Connect with us

ബന്ധങ്ങൾ

നിന്നോട് ഞാൻ അപ്പളേ പറഞ്ഞതാ കാർ എടുക്കണ്ട ബൈക്കിന് പോയാ മതീന്ന്…

Published

on

രചന: Alfin Jose
നിന്നോട് ഞാൻ അപ്പളേ പറഞ്ഞതാ കാർ എടുക്കണ്ട ബൈക്കിന് പോയാ മതീന്ന്… ഇനി ഈ ട്രാഫിക്ക് ‌ കഴിഞ്ഞു എപ്പോ റൂമിൽ എത്താനാണാവോ ? “സാരമില്ല അങ്ങ് സഹിച്ചോ, എന്നെകൊണ്ട് മഴ നനയാൻ പറ്റത്തില്ല” .. കഴിഞ്ഞ ദിവസം ഇയാളുടെ വാക്കും കേട്ട് ഇറങ്ങീട്ടു കണ്ടാരുന്നല്ലോ, എന്നെ കൊണ്ട് ഒന്നും പറയപ്പിക്കല്ലേ… ഓഹോ അങ്ങനെ ആണോ ?, ആ അങ്ങനെ തന്നെയാ … റോഡിനരികിൽ ക്രോസ്സ് ചെയ്യാൻ നിന്ന രണ്ട് പെൺകുട്ടികളെ കണ്ടപ്പോൾ വണ്ടി ഒന്ന് നിറുത്തി കൊടുത്തു, കാണാൻ ഭംഗി ഉള്ളത് കൊണ്ടാവാം മുഖത്തു വിരിഞ്ഞ പുഞ്ചിരി ഇടതു വശത്തിരുന്ന അവളിലേക്ക്‌ ഒന്ന് ഓട്ടക്കണ്ണിട്ടു നോക്കിയപ്പോളേക്കും എങ്ങോ പോയി.. “ഓഹോ പെൺപിള്ളേരായോണ്ടല്ലേ മനുഷ്യാ നിങ്ങള് വണ്ടി നിറുത്തി കൊടുത്തേ” ?. കാൽ നട യാത്രക്കാർക്ക് ഫസ്റ്റ് പ്രയോരിറ്റി കൊടുക്കണോന്ന നിയമമുള്ളേ … എന്നാലും … അതിലുണ്ടായിരുന്ന ഗ്രീൻ പീസിനെ കാണാൻ കൊള്ളാരുന്നു … “എന്താ ഓർമ്മ” , അവളിട്ട ഡ്രസ്സ്‌ന്റെ കളർ വരെ കിറു കൃത്യം… പിന്നല്ലാതെ, ഇപ്പൊ കണ്ടത് ഓർമ്മിക്കാതിരിക്കുവോ ?. ഓഹോ എന്നാ നിങ്ങൾക്ക് എന്റെ ബർത്ത് ഡേ എന്നാന്ന് അറിയോ ?. ജൂലായ്‌ രണ്ട്, അല്ലേ ? “ജൂലായ്‌ അല്ല, ആഗസ്റ്റ് 15”.. ആണോ ?. മിണ്ടരുത് … നിന്നെ എപ്പോളും കാണണതല്ലേ എല്ലാം അങ്ങനെ ഓർത്തിരിക്കാൻ പറ്റുവോ ?

മിണ്ടരുത് എന്ന് പറഞ്ഞില്ലേ … ഉം വായ്‌ മൂടി … ഇനി ഞാനും മിണ്ടണില്ല നീയും മിണ്ടണില്ല .. “ദേ, ദേ ചവിട്ടിക്കേ” . .. വണ്ടി ചവിട്ടി നിർത്തുമ്പോൾ അവളോട്‌ ചോദിച്ചു, “എന്നതാടി” ? ആ ചെക്കെൻ കടന്ന് പോവട്ടെ… എന്താ ഗ്ലാമർ കെട്ടുവാണെ ഇതുപോലൊരുത്തനെ കെട്ടണം, അല്ലേലും ഗ്ലാമർ ഉള്ള പെൺപിള്ളേർക്ക് പറഞ്ഞിട്ടുള്ളത് വെല്ല കോന്തന്മാരായിരിക്കും… ഓഹോ, ഞാൻ കോന്തനാണ് അല്ലേടി പുല്ലേ ?.നിങ്ങള് കോന്തനാന്നു ഞാൻ പറഞ്ഞോടോ ? ഇല്ലല്ലോ … ഉം… “മുന്നോട്ടു നോക്കി വണ്ടി ഓടിക്ക് , ചേച്ചി ഈ പുറത്തെ കാഴ്ച ഒക്കെ ഒന്ന് കാണട്ടെ” .. നീ അങ്ങനെ ഇരുന്ന് വായി നോക്കണ്ട .. ഞാനിനി ആർക്കും പാസ് ചെയ്യാൻ വണ്ടി നിർത്തി കൊടുക്കത്തില്ല പോരെ ?, അയ്യോ അങ്ങനെ പറയല്ലേ നിയമം അങ്ങനെ അല്ലല്ലോ …. നിന്നെ ഒണ്ടല്ലോ … ഇളിക്കല്ലേ… അപ്പൊ ഈക്വൽ, ഈക്വൽ ആയോ ? ഉം … മൂളിയാ പോരാ .. ആയോ ഇല്ലയോ ? ആയി.. ഇനി എന്റെ കെട്ടിയോൻ കണ്ട പെണ്ണുങ്ങളെ നോക്കി കമന്റ് അടിക്കുവോ ?. “നീ ഇനി അങ്ങനൊക്കെ പറയോ” ? ഞാൻ അവളോട്‌ ചോദിച്ചു. “എങ്ങനൊക്കെ” ?. വേറൊരുത്തനെ ചൂണ്ടി കാണിച്ചോണ്ടു അവനെ പോലൊരുത്തനെ കിട്ടണം എന്നൊക്കെ ? ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ… “ഇല്ല, ഇനി ഉണ്ടാവത്തില്ല”, പോരെ ?ഞാൻ മറുപടി നൽകി. ഉം മതി… ഇനി എനിക്ക് വായിനോക്കാവോടോ ?

ടീ കുരുത്തം കെട്ടതെ .. സ്റ്റിയറിങ്ങിൽ നിന്ന് ഒരു കൈ വിട്ട് അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തപ്പോൾ , അവളെന്റെ കൈയിൽ പിടിച്ചു… കൈ അവളുടെ കൈക്കുള്ളിൽ കരുതലോടെ വെച്ചപ്പോൾ എന്തോ തോന്നി അവളോട്‌ പറഞ്ഞു … “ഷേർളി നിന്റെ ഫോണെടുത്തു അമ്മക്കൊന്നു വിളിച്ചേ”… ഞാനത് മറന്നു , മോനേം കൊണ്ട് ഇന്ന് ഹോസ്പിറ്റലിൽ പോവുന്നു അമ്മ പറഞ്ഞാരുന്നല്ലോ അല്ലേ ?. നീ അത് മറക്കും, നിന്നോട് ഞാൻ പണ്ടേ പറഞ്ഞതാ കൊച്ചിനെ അമ്മേടെ അടുത്താക്കണ്ട അവനെ നമുക്ക് ഇങ്ങോട്ടു കൊണ്ടോരാന്നു… അപ്പൊ എന്റെ ജോലിയോ ?. നിനക്ക് അതായിരുന്നല്ലോ കൊഴപ്പം … ഞാനെ കഷ്ട്ടപ്പെട്ടു പഠിച്ചു വാങ്ങിയ ജോലിയാ അതങ്ങനെ കളയാൻ പറ്റൂല്ല… “എന്നാ നിങ്ങളു ജോലിക്ക് പോവാതെ കൊച്ചിനെ നോക്കി ഇരിക്ക് “. , ഞാനാണോടി കൊച്ചിനെ നോക്കണ്ടേ ?.
അങ്ങനെ ഞാനാ നോക്കണ്ടെന്ന് എവിടേലും എഴുതി വെച്ചിട്ടൊന്നും ഇല്ലല്ലോ ഇയാൾക്കും നോക്കാം. ഷേർളി വെറുതെ വഴക്കിടണ്ട.. എപ്പളും ആരാ വഴക്കിട്ടൊണ്ട് വരണേ നിങ്ങളല്ലേ ?, ഞാനല്ലല്ലോ … നീ ഫോണെടുത്തു വിളിക്കണുണ്ടോ ഇല്ലയോ ?. ചൂടാവണ്ട വിളിക്കുവാ.. അവൾ കോളു ചെയ്യാനായി ഫോൺ കൈയിൽ കരുതിയതിനിടയിൽ എനിക്ക് മറുപടി നൽകി, ബെല്ലടിക്കുന്നുണ്ട് … നിങ്ങള് സംസാരിക്ക്, എന്തെ നിനക്ക് സംസാരിച്ചാല് ? ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു അവളെന്റെ അരികിലേക്ക് നീട്ടി പിടിച്ചു.

എടുക്കണില്ലല്ലോ ? അല്ലേലും നിങ്ങളുടെ അമ്മയെ എന്തേലും കാര്യത്തിന് വിളിച്ചാ കിട്ടുന്ന ചരിത്രം ഇല്ലല്ലോ ?അവൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു. അമ്മ നിന്നോട് പണ്ടെന്തേലും പറഞ്ഞുന്നു കരുതി എപ്പോളും അത്‌ ഉള്ളിൽ വെച്ച് നടക്കണ്ട .. ഓ ആയിക്കോട്ടെ, താല്പര്യമില്ലാതെയുള്ള അവളുടെ മറുപടി ശെരിക്കും ദേഷ്യം പിടിപ്പിക്കുന്ന ഒന്നായിരുന്നു.ട്രാഫിക് കഴിഞ്ഞ് ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കടന്ന് കാർ പാർക്കിങ് ഏരിയയിലേക്ക് പതിയെ കയറ്റി ഒതുക്കി നിറുത്തി .കാറിൽ നിന്നും ഒന്നും മിണ്ടാതെ അവളിറങ്ങി ലിഫ്റ്റിനരികിലേക്കു നടന്നു.തൊട്ടു പിറകെ ഞാനും, ലിഫ്റ്റിനുള്ളിൽ കയറി ഇടക്കെപ്പഴോ എന്റെ മുഖത്തേക്ക് അവളൊന്നു നോക്കിയപ്പോൾ ഞാനൊന്നു മുഖം വീർപ്പിച്ചു കാണിച്ചു.. “അതേ ഈ കടന്നല് കുത്തിയാ ദേ, ഇത്രേം വീർത്തിരിക്കുവോ” ?. എനിക്കറിയില്ല പോയി നിങ്ങളുടെ മറ്റവളോട് ചോദിക്ക്.. “എന്റെ മറ്റവളോട് തന്നെയാ ഞാൻ പറഞ്ഞേ, എന്റെ മറ്റവളെ”.. അവളുടെ തിരികെയുള്ള മറുപടി വരുന്നതിന് മുൻപെ ലിഫ്റ്റിന്റെ വാതിൽ തുറന്നിരുന്നു… അവളുടെ ഹാൻഡ് ബാഗിൽ നിന്ന് ചാവി തപ്പി എടുത്ത് റൂമിന്റെ വാതില് തുറക്കുന്ന വരെ ഞാൻ ഭിത്തിയോട് ചേർന്ന് നിന്നു . വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി, ഹാൻഡ് ബാഗ് സോഫയിലേക്ക് ഇട്ടു എന്നിട്ട് അവൾ റൂമിനുള്ളിലേക്കു കടന്നു പോയി. ഡൈനിങ് ഹാളിലെ വലിയ മേശപ്പുറത്തിരുന്ന വെള്ളം നിറഞ്ഞിരുന്ന ജെഗ്ഗ് എടുത്ത് വെള്ളം കുടിക്കുമ്പോൾ സോഫയിൽ അവളിട്ടേച്ചു പോയ ബാഗിൽ നിന്നും ഫോൺ ബെല്ലടിക്കുന്ന ശബ്ദം ശെരിക്കും കേൾക്കാമായിരുന്നു.. “ഷേർളി ഫോണെടുത്തേ”.. ഷേർളി..

ഡൈനിങ് ഹാളിലേക്ക് ഫോണുമായി അവൾ ദൃതിപെട്ട് കടന്നു വന്നു. അമ്മയാണ് ദാ എടുത്തെ .. നിനക്കെന്നാ ഫോണെടുത്താല് ?, ഫോണെടുക്കെടി… ഒച്ച കനത്തപ്പോൾ അവൾ ഫോണെടുത്തു… “ഹലോ അമ്മാ, നേരത്തെ വിളിച്ചിട്ട് കിട്ടിയില്ലായിരുന്നു”… അവളോട്‌ അങ്ങോട്ട്‌ പറയുന്നതിന് മുന്നേ അവൾ ലൗഡ് സ്പീക്കർ മോഡിൽ ഇട്ടു.. അമ്മേ ഞാനെ, വന്നു കേറിയേ ഉള്ളേ ഏട്ടന്റെ കൈയിൽ കൊടുക്കട്ടെ… കൊടുക്ക്‌ മോളെ… അമ്മ മറുപടി നൽകി.. ഫോൺ എന്റെ കൈയിൽ ഏൽപ്പിക്കാതെ മേശ പുറത്ത് വെച്ചിട്ട് അവൾ വീണ്ടും റൂമിലേക്ക്‌ പോയി.. അമ്മേ പറഞ്ഞോ ഞാൻ കേക്കുന്നുണ്ട്,
മോനെന്തിയെ ? പോളിയോ കൊടുക്കാൻ പോയിട്ട് എന്തായി ?. എന്താവാൻ ബഹളത്തിന് ഒരു കൊറവും ഇല്ലാട്ടോ കുറുമ്പൻ.. നീ ഈ പ്രായത്തിൽ ഇത്രേം കുറുമ്പ് ഇല്ലാരുന്നുട്ടോ… അവനറിയായിരിക്കും ഞാനവന്റെ അമ്മയല്ലാന്നു… മൂന്നാം മാസം നിങ്ങളങ്ങു പോയതല്ലേ ?, ഇനി എന്നാടാ ഇറങ്ങുന്നേ ഇങ്ങോട്ടു ?.അമ്മയുടെ പരാതിക്ക് ഞാൻ മറുപടി നൽകി. മോന് ശെരിക്കും മടുപ്പിക്കുന്നുണ്ടല്ലേ ?. പോടാ ഒന്ന്, പണ്ട് നിന്നെ കൈയിൽ കരുതി നടക്കണപോലെയാ എനിക്ക് തോന്നണേ… നിന്നെ പോലെ തന്നെയാ അവനും … രൂപത്തിലും ഭാവത്തിലുമെല്ലാം… അപ്പനെ കാണുമ്പോളെ , ഇവനെ, “അപ്പച്ചിന്ന്” വിളിച്ചു തുടങ്ങി… ഞാനെ ഇങ്ങനെ നെഞ്ചോടു ചേർത്ത് പിടിക്കുന്നത് അവന് അങ്ങോട്ട്‌ സുഖിക്കണില്ലാട്ടോ.. അവനറിയാം അവന്റെ അമ്മേടെ ചൂടും മണവുമൊന്നും ഇതല്ലാന്നു.. ഈ പ്രായത്തിലല്ലെടാ അവന് അമ്മേടേം, അപ്പേടേം കരുതലൊക്കെ വേണ്ടേ ? അല്ലേ ?… നിനക്ക് നിന്റെ ചെറുപ്പകാലത്തു തരാൻ പറ്റുന്ന അത്രേം കരുതലും എല്ലാം ഞാൻ തന്നിട്ടുണ്ട്, അത്‌ നമ്മുടെ മോനും അവകാശപ്പെട്ടതാ… പിന്നീടെപ്പഴേലും അവനായിട്ട് ചോദിക്കാൻ ഇടവരുത്തരുത്… നീ എന്നാ ഒന്നും മിണ്ടാത്തെ ?. “ഒന്നുല്ല അമ്മേ” … ഡാ ചെറുക്കാ നിന്റെ സ്വരം മാറിയാ എനിക്കറിയാട്ടോ.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലടാ… മറുപടി ഒന്നും നൽകാതെ ആ കോള് കട്ട്‌ ചെയ്ത് ബാൽക്കണിയിലെ വാതിൽ തുറന്ന് കാറ്റു കൊണ്ട് നിന്നു, മനസ്സ് മുഴുവൻ അമ്മയുടെ വാക്കുകൾ ആയിരുന്നു അപ്പോൾ .

ഇടക്കെപ്പഴോ അവൾ ഞാൻ നിന്നിടത്തേക്കു കടന്നു വന്ന് ഒരു ഒരു കപ്പ്‌ ചായ എനിക്ക് തന്നിട്ടു കാര്യം തിരക്കി, “അമ്മ എന്താടോ പറഞ്ഞേ” ? മോനെന്നാ പറയുന്നു… എന്ത് പറയാൻ… ചെറിയൊരു പുച്ഛം നിറഞ്ഞ ഭാവത്തോടെ അവളുടെ മുഖത്തു നോക്കാതെ മറുപടി നൽകി. ഇയാൾക്കെന്താ ദേഷ്യമാണോ ?, മോനെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നാലോ ?, എന്താ ഇയാളുടെ അഭിപ്രായം പറ. അപ്പൊ നിന്റെ ജോലിയോ ?. അത്‌… സാരമില്ല … അവനെ ഒന്ന് LKG വിടണ വരെ നോക്കിയാ പോരെ, അത്രേം കാലത്തെ ജോലി വേണ്ടെന്നു വെക്കാം… കാര്യായിട്ടാണോ നീ ഈ പറയണേ. “അതങ്ങ് പള്ളി പോയി പറഞ്ഞാ മതി വേണേൽ അമ്മേനെ കൂട്ടിനു പിടിച്ച് നിർത്താം”, ജോലി കഴിഞ്ഞ് വന്നിട്ട് അവനെ നോക്കാല്ലോ ? എന്തെ… ഒരു കവിൾ ചായ കുടിച്ചിട്ട് കപ്പ്‌ അവൾക്ക് നേരെ നീട്ടികൊണ്ടു ഞാൻ പറഞ്ഞു..
“ഇതും നിന്നെ പോലെ തന്നെയാ മധുരോമം ഇല്ല, കടുപ്പോം ഇല്ല”. നല്ല തൊലിഞ്ഞ വർണ്ണന, ഇയാള് മലയാളം പ്രൊഫസർ ആയിരുന്നോ പണ്ട് ?. “എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ പൊക്കോണം ഇവിടുന്ന്”… പാതിപോലും കുടിക്കാത്ത എന്റെ ചായ കപ്പും വാങ്ങി അവൾ അവിടെ നിന്നും പോയി.. ചിലപ്പോ ഒരാള് തന്നെ എടുക്കുന്ന തീരുമാനം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കേണ്ടി വരും..

ബെഡ് റൂമിലെ ഷെൽഫിൽ നിന്നും ആ ചെറിയ ബാഗിൽ ആവശ്യത്തിൽ കൊള്ളുന്ന ഡ്രസ്സ്‌ വലിച്ച് വാരി കുത്തി കേറ്റുന്നത് കണ്ട് അവൾ അവിടേക്കു കടന്നു വന്നു.. എങ്ങോട്ടാണാവോ മലയാളം പ്രൊഫെസ്സറെ ?. നാളെ ശെനിയാഴ്ച, നാളെ കഴിഞ്ഞും ലീവ്, ഒന്ന് ഈ ഓഫീസ് സ്ട്രെസ് ഒക്കെ ഇറക്കി വെക്കണം, മസിനഗുഡി വരെ പോവാ എന്താ വരുന്നോ ?. “പറയണ്ടേ ഇതൊക്കെ, ഞാനെ വേറെ ബാഗ് വെല്ലോം എടുക്കണോ, അതോ ഇതിൽ എന്റെ ഡ്രെസ്സും കൂടി കൊള്ളുവോ” ?. ലോട്ടറി അടിച്ചു കഴിഞ്ഞുള്ള വെപ്രാളം ആയിരുന്നു അവൾക്ക്.

എല്ലാം പാക്ക് ചെയ്ത് അവൾക്ക് വേണ്ടി അധികമൊന്നും കാത്തു നിൽക്കേണ്ടി വന്നില്ല, വാതിൽ അടച്ചു കാർ പോർച്ചിലേക്ക് പോവാൻ ലിഫ്റ്റിൽ കയറുമ്പോൾ, അവളുടെ മുഖമൊന്നു ഞാൻ ശ്രെദ്ധിച്ചു.. പണ്ട് പ്രേമിച്ചു നടന്നപ്പോൾ, കണ്ട അതേ തെളിച്ചം,കെട്ടു കഴിഞ്ഞെ പിന്നെ ഇത് പോലെ തെളിഞ്ഞ ഒരു മുഖമൊന്നും ഞാൻ കണ്ടിട്ടില്ല … “ബാഗ് ഞാൻ പിടിക്കാം ഏട്ടാ”… അവളുടെ ഒലിപ്പീരു കണ്ട്, പണ്ട് ഐസ് ക്രീം കോരി തന്നപ്പോൾ ഉണ്ടായ അതേ ഫീലായിരുന്നു മനസിൽ. “ഓ വേണ്ട താഴെ വരെയല്ലേ ഉള്ളു, ഞാൻ പിടിച്ചോളാം”. അവൾ തിരികെയൊന്നും പറഞ്ഞില്ല. ലിഫ്റ്റിൽ നിന്നും ഇറങ്ങി കാർ പോർച്ചിലേക്കു നടക്കുന്ന വഴി അവളുടെ ബാഗും വാങ്ങി പിടിച്ചു. ലോക്ക് തുറന്ന് അവളോട്‌ പറഞ്ഞു “കയറി ഇരുന്നോ ഞാനിതു ഡിക്കിയിൽ വെക്കട്ടെ”. തിരികെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ ഡോറു തുറന്നപ്പോൾ സെന്റർ മിറർ തിരിച്ചു അവൾക്കു സമാന്തരമായി വെച്ച് , സൗന്ദര്യം നോക്കുന്ന തിരക്കിലായിരുന്നു അവൾ.. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പാർക്കിങ് ഏരിയയും കഴിഞ്ഞു, ഹൈവെയിലേക്ക് കയറിയപ്പോൾ അവളോട്‌ ഒന്ന് സംസാരിക്കണം എന്ന തോന്നലായി.

“അതേ ഷേർളി, എന്താ പറയാൻ വന്നത് എന്ന് ഞാൻ പറയട്ടെ ഏട്ടാ… എന്റെ വാക്കുകൾ പൂർത്തീകരിക്കുന്നതിന് മുന്നേ അവൾ ഇങ്ങോട്ടു കയറി പറഞ്ഞു .. എന്നാ നീ പറ. “മസിനഗുഡിയിലേക്കൊന്നും അല്ല വീട്ടിലേക്കു മോനെ കൂട്ടി കൊണ്ട് വരാനാണ് ഈ പോണേ” ? അല്ലേ!!..ഒരു ചെറു പുഞ്ചിരിയിൽ അവൾക്ക് ഞാൻ മറുപടി നൽകി. “പിന്നെ എന്തിനാ ഷേർളി നീ എന്നെ അതും ഇത്തുമെല്ലാം പറഞ്ഞ് കലി കേറ്റിയത് “?. അതോ ഇയാളോട് കാര്യായിട്ട് പറഞ്ഞപ്പോൾ, ഇയാള് വിശ്വസിച്ചില്ല, അപ്പോ ഒന്ന് കലി കേറ്റിയേക്കാമെന്ന് കരുതി. പിന്നെ ദേഷ്യപ്പെടുമ്പോളെ ഈ മുഖം കാണാൻ എന്താ ഭംഗിയാന്നറിയോ ? .
“സത്യം” !. സ്വല്പം നാണത്തോടെയുള്ള ചിരിയോടെ സെൻർ മിറർ തിരിച്ച് വച്ച് ഞാനൊന്ന് മുഖമൊന്ന് നോക്കി. “സ്ഥിരമുള്ള ഇയാളുടെ പരാതി അല്ലേ, ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണ്, അവനെ കൂട്ടി കൊണ്ട് വരുവാ എന്നുള്ളത്” . അവളുടെ വാക്കുകൾക്കുള്ള മറുപടി ഞാൻ ഒരു മനം നിറഞ്ഞ പുഞ്ചിരിയിൽ ഒതുക്കി.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular