Connect with us

ബന്ധങ്ങൾ

പറയാൻ മറക്കരുതാത്തത്

Published

on

രചന: അമ്മു സന്തോഷ്
” അഞ്ജലി നിനക്കൊരു വിസിറ്റർ ” സ്നേഹ വന്നു പറഞ്ഞപ്പോൾ അഞ്ജലി തന്റെ മുന്നിലെ കുട്ടികളോട് പറഞ്ഞു കൊടുത്ത ചുവടുകൾ ഒന്ന് കൂടെ നോക്കാൻ പറഞ്ഞിട്ടു നൃത്ത അക്കാദമിയുടെ വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു. തന്നെ കാത്ത് നിൽക്കുന്ന ആളെ കണ്ടു അവളുടെ ഉള്ളിൽ വെറുപ്പ് നുരഞ്ഞു ” അർഷാദ് ” ബാലുവിന്റെ കൂട്ടുകാരൻ .. ” ഹായ് അഞ്ജലി ” ഫോണിൽ കിട്ടുന്നില്ല അതാണ്‌ “അയാൾ കുറുക്കന്റെ മാതിരി ഒരു ചിരി ചിരിച്ചു ‘ ” അർഷാദ് പലതവണ ഞാൻ പറഞ്ഞതാണ് എനിക്ക് താല്പര്യം ഇല്ല എന്ന്. ബാലുവിന്റെ സുഹൃത്തായതു കൊണ്ടാണ് ഞാൻ ഇത്രയും മര്യാദ കാണിയ്ക്കുന്നത് അല്ലെങ്കിൽ ഞാൻ പോലീസിൽ കംപ്ലൈന്റ്റ് ചെയ്യുമായിരുന്നു ” അവൾ വെറുപ്പോടെ പറഞ്ഞു ,,, അയാൾ ഒന്ന് ചിരിച്ചു ” പോലീസ് ഒക്കെ കോമഡി അല്ലെ മോളെ ..ഞാൻ എന്താണ് ചെയ്യുന്നത് ?എനിക്ക് തന്റെ സുഹൃത്തായിരിക്കാൻ ഇഷ്ടം ആണ് .

തന്നെ എനിക്ക് വലിയ ഇഷ്ടം ആണ് …ജസ്റ്റ് കുറച്ചു ടൈം ഒന്നിച്ചു ചെലവഴിക്കണം ഒരു കോഫീ. ഒരു സിനിമ . വല്ലപ്പോളും ഒരു ഔട്ടിങ് ..ഇത് ബാലു അറിയുമോ ? അവനു തിരക്കല്ലേ ?’ സത്യത്തിൽ നീയും ഇതൊക്കെ ആഗ്രഹിക്കുന്നില്ലേ അഞ്ജലി? അവൻ നിന്നെ പുറത്തു കൊണ്ട് പോയിട്ടു എത്ര നാളായി എന്ന് എനിക്ക് അറിയാം .” “ദാറ്റ് ഈസ് നൺ ഓഫ് യുവർ ബിസിനെസ്സ് ” അഞ്ജലി പൊട്ടിത്തെറിച്ചു “ചൂടാവല്ലേ ? എന്തിനാണ് ഈ ദേഷ്യം ? ഇതൊക്കെ എല്ലായിടവും നടക്കുന്നതാണ് ..വീണ്ടും പറയുന്നു എനിക്ക് നിന്നെ വലിയ ഇഷ്ടമാണ് ..നിന്റെ കണ്ണുകൾ നിന്റെ ചിരി ദേ ഈ ദേഷ്യം പോലും ” അഞ്ജലി പെട്ടന്ന് തിരിഞ്ഞു നടന്നു അവളുട കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .എന്തൊരു അപമാനമാണ് ഇത് ? വിവാഹം കഴിഞ്ഞ നാളുകളിലെ ബാലുവിൽ നിന്ന് ഇന്നത്തെ ബാലു ഒരു പാട് മാറിപ്പോയിരിക്കുന്നു ബിസിനെസ്സ് കൂടി. തിരക്കുകൾ കൂടി .തന്നെ ശ്രദ്ധിക്കാൻ നേരമില്ലാതായി. അവൾ പണ്ടത്തെ ബാലുവിനെ ഓർത്തു .തമാശകൾ പറഞ്ഞ്, പാട്ടുകൾ പാടി ,കഥകൾ വായിച്ചു കേൾപ്പിച്ച് ,,,തന്നെ കൊച്ചു കുഞ്ഞിനെ പോലെ ലാളിച്ച്‌ ..തന്റെ കാൽവിരൽതുമ്പുകളെ ഉമ്മകൾ കൊണ്ട് മൂടുന്ന പ്രാണയാർദ്രനായ ബാലു …പാചകം ചെയ്തു തന്നെ ഊട്ടുന്ന ..തനിക്കു പുടവ ചുറ്റി തന്ന്, നീളൻ മുടിയിൽ മുല്ലപ്പൂ വച്ചു തന്ന് …തന്നെ ഒരുക്കുന്ന തന്റെ ബാലു …താൻ നൃത്തം ചെയുമ്പോൾ ആരാധനയോടെ നോക്കിയിരിക്കുന്ന ഒടുവിൽ തളരുമ്പോൾ വാരിയണച് തഴുകുന്ന …ആ ബാലു ഇപ്പോൾ എവിടെയാണ് ?

ബാലു മാറിപ്പോയെങ്കിലും താൻ ഇന്നും നിന്നിടത്തു തന്നെ നിൽക്കുകയാണ് ..ബാലുവിനെ മാത്രം ഓർത്ത്. സൂര്യനെ ധ്യാനിക്കുന്ന സൂര്യകാന്തി പൂ പോലെ. ബാലു വരുമ്പോൾ അഞ്ജലി എത്തിയിട്ടില്ല .മീറ്റിംഗുകൾ ക്യാൻസൽ ചെയ്തത് കൊണ്ട് അവൻ ഇന്ന് നേരെത്തെ പോരുന്നു .അഞ്ജലിയുമൊത്തു ഒന്ന് പുറത്തു പോയിട്ടു മാസങ്ങളായി .പാവം താൻ അവളെ അവഗണിക്കുന്നതായി അവൾക്കു തോന്നുണ്ടാകുമോ ? ഈയിടെയായി താൻ ഒരു മുരടനായി മാറി.ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ .അവൻ സെറ്റിയിൽ ഇരുന്നു .ഒന്ന് കൂടെ വിളിച്ചു നോക്കി അവളുട മൊബൈൽ ടീപ്പോയിൽ കിടന്നു ബെൽ അടിക്കുന്നത് അവൻ കണ്ടു .ഓ മറന്നു അതാണ് .അവൻ വെറുതെ കൗതകത്തിനു അതെടുത്തു നോക്കികൊണ്ടിരുന്നു ലോക്കൊന്നുമില്ല .ഒരു മെസേജ് വന്നപ്പോൾ അവൻ വെറുതെ ഓപ്പൺ ചെയ്തു . പരിചയം ഇല്ലാത്ത നമ്പർ ആണ് .അവൾ അത് ആഡ് ചെയ്തിട്ടില്ല . ” എന്റെ പുതിയ നമ്പർ ആണ് അഞ്ജലി ..നീ എന്നെ എങ്ങനെ ഒക്കെ ബ്ളോക് ചെയ്താലും എനിക്ക് നിന്നിലേക്ക്‌ വരാൻ സാധിക്കും ..ഞാൻ വരിക തന്നെ ചെയ്യും കാരണം എനിക്ക് നിന്നെ അത്ര ഇഷ്ടം ആണ് ..നീ എന്തിനാണ് ആ ബോറനെ സഹിക്കുന്നത് .?….” ബാലു പെട്ടെന്ന് ബാക്കിയുള്ള നമ്പറുകൾ സ്ക്രോൾ ചെയ്തു നോക്കി .അർഷാദിന്റെ മെസ്സേജുകൾ അവൻ കണ്ടു ..ഒന്നിനോടും അഞ്ജലി പ്രതികരിച്ചിട്ടില്ല .അർഷാദ് മാത്രമല്ല ഫേസ് ബുക്കിൽ വന്ന പ്രണയാഭ്യര്ഥനകൾ ..മധുരവാചകങ്ങൾ ..ഏതു പെണ്ണും വീണു പോയേക്കാവുന്ന അലിവ് നിറഞ്ഞ പ്രണയം നിറഞ്ഞ വാചകങ്ങൾ അയാൾ ഫോൺ അവിടെ വെച്ചിട്ട് അനങ്ങാതെ ഇരുന്നു .അർഷാദ് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ .അവൻ തന്നോട്……ബാലുവിന് ശരീരം തീ പിടിച്ച പോലെ തോന്നി .കീ എടുത്തു എണീൽക്കാൻ തുടങ്ങിയപ്പോളാണ് അഞ്ജലി വന്നത്.

മനസ്സും ശരീരവും തണുത്ത് പോലെ അവൻ അൽപനേരം അവളെ നോക്കി നിന്ന് ” ഇപ്പൊ വരാമേ ചായ ഇട്ടു തരാം ” അവൾ മുറിയിലേക്ക് പോയി അടുക്കളയിൽ കടന്നു ചായ ഇടുമ്പോൾ ബാലു പിന്നിലൂടെ വന്നു അവളെ കെട്ടിപ്പുണർന്നു .അഞ്ജലി മെല്ലെ അവന്റെ കൈകൾ പിടിച്ചു മാറ്റി ” പ്ലീസ് ബാലു എനിക്കൊരു മൂഡില്ല ” ബാലു സ്തബ്ദ്ധതയോടെ ആ വാക്കുകൾ കേട്ടു പലകുറി താൻ അവളോട് പറഞ്ഞിട്ടുള്ളത് .. അവൻ തിരികെ മുറിയിലേക്ക് പോരുന്നു ” ” ഈ ചുരിദാർ നന്നായിട്ടുണ്ടോ ബാലു ?” ” ബാലു ഇന്ന് നമ്മുക്ക് പുറത്തു നിന്ന് കഴിക്കാം ” ” ഈ കേക്ക് എങ്ങനെ ഉണ്ട് ?’ “ഇന്ന് നമുക്കു ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ ” ” ഞാൻ ഒരു പുതിയ പല്ലവി പഠിച്ചതു ചെയ്തു കാണിക്കട്ടെ ?” ” ബാലു എന്റെ ഫ്രണ്ട് സുജ പറഞ്ഞു ഞാൻ മെലിഞ്ഞു എന്ന് ശരിയാണോ “? ” ബാലു എന്നെ ചേർത്ത് പിടിച്ചൊരു ഉമ്മ തന്നെ എനിക്ക് തണുക്കുന്നു ” അവളുട കൊഞ്ചലുകൾ. എല്ലാത്തിനും താൻ കൊടുത്തതു ഒരേ ഒരു ഉത്തരമാണ് ” ഒന്ന് മിണ്ടാതിരിക്കുമോ അഞ്ജു ..എനിക്കൊരു മൂഡില്ല .”ഓരോ പ്രോജെക്ടിന്റെയും പ്രഷർ, ടെൻഷൻ, ഇതിനിടയിൽ ഒന്നിനും മൂഡുണ്ടായിരുന്നില്ല. ” കോഫീ ” അഞ്ജലി പിന്നിൽ ” വേണ്ട ” അവൻ മെല്ലെ പറഞ്ഞു അഞ്ജലി ആ വാടിയ മുഖത്തെ സങ്കടത്തിലേക്ക് നോക്കി. അവളുടെ ഉള്ളലിവാർന്നു. ” ഒരു തവണ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ബാലുവിന് നൊന്തു അല്ലെ “?

അപ്പോൾ എന്നെ ഇത്ര നാൾ അവഗണിച്ചപ്പോൾ ഞാൻ എത്ര വേദനിച്ചു ബാലു ? ബാലുവിനറിയുമോ അർഷാദ്…” ബാലു ആ ചുണ്ടിൽ കൈ വെച്ചു ” അവനുള്ളത്‌ ഞാൻ കൊടുത്തോളം .”” ഉയർന്നു പോയ ശബ്ദം സാധാരണ പോലെയാക്കാൻ അവൻ ദീർഘമായി ശ്വാസം കഴിച്ചു അഞ്ജലി എന്റെ തിരക്കുകൾ കൊണ്ടാണ് ഞാൻ അങ്ങനെ. അതെന്റെ പ്രകൃതം ആണ് സ്നേഹമില്ലായ്മാ അല്ല ..” “അറിയാം പക്ഷെ ബാലു …പക്ഷെ പെണ്ണിന് ഇടയ്ക്കെങ്കിലും ഈ ചുമൽ വേണം ഒന്ന് വീണു പോകുമ്പോൾ തല ചായ്ക്കാൻ …അവളോട് നിന്നെ ഞാൻ സ്‌നേഹിക്കുന്നുണ്ടെന്ന് ഇടയ്ക്കെങ്കിലും ഒന്ന് പറയണം ..നിന്റ കൊച്ചു കാര്യങ്ങൾ പോലും ഞാൻ കാണുന്നുണ്ടെന്നും അറിയുന്നുണ്ടെന്നും പറയണം ..ബാലുവിനോട് എന്നെ ഒന്ന് സ്നേഹിക്കു എന്ന് ഞാൻ എങ്ങനെ കെഞ്ചും ? എനിക്ക് ഒരു ഉമ്മ തരു ബാലു എന്ന് പറയേണ്ടി വരിക എത്ര സങ്കടം ആണ് ?’അഞ്ജലി വേദനയോടെ പറഞ്ഞു ബാലു ആ സങ്കടത്തിലേക്ക് നോക്കി കൊണ്ടിരുന്നു. പിന്നെ ആ മുഖത്തു തൊട്ടു. കവിളിൽ മെല്ലെ ചുംബിച്ചു. “അങ്ങനെ എന്തിനാ മോളെ കരുതുന്നത് ? നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങൾ ഇല്ല .നീ എന്നോട് അങ്ങനെ കൊണ്ട് നീ ചെറുതാകുന്നില്ല ….നിനക്ക് പറയാം ബാലു എനിക്ക് നിന്റെ തിരക്കുകൾ എനിക്ക് സഹിക്കാനാവുന്നില്ല …എനിക്ക് നിന്നെ വേണം ..എന്ന് ശാസിക്കാം. പകരം നീ എന്തിനാ ഒഴിവായി പോകുന്നത്? ..നീ എന്റെയും ഞാൻ നിന്റെയും ആയിരിക്കെ എന്റെ സ്വഭാവത്തിന്റെ കുറവുകൾ നിനക്കെന്നോട് പറയാം ..നിനക്കാവശ്യമുള്ളതെന്തും എന്നോട് ചോദിക്കുകയും ചെയ്യാം ” അഞ്ജലി നിശബ്ദയായി അവനെ നോക്കിയിരുന്നു .

ബാലു നിലത്തിരുന്നു അവളുടെ കാലുകൾ കൈകളിൽ എടുത്തു .താൻ അവളെ സ്നേഹിക്കും പോലെ ഭൂമിയിൽ ഒന്നിനെയും സ്നേഹിക്കുന്നില്ല എന്ന് ഉറക്കെ പറയാൻ അവനു തോന്നി. “ബാലു ..പുരുഷൻ അകന്നു പോകുന്നു എന്ന് തോന്നുമ്പോളാണ് അർഷാദിന്റെ പോലെയുളളവർ അതൊരു അവസരമാക്കുന്നത്..ചില അഞ്ജലിമാർ എങ്കിലും അതിൽ വീണു പോകുന്നത് ” ബാലു അവളുടെ കാൽ വിരലുകളിൽ ചുംബിച്ചു ” അഞ്ജു എന്നിട്ട് ..നീ എന്താണ് അതിൽ വീണു പോകാഞ്ഞത് ? ബാലു അത്ര മേൽ നിന്നെ സ്നേഹിക്കുന്നു എന്ന് നിനക്കയറിയാവുന്നതു കൊണ്ടല്ലേ ?.അവന്റ കുസൃതി നിറഞ്ഞ ചിരിയിലേക്കു നോക്കി ഇനി എന്ത് പറയണം എന്നറിയാതെ അഞ്ജലി ഇരുന്നു അത് സത്യമായിരുന്നു .തിരക്കുകളിൽ ബാലു അകലുന്നു നിന്നും തോന്നുമ്പോളും അവൻ തന്ന സ്നേഹത്തിന്റെ തീ എന്നും ഉള്ളിലുണ്ടായിരുന്നു …നിറദീപം കണക്കെ അത് പ്രകാശിച്ചിരുന്നു ..അത് കൊണ്ടാണ് അത് കൊണ്ടാവും മറ്റൊരു പുരുഷന്റെ യും സ്നേഹ മന്ത്രങ്ങൾ തന്നെ തൊടാതെ പോയത്. അവൾ കണ്ണുകളടച്ചു.ബാലുവിന്റെ സ്നേഹലാളനകൾക്കു കീഴടങ്ങി .പെണ്ണ് മിക്കപ്പോളും അങ്ങനെയാണ്. ഭർത്താവിന്റെ ഒരു സ്നേഹ സ്പർശം അവളുടെ പരിഭവങ്ങളുടെ മഞ്ഞു കണങ്ങളെ ഉരുക്കി കളയും. അത് വരെ അവൻ തന്നോട് ചെയ്തതെല്ലാം മറന്നവൾ അവനോടു ചേർന്നലിയും. പക്ഷെ അതിന് നല്ല ഒരു അടിസ്ഥാനം പുരുഷൻ കെട്ടിയിട്ടുണ്ടെങ്കിൽ മാത്രം. സ്നേഹത്തിന്റെ നല്ലൊരു അടിസ്ഥാനം.

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular