continue Reading

Most Popular