Connect with us

ബന്ധങ്ങൾ

മറക്കുകയെന്നാൽ…

Published

on

രചന: ശ്രീജിത്ത് ശ്രീകണ്ഠൻ
അവൾ ഒന്നുകൂടി വാച്ചിലേക്ക് നോക്കി. സമയം 5:20 കഴിയുന്നു. ബാങ്കിൽ ഇപ്പോൾ ഒട്ടും തിരക്കില്ല. സമയം ഒത്തിരി വൈകിയെന്നുള്ള ചിന്ത അവൾ മുഖത്ത് കൊണ്ടുവരാൻ ശ്രമിച്ചില്ല.. ഒന്നുകൂടി സുബിനിരിക്കുന്ന കൗണ്ടറിലേക്കവൾ കണ്ണോടിച്ചു. അയാൾ എന്തൊക്കെയോ തിരക്കിട്ട് ചെയ്യുന്നതായി തോന്നുന്നു.. ‘എന്താണിത്ര തിരക്ക്? ഞാൻ കാണണമെന്നും, സംസാരിക്കണമെന്നും പറഞ്ഞതു കൊണ്ടാണോ?… അറിയില്ല!… സന്ദർശകർക്കുള്ള ഇരിപ്പിടത്തിൽ നിന്നും അവൾ മെല്ലെ എഴുന്നേറ്റ് സുബിന്റെ കൗണ്ടറിനു മുന്നിൽ ചെന്നു നിന്നു. അയാൾ ഒന്നും ശ്രദ്ധിക്കാതെ എന്തെക്കെയോ ചെയ്യുകയാണ്… സാരിയുടെ തുമ്പ് രണ്ടു കൈയ്യുമുപയോഗിച്ച് വിരൾ തുമ്പിൽ ചുറ്റി കൊണ്ട് എന്തോ പറയണം എന്ന ഉദ്ദേശത്തോടെ അവൾ ഒന്നു ചുമച്ചു. സുബിൻ മുഖമൊന്നുയർത്തി…. ” ഞാൻ……..” “അവിടെ ചെന്നിരിക്കു… ഞാൻ ജോലിയിലാണെന്നറിയില്ലെ?.. അത്ര തിരക്കുള്ള വർ വെയ്റ്റ് ചെയ്യണമെന്നില്ല…. പോകാം…..”,,,,,, എടുത്തടിച്ച പോലെ പറഞ്ഞിട്ട് അവൻ പിന്നേയും തന്റെ മുന്നിലുള്ള സിസ്റ്റ്ത്തിലേക്ക് കണ്ണ് പായിച്ചു…. ചെറുതായി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ മുഖം തിരിച്ച് സന്ദർശകർക്കുള്ള ഇരിപ്പിടത്തിലേക്ക് നീങ്ങി… കണ്ണുകൾ നിറയുന്ന പോലെ… ഇല്ല ഞാൻ കരയില്ല. പല്ലുകൾ കടിച്ചു പിടിച്ചും കൈമുഷ്ടി ചുരുട്ടിയും അവൾ പഴയ ഇരിപ്പിടത്തിലിരുന്നു… ഇപ്പോൾ ബാങ്കിലെ സ്റ്റാഫുകളും താനും മാത്രമേ ഇവിടുള്ളു.. ഉണ്ടായിരുന്ന കസ്റ്റമേഴ്സ് കൂടി പോയി കഴിഞ്ഞപ്പോൾ ആ ഹാളിനകം നല്ല നിശബ്ദമായി തോന്നി… കമ്പ്യൂട്ടർ ടൈപ്പ് ചെയ്യുന്നതിന്റെ ശബ്ദവും ,ബാങ്കിലെ സെർവർ റൂമിൽ നിന്നു ഇടയ്ക്കിടെ കേൾക്കുന്ന അലാറവും ആ ഹാളിനുളളിൽ നന്നായി മുഴങ്ങി കേൾക്കാം.. അത് വളരെ അരോചകമായി തോന്നി.. അവൾ ബാങ്കിന്റെ മുന്നിലെ ചില്ലിട്ട ഗ്ലാസിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു.. ബാങ്കിന്റെ മുന്നിലുള്ള റോഡിനെതിർവശം ഒരു പാർക്കാണ്… നല്ല തിരക്കുള്ള സായഹ്നം.. വഴിതെറ്റിയെത്തിയൊരു മഴ മേഘം എവിടേക്ക് പോകണമെന്നറിയാതെ അകാശത്തു നിൽക്കുന്നുണ്ട്.. റോഡിലൂടേയും പാർക്കിലൂടെയും ആളുകൾ തിരക്കിട്ടു നടക്കുകയാണ്.. കുറച്ചു പേർ വ്യായമത്തിൽ ഏർപ്പെട്ടിട്ടുണ്ട്.. കുറച്ചു കുട്ടികൾ ഓടി കളിക്കുന്നുണ്ട്.. കൂടി നിന്നു വർത്തമാനം പറയുന്ന വൃദ്ധമ്മർ,,, അവരെ ലക്ഷ്യം വെച്ച് കൊണ്ട് ഒരു ലോട്ടറി കച്ചവടക്കാരൻ അന്നത്തെ അന്നത്തിനു വകതേടുന്നു.. ചുറ്റുമുള്ള തിരക്കുകളൊന്നുമറിയാതെ രണ്ടു കമിതാക്കൾ അവരുടേതായ ലോകത്ത് ചെറുപുഞ്ചിരികളോടെയിരിക്കുന്ന കാഴ്ച അവളുടെ കണ്ണിൽ പതിച്ചപ്പോൾ വല്ലാതെ നീറി നിന്ന മനസുകൊണ്ടുo പുഞ്ചിരിക്കാനവൾക്കു സാധിച്ചു… ഒരു നിശ്വാസത്തോടെ കുറച്ചു നേരം കൂടി ആ കാഴ്ച നോക്കിയിരുന്നു… തന്റെ ഹാൻഡ് ബാഗിനുളളിൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞപ്പോൾ അവൾ സുഖകരമായ കാഴ്ചകളിൽ നിന്നും ഞെട്ടിയുണർന്നു… ഫോണെടുത്തു നോക്കി,.. അമ്മയാണ്‌.. താൻ നേരത്തെ വിളിച്ചപ്പോൾ അമ്മയ്ക്ക് കോൾ എടുക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാവും അമ്മ തിരികെ വിളിക്കുന്നത്…. കോൾ അറ്റെ്ന്റ് ചെയ്തു.. ” ഹലോ, അമ്മാ…. ” ”എന്താ മോളെ വിളിച്ചിരുന്നത് ?” “ഞാനിന്നു ലാസ്റ്റു ബസിലാണമ്മേ വരുന്നത്,,, അച്ഛനോട് ഇംഗഷനിൽ വന്നു നിൽക്കാൻ പറയണം.. ” “എന്താ മോളെ ഇത്ര വൈകാൻ കാരണം?” ” സെക്കന്റ് ഷിഫ്റ്റിലുള്ള ഒരാൾ വരുവാൻ വൈകും അമ്മ.. നല്ല തിരക്കുള്ള ടൈം കൂടിയാണ്,,, അതുകൊണ്ടാ സെക്കന്റ് ഡ്യൂട്ടിയിലുള്ള ചേട്ടൻ വരുന്നവരെ വെയ്റ്റ് ചെയ്യേണ്ടി വന്നത് ,,,..” “ഹമ്മ് അല്ലെങ്കിലും ലോകത്ത് ആർക്കുമില്ലാത്ത ആത്മാർത്ഥതയാണല്ലോ നിനക്ക് !! ‘”.. ചിരിച്ചു കൊണ്ടുള്ള മൂളൽ മാത്രം മറുപടി.. ”നിന്റെ ഏട്ടനെ ടൗണിലേക്ക് അയക്കണോ?” ” വേണ്ട അമ്മേ… നല്ലേപ്പിളളിയിലുള്ള മാലിനി ടീച്ചറുണ്ടാകും ബസിൽ… ഞാൻ ടീച്ചർക്കൊപ്പം വന്നോളം.. അച്ഛനൊടൊ ഏട്ടനോടൊ ജംഗഷനിൽ വരാൻ പറഞ്ഞാൽ മതി”.. ” എന്നാലും ഇതെന്തു ജോലിയാണ് മോളെ?”.. അമ്മയുടെ ശബ്ദത്തിൽ നല്ല നീരസംമുള്ള പോലെ… ”ഞാൻ വെക്കുകയാണമ്മേ… ഇപ്പോൾ നല്ല തിരക്കുണ്ട്… ” ”മ്മ്… ശരി മോളെ… സുക്ഷിച്ച് പോര് ” കോൾ കട്ട് ചെയ്ത് ബാഗിലേക്ക് തിരികെ വെച്ച ശേഷം തന്റെ ഇരിപ്പിടത്തിലേക്കവൾ ചാഞ്ഞിരുന്നു.. തല ചുവരിലേക്ക് ചാരി, മുകളിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു… താനിപ്പോൾ ഒരു മനസാക്ഷി കുത്തുമില്ലാതെ കള്ളം പറയാൻ പഠിച്ചിട്ടുണ്ട്.. അമ്മയോട് പോലും !!.. മനസ് വല്ലാതൊന്നു നീറിയ പോലെ എവിടേയൊക്കെയോ വെച്ച് എന്നിലെ നന്മയെല്ലാം നശിച്ചിരിക്കുന്നു.. എപ്പോഴൊ എനിക്ക് എന്നെ തന്നെ നഷ്ടമായി… എപ്പോഴാണത്??..കീഴ് ചുണ്ട് കടിച്ചു കൊണ്ടവൾ കണ്ണുകൾ ഇറുകെയടച്ചു… കണ്ണിൽ നിന്നും ഒരൊറ്റ തുളളി ഗോളമായി നിലത്തേക്ക് പതിച്ചു……………………ബസിൽ രാവിലെ നല്ല തിരക്കാണു.. സ്കൂൾ കുട്ടികളടക്കം ടൗണിലേക്ക് പോകുന്നവരെ കൊണ്ട് ബസ് നിറഞ്ഞിരിക്കുകയാണ്.. സ്കൂൾ കുട്ടികളുടെ കോലഹലങ്ങൾക്കിടയിലും ബസിലെ സ്പീക്കറിലൂടെ വരുന്ന പഴയ തമിഴ് ഗാനം കേൾക്കാൻ കഴിയുന്നുണ്ട്. ബസ് പതിയെ ആ ഗാനത്തോടൊപ്പം താളത്തിൽ നീങ്ങി നീങ്ങി ഒരു സ്റ്റോപ്പിൽ എത്തി … ആ സ്റ്റോപ്പിൽ എത്തിയതോടൊപ്പം തന്നെ ആ ഗാനവും കഴിഞ്ഞിരുന്നു. അടുത്ത ഗാനം ഏതാ യിരിക്കുമെന്ന ആകാംക്ഷയോടെ അവൾ കാതോർത്തു ഒപ്പം തന്നെ ബസിനുള്ളിൽ നിന്നു കൊണ്ട് പുറത്തെ സ്റ്റോപ്പിൽ കണ്ണുകൾ കൊണ്ട് ആരെയോ തിരയാൻ തുടങ്ങി….’ ഇന്നു വന്നിട്ടില്ലേ,, അതോ നേരത്തെ പോയി കാണുമോ? ‘തുങ്ങിയ ആലോചനകളിൽ നിന്നപ്പോൾ തന്നെ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു മന്ദഹാസം വിടർന്നു..’ അയാൾ വന്നിട്ടുണ്ട് ‘… എല്ലാ ദിനങ്ങളിലും ഈ ഒരു മുഹൂർത്തത്തിൽ തന്റെ ഹൃദയമിടിപ്പ് കൂടാറുള്ളത് അവൾ അറിഞ്ഞു… അടുത്ത ഗാനത്തിന്റെ മ്യൂസിക്ക് തുടങ്ങിയപ്പോൾ തന്നെ പാട്ടെതാണെന്ന് അവൾക്ക് മനസിലായി… ‘സുന്ദരി കണ്ണാൽ ഒരു സേതി ‘ ഇളയരാജ സാറിന്റെ മാജിക്ക്.. തന്റെ ഇഷ്ടഗാനങ്ങളിലൊന്ന്… ‘ഈശ്വര ആകെ മൊത്തം റൊമാന്റിക്ക് മൂഡാണല്ലോ!!’.

അവൾ പതിയെ തിരിഞ്ഞു നോക്കാൻ തുടങ്ങി,, കണ്ണുകൾ കൊണ്ട് കഥ പറയുന്ന ആ ഇന്ദ്രജാലക്കാരനെ കാണുവാൻ വേണ്ടി…. അയാൾ ചെറുപുഞ്ചിരിയോടെ ബസിനു പുറകുവശത്തുള്ള വാതിലിനു സമീപം നിൽക്കുന്നുണ്ട്… ഒടുവിൽ കണ്ണുകൾ പരസ്പരം കണ്ടുമുട്ടി.. ”നാൻ ഉന്നെ നീങ്കമാട്ടെ… നീങ്കിനാൽ തൂങ്കമാട്ടെ…” തന്റെ ഹൃദയവും അറിയാതെ പാടുന്നതായി അവൾക്കു തോന്നി… തന്റെ കണ്ണുകൾ വിടരുന്നത് അവൾ അറിഞ്ഞു.. പൊട്ടി വന്ന കള്ളച്ചിരി കിഴ്ചുണ്ടുകൊണ്ട് കടിച്ചമർത്തി… അവൾ ആലോചിച്ചു തുടങ്ങി എന്ന മുതലാണ് താൻ അയാളെ ശ്രദ്ധിച്ചു തുടങ്ങിയത്.. കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല. കുറച്ചുനാളുകളായി രണ്ടു കണ്ണുകൾ തന്നെ തന്നെ നിരീക്ഷിക്കുന്നു എന്ന തോന്നലിൽ നിന്നാണ് അവൾ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്.. സാധാരണയായി പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ ചൂഴ്ന്നിറങ്ങുന്ന രീതിയിലുള്ള ഒരു നോട്ടമല്ലായിരുന്നു അത്.. കണ്ണുകളിൽ ഒത്തിരി കുസൃതിയൊളിപ്പിച്ച് നിഷ്കളങ്കമായ നോട്ടം… അതാവണം താനും തിരികെ നോക്കാനുള്ള കാരണം. പക്ഷേ പിന്നീട് മനസിലായി അകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു തരം കാന്തശക്തി ആ കണ്ണുകൾക്കുണ്ടെന്ന്… അയാൾ ആരണെന്നോ, എന്താണെന്നോ ഒന്നും തനിക്കറിയില്ല.. പക്ഷേ എല്ലാ ദിനങ്ങളിലും അയാളെ കാണണമെന്നു മനസ്സു വാശി പിടിക്കുന്നു.. ഒരു ദിവസം കാണാതാവുമ്പോൾ തന്റെ മനസു വല്ലാതെ വേദനിക്കുന്നതും, ആ ദിവസത്തിനു ഒന്നിനും നികത്താൻ കഴിയാത്തൊരു ശൂന്യതയും അവൾക്കനുഭവപ്പെട്ടു….. ആ അനുഭവങ്ങളിലൂടെ അവൾ മനസ്സിലാക്കി ,.. അയാളെ താൻ പ്രണയിച്ചു തുടങ്ങിയെന്ന്.. ഇതുവരെ തമ്മിൽ സംസാരിച്ചിട്ടു കൂടിയില്ല.. എങ്കിലും കണ്ണുകൾ കോർക്കുമ്പോൾ, ഹൃദയത്തിന് മാത്രം കേൾക്കാൻ കഴിയുന്ന ശബ്ദത്തിൽ ഒരു പാട് വിശേഷങ്ങൾ പങ്കുവെച്ചു…. ഓരോന്നാലോചിച്ച് നിന്നപ്പോൾ ബസ് സ്റ്റാന്റിൽ എത്തിയത് അറിഞ്ഞില്ല.. ആളുകൾ ഇറങ്ങാനുള്ള തിരക്കിലാണ്… അവളും ഇറങ്ങാനായി ഭാവിച്ചു,, അതിനോടൊപ്പം അങ്ങേ തലയ്ക്കൽ ഒന്നു കണ്ണേറിയാനും മറന്നില്ല.. അയാൾ ഒരു തിരക്കും കൂട്ടാതെ സാവധാനത്തിൽ മാറി നിൽക്കുകയാണ്.. തെല്ലൊരു മടിയോടെ അവളും ഇറങ്ങാനുള്ള തിരക്കിൽ നിന്നു ഒഴിഞ്ഞുമാറി പുറകിലേക്ക് നീങ്ങി നിന്നു.. ഒടുവിൽ അവസാനത്തെയാത്രക്കാരായി ഇരുവരും ബസിൽ നിന്നിറങ്ങി.. ബസ്സിറങ്ങിയ ശേഷം അവൻ ഒരു ചെറുപുഞ്ചിരിയോടെ തന്റെ നേർക്ക് നടന്നു വരുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. നന്നായി വിയർക്കുകയും, വല്ലാത്ത ദാഹവും അവളിൽ പിടികൂടി. ”എന്താ ഇയാളുടെ പേര്?” ചുറ്റുമുള്ളതോന്നും കാണാൻ കഴിയില്ല എന്ന പറയുന്നത് ഇതിനെയാണോ?? ഈശ്വര എന്ത് ആകർഷണമാണിയാളുടെ ശബ്ദത്തിനു… മനസിൽ അലയടിച്ച നൂറു ചോദ്യങ്ങളുമാലോചിച്ച് അവൾ മിഴിച്ചു നോക്കി നിന്നു.. ”അതേയ്…. തന്നോടാ ചോദിച്ചത് !! ”

അയാൾ സ്വന്തം കൈപത്തി ഉയർത്തി അവളുടെ കണ്ണിനു മുന്നിൽ വീശി കൊണ്ട് ചോദിച്ചു…. ”സീന’ എങ്ങനെയൊക്കെയോ ശബ്ദം പുറത്തേക്ക് വന്നു. ”എന്റെ പേര് സുബിൻ.. താൻ കൃഷ്ണ ബിൾഡേയ്സിൽ റിസപ്ഷനിസ്റ്റ് ആയി വർക്ക് ചെയ്യുകയല്ലേ ??” ” അതെ…..,, അതെങ്ങനെയറിയാം ?? കുറച്ച് അതിശയത്തോടെ അവൾ ചോദിച്ചു… ” തന്റെ ഡ്രസ്സ് കോഡ് കണ്ടപ്പോൾ മനസിലായി…” തനുടുത്തിരിക്കുന്ന സാരിയുടെ കാര്യം അപ്പോഴാണ് മനസിൽ വന്നത്… നമ്മുടെ സ്ഥാപനത്തിലെ ഫ്രണ്ട് ഓഫീസിലെ ലേഡീസ് സ്റ്റാഫുകൾക്കെല്ലാം ഒരേ സ്‌റ്റെയിലിലുള്ള സാരിയാണ് വേഷം.. ”ഒഹ് ശരിയാണല്ലോ” തിരച്ചറിവു വന്നപ്പോലെ അവൾ പ്രതികരിച്ചു.. “താനിപ്പോൾ ഒഫീസിലേക്കല്ലേ?? വരു,, ഞാനും ആ വഴിക്കാണ് ”… താനൊരു യന്ത്രത്തെ പോലെ അയാൾക്കൊപ്പം നടക്കുകയാണെന്നു അവളറിഞ്ഞു.. തനിക്കെന്താണ് പറ്റിയതെന്നു മനസിലാക്കാൻ സാധിക്കുന്നില്ല.. അയാളുടെ സംസാരത്തിൽ ആജ്ഞാശക്തിയില്ലെങ്കിൽ കൂടി അനുസരിച്ച് പോകുന്നു.. അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുമ്പിലെത്തുന്നതു വരെ അവർ പരസ്പരം സംസാരിച്ചു നടന്നു. ലോകം മുഴുവൻ വെട്ടി പിടിച്ച പോലെ അവൾക്കു തോന്നി… താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കുറച്ചു മാറിസ്ഥിതി ചെയ്യുന്ന ഒരു പ്രൈവറ്റ് ധനകാര്യ സ്ഥാപനത്തിലെ അക്കൗണ്ടണ്ട് ആണ് സുബിൻ.. അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിലായി ഇരുവരും നിന്നു.. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര ഇതാണെന്നു തോന്നിയ നിമിഷം. … അയാൾ എന്തോക്കെയോ പറയുന്നുണ്ട്. പക്ഷേ അവൾ ഏതോ മാന്ത്രിക ലോകത്തെന്നൊണം നിന്നു. ”ഞാൻ പോകട്ടെ…” പെട്ടെന്നവളുടെ കണ്ണിന്റെ തിളക്കം നഷ്ടപെട്ടു.. ”മ്മ്” അവൾ മെല്ലെ തലയാട്ടി… ഒന്നുകൂടി നോക്കി ചിരിച്ച ശേഷം അയാൾ തിരിഞ്ഞു നടന്നു.. പക്ഷേ അവൾക്ക് അവിടെ നിന്നും ഒന്നുചലിക്കാൻ പോലും തോന്നിയില്ല.. പതിയെ നടന്നു പോകുന്ന സുബിനെയും നോക്കി നിന്നു.. പെട്ടെന്ന് സുബിൻ നിൽക്കുകയും നേരെ തിരിഞ്ഞ് ,തന്റെ നേർക്കു വരുന്നതും സീന കണ്ടു.. അവളുടെ കണ്ണുകൾ പിന്നെയും തിളങ്ങി.. ”അതേയ്……!!” ”എന്താ??” ഏറേ പ്രതീക്ഷയോടെ അവൾ മുഖമുയർത്തി.. ” തന്റെ ഫോൺ നമ്പർ തരാവോ?” സീനയ്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.. ഫോൺ നമ്പർ കൊടുത്ത ശേഷം ചുണ്ടിൽ ഒരു ചിരിയൊളിപ്പിച്ചു കൊണ്ടവൾ അന്നത്തെ ദിവസത്തിലേക്ക് പ്രവേശിച്ചു…. രണ്ടു പേർ പരസ്പരം പ്രണയിക്കുമ്പോൾ ലോകം അവരിലേക്ക് മാത്രം ചുരുങ്ങുന്നുവെന്ന് പറയുന്നത് എത്ര സത്യമാണ്…. ദിവസങ്ങൾ എത്ര വേഗത്തിലാണ് കടന്നു പോകുന്നത്.. സുബിനോടൊപ്പമുള്ള നിമിഷങ്ങൾ മാത്രം സീനയ്ക്ക് ഒട്ടും സമയം തികയാതെ തോന്നി.. അവളുടെ ഡ്യൂട്ടി സമയം മാറിയതിനാലും, സുബിൻ സ്വന്തമായി ഒരു ബൈക്ക് സ്വന്തമാക്കിയതിനാലും പരസ്പരം നേരിട്ട് കാണുന്നത് കുറവാണ്.. കൂടുതലും ഫോൺ ചാറ്റാണു.. അതിലൂടെ അവർ കൂടുതൽ അടുത്തു.. അവർ ഒരു പാട് കാര്യങ്ങൾ പരസ്പരം സംസാരിച്ചു.. അയാളുമായി സംസാരിക്കുന്ന ചില രാത്രികൾ അവസാനിക്കാതിരുന്നെങ്കിൽ എന്നു സീനയാഗ്രഹിച്ചു.. അടർത്തിമാറ്റാൻ കഴിയാത്ത വിധത്തിൽ സുബിൻ തന്റെ ഹ്യദയത്തിൽ വേരുകളൂന്നിയെന്ന സത്യം സീന മനസിലാക്കി.. സുബിനെ ഒരിക്കലും എനിക്ക് മറക്കാൻ സാധിക്കില്ല.. ‘അയാളെ മറക്കുകയെന്നാൽ എനിക്ക് മരണമാണ്.. എനിക്ക് മരണമാണ്.’. എന്നത് എപ്പോഴും അവളുടെ മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു… ……………………………………ഋതുക്കൾ മാറി കൊണ്ടിരുന്നു.. ജീവിതവുമങ്ങനെ തന്നെ.. ഓരോ നിമിഷവും മണിക്കുറുകളായി, ദിനങ്ങളായി,.. ആഴ്ചകളും മാസങ്ങളുമായി.. തന്റെ പ്രണയവും ഋതുക്കൾ പോലെ മാറുന്നതവൾ അറിഞ്ഞു.. കുളിരായും, മഴയായും, കത്തുന്ന വെയിലായും അത് കടന്നു പോവുകയാണ്.. ആ മാറ്റത്തിൽ മനം മടുത്തവൾ ,പുതിയൊരു തുടക്കത്തിനു വേണ്ടി കാത്തു.. എന്നും വസന്തം ആയിരുന്നെങ്കിലെന്നാശിച്ചു.. തന്റെയുള്ളിലെ പൂക്കാലം കഴിയുന്നതായി അവൾക്ക് തോന്നി തുടങ്ങി.. ഇലകളും പൂക്കളും കൊഴിയുകയാണ്.. ഒന്നു മാത്രമറിയാം,, താൻ ഇപ്പോഴും അയാളെ അഗാധമായി പ്രണയിച്ചു കൊണ്ടിരിക്കുന്നു…. ”എനിക്കറിയണം,,,, ഇങ്ങനെ അവോയ്ഡ് ചെയ്യാൻ വേണ്ടി മാത്രം ഞാൻ എന്ത് തെറ്റാണു ചെയ്തതെന്നു..” അവൾ കണ്ണുനീർ തുടച്ചു കൊണ്ട് ഫോണിലൂടെ വിതുമ്പി.. ”പ്ലീസ് ഒന്നുമിണ്ടാതിരിക്കാ??… ഞാൻ ഇപ്പോൾ ഒത്തിരി തിരക്കിലാണ്..”

”ഇങ്ങനെ തിരക്കഭിനയിക്കുന്നതിന്റെ കാരണമാണെനിക്ക് അറിയേണ്ടത്…!” ‘എല്ലാ കാര്യങ്ങളും നിന്നെ ബോധിപ്പിക്കാൻ പറ്റില്ല… മനസിലായല്ലോ?? പിന്നെ,, കൂടുതൽ അധികാര സ്വരത്തിൽ സംസാരിക്കാൻ നീ വേറെ ആളെ നോക്കിയാൽ മതി…” ” അധികാരത്തിൽ അല്ല സുബിയേട്ട… അപേക്ഷിക്കുകയാണ്.. എനിക്കിങ്ങനെ വീർപ്പുമുട്ടി കഴിയാൻ വയ്യ.. എന്റെ ഭാഗത്തുള്ള മിസ്റ്റേക്ക് എന്താണെന്നെങ്കിലും പറഞ്ഞു തരുമോ??… ” Im മാരീഡ്… ഇനിയെന്താണ് നിനക്കറിയേണ്ടത്…??” ലോകം കീഴ്മേൽ മറിയുന്നതായി അവൾക്കു തോന്നി.. ശരീരം മുഴുവൻ തളരുന്ന പോലെ.. വീണു പോകതിരിക്കാൻ അവൾ അടുത്തുള്ള ചുവരിലേക്ക് ചാരി.. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം എങ്ങനെയൊക്കെയോ കിട്ടിയ ഊർജ്ജമുപയോഗിച്ച് ഇടറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.. ” എ.. ,,എന്തിനു വേണ്ടിയായിരുന്നു… എന്നോടിങ്ങനെ?” ”നോക്ക്,,, എപ്പോഴെങ്കിലും നിന്നെ ഞാൻ വിവാഹം കഴിച്ചോളം എന്നു വാക്ക് തന്നിട്ടുണ്ടോ,,, പറഞ്ഞിട്ടുണ്ടോ..??’ ആ ചോദ്യത്തിൽ അങ്ങേയറ്റം ദേഷ്യം കലർന്നിരുന്നു… പിന്നേയും തുടർന്നു.. ”ഏതോ ഒരു സാഹചര്യത്തിൽ എനിക്ക് അങ്ങനെയൊക്കെ തോന്നി… ശരി തന്നെ,,, പക്ഷേ എന്റെ ജീവിതത്തിൽ ഏറ്റവും വലുത് എന്റെ ഭാര്യയും കുടുംബവുമാണെന്ന തിരിച്ചറിവ് വന്നപ്പോൾ ഞാൻ ചെയ്തതിൽ എനിക്ക് കുറ്റബോധം വന്നു.. അതുകൊണ്ടാണ് ഞാനായി തന്നെ ഒഴിഞ്ഞു തുടങ്ങിയത് ”…ഏങ്ങലുകൾ മാത്രം മറുപടി.. അയാൾ തുടർന്നു.. ”നീയിപ്പോൾ ഒരോ തവണ എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോഴും എനിക്ക് പേടിയാണ്.. ആ പേടി എന്താണെന്ന് നിനക്ക് മനസ്സിലാകണമെങ്കിൽ,, നിനക്കൊരു ലൈഫ് പാട്നറും മാരേജ് ലൈഫുമുണ്ടാകണം.”…തുടർന്നും അയാൾ എന്തക്കയോ ന്യായികരണങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.. ഒന്നും അവൾ കേട്ടില്ല.. ഒരു പ്രതിമ പോലെ നിന്നു.. കോൾ കട്ട് ചെയ്യുന്നതിനു മുൻപ് ഒന്നുകൂടി അയാൾ പറഞ്ഞു.. ” ഇനിയും ഇക്കാര്യങ്ങൾ സംസാരിക്കാൻ എനിക്കു ഫോൺ ചെയ്യണമെന്നില്ല.. ” അതിനു ശേഷവും സീന പല തവണ അയാളെ കോണ്ടാക്റ്റ് ചെയ്യാനും കാണുവാൻ ശ്രമിക്കുകയും ചെയ്തു.. ഒരൊറ്റ ചോദ്യത്തിനുത്തരം കിട്ടുവാൻ വേണ്ടി മാത്രം.. എന്തിനു വേണ്ടി ??.. എന്തിനു വേണ്ടി??.. അയാൾ ഒരിക്കലും അതിനു കൃത്യമായൊരുത്തരം തരില്ലെന്നു മനസിലായപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.. തന്റെ പ്രശ്നങ്ങൾ അടുത്ത സുഹൃത്തുക്കളോടുപോലും പറയാൻ അവൾ ആഗ്രഹിച്ചില്ല.., കാരണം, മറ്റുള്ളവർ സുബിയെ ഒരു തെറ്റുകാരനായി ചിത്രീകരിക്കപ്പെടുന്നത് ഇഷ്ടമല്ല..,, ഇപ്പോൾ ആറു മാസങ്ങൾ കഴിയുന്നു.. സത്യത്തിൽ ഏതെങ്കിലുമൊരു നിമിഷത്തിലെങ്കിലും അയാൾ എന്നെ സ്നേഹിച്ചിരുന്നോ??.. ഇങ്ങനൊരു ചോദ്യം തന്റെ മനസിനെ പിടികൂടിയതെപ്പൊഴാണെന്നറില്ല.. ഈയൊരു ചോദ്യത്തിനുത്തരം കിട്ടിയാൽ പിന്നെ അയാളുടെ ജീവിതത്തിലേക്ക് താൻ കടന്നു ചെല്ലില്ലെന്നു മനസുകൊണ്ടവൾ തീരുമാനിച്ചു.. അവസാനമായി ഒന്നു സംസാരിക്കണമെന്നു പറഞ്ഞതിനാലാവം സുബി ബാങ്കിലേക്ക് വരാൻ പറഞ്ഞത്.. ഓഫീസിൽ നിന്നു ഉച്ചയ്ക്കു ശേഷം ഹാഫ് ഡേ – ലീവേടുത്ത് ബാങ്കിൽ വന്നതിന്റെ ഉദ്ദേശവും ഇതുതന്നെ.. ജീവിതത്തിൽ അയാൾക്കു വേണ്ടിയുള്ള അവസാനത്തെ കാത്തിരിപ്പ്…. ”എന്താ ചോദിക്കാനുണ്ടെന്നു പറഞ്ഞത്?” ഓർമ്മകളിൽ നിന്നും സീന ഞെട്ടിയുണർന്നു..സുബി മുന്നിൽ നിൽക്കുകയാണ്.. അയാളുടെ മുഖത്ത് പെട്ടെന്നു പോകാനുള്ള ധൃതി കാണാം.. തോളിൽ ബാഗുണ്ട്.. അവൾ പരിസരബോധം വീണ്ടെടുത്ത് ധൃതിയിൽ എഴുന്നേറ്റു.. ബാങ്കിലെ മറ്റു സ്റ്റാഫ്സ് ഇറങ്ങി തുടങ്ങിയിരുന്നു… ഹാളിൽ തൂക്കിയിരുന്ന ക്ലോക്കിൽ സമയം 6:30 നോട് അടുക്കുന്നു.. താൻ ബാങ്കിലെത്തിയിട്ട് മൂന്നു മണിക്കുറുകൾ കഴിഞ്ഞിരിക്കുന്നു.. സമയം എത്ര പെട്ടെന്നാണു കടന്നു പോയതെന്നാലോചിച്ചപ്പോൾ അതിശയം തോന്നി… “ഒന്നു പറയുന്നുണ്ടോ?? എനിക്ക് പോകണം..” അയാൾ എന്തെക്കെയോ പിറുപിറുത്തു കൊണ്ട് ബാങ്കിനു പുറത്തേക്ക് നടന്നു.. അവളും ഒപ്പം കൂടി… ആകാശമാകെ മഴ മേഘങ്ങൾ കൊണ്ട് ഇരുണ്ടു മുടി കിടക്കുന്നു.. ശക്തമായ മഴയ്ക്കു മുമ്പുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.. ബാങ്കിനു വേണ്ടിയുള്ള പാർക്കിങ് ഏര്യയിൽ നിൽക്കുകയാണ് രണ്ടാളും.. സുബി റെയിൻകോട്ടിടുന്ന തിരക്കിലാണ്.. സീന നിർവികാരതയോടെ അയാളുടെ മുഖത്ത് തന്നെ നോക്കി നിന്നു.. ”എന്തെന്നു വെച്ചാൽ പെട്ടെന്നു ചോദിച്ചിട്ട് പോകാൻ നോക്ക്.. മനുഷ്യന്റെ സമയം കളയാൻ നിക്കാതെ..” മനസ് വല്ലാതൊന്നു വിങ്ങിപ്പോയി.. ”സുബിയേട്ട, .. ഒന്നും തർക്കിക്കുവാനോ, വാദിച്ചു ജയിക്കുവാനോ വന്നതല്ല ഞാൻ.. സുബിയേട്ടൻ പറഞ്ഞതാണു ശരി,,.. എല്ലാവർക്കും വലുത് അവരുടെ പങ്കാളിയും സ്വന്തം കുടുംബവും തന്നെയാണ് .. ഏട്ടന്റെ കുടുംബ ജീവിതത്തിൽ ഒരു ദുശകുനമായി ഇനിയൊരിക്കലും ഞാൻ കടന്നു വരില്ല.. ” ” ഇതു പറയാൻ നീ നേരിട്ട് വരണമെന്നില്ലായിരുന്നു.. ഒരു ഫോൺ കോളിൽ അവസാനിപ്പിക്കേണ്ട കാര്യം.. ” അയാൾ അവളെ ശ്രദ്ധിക്കാതെ പറഞ്ഞു കൊണ്ട് ബൈക്കിലേക്ക് കയറി.. ”പക്ഷേ ഒന്നുണ്ട് സുബിയേട്ട…” എന്താണെന്ന ഉദ്ദേശത്തോടെ സുബി അവളെ നോക്കി.. ആ നോട്ടത്തിൽ പുച്ഛവും താൽപ്പര്യക്കുറവുമുണ്ടായിരുന്നു…”സുബിയേട്ടൻ ഒരു നിമിഷത്തേക്കെങ്കിലും എന്നെ മനസ്സുകൊണ്ട് സ്നേഹിച്ചിട്ടുണ്ടോ?’. ചോദിച്ചു കഴിയുന്നതിനു മുന്നേ അവളുടെ ശബ്ദം ഇടറിപോയി.. മാനത്തു നിന്നു ആദ്യത്തെ മഴത്തുള്ളി ഭൂമിയുടെ മാറിലേക്ക് ആഴ്ന്നിറങ്ങി.. അതു വരെയുണ്ടായിരുന്ന സുബിയുടെ മുഖഭാവം പെട്ടെന്നു മാറി.. എന്തോ അലോചനയിലെന്ന പോലെ ഒരു നിമിഷം അയാൾ അറച്ചു നിന്നു.. ”ഒന്നു പറയുമോ സുബിയേട്ട… മറുപടി എന്തു തന്നെയായാലും ഇതായിരിക്കും നമ്മൾ തമ്മിലുള്ള അവസാന നിമിഷങ്ങൾ..അതു പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു..മഴ ശക്തി പ്രാപിച്ചു.. മാനത്തും കണ്ണിലും… ”സീനാ……’ അവളുടെ മുഖത്ത് നോക്കിയവൻ മൃദുവായി വിളിച്ചു. ആത്മാവ് കൊണ്ട് വിളി കേട്ടവളെ പോലെ അവൾ മുഖമുയർത്തി നോക്കി.. എത്ര നാളുകൾക്കു ശേഷമാണിങ്ങനെയൊരു വിളി.. തന്റെ കണ്ണുകൾ വിടരുന്നതവൾ അറിഞ്ഞു.. ” ഇപ്പോൾ എല്ലാ അർത്ഥത്തിലും നല്ലൊരു ഭർത്താവായി ജീവിക്കുകയാണ് ഞാൻ.. നിനക്ക് തരുന്ന ഉത്തരം ചിലപ്പോൾ എനിക്ക് എന്റെ കുടുംബ ജീവിതത്തിലുള്ള വിശ്വാസത്തെയോ അല്ലെങ്കിൽ സ്വന്തം മനസ്സാക്ഷിയോടുള്ള വിശ്വാസത്തെയോ ചോദ്യം ചെയ്യുന്ന രീതിയിലായി പോകും.. അതു കൊണ്ട് എനിക്കൊരിക്കലും ഇതിനുത്തരം നൽകാൻ കഴിയില്ല… എന്നോട് ക്ഷമിക്കു..” ഹൃദയം വിങ്ങിപൊട്ടുന്നതായി അവൾക്കു തോന്നി.. താൻ വീണ്ടും തോറ്റു പോയിരിക്കുന്നു.. അയാൾ തുടർന്നു.. ”ലൈഫ് വെറുതെ ഇത്തരം നിസാര കാര്യങ്ങൾക്കായി സ്പോയിൽ ചെയ്യരുത്.. അത് നിന്റെ ഫ്യൂച്ചറിനെ ബാധിക്കും.. നിനക്കും നല്ലൊരു കുടുംബ ജീവിതമുണ്ടാകട്ടെ…….” ഒന്നു നിർത്തിയ ശേഷം ‘ ”നീ എനിക്കു കുറച്ചു നേരത്തെ മുൻപ് തന്ന വാക്ക് പാലിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” ‘മ്മ്” ”ഞാൻ പോകട്ടെ..” ‘. ബൈക്ക് സ്റ്റാര്ട്ടചെയ്തു കൊണ്ടയാൾ ചോദിച്ചു.. അയാളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിയതല്ലാതെ അവൾ മറുപടി പറഞ്ഞില്ല.. ഹെഡ് ലൈറ്റ് ഓൺ ചെയ്തു അയാൾ ബൈക്കുമായി മഴയിലേക്കിറങ്ങി… പോകരുതെ… പോകരുതെ എന്ന് അവളുടെ ഹൃദയം നിലവിളിച്ചു.. ആർത്തലച്ചു പെയ്യുന്ന മഴയോടെപ്പം ആ നിലവിളി ആരും കേൾക്കാതെ ഒഴുകി പോയി… മഴയുടെ അറ്റത്ത് അയാൾ ഒരു ബിന്ദുവായി മറയുന്നവരെ അവൾ നോക്കി നിന്നു…. …………………………………ജംഗഷനിൽ അച്ഛൻ സ്കൂട്ടറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ബസിറങ്ങി അവൾ അച്ഛനരികിലേക്ക് നടന്നു.. ”ബസ് വൈകാത്തതു കാര്യായി” അച്ഛൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു… അവൾ ഒന്നും മിണ്ടാതെ സ്കൂട്ടറിന്റെ പിൻസീറ്റിൽ കയറിയിരുന്നു.. നേരിയ ചാറ്റൽ മഴ മാത്രമേ ഇപ്പോഴുള്ളു.. നീറി പുകഞ്ഞുകൊണ്ടിരുന്ന മനസ് പിന്നെയും ഓർമകളിൽ തട്ടി പൊട്ടിത്തെറ്റിക്കാൻ തുടങ്ങി.. ഒന്നലറിക്കരയാൻ അവൾക്കു തോന്നി.. ജീവിതകാലം മുഴുവൻ കൂടെ വേണമെന്നു വാശി പിടിച്ചിട്ടെന്തു കാര്യം… സ്നേഹം എന്നത് സംഭവിച്ചു പോകുന്ന ഒന്നാണ്.. ചിലർക്കെ അതു മുഴുവനായി അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാവു… മഴതുള്ളികൾ അവളുടെ കവിളിൽ തട്ടി ചിന്നി തെറിച്ചു.. പെയ്യുന്ന ഓരോ തുള്ളിയും കരയുന്ന പോലെ തോന്നി.. തട്ടി ചിതറി പോകുമ്പോഴും അവ തന്നെ നോക്കുന്ന പോലെ.. എല്ലാവരും വിരുന്നുകാരാണ്,,, ഈ മഴയെ പോലെ ചോദിക്കാതെ കടന്നു വരും എന്നിട്ട് ഒന്നും പറഞ്ഞവസാപ്പിക്കാതെ പെയ്തു തീരും.. എന്നിൽ പെയ്തതും തോർന്നതും ഞാൻ പോലുമറിഞ്ഞില്ല… ജീവിതത്തിൽ വൈകിയെത്തിയ തിരിച്ചറിവുകൾക്ക് കഴിഞ്ഞു പോയ നിമിഷങ്ങൾ മാത്രമാണ് സാക്ഷി.. വീടെത്തിയതു പോലും അറിഞ്ഞില്ല.. ഉമ്മറത്തു അമ്മ കാത്തു നിൽക്കുന്നുണ്ട്.. ”നീയൊരു പെങ്കൊച്ചല്ലേ?? സമയം വൈകിക്കാതെ വിടാനുള്ള ഉത്തരവാദിത്വം അവർക്കില്ലേ??”.. പിന്നെയും അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അവൾ അതൊന്നും കേട്ടില്ല.. എന്തോ ഉറച്ച തീരുമാനമെടുത്തുള്ള മുഖഭാവത്തോടെ അവൾ സ്വന്തം മുറിയിലേക്ക് കടന്നു.. അയാളെ ഞാൻ മറക്കുകയാണ്… എന്നന്നേക്കുമായി… എന്ന് മനസു മന്ത്രിച്ചു കൊണ്ടിരുന്നു…. അവളുടെ മുറിയുടെ വാതിലുകളടഞ്ഞു… പുറത്തു മഴ അലറിക്കരയാൻ തുടങ്ങിയിരുന്നു………

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular