Connect with us

ബന്ധങ്ങൾ

നല്ലപാതി..

Published

on

രചന: ദീപ്തി പ്രവീൺ
ങ്ഹും. പിന്നിലെ ശബ്ദം കേട്ടു റഷീദ് തിരിഞ്ഞു നോക്കി. കൈയ്യിലൊരു മടക്കിയ സഞ്ചിയുമായി ആമിന. കടയില്‍ നിന്നും അരിയും സാധനവും വാങ്ങണം. ആ നില്‍പിന്‍റെയും നോട്ടത്തിന്‍റെയും അര്‍ത്ഥം അതാണ്‌.. അല്ലെങ്കിലും അവളുടെ നാവുകൊണ്ടൂള്ള സംസാരം കുറവാണ്. ഓരോ പ്രവൃത്തിയും അര്‍ത്ഥങ്ങള്‍ കാണും.

ഉം.
കനത്തിലൊന്നു മൂളി. കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് പാഞ്ഞൂ. കാലവര്‍ഷം പെയ്തിറങ്ങുന്ന പുഴയ്ക്ക് സൗന്ദര്യം കൂടും. ജനിച്ചു ,വീണ അന്നു മുതല്‍ കാണുന്നതാണ് ഈ പുഴയും ഇതിന്‍റെ താളവും. മഴക്കാലമായാല്‍ മുന്നിലത്തെ റോഡ് കഴിഞ്ഞു മുറ്റത്ത് വരും വെള്ളം. റോഡൊക്കെ ഇപ്പോഴായതാട്ടോ. പണ്ടൊരു ഇടവഴിയായിരുന്നു. അതിന്‍റെ അറ്റത്തിരുന്നു എന്തോരം ചൂണ്ടയിട്ടതാണ്.. ഒരു ദിവസം ചൂണ്ടയിട്ടിരുന്ന എന്നെ പിടിച്ചു അനിയത്തി ഷംന ഒരു തള്ള്. അയയില്‍ തുണി വിരിച്ചു കൊണ്ടിരുന്ന ഉമ്മ നിലവിളിച്ചു കൊണ്ട് ഓടി വന്നപ്പോഴേക്കും മുങ്ങിയും പൊങ്ങിയും ഞാന്‍ നീങ്ങീ തുടങ്ങിയിരുന്നു. ഉമ്മാന്‍റെ നിലവിളി കേട്ട് ഓടി വന്നവര്‍ എന്നെ പൊക്കി എടുത്തു കരയിലെത്തിച്ചപ്പോള്‍ ഷംനയുടെ മുഖം കുറ്റബോധത്താലും ഭയത്താലും വിറളി വെളുത്തിരുന്നു. അവളുടെ കൈയ്യിലെ കോലുമിഠായി തട്ടിപറിച്ചതിനാണ് എന്നെ തള്ളിയിട്ടതെന്ന് എനിക്കും അവള്‍ക്കും മാത്രമേ അറിയൂ. വയറു നിറയെ കുടിച്ച വെള്ളം കളഞ്ഞു അവശനായ എന്നെ മുറിയില്‍ കൊണ്ടു കിടത്തി കൈയ്യില്‍ കിട്ടിയ തവിക്കണ കൊണ്ട് ഉമ്മ അവള്‍ക്ക് ശരിക്കും കൊടുത്തു. ഉപ്പ വന്നപ്പോള്‍ പറഞ്ഞും കൊടുത്തു. ഉമ്മ നന്നായി കൊടുത്തതിനാല്‍ ഉപ്പ ഒന്നു വിരട്ടി വിട്ടതേയുള്ളു. അടി കൊണ്ട് ചിണുങ്ങുന്ന അവളുടെ തേങ്ങല്‍ ചെവിയില്‍ അലയടിക്കുന്ന പോലെ. ഈ പുഴയും അതിന്‍റെ ശബ്ദവുമാണ് ഹൃദയത്തിന്‍റെ താളം.. ഉപ്പയുടെ മരണത്തോടെ ഉമ്മയോടും അനിയത്തിയോടും ഒന്നിച്ചു ഉമ്മായുടെ വീട്ടില്‍ ചെല്ലാന്‍ എല്ലാവരും വിളിച്ചതാണ്. ഉമ്മായും താനുമാണ് മടിച്ചത്. കൂലിപണിയെടുത്തു അവരെ പോറ്റുമ്പോഴും ഈ നദി കാണുന്നതായിരുന്നത് സന്തോഷം. ഇപ്പോഴും വല്ലപ്പോഴും അതിൽ ചൂണ്ടയിടാറുണ്ട്. ഷംനയെ കെട്ടിച്ചയച്ചു. ഉമ്മാന്‍റെ ഇഷ്ടം നോക്കിയാണ് ആമിനേനെ കെട്ടീത്.

മഴയായാല്‍ പണി കുറവാണ്‌. രണ്ടു ദിവസമായി അരി തീര്‍ന്നിട്ട്.. പറമ്പില്‍ വെറുതെ നട്ടു വളര്‍ത്തിയ കപ്പ കിഴങ്ങ് രാവിലെയും രാത്രിയിലും പാത്രത്തിലെത്തിയപ്പോഴാണ് താനും അതറിഞ്ഞത്.. രാത്രികള്‍ ആഹാരം കഴിക്കുമ്പോഴാണ് നാളെ അരിയും മീനും വാങ്ങാമെന്നു പറഞ്ഞത്‌. അത് കേട്ടപ്പോള്‍ സമീറിന്‍റെയും കുഞ്ഞിപാത്തുന്‍റെയും കുഞ്ഞുകണ്ണുകളില്‍ നക്ഷത്രം തെളിഞ്ഞത് ലൈറ്റിന്‍റെ അരണ്ട വെളിച്ചത്തില്‍ കണ്ടതാണ്‌. അവർ സ്കൂളില്‍ നിന്നും വരാനും സമയമായി. റഷീദ് ഭിത്തിയില്‍ ആണിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ട് എടുത്ത് പോക്കറ്റ് ഒന്നു കൂടി തപ്പി നോക്കി. പതിനഞ്ചു രൂപയുണ്ട്. ഇതും കൂടി ചേര്‍ത്ത് എത്രാമത്തെ പ്രാവശ്യമാണ് പോക്കറ്റ് പരിശോധിക്കുന്നതെന്നറിയില്ല. വീണ്ടും ഉമ്മറത്തെ കസേരയില്‍ ചെന്നിരുന്നു. ആമിന കൊണ്ടു വെച്ച സഞ്ചി മടങ്ങി തന്നെ സമീപത്തെ മേശമേല്‍ ഇരിപ്പുണ്ട്.

മാനം തെളിഞ്ഞാലെ ഇനി പണി തരമാവൂ. എല്ലാ കൊല്ലവും അത് മുന്‍കൂട്ടി കണ്ട് കുറച്ചു കാശ് മാറ്റി വെയ്ക്കാറുള്ളതാണ്. ഈ കൊല്ലം ഷംന വന്നു അവളുടെ കൊച്ച് ആശുപത്രീയില്‍ ആണെന്നു പറഞ്ഞപ്പോള്‍ ഒന്നും ചിന്തിക്കാതെ ആ കാശ് എടുത്തു കൊടുത്തു . ആരോടും കടം വാങ്ങി ശീലവുമില്ല. മേല്‍ക്കുരയിലെ ഓടുകളോട് കിന്നാരം പറഞ്ഞു മഴത്തുള്ളികള്‍ തറയില്‍ വീണു ചിതറി തുടങ്ങിയപ്പോഴാണ് മഴ വീണ്ടും കനക്കുന്നത് അറിഞ്ഞത്. ” ആമിന , നീയ്യ് രണ്ടുമൂന്നു ചെറിയ കിണ്ണം കൊണ്ടു വന്നു ഇവിടെ നിരത്ത്വോ.” ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞൂ .അല്‍പം കഴിഞ്ഞു കിണ്ണങ്ങള്‍ കൊണ്ടു വന്നു മേല്‍ക്കുരയിലേക്കു നോക്കി കറക്ട് വെള്ളം വീഴുന്ന സ്ഥാനം കണ്ടെത്തി അവ ഓരോന്നും നിരത്തുന്ന അവളെ കൗതുകത്തോടെ നോക്കീയിരുന്നു. കിണ്ണങ്ങള്‍ നിരത്തി കഴിഞ്ഞു മടക്കി വെച്ച സഞ്ചിയിലേക്കും എന്‍റെ മുഖത്തേക്കും ഒന്നു നോക്കി അവള് തിരിച്ചു പോയി. പോകുന്നില്ലേ എന്നാണ് ചോദ്യം.

വീണ്ടും മുറിയില്‍ പോയി ഷര്‍ട്ടും മേശയും എല്ലാം ഒരിക്കല്‍ കൂടി പരിശോധിച്ചു. രണ്ടു രൂപ ചില്ലറ കൂടി മേശയുടെ ഓരത്ത് കിടന്നു കിട്ടി. സര്‍ക്കാര്‍ ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി കൊടുക്കുംന്നാ പറച്ചില്‌. അതെങ്ങനെയാ അഷ്ടിക്ക് വകയില്ലാവര്‍ക്ക് കൂടിയ കാര്‍ഡും കാറും ബംഗ്ലാവും ഉള്ളവര്‍ക്ക് കുറഞ്ഞ കാര്‍ഡും അല്ലേ നല്‍കുന്നത്. അരി റേഷന്‍ കടയില്‍ നിന്നും വാങ്ങിയാലും ബാക്കി സാധനങ്ങള്‍ക്ക് എന്ത് ചെയ്യും. ഷര്‍ട്ടെടുത്ത് ധരിക്കുന്നതിനിടയില്‍ ആത്മഗതം കുറച്ചു ഉറക്കെയായി പോയോന്ന് സംശയം. ഉമ്മറത്തെത്തി തല താഴ്ത്തി മഴയുടെ അവസ്ഥയൊന്നു നോക്കി . ഇന്ന് തോരുന്ന മട്ടില്ല. പിറുപിറുത്തു കൊണ്ട് മടക്കി വെച്ച സഞ്ചി കൈയ്യിലെടുത്തു. ദിവാകരേട്ടന്‍റെ കടയില്‍ നിന്നും കടം വാങ്ങാം. പണിയാകുമ്പോള്‍ കൊടുക്കാം. ഇതു വരെ ആരോടും കടം വാങ്ങിയിട്ടില്ല. ഇല്ലെങ്കില്‍ ഇല്ലാത്ത പോലെ കഴിയും ‌അതാണ് പതിവ്. ഇതിപ്പോള്‍ കുഞ്ഞുങ്ങളും വയ്യാത്ത ഉമ്മയും പട്ടിണി കിടക്കുമ്പോള്‍ . ” ആമിന നീയ്യ് ആ കുട ഇങ്ങെടുത്തെ. ഈ മഴ തോര്‍ന്നിട്ട് പോക്ക് നടക്കൂല.” തിരിഞ്ഞു നിന്നൂ വിളിച്ചു പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞിട്ടും ആളെ കാണാനില്ല. സാധാരണ നിലയ്ക്‌ ഒന്നു വിളിക്കുകയേ വേണ്ടു ണ്‍മുന്നില്‍ കാണും. ഇവള് വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നോന്നു കരുതിയിട്ടുണ്ട്.. ” ആമിനോ. കുട ഇങ്ങോട്ടെടുത്തോ.” ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞൂ.

” ഇതാ കുട. ” പിന്നിലെ ശബ്ദം കേട്ട് തിരിഞ്ഞൂ നോക്കി. ” ഉം” കുട വാങ്ങീ ഒന്നു കൂടി മഴ നോക്കി കവലയില്‍ ചെല്ലുമ്പോഴേക്കും ആകെ നനയും. ” സാധനങ്ങള്‍ വാങ്ങാന്‍ പണം തികയുമോ.” പതിഞ്ഞ സ്വരത്തില്‍ ആമിന തിരക്കി. തല തിരിച്ചവളെയൊന്നു നോക്കി. പോക്കറ്റില്‍ കൈ അമര്‍ത്തി കാണിച്ചു. ” അതിന് അതില്‍ ആകെ പതിനഞ്ച് രൂപയല്ലേ ഉള്ളൂ .” ചോദ്യ ഭാവത്തിലൊന്നു നോക്കി.. ”’അതുകൊണ്ട് എന്താകാനാണ്.” ” അതെന്തിനാപ്പോ നീയ്യ് അറിയണത്‌. അരിയ്ക്ക് വെള്ളം വെയ്ക്ക് തിളയ്ക്കുമ്പോഴേക്കും ഞാന്‍ എത്താം .” ഇതും പറഞ്ഞു മഴയത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ എന്‍റെ കൈകളില്‍ അവള്‍ കടന്നു പിടിച്ചു.. ” ഞാന്‍ വാങ്ങി കൊണ്ട് വരാം ആമിന .” കൈ വിടുവിച്ചു കൊണ്ട് പറഞ്ഞ എന്‍റെ നേര്‍ക്ക് അവളുടെ വലതു കൈയ്യ് നീട്ടി. ചുരുട്ടി പിടിച്ച കുറച്ചു മുഷിഞ്ഞ നോട്ടുകള്‍.. ” ഇതെവിടുന്നാ നിനക്ക് .” അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ തിരക്കിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ചെറിയ കുസൃതി മിന്നി മാഞ്ഞു. ” അത് ഇക്ക ഇവിടുത്തെ കോഴിമുട്ടയും താറാവ് മുട്ടയും വിറ്റ കാശ് കൂട്ടി വെച്ചിരുന്നതാണ്‌. ഇപ്പോഴത്തെ ആവശ്യത്തിന് ഇതുമതിയാകും.. ” ” ങ്ങള് പോയി വീട്ടു സാമാനങ്ങള്‍ വാങ്ങി വാ. കുട്ടികള്‍ വരാറായി. ഞാന്‍ ചായയ്ക്ക് വെള്ളം വെയ്ക്കട്ടെട്ടോ. തിരികെ വരുമ്പോള്‍ ചായ പീടികയില്‍ നിന്നും പഴംപൊരി വാങ്ങി കൊണ്ടുവരാന്‍ മറക്കല്ലേ .കുഞ്ഞി പാത്തൂന് വല്യ ഇഷ്ടമാണത്.” വീട്ടിലെ ആവശ്യത്തിന് വളര്‍ത്തുന്ന കോഴിയും താറാവുമാണ് .ഇതിന്‍റെ മുട്ടയൊക്കെ ഇവള്‍ എപ്പോള്‍ വിറ്റു കാശാക്കിയെന്നോര്‍ത്തു അന്തം വിട്ടു നില്‍ക്കവെ പുറത്തേക്ക് തള്ളി വിട്ടു കൊണ്ട് ആമിന ചിരിയോടെ പറഞ്ഞൂ. ശരിക്കും ഇല്ലായ്മയിലും പുഞ്ചിരി തെളിയുന്നതാണ് ഒരു കുടുംബത്തിന്റെ വിജയം എന്നു മനസ്സിലോര്‍ത്ത് കവലയിലേക്ക് നടക്കവെ മഴ പെയ്തൊഴിഞ്ഞു തെളിഞ്ഞ എന്‍റെ പുഴപോലെ ശാന്തമായിരുന്നു മനസ്സും….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular