Connect with us

ബന്ധങ്ങൾ

എന്റെ ഷമ്മീസ്കാരി

Published

on

രചന : സിയാദ് ചിലങ്ക
മനസ്സിൽ ഗൾഫ് മോഹം പതിനഞ്ച് വയസ്സ് മുതൽ തുടങ്ങിയതാണ്, ദിവസവും സ്വപ്നം കാണുന്നത് വിമാനത്തിൽ പറന്ന് പോയി ,വലിയ കാശ്കാരൻ മുതലാളിയായി തിരിച്ച് വരുന്നതാണ്. ചിറക് മുളച്ച് പറക്കാൻ വെമ്പി നിൽക്കുകയായിരുന്ന ഞാൻ അത് കൊണ്ട് തന്നെ ഇരുപത് വയസ്സ് തികയും മുമ്പ് തന്നെ ദുബായ് എന്ന സ്വപ്നനഗരിയിൽ കാല് കുത്തി. വിമാനം കയറിയപ്പോൾ എന്നോടൊപ്പം മറ്റൊരു സ്വപ്നവും കൂടെ കയറിയിരുന്നു, ‘ഷെമീന ‘ പ്രതീക്ഷിച്ച പോലത്തെ ജോലി ആയിരുന്നില്ല കിട്ടിയത്, ചെറിയ സാലറി അതു മാത്രമല്ല രണ്ടും മൂന്നും മാസമെത്തുമ്പോൾ മാത്രമെ കിട്ടു, ജോലിഭാരത്തിന് കുറവ് ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും വട്ട മുഖത്തെ ആ നീലക്കണ്ണുകൾ എന്നെ കാത്തിരിക്കുമെന്ന ചിന്തയിൽ കഷ്ടപ്പാടിനോട് പോരടിക്കാനുള്ള ഊർജ്ജം കിട്ടി. രണ്ട് വർഷം ആ കമ്പനിയിൽ ജോലി എടുത്തു, പുതിയ കമ്പനിയിൽ മാന്യമായ ശമ്പളം ഉള്ള നല്ല ഒരു ജോലി ശരിയാക്കിയാണ് നാട്ടിലേക്ക് വിമാനം കയറിയത്, മനസ്സ് നിറയെ സന്തോഷം തിരതല്ലി വരുന്നുണ്ടായിരുന്നു, ഉമ്മാനെയും വാപ്പാനെയും അനിയനെയും കാണാൻ പോകുന്ന സന്തോഷം, ഷെമീനയെ കാണാൻ ഉള്ള വെമ്പൽ എല്ലാം നിറഞ്ഞ് കവിഞ്ഞ് ഖൽബ് ” ടക്… ടക്…” അടിക്കുന്നു. പിറ്റേ ദിവസം രാവിലെ തന്നെ അവൾ പഠിക്കുന്ന സ്കൂളിൽ ചെന്നു. ബസ്സ് ഇറങ്ങി പോകുന്ന അവൾ എന്നെ കണ്ടു, കടക്കണ്ണ് കൊണ്ട് ഒരു ഏറ് നോട്ടവും പുഞ്ചിരിയും പാസ്സാക്കി യൂണിഫോമിൽ കൂട്ടുകാരികളുമൊത്ത് സ്കൂളിൽ കയറി പോയി. അവൾക്ക് സമ്മാനിക്കാനായി കൊണ്ട് വന്ന നീല കല്ല് വെച്ച മോതിരം പോക്കറ്റിൽ തന്നെ ഉണ്ട്, സ്കൂൾ വിട്ട് ഇറങ്ങുമ്പോൾ സമ്മാനിക്കാം. ദുബായിലേക്ക് പോകുമ്പോൾ ഒമ്പതാം ക്ലാസ്സ്കാരിയായിരുന്നു, ഇന്ന് പ്ലസ്സ് വൺ കാരിയായി ഷമീന, അവളുടെ പുഞ്ചിരിയിൽ അറിയാം അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് ഇന്നും അവളുടെ മനസ്സിൽ മായാതെ തന്നെ നിൽക്കുന്നുണ്ട് എന്ന്. ” ടാ നീ എന്ന് എത്തിയെടാ?….” തിരിഞ്ഞ് നോക്കിയപ്പോൾ അനുവാണ്… മാമാടെ മകൻ, പ്രായത്തിൽ അഞ്ച് വയസ്സ് ഇളയതാണെങ്കിലും എടാ പോടാ ബന്ധമാ ഞങ്ങൾ തമ്മിൽ അവന്റെ കയ്യിലാണ് ആദ്യമായി എഴുതിയ പ്രേമലേഖനം അവൾക്ക് നൽകാനായി കൊടുത്തത്, അന്ന് ഷെമീനയും അനുവും ഒമ്പതിൽ തന്നെയാണെങ്കിലും വേറെ വേറെ ഡിവിഷനിലായിരുന്നു, ഇപ്പോൾ പ്ലസ് വൺ ഒരുമിച്ചാണ്. ” അനു ഞാൻ ഇന്നലെ രാത്രി എത്തിയെടാ… എന്താ നിന്റെ വിശേഷം ” “സുഖം… രാവിലെ തന്നെ ഇങ്ങോട്ട് പോന്നു അല്ലെ, മനസ്സിലായി ലവളെ കാണാനാവും, പൊന്ന് മോനെ ആ കേസ് വിട്ടേക്ക് അവൾക്ക് വേറെ ആള് ഉണ്ട് ഇപ്പോൾ ഇത് നമുക്ക് ശരിയാവില്ല…” അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് സമ്മാനിക്കാൻ കൊണ്ട് വന്ന മോതിരമിട്ട ചെപ്പ് പോക്കറ്റിൽ കിടന്നു വിറച്ചു. ഹൃദയത്തിന് പെട്ടെന്ന് ഒരു വേദന വന്നു, അനു തമാശ പറയുന്നവനല്ല, എന്നോട് ആത്മാർത്ഥതയും സ്നേഹവും ഉള്ളവനാണ്. ശരിയായിരിക്കും അന്ന് ഗൾഫിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ ഇന്നത്തെ പോലെ സാർവ്വത്രികമായിരുന്നില്ല, ദുബായിൽ ചെന്ന് നാലഞ്ച് മാസം കഴിഞ്ഞാണ് ആദ്യമായി ഒരു ഫോൺ വാങ്ങിയത്. യാതൊരു കോണ്ടാക്റ്റും ഇല്ലാതിരുന്നപ്പോൾ അവൾ മറന്ന് കാണും. മനസ്സിൽ വേദനയുണ്ടെങ്കിലും പുഞ്ചിരിച്ച് കൊണ്ട് അവനോട് യാത്ര പറഞ്ഞ് തിരിച്ച് പോന്നു. ഒരു മാസം കൂട്ടുകാരുടെ കൂടെ സിനിമ, കറക്കം, അടിച്ച് പൊളിച്ചു വീണ്ടും ദുബായിലേക്ക് തിരിച്ച് കയറി. പുതിയ കമ്പനിയും ജോലിയും വളരെ മികച്ചതായിരുന്നു. സന്തോഷത്തോടെ മനസ്സ് ഫ്രീയായി ജോലിൽ തുടരവെ ഒരു ദിവസം ചെറിയ ഒരു ആക്സിഡന്റ്. വലത്തെ കയ്യിലെ നടുവിരലാണ് ഒടിഞ്ഞത്, വിരൽ ഒടിഞ്ഞപ്പോൾ നല്ലവേദന അന്ന് ഉണ്ടായിരുന്നു, ഇന്ന് ഓർക്കുമ്പോൾ ആ വേദന സുഖമുള്ള വേദനയായി തോന്നുന്നു. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ കൈമുട്ട് വരെ പ്ലാസ്റ്റർ ഇട്ടിട്ടുണ്ടായിരുന്നു. ഒടിഞ്ഞ വിരൽ ഇളകുന്നുമുണ്ട്, വേദനയാണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല. ഡോക്ടർ ഒരു ഈജിപ്ഷ്യൻ ആയിരുന്നു, നേരെ കമ്പനിയിൽ ചെന്നു എച്ച് ആർ മാനേജറെ ചെന്ന് കണ്ടു, ഒരു മാസത്തെ മെഡിക്കൽ ലീവ് എഴുതി തന്നിട്ടുണ്ടായിരുന്നു വിദഗ്ത്തനായ ഡോക്ടർ. നാട്ടിലെക്ക് പോകാൻ പെർമിഷൻ വാങ്ങി നേരെ ട്രാവൽസിൽ ചെന്ന് പിറ്റേ ദിവസത്തെ തന്നെ ടിക്കറ്റ് എടുത്തു. എയർപോർട്ടിൽ പോകുന്നതിന് മുമ്പ് പ്ലാസ്റ്റർ ഞാൻ തന്നെ വെട്ടി, വിരലിൽ ചെറുതായി നീര് ഉണ്ടായിരുന്നു. നാട്ടിലെ നമ്മുടെ കൊടുങ്ങല്ലൂർ ചെന്ന് എല്ല് ഡോക്ടറെ കണ്ടപ്പോൾ, ഒടിഞ്ഞ നടുവിരലും ചൂണ്ടുവിരലും ചേർത്ത് ചുറ്റി കെട്ടിവെച്ചു, രണ്ടാഴ്ച കഴിഞ്ഞാൽ അതും ഊരാൻ പറ്റും, മുട്ട് വരെ പ്ലാസ്റ്റർ ഇട്ട അറബി ഡോക്ടറെ ഒന്ന് കൂടി സ്മരിച്ചു. നാട്ടിൽ എത്തിയപ്പോൾ ഒരു സന്തോഷ വാർത്ത, മൂത്തുമ്മാടെ ( ഉമ്മയുടെ ചേച്ചി ) മകളുടെ കല്യാണം. എന്തായാലും നാട്ടിൽ വന്നത് മുതലായി കല്യാണം കൂടാനായല്ലൊ. കല്യാണത്തലേന്ന് പറ്റിയ പെൺപിള്ളേര് വന്നിട്ടുണ്ടോ എന്ന് പരതി ,തെറ്റിദ്ധരിക്കണ്ട വായ് നോക്കാനല്ലാട്ടൊ ഒരു പെൺകുട്ടിയുടെ സ്നേഹം കിട്ടണം അടുത്തിടപെഴകണം എന്നെല്ലാം മനസ്സിൽ അടങ്ങാത്ത മോഹം. കൂടപ്പിറപ്പായി ഒരു പെങ്ങൾ കൂടി ഇല്ലാത്ത ഞാൻ ഒരു പെൺകുട്ടിയുടെ സ്നേഹത്തിനായ് കൊതിച്ചു.പക്ഷെ കല്യാണവീട് ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല മനസ്സിനിണങ്ങിയ ഒരെണ്ണത്തിനെ കാണുന്നില്ല. മൈലാഞ്ചി പരിവാടികൾ നടക്കുമ്പോൾ പ്രത്യേകിച്ച് ഒരു പരിവാടി ഇല്ലാതെ മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ മൂത്തുമ്മാടെ പത്ത് വയസ്സ് പേരക്കുടി പപ്ലു (മുംതാസ് ) അടുത്ത് വന്നു. “ഇക്കാക്ക ഞങ്ങൾക്ക് നാളെ രാവിലെ കുറച്ച് മുല്ലപ്പൂവ് വാങ്ങി തരോ?…. കുറച്ച് അധികം വേണം” “എന്തിനാ പപ്ലു കുറേ മുല്ലപ്പൂവ് നിന്റെ കുഞ്ഞിത്തലയിൽ വെക്കാനാണോ?” “എനിക്ക് മാത്രമല്ല കൊടകരയിൽ നിന്ന് എന്റെ അക്കച്ചിമാർ (ചേച്ചിമാർ)വരുന്നുണ്ട്,അവർക്കും കൂടിയാ…” അപ്പോഴാണ് മനസ്സിൽ ഒരു പൂത്തിരി ചെറുതായി കത്തി തുടങ്ങി.പണ്ട് അവരെ കണ്ടിട്ടുണ്ട്, അന്ന് നല്ല സുന്ദരിക്കുട്ടികൾ ആയിരുന്നു. ഇന്ന് വലുതായിട്ടുണ്ടാവും.. ” പപ്ലു നിനക്ക് മുല്ലപ്പൂവ് മാത്രം മതിയോ?.. വേറെ വല്ലതും വേണോ?…. പിന്നെ അക്കച്ചിമാർ എത്രയിലാ പഠിക്കുന്നത്?….” “വലിയ അക്കച്ചിയുടെ പേര് “നിഖിത “പ്ലസ് ടു കഴിഞ്ഞു ചെറിയ അക്കച്ചി “ഫർഷാന” ഒമ്പതിൽ….” ” നിഖിത ” നല്ല പേര്…. എന്തായാലും ഒന്ന് ശ്രമിക്കാം , ഷിമ്മീസ് ഇട്ട് ഓടി കളിക്കുന്ന ഭംഗിയുള്ള രണ്ട് കണ്ണുകൾ ഉള്ള ഒരു പെൺകുട്ടിയുടെ ചിത്രം മനസ്സിൽ ഓടി വന്നു. രാവിലെ തന്നെ ഒരു ‘കൂട്’ മുല്ലപ്പൂവ് വാങ്ങി പപ്ലുവിന് കൊടുത്തു…. ” നിന്റെ വലിയ അക്കച്ചിനോട് ഇന്ന് വരുമ്പോൾ തന്നെ എന്റെ അന്വേഷണം പറയണം.. നിനക്കും കൂട്ടുകാരികൾക്കും എന്റെ വക വയറ് നിറയെ ഐസ് ക്രീം ” രാവിലെ മുതൽ വഴിയിൽ കണ്ണും നട്ട് നിന്നു. ഷമ്മീസ് കാരി വരുന്നതും നോക്കി…. ദാ വരുന്നു,ആ കണ്ണുകൾ കണ്ടപ്പോഴെ ആളെ മനസ്സിലായി, മനസ്സ് ഞാനറിയാതെ തന്നെ പറയുന്നത് കേട്ടു, ‘ഇതാണ് നിന്റെ പെണ്ണ്’ എന്ന്.. ” എന്നെ അറിയോ?” അവളുടെ മുമ്പിൽ ചെന്ന് നിന്ന് ചോദിച്ചപ്പോൾ…. കുറച്ച് നേരം ആലോചിച്ച് നിന്നു മനസ്സിലായി എന്ന് പറഞ്ഞു, അവളുടെ പുഞ്ചിരി കണ്ടപ്പോൾ മനസ്സ് ഒന്ന് തണുത്തു . എന്റെ കൈക്കൂലിയിൽ പപ്ലു വീണു, അവളുടെ ഡ്യൂട്ടി കറക്റ്റായി അവൾ ചെയ്തു. ജോലിയിൽ ആത്മാർത്ഥതയുള്ള അവൾ അക്കച്ചിയോട് ഒരു പഞ്ച് ഡയലോഗും കാച്ചി.. ” അക്കച്ചി സിയാദ് ക്കാക്ക പാവമാ, ഇക്കാക്കാനെ കല്യാണം കഴിച്ചാൽ പൊന്ന് പോലെ നോക്കും” കല്യാണത്തിന് കോഴി ബിരിയാണി വെച്ചത് അവളുടെ വാപ്പ ആയിരുന്നു. കല്യാണ വീട്ടിൽ അവൾ പോകുന്നിടത്തെല്ലാം എന്റെ കണ്ണുകളും സഞ്ചരിച്ചു, പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ഞങ്ങൾ പരസ്പരം പറയാതെ പറഞ്ഞു ‘ഇഷ്ടമായി ‘എന്ന്… അവളുടെ വാപ്പ വെച്ച ബിരിയാണി അവൾക്ക് തന്നെ ഞാൻ വിളമ്പി ,ചിക്കന്റെ വലിയ രണ്ട് പൊരിച്ച കാലുകൾ അവളുടെ പ്ലെയ്റ്റിലേക്ക് ഇട്ട്…. “നല്ല ബിരിയാണിയാ കഴിച്ചോ…” എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു. പക്ഷെ എന്റെ ദൂദ് ഏൽപ്പിച്ച ഹംസം തന്നെ എനിക്ക് പണി തന്നു.അന്ന് ഉപജില്ലാ കലോൽത്സവം നടക്കുന്ന ദിവസം ആണ്.പപ്ലു കലാകാരിയാണ് അവളുടെ രണ്ട് മൂന്ന് ഐറ്റം ഉണ്ട്. അവളെ കൊണ്ട് പോകുന്ന ചുമതല എനിക്ക് കിട്ടിയത്. മനസ്സില്ലാ മനസ്സോടെ ഷമ്മീസ് കാരിയെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. ഇനിയെന്ന് കാണുമെന്നറിയില്ല, ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. ദിവസങ്ങൾ കുറച്ച് കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി അവളുടെ വീട്ടിലേക്ക് പോകാൻ ഒരു അവസരം കിട്ടി. പപ്ലുവിനെയും അനിയനെയും ബൈക്കിലിരുത്തി അവളുടെ വീടിന്റെ മുറ്റത്ത് വന്ന് നിന്നു. ഞങ്ങളെ കണ്ടതും കുളിക്കാതെയും നടക്കാതെയും സൊറ പറഞ്ഞിരിക്കുകയായിരുന്നു ജ്യേഷ്ടത്തിയും അനിയത്തിയും, അപ്രതീക്ഷിതമായ എന്നെ കണ്ട അമ്പരപ്പ് അവളുടെ മുഖത്ത് നിന്ന് മായാൻ ഒത്തിരി സമയം എടുത്തു. അവർ മാത്രം വീട്ടിൽ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് കുറേ നേരം സംസാരിച്ചിരിക്കാൻ സൗകര്യമായി.അവർ പഴയ ഒരു വാടക വീട്ടിലായിരുന്നു ,കുറച്ച് അപ്പുറത്ത് വീടിന്റെ പണി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ആ വീട് കാണാൻ പോയി….. വീടിന്റെ ഉൾവശം കാണിച്ച് നടക്കുന്ന അവളുടെ പിറകിലൂടെ ഞാൻ നടന്നു. അവളുടെ സംസാരവും പെരുമാറ്റവും ഒരു പാവം കുട്ടിയാണെന്ന് മനസ്സിലായി. എന്തിലും ഒതുങ്ങി ജീവിക്കും, എന്നും കൂടെ ഉണ്ടാവും എന്ന് മനസ്സ് മന്ത്രിച്ചു. ബെഡ് റൂം കാണിച്ച് തന്നപ്പോൾ.. ” ഈ മുറി മതി നമുക്ക് ” പെട്ടെന്നുള്ള എന്റെ സംസാരം അവളിൽ നാണവും പരിഭ്രമവും മുഖത്ത് നിഴലിച്ചു. അവിടെ നിന്ന് മടങ്ങിയപ്പോൾ “എനിക്ക് ഇഷ്ടമായി, എന്നെ ഇഷ്ടമായെങ്കിൽ ഈ നമ്പറിൽ വിളിക്കു, ഞാൻ വീട്ടിൽ സംസാരിക്കാം… ” തിരിച്ച് ദുബായിലേക്ക് കയറുമ്പോൾ മനസ്സ് നിറയെ ഷമ്മീസ് കാരിയായിരുന്നു…. കാത്തിരിക്കാൻ അവൾ ഉണ്ടെന്ന വിശ്വാസത്തിൽ സന്തോഷത്തോടെ യാത്ര തിരിച്ചു… “കടുക്കനിട്ടവൾ പോയാൽ കമ്മലിട്ടവൾ വരും ” എന്നോ മറ്റോ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്…. വാവാച്ചിയേയും പാപ്പൂസിനെയും ഉറക്കി എന്റെ നെഞ്ചിൽ തലവെച്ച് കിടന്ന അവളുടെ തലയിൽ തഴുകി കാതിൽ വിരലുകൾ തൊട്ടപ്പോൾ ഓർത്തു. ആകെ ഉണ്ടായ കമ്മലും പണയത്തിലാണ്.. ഗൾഫ് നിറുത്തി വന്ന് നാട്ടിൽ പടവെട്ടുന്ന എനിക്ക് ഓരോ കാര്യത്തിന് ചോദിക്കും മുമ്പ് ഊരി തരും…. എന്റെ മണവാട്ടി…. എന്റെ ഉയർച്ചയിലും താഴ്ചയിലും എന്റെ കൈപ്പിടിച്ച് എന്റെ കൂടെ പരിഭവങ്ങൾ പറയാത്ത എന്റെ ഷമ്മീസ്കാരി….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular