Connect with us

നർമ്മം

പുള്ളികാരനെ കാണാനായിട്ട് ആ മഹാന്റെ അത്ര പൊക്കവും വണ്ണവുമുള്ള കുറെ പേര് നിരനിരയായ് നിന്നു !

Published

on

രചന: Jasmine Rose
ഇത് തികച്ചും ഒരു സാങ്കൽപ്പിക കഥയാണ് മുന്നിൽ രണ്ടു കോഴിയുടെയും രണ്ടു ആട്ടിന്കുട്ടികളുടെയും പുറകിൽ രണ്ടു പുച്ഛകുട്ടികളുടെയും അകമ്പടിയോടു കൂടെ നമ്മുടെ കഥാ നായകൻ കടന്നു വരികയാണ് . ഏകദേശം രണ്ടു രണ്ടര അടി പൊക്കം ഉണ്ട് . ചെറിയ ഒരു ബനിയനും ട്രൗസറും ആണ് പുള്ളിക്കാരന്റെ വേഷം. ചെറിയ ഒരു റെയ്ബാൻ കണ്ണാടി കൂടെ വെച്ച് കൊടുക്കാമല്ലേ… തോളിൽ ഒരു വാട്ടർ ബോട്ടിലും കയ്യിൽ ഓറിയോ ബിസ്ക്കറ്റ് ന്റെ കവറും ഉണ്ട്. അത് ഓരോന്നും നുണഞ്ഞു നുണഞ്ഞാണ് മഹാന്റെ വരവ്………… നിറയെ പൂക്കളും ചിത്ര ശലഭങ്ങളും കുഞ്ഞി കുളികളുമുള്ള…ഉദ്യാന സമമായ ഒരു സ്ഥലത്തേക്കാണ് പുള്ളിക്കാരൻ എത്തിയത് … ആ കുഞ്ഞദ്ദേഹം തന്റെ ഇരിപ്പിടത്തിൽ ആസനസ്ഥനായി.. ബ്ലാക്ക് ക്യാറ്റ്സ്നെ പോലെ എസ്കോട്ടു വന്ന പൂച്ചകളും ആട്ടിന്കുട്ടികളും കോഴികളും മാറി നിന്നു………..

പുള്ളികാരനെ കാണാനായിട്ട് ആ മഹാന്റെ അത്ര പൊക്കവും വണ്ണവുമുള്ള കുറെ പേര് നിരനിരയായ് നിന്നു … “പരാതി ബോധിപ്പിക്കാനുള്ള കുഞ്ഞാവകളൊക്കെ നിരന്നു നിക്കു . എന്റെ ബുദ്ധിയിൽ വരുന്നത് പോലെ പരിഹാരം പറഞ്ഞു തരാം”…………..എന്ന് നമ്മുടെ മഹാൻ പറഞ്ഞു , അപ്പോൾ കൂട്ടത്തിൽ ഒരു ക്യൂട്ട് കുഞ്ഞു മോള് .. ചെറിയ റോസ് ഫ്രോക്ക് ഒക്കെ ഇട്ടു ,തലയിൽ ഒരു റിബ്ബണും വെച്ച് ..അവളുടെ പരാതി പറയാനായിട്ടു തുടങ്ങി ….ഏകദേശം ഒരു വയസ്സ് ആകാറായി അവൾക്കു “വല്യാവേ (കുഞ്ഞാവേട വലുത് ..തല്ക്കാലം അങ്ങനെ വിളിക്കാം ) എന്റെ പേര് സ്വസ്തിക അച്ഛനും അമ്മയും വീട്ടിൽ കുഞ്ഞി എന്നാ വിളിക്കുന്നെ . ഞാനും എന്നെ അങ്ങനാ വിളിക്കുന്നെ..” “എല്ലാപേരും വീട്ടിൽ വിളിക്കുന്ന പേര് പറഞ്ഞാ മതി കേട്ടോ. മറ്റേ പേര് വീട്ടുകാര് പോലും പറഞ്ഞു പഠിച്ചു കാണത്തില്ല…”..എന്ന് വല്യാവ എല്ലാരോടുമായി പറഞ്ഞു…………………….. ” കുഞ്ഞി പറഞ്ഞോ “…………… “എനിക്ക് എന്റെ അച്ഛനേം അമ്മച്ചിയേം ഒത്തിരി ഇഷ്ടമാ പക്ഷെ അമ്മച്ചി എപ്പോഴും എനിക്ക് ഇഷ്ടമല്ലാത്ത പാപ്പം (മഹതി ഭക്ഷണമെന്നാ ഉദ്ദേശിച്ചത് ) തന്നു കൊണ്ടിരിക്കും. കുറെ കുറുക്കും ഏത്തക്ക പുഴുങ്ങിയതുമൊക്കെ ആണ് കൂടുതലും. നിക്കു ഐച്ക്രീമും ചോകൊലെറ്റും ആണ് കൂടുതലും ഇഷ്ടം . പക്ഷെ എനിക്ക് ഊവാവ വരുമെന്നും പറഞ്ഞു അത് തരത്തില്ലാ. പാപ്പം തിന്നാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ വല്യാവേ??”………………………

“മ്മ്മ്.. എന്റെ അടുത്ത വരുന്ന മിക്ക കുഞ്ഞാവകളുടെയും പ്രശ്നം ഇത് തന്നെയാണ്.. അവർക്കു പാപ്പം തിന്നാതിരിക്കാൻ ഐഡിയ പറഞ്ഞു കൊടുക്കണം.. കുഞ്ഞിക്കു എത്ര വയസായി..” “ഒരു വയസ്സാകാറായി “……………………… “ആണോ.. അപ്പോൾ കുഞ്ഞി അമ്മ പാപ്പം കൊണ്ട് വരുമ്പോൾ ഉറക്കെ കീറി കരയണം കേട്ടോ. ഇപ്പൊ എത്ര പല്ലു വന്നു.”. …………………അപ്പോൾ കുഞ്ഞി തന്റെ മോണ കാട്ടി ചിരിച്ചു.. “താഴെയും മുകളിലുമായിട്ടു നാല് പല്ലല്ലേ വന്നുള്ളൂ …മ്മ്മ്. ഒരു ഒന്നര വയസൊക്കെ ആകുമ്പോൾ കുറച്ചു കൂടെ പല്ലുകൾ വരും.. അപ്പോൾ പാപ്പം കൊണ്ട് വരുമ്പോൾ പല്ലുകൾ ഇറുക്കികൂട്ടി പിടിച്ചാൽ മതി. അമ്മക്ക് പാപ്പം വായിൽ വെക്കാൻ പറ്റത്തില്ല.. അഥവാ ഇഷ്ടമല്ലാത്ത പാപ്പം വായിൽ പോയാൽ തുപ്പി കളഞ്ഞാൽ മതി..പിന്നെ പല്ലുകൾ വന്നു തുടങ്ങുമ്പോൾ കടിയും കൊടുക്കാം അല്ലേൽ പാപ്പം കാണുമ്പോൾ തന്നെ ഓടാൻ നോക്കണം. പക്ഷെ അങ്ങനെ ചെയ്താൽ ‘അമ്മ ചിലപ്പോൾ പിടിച്ചിരുത്തി തരും പിന്നെ വേറെ വഴി എന്താച്ചാ പാപ്പം കുറെ നേരം വായിൽ തന്നെ വെക്കണം അപ്പോൾ അമ്മച്ചിക്ക് പിന്നെ തരാൻ പറ്റത്തില്ല….വീട്ടിൽ അമ്മുമ്മയോ അപ്പുപ്പനോ ഉണ്ടെങ്കിൽ പാപ്പം കൊണ്ട് വരുമ്പോൾ തന്നെ കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നാൽ മതി.. നമ്മൾ കരയുന്ന കാണുമ്പോൾ അമ്മച്ചിടെ അടുത്ത് നമക്ക് പാപ്പം തരണ്ടെന്ന് അവര് പറഞ്ഞോളും……..ഒന്നോ രണ്ടോ ഉരുള പാപ്പം തിന്നണം കേട്ടോ.. എങ്കിലേ നമുക് കുരുത്തക്കേടുകൾ കാണിക്കാൻ ആരോഗ്യം കിട്ടുള്ളു”…………………………………………………………അടുത്ത കുഞ്ഞാവ അവന്റെ പരിഭവം പറഞ്ഞു തുടങ്ങി…”.ന്റെ പേര് സച്ചു കുട്ടൻ..അങ്ങനാ അമ്മി വിളിക്കുന്നെ.. മറ്റേ പേര് ഓർമയില്ല”………………. “എന്താ സച്ചുക്കുട്ടന്റെ പ്രശ്നം”………. “വല്യാവേ എനിക്ക് രണ്ടു വയസ്സ് കഴിഞ്ഞു കളിയ്ക്കാൻ ഒരുപാട് കളിപ്പാട്ടങ്ങളുണ്ട്. കാറും ബസും പാവകളും എല്ലാം…..പക്ഷെ ഞാൻ അതൊക്കെ കളിച്ചു മടുത്തു…. എന്റെ ‘അമ്മയും അച്ഛമ്മയും കളിക്കുന്ന കളിപ്പാട്ടങ്ങള എനിക്കിഷ്ടം…പക്ഷെ അവര് നിക്കു അത് തരത്തില്ലാ …അവരുടെന്നു അത് വാങ്ങിക്കാൻ പുത്തി(ബുദ്ധി) പറഞ്ഞു തരുവോ?”……….. “എന്ത് സാധനങ്ങളാ കുഞ്ഞാവേ.”…… “ചെറിയ കുഴല് ഉള്ള സാധനമുണ്ട് . നല്ല രസമാ കാണാൻ. അതിൽ വട്ടത്തിലുള്ള കുറെ കുത്തുള്ള ഒരു സാധനം കൂടെ ഇറ്റിറ്റു പൗഡര് പോലത്തെ എന്തോ അമ്മിവാരിയിടുന്നത് കാണാം.. ആ പൌഡർ എടുക്കാൻ നോക്കിയാൽ നിച്ചു വഴക്കു കിട്ടും..ആ കുഴലിൽ കുത്തിയാൽ പാപ്പം വരുന്നത് കാണാം.പിന്നെ ടപ്പക്കകത്തു കുറെ മുത്ത് പോലുള്ള ഛാദനങ്ങളുമുണ്ട് (കടലയും പയറുമാ മഹാൻ ഉദ്ദേശിച്ചേക്കുന്നതു). അമ്മി ഇടക്കിടക്ക് എടുക്കുന്നത് കാണാം . നല്ല രസമാ അത്. പക്ഷെ എനിക്കതു തരില്ല.. ഒത്തിരി മുകളിലാ വച്ചേക്കുന്നതു”.. വല്യാവ സച്ചുക്കുട്ടൻ പറഞ്ഞ സാധനം എന്താണെന്ന് കുറെ നേരം ആലോചിച്ചു..” ഓ പുത്തൂറ്റി(പുട്ടു കുറ്റി) ആണ് കുഞ്ഞാവേ അത് ..എനിക്കും താരത്തില അമ്മ അത്. മ്മ്മ്..അമ്മയും അച്ഛമ്മയും ഇല്ലാത്ത നേരത്തു അതെടുത്തു കളിച്ചാൽ മതി കേട്ടോ നീ.. അതാ നല്ലത്..എന്നിട്ടു പെട്ടെന്ന് തന്നെ തിരിച്ചു വെക്കണേ.. അപ്പോൾ വഴക്കു കിട്ടൂല”………..

വല്യാവയുടെ മറുപടിയിൽ സംതൃപ്തനായി സച്ചുക്കുട്ടൻ പോയി… അടുത്തത് ആമിന ഇശൽ എന്ന വീട്ടുകാരുടെ പ്രിയങ്കരിയായ ആമിക്കുട്ടി ചെറിയ തട്ടവുമിട്ടാണ് വന്നേക്കുന്നതു.. ആ കുട്ടി കാന്താരിയും പരാതിപെട്ടി അഴിച്ചു….. “വല്യാവേ.. എനിക്ക് എന്റെ ഇത്തിമാരെ പോലെ കൂളിൽ (സ്കൂളിൽ) പോണം.. നല്ല രചമാ അവര് പോണ കാണാൻ . ബാഗും തൂക്കി വാട്ടർബൂട്ടിലും കൊണ്ട് നീളമുള്ള പീപിയിൽ കേറി പോണ കാണുമ്പൊൾ കൊതി വരും. നിച്ചും അങ്ങനെ പോണമെന്നു പറയുമ്പോൾ വലുതാകുമ്പോൾ അങ്ങനെ പോകാമെന്ന ഉമ്മി പറഞ്ഞെ .. നിച്ചു ഇപ്പോൾ തന്നെ പോണം ഇത്തിമാരെ കൂടെ”…………….. “അയ്യോ വേണ്ട ആമിക്കുട്ടി.. സ്കൂളിൽ പോയാൽ പിന്നെ ഒരുപാട് കളിക്കാനൊന്നും ഉമ്മി സമ്മതിക്കില്ല..എപ്പോളും പഠിക്കാൻ പറയും.. പിന്നെ സ്കൂളിൽ ചെന്നാലും ഹോംവർക് ഒക്കെ ചെയ്തില്ലേൽ ടീച്ചറുമാരും വഴക്കു പറയും.. എന്നും എന്റെ ചേച്ചിക്ക് ഹോംവർക് ചെയ്യാത്തതിന് വഴക്കു കിട്ടുമെന്ന് അവള് അമ്മയോട് പറയുന്നത് കേൾക്കാം…നിച്ചും ഇപ്പോൾ അംഗൻവാടിയിൽ പോകാൻ ഇഷ്ടമല്ല”…………. “വല്യാവേ.. എന്റെ പ്രശ്നം ഇതിൽ നിന്നുമൊക്കെ ഗുരുതരമാ” ……………. “എന്താ….പറഞ്ഞെ”……….. എന്റെ പേര് ലാലു എന്നാ .. എനിക്ക് അച്ഛനെയാ കൂടുതലും ഇഷ്ടം. പക്ഷെ അച്ഛൻ എപ്പോളും വീട്ടിൽ കാണത്തില്ല. അച്ഛനാകുമ്പോൾ എന്നെ പീപ്പിയിൽ ഇരുത്തി റ്റാറ്റാ കൊണ്ട് പോകും. നല്ല രാസമാണത്. അച്ഛൻ എന്നും പീപ്പിയിൽ പോകുന്നത് കാണാം. പക്ഷെ എന്നെ കൊണ്ട് പോകതില്ലാ..എവിടെയോ പോകുന്നതാണെന്നു ‘അമ്മ പറയുന്നത് കേൾക്കാം ..ആ ഓര്മ വന്നു ഒപ്പീച്ചിൽ .. നിക്കും അച്ഛന്റെ കൂടെ പോണം.. എന്നെ കൊണ്ട് പോകാതെ അച്ഛൻ പീപ്പിയിൽ കേറി പോണത് കാണുമ്പോൾ ചങ്കടം വരും. നിക്കും കൂടെ പോകാൻ വഴി പറഞ്ഞു തരോ വല്യാവേ”………. “ആണോ?? മ്മ്മ്…..അച്ഛൻ പീപിയിൽ പോകുമ്പോൾ ഏത് ഉടുപ്പ് ആണിടുന്നതെന്നു നോക്കി വെക്കണം. അച്ഛൻ വീട്ടിൽ നിക്കുമ്പോൾ ഇടുന്ന ഉടുപ്പല്ല പീപിയിൽ പോകുമ്പോൾ ഇടുന്നതു . പിന്നെ പീപിയിൽ കൊണ്ട് പോകുന്ന കിണിം കിണിം എന്ന് ശബ്ദം കേൾക്കുന്ന ചാധനം ഉണ്ട് (താക്കോൽ) ആ ശബ്ദം കേൾക്കുമ്പോൾ ഓടി ചെന്ന് അച്ഛന്റെ കാലിൽ പിടിച്ചു കരഞ്ഞാൽ മതി.. അച്ഛൻ സഹികെട്ട് പീപ്പിയിൽ കേറ്റും കേട്ടോ.”……….”വല്യാവേ.. അച്ഛനും അമ്മയും ഇടയ്ക്കു വിരല് വെച്ച് തോണ്ടുന്ന സ്ലേറ്റ് പോലത്തെ ചെറിയ സദനമുണ്ടല്ലോ.. അച്ഛൻ അതിൽ നോക്കുമ്പോൾ കുറെ ആൾക്കാരെ കാണാം. പല കളറും മാറി മാറി വരുന്നത് കാണാം.. അത് കളിക്കാൻ കിട്ടാൻ ഒരു ഐഡിയ പറഞ്ഞു തരുമോ നിക്കു.”……….. പാച്ചുവിൻറെ വകയായിരുന്നു ചോദ്യം “നീ മോപീലിന്റെ (മൊബൈൽ ) കാര്യമാ പാച്ചുക്കുട്ട പറഞ്ഞെ.. അത് വേണമെങ്കിൽ അച്ഛനെ സോപ്പ് ഇട്ട പറ്റൂ . അച്ഛൻ അതെടുക്കുമ്പോൾ തന്നെ നീ കരഞ്ഞു തുടങ്ങിയാൽ മതി.. സഹികെട്ടു അച്ഛൻ നിനക്കതു തന്നോളും”… ഇപ്പൊ എല്ലാപേരുടെയും പ്രശ്നങ്ങൾക്ക് ഒരുവിധം പരിഹാരം കിട്ടിയില്ലേ.. നമ്മൾ കുഞ്ഞാവകൾക്കും വല്യാവകൾക്കും ഒരു ചങ്കടന (സങ്കടന ) വേണം.. അച്ഛൻ അമ്മച്ചിയെ കുനിച്ചു നിർത്തി ഇടിക്കുമ്പോൾ ഏതോ ചെങ്കടനയിൽ പറയുമെന്ന് പറയത്തില്ലേ… അത് പോലെ നമ്മക്കും വേണം ചങ്കടന………………..നിങ് നിങ് “മോനെ ആദി എന്തുറക്കമാ ഇത് . പെട്ടെന്നെണീച്ചേ.അംഗൻവാടിയിൽ പോണ്ടേ. പാപ്പം തിന്നണ്ടെ”??……….. “.ഞാൻ കണ്ടത് സ്വപ്നമായിരുന്നൂ?? നമ്മടെ ചങ്കടന” “നീ എന്താടാ പറയുന്നേ”……. “അമ്മെ.. നിക്ക് അംഗൻവാടിയിൽ പോണ്ടാ”………..”അയ്യടാ ഇന്നലേം വയറു വേദന എന്നും പറഞ്ഞു മുത്തശ്ശിയെ സോപ്പ് ഇട്ടു പോകാതിരുന്നതാ …ഇന്നത് പറ്റില്ല. വേഗം എണീറ്റ് വാ”………. എന്നും പറഞ്ഞു നമ്മുടെ കഥാ നായകന്റെ അമ്മ പോയി. “എന്റെ പൊന്നു ദൈവമേ ..ഇന്നും അംഗൻവാടിയിൽ പോകാതിരിക്കാൻ വഴി പറഞ്ഞു തരണേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, (ഇത് വെറുമൊരു സാങ്കല്പിക കഥയാണ്. യാഥാർഥ്യ വിരുദ്ധമായിട്ടു ഒരുപാട് സന്ദർഭങ്ങളുണ്ട് ഇതിൽ . എന്റെ മനസ്സിൽ തോന്നിയ ഒരു ചെറിയ ആശയം എഴുതി ഫലിപ്പിക്കാൻ ശ്രമിച്ചതാണ്.. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…………..ഈ രചന ഇപ്പോഴത്തെ ന്യൂ ജനെറേഷൻ കുട്ടികുരുപ്പുകൾക്കും അവരുടെ വികൃതികൾ കണ്ടു തലയിൽ കൈ വെക്കുന്ന മാതാപിതാക്കൾക്കും വേണ്ടി സമർപ്പിക്കുന്നു )

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

നർമ്മം

അവൾ അടുത്ത വീട്ടിൽ പണിക്കു വന്ന ബംഗാളിയൊടെപ്പം ഒളിച്ചോടി…

Published

on

രചന: Swaraj Raj

അവൾ അടുത്ത വീട്ടിൽ പണിക്കു വന്ന ബംഗാളിയൊടെപ്പം ഒളിച്ചോടി… ഡാ വിനൂ അവളു പോയെടാ… അമ്മയുടെ അലർച്ച കേട്ട് വിനു ഞെട്ടിയുണർന്നു ആരു പോയ കാര്യമാ അമ്മേ പറയുന്നത് “മറ്റാരുമല്ല നിന്റെ പുന്നാര പെങ്ങൾ അവൾ അടുത്ത വീട്ടിൽ പണിക്കു വന്ന ബംഗാളിയൊടെപ്പം ഒളിച്ചോടി ” ഈശ്വരാ ഞാനിനിയെങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും വസുമതി പിറുപിറുത്തു. വസുമതിക്ക് 2 മക്കളാണ് വീനീതും വിനയയും. വിനീതിന് 6ഉം വിനയക്ക് 2ഉം വയസുള്ളപ്പോൾ അവരുടെ അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. പിന്നീടങ്ങോട്ട് വളരെ കഷ്ടപ്പെട്ടാണ് വസുമതി അവരെ വളർത്തിയത്.

വിനീത് ഇപ്പോൾ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനാണ് വിനീത ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് അവർ സന്തോഷത്തോടെ ജീവിക്കുമ്പോളാണ് വിനീത ബംഗളയോടൊപ്പം ഒളിച്ചോടുന്നത് താൻ ജീവനെക്കാൾ ഏറെ സ്നേഹിച്ച പെങ്ങളുട്ടി ഒളിച്ചോടിയത് വിനിതിനു വിശ്വസിക്കാനായില്ല താൻ അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടും അവൾ എന്തിനാണിങ്ങനെ ചെയ്തതെന്ന് വിനീത് സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു പിന്നെ സങ്കടം ദേഷ്യത്തിലേക്ക് വഴിവെച്ചു പിന്നെ ഒന്നും ആലോചിച്ചില്ല ബാഗുമെടുത്ത് അടുത്ത വണ്ടിക്ക് ബംഗാളിലേക്ക് വെച്ചിടച്ചു അമ്മ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഒന്നര മാസത്തിനു ശേഷം…. വാതിലിൽ മുട്ടുകേട്ടാണ് വസുമതി കണ്ണു തുറന്നത് മകളും മകനും പോയ ശേഷം ആ അമ്മ ആകെ ത കർന്നു പോയിരുന്നു വാതിൽ തുറന്ന വസുമതിക്ക് തന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല……… വിനുട്ടൻ” ……. ആ അമ്മ മകനെ കണ്ട് കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു വിനുട്ടാ എവിടെയായിരുന്നു ഇത്ര നാൾ അമ്മയ്ക്ക് മറുപടി കൊടുക്കാതെ വിനു പറഞ്ഞു ” അമ്മേ ഒരു നിലവിളക്ക് ഇങ്ങെടുത്തെ ” അപ്പോളാണ് വിനു വിനു പുറകിലുള്ള സുന്ദരിയായ പെൺകുട്ടിയെ വസുമതി ശ്രദ്ധിച്ചത് ആരാടാ ഇത് വസുമതി ചോദിച്ചു ഇത് നമ്മുടെ പെങ്ങളുട്ടിയെ കൊണ്ടു പോയവന്റെ പെങ്ങളാണ് അവളെ ഞാനിങ്ങടിച്ചെടുത്തു നമ്മൾ മലയാളികളോടാ ബംഗാളി യുടെ കളി പെങ്ങളെ നഷ്ടപ്പെട്ട തിന്റെ സങ്കടം അവനും അറിയണം. കടം കടം കൊണ്ട് വീട്ടണം…

Continue Reading

നർമ്മം

പാത്തുവിന്റെ ഡയറ്റ്

Published

on

രചന: Jasmine Rose

“ജീവിക്കുന്നേൽ ആ ബേക്കറി കടക്കാരൻ ജമാലിന്റെ ബീവി സൈനബയെ പോലെ വേണം..ആ പഹയൻ ബേക്കറി പൂട്ടി തിരിച്ചു വരുമ്പോൾ ബറോട്ടയും ബീഫും ചിക്കനും ബേക്കറി പലഹാരങ്ങഉം സ്ഥിരം ഓൾക്ക് കൊണ്ട് കൊടുക്കാറുണ്ട് .. എന്നിട്ടും മൂന്ന് പെറ്റതാണെന്നു ആ കോലിനെ കണ്ടാൽ പറയില്ല . നമ്മളൊക്കെ ഒരു മുട്ടായി തിന്നാൽ മതി അവിടേം ഇവിടേം പൊന്തി വരും. ആഹ്.. വയററിഞ്ഞു തിന്നാനും വേണം ഒരു ഭാഗ്യം” “അത് പാഴി പോകുന്നത് പശുവിന്റെ വയറ്റിലേക്കെന്ന പോലെ ബാക്കി വരുന്നത് എടുത്ത് വയറ്റിലേക്ക് തട്ടുന്നത് കൊണ്ടാടി പോത്തേ”.. പാത്തുവിന്റെ പതം പറച്ചില് കേട്ട് അബ്ദു അവള് കേൾക്കാതെ പിറുപിറുത്തു……….. “ഇക്കാ ..ഞാൻ തടി കുറക്കാൻ പോകുവാ”… “തടി കുറക്കാനോ?”….. “അതെ……ഡയറ്റ് ചെയ്തു സ്ലിം ആകാൻ പോകുവാണെന്ന്……” “അത് വേണോ പാത്തു…..നീ ഇപ്പോ കഴിക്കുന്നത് അല്പം കുറച്ചാൽ മതി…വലിയ ഭാരിച്ച പണിക്കൊന്നും നിൽക്കണ്ട .അത്ര വലിയ തടിയൊന്നുമില്ല നിനക്ക്. അഥവാ നീ സ്ലിം ആയി സിനിമാനടി മോളി തോമസിനെ പോലായാൽ വല്ല സിനിമാക്കാരും അഭിനയിക്കാൻ പൊക്കിക്കൊണ്ട് പോകും.പിന്നെ എനിക്കും എന്റെ രണ്ടു കുട്യോൾക്കും ആളില്ലാതാകും..” “ആരാ ഈ മോളി തോമസ്‌” “നിനക്ക് അറിയില്ലേ മോളി തോമസിനെ .?.നല്ല ഡിമാൻഡ് ഉള്ള നടി ആണേടി ” “പോ മനുഷ്യ. ഒരു മോളി വർഗീസ്.. എനിക്കൊന്നുമറിയില്ല .സീരിയസ് കാര്യം പറയണ സമയത്താ നിങ്ങളുടെ തമാശ . നാളെ ഞായറല്ലേ .നാളെ മുതൽ ഞാൻ എന്തായാലും ഡയറ്റ് ചെയ്യാൻ തീരുമാമാനിച്ചു. അപ്പുറത്തെ ഷഹാന പറഞ്ഞു ദിവസോം ഒരു മണിക്കൂർ നടന്നു യു ട്യൂബിലുള്ള ഏതെങ്കിലും ഡയറ്റ് ചെയ്താൽ തടികുറയുമെന്നു..ഓൾടെ നാത്തൂൻ റിൻഷാക് പത്തു കിലോ ഒരു മാസം കൊണ്ട് കുറഞ്ഞു പോലും. ഞാൻ എന്തായാലും നാളെ വെളുപ്പിനെണീച്ചു നിസ്കാര ശേഷം ആ ചായക്കട മുക്ക് വരെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം. അത് ഏകദേശം ഒരു കിലോമീറ്റർ അടുപ്പിച്ചു വരും. രാവിലെ ആയോണ്ട് ആരും അധികം കാണത്തുമില്ല ……………..” “എന്നിട് ആ ഗുണ്ടുമണി ഷഹാന തടികുറക്കുന്നില്ലേ?.. ആരെങ്കിലും പറയുന്നത് കേട്ടു ചാടിത്തുള്ളി ഇറങ്ങിക്കോളും. ഡീ ഇതിനൊക്കെ നല്ല മനക്കരുത്തു വേണം ” “ഒന്ന് കളിയാക്കാതെ പോയെ……നിങ്ങള് നോക്കിക്കോ.ഞാൻ നാളെ മുതൽ ഡയറ്റ് തുടങ്ങുവാ..എന്ത് വന്നാലും കുറഞ്ഞത് ഒരു അഞ്ചു കിലോ എങ്കിലും ഈ മാസം കുറക്കണം. അല്ല കുറയ്ക്കും. “……… “കാണാം കാണാം”……… അങ്ങനെ നമ്മടെ പാത്തു അന്ന് വൈകിട്ട് യൂട്യൂബിൽ ഓരോരോ ഡയറ്റിങ് രീതികളും എടുത്തു നോക്കി..ആദ്യം കണ്ടപ്പോൾ അന്തിച്ചു പോയി.. കീറ്റോ ഡയറ്റ് , LCHF ഡയറ്റ് , GM ഡയറ്റ് , എഗ്ഗ് ഡയറ്റ് അംഗംങ്ങനെ ഡയറ്റുകളുടെ ഒരു നീണ്ട നിര തന്നെയാര്ന്നു യൂട്യൂബിൽ. എല്ലാം തപ്പിപ്പെറുക്കി പഠിച്ച ശേഷം അവസാനം മുട്ട ഡയറ്റ് ചെയ്യാമെന്ന് പാത്തു തീരുമാനിച്ചു . അതാകുമ്പോൾ കാലത്തു ഉച്ചക്കും 2 മുട്ടയും ഒരാപ്പിളും, വൈകിട് ഒരു ആപ്പിലും ഗ്രീൻ ടീയും , രാത്രി ഓട്സ് കഞ്ഞി. മുട്ട ഡയറ്റ് ആണ് കൂടുതൽ എഫക്റ്റീവ് എന്ന് പാത്തുവിന് തോന്നി ..കാരണം ഓരോ ദിവസവും ഓരോ കിലോ കുറയുമെന്നാണ് യുട്യൂബ് ചേച്ചിയുടെ വാദം. അങ്ങനെ പാത്തു മുട്ട ഡയറ്റ് ഫിക്സ് ചെയ്തു. . രാവിലെ നിർബന്ധമായും ഓരോ മണിക്കൂർ നടക്കണമെന്നും മനസ്സിൽ ഉറപ്പിച്ചു.. പക്ഷെ പിറ്റേന്ന് രാവിലെ ഉക്കമെണീറ്റ അബ്ദു കാണുന്നത് വീടിനു ചുറ്റും രണ്ടു കയ്യും വീശി വലം വെക്കുന്ന പാത്തുവിനെയാണ് “ഡി പാത്തുവെ നീ നടക്കാൻ പോണെന്നു പറഞ്ഞിട്ട്?” “രാവിലെ നടക്കാനിറങ്ങിയതാ ഇക്കുവേ . പക്ഷെ പോണ വഴിൽ എല്ലാരും എന്നെ ഇതുവരെയും കണ്ടിട്ടില്ലാത്ത പോലെ തുറിച്ചു നോക്കുന്നു.. പാലു വാങ്ങുന്ന വീട്ടിലെ ഗീതേച്ചി ഞാൻ നടക്കുന്നത് കണ്ടു തൊഴുത്തിൽ നിന്നും ഓടിക്കിതച്ചു എത്തിനോക്കാൻ വരുന്ന കണ്ടു. ആ മമ്മദിന്റെ ഉമ്മ ആണെങ്കിൽ വെളുപ്പിനെ തന്നെ അവരുടെ വീട്ടിലെ ഉമ്മറപ്പടിയിൽ ഇരിപ്പുണ്ട്. അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ നേരെ ചെന്നതോ ആ ചായക്കടയുടെ ഭാഗത്തേക്കും. എന്റെ സ്പീഡിനുള്ള നടത്തം കണ്ടിട്ട് ചായക്കടക്കാരൻ രാമേട്ടൻ ആരുടേലും മരിപ്പുണ്ടോ മോളെ ഇങ്ങനെ ടിക്കിതച്ചു പോകുന്നതെന്താ എന്ന് അവിടെ നിന്നും എത്തിനോക്കി ചോദിച്ചു. ഞാൻ ഒന്നും കേൾക്കാത്തപോലെയാ അവിടെ നിന്നും എങ്ങനേലും എസ്‌കേപ്പ് ആയതു” “അല്ല. നിനക്ക് രാമേട്ടന്റെ അടുത്തു നടക്കാനിറങ്ങിയതാണെന്നു പറഞ്ഞൂടാരുന്നോ”? “എന്നിട്ടു വേണം ആ ചായക്കടയിൽ കൂടി ഇരിക്കുന്ന എല്ലാത്തിന്റെയും കെട്ടിയോളുമാർ നാളെ നടക്കാണെന്നും പറഞ്ഞിറങ്ങി റോഡ് നിറക്കാൻ. ഞാൻ ആദ്യം തടി കുറക്കട്ടേ. ഈ വീടിനു ചുറ്റും ഞാൻ നടക്കാം .ഇവിടാകുമ്പോൾ ആർക്കും ടാക്സ് കൊടുക്കണ്ടല്ലോ ..വെളുപ്പിനെ ആകുമ്പോ മതിലുവഴിയുള്ള എത്തിനോട്ടങ്ങളും കുറയും”……………….. പാത്തുവിന്റെ പറച്ചില് കേട്ട് അബ്ദുവിന് ചിരിപൊട്ടി അങ്ങനെ മോർണിംഗ് വാക്കിനു ശേഷം പാത്തു ഒരു കപ്പ് ഗ്രീൻ ടി പഞ്ചസാര ഇടാതെ കുടിച്ചു..

ആദ്യത്തെ അനുഭവമായതു കൊണ്ട് വല്ലാത്ത ചവർപ്പും കൈപ്പുമൊക്കെ പുള്ളികാരിക്കനുഭവപ്പെട്ടു..അതിനു ശേഷം രണ്ടു മുട്ടയും ആപ്പിളും… ശേഷം കെട്ടിയോനും കുട്ടിയോൾക്കും അപ്പവും നല്ല വറുത്തരച്ച കടലക്കറിയും ഉണ്ടാക്കിക്കൊടുത്തു,. അബ്‌ദു കഴിച്ചത് ബാക്കി കണ്ട പാത്തു ഡയറ്റ് ഒക്കെ മറന്നു അതെടുത്തു വയറ്റിനകത്തേക്കു തട്ടി. തേങ്ങാ ചേർത്ത് വറുത്തരച്ച കടല കറി കണ്ടപ്പോൾ പാവത്തിന്റെ കൺട്രോൾ പതിയെ പോയി തുടങ്ങി …… മിക്ക ഞായറാഴച്ചകളിലും പാത്തുവിനേയും അബ്ദുവിനെയും പിള്ളാരെയും കാണാനെത്താറുള്ള പാത്തുവിന്റെ പ്രിയ ആങ്ങള മനാഫ് ഈ ഞായറാഴ്ചയും എത്തി. പക്ഷെ എപ്പോഴത്തെയും പോലെ ഇത്തവണയും ആങ്ങള എത്തിയത് അവളുടെയും പിള്ളാരുടെയും ഇഷ്ടപ്പെട്ട ചോക്ലേറ്റ് ഫ്ലേവറിലെ ഐസ് ക്രീമും ഒരു പാക്കറ്റ് മുട്ടായിയും പിന്നെ ബേക്കറി പലഹാരങ്ങളുമായിട്ടായിരുന്നു … വലിയ ഉത്സാഹത്തോടെ ആ ഐസ്ക്രീം പൊതി വാങ്ങിയ പാത്തുവിനെ അബ്ദു രൂക്ഷമായിട്ടൊന്നു നോക്കി. എന്നിട് അളിയനോടായിട്ടു പറഞ്ഞു “നിന്റെ പെങ്ങളിന്നു ഡയറ്റിലാട…അതോണ്ടാ ഐസ്ക്രീം ഓൾക്ക് കൊടുക്കണ്ട. ഓൾ ഇന്ന് രാവിലെ കഷ്ടപ്പെട്ടു നടന്നതിന് ഫലമില്ലാതായിപോകും ” അപ്പോഴേക്കും പ്രിയപ്പെട്ട ഫ്ലേവറിലെ ഐസ്ക്രീം കണ്ടു കൺട്രോൾ പോയ പാത്തു “ഓ ..ഒരു ദിവസം അല്പം ഐസ്ക്രീം കഴിച്ചെന്നും പറഞ്ഞു കൊഴപ്പൊന്നുമില്ല. നാളെ മുതൽ കഴിക്കാതിരുന്നാൽ പോരെ ..അല്ലേൽ ഐസ്ക്രീം കഴിച്ച ശേഷം ഡയറ്റ് ആരംഭിച്ചാലും മതിയല്ലോ.”………… അബ്ദു പിന്നൊന്നും മിണ്ടിയില്ല.. ഉച്ചക് അളിയനും കൂടി ഉള്ളതുകൊണ്ടും ഞായറാഴ്ചകളിൽ സ്ഥിരം വാങ്ങാറുമുള്ള ബീഫ് അബ്ദു പാത്തുവിന് കറി വെക്കുവാനായിട്ടു കൊണ്ട് വന്നു. കൂടെ കപ്പയും. “അല്ല മനുഷ്യ എനിക്ക് ഡയറ്റിങ് ആണെന്ന് അറിയില്ലേ,.പിന്നെന്തിനാ ഈ ബീഫും കപ്പയുമൊക്കെ വാങ്ങിച്ചോണ്ട് വന്നേക്കുന്നെ ??” “ഞായറാഴ്ച മിക്കപ്പോഴും ഇത് വാങ്ങുന്നതല്ലെടീ ..ഇന്ന് മനാഫും കൂടെ ഉള്ളതല്ലേ ..നീ ഒരാള് ഡയറ്റിങ് ആണെന്ന് കരുതി ബാക്കിയുള്ളവരെന്താ പട്ടിണി കിടക്കണോ?” മനസിലെന്തൊക്കെയോ പിറുപിറുത്തതുകൊണ്ട് പാത്തു അവളുടെ സെപ്ഷ്യൽ ബീഫ് വരട്ടിയതും കപ്പയും ഉച്ചക്കത്തേക്കുണ്ടാക്കി. ഡയറ്റിലാണേൽ കൂടെ ആ ബീഫും കപ്പയും കണ്ടപ്പോൾ പാവത്തിന്റെ കണ്ട്രോൾ വീണ്ടും പോയി.. അല്പം ടേസ്റ്റ് ചെയ്യാൻ വേണ്ടി എടുത്ത ബീഫിന്റെയും കപ്പയുടേയു കൂടെ അല്പം ചോറും കൂടെ ഇട്ടു ഉച്ചകത്തെ ഭക്ഷനം പുള്ളിക്കാരി കുശാലാക്കി…മുട്ട ഡയറ്റിൽ ഉള്ള മുട്ടയ്ക്കും ആപ്പിളിനും ഗ്രീൻ ടീയ്ക്കും പുറമെയാണ് ഈ ബീഫും കപ്പയും ചോറും കൂടെ പാത്തു പോലും അറിയാതെ അകത്തായത്.. ..അതോണ്ട് പാത്തുവിനെ സംബന്ധിച്ചടുത്തോളം അവൾ അപ്പോളും ഡയറ്റിലായിരുന്നു.. വൈകിട്ടത്തേക്ക് മൂന്നര വയസുകാരി മോൾക്ക് ഏത്തക്ക നെയ്യിലിട്ടത് വറുത്തത് കൊടുക്കാൻ നേരം ബാക്കി വന്നത് അറിയാതെ കഴിച്ചപ്പോഴും പാത്തു ഓർത്തില്ല ഡയറ്റിലായിരുന്നു എന്ന്..അപ്പോളും അവൾ മുട്ട ഡയറ്റിൽ പറഞ്ഞ പോലെ ഗ്രീൻ ടീയും ആപ്പിളും കഴിച്ചിട്ടുണ്ടായിരുന്നു…………….. രാത്രിയായപ്പോൾ ബാക്കി വന്ന ബീഫും കപ്പയും ചോറുമൊക്കെ പാത്തുവിനെ മാടി വിളിക്കുന്നത് പോലെ തോന്നി…വീണ്ടും മനസിലെ കടിഞ്ഞാണ് വിട്ടപ്പോൾ ഡയറ്റൊക്കെ മറന്നു അതെടുത്തു മിനുങ്ങി രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലും ഇതിന്റെ പല രീതിയിലുള്ള തനി ആവർത്തനം തന്നെയായിരുന്നു . ഡയറ്റിങ് തുടങ്ങിയതിന്റെ മൂന്നാം ദിവസം കാലിലെ മസിലു പിടുത്തം കാരണം പാവം വീടിനു ചുറ്റും കൈ വീശി നടക്കുന്നതും നിർത്തി. എന്നാലും ഡയറ്റ് ചെയുന്നുണ്ടെന്നു സ്വയം വിശ്വസിക്കാൻ യൂട്യൂബിലെ ചേച്ചി പറഞ്ഞ പോലെ മുട്ടയും ഗ്രീൻ ടീയും ആപ്പിളും കഴിക്കുന്നതാണ് പുള്ളികാരിയുടെ ആകെയുള്ള റിലാക്‌സേഷൻ . അങ്ങനെ കൃത്യം പത്തു ദിവസത്തിന് ശേഷം ഒരു രാത്രി പാത്തു വീണ്ടും വെയ്റ്റിംഗ് മെഷീൻ എടുത്ത് വെയിറ്റ് നോക്കി. അതിലെ സംഖ്യ കണ്ട അവളുടെ കണ്ണ് രണ്ടും പുറത്തേക്കു തള്ളി വന്നു “എന്താ പാത്തു ” പാത്തുവിന്റെ മുഖഭാവം കണ്ട അബ്‌ദു കാര്യം തിരക്കി ” ഈ വെയ്റ്റിംഗ് മെഷീൻ കംപ്ലൈന്റ് ആണെന്ന് തോനുന്നു.. ” “എന്തെ ?” “പത്തു ദിവസം മുന്നേ നോക്കിയ വെയ്റ്റിനെ കാലും രണ്ടു കിലോ കൂടുതലാ കാണിക്കുന്നേ.. ഞാൻ ഇത്രേം ദിവസം ഡയറ്റ് ചെയ്ത സ്ഥിതിക്ക് വെയിറ്റ് കുറയേണ്ടതല്ലേ ഇക്ക”……… നിരാശയോടെ പാത്തു പറഞ്ഞു . ഒരു പോട്ടിചിരിയോടെ ആയിരുന്നു അബ്ദു പാത്തുവിന് മറുപടി നൽകിയത് “ഡി നീ അതിനെന്തു ഡയറ്റാടീ ചെയ്തെ” . “ഞാൻ മുട്ട ഡയറ്റ് യൂട്യൂബിൽ കണ്ടപോലെ തന്ന ചെയ്തെ…” “അതൊടണല്ലോ രണ്ടു കിലോ കൂടിയേ..ഡയറ്റിൽ പറഞ്ഞതിന് പുറമെ നീ ഐസ് ക്രീമും കപ്പയു കിഴങ്ങും ബേക്കറി പലഹാരങ്ങളുമൊക്കെ അകത്താക്കിയില്ലേ..എന്നിട്ടിരുന്നു നാണമില്ലാതെ സങ്കടപെടുന്നു.. ” “അത് പിന്നെ ബാക്കി വരുന്ന ആഹാര സാധനങ്ങൾ കളയാൻ തോന്നാത്തൊണ്ടു കഴിക്കുന്നതല്ലേ”…. “ഡി ഒരു ഡയറ്റ് ചെയുമ്പോൾ അതിൽ ആത്മാർത്ഥത പുലർത്തണം.. അല്ലാതെ ചെയ്യാൻ നിന്നാൽ വെയിറ്റ് ചിലപ്പോൾ ഇതുപോലെ കൂടും. കഴിവതും ഈ യൂട്യൂബിലിക്കെ കാണുന്ന മാതിരി ചെയാൻ നിന്നാൽ പലപല ആരോഗ്യപ്രശനങ്ങളുമുണ്ടാകും ….നിനക്കിപ്പോൾ ഉള്ള തടി സിമ്പിൾ ആയിട്ട് തന്നെ കുറയ്കാടീ. സാദാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് അല്പാല്പമായി കുറച്ചു കൊണ്ട് വന്നാൽ മതി. പിന്നെ രാവിലത്തെ നടത്തവും തുടരണം. ആദ്യമൊക്കെ ചെറിയ മുട്ട് പിടുത്തവും കാല് വേദനയും നടുവേദനയുമൊക്കെ കാണും.. പതിയെ അതുമാറി നീ അഡ്ജസ്റ്റ് ആയിക്കോളും. ശെരിക്കും വെള്ളവും കുടിക്കണം. ഒട്ടയടിക്കു ഭക്ഷണം കുറയ്ക്കാതെ പതിയെ പതിയെ നീ ഭക്ഷണം കുറച്ചു നോക്കു. ഭക്ഷണമുണ്ടാകുമ്പോൾ അല്പം കൂടെ കുറച്ചുണ്ടാക്കിയാൽ രാത്രി ബാക്കി വരുന്നതെടുത് കഴിക്കുന്നതും പാഴാക്കുന്നതും ഒഴിവാക്കാം “……………….. അബ്ദു പറഞ്ഞതൊക്കെ ഒരു മൂളലോടെ പാത്തു കേട്ട്…… “നിങ്ങൾ ഞാൻ തടി കുറഞ്ഞാൽ ഏതോ സിനിമ നടിയെപോലെ ആകുമെന്നൊക്കെ പറഞ്ഞപ്പോൾ ഭയങ്കര ഉത്സാഹമായിരുന്നു ഇക്ക ..അല്ല ശെരിക്കും ഈ മോളി ജോസഫ് ആരാ . പുതിയ സിനിമ നടി വല്ലതുമാണോ .ഓള് അത്രക്കും മൊഞ്ചത്തി ആണോ എന്നെപോലെ “… “പിന്നെ ഫേമസ് അല്ലെ.മൊഞ്ചത്തിയും.. ഓളെ ആർക്കാ അറിയാത്തെ” … “എന്നാലും ഏതു സിനിമയിലാ അവരഭിനയിച്ചിട്ടുള്ളത്?” “അത് പറഞ്ഞ നിനക്ക് ചിലപ്പോൾ പിടികിട്ടതില്ല. നിങ്ങളുടെ ഒരു എരണം കേട്ട സീരിയൽ ഉണ്ടെല്ലോടെ ..ആഹ്..സ്ത്രീധനം…അതിനെ മത്തി സുകുവില്ലേ..അവന്റെ ‘അമ്മ ചാള മേരിയായി അഭിനയിച്ചവരാണ് യഥാർത്ഥ മോളി ജോസഫ്”……… അബ്ദു പറഞ്ഞത് കേട്ട് കലി പൂണ്ട പാത്തു ആ ദേഷ്യം കൈയിൽ കിട്ടിയ തലങ്ങണി കൊണ്ട് തീർത്തു.. മോളി ജോസഫ് എല്ലാരുടെയും പ്രിയങ്കരി ആയോണ്ടാകും ചിലപ്പോൾ അബ്ദുവിന്റെ ഫോട്ടോ ചരമകോളത്തിൽ വരാത്തത് . അതുകൊണ്ടു ആളിപ്പോഴും ജീവനോടെ ഉണ്ടെന്നു വിശ്വസിക്കാം…………………………………

Continue Reading

നർമ്മം

ഏതാണ്ട് അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി…. കസിന്റെ കല്യാണത്തിന് പോകാൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് ബസ് പിടിച്ചതാണ്.

Published

on

രചന: Arabhi A Rajappan
അക്കാ… പെൻ..”

“ബേഡ”

“പ്ലീസ് അക്കാ… 10 റുപ്പീസ്..”

ഏതാണ്ട് അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി…. കസിന്റെ കല്യാണത്തിന് പോകാൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് ബസ് പിടിച്ചതാണ്. വൈകുന്നേരം ആറുമണിക്കായിരുന്നു ബസ്. ഓഫിസിൽ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ട്രാഫിക് ചതിച്ചു. ഒടുവിൽ എങ്ങനെയൊക്കെയോ റൂമിലെത്തി കിട്ടിയ ഡ്രസ്സ് ഒക്കെ എടുത്ത് ബാഗിലാക്കി ഓടി ബസ്റ്റോപ്പിൽ എത്തി. ഭാഗ്യം ബസ് പുറപ്പെട്ടിട്ടില്ല. പിന്നെ സീറ്റ് ഒക്കെ കണ്ടുപിടിച്ചു എല്ലാം സെറ്റ് ആക്കി സ്വസ്ഥമായിരുന്നു “ബാക് ടു ഹോം” എന്ന് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടു ഒരു സെൽഫിയും എടുത്തിരുന്നപ്പോഴാണ് മുകളിൽ പറഞ്ഞ ആ കൊച്ചു പെൺകുട്ടിയുടെ വരവ്. എണ്ണമയം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുടി രണ്ടായി പിന്നി കെട്ടിയിരിക്കുന്നു. മുഷിഞ്ഞ വയലറ്റ് കുപ്പായം. ഒരു ക്രോസ്സ് ബാഗ്. കയ്യിൽ നല്ല നീളമുള്ള കുറച്ചു പേനകൾ. അത് വാങ്ങാനാണ് ഈ നിർബന്ധിക്കുന്നത്. വീണ്ടും കന്നടയിൽ അവൾ എന്തൊക്കെയോ പറഞ്ഞു.. ഒന്നും മനസിലായില്ലെങ്കിലും അവളുടെ നീലക്കണ്ണുകൾ കണ്ടപ്പോൾ പിന്നെ കടുപ്പിച്ചു പറയാൻ തോന്നിയില്ല. എങ്കിൽ ഒരെണ്ണം തരാൻ പറഞ്ഞു. അപ്പൊ പറയണു ഒരെണ്ണമായിട്ട് തരാൻ പറ്റില്ല, മൂന്നെണ്ണം മുപ്പത് രൂപക്ക് തരാമെന്ന്. പെട്ടല്ലോ ഈശ്വരാ… നാട്ടിലെ പീക്കിരികൾക്ക് പേന കൊണ്ടോയി കൊടുത്താൽ അവരെന്നെ കണ്ടം വഴി ഓടിക്കും. എന്തായാലും വാങ്ങി വച്ചേക്കാം.. പിന്നീട് ആവശ്യം വന്നാലോ എന്നോർത്ത് തരാൻ പറഞ്ഞു.. അവളുടെ പുഞ്ചിരി കണ്ട് ഞാനൊരു സംഭവമാണല്ലോ എന്നൊക്കെ മനസ്സിൽ വിചാരിച്ചു ഇന്നത്തെ പുണ്യപ്രവർത്തി അങ്ങനെ ചെയ്തു എന്ന കൃതാര്ഥതയോടെ പേഴ്‌സ് എടുത്തപ്പോഴാണ് ട്വിസ്റ്റ്..!

കയ്യിൽ ആകെ രണ്ടു അൻപത് രൂപ നോട്ടുകൾ. എ ടി എമ്മിൽ കേറാൻ മറന്നു..! പോകുന്ന വഴിക്ക് ഫുഡ് കഴിക്കാൻ നിർത്തുമ്പോ പൈസ എടുക്കാമെന്ന് വിചാരിച്ചു. അൻപത് രൂപ അവൾക്ക് കൊടുത്തു. ബാലൻസ് തരാൻ പറഞ്ഞു. അപ്പോഴാ കുരുപ്പ്‌ പറയാ ബാലൻസ് ഇല്ലന്ന്..! അതിന്റെ ക്രോസ്സ് ബാഗിലേക്ക് ഞാൻ നോക്കി.. ചില്ലറത്തുട്ടുകളുടെ ശബ്ദം കേൾക്കാം.. ഞാൻ വീണ്ടും ചോദിച്ചു 20 റുപ്പീസ് ബാലൻസ് ഇല്ലേന്ന്.. ഇല്ലന്ന് പറഞ്ഞിട്ട് കയ്യിൽ ഇരുന്ന രണ്ടു പേന കൂടി എൻറെ കയ്യിലേക്ക് തന്നിട്ട് ഒരൊറ്റ ഓട്ടം!! എന്നിട്ട് “50 റുപ്പീസ് 5 പെൻ” എന്നൊരു ഡയലോഗും! ഇപ്പൊ ഞാനാരായി??? പിള്ളേരൊന്നും പഴയ പിള്ളേരല്ലാട്ടാ…!

NB: പോകുന്ന വഴിക്ക് എ ടി എമ്മിൽ കേറി പൈസ എടുക്കാമെന്ന് വിചാരിച്ചെങ്കിലും വീണ്ടും പണി കിട്ടി… ബസുകാർ ഏതോ പട്ടിക്കാട്ടിലെ ഹോട്ടലിന്റെ മുൻപിൽ ബസ് നിർത്തി. 50 രൂപക്ക് ഒടുവിൽ 5 പാക്കറ്റ് ലെയ്സ് മേടിച്ചു വിശപ്പടക്കി!
(സ്വന്തം അനുഭവം)

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Continue Reading

Most Popular