Connect with us

ബന്ധങ്ങൾ

വിവാഹം കഴിക്കുന്നില്ല എന്നതീരുമാനവുമായി ജീവിക്കുകയായിരുന്നു ഞാൻ ആദ്യമൊക്കെ വീട്ടുകാർ നിർബന്ധിക്കുമായിരുന്നു

Published

on

രചന : ആദിത്യൻ
വിവാഹം കഴിക്കുന്നില്ല എന്നതീരുമാനവുമായി ജീവിക്കുകയായിരുന്നു ഞാൻ ആദ്യമൊക്കെ വീട്ടുകാർ നിർബന്ധിക്കുമായിരുന്നു, പിന്നീടവരും നിർത്തി അല്ലെങ്കിൽത്തന്നെ വയസ്സ് നാല്പതുകഴിഞ്ഞു ഇനിയാര് പെണ്ണുതരാൻ.. ഒരുദിവസം ഞാനും സുഹൃത്തും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു അപ്പോഴാണ് കയ്യിൽ ഒരുകുഞ്ഞുമായി ഒരുപെൺകുട്ടി ബസ്സിൽ കയറുന്നത് ബസ്സിൽ സാമാന്യം തിരക്കുമുണ്ട് ആരും എഴുന്നേറ്റുകൊടുക്കുന്നില്ല പെൺകുട്ടി ചുറ്റിനും നോക്കുന്നുണ്ട് പലരും അതുകണ്ടഭാവം പോലും വെക്കുന്നില്ല ഞാൻ എഴുന്നേൽക്കാൻ നോക്കിയതും മുന്പിലുണ്ടായിരുന്ന സ്ത്രീ കുറച്ചൊതുങ്ങികൊടുത്തു, ഓരോവളവിലും കുഞ്ഞിനേയും പിടിച്ചുകൊണ്ടിരിക്കാൻ പെൺകുട്ടി നല്ല പാടുപെടുന്നുണ്ടായിരുന്നു എനിക്കതുകണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി ഞാൻ എഴുന്നേറ്റു ആ കുട്ടിയോടവിടെ ഇരുന്നോളാൻ പറഞ്ഞു .പക്ഷെ തൊട്ടടുത്തെന്റെ സുഹൃത്തിരുന്നതിനാലാകാം അവളൊന്നുമടിച്ചു ,അവനാണെങ്കിൽ നല്ല ഉറക്കവും.. ഞാൻ പെട്ടന്നവനെ തട്ടിവിളിച്ചു ..ങേ സ്ഥലമെത്തിയോ അവൻ ചാടിയെഴുന്നേറ്റു, ഞാൻ അവളോടവിടിരുന്നോളാൻ പറഞ്ഞു, അവൾ നന്ദിസൂചകമായി എന്നെനോക്കിയൊന്നുചിരിച്ചു. അവനപ്പോളാണ് കാര്യം മനസ്സിലായത്. അവൻ കലിപ്പിലെന്നെയൊന്നുനോക്കി ഉറങ്ങിക്കൊണ്ടിരുന്ന അവനെ വിളിച്ചുണർത്തിയതും പോരാ തിരക്കിനിടയിൽ തൂങ്ങിപ്പിടിച്ചുള്ള നില്പ്പും, “ഇറങ്ങട്ടേട്ടൊ ശരിയാക്കിത്തരാം” അവനെന്റെ ചെവിയിൽ പറഞ്ഞു. അവളുടെ കയ്യിലിരുന്ന് ആ കുഞ്ഞെന്നെനോക്കിച്ചിരിക്കുന്നുണ്ടായിരുന്നു നല്ല ഓമനത്തമുള്ള കുട്ടി ..ഇടയ്ക്കിടെ എൻറെ കയ്യിൽ തൊട്ടുനോക്കുന്നുമുണ്ട് , ഞാനെൻറെ വിരലുകൾ കുഞ്ഞിന് പിടിക്കാൻ പാകത്തിന് വച്ചുകൊടുത്തു. “പെണ്ണും കെട്ടാതെ ഓരോന്ന് നടക്കും എന്നിട്ടോ ഓരോ അവളുമാരെകാണുമ്പോൾ ലോകത്തില്ലാത്ത സെന്റിമെൻസും” ബസ്സിൽ നിന്നിറങ്ങിയിട്ടും അവൻറെ ദേഷ്യം മാറിയിരുന്നില്ല. ” നീ ഇങ്ങനെ മനസ്സാക്ഷിയില്ലാത്തവനായിപ്പോയല്ലോ, കുട്ടികളെക്കൊണ്ട് ബസ്സിൽ കയറുമ്പോളുള്ള വിഷമം നിനക്കറിയാമോ, അതെങ്ങനെ അതുശരിക്കറിയാവുന്ന സ്ത്രീകൾ പോലും ഒന്നെഴുന്നേറ്റു കൊടുക്കില്ല .”എനിക്കും ദേഷ്യം വന്നു . “ഓ മനസ്സാക്ഷിക്കാരൻ .. അങ്ങനാണെങ്കിൽ ഒരുകാര്യം ചെയ്യ് നീ അവളെ അങ്ങ് കെട്ടിക്കോ ..അവളുടെ ഭർത്താവ് മരിച്ചുപോയതാ നിന്നെക്കൊണ്ട് അങ്ങനെയെങ്കിലും ഒരുപ്രയോജനമുണ്ടാകട്ടെ ” അവൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും ആ വാക്കുകൾ ശരിക്കും എൻറെ മനസ്സിൽ കൊണ്ടു ..ആ പിഞ്ചുകുഞ്ഞിൻറെ ഓമനത്തമുള്ള മുഖം മനസ്സിൽനിന്നും മായുന്നില്ല . വിവാഹം കഴിക്കണമെന്ന ചിന്ത ആദ്യമായി മനസ്സിൽ തോന്നിയതപ്പോഴാണ് , വീട്ടിൽ കാര്യം അവതരിപ്പിക്കാൻ ഒരു മടി ,ഒടുവിൽ സുഹൃത്തിൻറെ സഹായം തേടാൻ തീരുമാനിച്ചു ,അവൻ എന്നെ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു .പക്ഷെ എൻറെ തീരുമാനം ഉറച്ചതാണെന്നറിഞ്ഞപ്പോൾ അവൻ അവളുടെ വീട്ടുകാരുമായി സംസാരിക്കാമെന്നുസമ്മതിച്ചു.ഒരാഴ്ചകഴിഞ്ഞപ്പോൾ അവർക്ക് സമ്മതമാണെന്ന് അവൻ വിളിച്ചുപറഞ്ഞു . മടിച്ചുമടിച്ചാണ് അമ്മയോട് കാര്യം പറഞ്ഞത്,പക്ഷെ അമ്മ ഒരെതിർപ്പും പറഞ്ഞില്ല പിന്നീടുള്ള കാര്യങ്ങൾ പെട്ടെന്നായിരുന്നു .ആഘോഷങ്ങളൊന്നുമില്ലാതെ അമ്പലത്തിൽവച്ചു എന്റെയും ശ്രീദേവിയുടെയും വിവാഹം നടന്നു. ആദ്യരാത്രിയിൽ ഞാൻ ചെല്ലുമ്പോൾ അവൾ കുട്ടിയെ ഉറക്കുകയായിരുന്നു,പാതിയടഞ്ഞ ആ കുഞ്ഞിക്കണ്ണുകൾ ഞാൻ കുട്ടിയെ പതുക്കെ എടുത്തു, എനിക്ക് കുട്ടികളെ എടുത്തുവലിയ പരിചയമൊന്നും ഇല്ലായിരുന്നു കുട്ടി ഉണർന്ന് കരച്ചിലായി , ഞാൻ പെട്ടെന്നുതന്നെ കുട്ടിയെ അവളുടെകയ്യിലേക്കുകൊടുത്തു..അവൾ കുട്ടിയെ ഉറക്കുന്നതും നോക്കി ഞാനിരുന്നു.

ശ്രീദേവിയുടെ മുഖത്ത് വല്ലാത്തൊരു ശോകഭാവം, വീട്ടുകാരുടെ നിർബന്ധത്തിന് അവൾ വഴങ്ങുകയായിരുന്നു എന്നെനിക്കുമനസ്സിലായി ..എൻറെ ഓരോ ചലനവും അവളിൽ ചെറിയ ഞെട്ടലുണ്ടാക്കികൊണ്ടിരുന്നു കുറച്ചുകഴിഞ്ഞപ്പോൾ കുട്ടി ഉറങ്ങി , അവൾ എന്നോടൊന്നും പറഞ്ഞില്ല എങ്കിലും ആ കണ്ണുകളിൽ നിന്നും ഞാനെല്ലാം മനസ്സിലാക്കി കുട്ടിയെക്കുറിച്ചുള്ള ചിന്തകൾ അവളെ വല്ലാതെ അലട്ടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.ആ രാത്രിയിൽ ഞങ്ങളുടെ ജീവിതത്തിൽ നീതുമോൾ മാത്രം മതി എന്ന തീരുമാനം ഞാനെടുത്തു .. ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു ചിരിച്ചു ..” രമേശൻ ഭാഗ്യവാനാ ഇത്തിരി വൈകിയാലെന്താ കല്യാണം കഴിച്ചപ്പോൾ ഗിഫ്റ്റായി ഒരു കുട്ടിയെക്കൂടി കിട്ടിയില്ലേ ”ഞാനതൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല കാരണം എനിക്ക് ശരിക്കുംകിട്ടിയൊരു ഗിഫ്റ്റുതന്നെയായിരുന്നു എൻറെ നീതുമോൾ .എൻറെ ലോകം ശരിക്കും ഭാര്യയിലേക്കും നീതുമോളിലേക്കും ചുരുങ്ങുകയായിരുന്നു.. ആദ്യമായവളെന്നെ അച്ഛായെന്നുവിളിച്ചപ്പോൾ ഒരുകുട്ടിജനിച്ച ആനന്ദമാണ് എനിക്കുലഭിച്ചത്.ശ്രീദേവിയുടെയും കണ്ണുകളും നിറഞ്ഞു ” എനിക്കിപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നെനിക്കറിയില്ല ഏട്ടാ ” എന്നുപറഞ്ഞവൾ പൊട്ടിക്കരഞ്ഞു. നീതുമോൾ വളരുംതോറും എന്നോടുള്ള സ്നേഹം കൂടുന്നതുപോലെനിക്കുതോന്നി ശരിക്കും അവളെ ഒരുദിവസം പിരിഞ്ഞിരിക്കുന്നതുപോലും എനിക്ക് ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല. ശ്രീദേവി എപ്പോഴും പറയും .. “ഇങ്ങനൊരു അച്ഛനും മോളും രണ്ടെണ്ണത്തിന്റെയും കുട്ടിക്കളി ഇതുവരെ മാറിയിട്ടില്ല ..പെണ്ണിനെ കല്യാണം കഴിച്ചയക്കാറായി ” ഞങ്ങളുടെ സന്തോഷകരമായ ജീവിതം കണ്ടിട്ട് ഈശ്വരനുപോലും അസൂയതോന്നിക്കാണണം . ഒരുദിവസം ശ്രീദേവിയുടെ അമ്മ വീട്ടിൽ വന്നു,പ്രത്യകിച്ചു കാരണം ഒന്നുമില്ലെങ്കിലും എന്തോ അവരെ എനിക്കിഷ്ടമല്ലായിരുന്നു .അവരുടെ ഓരോ സംസാരം കേൾക്കുമ്പോഴേ എനിക്ക് ദേഷ്യം വരും. അന്നു ഭയങ്കരമായി പനിച്ചാണ് ഞാൻ വീട്ടിലെത്തിയത് ..മരുന്നുകഴിച്ചിട്ടൊന്നും പനിക്കൊരുകുറവുമില്ല, നേരം വെളുക്കുവോളം ശ്രീദേവിയും നീതുമോളും എന്റരികിലിരുന്നു , രാവിലെതന്നെ ഞങ്ങൾ ആശുപത്രിയിൽ പോയി അവിടെ രണ്ടുദിവസം കെടക്കണമെന്ന് ഡോക്ടർ പറഞ്ഞു . ശ്രീദേവി എന്റെകൂടെ ഹോസ്പിറ്റലിൽ നിന്നു, നീതുമോൾ അമ്മൂമ്മയുടെ കൂടെ വീട്ടിലായിരുന്നു എന്നും രാവിലെയും വൈകിട്ടും അവൾ ഹോസ്പിറ്റലിൽ വന്നിട്ടേ പോകാറുള്ളൂ ..പക്ഷെ അന്ന് അവളെ അങ്ങോട്ട് കണ്ടതേയില്ല .വിളിച്ചപ്പോൾ പഠിക്കാനുണ്ടെന്നും പറഞ്ഞു പെട്ടെന്ന് ഫോൺ വച്ചു.അല്ലെങ്കിലും ആളൊരു തൊട്ടാവാടിയാണ് അതുകൊണ്ടുതന്നെ ഞാനതത്ര കാര്യമാക്കിയില്ല . ഹോസ്പിറ്റലിൽനിന്നും വന്നപ്പോഴേക്കും നീതുമോൾ കോളേജിൽ പോയിരുന്നു ..അവൾ തിരിച്ചുവന്നിട്ടും എന്റടുക്കലേക്കൊന്ന് വന്നുപോലുമില്ല . ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു അവൾ ഞാൻ ചെന്നതറിഞ്ഞതായി തോന്നിയില്ല എന്തോ വലിയ ആലോചനയിലായിരുന്നു അവൾ ..” എൻറെ വാവാക്കിതെന്തുപറ്റി ” ഞാൻ അവളുടെ തോളത്തുകൈവച്ചു ..പെട്ടെന്നവൾ ഞെട്ടി എൻറെ നേരെ തിരിഞ്ഞു .” അച്ഛനൊന്നു വിളിച്ചിട്ടു മുറിയിലേക്ക് കയറിവന്നുകൂടെ ” അവളിൽ ഇതുവരെ കാണാത്തൊരു ഭാവം. “മോളെ ഞാൻ …” ഞാൻപറഞ്ഞതൊന്നും കേൾക്കാതെ അവൾ ദേഷ്യത്തിൽ മുറിയിൽനിന്നിറങ്ങിപ്പോയി,‘’ ഈ പെണ്ണിനെന്തുപറ്റി ’’ എനിക്കൊരുപിടുത്തവും കിട്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ ശ്രീദേവിയും, അമ്മയും നീതുമോളും എന്തൊക്കെയോ സംസാരിക്കുന്നു .എന്നെക്കുറിച്ചാണ് സംസാരം എന്നറിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു . ” അമ്മ ഇങ്ങനെ ഓരോന്നും പറഞ്ഞു അവളെ വെറുതെ പേടിപ്പിക്കല്ലേ, ഇവളെന്ന്പറഞ്ഞാൽ മരിക്കും ഏട്ടൻ, ഒരിക്കലും ഏട്ടനവളെ വേറൊരു കണ്ണുകൊണ്ട് കാണാൻ കഴിയില്ലെന്നെനിക്കുറപ്പുണ്ട് …ഇതെങ്ങാനും ഏട്ടനറിഞ്ഞാൽ അപ്പോൾത്തന്നെ ഹൃദയം പൊട്ടിമരിക്കും ആ മനുഷ്യൻ ” ..ശ്രീദേവിയുടെ ശബ്‌ദം ഇടിവെട്ടേറ്റ പൊലയായെനിക്ക് കൈകാലുകൾ കുഴയുന്നപോലെ.. ” ഞാൻ ആരേയും പേടിപ്പിക്കാൻ വേണ്ടിപറഞ്ഞതല്ല,കാലം അത്ര നല്ലതല്ല സൂക്ഷിക്കണം അതേ ഞാൻ പറഞ്ഞുള്ളു, എന്തായാലും സ്വന്തം അച്ഛനൊന്നുമല്ലല്ലോ ” ശ്രീദേവിയുടെ അമ്മയാണ് .. ” അമ്മ ഇത്രയും നാളെന്തിനാ എന്നിൽനിന്നും ഇതൊക്കെ മറച്ചുപിടിച്ചത് ..അല്ലെങ്കിലും എന്റച്ഛൻ മരിച്ചപ്പോൾ അമ്മയെന്തിനാ വേറെ കല്യാണം കഴിച്ചത് നമുക്കിവിടുന്ന് എങ്ങോട്ടെങ്കിലും പോകാം അമ്മേ ” നീതുമോൾ കരയുന്നുണ്ടായിരുന്നു.. ” അമ്മക്കിപ്പോൾ സന്തോഷമായല്ലോ അല്ലേ .. ഞാൻ എന്തിനാണ് വേറെ കല്യാണം കഴിച്ചതെന്ന്നിനക്കറിയണം അല്ലേ .നിൻറെ മുത്തശ്ശി അതൊന്നും പറഞ്ഞുതന്നില്ലേ , അല്ലെങ്കിലും എങ്ങിനെ പറയും ഒരു ബാധ്യത ഒഴിപ്പിക്കുംപോലെ എന്നെ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെച്ചതാണിവർ, ആ മനുഷ്യനില്ലെങ്കിൽ തെരുവിൽ അലയേണ്ടിവരുമായിരുന്നു ഞാനും നീയും.. ആർക്കുവേണമെങ്കിലും പോകാം പക്ഷെ എൻറെ മരണംവരെ ഞാൻ ഇവിടെത്തന്നെ കഴിയും ..” അറിയാതെ ശബ്‌ദം ഉയർന്നുപോയതിനാലാവും അവൾ ചുറ്റുപാടുമൊന്നു നോക്കി. ഞാൻ തൂമ്പയുമായി പറമ്പിലേക്കിറങ്ങി ..ഹൃദയം നുറുങ്ങുന്നവേദന ഒന്നുപോട്ടിക്കരയാൻ കഴിഞ്ഞെങ്കിലെന്ന് ഞാനാശിച്ചുപോയി ..ആകെയൊരു വെപ്രാളം ഒന്നിലും മനസ്സുറക്കുന്നില്ല , ഒരുനിമിഷംകൊണ്ട് ആരുമില്ലാത്തവനായി മാറിയപോലെ , എത്രനേരം അവിടിരുന്നു എന്നെനിക്കറിയില്ല രാത്രിയായിത്തുടങ്ങി , മനസ്സ് തെല്ലൊന്ന് ശാന്തമായപ്പോൾ പതുക്കെ വീട്ടിലേക്കുനടന്നു . വീട്ടിൽ ചെന്നപ്പോൾ ശ്രീദേവി പൂമുഖത്തുതന്നെയുണ്ടായിരുന്നു ” ഏട്ടനിതെവിടായിരുന്നു ഇത്രനേരം ഞാൻ പേടിച്ചുപോയി ” ഞാൻ ഒന്നും മിണ്ടിയില്ല ..മോളെവിടെ അറിയാതെ പതിവുചോദ്യം പുറത്തുവന്നു. ” അവൾ അമ്മയുടെ കൂടെ പോയി അവൾക്ക് രണ്ടുദിവസം അവിടെ നിൽക്കണമെന്ന് ..ഏട്ടൻവന്നു ചോദിച്ചിട്ടുപോകാൻ നിന്നതാ നേരം വൈകിയതുകൊണ്ട് ഞാൻ പറഞ്ഞു പൊയ്ക്കോളാൻ ” ഉം ..ഞാനൊന്നു മൂളുകമാത്രം ചെയ്തു. കിടന്നിട്ടുറക്കം വരുന്നില്ല ..ഒറ്റദിവസംകൊണ്ട് എല്ലാസന്തോഷവും അവസാനിച്ചു .ശ്രീദേവി അപ്പോഴും കരയുന്നുണ്ടായിരുന്നു ..” താൻ വിഷമിക്കേണ്ടെടോ കുറച്ചുദിവസം കഴിയട്ടെ നമുക്ക് അവളെ പറഞ്ഞു മനസിലാക്കാം ” ഞാനവളെ ആശ്വസിപ്പിച്ചു . രണ്ടുദിവസം എന്നുപറഞ്ഞുപോയ നീതുമോൾ ഒരാഴ്ചയായിട്ടും വന്നില്ല ..ശ്രീദേവി പലവട്ടം വിളിച്ചു എന്നിട്ടും അവൾ വന്നില്ല , അവൾ അവിടെനിന്നും കോളേജിൽ പോകുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.. എന്നോടൊന്ന് സംസാരിക്കാൻപോലും അവൾ കൂട്ടാക്കുന്നില്ല. അപ്രതീക്ഷിതമായി ഒരുദിവസം ഞാൻ നീതുമോളെ ടൗണിൽ വച്ചുകൊണ്ടു , കൂടെ ഒരുപയ്യനും അവരുടെ നിൽപ്പും സംസാരവും എനിക്കത്ര പന്തിയായിതോന്നിയില്ല.അവരറിയാതെ ഞാനവരെ ശ്രദ്ധിച്ചു, അവർ രണ്ടുപേരും സംസാരിച്ചുകൊണ്ട് ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്ന് ഒരു കാറിനടുത്തെത്തി അവൻ ചുറ്റുപാടും നോക്കുന്നുണ്ട് നീതുമോളതൊന്നും ശ്രദ്ധിക്കുന്നേയില്ല ഫോണിലെന്തോ നോക്കികൊണ്ടുനിൽക്കുകയാണവൾ .അവൾ ഡോറുതുറന്നകത്തുകയറി,എനിക്കൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.അവൻ കാറിലേക്ക് കയറാൻ തുടങ്ങിയതും ഞാൻ കാറിനടുത്തേക്കോടി. ഞാനവിടെ ചെന്നപ്പോൾ നീതുമോൾ കാറിനകത്തുകിടക്കുകയായിരുന്നു,ബോധംനഷ്ടപെട്ടവളെപ്പോലെ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന പയ്യൻ എൻറെ അടുത്തേക്ക് വന്നു ” ഹേ ആരാ നിങ്ങൾ ” അവൻ എൻറെ ഷർട്ടിൽ പിടിച്ചു വലിച്ചു എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു , ഞാൻ അവൻറെമുഖമടച്ചൊന്നുകൊടുത്തു. കാര്യം കൈവിട്ടുപോകുകയാണെന്ന് മനസ്സിലാക്കിയ അവൻ ഇറങ്ങിയോടി നീതുമോൾ കുടിച്ചവെള്ളത്തിൽ മയക്കുമരുന്നുപോലെന്തോ കലർത്തിയിട്ടുണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായി പകുതി കാലിയായ കുപ്പി കാറിൽ കിടപ്പുണ്ടായിരുന്നു. ഉടൻ തന്നെ ഞാനൊരു ടാക്സി വിളിച്ചു മോളെ വീട്ടിലേക്ക് കൊണ്ടുപോയി , വീട്ടിലെത്തിയിട്ടും ഒരുപാട് സമയമെടുത്തു മോൾക്ക് ബോധം തിരിച്ചുകിട്ടാൻ,എല്ലാം മനസ്സിലായപ്പോൾ അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. ” അച്ഛനെന്നോടു പൊറുക്കണം, പെട്ടൊന്നൊരുദിവസം എൻറെ അച്ഛനല്ലെന്നറിഞ്ഞപ്പോൾ മനസ്സിൽതോന്നിയ വിഷമം വെറുപ്പായിമാറുകയായിരുന്നു എല്ലാത്തിനോടും ഒരുതരം വെറുപ്പ് ,പിന്നെ അമ്മൂമ്മ ഓരോന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നോടുകാണിച്ചസ്നേഹംപോലും അഭിനയമായിരുന്നോ എന്നുഞാൻ സംശയിച്ചുപോയി അച്ഛനടുത്തുവരുമ്പോൾ എന്തോ ഒരു പേടി ..എനിക്കിങ്ങോട്ട് വരാൻതന്നെ ഭയമായിരുന്നു. വിഷ്ണു അവൻറെ ബെസ്ററ് ഫ്രണ്ട് ആയിരുന്നു ഞാനവനോടെല്ലാം തുറന്നുപറഞ്ഞിരുന്നു .സഹതാപംനടിച്ചടുത്തുകൂടി അവനെന്നെ ചതിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലായില്ല ” ഞാനവളുടെ മുടിയിൽ മെല്ലെ തലോടി, ” ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരുനിമിഷംകൊണ്ട് നിനക്ക് ഞാനച്ഛനല്ലാതായി മാറുമോ വാവേ.. സാരമില്ല നീ ഒരു കുസൃതി കാണിച്ചതായിക്കണ്ട് അച്ഛനിതു മറന്നോളം..”എൻറെ കണ്ണുകളും നിറഞ്ഞു . എവിടെയൊക്കെയോ ചിലരെല്ലാം മക്കളാണെന്നുപോലും നോക്കാതെ ചെയ്തുകൂട്ടുന്ന വൃത്തികേടുകൾകാരണം കുട്ടികൾ സ്വന്തം അച്ഛനെയും സഹോദരനേയും പോലും സംശയത്തോടെ നോക്കുന്ന അവസ്ഥ, എവിടെയൊക്കെയോ ഇരുന്നു ആരെല്ലാമോ അവരുടെ മനസ്സിൽ വിഷം കുത്തിവെക്കുന്നു ..ഒരു ചെറിയ സാഹചര്യം ഒത്തുവന്നാൽ അവരെ കുടുക്കാൻ വലവിരിക്കുന്ന കഴുകൻ കണ്ണുകളാണെങ്ങും , നല്ലതേത് ചീത്തയേതെന്ന് തിരിച്ചറിയാൻ കഴിയാതെപോകുന്നത് അവരുടെ കുറ്റമല്ല ,അതുവിരൽചൂണ്ടുന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ അധഃപതനത്തിലേക്കാണ്

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!